TMJ
searchnav-menu
post-thumbnail

Outlook

അര്‍ത്ഥങ്ങളുടെ സന്ദിഗ്ധത

24 Jan 2024   |   3 min Read
എസ് ജോസഫ്

നോവല്‍, ചെറുകഥ, സിനിമ, പത്രപ്രവര്‍ത്തനം എന്നീ മേഖലകളില്‍ എം.ടിയുടെ സംഭാവന നിസ്തുലമാണ്. 2005 നു മുമ്പ് കോഴിക്കോട്ടുവച്ചാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നെ എം.ടിക്ക്  പരിചയപ്പെടുത്തുന്നത്. അദ്ദേഹം ചെറുതായി ഒന്നു ചിരിച്ചു. കൈ പിടിച്ചു. പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ല. പുനത്തില്‍ എന്നെപ്പറ്റി പറഞ്ഞു. എം.ടിയുടെ കാലം, നാലുകെട്ട്, അസുരവിത്ത് തുടങ്ങിയ കൃതികള്‍ ഒരു കാലഘട്ടവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അവയിലെ ചില സംഭാഷണങ്ങള്‍, ചില കഥാപാത്രങ്ങള്‍ ഒക്കെ ഓര്‍മ്മയിലുണ്ട്. എങ്കിലും വ്യക്തമായും ഓര്‍മ്മയിലുള്ളത് മഞ്ഞ് എന്ന കാവ്യാത്മക നോവലാണ്. പ്രണയവും മഞ്ഞും മരണവും കാത്തിരുപ്പും ലയിക്കുന്നു. നവ കാല്‍പനികതയുടെ ക്ലാസിക്കാണ് ലഘുകൃതിയായ മഞ്ഞ്. മഞ്ഞിലെ വിമല ഒരു വേദനയായി നിലകൊള്ളുന്നു. അമേരിക്കന്‍ കവിയായ ആര്‍ച്ചി ബാള്‍ഡ് മക്ലിഷിന്റെ വരികള്‍ ആ കൃതിയുടെ ആമുഖത്തിലുണ്ട്. എം.ടിയുടെ രണ്ടാമൂഴം ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതം അവതരിപ്പിച്ചു. ഹരം കൊണ്ട് വായിച്ച കൃതിയാണ്. മഹാഭാരതം പോലെ ഒരു കൃതിയെ ഇങ്ങനെ മാറ്റി എഴുതുക എന്നത് അത്ര എളുപ്പമല്ല. നെഗറ്റീവിനെ പോസിറ്റീവ് ആക്കുന്ന എഴുത്തുകാരനാണ് എം.ടി. സംഭവങ്ങളെ മറ്റൊരു കാഴ്ചപ്പാടില്‍ വായിക്കുന്ന എഴുത്തുകാരന്‍. 

പുനത്തില്‍ കുഞ്ഞബ്ദുള്ള | PHOTO: FACEBOOK
സിനിമകളിലും ഈ സ്വഭാവം കാണാം. ഇരുട്ടിന്റെ ആത്മാവ്, നഖക്ഷതങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, പരിണയം, സദയം,  വൈശാലി എന്നീ സിനിമകള്‍ നോക്കുക. എം.ടി പൊതുവേ സാമൂഹ്യപ്രശ്‌നങ്ങളോട് പ്രതികരിക്കാറില്ല. നിരന്തരം പ്രതികരിക്കുന്നവര്‍ ഉണ്ട്. എം.ടി പ്രതികരിച്ച രണ്ട് സന്ദര്‍ഭങ്ങള്‍ ഉണ്ട്. മുത്തങ്ങാ വെടിവയ്പിനെതിരെ വന്‍ പ്രതിഷേധമാണ് കേരളത്തില്‍ ഉണ്ടായത്. ഞാനന്ന് ബ്രണ്ണന്‍ കോളേജില്‍ ആയിരുന്നു. കല്പറ്റ നാരായണനും വീരാന്‍ കുട്ടിയും ഞാനും ഒക്കെ പല വേദികളിലും സംസാരിച്ചു. പ്രതികരിച്ചു. കവിതകള്‍ ചൊല്ലി. തലശ്ശേരിയില്‍ നിന്ന് എന്‍.പ്രഭാകരന്‍, എന്‍.ശശിധരന്‍, എ.റ്റി മോഹന്‍ രാജ് എന്നിവര്‍ക്കൊപ്പം ഞാന്‍ മുത്തങ്ങയില്‍ പോയി. ആദിവാസി ഊരുകളിലും ഞങ്ങള്‍ പോയി. അന്ന് ഒരു പ്രതികരണം കല്പറ്റയില്‍ ആണെന്ന് തോന്നുന്നു നടന്നു. അതില്‍ എം.ടിയാണ് മുഖ്യമായി പങ്കെടുത്തത്. അതുവരെ അറിയാത്ത, കാണാത്ത ഒരു എം.ടിയെയാണ് ഞാനന്ന് അവിടെ കണ്ടത്. ശാന്തശീലനെന്ന് പേരുകേട്ട എ.കെ. ആന്റണിയുടെ ഭരണമാണ് അക്കാലത്ത്. അധികാരത്തിന്റെ ഫാഷിസ്റ്റ് പ്രയോഗമാണ് മുത്തങ്ങയില്‍ കണ്ടത്. ഭൂരഹിതരുടെ ഭൂമിക്കായുള്ള ദാഹത്തില്‍ നിന്നാണ് മുത്തങ്ങ സംഭവം ഉണ്ടായത്. ആ അനീതിയാണ് ഇന്നുമുള്ളത്. അതിനോട് പ്രതികരിച്ച ജനതയെയാണ് ഭരണകൂടം വെടി വച്ചത്. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും. അവര്‍ക്കുവേണ്ടി ഒരു സാഹിത്യകാരനായ എം ടി ശബ്ദിച്ചു. അത് എന്നെ ഏറെ സന്തോഷിപ്പിച്ചു. അന്നവിടെ ആദിവാസികളും ദളിതരും നാട്ടുകാരും പുറത്തു നിന്ന് എത്തിയവരും ഉണ്ടായിരുന്നു. നാടന്‍ പാട്ട് ഉണ്ടായിരുന്നു. കേരളത്തിലെ ദളിത് ആദിവാസി ഭൂമിപ്രശ്‌നം ഇന്നും പരിഹരിക്കപ്പെടാതെ തുടരുന്നു. എം.ടി പിന്നെയും മൗനത്തിലായി. ഇന്ത്യയില്‍ മതഭരണം വന്നു. കേരളത്തില്‍ രണ്ടാം തവണയും കമ്മ്യൂണിസ്റ്റ് മുന്നണി ഭരിച്ചു. കൊറോണ ഒഴിഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ അപൂര്‍വ്വമായി. രണ്ടാം വട്ട ഭരണമായപ്പോള്‍ ഖജനാവ് കാലിയായി. കേന്ദ്ര സഹായം ലഭിക്കാതെയായി. എല്ലാത്തരത്തിലും ജനജീവിതം ഞെരുങ്ങി. ഭരണവിരുദ്ധവികാരം ഉണ്ട്. അതേസമയം അഴിമതി നിറഞ്ഞ ഭരണമെന്ന് ആരോപണങ്ങള്‍ ഉണ്ട്. 

എം ടി വാസുദേവൻ നായർ | PHOTO: FACEBOOK
ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട് കെ.എല്‍.എഫ് ഉദ്ഘാടനത്തില്‍ എം.ടി സംസാരിച്ച കാര്യം വിവാദത്തിന് കാരണമായത്. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃത മാര്‍ഗമായി മാറിയെന്നും ആയിരുന്നു കെ എല്‍ എഫ് വേദിയില്‍ എം ടി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു. വളരെ അമൂര്‍ത്തമായ ഒരു കാര്യമാണ് അദ്ദേഹം പറഞ്ഞത്. അതിനെ ബന്ധപ്പെടുത്താവുന്ന പശ്ചാത്തലമില്ല. അതുകൊണ്ട് ആ വാക്കുകള്‍ കേരളത്തിലും ഇന്ത്യയിലും ലോകത്തും കൃത്യമായ ഒരര്‍ത്ഥത്തില്‍ ഇടം കൊള്ളാന്‍ അലഞ്ഞു നടക്കും. ഏതെങ്കിലും ഹാര്‍ബറില്‍ അടുപ്പിക്കണമെന്നു കരുതി കടലില്‍ ഒഴുകുന്ന ഒരു കപ്പലാണത്. എന്നാല്‍ ഒരു ഹാര്‍ബറിലും അത് അടുപ്പിക്കാന്‍ കഴിയുന്നില്ല. വാക്കുകളുടെ അര്‍ത്ഥം അവയിലില്ല എന്നു പറയുന്നതുപോലെയാണ്. വാക്കുകള്‍ ചേര്‍ന്നുണ്ടാകുന്ന അര്‍ത്ഥം സന്ദിഗ്ധമാണിവിടെ. 



എന്നാല്‍ ഭാഷയുടെ ഈ അവസ്ഥയെ പത്രക്കാര്‍ ഏകാധിപത്യ ഭരണം
ഇല്ലാത്ത, പരമാധികാരം നിലനില്‍ക്കാത്ത കേരളത്തില്‍ കേരളഭരണത്തില്‍ അത് നിബന്ധിച്ചു എന്നതാണ്  മനസ്സിലാക്കാന്‍ പറ്റാത്തത്. ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാണ്. വളരെ മൊണാര്‍ക്കിക്കായ ഒരു ഭരണമാണ് നിലവിലുള്ളത്. അതിലേക്ക് മാധ്യമങ്ങള്‍ പോയുമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ഒരു കുറിപ്പുമായിട്ടാണ് എം.ടി വന്നത്. അത് വായിക്കുകയാണ് ഉണ്ടായത്. പ്രായാധിക്യം കൊണ്ട് വായന വ്യക്തമല്ലായിരുന്നു എന്ന് വേദിയിലിരുന്ന ഒരാള്‍ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ ഡോക്യുമെന്റ് പത്രക്കാര്‍ കണ്ടു. അവരതിനെ വ്യാഖ്യാനിച്ചു. പത്രക്കാരെ സംബന്ധിച്ചിടത്തോളം എം.ടി, പ്രസംഗം, വേദിയിലിരിക്കുന്ന മുഖ്യമന്ത്രി ഇത്രയും ചേര്‍ത്ത് അവര്‍ എം.ടി. പറഞ്ഞതിനെ വ്യാഖ്യാനിച്ചു. താന്‍ കേരളത്തിലെ ഭരണത്തെ ഉദ്ദേശിച്ചില്ല എന്ന് എം.ടി. പിന്നീട് പറഞ്ഞിട്ടുണ്ട്. ഇനി വളരെ വ്യംഗ്യമായി, പരോക്ഷമായി എം.ടി നിലവിലുള്ള രാഷ്ട്രീയക്കാരുടെ തെറ്റുതിരുത്തി നന്നാകാനുള്ള താല്പര്യമില്ലായ്മയെയാണ് വിമര്‍ശിച്ചതെന്നും പറയാം. 
വിസ്ലാവാ സിമ്പോഴ്ഷ്‌കയുടെ ഒരു കവിത ഞാന്‍ ഓര്‍ക്കുകയാണ്. കടലില്‍ വല വീശുന്ന മുക്കുവര്‍ക്ക് ഒരു കുപ്പി സന്ദേശം കിട്ടി. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ' ഞാന്‍ ഇപ്പോള്‍ ഇവിടെ ഈ ദ്വീപിലാണ്. എന്നെ രക്ഷിക്കുക. 'മുക്കുവര്‍ ആലോചിച്ചു. ഇപ്പോള്‍ എപ്പോള്‍, ഇവിടെ എവിടെ, ഞാന്‍ ആരാണ്. ദ്വീപ് ഏതാണ്. ഉത്തരാധുനിക കാലത്തെ സ്റ്റേറ്റുമെന്റുകളുടെ അവസ്ഥ ഇതാണ് എന്നാണ് സിമ്പോഴ്ഷ്‌ക പറയുന്നത്.


#outlook
Leave a comment