
അമേരിക്കയുടെ യുദ്ധങ്ങള്‍: ഇറാഖ്, യുക്രെയ്ൻ, ഇപ്പോള്‍ ഇറാന്
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അമേരിക്കയുടെ 'അവസാനിക്കാത്ത യുദ്ധങ്ങള്‍' ഇല്ലാതാക്കുമെന്ന വാഗ്ദാനവുമായി 2024ലെ തിരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിലെത്തി ആറ് മാസത്തിനുള്ളില്‍ ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി മറ്റൊരു 'അവസാനിക്കാത്ത യുദ്ധം' തുടങ്ങുന്നു.
അമേരിക്കന്‍ ഭരണഘടന ആവശ്യപ്പെടുന്നതുപോലെ കോണ്‍ഗ്രസില്‍ മുന്‍കൂര്‍ വോട്ടെടുപ്പ് ഉണ്ടാകില്ല. ഐക്യരാഷ്ട്രസഭയുടെ പിന്തുണ തേടുകയോ, സഖ്യകക്ഷികളുമായി സഖ്യം രൂപീകരിക്കുകയോ ചെയ്യില്ല. ഫോക്സ് ന്യൂസ് നെറ്റ് വര്‍ക്ക് ഒഴികെ പൊതുജനാഭിപ്രായത്തിന്റെ തയ്യാറെടുപ്പ് പോലും ഉണ്ടാകില്ല.
അമേരിക്ക-ഇസ്രായേല്‍ നേതൃത്വവും, ഇരു രാജ്യങ്ങളിലെയും മാധ്യമങ്ങളും പറയുന്നതുപോലെ, ഇറാന്‍ ആണവായുധ ശേഷി കൈവരിക്കുന്നതിന് ആഴ്ചകള്‍ മാത്രം അകലെയാണെന്ന വാദത്തെ പിന്തുണയ്ക്കുന്ന ഏറ്റവും ദുര്‍ബലമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുഎസ് ബോംബിംഗ് നടക്കുക. 2025 മാര്‍ച്ചില്‍ ഐക്യരാഷ്ട്ര സഭയുടെ ഐഎഇഎ പരിശോധകര്‍ ഇറാന്‍ അത്തരമൊരു ആയുധ ശേഷി കൈവരിച്ചതായി ഒരു തെളിവുമില്ലെന്ന് പരസ്യമായി പറഞ്ഞു. അമേരിക്കന്‍ ഇന്റലിജന്‍സ് സേവനങ്ങളെ ഏകോപിപ്പിക്കുന്ന യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡും അതേ മാസം തന്നെ ഇറാന്‍ ആണവ ആയുധ ശേഷി കൈവരിക്കുന്നതുമായി ബന്ധപ്പെട്ട തെളിവുകളൊന്നുമില്ലെന്ന് കോണ്‍ഗ്രസിനെ അറിയിച്ചു.
രണ്ട് ദിവസം, മുമ്പ് ട്രംപ് കാനഡയില്‍ നടന്ന ജി7 യോഗത്തില്‍ നിന്ന് പുറത്തു പോകുമ്പോള്‍, ഗബ്ബാര്‍ഡിന്റെ വീക്ഷണത്തെയും, പ്രസ്താവനയെയും കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് മാധ്യമങ്ങള്‍ ട്രംപിനോട് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി; 'അവര്‍ എന്താണ് പറഞ്ഞതെന്ന് എനിക്ക് പ്രശ്നമില്ല. ഇറാന്‍ ഒരു ആയുധം നിര്‍മ്മിക്കുകയാണെന്ന് ഞാന്‍ പറയുന്നു. ഞാന്‍ അവരെ ശ്രദ്ധിക്കുന്നില്ല'. അപ്പോള്‍ ട്രംപ് ആരെയാണ് ശ്രദ്ധിക്കുന്നത്? നെതന്യാഹു? ഇസ്രായേലിന്റെ മൊസാദ്?
ഡൊണാള്‍ഡ് ട്രംപ് | PHOTO: WIKI COMMONS
അമേരിക്കയ്ക്ക് എതിരെ ആക്രമണം നടത്തുന്നത് തടയാനല്ല ട്രംപ് ബോംബര്‍ വിമാനങ്ങള്‍ ഇറാനിലേക്ക് അയക്കുക; പശ്ചിമേഷ്യയിലുള്ള യുഎസ് താവളങ്ങള്‍ക്കോ അതിന്റെ 40,000 സൈനികര്‍ക്കോ നേരെ ഇറാന്‍ നടത്തുന്ന ആക്രമണത്തിനുള്ള പ്രതികരണമായല്ല; യുഎസ് യുദ്ധക്കപ്പലുകള്‍ക്കോ ഏതെങ്കിലും അന്താരാഷ്ട്ര കപ്പലുകള്‍ക്കോ നേരെ ഇറാന്‍ നടത്തുന്ന ആക്രമണത്തിനുള്ള പ്രതികരണമായുമല്ല. ഇറാന്‍ യുഎസ്എയുമായി യുദ്ധത്തിലല്ല, അതിന് പദ്ധതിയിടുന്നുമില്ല; എന്നിരുന്നാലും, അമേരിക്ക ഇറാനുമായി യുദ്ധത്തിലാകും.
തങ്ങളുടെ കൈവശം ആണവായുധമില്ലെന്നും അത് വികസിപ്പിക്കില്ലെന്നും സമ്മതിക്കുന്ന ഒരു ഉടമ്പടിയില്‍ ഒപ്പുവെക്കാമെന്ന് കഴിഞ്ഞ ആഴ്ച ഇറാന്‍ പരസ്യമായി വാഗ്ദാനം ചെയ്തു. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അമേരിക്കന്‍ പരിശോധകര്‍ക്ക് അത് കണ്ടെത്താന്‍ കഴിയുമെന്ന കാര്യത്തില്‍ ഇറാന് ഒട്ടും ആശങ്കയില്ലെന്ന് ഈ നീക്കം ശക്തമായി സൂചിപ്പിക്കുന്നു.
ട്രംപ് അങ്ങനെ അമേരിക്കയെ മറ്റൊരു 'ശാശ്വത' യുദ്ധത്തിലേക്ക് കൊണ്ടുപോകാന്‍ തയ്യാറെടുക്കുകയാണ്, ഇത്തവണ വിദേശ രാഷ്ട്രമായ ഇസ്രായേലിന് വേണ്ടി ഇറാനുമായി - അവരുടെ നേതാവ് നെതന്യാഹു അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടതിനാല്‍ മാത്രം. 2003 ല്‍ അമേരിക്കയുടെ ആസന്നമായ ഇറാഖ് അധിനിവേശത്തിന്റെ തലേന്ന് യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തപ്പോള്‍ മുതല്‍ ഇസ്രായേല്‍ നേതാവ് ഇറാനെ ആക്രമിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടുവരികയാണ്.
നെതന്യാഹുവും ട്രംപും | PHOTO: WIKI COMMONS
അമേരിക്കന്‍ യുദ്ധങ്ങളെ കുറിച്ചുള്ള ഒരു കൈപ്പുസ്തകം
2001 മുതല്‍ അമേരിക്ക സാമ്രാജ്യയുദ്ധങ്ങള്‍ എന്ന് മാത്രം വിളിക്കാവുന്ന ഒന്നില്‍ കുടുങ്ങിക്കിടക്കുകയാണ്: സാമ്രാജ്യം വികസിപ്പിക്കാനുള്ള യുദ്ധങ്ങള്‍. അതില്‍ നിന്ന് പിന്മാറാന്‍ ശ്രമിക്കുന്നവരെയോ, സ്വതന്ത്രമായ ഒരു പാത സൃഷ്ടിക്കാന്‍ ധൈര്യപ്പെടുന്നവരെയോ ശിക്ഷിക്കാനുള്ള യുദ്ധങ്ങള്‍. ഭാവിയില്‍ അതിന് വെല്ലുവിളി ഉയര്‍ത്തുന്നവരെ മുന്‍കൂട്ടി ആക്രമിക്കാനുള്ള യുദ്ധങ്ങള്‍.
21-ാം നൂറ്റാണ്ടില്‍ സാമ്രാജ്യത്തിന്റെ മൂന്ന് നിര്‍ണായക യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്: 2003-10 ലെ ഇറാഖ് യുദ്ധം (ഇതില്‍ അഫ്ഗാന്‍ യുദ്ധം രണ്ടാം മുന്നണിയായിരുന്നു). 2021-25 ലെ യുക്രൈന്‍ പ്രോക്സി യുദ്ധം. 2023-25 ലെ ഇസ്രായേല്‍-ഇറാന്‍ പ്രോക്സി യുദ്ധം. തിരിഞ്ഞുനോക്കുമ്പോള്‍, മൂന്നിടത്തും അമേരിക്ക യുദ്ധത്തിന് തയ്യാറെടുക്കുന്നതിലും ആരംഭിക്കുന്നതിലും ഒരു മാതൃകയുണ്ട്.
അമേരിക്കന്‍ സര്‍ക്കാര്‍, അതിന്റെ ഡീപ് സ്റ്റേറ്റ്, സൈനിക വ്യവസായ സമുച്ചയം എന്നിവയെ നിയന്ത്രിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ ശ്രേണിയിലെ ഉന്നതര്‍ യുദ്ധയന്ത്രങ്ങള്‍ ഒന്നാം ഗിയറിലേക്ക് മാറ്റുകയും, യുദ്ധ തീവണ്ടി സ്റ്റേഷന്‍ വിടുകയും ചെയ്താല്‍ അതിനെ തിരികെ വിളിക്കാന്‍ കഴിയില്ല. 2002ല്‍ ഇറാഖ് യുദ്ധത്തിന്റെ കാര്യത്തിലും; 2021ല്‍ യുക്രൈനിലും അതാണ് സംഭവിച്ചത്. 2024ല്‍ നിലവിലെ ഇറാന്റെ കാര്യത്തിലും യുദ്ധത്തിന്റെ ഗിയറുകള്‍ ചലിച്ചു. യുദ്ധ പദ്ധതികള്‍ വികസിപ്പിക്കുകയും, അതിനുള്ള ഫണ്ടിംഗ് സ്രോതസ്സുകള്‍ തിരിച്ചറിയുകയും, സൈനിക നടപടി ആരംഭിക്കുന്നതിന് മാസങ്ങള്‍, ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ അതിനായി നീക്കിവയ്ക്കുകയും ചെയ്യുന്നു.
REPRESENTATIVE IMAGE | WIKI COMMONS
തീരുമാനമെടുത്തുകഴിഞ്ഞാല്‍ അവശേഷിക്കുന്നത് പ്രധാനമായും സമയം നിശ്ചയിക്കലാണ്. അതായത് എപ്പോഴാണ് ട്രിഗര്‍ വലിക്കുന്നതിന് ഉചിതമായ നേരം. അതിനകം ആവശ്യമായ സൈനിക ആസ്തികള്‍ സ്ഥാപിക്കുക, കോണ്‍ഗ്രസിലെയും, അമേരിക്കയുടെ സഖ്യകക്ഷികളിലെയും പ്രധാന കളിക്കാരുമായി യുദ്ധത്തിന് പോകാന്‍ കരാര്‍ തയ്യാറാക്കുക, അമേരിക്കന്‍ പൊതുജനങ്ങളുടെയിടയില്‍ ഒരു ആസന്നമായ ഭീഷണിയുടെ ഇമേജ് സൃഷ്ടിച്ചുകൊണ്ട് പൊതുജനാഭിപ്രായം തയ്യാറാക്കുക, സമയവും സാഹചര്യങ്ങളും അനുവദിക്കുകയാണെങ്കില്‍, ആസന്നമായ ഭീഷണിക്ക് വിശ്വാസ്യത നല്‍കുന്നതിന് ഒരു 'കരുതി കൂട്ടിയുള്ള' (ഫാള്‍സ് ഫ്ലാഗ്) അതിക്രമം സ്വന്തം നിലയില്‍ നടത്തുക എന്നിവ അരങ്ങേറും.
21-ാം നൂറ്റാണ്ടിലെ മൂന്ന് പ്രധാന യുദ്ധങ്ങളായ ഇറാഖ്, യുക്രൈന്‍, ഇറാന്‍ എന്നിവയില്‍ തെളിഞ്ഞതുപോലെ, അമേരിക്ക യുദ്ധ തീവണ്ടി ഉയര്‍ന്ന ഗിയറിലേക്ക് മാറുമ്പോള്‍, പ്രാരംഭ തയ്യാറെടുപ്പുകള്‍ക്ക് ശേഷമുള്ള കൈപ്പുസ്തക ഉള്ളടക്കം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങള്‍ ഇവയാണ്:
ഇറാഖ് 2003:
ലക്ഷ്യം വച്ച രാജ്യം പാലിക്കേണ്ട ചില ആവശ്യങ്ങള്‍ അമേരിക്ക ഉന്നയിക്കുകയും അവരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്യുകയാണ് ആദ്യപടി. 2003ലെ ഇറാഖ് യുദ്ധത്തിന്റെ കാര്യത്തില്‍, ഇറാഖ് കൂട്ട നശീകരണ ആയുധങ്ങള്‍ (WMD) കൈവശം വച്ചിട്ടുണ്ടെന്ന് അമേരിക്ക ആരോപിച്ചു, അത് ഉപയോഗിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇറാഖ് ആണവ വസ്തുക്കള്‍ നിര്‍മ്മിക്കാനല്ല അസംസ്‌കൃത വസ്തുക്കള്‍ ('മഞ്ഞ കേക്ക്') വാങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ അഭിസംബോധന ചെയ്ത ദൃശ്യങ്ങള്‍ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. WMD-കളില്‍ രാസ അല്ലെങ്കില്‍ ജൈവ ആയുധങ്ങള്‍ ഉള്‍പ്പെടുന്നു. എന്നാല്‍ പവലിന്റെ അവതരണം ഇറാഖിന്റെ WMD-കളും ആണവമാണെന്ന് സൂചിപ്പിച്ചു.
യുദ്ധത്തിന് മുമ്പ് ഐക്യരാഷ്ട്രസഭയും, യുഎസ് ഇന്‍സ്പെക്ടര്‍മാരും WMDകളുടെ ഒരു തെളിവും കണ്ടെത്തിയില്ല. യുദ്ധത്തിനുശേഷം അത് ഇല്ലെന്ന് സ്ഥിരീകരിച്ചു. ആ സമയത്ത് അത് പ്രശ്നമല്ലായിരുന്നു. യുഎസ് യുദ്ധ ട്രെയിന്‍ മാസങ്ങള്‍ക്ക് മുമ്പ് സ്റ്റേഷന്‍ വിട്ടിരുന്നു. ആസ്തികളും സഖ്യകക്ഷികളും, കോണ്‍ഗ്രസും പൊതുജനാഭിപ്രായവും ഇതിനകം തയ്യാറായി നിലനിന്നിരുന്നു. യുദ്ധത്തിന്റെ തലേന്ന് നടന്ന ചര്‍ച്ചകളില്‍, ഇറാഖ് യുഎസിന്റെ പ്രാരംഭ ആവശ്യങ്ങള്‍ അംഗീകരിച്ചു. ഉടനെ യുഎസ് ഗോള്‍പോസ്റ്റുകള്‍ മാറ്റി. ഐക്യരാഷ്ട്രസഭയുടെ ഐഎഇഎ പരിശോധകര്‍ക്ക് പകരം ഇറാഖി സായുധ സേന യുഎസ്/നാറ്റോ സേനകളുടെ ഇറാഖ് അധിനിവേശത്തിന് കീഴടങ്ങണമെന്നും, അങ്ങനെ ഡബ്ല്യുഎംഡികള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും അത് ആവശ്യപ്പെട്ടു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിരുപാധികമായ കീഴടങ്ങലിന് സമ്മതിക്കുക.
REPRESENTATIVE IMAGE | WIKI COMMONS
ഡബ്ല്യുഎംഡി പ്രശ്നം വെറും ഒരു പുകമറ മാത്രമായിരുന്നു. ഇറാഖിലെ ഭരണമാറ്റവും സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കുകയും, അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയെ പിരിച്ചുവിടുകയും ചെയ്യുക എന്നതായിരുന്നു യഥാര്‍ത്ഥ അമേരിക്കന്‍ ആവശ്യം. അമേരിക്ക യുദ്ധത്തിലേക്ക് പോകുമ്പോള്‍ അത് എല്ലായ്പ്പോഴും ഭരണമാറ്റത്തെക്കുറിച്ചാണ്. തങ്ങള്‍ ശത്രുവായി മുദ്ര കുത്തിയ രാജ്യം ഒരു ഭീഷണിയാണെന്നത് എല്ലായ്പ്പോഴും ഒരു പുകമറ മാത്രമാണ്. ചര്‍ച്ചകള്‍ ഒരിക്കലും ഒരു ഒത്തുതീര്‍പ്പിലെത്താന്‍ ഉദ്ദേശിച്ചുള്ളതല്ല. അവ ഒരു തന്ത്രം മാത്രമാണ്.
ചര്‍ച്ചകളിലൂടെ ഒരിക്കലും ഒരു കരാറിന് സമ്മതിക്കരുത്, മറിച്ച് ഒന്ന് സാധ്യമാണെന്ന് തോന്നിപ്പിക്കുക മാത്രമാണ് അമേരിക്കന്‍ യുദ്ധ തയ്യാറെടുപ്പിന്റെ ലക്ഷ്യം. അമേരിക്ക പുതിയതും, കൂടുതല്‍ അസ്വീകാര്യവുമായ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ഒരു കരാറിനുള്ള അടിസ്ഥാനമായി ലക്ഷ്യ രാജ്യം വാഗ്ദാനം ചെയ്യുന്ന ഇളവുകള്‍ അവഗണിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഒരു കരാറും ഒരിക്കലും അംഗീകരിക്കപ്പെടാത്തപ്പോള്‍ ഒരു വിട്ടുവീഴ്ച സാധ്യമാണെന്ന് എതിരാളിയെ ചിന്തിപ്പിക്കാന്‍ ചര്‍ച്ചകള്‍ ഉപയോഗിക്കുന്നു. എന്നിരുന്നാലും, അമേരിക്ക പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കുകയും, ഉദ്ദേശങ്ങള്‍ മാറ്റുകയും ചെയ്യുമ്പോള്‍, ചര്‍ച്ചകള്‍ നന്നായി നടക്കുന്നുണ്ടെന്നും യുദ്ധം ഒഴിവാക്കാന്‍ ചര്‍ച്ചക്കാര്‍ ഒരു കരാറിലേക്ക് അടുക്കുകയാണെന്നും സമാന്തരമായി പൊതു പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നു.
ഇറാഖ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചകളില്‍, ഐക്യരാഷ്ട്രസഭയുടെയും, അമേരിക്കയുടെയും പരിശോധകര്‍ക്ക് ഇറാഖിലെ എല്ലാ സ്ഥലങ്ങളിലും, സൈന്യം ഉള്‍പ്പെടെ, സൗജന്യമായി പ്രവേശിക്കാന്‍ സദ്ദാം വാഗ്ദാനം ചെയ്തു. സദ്ദാമിന്റെ വാഗ്ദാനങ്ങള്‍ അമേരിക്ക അവഗണിച്ചു. ഡബ്ല്യുഎംഡികള്‍ വെറും ഒരു ഒഴിവുകഴിവായിരുന്നു. അത് എല്ലായ്പ്പോഴും ഭരണമാറ്റത്തെക്കുറിച്ചായിരുന്നു. എല്ലായ്പ്പോഴും അങ്ങനെ തന്നെ.
തുടര്‍ന്ന് എല്ലാ സജ്ജീകരണങ്ങളും സജ്ജമാകുമ്പോള്‍, യുദ്ധത്തിന്റെ ചുറ്റിക ആഞ്ഞടിക്കുന്നു. മുന്‍കൂട്ടി സൂചനയോ, മുന്നറിയിപ്പോ ഇല്ലാതെ അപ്രതീക്ഷിതമായി ഒരു ആക്രമണം ആരംഭിക്കുന്നു. ഇറാനുമായുള്ള നിലവിലെ ആസന്നമായ യുദ്ധവും, ഇറാഖുമായുള്ള സമാനതകള്‍ ശ്രദ്ധേയമാണ്.
REPRESENTATIVE IMAGE | WIKI COMMONS
ഇറാന്‍ 2025:
2024 അവസാനത്തോടെ സിറിയയുടെ തകര്‍ച്ചയ്ക്കും, ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നതിനും ശേഷം, ഇറാനുമായുള്ള ഇസ്രായേലിന്റെ യുദ്ധത്തില്‍ യുഎസ് ഇടപെടുന്നത് ഒഴിവാക്കാന്‍ ഒരു കരാര്‍ സാധ്യമാണെന്ന് ഇറാനെ ചിന്തിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ ഉപയോഗിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ച ഇറാന്‍ തങ്ങളുടെ കൈവശം ആണവ ബോംബില്ലെന്നും, ഭാവിയില്‍ ഒരെണ്ണം വികസിപ്പിക്കില്ലെന്നും സൂചിപ്പിക്കുന്ന ഒരു ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ സമ്മതിച്ചപ്പോള്‍, ആണവ ഉല്‍പ്പാദന യന്ത്രങ്ങള്‍ വിഘടിപ്പിക്കാവുന്ന വസ്തുക്കള്‍ സൃഷ്ടിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഇറാനികള്‍ അവരുടെ സൈനിക സ്ഥലങ്ങള്‍ അമേരിക്ക- ഇസ്രായേല്‍ പരിശോധകര്‍ക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു.
ഇറാനോട് നിലവിലുള്ള വിഘടിപ്പിക്കാവുന്ന യുറേനിയത്തിന്റെ മുഴുവന്‍ സ്റ്റോക്കും കൈമാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. സിവിലിയന്‍ ആണവ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായത് ഒഴികെയുള്ള എല്ലാ അധിക വസ്തുക്കളും ഇറാന്‍ അങ്ങനെ ചെയ്യാന്‍ സമ്മതിച്ചു. തങ്ങളുടെ അധിക യുറേനിയം സ്റ്റോക്ക് ഒരു മൂന്നാം കക്ഷിക്ക്, ഈ സാഹചര്യത്തില്‍ റഷ്യയ്ക്ക്, കൈമാറാമെന്ന് ഇറാന്‍ വാഗ്ദാനം ചെയ്തു.
ഇറാന്‍ തങ്ങളുടെ സിവിലിയന്‍ ആണവ ഉല്‍പാദന പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ യുറേനിയം സ്റ്റോക്ക് ഉള്‍പ്പെടെ എല്ലാ യുറേനിയം സ്റ്റോക്കുകളും കൈമാറണമെന്ന് അമേരിക്ക പ്രതികരിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇറാന്‍ അതിന്റെ സിവിലിയന്‍ ആണവ നിലയങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന സ്ഥിതിയിലായി.
കഴിഞ്ഞ ആഴ്ച ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍, യുഎസും, ഇറാനും ഒരു കരാറിനടുത്തെത്തിയെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു. സാഹചര്യം പ്രതീക്ഷ നല്‍കുന്നതായി കാണപ്പെട്ടുവെന്നും ജൂണ്‍ 15 ഞായറാഴ്ച ഒരു കരാര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്ന് അമേരിക്കന്‍, ഇറാനിയന്‍ ടീമുകള്‍ വീണ്ടും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. ഒരു കരാര്‍ ആസന്നമാണെന്ന് ട്രംപ് പറഞ്ഞ 48 മണിക്കൂറിനുള്ളില്‍, ഇസ്രായേല്‍ ഇറാനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തി. ജൂണ്‍ 13 വെള്ളിയാഴ്ച ഇസ്രായേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെക്കുറിച്ച് ട്രംപിന് അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കുന്നത് നിഷ്‌കളങ്കമാണ്. അത്തരമൊരു ആക്രമണം ജൂണ്‍ 15 ലെ ചര്‍ച്ചകള്‍ റദ്ദാക്കുന്നതിലേക്ക് നയിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഒരു കരാറും ആസന്നമല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഒരു കരാര്‍ സാധ്യമാണെന്ന്, ആസന്നമാണെന്ന് പോലും ഇറാനെ ചിന്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ നടത്തിയത്.
REPRESENTATIVE IMAGE | WIKI COMMONS
ജൂണ്‍ 13 ന് ഇറാന്‍ തങ്ങളുടെ ജാഗ്രത ഉപേക്ഷിക്കാന്‍ ഈ തന്ത്രം കാരണമായോ എന്ന് നിശ്ചയമില്ല. ജൂണ്‍ 13ലെ ഇസ്രായേലിന്റെ ആക്രമണം ഇറാന്റെ വ്യോമ-പ്രതിരോധ സംവിധാനത്തിന്റെ ഭൂരിഭാഗവും നശിപ്പിച്ചുവെന്നും, സൈനിക സൗകര്യങ്ങള്‍ മാത്രമല്ല, ആണവായുധങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള വൈദ്യുത നിലയങ്ങളും ബോംബ് ചെയ്യാന്‍ ഇസ്രായേലിന്റെ വിമാനങ്ങള്‍ക്ക് ഇറാന്റെ വ്യോമാതിര്‍ത്തിയിലേക്ക് സ്വതന്ത്രമായി പ്രവേശിക്കാന്‍ സാധിച്ചുവെന്നും ഉറപ്പാണ്.
ഇറാഖിനെതിരായ യുഎസ് വ്യോമാക്രമണത്തെക്കുറിച്ചുള്ള കോളിന്‍ പവലിന്റെ 'ഞെട്ടലും വിസ്മയവും' എന്ന തന്ത്രത്തിന്റെ ഇസ്രായേലി പതിപ്പായിരുന്നു അത്.
ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണം ഇറാന്റെ നിരവധി വ്യോമ-പ്രതിരോധ കേന്ദ്രങ്ങളെ നിര്‍വീര്യമാക്കുക മാത്രമല്ല, ഇറാനിലെ ഉയര്‍ന്ന സൈനികരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സിവിലിയന്‍ ഇറാനിയന്‍ ശാസ്ത്രജ്ഞരെയും ഒരേസമയം വധിക്കുകയും ചെയ്തു. അങ്ങനെ ഇസ്രായേല്‍ ഒരു 'തലവെട്ടല്‍' തന്ത്രം ഉള്‍പ്പെടുത്തി. ഗാസയിലെ, ഹമാസിനും, ലെബനനിലെ ഹിസ്ബുള്ളക്കും എതിരെ ഇത് വിജയിച്ചിരുന്നു. സാധാരണക്കാരെ മനഃപൂര്‍വ്വം ലക്ഷ്യമാക്കി ശിരഛേദം ചെയ്യുന്നത് ഒരു യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുന്നു.
സിവിലിയന്‍ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നതും അങ്ങനെ തന്നെ. ആദ്യ ആക്രമണത്തില്‍ ഇസ്രായേല്‍ നിരവധി ബോംബെറിഞ്ഞു, രാജ്യത്തെ പല സ്ഥലങ്ങളിലും ആണവ വികിരണ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ചുരുക്കത്തില്‍: അമേരിക്കയുടെ യുദ്ധ കൈപ്പുസ്തകം ഇറാഖില്‍ പിന്തുടര്‍ന്ന കാര്യങ്ങളില്‍ ഭൂരിഭാഗവും ഇറാനിലും പിന്തുടര്‍ന്നിട്ടുണ്ട്: ഒരു കരാര്‍ സാധ്യമാണെന്ന് എതിരാളിയെ ചിന്തിപ്പിക്കാന്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടുക. എതിരാളി വിട്ടുവീഴ്ചകള്‍ ചെയ്യുമ്പോള്‍ ആവശ്യങ്ങളുടെ ഗോള്‍പോസ്റ്റ് നീക്കിക്കൊണ്ടിരിക്കുക. യുദ്ധത്തെ പിന്തുണയ്ക്കുന്നതിനായി പൊതുജനാഭിപ്രായം കൈകാര്യം ചെയ്യാന്‍ WMDകള്‍ (ഇറാഖ്) അല്ലെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ ആണവ ബോംബ് (ഇറാന്‍) പോലുള്ള ഒരു കാരണം ഉപയോഗിക്കുക. ഇറാഖിന്റെ കാര്യത്തിലെന്നപോലെ, യഥാര്‍ത്ഥ ലക്ഷ്യം ഭരണമാറ്റമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് സൈനിക നടപടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അപ്രതീക്ഷിതമായ ഒരു വന്‍ വ്യോമാക്രമണം ആരംഭിക്കുന്നത് സമ്പദ്വ്യവസ്ഥയില്‍ അത്രയും നാശനഷ്ടങ്ങള്‍ വരുത്തുകയും ഭരണകൂടത്തെയും അതിന്റെ നേതാക്കളെയും സ്ഥാനഭ്രഷ്ടരാക്കാന്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിടുന്നതിന് സര്‍ക്കാരിനെ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യുക എന്നതാണ്.
REPRESENTATIVE IMAGE | WIKI COMMONS
WMDകളോ, ആണവ ബോംബോ ഒരിക്കലും യഥാര്‍ത്ഥ പ്രശ്നമോ ലക്ഷ്യങ്ങളോ അല്ല. സമ്പദ്വ്യവസ്ഥയെ തകര്‍ക്കാനും, രാഷ്ട്രീയ അസ്ഥിരതയും, ഭരണമാറ്റവും സൃഷ്ടിക്കാനുള്ള വലിയ സൈനിക വ്യോമാക്രമണം നടത്താനുള്ള ഒഴികഴിവാണ് അവ. യുദ്ധത്തിന് മുമ്പുള്ള ചര്‍ച്ചകള്‍ ഒരു തന്ത്രമാണ്. ഒരു വിട്ടുവീഴ്ചയിലെത്താനുള്ള പ്രക്രിയയിലെ ഒരു ചുവടുവയ്പ്പല്ല, യുദ്ധം ഒഴിവാക്കാനുള്ള ഒരു കരാറല്ല. ഒരു കരാര്‍ സാധ്യമല്ലാത്തപ്പോള്‍ അത് സാധ്യമാണെന്ന് എതിരാളിയെ ചിന്തിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
ആക്രമണത്തിന് ഡബ്ല്യുഎംഡികള്‍ അല്ലെങ്കില്‍ ന്യൂക്ലിയര്‍ ബോംബുകള്‍ പോലുള്ള കൈപ്പുസ്തകത്തില്‍ പറഞ്ഞ ന്യായീകരണങ്ങളും ഒഴികഴിവുകളും പര്യാപ്തമല്ലെന്ന് വരുമ്പോള്‍ അത് കരുതിക്കൂട്ടിയുള്ള അതിക്രമങ്ങള്‍ (ഫാള്‍സ് ഫ്ലാഗ്) സ്വയം സൃഷ്ടിക്കുന്നു. മുന്‍കാല യുഎസ് യുദ്ധങ്ങളിലെ ചില ശ്രദ്ധേയമായ അത്തരം ചെയ്തികള്‍ ഇവയാണ്: വിയറ്റ്നാമില്‍ യുഎസ് യുദ്ധം വ്യാപിപ്പിക്കുന്നതിന് ന്യായീകരിക്കാന്‍ ഉപയോഗിച്ച യുഎസ് ഡിസ്ട്രോയറുകള്‍ക്കെതിരെ വടക്കന്‍ വിയറ്റ്നാം ബോട്ടുകള്‍ നടത്തിയ 'ടോങ്കിന്‍ ഗള്‍ഫ്' ആക്രമണം; ക്യൂബന്‍ സൈന്യം ഗ്രെനഡ ആക്രമിച്ച് യുഎസ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ബന്ദികളാക്കി പിടികൂടി എന്ന വാദം; 1989-ല്‍ പനാമ അധിനിവേശത്തിന് ന്യായീകരണമായി അമേരിക്കന്‍ നഗരങ്ങളിലേക്ക് കൊക്കെയ്ന്‍ കടത്തുന്ന ഒരു മയക്കുമരുന്ന് ഓപ്പറേഷന്‍ പനാമ പ്രസിഡന്റ് നൊറിഗ നടത്തിയെന്ന ആരോപണം; സിറിയന്‍ പ്രസിഡന്റ് അസദ് രാസായുധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന വാദം; 1990-ല്‍ ഇറാഖികള്‍ ഇന്‍കുബേറ്ററുകളിലുള്ള കുവൈറ്റി കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയായിരുന്നു എന്ന ആരോപണം. ഓരോ യുഎസ് യുദ്ധ പ്ലേബുക്കും സൈനിക നടപടി ആരംഭിക്കുന്നതിലേക്ക് നയിക്കുന്ന ഒരു വ്യാജ ഓപ്പറേഷനും/അല്ലെങ്കില്‍ ഒരു വ്യാജ ഫ്ലാഗ് ഓപ്പറേഷനും എഞ്ചിനീയര്‍ ചെയ്യുന്നു.
യുക്രെയ്ൻ:
ഇതില്‍ നിന്നുള്ള ഒരു വ്യതിയാനമാണ് യുക്രെയ്ൻ. 2014ല്‍, അമേരിക്കന്‍ ധനസഹായത്തോടെ സിഐഎയുടെ നേതൃത്വത്തില്‍ ആ രാജ്യത്ത് നടന്ന അട്ടിമറിയെത്തുടര്‍ന്ന്, നാറ്റോ അവരുടെ നാവിക താവളം മുഴുവന്‍ കരിങ്കടലും പിടിച്ചെടുക്കുന്നത് തടയാന്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തു. നാറ്റോ മുഴുവന്‍ കരിങ്കടലും കൈവശപ്പെടുത്താന്‍ ഇടയാക്കുമായിരുന്നു. കിഴക്കന്‍ യുക്രെനില്‍ ഹ്രസ്വമായ സൈനിക സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് റഷ്യയും, യുക്രെനും, യൂറോപ്പും തമ്മിലുള്ള മിന്‍സ്‌ക് കരാറില്‍ ചര്‍ച്ചകളും വെടിനിര്‍ത്തലും ഉണ്ടായിരുന്നു. ജര്‍മ്മനിയുടെ അന്നത്തെ ചാന്‍സലര്‍ മെര്‍ക്കലും, ഫ്രാന്‍സിന്റെ പ്രസിഡന്റ് ഹോളണ്ടും മിന്‍സ്‌ക് കരാറിന്റെ ഗ്യാരണ്ടര്‍മാരായി പ്രവര്‍ത്തിച്ചു. പിന്നീട് 2022-ല്‍ മിന്‍സ്‌ക് ചര്‍ച്ചകളുടെയും, കരാറിന്റെയും ഉദ്ദേശ്യം സൈനിക സംഘര്‍ഷം അവസാനിച്ചുവെന്ന് റഷ്യയെ തെറ്റിദ്ധരിപ്പിക്കുക എന്നതായിരുന്നുവെന്ന് ഇരുവരും പരസ്യമായി സമ്മതിച്ചു. യുദ്ധത്തിലേക്ക് പോകാന്‍ യുക്രെന്‍ അപ്പോള്‍ സൈനികമായി തയ്യാറായിരുന്നില്ല. വന്‍തോതിലുള്ള കോട്ടകള്‍ തയ്യാറാക്കുന്നതിനും, ആയുധ വികസനത്തിനും സൈനിക പരിശീലനത്തിനും 8 വര്‍ഷം കൂടി വേണ്ടിവരും.
2021 ജൂണില്‍ പുടിനുമായി ആദ്യമായും അവസാനമായും കൂടിക്കാഴ്ച നടത്തിയപ്പോഴാണ് യുക്രെന്‍ റഷ്യയുമായി യുദ്ധം ചെയ്യാനുള്ള യുഎസ്/നാറ്റോ തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ എടുത്തത്. യുദ്ധത്തിനായുള്ള അമേരിക്കന്‍ പദ്ധതികള്‍ 2015 മുതലുള്ളതാണ്. 2016 ല്‍ ട്രംപ് വിജയിച്ചപ്പോള്‍ അവ മാറ്റിവച്ചു, തുടര്‍ന്ന് 2021 ജനുവരിയില്‍ അധികാരമേറ്റപ്പോള്‍ ബൈഡന്‍ അവ പെട്ടെന്ന് പൊടിതട്ടിയെടുത്തു. 2021 ഓഗസ്റ്റില്‍ ബൈഡന്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറി 'തടസ്സങ്ങള്‍ നീക്കി'. അതിനുശേഷം യുഎസ് ഉപദേഷ്ടാക്കളും ആയുധങ്ങളും യുക്രെയ്നിലേക്ക് ഒഴുകാന്‍ തുടങ്ങി. 2021ന്റെ ശേഷിച്ച കാലയളവില്‍ പുടിന്‍ യുഎസുമായി 'ചര്‍ച്ച നടത്താന്‍' ശ്രമിച്ചു, പക്ഷേ യാതൊരു പുരോഗതിയും ഉണ്ടായില്ല. യുക്രെനിന്റെ രണ്ട് കിഴക്കന്‍ പ്രവിശ്യകളായ ലുഗാന്‍സ്‌ക്, ഡൊനെറ്റ്സ്‌ക് എന്നിവിടങ്ങളിലെ പ്രാദേശിക റഷ്യന്‍ വംശീയ പ്രതിരോധത്തില്‍ അവശേഷിക്കുന്നതിനെ പരാജയപ്പെടുത്താന്‍ 2022 ഫെബ്രുവരിയില്‍ ഒരു വലിയ ആക്രമണം നടത്താന്‍ യുഎസ്-യുക്രെന്‍ പദ്ധതി ആവശ്യപ്പെട്ടു. എന്നാല്‍ റഷ്യക്കാര്‍ അത് മുന്‍കൂട്ടി കാണുകയും ഫെബ്രുവരി അവസാനത്തോടെ ആദ്യം ആക്രമിക്കുകയും ചെയ്തു.
REPRESENTATIVE IMAGE | WIKI COMMONS
കിയെവ് മുതല്‍ തെക്കന്‍ ഡൊണെറ്റ്സ്‌ക് വരെയുള്ള 1,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യുദ്ധരേഖയിലൂടെ 90,000 സൈനികരുമായി റഷ്യ ആക്രമിച്ചെങ്കിലും റഷ്യയുടെ മുന്നേറ്റം വേഗത്തിലായിരുന്നു. കിയെവ് പിടിച്ചെടുക്കാനോ ഉക്രെയ്ന്‍ കീഴടക്കാനോ ആ പരിമിതമായ ശക്തി പര്യാപ്തമായിരുന്നില്ല. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ താല്‍ക്കാലികമായി എത്തിയ ഒരു ഒത്തുതീര്‍പ്പ് കരാറിലേക്ക് യുക്രെനെ നിര്‍ബന്ധിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഇസ്താംബൂളില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍, കിയെവില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചുകൊണ്ട് നല്ല വിശ്വാസം പ്രകടിപ്പിക്കാന്‍ റഷ്യയോട് ആവശ്യപ്പെട്ടു, അങ്ങനെ അവര്‍ അത് ചെയ്തു. തുടര്‍ന്ന് 2022 ഏപ്രിലില്‍ ഇസ്താംബൂളില്‍ യുക്രൈനും റഷ്യയും തമ്മില്‍ ഒരു താല്‍ക്കാലിക കരാറിലെത്തി, അത് യുക്രെന് അനുകൂലമായിരുന്നു. എന്നിരുന്നാലും, കരാര്‍ നിരസിക്കാനും യുദ്ധം തുടരാനും നാറ്റോ യുക്രെന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെ ബോധ്യപ്പെടുത്തി. ഇസ്താംബൂള്‍ ചര്‍ച്ചകള്‍ തകര്‍ന്നു.
2015ല്‍ മിന്‍സ്‌ക് കരാറില്‍ മെര്‍ക്കിളും, ഹോളണ്ടും സമ്മതിച്ചതുപോലെ, 'സമയം വാങ്ങാന്‍' റഷ്യയെ രണ്ടുതവണ ചര്‍ച്ചകളിലേക്ക് തള്ളിവിട്ടു, 2022 ഏപ്രിലില്‍ യുക്രൈന്‍ വീണ്ടും ചെയ്തു. വലിയ ആക്രമണം ആരംഭിച്ചതിനെത്തുടര്‍ന്ന് യുഎസ്/നാറ്റോ ആയുധങ്ങളും, ഉപദേശകരും എത്തി. അത് റഷ്യന്‍ സൈന്യത്തെ കിയെവില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും ലുഗാന്‍സ്‌കിലെയും ഡൊനെറ്റ്സ്‌കിലെയും പരിമിതമായ സ്ഥാനങ്ങളിലേക്ക് തിരികെ കൊണ്ടുപോയി. അങ്ങനെ, യുദ്ധം അവസാനിപ്പിക്കാന്‍ ഒരിക്കലും ഒരു ഒത്തുതീര്‍പ്പ് കരാറില്‍ ഏര്‍പ്പെടാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത അമേരിക്ക-യുക്രെന്‍ ചര്‍ച്ചകളിലൂടെ റഷ്യ രണ്ടുതവണ തന്ത്രപരമായി പിന്മാറി.
ഇറാഖിന്റെയും, ഇപ്പോള്‍ ഇറാന്റെയും കാര്യങ്ങളിലെന്നപോലെ, തുടക്കം മുതല്‍ തന്നെ യുക്രൈനിലെ അമേരിക്കയുടെ ആത്യന്തിക ലക്ഷ്യം റഷ്യയില്‍ ഭരണമാറ്റമായിരിന്നു. യുക്രെനിലെ സൈനിക സംഘട്ടനമായിരുന്നു തന്ത്രം. നാറ്റോ ധനസഹായവും, ആയുധങ്ങളും നല്‍കി. അത് റഷ്യന്‍ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയ്ക്കും, രാഷ്ട്രീയ അസ്ഥിരതയ്ക്കും, റഷ്യന്‍ പ്രഭുക്കന്മാരും സൈന്യവും പുടിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനും കാരണമാകുമെന്ന് പദ്ധതി വിഭാവനം ചെയ്തു.
റഷ്യയുടെ സമ്പദ്വ്യവസ്ഥ ദുര്‍ബലമാണെന്നും, പുടിന്‍ സര്‍ക്കാര്‍ അതിലും ദുര്‍ബലമാണെന്നും അമേരിക്കയിലെ നിയോകോണ്‍, സിഐഎ വിശകലനം ചെയ്തു. റഷ്യയുടെ സമ്പദ്വ്യവസ്ഥയ്ക്കുമേലുള്ള വിപുലമായ ഉപരോധങ്ങളുടെ പിന്തുണയോടെ ഒരു സൈനിക സംഘട്ടനം റഷ്യയില്‍ പൊട്ടിത്തെറിക്കും നാറ്റോ/യുക്രൈന്‍ വിജയത്തിനും ഇടയാക്കുമെന്ന അമേരിക്കയുടെ യുദ്ധ ആസൂത്രണത്തില്‍ വാദിക്കപ്പെട്ടു. ഭരണമാറ്റം വീണ്ടും ലക്ഷ്യമായിരുന്നു.
വ്ളാഡിമിർ പുടിന്‍ | PHOTO: WIKI COMMONS
2015ല്‍ മിന്‍സ്‌കിലോ 2022ല്‍ ഇസ്താംബൂളിലോ നടന്ന ചര്‍ച്ചകള്‍ ഒരിക്കലും ഒരു കരാറിലെത്താന്‍ ഉദ്ദേശിച്ചുള്ളതല്ല, മറിച്ച് അത് സാധ്യമാണെന്ന് റഷ്യയെ ചിന്തിപ്പിക്കാന്‍ വേണ്ടിയായിരുന്നു. 2025ല്‍ യുഎസും യൂറോപ്യന്‍ യൂണിയനും വീണ്ടും ഒരു ചര്‍ച്ചയിലേക്ക് റഷ്യയെ വശീകരിക്കാന്‍ ശ്രമിച്ചു, ചര്‍ച്ചകള്‍ക്ക് ഒരു മുന്‍വ്യവസ്ഥയായി റഷ്യ ആദ്യം വെടിനിര്‍ത്തലിന് സമ്മതിക്കണമെന്ന് അത് ആവശ്യപ്പെട്ടു. ഈ മുന്‍വ്യവസ്ഥകള്‍ യുക്രൈനെ വീണ്ടും ആയുധമണിയ്ക്കുന്നതിനും, ചര്‍ച്ചകള്‍ക്കിടയില്‍ കൂടുതല്‍ സൈനികരെ പരിശീലിപ്പിക്കാനും അനുവദിച്ചു.
യുഎസ്/നാറ്റോ നിര്‍ദ്ദേശം മറ്റൊരു സൈനിക ആക്രമണത്തിന് തയ്യാറെടുക്കാന്‍ 'സമയം വാങ്ങാന്‍' ഒരു തന്ത്രമായി ഉപയോഗിച്ച ചര്‍ച്ചകളുടെ മറ്റൊരു ഉദാഹരണമാണെന്ന് വ്യക്തമായിരുന്നു - അതിനുശേഷം ചര്‍ച്ചകളുടെ വ്യാജേന ഉപേക്ഷിക്കപ്പെടും. എന്നിരുന്നാലും, ഇത്തവണ റഷ്യ ആദ്യം വെടിനിര്‍ത്തലിനും പിന്നീട് ചര്‍ച്ചകള്‍ക്കും സമ്മതിച്ചില്ല.
2003ലെ ഇറാഖിന്റെയും ഇന്നത്തെ ഇറാന്റെയും കാര്യത്തില്‍ നിന്ന് വ്യത്യസ്തമായി, റഷ്യയുടെ കാര്യത്തില്‍, അമേരിക്കയുടെ തന്ത്രപരമായ ചര്‍ച്ചകളും ഭരണമാറ്റവും പൂര്‍ണ്ണമായും പരാജയപ്പെട്ടു.
ഇറാനെതിരായ പ്രോക്സി യുദ്ധത്തില്‍ അടുത്തത് എന്താണ്?
ഇറാനുമായുള്ള ഇസ്രായേലിന്റെ യുദ്ധത്തില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നതാണ് അമേരിക്കയുടെ ഔദ്യോഗിക നിലപാട്. (അമേരിക്കന്‍ ആക്രമണം തുടങ്ങുന്നതിന്റെ തലേ ദിവസം പ്രസിദ്ധീകരിച്ച ലേഖനമാണ്: എഡി) മാസങ്ങളോളം ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്നതും, വ്യക്തമായ അമേരിക്കന്‍ ഉപഗ്രഹ നിരീക്ഷണവും ലക്ഷ്യ സഹായവും കണക്കിലെടുക്കുമ്പോള്‍, തങ്ങള്‍ക്ക് പങ്കില്ലെന്ന വാദം ചുരുക്കം ചിലര്‍ മാത്രമേ വിശ്വസിക്കുന്നുള്ളൂ. യുഎസ് ഔദ്യോഗിക വക്താക്കള്‍ യുഎസ് പങ്കാളിത്തം നിഷേധിക്കുമ്പോള്‍, ട്രംപ് തന്നെ ഇസ്രായേല്‍ ആക്രമണത്തെ 'ഞങ്ങള്‍' എന്ന് പരസ്യമായി പരാമര്‍ശിക്കുന്നു. ഇറാനോട് 'നിരുപാധികമായി കീഴടങ്ങാന്‍' ആഹ്വാനം ചെയ്യുന്നു, ഇറാനിയന്‍ നേതാവ് ഖമേനി എവിടെയാണെന്ന് അമേരിക്കയ്ക്ക് അറിയാമെന്നും എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തെ 'വധിക്കാന്‍' കഴിയുമെന്നും പറയുന്നു. നിരവധി പര്‍വതങ്ങള്‍ക്കുള്ളിലെ ഇറാനിയന്‍ ആണവായുധ വികസന കേന്ദ്രങ്ങളില്‍ ബോംബിട്ട് അമേരിക്ക അതിന്റെ ഇടപെടല്‍ പരസ്യമാക്കുമോ? ട്രംപ് അങ്ങനെ ചെയ്യാന്‍ സാധ്യതയുണ്ട്.
എന്നാല്‍ അമേരിക്കയുടെ ജിബിയു 43 'ബങ്കര്‍ ബസ്റ്റിംഗ്' ബോംബുകള്‍ ഇറാനിയന്‍ പര്‍വത സൈറ്റുകള്‍ നശിപ്പിച്ചില്ലെങ്കില്‍ ചെയ്തില്ലെങ്കില്‍ എന്തുചെയ്യും? തന്ത്രപരമായ ഒരു യുഎസ് ന്യൂക്ലിയര്‍ ബോംബ് മാത്രമേ പിന്നീട് സാധ്യമാകൂ. അത്രയും കടുംകൈ ചെയ്യുമോ?
ബി-2 വിമാനങ്ങള്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിക്കുന്നതോടെ, ബഹ്‌റൈനിലും മറ്റിടങ്ങളിലും സ്ഥിതി ചെയ്യുന്ന പേര്‍ഷ്യന്‍ ഗള്‍ഫിലെ യുഎസ് നാവിക താവളങ്ങളില്‍ ഇറാന്‍ ആക്രമണം നടത്താനിടയുണ്ട്. യുഎസ് വിമാനവാഹിനിക്കപ്പല്‍ ഇറാന്റെ പേര്‍ഷ്യന്‍ ഗള്‍ഫ് തുറമുഖങ്ങളെയും നാവിക കേന്ദ്രങ്ങളെയും ആക്രമിച്ചാലും ഇതേ പ്രതികരണം ഉണ്ടാകാം. യുഎസ് നാവിക സേനയുടെ ഒരു വലിയ സംഘം ബഹ്‌റൈനില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് സൈനിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ എന്ത് സംഭവിക്കും? ഒരു ഫലം ഉറപ്പാണ്: ആഗോള എണ്ണ,-വാതക വിലകള്‍ വേഗത്തില്‍ ഉയരും, അതുപോലെ യുഎസ് ഉപഭോക്തൃ ഊര്‍ജ്ജ ചെലവുകളും പണപ്പെരുപ്പവും.
ബി-2 വിമാനങ്ങള്‍ | PHOTO: WIKI COMMONS
പരസ്പര റഷ്യ-ഇറാന്‍ പ്രതിരോധ കരാറില്‍ ജനുവരി മുതല്‍ ഒപ്പുവച്ച റഷ്യ, ഇറാനില്‍ യുഎസ് നേരിട്ടുള്ള സൈനിക ഇടപെടലിന് മറുപടിയായി എന്തുചെയ്യും എന്ന ചോദ്യവും ഉണ്ട്? ഇറാന്റെ പ്രതിരോധത്തിന് റഷ്യ വരില്ലെന്ന് സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്. അത് എല്ലായിടത്തും അതിന്റെ വിശ്വാസ്യതയെ വളരെയധികം ദുര്‍ബലപ്പെടുത്തും. ചൈനയും നിഷ്പക്ഷത പാലിക്കുകയുമില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാന് ഇതിനകം തന്നെ വ്യോമമാര്‍ഗ്ഗം ആയുധങ്ങള്‍ കയറ്റി അയയ്ക്കുന്നുണ്ട്. തങ്ങളുടെ സഖ്യകക്ഷിയായ ഇറാനെ സൈനികമായി പരാജയപ്പെടുത്താനോ അവരുടെ സര്‍ക്കാര്‍ തകരാനോ റഷ്യയോ ചൈനയോ അനുവദിക്കില്ല. ഇസ്രായേലോ, യുഎസോ ഇറാനില്‍ ആണവായുധങ്ങള്‍ പ്രയോഗിച്ചാല്‍ ഇറാന് ആണവായുധങ്ങള്‍ നല്‍കുമെന്ന് പറയുന്ന പാകിസ്ഥാനുമുണ്ട്.
അമേരിക്കയോടൊപ്പമോ അല്ലാതെയോ ഇസ്രായേലിന്റെ ഒരു വ്യോമാക്രമണം ഇറാനില്‍ ഭരണമാറ്റം കൊണ്ടുവരുന്നതില്‍ വിജയിക്കുമോ? അതും വളരെ സാധ്യതയില്ലാത്തതാണ്. ഇറാന്‍ ലിബിയയല്ല. സിറിയയിലെ അസാദിനെപ്പോലെ, പൊതുജന പിന്തുണയില്‍ നിന്ന് അതിന്റെ നേതൃത്വം ഒറ്റപ്പെട്ടതല്ല.
ഇസ്രായേല്‍ വ്യോമാക്രമണത്തിന്റെ ചില പ്രാരംഭ വിജയങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഇറാനിയന്‍ ഭരണമാറ്റത്തിന്റെ പ്രാഥമിക ലക്ഷ്യം കൈവരിക്കുന്നതില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണം എങ്ങനെ വിജയിക്കുമെന്ന് കാണാന്‍ പ്രയാസമാണ്. പിന്നെ എന്ത്? ഇസ്രായേലിന്റെ വ്യോമ പ്രതിരോധത്തിലേക്ക് തുളച്ചുകയറുന്ന ഇറാനിയന്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഇസ്രായേലിന്റെ സൈനിക താവളങ്ങള്‍ക്കും നഗരപ്രദേശങ്ങള്‍ക്കും ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തിയതിനുശേഷവും അത് തുടരുമ്പോഴും നെതന്യാഹുവിന് വിട്ടുവീഴ്ച ചെയ്യാന്‍ സമ്മതിക്കാന്‍ കഴിയുമോ? ഇറാനില്‍ 92 ദശലക്ഷം ജനസംഖ്യയുണ്ട്. ആവശ്യമെങ്കില്‍ 1980കളിലെ ഇറാഖുമായുള്ള യുദ്ധത്തില്‍ ദശലക്ഷക്കണക്കിന് ആളുകളെ ബലിയര്‍പ്പിക്കുമെന്ന് അവര്‍ തെളിയിച്ചിട്ടുണ്ട്.
ഇറാനെ ആക്രമിക്കാന്‍ യുഎസിനോ ഇസ്രായേലിനോ മതിയായ കരസേനയില്ല. ഗാസ, ലെബനന്‍, അടുത്തിടെ സിറിയ എന്നിവിടങ്ങളില്‍ സൈനികര്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസ്രായേല്‍ 10 ദശലക്ഷം ജനസംഖ്യയുള്ള ഒരു രാജ്യമാണ്. കരസേനയെ ഉപയോഗിച്ച് ഇറാനെ ആക്രമിക്കുന്നത് അമേരിക്കക്ക് ഒരു ദുരന്തമായിരിക്കും. ഇറാനിയന്‍ സൈറ്റുകള്‍ക്ക് നേരെയുള്ള ഒരു വ്യോമാക്രമണം പോലും യുഎസ് വിമാനങ്ങള്‍ക്ക് കാര്യമായ നഷ്ടം വരുത്തിവയ്ക്കും. കാര്‍ട്ടര്‍ ഭരണകൂടത്തിന്റെ കാലത്ത് ടെഹ്‌റാനിലെ യുഎസ് ബന്ദികളെ രക്ഷിക്കാന്‍ നടത്തിയ വിനാശകരമായ വ്യോമാക്രമണം ട്രംപ് ഓര്‍ക്കണം. ആ ശ്രമത്തില്‍ അമേരിക്കയ്ക്ക് നിരവധി വിമാനങ്ങള്‍ നഷ്ടപ്പെട്ടതോടെ അത് ദയനീയമായി പരാജയപ്പെട്ടു.
ഈ സാധ്യതകള്‍ക്കിടയിലും ലിന്‍ഡ്സെ ഗ്രഹാമിനെപ്പോലുള്ള യുഎസ് നവയാഥാസ്ഥിതികര്‍ ഇറാനെ അമേരിക്ക അക്രമണയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. നിയോകോണ്‍മാര്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യുകയോ പരാജയം സമ്മതിക്കുകയോ ചെയ്യുന്നില്ലെന്ന് വീണ്ടും തെളിയിക്കുന്നു; അവരുടെ പദ്ധതികള്‍ പരാജയപ്പെട്ടാല്‍ അവര്‍ കൂടുതല്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്യുന്നു.
അമേരിക്കന്‍ ആഭ്യന്തര രാഷ്ട്രീയത്തിലെ MAGA പ്രസ്ഥാനത്തിന്റെ പുനഃക്രമീകരണത്തിന്റെ പ്രാരംഭ ഘട്ടം ഇറാനിലെ ട്രംപിന്റെ സംഘര്‍ഷം കാരണമായേക്കാം. ബോംബ് ചെയ്യാനുള്ള ട്രംപിന്റെ ആസന്നമായ തീരുമാനത്തെ MAGA പ്രസ്ഥാനത്തിലെ പ്രധാനനപ്പെട്ട ശബ്ദങ്ങള്‍ ഇതിനകം വെല്ലുവിളിക്കുന്നു: ടക്കര്‍ കാള്‍സണ്‍, സ്റ്റീവ് ബാനണ്‍, കോണ്‍ഗ്രസിലെ MAGA അംഗങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന പട്ടിക എന്നിവ ഉദാഹരണങ്ങള്‍.
REPRESENTATIVE IMAGE | WIKI COMMONS
അമേരിക്കയുടെ 'ശാശ്വത യുദ്ധങ്ങള്‍' അവസാനിപ്പിക്കുമെന്ന പ്രചാരണ വാഗ്ദാനത്തിന്റെ ഭാഗമായി ദശലക്ഷക്കണക്കിന് അമേരിക്കന്‍ വോട്ടര്‍മാര്‍ കഴിഞ്ഞ നവംബറില്‍ ട്രംപിന് വോട്ട് ചെയ്തു എന്നതില്‍ സംശയമില്ല. ആറുമാസത്തില്‍ താഴെ മാത്രം, അധികാരത്തില്‍ കഴിഞ്ഞ ശേഷം ഇറാനില്‍ ബോംബാക്രമണം നടത്തിയാല്‍, വോട്ടിനായി പൊതുജനങ്ങള്‍ക്ക് നല്‍കുന്ന കപട വാഗ്ദാനങ്ങളുടെ മറ്റൊരു പതിപ്പാവും അത്. മാത്രമല്ല, 2001 മുതല്‍ അമേരിക്കന്‍ വിദേശനയം രൂപപ്പെടുത്തുന്ന നിയോകോണുകളുടെയും, സൈനിക വ്യാവസായിക സമുച്ചയത്തിന്റെയും, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് സഖ്യകക്ഷികളുടെയും കല്‍പ്പനകള്‍ നിറവേറ്റുകയും ചെയ്യുന്ന മറ്റൊരു വ്യാജ തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനം.
ട്രംപ് ഉടന്‍ തന്നെ ഇറാനില്‍ ബോംബിടാന്‍ തീരുമാനിച്ചാല്‍, ആ നടപടി ട്രംപ് ഭരണകൂടത്തിന് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയാത്ത ആഗോള-ആഭ്യന്തര പ്രതികരണങ്ങള്‍ അഴിച്ചുവിടാന്‍ സാധ്യതയുണ്ട്. 1979-ല്‍ കാര്‍ട്ടറുടെ വിനാശകരമായ അധിനിവേശത്തെക്കുറിച്ച് മാത്രമല്ല, വിയറ്റ്നാമിലെ യുഎസ് യുദ്ധത്തിന്റെ തകര്‍ച്ചയെ ത്വരിതപ്പെടുത്തിയ വടക്കന്‍ വിയറ്റ്നാമില്‍ നിക്‌സണ്‍ നടത്തിയ ബോംബാക്രമണത്തെക്കുറിച്ചും ട്രംപിന്റെ ഉപദേഷ്ടാക്കള്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കണം.
ചെറിയ ദുര്‍ബല സൈനിക രാജ്യ എതിരാളികളെ ലക്ഷ്യം വയ്ക്കുമ്പോള്‍ മാത്രമേ വ്യോമയുദ്ധങ്ങള്‍ വിജയിക്കൂ. സെര്‍ബിയ, ലിബിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അത് പ്രവര്‍ത്തിച്ചു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും പോലും അമേരിക്കന്‍ കരസേനയെ വിന്യസിക്കേണ്ടി വന്നു. പക്ഷെ പുറത്തുപോകാന്‍ നിര്‍ബന്ധിതരായി. ഇത്തവണ അമേരിക്കക്ക് മതിയായ കരസേനയില്ല. യൂറോപ്പില്‍ അതിലും കുറവാണ്.
ഇറാനില്‍ ബോംബിടാനുള്ള ട്രംപിന്റെ തീരുമാനം ആഗോള, ആഭ്യന്തര യുഎസ് രാഷ്ട്രീയത്തിലെ എന്‍ട്രോപ്പിയുടെ ശക്തികള്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് പുറത്തുപോകുന്നതിന് കാരണമാകും. എന്നാല്‍, ട്രംപ് ഇപ്പോള്‍ കൂട്ടുചേരുന്ന അമേരിക്കയിലെ നിയോകോണ്‍ സമൂഹത്തിന്റെ സ്വഭാവം അപ്പോള്‍ കാണുന്നവരെ അപ്പനെന്നു വിളിക്കുന്നതാണ്. അതിനപ്പുറം, സംഭവിക്കുന്ന അനന്തരഫലങ്ങളെ കുറിച്ചുള്ള ചിന്തകള്‍ അവരുടെ മാനസികശേഷിക്കും, യുദ്ധകാല കോപ്രായങ്ങള്‍ക്കും അപ്പുറമാണ്.
വരുന്ന മാസങ്ങളില്‍ തിരിഞ്ഞുനോക്കുമ്പോള്‍, യുക്രൈനിലെ അമേരിക്കയുടെ പ്രോക്സി യുദ്ധം മൂന്നാം ലോക യുദ്ധത്തിന്റെ ഡ്രസ് റിഹേഴ്സലായി മനസ്സിലാക്കാം. എന്നാല്‍, ഇറാനെതിരായ എ,അമേരിക്ക-ഇസ്രായേല്‍ യുദ്ധം ഒരു ആഗോള സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ തുടക്കമായി മനസ്സിലാക്കപ്പെടും.
'ദി സ്‌കോര്‍ജ് ഓഫ് നിയോലിബറലിസം: യുഎസ് ഇക്കണോമിക് പോളിസി ഫ്രം റീഗന്‍ ടു ട്രംപ്', എന്ന പുസ്തകത്തിന്റെ രചയിതാവായ ജാക്ക് റാസ്മസ് സമകാലിക സംഭവങ്ങളെ ആഴത്തില്‍ വിലയിരുത്തുന്ന എഴുത്തുകാരനാണ്. ഇറാനെതിരെ അമേരിക്ക ആക്രമണം അഴിച്ചു വിടുന്നതിന്റെ തലേ ദിവസം അദ്ദേഹം നടത്തിയ ഒരു വിശകലനത്തിന് സ്വതന്ത്ര പരിഭാഷ.


