അംബേദ്കറിന്റെ ദേശീയതാ സങ്കൽപ്പം; സമകാല വെല്ലുവിളികൾ
ഇന്ത്യയിലെ ബുദ്ധിജീവികളും അക്കാദമിക പണ്ഡിതന്മാരും ഇന്ത്യൻ ദേശരാഷ്ട്രത്തെക്കുറിച്ചുള്ള ചർച്ചകളിൽ സാമാന്യമായി അംബേദ്ക്കറെ ഉൾപ്പെടുത്തി കാണുന്നില്ല. സാമൂഹികശാസ്ത്ര പഠനങ്ങളിൽ അംബേദ്ക്കറെക്കുറിച്ച് പറയുമ്പോൾ ഏറ്റവും ചുരുങ്ങിയ സംഭാവനയായി പറയാറുള്ളത് മഹർ വംശക്കാരുടെ മോചനത്തിന് വേണ്ടി പോരാടിയ ഒരാൾ എന്നാണ്. അല്ലെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്ന പേരിൽ പെരുപ്പിച്ച് കാണിക്കാനുള്ള ശ്രമമാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. അംബേദ്ക്കറിൻറെ യഥാർത്ഥമായ സംഭാവനകൾ ഇവരാരും കാണാറില്ല. പക്ഷേ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയസാഹചര്യത്തിൽ, ബ്രാഹ്‌മണ്യപ്രത്യയശാസ്ത്രത്തിൻറെ പുതിയ രൂപങ്ങൾ സമൂഹത്തിൽ ഉണ്ടായി വരുന്ന സാഹചര്യത്തിൽ അസ്പൃശ്യ ജനതയെപ്പറ്റിയും ജാതി ഉയർത്തുന്ന വെല്ലുവിളിയെപ്പറ്റിയുമൊക്കെ സംസാരിച്ച അംബേദ്ക്കർക്ക് സവിശേഷ സ്ഥാനമുണ്ട്. ഇക്കാര്യം പതിയെ അംഗീകരിച്ച് തുടങ്ങിയിട്ടുണ്ട്. അംബേദ്ക്കറിലേക്ക് തിരിച്ച് പോകാൻ ഇന്ത്യയിലെ ബുദ്ധിജീവികളെയും ധൈഷണികരെയും പ്രേരിപ്പിക്കുന്നത് ഇന്നത്തെ ഇന്ത്യൻ സാഹചര്യമാണ്. എന്നാൽ അപ്പോഴും ദേശീയതയെപറ്റിയുള്ള ചർച്ചകളിൽ അംബേദ്ക്കർ പരിഗണിക്കപ്പെടുന്നില്ല. അതിൻറെ കാരണം നമ്മുടെ ബുദ്ധിജീവി വിഭാഗങ്ങളിലും അക്കാദമിക വിഭാഗങ്ങളിലും പ്രധാനമായും മദ്ധ്യ വർഗ്ഗത്തിൽ നിന്ന് വരുന്ന ആളുകളാണ് എന്നുള്ളതാണ്. ഈ മദ്ധ്യ വർഗ്ഗത്തിൽ നിന്ന് വരുന്ന ആളുകളുടെ സാമൂഹികവും രാഷ്ട്രീയവുമായ അഭിലാഷങ്ങളെയോ അല്ലെങ്കിൽ അവർ മുന്നോട്ട് വെക്കുന്ന മൂല്യത്തേയോ അവരുടെ കാഴ്ചപ്പാടുകളെയോ സംതൃപ്തിപ്പെടുത്തുന്ന ഒന്നല്ല അംബേദ്ക്കറിൻറെ ചിന്തകൾ. അതുകൊണ്ടാണ് അംബേദ്ക്കറെ ദേശീയതയുടെ ചർച്ചകളിൽ നിന്നും അക്കാദമിക ലോകം മാറ്റി നിർത്തുന്നതും.
വളരെ വിശുദ്ധമെന്നൊ വളരെ രഹസ്യസ്വഭാവമുള്ളതെന്നോ പറയാവുന്ന ദേശം എന്ന സങ്കൽപ്പത്തെ അംബേദ്ക്കറെപ്പോലെയുള്ള ഒരാൾ തൊട്ട് അശുദ്ധമാക്കരുത് എന്ന് കരുതിയായിരിക്കാം ഒരു പക്ഷേ വരേണ്യ വിഭാഗത്തിൻറെ തന്ത്രം (Elite Strategy) എന്ന നിലക്ക് പലപ്പോഴും അംബേദ്ക്കറെ മാറ്റി നിർത്തുന്നത്. അറിവിന്റെയും ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും മേഖലയിൽ ഇപ്പോഴും അധീശത്വം പുലർത്തുന്ന പ്രത്യയശാസ്ത്രത്തിന്റെ സൂചനയാണ് അംബേദ്ക്കറെ ദേശീയതയുടെ ദൃഷ്ടിയിൽ നിന്നും മാറ്റി നിർത്തുന്നത്. അദ്ദേഹത്തെ പലപ്പോഴും പല ബുദ്ധിജീവികളും ദേശീയ വിരുദ്ധനായിപ്പോലും ചിത്രീകരിച്ചിട്ടുണ്ട്. ഇവിടെ ഇപ്പോഴും മനസ്സിലാക്കേണ്ട കാര്യം ഇന്ത്യയിലെ സോഷ്യൽ സയൻസ് ഒരു അറിവല്ല ഒരു പ്രത്യയശാസ്ത്രമാണ് എന്നാണ്. അതായത് സാമൂഹികശാസ്ത്ര പഠനങ്ങൾ ഇപ്പോഴും അതിൻറെ പ്രത്യയശാസ്ത്രപരമായ ദൗത്യമാണ് നിർവഹിക്കുന്നത്. അറിവ് ഉത്പാദിപ്പിക്കുന്നതിലുപരി പ്രത്യയശാസ്ത്രമാണ് അവ ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ട് നമ്മുടെ നാട്ടിൽ നടക്കുന്ന ചരിത്രപഠനം, സാമൂഹികശാസ്ത്ര പഠനം, നരവംശശാസ്ത്ര പഠനം എന്നിവയൊന്നും ഇന്ത്യൻ യാഥാർത്ഥ്യമായിട്ടുള്ള ജാതിയെ മനസ്സിലാക്കുന്നതിനും അഭിമുഖീകരിക്കുന്നതിനും തയ്യാറാകുന്നില്ല. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയിൽ പൊതുജീവിതത്തിൽ ഇടപെട്ടിട്ടുള്ള മുഴുവൻ ആളുകളെ പരിശോധിച്ചാലും ഇക്കാര്യം ശരിയാണെന്ന് കാണാം. നമ്മൾ രാഷ്ട്രനിർമ്മാതാക്കൾ എന്ന് വിളിക്കുന്നവരുടെ കൂട്ടത്തിൽ ദേശം, ദേശരാഷ്ട്രം എന്ന സങ്കൽപ്പനങ്ങളെ ഭൗതികമായും രാഷ്ട്രീയമായും നേരിട്ടിട്ടുള്ള ഒരാൾ അംബേദ്ക്കറാണ്. മാത്രമല്ല തൻറെ സമരങ്ങളിലൂടെ ഈയൊരു ദേശത്തെയും ദേശരാഷ്ട്രത്തെയും ക്രമീകൃതമായി വിശകലനം ചെയ്യാൻ അംബേദ്കർ ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തൻറേതായ ഒരു സിദ്ധാന്തം അംബേദ്കർ നിർമ്മിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യയുടെ ആവിർഭാവത്തിന് വേണ്ടി നടന്ന നിരവധിയായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് അംബേദ്കറുടെ രചനകളെ നമ്മൾ കാണേണ്ടത്. ആ കാലഘട്ടത്തിൽ ഗാന്ധി, നെഹ്‌റു തുടങ്ങിയവർ മുന്നോട്ട് വെച്ചിട്ടുള്ള ദേശീയതയെപ്പറ്റിയുള്ള കാഴ്ചപ്പാടിനാണ് മേൽക്കൈ ഉണ്ടായിരുന്നത്. അക്കാലത്ത് മേൽക്കൈ ലഭിച്ച ദേശീയതാ സങ്കൽപ്പത്തോടുള്ള വിമർശനമാണ് അംബേദ്കർ ഉന്നയിച്ചത്.
ബി ആർ അംബേദ്ക്കർ | Photo: Columbia University Libraries
ആധുനിക ഇന്ത്യയിലെ സംഭവങ്ങളെയും സന്ദർഭങ്ങളെയും വിശകലനം ചെയ്തുകൊണ്ടാണ് അംബേദ്കർ കുറേക്കൂടി സ്വതന്ത്രമായ ദേശീയതാ സങ്കൽപ്പം മുന്നോട്ട് വെക്കുന്നത്. അംബേദ്കർ ചെയ്യുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് അന്ന് നിലവിൽ ഉണ്ടായിരുന്ന പ്രബലമായ ദേശീയതാ സങ്കൽപ്പത്തെ വിമർശന വിധേയമാക്കുന്നു. രണ്ട് അന്നത്തെ രാഷ്ട്രീയസംഭവഗതികളെയും വികാസങ്ങളെയും അദ്ദേഹം വിശകലനത്തിന് വിധേയമാക്കുന്നു. ഇത് രണ്ടും ചെയ്തുകൊണ്ടാണ് അദ്ദേഹം ദേശം, ദേശീയത എന്ന സങ്കൽപ്പനത്തിന് രൂപം കൊടുക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനഘട്ടമാണ്. കൊളോണിയലിസത്തിൻറെ തകർച്ച, ദേശീയതയുടെ വളർച്ച, അധികാരക്കൈമാറ്റം, പുതിയ ദേശരാഷ്ട്രത്തിൻറെ രൂപീകരണം ഇവയെല്ലാം നടന്നുകൊണ്ടിരുന്ന കാലത്താണ് അംബേദ്കർ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ഇതിലെ പ്രധാനപ്പെട്ട പ്രവൃത്തി അധികാര കൈമാറ്റം തന്നെയാണ്. കൊളോണിയലിസത്തിന്റെ തകർച്ചയിൽ നിന്ന് ദേശീയവാദികളുടെ കൈകളിലേക്ക് അധികാരം കൈമാറുന്നതായിരുന്നു അതിലെ ഏറ്റവും നിർണ്ണായകമായ ഘട്ടം. സാമ്രാജ്യത്വ ശക്തികളിൽ നിന്ന് അധികാരം പിടിച്ചെടുക്കുക എന്ന വളരെ ശ്രമകരവും വേദനാജനകവുമായിട്ടുള്ള പ്രക്രിയയാണ് ആദ്യഘട്ടം. രണ്ടാംഘട്ടം ഇങ്ങനെ കൈമാറിയ അധികാരം എങ്ങനെയാണ് വീതം വെക്കുക എന്ന ആലോചനയാണ്. ആർക്കിടയിലാണ് ഈ അധികാരത്തിൻറെ വീതം വെപ്പ് നടക്കാൻ പോകുന്നത് എന്ന ചോദ്യം നിർണ്ണായകമായിരുന്നു. ദേശീയ പ്രസ്ഥാനത്തെ നയിച്ചിരുന്ന വരേണ്യ അഭിജാത വർഗ്ഗത്തിലേക്കാണ് അധികാരം കൈമാറിയത്. അതുകൊണ്ട് തന്നെ ജാതീയമായും സാമുദായികമായും വിഭജിക്കപ്പെടുകയോ അടിച്ചമർത്തപ്പെടുകയോ ചെയ്ത ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് ആ അധികാരക്കൈമാറ്റത്തിൽ പങ്ക് പറ്റുക എന്നത് വലിയ പോരാട്ടങ്ങളിലൂടെ മാത്രം കൈവരിക്കാൻ കഴിയുന്ന കാര്യമായിരുന്നു. ഇരുതല മൂർച്ചയുള്ള ഒരു പ്രക്രിയയായിരുന്നു കോളനിയാനന്തര ഇന്ത്യയിലെ അധികാരക്കൈമാറ്റം, അധികാരക്കൈമാറ്റം നടക്കുമ്പോൾത്തന്നെ ബഹുഭൂരിപക്ഷം വരുന്ന ജാതീയമായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ അധികാരത്തിൻറെ പ്രശ്‌നവുമുണ്ട്. ഈ രണ്ട് കാര്യങ്ങളും ഈ സന്ദർഭത്തിൽ ഒരേ വിധം നടക്കുന്നുണ്ട്. ഇത്തരത്തിൽ വേദനാജനകമായ സന്ദർഭത്തിലൂടെ കടന്ന് പോയിട്ടാണ് ഇന്ത്യയുടെ ആധുനികതയും ഇന്ത്യൻ ദേശരാഷ്ട്ര രൂപീകരണവും നടക്കുന്നത്. മധ്യവർഗ്ഗ നേതൃത്വമാണ് കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നത്. അവർ മറ്റ് സാമൂഹിക ഗണങ്ങളെ പൂർണ്ണമായും പുറന്തള്ളിക്കൊണ്ട് അധികാരം കൈവെള്ളയിൽ ഒതുക്കാനാണ് ശ്രമിച്ചത്. അത് വാസ്തവത്തിൽ ദേശീയ സാഹചര്യത്തെ നിരാശാഭരിതമാക്കി. അത് വരെയും ജാതി സമൂഹം എന്നത് സാമൂഹിക ജീവിതത്തിൻറെ ഭാഗമായിരുന്നു. ജീവിതത്തിന്റെ ഭാഗമായിരുന്ന ജാതിവ്യവസ്ഥ രാഷ്ട്രീയത്തിൻറെ ക്രമമായി മാറുന്നത് ദേശീയ പ്രസ്ഥാനത്തിൻറെ കാലത്താണ് (എം. എൻ. ശ്രീനിവാസൻ). അത് വരേയും നാട്ടിൻ പുറത്ത് മാത്രം പ്രവർത്തിച്ചിരുന്ന ജാതി ദേശീയതയുടെ സന്ദർഭം വരുമ്പോൾ രാഷ്ട്രീയത്തിൽ ഉൾച്ചേർക്കലിൻറേയും പുറം തള്ളലിൻറെയും യുക്തിയായി മാറി. അതായത് ദേശീയതയുടെ കാലത്ത് ജാതി രാഷ്ട്രീയയുക്തിയായി മാറിയെന്നർത്ഥം (എം. എൻ. ശ്രീനിവാസൻ).
പുതിയ രാഷ്ട്രീയ വ്യവസ്ഥയിൽ ജാതി ഇല്ലാതാവുകയല്ല ചെയ്യുന്നതെന്നും അതിന് മറ്റൊരു രൂപം ഉണ്ടാവുകയാണ് ചെയ്യുന്നതെന്നും അംബേദ്കർ മനസ്സിലാക്കി. വർണ്ണാശ്രമ സങ്കൽപ്പനത്തിൻറെ അകത്ത് വളർന്ന് വന്ന ബ്രാഹ്‌മണിക്കൽ മദ്ധ്യവർഗം തങ്ങളുടെ സാമൂഹിക പശ്ചാത്തലത്തോടുള്ള പ്രതികരണം എന്ന നിലക്ക് വികസിപ്പിച്ച് കൊണ്ടുവന്ന സങ്കീർണ്ണമായ പ്രത്യയശാസ്ത്ര ഉപകരണമാണ് ദേശീയത. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ബ്രാഹ്‌മണിക്കൽ മദ്ധ്യവർഗം സവിശേഷമായ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തോട് നടത്തിയ സങ്കീർണ്ണമായ പ്രതികരണത്തിൽ നിന്ന് ഉണ്ടായി വന്ന സങ്കീർണ്ണമായ പ്രത്യയശാസ്ത്ര രൂപമാണ് ദേശീയത. അപ്പോൾ ഈ മദ്ധ്യവർഗത്തെ സംബന്ധിച്ചിടത്തോളം രണ്ട് കാര്യമാണ് ചെയ്യേണ്ടി വന്നത്. ഒന്ന് ബ്രിട്ടീഷുകാരിൽ നിന്ന് തങ്ങൾക്ക് അധികാരം കൈമാറിക്കിട്ടുന്നതിന് വേണ്ടിയുള്ള സമരം. അതേ സമയം ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ അസ്പൃശ്യരായ മഹാഭൂരിപക്ഷം വരുന്ന സാമാന്യ ജനങ്ങൾ പല ആവശ്യങ്ങളും ഉന്നയിച്ച് ഉയർന്ന് വരുകയാണ് അത് തങ്ങളുടെ വർഗ താൽപര്യത്തിന് എതിരാണെന്ന് മനസ്സിലാക്കിയ മദ്ധ്യവർഗം അതിനെ അടിച്ചമർത്താനുള്ള ശ്രമവും തുടങ്ങി. തങ്ങൾക്കുകൂടി അധികാരത്തിൽ പങ്ക് വേണമെന്ന ആവശ്യം ഇന്ത്യയിലെ അസ്പൃശ്യരിൽ നിന്ന് ഉയർന്നു വന്നപ്പോൾ ബഹുജനരോഷത്തെ തങ്ങൾക്കനുകൂലമാക്കി മാറ്റാനായി നമ്മളെല്ലാം ഒറ്റ രാഷ്ട്രമാണെന്നും ഒറ്റ ദേശീയതയാണെന്നും പറഞ്ഞ് ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തു. ഇത്തരത്തിൽ ഇന്ത്യൻ ദേശീയത വളർന്ന് വരുന്നത് ബ്രാഹ്‌മണിക്കൽ പ്രത്യയശാസ്ത്രത്തിനകത്തുനിന്ന് വന്ന മദ്ധ്യവർഗ്ഗത്തിൽ നിന്നാണ് എന്നുള്ള നിരീക്ഷണമാണ് അംബേദ്കർ മുന്നോട്ട് വെക്കുന്നത്.
എം. എൻ. ശ്രീനിവാസൻ | PHOTO: TWITTER
രണ്ട് ലക്ഷ്യങ്ങളാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ഉണ്ടായിരുന്നത്. വിദേശ ശക്തികളിൽ നിന്നും അധികാരം കൈമാറുക എന്ന ബാഹ്യ ലക്ഷ്യമായിരുന്നു അവയിലൊന്ന്. എന്നാൽ ഇവിടുത്തെ മഹാഭൂരിപക്ഷം വരുന്ന സാമാന്യ ജനങ്ങൾക്ക് അധികാരത്തിൽ പങ്കാളിത്തം ഉണ്ടാവുക എന്ന ആഭ്യന്തര ലക്ഷ്യം കൂടി മുന്നോട്ട് വെക്കപ്പെട്ടു. അതേസമയം അധികാരം തങ്ങളുടെ കൈകളിൽ ഭദ്രമാക്കുക എന്നതാണ് വരേണ്യ ന്യൂനപക്ഷമദ്ധ്യവർഗത്തിലെ ദേശീയവാദികൾക്ക് ഉണ്ടായിരുന്നത്. ഈയൊരു പൊതുസന്ദർഭത്തിന്റെ അകത്താണ് രണ്ട് തരം ദേശീയതാസങ്കല്പം ഉണ്ടായി വരുന്നത്. ഇതിൽ ഒന്നാമത്തേതാണ് പ്രബലമായ ദേശീയവാദമായി പരിണമിച്ചത്. രണ്ടാമത്തേത് ജാതീയമായ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ നിന്ന് ഉയർന്ന് വന്ന കൂടുതൽ സ്വതന്ത്രമായ സങ്കൽപ്പമാണ്. വരേണ്യ വിഭാഗത്തിന് അതിന്റെ അധികാരം ഉറപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ബഹുജനങ്ങൾക്ക് അവർക്ക് കൂടി അധികാരത്തിൽ പങ്കാളിത്തം ഉണ്ടാവുക എന്നതാണ് ലക്ഷ്യമായിട്ടുണ്ടായിരുന്നത്.
ഇതിൽ രണ്ടാമത് പറഞ്ഞ ധാരയിലാണ് അംബേദ്ക്കർ ഉൾപ്പെടുന്നത്. ഇതുവരെയും ദേശീയതാ എന്ന ആശയം ഇന്ത്യയിൽ രൂപപ്പെട്ട് വന്നതിന്റെ ഒരു പൊതു പശ്ചാത്തലമാണ് പറഞ്ഞത്. അതിൽ അഞ്ച് സന്ദർഭങ്ങൾ കണ്ടെടുക്കുവാൻ കഴിയും. (ഒന്ന്) ദേശീയവാദികൾ എല്ലായ്‌പ്പോഴും ആവർത്തിച്ച് ഉപയോഗിച്ച ആന്റി കൊളോണിയൽ അതായത് കോളനി വിരുദ്ധത എന്ന ആശയം അതിനോട് യോജിക്കാത്തവരെ ബ്രിട്ടീഷുകാരുടെ ചാരന്മാരാണെന്ന് അവർ മുദ്രകുത്തി. ഇക്കാര്യത്തെപ്പറ്റി അംബേദ്കർ ആഴത്തിൽ പഠിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്തു. (രണ്ട്) വരേണ്യരും ആഭിജാതരുമായ ദേശീയവാദികൾ മുന്നോട്ട് വച്ച വർണ്ണ മാതൃക അതായത് സാമൂഹിക ബന്ധങ്ങളുടെ ഏറ്റവും ആദർശാത്മകമായ മാതൃകയായി ദേശീയവാദികൾ മുന്നോട്ട് വെച്ച വർണ്ണമാതൃകയെ അംബേദ്കർ അതി സൂക്ഷമമായി വിമർശിക്കുകയും പകരം ആധുനികവും സമത്വാധിഷ്ഠിതവുമായ ദേശരൂപത്തെ നിർദ്ദേശിക്കുകയും ചെയ്തു. വർണ്ണ മാതൃകക്ക് പകരം ആധുനിക സമത്വ ദേശമെന്ന ആശയത്തെ അംബേദ്കർ മുന്നോട്ട് വെച്ചു. (മൂന്ന്) ഇന്ത്യ പാകിസ്ഥാൻ വിഭജനവുമായി ബന്ധപ്പെട്ട് അംബേദ്കർ നടത്തിയ ഇടപാടാണ് മൂന്നാമത്തേത്. (നാല്) ഇന്ത്യയിലെ സംസ്ഥാന വിഭജനങ്ങളെ കുറിച്ചുള്ള അംബേദ്കർ സ്വീകരിച്ച നയമാണ് മറ്റൊന്ന്. (അഞ്ച്) ഇന്ത്യയിലെ ദേശീയ വർഗ്ഗത്തിന്റെ പ്രകൃതത്തേയും പ്രവർത്തനത്തേയും കുറിച്ച് അംബേദ്കർ നിർവഹിച്ച ക്രമമായ പഠനം. ഇങ്ങനെ ദേശീയതയുമായി ബന്ധപ്പെട്ട് അംബേദ്കർ നടത്തിയ നിരീക്ഷണങ്ങളെ അഞ്ച് സന്ദർഭങ്ങളുമായി ബന്ധിപ്പിക്കാം.
ബി ആർ അംബേദ്ക്കർ | PHOTO: WIKI COMMONS
രാഷ്ട്രീയ ദേശീയത (Political Nationalism) എന്നും സാംസ്‌കാരിക ദേശീയത (Cultural Nationalism) എന്നും ദേശീയതയെ രണ്ട് സംവർഗ്ഗങ്ങളായി മനസ്സിലാക്കാൻ ആഗോളതലത്തിൽത്തന്നെ ശ്രമമുണ്ടായിട്ടുണ്ട്. പൗരത്വത്തിൽ ഊന്നിയ ദേശീയ പ്രസ്ഥാനവും വംശീയതയിൽ ഊന്നിയുള്ള ദേശീയ പ്രസ്ഥാനവും ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൻറെ ഭാഗമായിരുന്നു. അതുപോലെ ആധുനിക ദേശീയ പ്രസ്ഥാനവും പാരമ്പര്യ ദേശീയപ്രസ്ഥാനവുമുണ്ട്. തുറന്ന ദേശീയ പ്രസ്ഥാനവും അടഞ്ഞ ദേശീയ പ്രസ്ഥാനവുമുണ്ട്. മൗലികമായ സ്വാതന്ത്ര്യത്തിൽ ഊന്നുന്ന ദേശീയതാപ്രസ്ഥാനവും മേൽകൈ നേടിയെടുക്കുവാൻ ആഗ്രഹിക്കുന്നവരുടെ ദേശീയ പ്രസ്ഥാനവുമുണ്ട്. അമിതമായ ദേശീയഭക്തി പ്രകടിപ്പിക്കുന്ന ദേശീയതയും ജനതയുടെ സ്വാതന്ത്ര്യത്തെ മുഖ്യമായി കാണുന്ന പ്രസ്ഥാനവുമുണ്ട്. വ്യക്തിയെ കേന്ദ്രീകരിച്ച് കൊണ്ടുള്ള ദേശീയതയും സമൂഹത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ദേശീയതയുമുണ്ട്. വ്യത്യസ്ത വർഗ്ഗത്തിൽ പെടുന്ന ദേശീയതകളുണ്ട്. ചില ദേശീയതകൾ മാറ്റം ലക്ഷ്യമാക്കിയുള്ളതാണെങ്കിൽ ചില ദേശീയതകൾ യാഥാസ്ഥിതികമാണ്. ചില ദേശീയതകൾ തുറന്നതും ചിലത് അടഞ്ഞതുമാണ്. ചില ദേശീയതകൾ ഏകാത്മകവും ചിലത് ഭിന്നാത്മകവുമാണ്. മുന്നോട്ട് നോക്കുന്ന ദേശീയതകളും പുറകോട്ട് നോക്കുന്ന ദേശീയതകളും ഉണ്ട്. വിമോചനാത്മകമായ ദേശീയതകളും വർഗീയമായ ദേശീയതകളുമുണ്ട്. ചുരുക്കത്തിൽ ദേശീയതകൾ പലതരത്തിലുള്ളവയാണ്. ഇവയിൽ ഏതെങ്കിലും ഒരു ദ്വന്ദ്വത്തെ എടുത്തുകൊണ്ട് മാത്രം ദേശീയതയെ മൂർത്തമായി വിശദീകരിക്കാൻ കഴിയില്ല. കാരണം ദേശീയത പലതരം വൈരുദ്ധ്യങ്ങളുള്ളതാണ്. ദേശീയതയെ മനസ്സിലാക്കുക എന്നത് വളരെ സങ്കീർണ്ണമായ പ്രവർത്തിയാണ്. ദേശീയത പൂർണ്ണമായും സാംസ്‌കാരികമാണെന്നോ രാഷ്ട്രീയമാണെന്നോ പറയാൻ പറ്റില്ല. ഒരേ ഭൂപ്രദേശത്ത് തന്നെ വ്യത്യസ്ത രീതിയിലാണ് സാംസ്‌കാരിക ദേശീയത പ്രവർത്തിക്കുന്നത്. അംബേദ്കർ ദേശീയതയെ ദ്വന്ദ്വ വൈരുദ്ധ്യങ്ങളിലൂടെയല്ല അവതരിപ്പിക്കുന്നത്. അംബേദ്കറിന്റേത് ധാർമ്മികതയിലൂന്നിയുള്ള രാഷ്ട്രീയ ദേശീയതയാണ്. സാംസ്‌കാരിക ദേശീയതക്കെതിരായ നിലപാടാണത് സ്വീകരിക്കുന്നത്. പക്ഷെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മേൽകൈ നേടിയത് സാംസ്‌കാരിക ദേശീയതയാണ്. അതിനെതിരെ രാഷ്ട്രീയവും സ്വതന്ത്രവുമായ ദേശീയതാ സങ്കൽപ്പം മുന്നോട്ട് വെയ്ക്കുകയാണ് അംബേദ്കർ ചെയ്തത്.
അടിസ്ഥാനപരമായി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ആധുനികത മുന്നോട്ട് വെക്കുന്നത്. അതുകൊണ്ടുതന്നെ ആധുനികതയുടെ ഭാഗമായി നിലനിൽക്കുന്ന ദേശീയതയും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ബ്രിട്ടീഷുകാർക്കെതിരെയുള്ള മനോഭാവത്തിൻറെ ഭാഗമായി നമ്മളെല്ലാം ഒന്നാണെന്നും ബ്രിട്ടീഷുകാർ പുറത്തുനിന്ന് വന്നവരാണെന്നുമുള്ള സങ്കൽപ്പം പ്രബലമായി. കൊളോണിയൽ ശക്തിയെ അപരമായിക്കാണുന്ന മനോഭാവത്തെയാണ് ഇന്ത്യയിൽ പ്രാഥമികമായി ദേശീയത എന്ന് വിളിച്ചത്. ഇത്തരത്തിൽ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധം ഉയർന്ന് വരുന്നത് ആധുനിക വിദ്യാഭ്യാസത്തിലൂടെ രൂപപ്പെട്ട ഒരു ചെറിയ വിഭാഗം ബുദ്ധിജീവികളിലൂടെയാണ്. ദേശീയത ആധുനികതയുടെ ഭാഗമാണ്. ആധുനികതയാകട്ടെ സ്വാതന്ത്ര്യബോധത്തിൻറെ ഭാഗവും. സ്വാതന്ത്ര്യമാണ് ആധുനികതയുടെ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യം. അപ്പോൾ ദേശീയത എന്നത് ശരിക്കും സ്വാതന്ത്ര്യത്തിൻറെ ഭാഗമാണ്. പക്ഷെ സാംസ്‌കാരിക ദേശീയതയുടെ പ്രശ്‌നം ആധുനികതയുടെ ഭാഗമായി രൂപപ്പെട്ടുവന്ന സ്വാതന്ത്ര്യസങ്കൽപ്പത്തെ അത് തടയുന്നു എന്നതാണ്. സാമാന്യ ജനങ്ങളിൽ രൂപപ്പെട്ടു വരുന്ന സ്വാതന്ത്ര്യബോധത്തെ സാംസ്‌കാരിക ദേശീയത തടയുന്നു. കാരണം പാരമ്പര്യത്തിൻറെയും സംസ്‌കാരത്തിൻറേയും പേരിലാണ് സാംസ്‌കാരിക ദേശീയവാദം പ്രബലമാകുന്നത്. സാമാന്യ ജനതയിൽ ഉയർന്നു വരുന്ന ആധുനിക സ്വാതന്ത്ര്യബോധത്തെയാണ് സാംസ്‌കാരിക ദേശീയത തടയുന്നത്. സ്വാതന്ത്ര്യമാണ് ദേശീയതയുടെ അടിസ്ഥാന സങ്കൽപ്പമെങ്കിൽ അതിനെ നിഷേധിക്കുന്ന ഒന്നിനെ ദേശീയത എന്ന് വിളിക്കുന്നത് അസംബന്ധമാണ്. അതുകൊണ്ട് തന്നെ സാംസ്‌കാരിക ദേശീയതയിൽ ചില വൈരുദ്ധ്യങ്ങളുണ്ട്. ചരിത്ര വിദ്യാർത്ഥികളൊ, രാഷ്ട്രമീമാംസാ വിദ്യാർത്ഥികളോ ആണ് ദേശീയതയെകുറിച്ച് പഠിക്കാറുള്ളത്. രണ്ട് തരത്തിലാണ് ദേശീയതയെ അവർ മനസ്സിലാക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിലും പ്രത്യയശാസ്ത്രം എന്ന നിലയിലും. ഈ അടുത്ത കാലത്താണ് സാമൂഹികശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികളും നരവംശശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികളുമൊക്കെ ദേശീയത എന്ന സങ്കൽപ്പത്തിൽ ശ്രദ്ധ പതിപ്പിച്ച് തുടങ്ങിയത്.
പുതിയ തരത്തിലുള്ള സാമൂഹിക ബന്ധങ്ങൾ കടന്നുവരുന്ന സമൂഹം എന്ന നിലക്ക് ദേശീയതയെപ്പറ്റി പഠിക്കാൻ തുടങ്ങിയത് ഇക്കാലയളവിലാണ്. ആധുനികവും സമത്വപൂർണ്ണവുമായ അധികാരം പുതിയ തരത്തിൽ പുനർവിതരണം ചെയ്ത ഒന്ന്. പുതിയതരത്തിലുള്ള സാമൂഹിക ബന്ധങ്ങൾ നിലനിൽക്കുന്ന സമൂഹം എന്ന നിലക്കാണ് പണ്ഡിതരും നരവംശശാസ്ത്രം പഠിക്കുന്നവരും ദേശീയതയെ മനസ്സിലാക്കുന്നത്. സമൂഹശാസ്ത്രചരിത്രം പഠിക്കുന്ന വിദ്യാർത്ഥികൾ അതിനെ ഒരു പ്രസ്ഥാനമായോ ഒരു പ്രത്യയശാസ്ത്രമായോ മനസ്സിലാക്കുന്നു. പുതിയ സമൂഹം എന്ന നിലയിലാണ് സമൂഹശാസ്ത്രം അതിനെ വിലയിരുത്തിയത്. ഇത്തരത്തിൽ പുതിയ സാമൂഹിക ബന്ധങ്ങൾ നിലനിൽക്കുന്ന ഒന്ന് എന്ന നിലയിലാണ് സമൂഹശാസ്ത്രവും ചരിത്രവും ദേശീയതയെ കണ്ടത്. വിപുലവും സമത്വപൂർണ്ണവുമായ സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള ഐക്യം എന്ന നിലയിലാണ് അംബേദ്കർ ദേശീയതയെ കാണുന്നത്.
ഇവ മൂന്നും ചേരുന്ന സമൂഹമാണ് അംബേദ്കറിന്റെ ദേശീയത. അംബേദ്കർ മമ ദേശീയതാ സങ്കൽപ്പം ഉണ്ടാക്കുന്നതിന് വേണ്ടി ഏറ്റവും അധികം ഉപജീവിച്ച പ്രബന്ധം ഏണസ്റ്റ് റനൻ (Ernest Renan) എഴുതിയ വാട്ട് ഈസ് ദ നാഷൻ (What is The Nation) എന്ന പ്രബന്ധമാണ്. ദേശം എന്നത് ഒരു സങ്കൽപ്പമാണ് (Concept). അത് ഒരു ഭൗതിക യാഥാർത്ഥ്യമല്ല. ദേശം ഒരു ഭാവനയാണ്. ഒരു സമൂഹത്തെ പുന:ക്രമീകരിക്കുകയും സവിശേഷമായ സാമൂഹ്യബോധത്തിലേക്ക് അതിലെ അംഗങ്ങളെ നയിക്കുകയും ചെയ്യുമ്പോഴാണ് ദേശരാഷ്ട്രം രൂപപ്പെടുന്നത്. ഈ ദേശരാഷ്ട്രം പുലരുന്നതിന് അതിലെ എല്ലാ അംഗങ്ങളും പുലർത്തുന്ന പ്രതിബദ്ധതയാണ് ദേശീയത. എല്ലാ അംഗങ്ങളേയും ചേർത്തുനിർത്തുന്നതാണ് രാഷ്ട്രം. സാഹോദര്യഭാവമാണ് അവരെ ചേർത്തുനിർത്തുന്നത്. ഈ സാമൂഹ്യബോധം എല്ലാവരിലേക്കും വ്യാപിക്കുകയും എല്ലാ വ്യക്തികളേയും അതിൻറെ ഭാഗമാക്കുകയും ചെയ്യുമ്പോഴാണ് ദേശീയത രൂപപ്പെടുന്നത്.
ദേശം ഒരു സങ്കൽപ്പമാണ് അത് സമൂഹത്തിലാകെ വ്യാപിക്കേണ്ടതാണ്. ആ വ്യാപിക്കുന്ന സങ്കൽപ്പം മനുഷ്യരെ ചേർത്ത് നിർത്തുകയും ഒരുമിപ്പിക്കുകയും ദേശഭാവനയിലേക്ക് ലയിപ്പിച്ച് ചേർക്കുകയുമാണ് ചെയ്യുന്നത് എന്ന് ഏർണസ്റ്റ് റനൻ (Ernest Renan) പറയുന്നു. ഈ ആശയം തന്നെയാണ് അംബേദ്കറും ഉപയോഗിച്ചത്. ആദർശാത്മകമായ സമൂഹമായാണ് (Ideal Society) അംബേദ്കർ ദേശത്തെ മനസ്സിലാക്കുന്നത്. അംബേദ്കറിനു ശേഷം ഏണസ്റ്റ് ഗെൽനർ (Ernest Gellner) 1983 ൽ സമത്വ പൂർണ്ണമായ ആദർശാത്മക സമൂഹം എന്ന നിലയിൽ ദേശീയതയെ മനസ്സിലാക്കുന്നു. ബനഡിക് ആൻഡേഴ്‌സൺ (1983) (Benedict Anderson) തിരശ്ചീനമായ ദിശയിലുള്ള (Horizontal) സാഹോദര്യത്തിൻറെ സ്ഥലം എന്ന നിലയിലും ദേശീയതയെ മനസ്സിലാക്കുന്നു. ഇപ്പറഞ്ഞവയൊക്കെ അംബേദ്കർ പറഞ്ഞതിന്റെ വെവ്വേറെ രൂപമാണ്. വിവേചനമില്ലാതിരിക്കുകയും ശ്രേണീകരണം ഇല്ലാതായി തീരുകയും ചെയ്യുന്ന സമൂഹം എന്ന നിലക്കാണ് ദേശത്തെ അംബേദ്കർ മനസ്സിലാക്കുന്നത്. അംബേദ്കർക്ക് ദേശം എന്നത് അധികാരം ഏകാത്മകമായി നിലനിൽക്കുന്ന, സമത്വപൂർണ്ണമായ, അധികാരത്തിൻറെ ശ്രേണീകരണമില്ലാത്ത, വിവേചനമില്ലാത്ത, ആദർശാത്മകമായ സമൂഹമാണ്. ദേശീയത എന്നത് ഒരു പുതിയ സമൂഹത്തിൻറെ രൂപീകരണമാണ്. ഐക്യത്തെ പറ്റിയും സാഹോദര്യത്തെ പറ്റിയുമുള്ള ബോധമാണ് (Conscious of unity and fraternity) അതിൻറെ പ്രത്യേകത. സാഹോദര്യവും സമത്വവും ഏകത്വവും നിലനിൽക്കുന്ന ബോധമാണ് ദേശീയത എന്ന് ചുരുക്കം. അംബേദ്കറുടെ കൂടെ ഉണ്ടായിരുന്ന ദേശീയവാദികളിൽ പലരും സാദൃശ്യവും പൊതുമയുമാണ് ദേശീയതയുടെ സവിശേഷതകളായി കണ്ടത്. പൊതു സവിശേഷതകളും സാദൃശ്യങ്ങളും ഉള്ളത് കൊണ്ട് ഇന്ത്യൻ സമൂഹം ഒന്നാണ് എന്ന സങ്കൽപ്പമാണ് അവർ വെച്ചു പുലർത്തിയിരുന്നത്. പക്ഷേ അംബേദ്കർ മുന്നോട്ട് വെക്കുന്നത് ഐക്യം (Unity) എന്ന ആദർശമാണ്. ഐക്യവും സാദൃശ്യവും ഒന്നല്ല. ഐക്യമുണ്ടാവണമെങ്കിൽ പരസ്പരം സ്‌നേഹവും സാഹോദര്യ മനോഭാവവും ഉണ്ടായിരിക്കണം. ആത്മനിഷ്ഠവും ബോധപരവുമായ തിരിച്ചറിവാണ് നമ്മൾ ഒന്നാണ് (Oneness) എന്ന മനോഭാവത്തെ സൃഷ്ടിക്കുന്നത്. ജീവിതത്തിൻറെ എല്ലാ പ്രാഥമിക വ്യവഹാരങ്ങളിലും പുലർത്തുന്ന സമൂഹത്തിലേ ദേശീയതയുള്ളൂ. സ്ഥാനപരവും നിയമപരവുമായ വ്യവഹാരങ്ങൾ സ്വതന്ത്രവും തുല്യവുമായ പൗരത്വത്തെയാണ് ആദർശമായി കാണുന്നതെങ്കിൽ പൗരസമൂഹം വിവേചനരഹിതമായ, സാഹോദര്യത്തിൽ അധിഷ്ഠിതമായ, എല്ലാവരും രാഷ്ട്രത്തിൻറെ ഭാഗമാണെന്ന വിശ്വാസം പങ്ക് വെയ്ക്കുന്ന, ഒരു സമൂഹത്തേയാണ് ആദർശമായി കാണേണ്ടത്. നിയമ വ്യവസ്ഥയും സ്ഥാപനങ്ങളും പൗരത്വത്തിൻറെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം. സമൂഹത്തിൽ സാഹോദര്യവും സ്ഥാപനങ്ങളിൽ തുല്യതയും നിലനിൽക്കുന്ന സമൂഹമാണ് യഥാർത്ഥ രാഷ്ട്രം. എല്ലാവർക്കും നിയമത്തിൻറെ മുന്നിലും ഏത് സ്ഥാപനത്തിൻറെ മുന്നിലും തുല്യ പദവി ഉണ്ടായിരിക്കണം. ബന്ധപ്പെട്ട എല്ലാവരുടേയും താൽപര്യങ്ങൾ സംരക്ഷിക്കാനും അവരുടെ ഇടയിൽ ഐക്യം നിലനിർത്താനുമുള്ള ആഗ്രഹമാണ് ദേശീയതക്കാധാരം. അംബേദ്കറിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ സാഹോദര്യമാണ് ആദർശാത്മക രാഷ്ട്രത്തിൻറെ അടിത്തറ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദേശീയതയുടെ ഉദ്ദേശം തന്നെ സാഹോദര്യഭാവം നിലനിൽക്കുന്ന സമൂഹത്തെ അഥവാ രാഷ്ട്രത്തെ നിർമ്മിക്കുക എന്നതാണ്. ദേശീയതയെ രാഷ്ട്ര നിർമ്മാണത്തിലേക്ക് നയിക്കുന്ന പ്രസ്ഥാനമായിട്ടാണ് അംബേദ്കർ കാണുന്നത്. എന്നാൽ ചരിത്രത്തിൽ ദേശത്തേക്കാൾ ദേശീയതക്കാണ് പ്രാധാന്യം. ദേശീയതയെപ്പറ്റി പറയുന്നവർ ദേശത്തെപ്പറ്റി മൗനം പാലിക്കുന്നതാണ് ഇന്ത്യൻ ദേശീയതയുടെ പ്രശ്‌നമെന്ന് അംബേദ്കർ സൂചിപ്പിക്കുന്നുണ്ട്. വാസ്തവത്തിൽ ദേശീയതയുടെ ലക്ഷ്യം ദേശനിർമ്മാണമാണ്. ദേശീയത ഒരു വികാരവും സങ്കൽപ്പവുമാണ്. എന്നാൽ ദേശം അല്ലെങ്കിൽ രാഷ്ട്രം എന്നത് ഭൗതികമായ ഒരു യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യത്തിനാണ് പ്രാധാന്യം അല്ലാതെ അതിലേക്ക് നയിക്കുന്ന വികാരത്തിനല്ല. നിർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിൽ ദേശീയതക്ക് കൂടുതൽ പ്രാധാന്യം കിട്ടുകയും ദേശരാഷ്ട്രം മറയ്ക്കപ്പെടുകയുമാണ് ചെയ്യുന്നത്. ദേശീയതയുടെ അടിസ്ഥാന യുക്തി തന്നെ ദേശരാഷ്ട്രമാണ് എന്ന് അംബേദ്കർ കരുതുന്നു. ദേശരാഷ്ട്രമെന്ന യാഥാർത്ഥ്യത്തെ നിർമ്മിക്കാനുള്ള ആഗ്രഹമാണ് ദേശീയത എന്ന് അംഗീകരിച്ചാൽ, വിദേശഭരണം അവസാനിപ്പിച്ചതുകൊണ്ടുമാത്രം അത് സാക്ഷാൽക്കരിക്കാനാവില്ല. വിദേശികളുടെ ആധിപത്യം അവസാനിപ്പിക്കലാണ് ദേശീയതയുടെ അടിസ്ഥാനമെന്ന് പരിഗണിച്ചാൽ ദേശത്തിനകത്ത് നിലനിൽക്കുന്ന വിവേചനങ്ങളോ, ദാരിദ്യമോ ഒന്നും തന്നെ അഭിസംബോധന ചെയ്യപ്പെടാതെ പോകും. അതിന് പകരം ദേശീയതയെ കുറേക്കൂടി വിപുലമായി വ്യാഖ്യാനിക്കാൻ കഴിയണം. അതിൻറെ ലക്ഷ്യം ഒരു ദേശ രാഷ്ട്ര രൂപീകരണമാണ്. അതിൻറെ ഉള്ളിൽ മനുഷ്യർക്ക് സാഹോദര്യഭാവത്തോട് കൂടി ജീവിക്കാൻ കഴിയണം. ഇത്തരത്തിലുള്ള വിപുലമായ കാഴ്ചപ്പാട് ദേശീയപ്രസ്ഥാനങ്ങൾക്ക് ഉണ്ടായിരുന്നില്ല എന്നതാണ് അംബേദ്കറിൻറെ വിമർശനം.
ഇവിടെ ദേശമാണൊ ദേശീയതയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇവ രണ്ടും പരസ്പരപൂരകമായാണ് നിൽക്കുന്നത്. എല്ലാവരേയും തുല്യരായി പരിഗണിക്കുകയും എല്ലാവർക്കുമിടയിൽ സാഹോദര്യം പുലരുകയും ചെയ്യുന്ന രാഷ്ട്രത്തെ നിർമ്മിക്കുന്ന ദിശയിലേക്കാണ് ദേശീയത വികസിക്കേണ്ടത്. എന്നാൽ വിദേശഭരണം അവസാനിപ്പിക്കുക എന്ന ഒറ്റ അജണ്ടയിൽ ഊന്നിയ ദേശീയ പ്രസ്ഥാനം ഇത്തരത്തിലുള്ള ഒരു ജനകീയ ആവശ്യം ഉയർന്ന് വരുമ്പോൾ അന്നെ അതിനെ തടയിടുന്ന തരത്തിൽ നിലപാടെടുക്കുകയാണ് ചെയ്തത്. നമ്മുടെ ദേശീയത മാറുന്നുണ്ടെങ്കിൽ അതിനെ ദേശീയത എന്ന് വിളിക്കാൻ പറ്റില്ലെന്ന് അംബേദ്കർ പറയുന്നു. സ്വാതന്ത്ര്യത്തിലേക്ക് ഉയർന്നു വരുന്ന ജനങ്ങളെ ദേശീയതയിൽ നിന്ന് അകറ്റി നിർത്താനാണ് ദേശീയ പ്രസ്ഥാനം ശ്രമിച്ചത്. സ്വാതന്ത്ര്യത്തിലേക്കും സമത്വബോധത്തിലേക്കും സാഹോദര്യത്തിലേക്കുമൊക്കെ ഒരു ജനത കയറിവരുമ്പോൾ അവരെ തടയുന്ന ഒന്നിനെ ദേശീയത എന്ന് വിശേഷിപ്പിക്കാനാവില്ലെന്നാണ് അംബേദ്കർ പറയുന്നത്. ദേശരാഷ്ട്രമാണ് ദേശീയതയെ സാധൂകരിക്കുന്നത്. ദേശീയതയുടെ രാഷ്ട്രീയവും ഭരണപരവുമായ ഘടനയാണ് ദേശരാഷ്ട്രം. ദേശരാഷ്ട്രത്തിന്റെ നിർമ്മാണത്തിലേക്ക് നയിക്കുന്ന പ്രസ്ഥാനത്തെയാണ് ദേശീയപ്രസ്ഥാനം എന്ന് വിളിക്കേണ്ടത്. ദേശീയത ദേശരാഷ്ട്രത്തെ വിഭാവനം ചെയ്യുന്നതോടൊപ്പം ദേശരാഷ്ട്രത്തെ നിലനിർത്തുന്നതിന് വേണ്ടിയുള്ള ഭരണകൂടത്തേയും വിഭാവനം ചെയ്യുന്നു. ദേശരാഷ്ട്രത്തെ പുന:സൃഷ്ടിക്കുകയാണ് ഭരണകൂടത്തിൻറെ ചുമതല. രാഷ്ട്രത്തെ നിർവചിക്കുന്ന രേഖയാണ് ഭരണഘടന. ഭരണഘടനയിൽ ഉദ്ധരിക്കുന്ന സമത്വവും, ഐക്യവും, സാഹോദര്യവും, ജനാധിപത്യവും പുനരുൽപ്പാദിപ്പിക്കുകയാണ് ഭരണകൂട വ്യവഹാരങ്ങൾ ചെയ്യുന്നത്. രാഷ്ട്രത്തെ പുനർനിർമ്മിക്കുന്ന ഒന്നിനെയാണ് നാം ഭരണകൂടമായി മനസ്സിലാക്കുന്നത്. പലതരത്തിലുള്ള ഭയങ്ങളും, വിവേചനങ്ങളും പൗരർക്കിടയിൽ നിലനിൽക്കുന്നുണ്ടെങ്കിൽ രാഷ്ട്രത്തെ പുനർ ഉത്പാദിപ്പിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു എന്നാണർത്ഥം. അധികാരം ഒരു പോലെ വിതരണം ചെയ്യപ്പെട്ടതും സാഹോദര്യം നിലനിൽക്കുന്നതുമായ ഒന്നാണ് അംബേദ്കറിൻറെ അഭിപ്രായത്തിൽ രാഷ്ട്രം. ജനാധിപത്യപരമായ ഐക്യമാണ് അതിനെ നിർമ്മിക്കുന്നത്. ജനാധിപത്യപരമായ ഐക്യം നിലനിൽക്കുന്ന, സമത്വം നിലനിൽക്കുന്ന, സാഹോദര്യം നിലനിൽക്കുന്ന സമൂഹമാണ് രാഷ്ട്രം. ജനാധിപത്യത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ മാനമാണ് രാഷ്ട്രം എന്ന് പറയാം. ജനാധിപത്യത്തിന് സാമൂഹികവും സാംസ്‌കാരികവുമായ മാനങ്ങളുണ്ട്. അംബേദ്കറിൻറെ ആലോചനയിൽ ജനാധിപത്യവും ദേശരാഷ്ട്രവും വേർപിരിയുന്നില്ല.
വ്യക്തികൾക്കും സമൂഹത്തിനും സ്വാധികാരം ഉണ്ടായിരിക്കുന്നതും രാഷ്ട്രത്തിന് ഒരു പൊതുവായ താൽപര്യം ഉണ്ടായിരിക്കുന്നതും സാമൂഹിക നീതി ഉറപ്പുനൽകുന്നതുമായ ഒന്നിനെയാണ് അംബേദ്കർ രാഷ്ട്രം എന്ന് വിളിക്കുന്നത്. രാഷ്ട്രത്തെ നിർമ്മിച്ചെടുക്കുവാനുള്ള ലക്ഷ്യമാണ് ദേശീയതകൾക്ക് ഉണ്ടായിരിക്കേണ്ടത്. ഈ സ്വാതന്ത്ര്യ ദർശനം (Liberative Philosophy) സാക്ഷാത്കരിക്കാൻ വേണ്ടിയാണ് അംബേദ്കർ ജീവിതാന്ത്യം വരെ സമരം ചെയ്തത്. അംബേദ്കറിന്റെ നിരവധിയായ പരിശ്രമത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ജാതിയുടെ ഉന്മൂലനമാണ് (Annihiation). ഇതിന്റെ ലക്ഷ്യം തന്നെ സമൂഹത്തെ ജനാധിപത്യവത്കരിക്കുക എന്നതാണ്. അധികാരകൈമാറ്റത്തിലൂടെ ഇന്ത്യയിൽ ഒരു രാഷ്ട്രം രൂപീകരിക്കപ്പെടുമ്പോൾ അവിടെ ഒരു പൊതുമണ്ഡലം (Public Sphere) ഉണ്ടാകണമെന്നും അതിൽ അസ്പൃശ്യരായി മുദ്രകുത്തപ്പെട്ടവർക്ക് അർഹമായ പ്രാതിനിധ്യം ഉണ്ടാകണമെന്നുമുള്ള ഉൽക്കടമായ ആഗ്രഹത്തിൽ നിന്നാണ് ഇത്തരം സിദ്ധാന്തങ്ങളും സമരങ്ങളും അംബേദ്കർ വികസിപ്പിച്ചത്.
ഇത്തരത്തിൽ ഒരു പൊതുമണ്ഡലത്തിന്റെ രൂപീകരണവേളയിൽ ജാതിയുടെ ഉന്മൂലനം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ അംബേദ്കർ, തന്റെ രാഷ്ട്രീയ നിലപാടുകളെ നിയമവ്യവസ്ഥിതിയിലേക്കും സ്ഥാപന നിർമ്മാണത്തിലേക്കും സന്നിവേശിപ്പിച്ചു. നിയമത്തിലും ദേശരാഷ്ട്രത്തിലും അധഃസ്ഥിത വിഭാഗങ്ങൾക്ക് ഇടം കിട്ടിയില്ലെങ്കിൽ ദേശരാഷ്ട്രം എന്ന സങ്കൽപ്പംതന്നെ അപ്രസക്തമാണെന്ന് അംബേദ്കർ കരുതുന്നു. അടിച്ചമർത്തപ്പെട്ട അധഃസ്ഥിത വിഭാഗം പൊതുമണ്ഡലത്തിലേക്ക് വരുകയും അവിടെ സാഹോദര്യവും ജനാധിപത്യവും നിലനിൽക്കുകയും ചെയ്യുമ്പോൾ മാത്രമേ അതൊരു ദേശരാഷ്ട്രമായിത്തീരുകയുള്ളൂ. ഇത്തരത്തിൽ പൊതുമണ്ഡലത്തിനകത്ത് അധഃസ്ഥിത വിഭാഗങ്ങൾക്ക് പ്രാതിനിധ്യം കിട്ടുന്ന ഒന്നിനെയാണ് ജനാധിപത്യം എന്ന് പറയുന്നത്. ജനാധിപത്യം പുലരുന്ന ഒരു രാഷ്ട്രസംവിധാനത്തെ ഇന്ത്യയിൽ നിർമ്മിച്ചെടുക്കേണ്ടതുണ്ട്. പുതിയ പ്രത്യയശാസ്ത്ര രൂപങ്ങളിലൂടെ (Newer Ideological Initiatives) ദേശരാഷ്ട്ര രൂപീകരണത്തിനുള്ള വിപ്ലവകരമായ അജണ്ട രൂപപ്പെടുത്തുകയാണ് അംബേദ്കർ ചെയ്തത്.
ഇന്ത്യയിൽ നിലനിന്നിരുന്ന വർണ്ണവ്യവസ്ഥയെ പലതരത്തിലുള്ള വ്യാഖ്യാനങ്ങളിലൂടെയും ഭാവനകളിലൂടെയും ആധുനിക ഇന്ത്യയുടെ നിയമസംഹിതയായി (Normative) സ്വീകരിക്കാവുന്ന ഒന്നായി വിഭാവനം ചെയ്യുന്ന പല ചിന്തകളും സ്വാതന്ത്ര്യസമര കാലത്ത് ഉണ്ടായിരുന്നത്. ദേശീയ പ്രസ്ഥാനത്തിൻറെ മുന്നണി പോരാളികളായ ലാലാലജ്പത് റായി, മദൻമോഹൻ മാളവ്യ, മോഹൻദാസ് കരംചന്ദ് ഗാന്ധി, ഇവരെല്ലാം അവരുടെ പ്രഭാഷണങ്ങളിലൂടെയും പ്രവൃത്തിയിലൂടെയും ഉണ്ടാക്കിക്കൊണ്ട് വന്ന സങ്കൽപ്പം ഇതുതന്നെയായിരുന്നു. ബ്രിട്ടീഷുകാരിൽ നിന്ന് അധികാരം കൈമാറുമ്പോൾ അധികാരത്തെ പുനഃക്രമീകരിക്കേണ്ടതുണ്ടായിരുന്നു (Re-Configuration of Power) ഇത്തരത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്ന പാരമ്പര്യത്തിൻറെ വഴിയിലാണ് സമൂഹത്തിലെ അധികാരത്തിൻറെ പുനഃക്രമീകരണം നടക്കേണ്ടത് എന്ന ആഗ്രഹമാണ് തങ്ങളുടെ പ്രവൃത്തികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ദേശീയപ്രസ്ഥാനത്തിന്റെ ചെറുതും വലുതുമായ നേതാക്കന്മാർ ചെയ്തത്.
ഈയൊരു വാദത്തോട് കൂട്ടിച്ചേർത്തു കൊണ്ട് വിവേചനമില്ലാതെ എല്ലാ ജാതി വിഭാഗങ്ങൾക്കും അധികാരം തുല്യമായി പങ്കിട്ടു കൊണ്ട് ഒരു പൊതു രാഷ്ട്രീയ മണ്ഡലത്തിലേക്ക് പ്രവേശിക്കുന്നത് ദേശീയതയെത്തന്നെ നഷ്ടപ്പെടുത്തുമെന്ന് വാദിച്ചവർ ദേശീയവാദികൾക്കിടയിൽ ഉണ്ടായിരുന്നു. ദേശരാഷ്ട്രമല്ല അവർ വിഭാവനം ചെയ്തത്. വൈദിക അർത്ഥത്തിലുള്ള ഹിന്ദുത്വമാണ് (Hindhuism in the Vedic Sense) അവരുടെ ഭാവനയിൽ ഉണ്ടായിരുന്നത്. വൈദിക അർത്ഥത്തിലുള്ള ഹിന്ദുത്വം കരുതുന്നത് ജാതി ശ്രേണിയിൽ താഴെത്തട്ടിലുള്ളവരെ പരിഷ്‌കരിക്കേണ്ടതുണ്ട്. അവരെ സംബന്ധിച്ച് അതൊരു ശുദ്ധീകരണ പ്രക്രിയയാണ്. ഇതിനെയാണ് അവർ ആധുനീകവത്കരണം എന്ന് വിശേഷിപ്പിച്ചത്. വൈദിക ഹിന്ദുയിസം ജാതിശ്രേണിയിലെ അധഃകൃതരുടെ അശുദ്ധിയും അപരിഷ്‌കൃതത്വവും ഉറപ്പിക്കുകയാണ് ചെയ്തത്. ജാതിയെ ഉന്മൂലനം ചെയ്യാനല്ല, അതിനെ പരിഷ്‌കരിച്ച് നിലനിർത്താനും അതിൻറെ അടിസ്ഥാനത്തിലുള്ള ഇന്ത്യയെ വാർത്തെടുക്കാനുമാണ് അവർ ലക്ഷ്യമിട്ടത്. അല്ലാതെ ആധുനിക ദേശരാഷ്ട്രം എന്ന സങ്കൽപ്പമായിരുന്നില്ല അവർക്കുണ്ടായിരുന്നത്. ദേശീയപ്രസ്ഥാനത്തിന്റെ നേതൃവർഗം മുന്നോട്ട് വെച്ച ഹിന്ദുയിസത്തിൻറെ ദേശരാഷ്ട്ര മാതൃകയെയാണ് അംബേദ്കർ വിമർശിച്ചത്. ജാതിബന്ധങ്ങളും ആധുനിക രാഷ്ട്രവും തമ്മിലുള്ള ചേർച്ചക്കുറവിനെ തുറന്നു കാട്ടാനാണ് അവർ ശ്രമിച്ചത്. ജാതിവ്യവസ്ഥ പലരെയും പുറംതള്ളുന്നതും വിഭജിക്കുന്നതും വിവേചനം പുലർത്തുന്നതുമാണ്. മൂന്നുകാര്യങ്ങളാണ് ജാതിവ്യവസ്ഥയിലുള്ളത് - ഒഴിച്ചു നിർത്തൽ, ഭിന്നിപ്പിക്കൽ, വിവേചനപരമായി പെരുമാറൽ എന്നിവയാണവ. എന്നാൽ ആധുനിക രാഷ്ട്രം എന്നത് എല്ലാത്തിനെയും ഉൾക്കൊള്ളുന്നതും ഉദ്ഗ്രഥിക്കുന്നതും സമത്വം നിലനിൽക്കുന്നതും തുല്യമായ പങ്കാളിത്തം (Participatory party) ഉറപ്പു വരുത്തുന്നതുമായ ഒന്നാണ്. അതുകൊണ്ടു തന്നെ ജാതി വ്യവസ്ഥ എന്നത്, ഒരു തരത്തിലും ജനാധിപത്യവുമായി പൊരുത്തപ്പെടുന്നതല്ല. ജാതിവിഭജനത്തിന്റെ അടിത്തറ തകർക്കുന്നതിന് പകരം അതിന്റെ കാലഹരണപ്പെട്ട വ്യവസ്ഥയെ തിരികെ കൊണ്ടുവരികയും ശാക്തീകരിക്കുകയുമാണ് ദേശരാഷ്ട്രത്തിന്റെ രൂപീകരണവേളയിൽ ചെയ്യുന്നത് എന്ന കുറ്റാരോപണമാണ് അംബേദ്കർ നടത്തിയത്. അംബേദ്ക്കറിന്റെ കോളനിവിരുദ്ധ സമീപനത്തിന്റെ സ്വഭാവം വിപ്ലവകരമായ ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയിലുള്ള ഊന്നലായിരുന്നു. അംബേദ്ക്കറുടെ ദേശീയതാ സങ്കൽപ്പം വെറും സാമ്രാജത്വ വിരോധത്തിൽ ഊന്നി നിൽക്കുന്നതായിരുന്നില്ല. മൗലീകമായ ജനാധിപത്യമായിരുന്നു (Radical Democracy) അദ്ദേഹത്തിൻറെ ലക്ഷ്യം. ഇന്ത്യയിലെ ആഭിജാതവർഗം ബ്രിട്ടീഷ് കൊളോണിയലിസത്തെ തങ്ങൾക്ക് അനുഗുണമായ ഒരു ഭരണകൂടമായാണ് കണ്ടത്. പക്ഷേ പിന്നീടാണ് ബ്രിട്ടീഷ് വിദ്യാഭ്യാസനയവും നിയമങ്ങളും ഇവിടുത്തെ അടിയാള വിഭാഗങ്ങൾ കൂടി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അവരും മുന്നോട്ടു വരുന്നുണ്ടെന്നും ഈ വർഗം മനസ്സിലാക്കിയത്. അപ്പോഴാണ് ബ്രിട്ടീഷുകാർ രാജ്യം വിട്ട് പോകുന്നതാണ് നമ്മുടെ രക്ഷക്ക് നല്ലത് എന്ന് അവർ മനസ്സിലാക്കിയത്. ആദ്യം ബ്രിട്ടീഷ് ഭരണത്തെ അനുകൂലിച്ചവർ തന്നെയാണ് പിന്നീട് ബ്രിട്ടീഷുകാർക്ക് എതിരായിത്തീർന്നത്. അടിയാള വിഭാഗം ഉയർന്നു വരികയും ഇവിടെയുള്ള ജാതി വ്യവസ്ഥ തകരുകയും ചെയ്യുന്നു എന്ന ബോധ്യത്തിൽ നിന്നാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനം ഉയർന്നു വരുന്നതുതന്നെ. ഇന്ത്യയിൽ വളർന്നുവന്ന സാമ്രാജത്വ വിരുദ്ധ ദേശീയ പ്രസ്ഥാനത്തിന്റെ ഈ ആഭ്യന്തര ദൗർബല്യമാണ് ദേശരാഷ്ട്രനിർമ്മിതിക്ക് വാസ്തവത്തിൽ പ്രധാന പ്രതിബന്ധമായത്. ദേശീയതയുടെ കുത്തക ആഭിജാതവർഗ്ഗത്തിന് അനുഗുണമായ വിധത്തിൽ ഉറപ്പിച്ചെടുക്കുവാനുള്ള ശ്രമമാണ് ദേശീയപ്രസ്ഥാനം നടത്തിയത്. അംബേദ്ക്കറെപ്പോലെയുള്ള ദേശീയവാദികൾ ആഭിജാതവർഗ്ഗത്തിൻറെ കുത്തകയെ പൊളിച്ചുകളയാനുള്ള ശ്രമമാണ് നടത്തിയത്. അല്ലെങ്കിൽ പഴയ ജാതിശ്രേണിയിലുള്ള ഭരണ വ്യവസ്ഥ തന്നെ തുടർന്ന് പോകുമെന്ന വ്യതക്തമായ ധാരണ അംബേദ്കർക്കുണ്ടായിരുന്നു. ഇവിടെയാണ് ദേശീയവാദികൾ ആരാണ് എന്ന ചോദ്യം ഉയർന്ന് വരുന്നത്. ആഭിജാതവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം ഹിന്ദുയിസത്തെ അനുകൂലിക്കുന്നവരും അവരുടെ ആശയങ്ങളെ പിൻപറ്റുന്നവരുമാണ് ദേശീയവാദികൾ. അല്ലാത്തവരെ ദേശവിരുദ്ധരായിപ്പോലും ചിത്രീകരിക്കും. ഹിന്ദുയിസത്തിന്റെ അജണ്ടകളെ വിമർശിച്ചു എന്ന കാരണത്താലാണ് ബ്രിട്ടീഷ് ചാരനായും ദേശവിരോധിയായും അംബേദ്കറെ ഇവർ ചിത്രീകരിക്കുന്നത്.
ബി ആർ അംബേദ്ക്കർ | PHOTO: WIKI COMMONS
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്ക് ഹിന്ദുയിസത്തെ ഒളിച്ച് കടത്താനുള്ള ഗൂഢപദ്ധതിയായിരുന്നു ഇന്ത്യൻ ദേശീയ പ്രസ്ഥാനം എന്ന വിമർശനമാണ് അംബേദ്ക്കർ ഉയർത്തുന്നത്. സാമ്രാജ്യത്വം ദേശീയത എന്ന വിപരീതത്തെ കൽപ്പിച്ച് അംബേദ്കറെ അതിനുള്ളിൽ കുടുക്കിയിടാനാണ് ദേശീയവാദികൾ ശ്രമിച്ചത്. ഈ ദ്വന്ദ്വ കൽപ്പനയിലൂടെയാണ് ഇന്ത്യൻ ദേശീയവാദികൾ അംബേദ്കറെ ദേശദ്രോഹിയായി ചിത്രീകരിക്കുന്നത്. കൊളോണിയൽ കാലഘട്ടത്തിൽത്തന്നെ ബ്രാഹ്‌മണ്യത്തിന്റെ പാരമ്പര്യത്തെ സംരക്ഷിക്കുക എന്നതായിരുന്നു ദേശീയപ്രസ്ഥാനം മുന്നോട്ട് വെച്ച അജണ്ട. ദേശീയവർഗ്ഗത്തിന്റെ ഈ നിലപാടിനെ ദേശരാഷ്ട്ര രൂപീകരണ വേളയിൽ അംബേദ്ക്കർ തുറന്നു കാണിച്ചു.
അംബേദ്കർ കൊളോണിയലിസത്തെ കൃത്യമായി വിലയിരുത്തിയിരുന്നു. വൈകല്യമുള്ള ഭരണസംവിധാനം (Handicapped Bureaucracy) എന്ന നിലക്കാണ് അംബേദ്കർ ബ്രിട്ടീഷ് കൊളോണിയലിസത്തെ കണ്ടത്. വികലമായ ഭരണ സംവിധാനവും പരമാധികാര ജനാധിപത്യവും തമ്മിലുള്ള വൈരുധ്യത്തിൽനിന്ന് ബ്രിട്ടീഷ് ഭരണം കൊണ്ട് അധഃസ്ഥിത വിഭാഗത്തിന് ചില ഗുണങ്ങൾ ഉണ്ടെങ്കിലും പരിപൂർണ്ണമായ അർത്ഥത്തിൽ ബ്രിട്ടീഷ് ഭരണം അനുകൂലമായ ഒന്നല്ല. കാരണം ഇവിടെ നിലനിന്നിരുന്ന ബ്രാഹ്‌മണ്യ പാരമ്പര്യത്തെ സ്ഥാപനവത്കരിക്കുകയാണ് കൊളോണിയലിസം ചെയ്തത്. അതിനെ മൗലികമായി മാറ്റി നിർത്താൻ ശ്രമിക്കുകയുണ്ടായില്ല. ജനങ്ങളുടെ ക്ഷേമം മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. മറിച്ച് ഇവിടെ ഉണ്ടായിരുന്ന ഭരണവർഗ്ഗത്തെ പരിഷ്‌കരിക്കുക മാത്രമാണ് ബ്രിട്ടീഷുകാർ ചെയ്തത്. ഇത്തരത്തിലുള്ള ബ്രിട്ടീഷ് നിലപാടുകൾക്ക് നേരെയുള്ള വിമർശനമാണ് അംബേദ്കർ നടത്തിയത്. അത് കൊണ്ടാണ് അംബേദ്കർ ബ്രിട്ടീഷ് ഭരണകൂടത്തെ വൈകല്യമുള്ള ഭരണസംവിധാനം (Handicapped Bureaucracy) എന്ന് നാമകരണം ചെയ്തത്. സാമൂഹികമായ ബന്ധങ്ങളിൽ മൗലികമായ മാറ്റങ്ങൾ ഉണ്ടാക്കുവാൻ കൊളോണിയൽ ഭരണസംവിധാനത്തിന് കഴിയുമായിരുന്നില്ല. സ്ഥിതിസമത്വം നിലനിൽക്കുന്ന സാമൂഹിക രൂപത്തിൽ മാത്രമേ അധ:സ്ഥിത വിഭാഗങ്ങൾക്ക് സ്വാതന്ത്ര്യം സാധ്യമാകൂ. ബ്രിട്ടീഷ് ഭരണകൂടത്തിന് ഇത്തരത്തിൽ ഉള്ള സ്ഥിതി സമത്വം സൃഷ്ടിച്ചെടുക്കാൻ കഴിയില്ല. സ്ഥിതി സമത്വം നിലനിൽക്കുന്ന സ്ഥലത്ത് മാത്രമേ ജനാധിപത്യം സാധ്യമാകൂ എന്ന് അംബേദ്കർ കരുതുന്നു. അംബേദ്കറിന്റെ സ്വരാജ്യം എന്നത് മൗലികവും സമഗ്രവുമായ ഒന്നാണ്.
ഇന്ത്യൻ ദേശീയ വാദികളെ സംബന്ധിച്ചിടത്തോളം അധികാരത്തെച്ചൊല്ലിയുള്ള തർക്കമാണ് ദേശീയതക്കുള്ളിൽ ഉണ്ടായിരുന്നത്. ഇത്തരത്തിൽ ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തവരെ സംബന്ധിച്ചിടത്തോളം സാമ്രാജത്വവിരോധമെന്നത് വ്യക്തിതലത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ കീഴാളരുടെ സാമ്രാജത്വവിരോധം എന്നത് കൊളോണിയൽ സാമൂഹികക്രമത്തിനെതിരെയുള്ള സമരമാണ്. നയിക്കുന്ന വർഗ്ഗത്തിന്റെ താൽപ്പര്യങ്ങളാണ് ഒരു ദേശീയതയുടെ ഉള്ളടക്കവും രൂപവും നിർണ്ണയിക്കുന്നത്. ദേശീയതയുടെ രൂപീകരണം ദേശീയ വർഗ്ഗത്തിന്റെ പ്രത്യയശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് അന്തോണിയോ ഗ്രാംഷി സൂചിപ്പിക്കുന്നുണ്ട്. ഇതിനെയാണ് അധീശത്വം (Hegemony) എന്ന് പറയുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ദേശീയവാദികളെയാണ് ഇതിന് ദൃഷ്ടാന്തമായി അംബേദ്കർ ഉദ്ധരിക്കുന്നത്. ആധുനിക പൂർവ്വ സമൂഹത്തിൽ തങ്ങൾക്ക് ലഭിച്ചിരുന്ന സവിശേഷമായ ആഭിജാത്യങ്ങളെ കയ്യൊഴിയാൻ ബ്രാഹ്‌മണ കുലത്തിൽ ജനിച്ച ആളുകൾ തയ്യാറല്ലെന്നും ബ്രാഹ്‌മണ കുലത്തിൽ ജനിച്ച ആളുകൾ തന്നെയാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ നയിച്ചതെന്നും അംബേദ്കർ പറയുന്നു. സമീപനം കൊണ്ടും പെരുമാറ്റം കൊണ്ടും പൂർണ്ണമായും ഹിന്ദൂയിസത്തെ പിന്തുടരുന്നവരാണവർ. ആധുനികതയുടെ പേരിൽ ഏകീകരിക്കപ്പെട്ട ഹിന്ദു സമുദായത്തെ നിർമ്മിച്ചെടുക്കുക എന്ന അജണ്ടയാണ് അവർ നിർവഹിക്കുന്നത്. ദേശരാഷ്ട്രത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും ഏകാത്മകമായ ഹിന്ദു സമുദായത്തെ ആധുനികതക്കകത്ത് നിർമ്മിച്ചെടുക്കുക എന്ന അജണ്ട ഹിന്ദു മഹാസഭയ്ക്കും കോൺഗ്രസ്സിനും ഉണ്ടായിരുന്നു എന്ന് റൊമില ഥാപ്പർ (Romila Thapar) പറയുന്നുണ്ട്.
റൊമില ഥാപ്പർ | PHOTO: WIKI COMMONS
പൊതുമണ്ഡലത്തിലേക്ക് ജനങ്ങൾ പ്രവേശിക്കുന്നതിൽ നിന്നും ആഭിജാത ദേശീയ വർഗ്ഗം അവരെ തടയുകയും അവരിൽ നിന്ന് അകലം സൂക്ഷിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പൊതുജനങ്ങളുടെ ആശയാഭിലാഷങ്ങളെ പ്രതിനിധാനം ചെയ്യാനുള്ള ശേഷി ദേശീയവാദികൾക്കുണ്ടായിരുന്നില്ല. ഇത്തരത്തിൽ സ്വാതന്ത്ര്യത്തിന് മുൻപ് എത്തരത്തിലാണോ ബ്രിട്ടീഷുകാരും ജനങ്ങളും വേർതിരിക്കപ്പെടുകയും മാറ്റി നിർത്തപ്പെടുകയും ചെയ്തത് അതിന്റെ മറ്റൊരു രൂപമാണ് ഇന്ത്യയിലെ ദേശീയവാദികളും ജനങ്ങളും തമ്മിലുള്ള അകൽച്ച. ദേശരാഷ്ട്രത്തിന്റെ രൂപീകരണത്തിന്റെ നിർണായക വേളകളിലെല്ലാം ആധുനികസമൂഹത്തിലും ഈ പറയുന്ന ദേശീയ വർഗ്ഗം അനർഹമായ ആനുകൂല്യങ്ങളെ നിലനിർത്തുകയും ആഭിജാത്യം ഉറപ്പിക്കുകയുമാണ് ചെയ്തത്. പൊതുജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങളെ ഉൾച്ചേർക്കാനും സ്വീകരിക്കാനും അവർ തയ്യാറായില്ല. അതിനോട് വിസമ്മതം പ്രകടിപ്പിക്കുകയാണ് അവർ ചെയ്തത്. ഇത്തരത്തിൽ ദേശീയതക്കകത്ത് ഇപ്പോഴും അസ്പൃശ്യ ജനവിഭാഗങ്ങൾക്ക് സ്ഥാനമില്ല. ഉള്ളത് ഭരണകൂടതലത്തിൽ മാത്രമാണ് ഈ ജനങ്ങളെ ഉൾച്ചേർത്തിട്ടുള്ളത്. ഇന്ത്യൻ ദേശീയതക്കകത്ത് സംസ്‌കാരം പ്രധാനമാകുന്ന കുറെയേറെ സന്ദർഭങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് പാകിസ്ഥാൻ-ഇന്ത്യ വിഭജനം. ഈ വിഭജനത്തിന് കാരണം മതം ആയിരുന്നു. അതുകൊണ്ട് തന്നെ ദേശീയതയിൽ മതം ഒരു പ്രധാന ഘടകമാണ്. മറ്റൊന്ന് ഭാഷയാണ്. അത്തരത്തിൽ സംസ്‌കാരത്തിനുള്ളിൽ വരുന്ന ഓരോ ഘടകങ്ങളും ദേശീയതക്ക് വിഷയമായി വരുന്നു. ഇതിനെ അംബേദ്കർ നോക്കിക്കണ്ടത് ജനാധിപത്യത്തിന്റെ കണ്ണിലൂടെയാണ്.
ഓരോ ജാതിയും എങ്ങനെ ജീവിക്കണം ഓരോ ജാതിയും എന്ത് ചിന്തിക്കണം ഓരോ ജാതിയുമെന്ത് പ്രവർത്തിക്കണമെന്ന് മുൻകൂട്ടി തിരുമാനിച്ച സ്ഥിതിക്ക് പ്രത്യേകിച്ച് ഒന്നും ആലോചിക്കാതെ ജാതികളിൽ ജഡങ്ങളായി ജീവിച്ച ഇന്ത്യയിൽ ജനാധിപത്യമെന്നത് തികച്ചും അജ്ഞാതമായ കാര്യമായിരുന്നു. ഇതരത്തിൽ ഇന്ത്യൻ സമൂഹത്തിന് അജ്ഞാതമായിരുന്ന ജനാധിപത്യത്തിന്റെയും നീതിയുടെയും ഒരു ഭാഷ സംഭാവന ചെയ്തുവെന്നതാണ് ഇന്ത്യൻ ഭരണഘടയുടെ മഹത്തായ സംഭാവന. അതിൽ ഭരണഘടനാ ശില്പി എന്ന നിലയിൽ അംബേദ്ക്കർ ജനാധിപത്യത്തെ നിർവചിക്കുന്നത് ഒരു ഭരണസംവിധാനമെന്ന നിലയിൽ മാത്രമല്ല. മറിച്ച് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിന് വിപുലമായ അർത്ഥമാണുള്ളത്.സമൂഹത്തിലെ മനുഷ്യർ തമ്മിലുള്ള ബന്ധത്തിലാണ് ജനാധിപത്യത്തിന്റെ വേരുകൾ തെരയേണ്ടത്. 'A democracy is a mode of associated living. The roofs of That To be searched in The social relationship, in forms of The associated life between The people who form The society' അതിൽ ഓരോ പൗരനും. പൗരനെപ്പോലെ അവകാശങ്ങളുള്ള യുണിറ്റായി സാമൂഹിക വിഭാഗത്തെയും പരിഗണിക്കേണ്ടതുണ്ടോ എന്ന പുതിയ പ്രശ്നം ജനാധിപത്യവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നപ്പോൾ അംബേദ്കർ സാമൂഹിക വിഭാഗങ്ങളെ രാഷ്ട്രീയ യാഥാർത്ഥ്യമായാണ് മനസ്സിലാക്കിയിരുന്നത്.അതു കൊണ്ട് സാമൂഹിക വിഭാഗങ്ങൾക്ക് നൽകേണ്ടുന്ന പ്രത്യേക പരിരക്ഷകൾ എന്നത് അംബേദ്ക്കറെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമായിരുന്നു.ഇന്ത്യയെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണ് സംവരണം, ന്യുപക്ഷാവകാശം, സംസ്ഥാനങ്ങളുടെ പ്രത്യേക പദവി, ആദിവാസി സംരക്ഷണ നിയമങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ സക്രിയമായ ജനാധിപത്യ സവിധാനത്തിന്റെ ആവശ്യഘടകങ്ങളായാണ് അംബേദ്ക്കർ ഇതിനെ കണ്ടിരുന്നത്.
Photo: Twitter
അവിടെ സ്വതന്ത്ര വ്യക്തികളാൽ മാത്രമല്ല ഇന്ത്യൻ സമൂഹം നിർമിതമാക്കപ്പെട്ടിരിക്കുന്നത് എന്നും മറിച്ച് വ്യത്യസ്തമായ സാമൂഹിക സ്ഥാനങ്ങളിൽ നിൽക്കുന്ന സാമൂഹിക വിഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇവിടെയാണ് ജനാധിപത്യത്തിന്റെ പ്രതിനിധാന രാഷ്ട്രീയ പാഠങ്ങൾ ഉണ്ടായിവരുന്നത്. സാമൂഹ്യ തുല്യതയും സാമൂഹ്യനീതിയും ലക്ഷ്യമാക്കുന്ന ഒന്നാണ് പ്രതിനിധാന ജനാധിപത്യം. അതിൽ രാഷ്ട്രീയ ജീവിതത്തിൽ വ്യക്തിക്ക് സമൂഹത്തിന് സ്വയം പ്രതിനിധാനം ചെയ്യാനുള്ള കഴിവാണ് ആത്മാഭിമാനപരമായ നിലനില്പിന്റെ അടിസ്ഥാനമാകുന്നത്. സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ വിവിധ സാമൂഹിക വിഭാഗങ്ങൾ സ്വയം പ്രതിനിധാനം ചെയ്യപ്പെടേണ്ടതുണ്ട്. സാമൂഹ്യ തുല്യതയുടെ രാഷ്ട്രീയം ജനാധിപത്യപരമായി പ്രവർത്തനക്ഷമമാകുന്ന മണ്ഡലമാണത്. അതിൽ പല നിലകളിൽ ബഹിഷ്‌കൃതരായവരും ലിംഗപരവും മതപരവും വംശപരവുമായ അടിച്ചമർത്തൽ നേരിടുന്നവരും പ്രാതിനിധ്യത്തിന് അർഹരാണ്. ദലിതർ ആദിവാസികൾ, പിന്നോക്ക സമുദായങ്ങൾ മത-ഭാഷാ ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങൾ, സ്ത്രികൾ, ഭിന്നശേഷിക്കാർ എന്നിവർ ഇതിൽപെടും. വിദ്യാഭ്യാസം, തൊഴിൽ രാഷട്രീയാധികാരം എന്നീ ഇടങ്ങളിൽ വിവിധ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാപരമായ പരിരക്ഷയാണ് സംവരണം. അതിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇന്ത്യയിലാകമാനം ശക്തിപ്പെടുന്ന സാമ്പത്തിക സംവരണ വാദം.
ജാതിസംവരണം പ്രതിനിധാനപരമാകുമ്പോൾ സവർണ്ണ സംവരണം തുല്യനീതിയെ അട്ടിമറിയ്ക്കുന്ന അമിത പ്രാതിനിധ്യപരമായ അധീശത്വമായി മാറുന്നു. അധികാരം പാരമ്പര്യമായ കുത്തകയായിരിക്കണമെന്നു ശഠിക്കുന്ന വംശ- വർണ്ണ- കുല മേധാവിത്ത സവർണ്ണ ഹിന്ദുത്വത്തിന്റെ കൈകളിലേയ്ക്കാണ് സംവരണം അട്ടിമറിക്കപ്പെടുന്നത്. സാമൂഹികവും സാംസ്‌കാരികവും ഭാഷാപരവുമായ നാനാത്വങ്ങളാൽ വിഭജിതമായ വിവിധ ജനവിഭാഗങ്ങളുടെ സഞ്ചയമാണ് ഇന്ത്യ. അതിൽ വസ്ത്രധാരണം, ഭക്ഷണം, വിശ്വാസാചാരങ്ങൾ, ജാതി, മതം, എന്നിങ്ങനെ എണ്ണമറ്റ ഘടകങ്ങളാണ് ഉള്ളത്. വൈവിധ്യങ്ങൾ മാത്രമല്ല വ്യത്യസ്തകളും ഇവിടെ ആഘോഷിക്കപ്പെടുന്നു. വൈവിധ്യങ്ങളുടെ സഹവർത്തിത്വത്തെ മാനിക്കലാണ് ജനാധിപത്യത്തിന്റെ അന്തസത്ത എങ്കിലും ഇന്നത്തെ ഇന്ത്യൻ സഹചര്യത്തിൽ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകത്വം സ്ഥാപിക്കുന്ന പ്രവണതയാണ് കാണുന്നത്. മതപരമായ സ്വത്വത്തിൽ ഊന്നിയ മത ദേശീയത കൊളോണിയൽ അധികാരശക്തികളെ പാകിസ്ഥാൻ എന്ന സൃഷ്ടിക്കുവാൻ പ്രേരിപ്പിച്ചു. ഇതിനു തുല്യമായി ഒരു ഹിന്ദുത്വ രാഷ്ട്രത്തെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമമാണ് ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്നത്. ശ്രേണിബദ്ധമായ അധികാര ബന്ധങ്ങളിലാധിഷ്ഠിതമാണ് ഇന്ത്യൻ സമൂഹം. അതിൽ ജാതിവ്യവസ്ഥയുടെ പ്രകൃതം മുകളിലേക്ക് പോകുന്തോറും ആഢ്യത്വവും താഴേക്കു വരുന്തോറും മ്ലേഛത്വവും അടിച്ചേൽപ്പിക്കുന്ന ശ്രേണിവ്യവസ്ഥയാണ് ജാതി.
Photo : Titter
ഏകവചന രൂപത്തിൽ ജാതി യാഥാർഥ്യമല്ല ബഹുവചന രൂപത്തിൽ മാത്രമാണ് അത് യാഥാർത്ഥ്യമാകുന്നത്. ജാതിയില്ല ജാതികളേയുള്ളു അതുകൊണ്ടാണ് ജാതി വ്യവസ്ഥയെ സംബന്ധിച്ച ചരിത്രപരവും വസ്തുതാപരവുമായ ബോധ്യമാണ് ജാതിനിർമ്മുലനം എന്ന മഹത്തായ ആശയത്തിലേയ്ക്ക് അംബേദ്ക്കറെ നയിക്കുന്നത്. ജാതിയെക്കുറിച്ചല്ല, ജാതിയെന്നത് സമൂഹത്തെ പരുവപ്പെടുത്തുന്നതെങ്ങനെയെന്ന നിർണ്ണായകമായ സാമൂഹികശാസ്ത്ര പ്രശ്‌നത്തെയാണ് അംബേദ്കർ വിശദികരിക്കാൻ ശ്രമിച്ചത്. അതിന്റെ ഉത്തമ ഉദാഹരണമാണ് ഹിന്ദു മധ്യവർഗത്തെ മുസ്ലിം സമുദായത്തിൽ നിന്ന് അന്യവൽക്കരിക്കുന്നതിന് ഇപ്പോഴത്തെ ഭരണകൂടത്തിന്റെ നയസമീപനങ്ങൾ വിജയിച്ചു കൊണ്ടിരിക്കുന്നത്. പല അവസരങ്ങളിലും ന്യുനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായി കണക്കാക്കുന്നു. ജർമനിയിലും ഇറ്റലിയിലും ജൂതവംശജർക്കെതിരെ നിർമിക്കപ്പെട്ട ഭാവിഭയത്തിനു സമാനമാണ് ഇന്നത്തെ ഇന്ത്യയിലെ അവസ്ഥ. ഇതരത്തിൽ ആഴത്തിൽ അസമത്വം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ പൗരത്വത്തിന്റെ അർത്ഥം എന്താണ് ? പൗരനും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെ നിർവചിക്കുന്ന അവകാശങ്ങളെ രേഖപ്പെടുത്തുന്ന ഇന്ത്യൻ ഭരണഘടയും തിരുത്തലുകൾക്ക് വിധേയമാക്കപ്പെടുന്നു.
ഇത് ജനാധിപത്യത്തിനു നേരെയുള്ള കനത്ത വെല്ലുവിളിയാണ്. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, ജലം, ആഹാരം ,തൊഴിലിനുള്ള അവസരം എന്നിവയെല്ലാം പൗരരെന്ന നിലയിൽ വ്യക്തികൾക്ക് നഷ്ടപ്പെടുന്നു. അതിന്റെ ഉദാഹരണമാണ് ബീഫ് കഴിച്ചു എന്നതിന്റെ പേരിൽ ഉത്തർപ്രദേശീലെ ബിസറ എന്ന ഗ്രാമത്തിൽ മുഹമ്മദ് അഖ്ലാഖിനെ ആൾക്കുട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇത് തികച്ചും ജനാധിപത്യ ലഘനമാണ്.അഭിപ്രായ സ്വാതന്ത്ര്യത്തിനും ഏതു തരം ഭക്ഷണം കഴിക്കാനും പൗരന് ഇന്ത്യൻ ഭരണഘടന സ്വാന്ത്ര്യനല്ക്കുന്നുണ്ട് ഇത് സാമൂഹിക നീതിക്കൂമുകളിലുള്ള അധീകാരപ്രയോഗമാണ്. അധീകാരത്തിന്റെ താളത്തിനു തുള്ളുന്ന ഒരു സമൂഹമായിരിക്കാൻ നമ്മുക്ക് സാധിക്കില്ല. പൗരൻ അവന്റെ രാഷ്ട്രവുമായുള്ള ബന്ധത്തെപ്പറ്റി സ്വയം ചിന്തിച്ചു തുടങ്ങണമെങ്കിൽ ആദ്യം അവരുടെ അവകാശങ്ങളെപ്പറ്റി അവർക്ക് അറിവുണ്ടാകണം. അതിന് ഇന്ത്യൻ ജനസമൂഹത്തിന്റെ ഉള്ളിൽ ത്രിത്വത്തിന്റെ (സ്വാതന്ത്ര്യം ,സമത്വം ,സാഹോദര്യം) എന്നിവയോടുക്കുടിയ ദേശീയതയെ കൂറെക്കൂടി സങ്കീർണവും പലമയോടുകുടിയതുമായ ഒന്നായി മനസ്സിലാക്കണം. ഒരു വൈകാരിക സങ്കൽപ്പം എന്നതിനെക്കാൾ ഒരു വിശകലാനാത്മക സംവർഗമായി ദേശീയതയെ മനസിലാക്കാം.