
'അമ്മ'യുടെ പുതുനേതൃത്വവും കേരളത്തിലെ ജെൻഡർ വിരോധാഭാസങ്ങളും
മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സി(AMMA)ന്റെ നേതൃനിരയിലേക്ക് ഇതാദ്യമായി സ്ത്രീകൾ ഉയർന്നുവന്നത് കേരളീയ സമൂഹത്തിന്റെ പുതിയ വികാസ സാധ്യതയായി പരിഗണിക്കപ്പെടുകയാണ്. എന്നാൽ ഈ പരിണാമം ലിംഗസമത്വസംജ്ഞയുടെ പുതിയ വിരോധാഭാസങ്ങളെ വ്യാഖ്യാനിക്കുന്നതിലേക്ക് എത്രത്തോളം സംഭാവനകൾ നൽകുമെന്നുള്ളതിലാണ് ചർച്ചകൾ പുരോഗമിക്കേണ്ടത്. ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ മുന്നേറ്റം പ്രദർശനപരമായി ഒടുങ്ങുമോ, അതോ ഘടനാപരമായ മാറ്റങ്ങൾക്ക് വഴിതെളിക്കുമോ എന്നുള്ളതിലാണ് ആശങ്കയും ആകാംഷയും. ഈ ലേഖനത്തിലൂടെ, താരസംഘടനയുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് മലയാള പുരുഷാധിപത്യ സിനിമയിലേക്ക് നടത്തുന്ന അനുരണനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുകയാണ് ജോസ് ചാത്തുകുളം. മലയാള സിനിമയെ പിടിച്ചുകുലുക്കുന്ന അധികാരമാറ്റത്തെ ഫെമിനിസ്റ്റ് പഠനവുമായി ബന്ധപ്പെട്ട ഗ്ലാസ് സീലിംഗ് ഇഫക്ട്, ഗ്ലാസ് ക്ലിഫ് ഇഫക്ട്, ഘടനാരൂപങ്ങളിലെ ഫെമിനിസ്റ്റ് കാഴ്ചപ്പാട്, സോഫ്റ്റ് പവറിന്റെ പ്രയോഗം എന്നീ സൈദ്ധാന്തിക പ്രയോഗങ്ങളുമായി ബന്ധപ്പെടുത്തിയാണ് വിഷയാവലോകനം.
(ഓഗസ്റ്റ് 30ന് മെയ്ൻസ്‌ട്രീം വീക്ക്ലിയിൽ പ്രസിദ്ധീകരിച്ച ‘Glass Ceiling Breakthroughs and Glass Cliff Risks in the Association of Malayalam Movie Artists (AMMA) Leadership and Kerala's Gender Paradox' എന്ന ലേഖനത്തിൻ്റെ മലയാള പരിഭാഷ)
ISSN (Mainstream Online) : 2582-7316
മലയാള സിനിമാതാരങ്ങളുടെ സംഘടനയായ AMMAയുടെ 31 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായി സ്ത്രീകൾ നേതൃനിരയിലേക്ക് വന്നിരിക്കുകയാണ്. ഓഗസ്റ്റ് 15ന് നടന്ന സംഘടനാ തെരഞ്ഞെടുപ്പിലൂടെ, പ്രസിഡന്റ്, ജനറൽ സെക്രട്ടറിയടക്കമുള്ള പൊതുപദവികൾ വഹിക്കുന്നതിലേക്ക് ജയിച്ചുകയറിയത് സ്ത്രീകളാണ്. താരസംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നുള്ള മോഹൻലാൽ അടക്കമുള്ള അഭിനേതാക്കളുടെ കൂട്ടരാജിയും, തുടർന്ന് നേരിട്ട നേതൃത്വ പ്രതിസന്ധിയുമാണ് ഒരു തെരഞ്ഞെടുപ്പിലേക്ക് AMMAയെ നയിച്ചത്. അത്തരമൊരു കൂട്ടരാജിയിലേക്ക് വഴിവെട്ടിയതും, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടന്ന ചില വെളിപ്പെടുത്തലുകളും അതിന്റെ അനുരണനങ്ങളുമാണ് (Krishnakumar, 2025). കഴിഞ്ഞവർഷം ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ കാസ്റ്റിംഗ് കൗച്ച്, ലോബിയിങ്, ജെൻഡറിന്റെ പേരിലുള്ള വേതനവ്യത്യാസം, ലൈംഗികാതിക്രമങ്ങൾ എന്നിവ പതിറ്റാണ്ടുകളായി മലയാള ചലച്ചിത്രമേഖലയിൽ തുടരുകയാണെന്ന് വെളിപ്പെട്ടിരുന്നു. നിരവധി സ്ത്രീകൾ താരസംഘടനയുടെ പ്രധാന നേതാക്കളായ നടന്മാരുടെ നേർക്കും ആരോപണങ്ങളുയർത്തി. ശക്തമായ പൊതുജനസമ്മർദ്ദത്തിനും ആഭ്യന്തരഭിന്നതക്കും മറുപടിയെന്നോണം ധാർമികമായ ഉത്തരവാദിത്വമേറ്റെടുത്ത് അന്നത്തെ AMMA പ്രസിഡന്റ് മോഹൻലാലും എക്സിക്യൂട്ടീവ് കമ്മിറ്റിയും 2024 ഓഗസ്റ്റ് 27ന് രാജിവയ്ക്കുകയായിരുന്നു.
2025ലെ താരസംഘടനാ തെരഞ്ഞെടുപ്പ്
2025 ഓഗസ്റ്റ് 15ന് നടന്ന AMMA എക്സിക്യൂട്ടീവ് കമ്മിറ്റി പദവികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി ശ്വേതാ മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. ശ്വേത 159 വോട്ടുകൾ നേടിയപ്പോൾ എതിർസ്ഥാനാർത്ഥിയായിരുന്ന മുതിർന്ന നടൻ ദേവൻ 132 വോട്ടുകളാണ് നേടിയത് (OnManorama, August 15, 2025). നടി കൂടിയായ ഡബ്ബിങ് ആർട്ടിസ്റ്റ് കുക്കു പരമേശ്വരൻ 172 വോട്ടുകൾ നേടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുമ്പോൾ, എതിരാളിയായ രവീന്ദ്രന് 115 വോട്ടുകൾ ലഭിച്ചു. വൈസ് പ്രസിഡണ്ടുമാരായി തെരഞ്ഞെടുക്കപ്പെട്ടത് 267 വോട്ടുകളുമായി ജയൻ ചേർത്തലയും 139 വോട്ടുകളോടെ ലക്ഷ്മിപ്രിയയുമാണ്. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഉണ്ണി ശിവപാൽ 167 വോട്ടുകൾ നേടി ട്രഷററായി വിജയിച്ചു.
ശ്വേതാ മേനോൻ | PHOTO : WIKI COMMONS
എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകൾക്ക് സംവരണം ചെയ്യപ്പെട്ട നാല് സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. സംവരണസീറ്റുകൾ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനുള്ളതാണെങ്കിലും, സ്ഥാനാർത്ഥികളുടെ എണ്ണം സീറ്റുകളെക്കാൾ കൂടുമ്പോൾ തെരഞ്ഞെടുപ്പ് നടത്താറുണ്ട്. ഈ നാലു വനിതാസംവരണ സീറ്റുകളിലേക്ക് അഞ്ചു പേരാണ് മത്സരിച്ചത്. ഏറ്റവും അധികം വോട്ട് നേടിയ സരയൂ മോഹൻ (224 വോട്ട്), ആശ അരവിന്ദ് (221 വോട്ട്), അഞ്ജലി നായർ (219 വോട്ട്), നീനാ കുറുപ്പ് (218 വോട്ട്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വനിതാസംവരണ വിഭാഗത്തിൽ മത്സരിച്ച സജിത ബേട്ടിക്ക് 145 വോട്ടുകളാണ് ലഭിച്ചത്.
ജനറൽ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ കൈലാഷ് (257 വോട്ടുകൾ), സന്തോഷ് കീഴാറ്റൂർ (243), ടിനി ടോം (234), ജോയ് മാത്യു (225), വിനു മോഹൻ (220), ഡോ. റോണി ഡേവിഡ് രാജ് (213) എന്നിവർ ഉൾപ്പെടുന്നു. നന്ദു പൊതുവാൾ (ജനറൽ വിഭാഗം), സജിത ബേട്ടി (വനിതാസംവരണ വിഭാഗം) എന്നിവരാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. 2025-28 കാലയളവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ആകെ 506 അംഗങ്ങളിൽ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, മഞ്ജു വാര്യർ തുടങ്ങിയ പ്രമുഖ താരങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് മലയാള സിനിമയിലെ പ്രമുഖതാരങ്ങളുടെ കൂട്ടായ ബഹിഷ്കരണത്തെയാണ് പ്രതിഫലിപ്പിച്ചത്. 
പൃഥ്വിരാജ് | PHOTO : WIKI COMMONS
AMMA തെരഞ്ഞെടുപ്പിൽ ഗ്ലാസ് സീലിംഗ്, ഗ്ലാസ് ക്ലിഫ് ഇഫക്ടുകൾ എങ്ങനെ പ്രതിഫലിക്കുന്നു?
2025ലെ AMMA തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം, എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ജനറൽ വിഭാഗത്തിലേക്ക് മത്സരിക്കാൻ ഒരു വനിതാ സ്ഥാനാർത്ഥിയും ഉണ്ടായിരുന്നില്ല എന്നതാണ്. സംവരണകാഴ്ചപ്പാടിന് കീഴിൽ വരാത്ത സീറ്റുകളൊന്നും സ്ത്രീകൾക്ക് മത്സരിക്കാനുള്ളതല്ലെന്നും, ആ സീറ്റുകളെല്ലാം പുരുഷന്മാർക്കായി സംവരണം ചെയ്തതാണെന്നുമുള്ള ഒരു പൊതുധാരണയുടെ തുടർച്ചയാണ് താരസംഘടനയും തുടർന്നത്. 'പുരുഷാധിപത്യ' സാഹചര്യമെന്ന് ഇതിനെ വിളിക്കാൻ കഴിയും. ഇതേ സാഹചര്യം കേരളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയിൽ ഒതുങ്ങുന്നതല്ല. ഇതുതന്നെയാണ് 73-ാം ഭരണഘടനാ ഭേദഗതി നടപ്പായതിനുശേഷം ആദ്യ കർണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നടന്നത്. ജനറൽ സീറ്റുകളിൽ ജെൻഡർ വ്യത്യാസമില്ലാതെ ആർക്കും മത്സരിക്കാമെങ്കിലും അത് പ്രധാനമായും പുരുഷന്മാർക്ക് വേണ്ടിയുള്ളതാണെന്നും സംവരണസീറ്റ് മാത്രമാണ് സ്ത്രീകൾക്ക് അനുയോജ്യമോ, ലഭ്യമോ ആയ സീറ്റുകളെന്നുമുള്ള തെറ്റിദ്ധാരണ തുടരുന്നു. ഈ തെറ്റിദ്ധാരണ കാരണം, നിയമപരമോ നടപടിക്രമപരമോ ആയ തടസ്സങ്ങൾ ഇല്ലാതിരുന്നിട്ടും, AMMAയിലെ സ്ത്രീകൾ ജനറൽ വിഭാഗത്തിൽ മത്സരിക്കുന്നതിൽ നിന്ന് പിന്തിരിഞ്ഞതായിരിക്കണം.
എന്നിരുന്നാലും ശ്വേതാ മേനോനെ പ്രസിഡന്റായും കുക്കു പരമേശ്വരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കുകയും കൂടാതെ നാല് സ്ത്രീകളെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സംവരണ സീറ്റുകളിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തത് മലയാള ചലച്ചിത്രമേഖലയിലെ നിലവിലുള്ള ജെൻഡർ ബന്ധിതമായ അധികാരശ്രേണിയെ വെല്ലുവിളിക്കുന്നതിനുള്ള നിർണായക നാഴികക്കല്ലാവുകയാണ്.
കുക്കു പരമേശ്വരൻ | PHOTO : WIKI COMMONS
ഈ സ്ത്രീകൾ 'ഗ്ലാസ് സീലിംഗ്' എന്ന പ്രതിഭാസത്തെ ഫലപ്രദമായി തകർത്തു. യോഗ്യതയും അനുഭവപരിചയവുമുണ്ടായാലും സ്ത്രീകളെയും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും നേതൃസ്ഥാനങ്ങൾ നേടുന്നതിൽ നിന്ന് തടയുന്ന, അദൃശ്യവും വ്യവസ്ഥാപിതവുമായ തടസ്സങ്ങളെ സൂചിപ്പിക്കുന്ന രൂപകമാണ് ഗ്ലാസ് സീലിംഗ് (U.S. Department of Labor, 1991; Hymowitz & Schellhardt, 1986). എന്നാൽ ഈ നേതൃമാറ്റത്തെ ഒരു 'ഗ്ലാസ് ക്ലിഫ്' പ്രതിഭാസമായിക്കൂടി വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു. ഒരു സ്ഥാപനത്തിന്റെ പ്രതിസന്ധിയിലോ, അതിന്റെ പ്രശസ്തിക്ക് കോട്ടം തട്ടുമ്പോഴോ, പരാജയപ്പെടാൻ സാധ്യത കൂടുതലുള്ള സ്ഥാനങ്ങളിലേക്ക് സ്ത്രീകളെ തെരഞ്ഞെടുക്കുന്നതിനെയാണ് ഗ്ലാസ് ക്ലിഫ് എന്ന സംജ്ഞ വരച്ചുകാട്ടുന്നത് (Haslam & Ryan, 2008). അത്തരമൊരു വ്യാഖ്യാനത്തിന്, 2025ൽ നടന്ന ഈ താരസംഘടനാ തെരഞ്ഞെടുപ്പും സാഹചര്യസാധുത ഒരുക്കുന്നുണ്ട്.
നടൻ ദിലീപ് ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിനോടുള്ള സംഘടനയുടെ പ്രതികരണവും ഘടനാപരമായ പ്രതിസന്ധികളും, എല്ലാ ചലച്ചിത്ര താരങ്ങളുടെയും പ്രതിനിധിസ്ഥാപനമെന്ന നിലയിലുള്ള AMMAയുടെ നിയമസാധുതയെ ചോദ്യം ചെയ്യുന്നതായിരുന്നു. സംഘടനയിൽ വലിയ ആധിപത്യമുള്ള ദിലീപിനെതിരെ ശക്തമായ ആരോപണങ്ങൾ ഉയർന്നപ്പോഴും കുറ്റാരോപിതനെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടാണ് AMMA സ്വീകരിച്ചത്. ആക്രമണത്തെ അതിജീവിച്ച നടിയോട് യാതൊരു ഐക്യദാർഢ്യവും പ്രകടിപ്പിച്ചുമില്ല. അറസ്റ്റിനെ തുടർന്ന് ദിലീപ് സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും പിന്നീട് നടപടിക്രമപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചെടുത്തത് AMMAയുടെ വിശ്വാസ്യതയെ തകർത്തു. വിഷയത്തിൽ പ്രതിഷേധിച്ച് ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, അതിജീവിത എന്നിവർ ഉൾപ്പെടെ പ്രമുഖ നടിമാർ AMMAയിൽ നിന്ന് രാജിവച്ചു.
ദിലീപ് | PHOTO : WIKI COMMONS
നടി ആക്രമിക്കപ്പെട്ട സംഭവത്തിനും AMMAയിലെ തർക്കവിതർക്കങ്ങൾക്കും പിന്നാലെ രേവതി, ഗീതു മോഹൻദാസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, അഞ്ജലി മേനോൻ, ദീദി ദാമോദരൻ തുടങ്ങിയ വനിതാ ചലച്ചിത്ര പ്രവർത്തകർ ചേർന്ന് വിമൻ ഇൻ സിനിമ കളക്ടീവ് (WCC) എന്ന കൂട്ടായ്മയ്ക്ക് രൂപം നൽകി. AMMAയുടെ പുരുഷാധിപത്യ നേതൃത്വത്തെ WCC പരസ്യമായി വെല്ലുവിളിക്കുകയും, കൂടുതൽ സുതാര്യത, ഉത്തരവാദിത്വം, ലിംഗാധിഷ്ഠിത അതിക്രമങ്ങളെ അതിജീവിച്ചവർക്ക് ഘടനാപരമായ പിന്തുണ എന്നിവ ആവശ്യപ്പെടുകയും ചെയ്തു (Nair, 2017).
താരസംഘടനയുടെ നേതൃപ്രതിസന്ധി ദിലീപ് വിവാദത്തിന് മുൻപേ ഉണ്ടായിരുന്നു. AMMAയുടെ അധികാരരൂപങ്ങളെ വിമർശിച്ചതിന് നടൻ തിലകനെ സിനിമയിൽ നിന്ന് ഭ്രഷ്ട് കൽപിച്ചതിലൂടെ, നേരത്തെ തന്നെ സംഘടന സൽപ്പേര് കളഞ്ഞുകുളിച്ചിരുന്നു (Sudeep, 2024). 2012ൽ സംവിധായകൻ വിനയൻ, AMMAയും ഫെഫ്കയും (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) ചേർന്ന് താനുമായി സഹകരിക്കുന്ന അഭിനേതാക്കളെ അനൗദ്യോഗികമായി വിലക്കുന്നുണ്ടെന്ന് ആരോപിച്ചിരുന്നു. കുറഞ്ഞ ബജറ്റിൽ പുതിയ അഭിനേതാക്കളെ ഉൾപ്പെടുത്തി സിനിമകൾ നിർമ്മിക്കാനുള്ള വിനയന്റെ പരിശ്രമങ്ങളെ, അമ്മയുടെ മുതിർന്ന അംഗങ്ങൾ നിലനിർത്തിയിരുന്ന അധികാരഘടനയ്ക്ക് ഭീഷണിയാണെന്ന് കണക്കാക്കിയാണ് വിലക്കിയിരുന്നത്. ഈ വിഷയത്തിലൂടെയും സംഘടനയുടെ പ്രതിച്ഛായക്ക് കോട്ടംതട്ടി (Suresh, 2024).
തിലകൻ | PHOTO : WIKI COMMONS
2024 ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യമാക്കിയത് ഒരു വഴിത്തിരിവായി മാറി. റിപ്പോർട്ട് മലയാളസിനിമാ വ്യവസായത്തിൻ്റെ ഘടനാപരവും സാംസ്കാരികവുമായ വീഴ്ചകളെ തുറന്നുകാട്ടി. ചൂഷണ പരമായ നിരവധി പ്രവണതകൾ മലയാള സിനിമയിൽ സാധാരണമായി മാറുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കി. AMMA അതിന്റെ വനിതാ അംഗങ്ങളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നു എന്നും റിപ്പോർട്ട് വെളിപ്പെടുത്തി.
സ്ഥാപനപരമായ ഇത്തരം പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് 2025ൽ ശ്വേതാ മേനോന്റെയും കുക്കു പരമേശ്വരന്റെയും നേതൃത്വത്തിൽ ഭൂരിപക്ഷവും വനിതകൾ അടങ്ങിയ ഒരു AMMA എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുക്കപ്പെടുന്നത്. ഈ നേതൃമാറ്റം ഒരു പുതിയ സമീപനത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, മാറ്റങ്ങൾ യഥാർത്ഥമാണോ അതോ പ്രതീകാത്മകം മാത്രമാണോ, കേരളത്തിന്റെ ചലച്ചിത്രമേഖലയിലെ ജെൻഡർ അടിസ്ഥാനപ്പെടുത്തിയുള്ള ബന്ധങ്ങളിൽ അർത്ഥവത്തായ മാറ്റത്തിന് കാരണമാകുമോ എന്നീ ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നു | PHOTO :WIKI COMMONS
ആയിരം വാക്കുകളേക്കാൾ ബലമുള്ള ചിത്രം
പുതുതായി തെരഞ്ഞെടുക്കപ്പെട്ട AMMA എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഗ്രൂപ്പ് ഫോട്ടോ പോലും പ്രതീകാത്മവും പ്രകടനാത്മകവുമായിരുന്നു. താരസംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ആദ്യനിര മുഴുവൻ തെരഞ്ഞെടുക്കപ്പെട്ട സ്ത്രീഭാരവാഹികളും, പിന്നിലെ നിരയിൽ മാത്രം പുരുഷന്മാരും ഔദ്യോഗികഫോട്ടോയ്ക്കായി അണിനിരന്നു. പരമ്പരാഗതമായി പുരുഷാധിപത്യസ്വഭാവം പ്രകടിപ്പിക്കുന്ന ഒരു സ്ഥാപനത്തിൽ സ്ത്രീകളുടെ നേതൃത്വത്തെ ദൃശ്യപരമായി ഉറപ്പിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണത്. പാട്രിയാർക്കലായ സംഘടനാ സംവിധാനങ്ങൾ പരിശോധിച്ചാൽ, ഇതുപോലെ അധികാരശ്രേണിയെ തലകീഴായി കെട്ടിത്തൂക്കുന്ന പരിപാടി സാധാരണമല്ല. അധികാരമുള്ള പുരുഷന്മാരെ പ്രധാന നിരയിൽ കാണാവുന്ന, നേരത്തെ കണ്ടുശീലിച്ച AMMAയുടെ ഔദ്യോഗിക ചിത്രങ്ങളിൽ നിന്നെല്ലാം വൈരുദ്ധ്യം നിറഞ്ഞതാണ് ഈ പുതിയ ചിത്രം.
ജോസഫ് നെയ് അവതരിപ്പിച്ച സോഫ്റ്റ് പവർ എന്ന ആശയത്തെ അടിസ്ഥാനമാക്കി താരസംഘടനയുടെ തെരഞ്ഞെടുപ്പിനെ വിശദീകരിക്കാൻ കഴിയും (Nye, 2004). സമ്മർദ്ദമോ ഭൗതികപ്രോത്സാഹനമോ ഇല്ലാതെ വിശ്വാസ്യത, വൈകാരികബന്ധം, നിയമസാധുത എന്നിവയിലൂടെ പ്രവർത്തിക്കുന്നതാണ് സോഫ്റ്റ് പവർ. മലയാള സിനിമയിലെ വനിതാതാരങ്ങളുടെ ഈ ഉയർച്ച പ്രതിനിധാനരാഷ്ട്രീയത്തിലെ ഒരു മാറ്റം മാത്രമല്ല, മലയാളചലച്ചിത്ര വ്യവസായത്തിന്റെ സാംസ്കാരികമേഖലയുടെ സ്വാധീനത്തിന്റെ പുനഃക്രമീകരണം കൂടിയാണ് സൂചിപ്പിക്കുന്നത്.
AMMA എക്സിക്യൂട്ടീവ് കമ്മിറ്റി | PHOTO : WIKI COMMONS
AMMA ഫെമിനിസ്റ്റ് ഘടനാസിദ്ധാന്തത്തിന്റെ കണ്ണിലൂടെ
1994ൽ സ്ഥാപിതമായത് മുതൽ AMMA പുരുഷാധിപത്യത്തിന്റെയും പുരുഷ മേധാവിത്വത്തിന്റെയും പര്യായമായാണ് അറിയപ്പെടുന്നത്. സ്ത്രീകൾ സംഘടനാംഗങ്ങളായി ഉൾപ്പെടുന്നുണ്ടെങ്കിലും, അവരുടെ പങ്കിന് യാതൊരു പ്രാധാന്യവും നൽകാതെ, പണം, സ്വാധീനം, ജെൻഡർ എന്നിവയാൽ ബന്ധിതമായ അധികാരശ്രേണി അനൗദ്യോഗിക അധികാരശൃംഖലകളിലൂടെ അവരുടെ ശബ്ദത്തെ അടിച്ചമർത്തുകയും പാർശ്വവൽക്കരിക്കുകയും ചെയ്തുവരികയായിരുന്നു. അമ്മ എന്ന പേര് സ്നേഹത്തെയും വാത്സല്യത്തെയും സൂചിപ്പിക്കുന്നുണ്ടെങ്കിലും ഒരു സ്ഥാപനമെന്ന നിലയിൽ ഇത് പുരുഷാധിപത്യത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും കോട്ടയായാണ് പ്രവർത്തിച്ചിരുന്നത്. 2017 വരെ ഈ പുരുഷാധിപത്യഘടന ചോദ്യം ചെയ്യപ്പെടാതെയും വെല്ലുവിളിക്കപ്പെടാതെയും തുടർന്നു.
എന്നിരുന്നാലും ഒരു പ്രമുഖ നടിയുടെ തട്ടിക്കൊണ്ടുപോവലും അവർ നേരിട്ട അതിക്രമവും വഴിത്തിരിവായി മാറി. കുറ്റകൃത്യത്തിന്റെ സൂത്രധാരൻ സംഘടനയിൽ വലിയ സ്വാധീനമുള്ള നടനാണെന്ന വെളിപ്പെടുത്തൽ, താരസംഘടനയുടെ നേതൃത്വത്തിന്റെ ആഴത്തിലുള്ള ധാർമികവീഴ്ചകളെ തുറന്നുകാട്ടി. ഇതിനു മറുപടിയായി സ്ഥാപനപരമായ മൗനത്തെ വെല്ലുവിളിക്കാനും ഉത്തരവാദിത്വം ആവശ്യപ്പെടാനും ലക്ഷ്യമിട്ട് WCC രൂപം കൊണ്ടു. മലയാള സിനിമാ വ്യവസായത്തിനുള്ളിൽ നിന്നും, പരിഷ്കരണം ലക്ഷ്യമിട്ടുള്ള ഘടനകളിൽ നിന്നുപോലും വലിയ എതിർപ്പാണ് WCCക്ക് നേരിടേണ്ടിവന്നത്. എന്നിരുന്നാലും 2025ലെ തെരഞ്ഞെടുപ്പ് താരസംഘടനയുടെ ചരിത്രത്തിലെ ഒരു നിർണായകനിമിഷമാണ്. ആദ്യമായി സ്ത്രീകൾ പ്രധാന നേതൃസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അത് പുരുഷാധിപത്യപരമായ അധികാരഘടനയെ പ്രതീകാത്മകമായി തകർത്തു. ഗ്ലാസ് സീലിംഗ് തകർക്കുമ്പോഴും ഗ്ലാസ് ക്ലിഫ് ഇന്നും ഭീഷണിയായി നിലനിൽക്കുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ നേതാക്കൾക്ക് അർത്ഥവത്തായ പരിഷ്കാരങ്ങൾ നടപ്പാക്കാനും സിനിമാ വ്യവസായത്തിലെ ലിംഗപരമായ വെല്ലുവിളികളെ അഭിമുഖീകരിക്കാനും കഴിയുന്നില്ലെങ്കിൽ അവരുടെ നേതൃത്വം അസ്ഥിരമായി തുടർന്നേക്കാം. ഈ മാറ്റം, ഘടനാപരമായ മാറ്റങ്ങളിലേക്ക് നയിക്കുമോ അതോ വ്യവസ്ഥിതിയെ മാറ്റാതെ ഒരു പ്രതീകാത്മക അപവാദം മാത്രമായി അവശേഷിക്കുമോ എന്നതാണ് യഥാർത്ഥ പരീക്ഷണം.
വിമൻ ഇൻ സിനിമ കളക്ടീവ് അംഗങ്ങൾ | PHOTO : WIKI COMMONS
കേരളത്തിന്റെ ലിംഗപരമായ വിരോധാഭാസം
സ്ത്രീസാക്ഷരത, ആയുർദൈർഘ്യം അടക്കമുള്ള എല്ലാ സാമൂഹ്യ-ആരോഗ്യസൂചികകളിലും ഏറ്റവും മികച്ച നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളമെങ്കിലും, രാഷ്ട്രീയപ്രാതിനിധ്യം, തൊഴിൽ പങ്കാളിത്തം തുടങ്ങിയ സ്ഥാനങ്ങളിൽ സ്ത്രീകൾക്ക് ഇപ്പോഴും ജനസംഖ്യാപരമായ പ്രാതിനിധ്യം ഉറപ്പിക്കാനായിട്ടില്ല. ഇത് കേരള വികസന മാതൃകയുടെ ചില പരിമിതികളെയാണ് തുറന്നുകാട്ടുന്നത്.
രാഷ്ട്രീയ നേതൃത്വത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ലിംഗപരമായ വിടവ് ചില കൃത്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ട്. 1956ൽ രൂപീകൃതമായ കേരള സംസ്ഥാനം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഒരിക്കൽപോലും 10%ലധികം സ്ത്രീകളെ നിയമസഭയിലേക്ക് കടത്തിവിട്ടിട്ടില്ല (Arun, 2023). 1996ലെ കേരള നിയമസഭയിൽ 13 വനിതാ എംഎൽഎമാർ (9.3%) ഉണ്ടായിരുന്നപ്പോൾ, നിലവിൽ 12 വനിതാ എംഎൽഎമാർ (8.6%) മാത്രമാണുള്ളത്. 1967നും 1977നും ഇടയിലുള്ള നിയമസഭകളിൽ ഒരു വനിതാ പ്രതിനിധി മാത്രമാണുണ്ടായിരുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പിലും സ്ഥിതി സമാനമായിരുന്നു. ഒമ്പത് വനിതാ സ്ഥാനാർത്ഥികൾ മത്സരിച്ചിട്ടും ഒരാൾ പോലും തെരഞ്ഞെടുക്കപ്പെട്ടില്ല.
REPRESENTATIVE IMAGE | WIKI COMMONS
സംസ്ഥാന-ദേശീയ തലങ്ങളിലെ ഈ കുറഞ്ഞ സ്ത്രീപ്രാതിനിധ്യം, തദ്ദേശസ്വയംഭരണ തലത്തിൽ നടപ്പാക്കിയ ലിംഗസമത്വപരമായ ഇടപെടലുകളിൽ നിന്ന് തികച്ചും വിഭിന്നമാണ്. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 50% സീറ്റുകളും നിലവിൽ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. കുടുംബശ്രീ പോലുള്ള പദ്ധതികളിലൂടെ ധാരാളം സ്ത്രീകൾ പ്രാദേശികരാഷ്ട്രീയത്തിലും തൊഴിൽസംരംഭങ്ങളിലും അണിനിരക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങൾ സ്ത്രീകൾക്ക് പ്രാദേശിക സാമ്പത്തിക-സംഘടനാ മേഖലകളിൽ ഇടം നേടിക്കൊടുക്കാൻ സഹായിച്ചെങ്കിലും അവരുടെ രാഷ്ട്രീയാധികാരം ഇപ്പോഴും പരിമിതവും ചോദ്യംചെയ്യപ്പെടുന്നതുമാണ് (Devika, 2016).
ഈ വൈരുദ്ധ്യം, പ്രധാനമായും പ്രതീകാത്മക ശാക്‌തീകരണവും യഥാർത്ഥ രാഷ്ട്രീയാധികാരവും തമ്മിലുള്ള വ്യത്യാസം, കേരളത്തിന്റെ ലിംഗസമത്വത്തെ കുറിച്ചുള്ള വാദങ്ങളുടെ പരിമിതിയാണ് തുറന്നുകാട്ടുന്നത്. കേരളത്തിന്റെ പുരോഗമനപരമായ നിലപാടുകൾ വലിയ അളവിൽ പ്രശംസിക്കപ്പെടുമ്പോഴും, സ്ത്രീകൾക്ക് പൊതുനയം രൂപപ്പെടുത്താനും, നിലവിലുള്ള അധികാരശ്രേണികളെ വെല്ലുവിളിക്കാനും രാഷ്ട്രീയ ശബ്ദം ഉയർത്താനും കഴിയുന്ന ഒരു യഥാർത്ഥ പൗരത്വം നൽകാനും, സംസ്ഥാനത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കേരള നിയമസഭ | PHOTO : WIKI COMMONS
2023ൽ പാസാക്കിയ വനിതാ സംവരണ ബിൽ സംസ്ഥാന നിയമസഭകളിലും ലോക്സഭയിലും സ്ത്രീകൾക്ക് 33% സംവരണം നൽകുന്നുണ്ട്. ഇത് ഒരു മാറ്റത്തിന് സാധ്യത നൽകുന്നു. എന്നിരുന്നാലും അടുത്ത സെൻസസ് പൂർത്തിയാക്കിയ ശേഷം മാത്രമേ ഇത് നടപ്പാക്കൂ. അതിനാൽ 2029ന് മുൻപ് അത്തരമൊരു തീരുമാനത്തിന്റെ ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. ഈ സാഹചര്യത്തിൽ പഞ്ചായത്ത് ഫെമിനിസം എന്ന ആശയം പ്രസക്തമാണ്. സംവരണ സീറ്റുകളിലൂടെ സ്ത്രീകൾ, പ്രത്യേകിച്ച് പാർശ്വവൽകൃത സമുദായങ്ങളിൽ നിന്നുള്ളവർ, പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിലൂടെയും വംശാധികാരങ്ങളോടെയുമല്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിനെയാണ് പഞ്ചായത്ത് ഫെമിനിസം എന്ന് പറയുന്നത് (Chathukulam & Moolakkattu, 2000; Nair & Moolakkattu, 2014). തദ്ദേശ സ്വയംഭരണതലത്തിൽ സ്ത്രീകളുടെ അധികാരം നിയമപരമാക്കുന്നതിനും ലിംഗപരമായ പങ്കാളിത്തം പുനർരൂപീകരിക്കുന്നതിനും ഈ സംവിധാനം സഹായകമായിട്ടുണ്ട്. എന്നിരുന്നാലും പഞ്ചായത്ത് ഫെമിനിസം ഒരുതരം മൃദുവായ ഫെമിനിസമോ (soft feminism) ടോക്കണിസ്റ്റ് ഫെമിനിസമോ (tokenist feminism) ആണെന്ന് വിമർശിക്കപ്പെടുന്നുണ്ട്. അതായത്, ജാതി, വർഗ്ഗം, ലിംഗം എന്നിവയിൽ അധിഷ്ഠിതമായ അധികാരശ്രേണികളെ തകർക്കാൻ തക്ക ശേഷിയില്ലാത്തതാണ് ഇത്തരമൊരു രീതി എന്നതാണ് വിമർശനം (Chathukulam & Moolakkattu, 2002; Moolakkattu & Chathukulam, 2007). നിലവിലുള്ള സാഹചര്യത്തിലൂടെ, തദ്ദേശസ്വയംഭരണത്തിൽ സ്ത്രീകളുടെ സാന്നിധ്യം ഒരു ഘടനാപരമായ മാറ്റം ഉണ്ടാക്കുന്നതിന് പകരം, സ്ത്രീകളെ പ്രതീകാത്മക സാന്നിധ്യം മാത്രമായി നിലനിർത്തുന്നതായും കാണുന്നു (Devika, 2008).
വനിതാ പ്രാതിനിധ്യത്തിൻ്റെ സ്വാധീനം വിലയിരുത്തുന്നതിന് ക്രിട്ടിക്കൽ മാസ്സ് സിദ്ധാന്തം ഒരു ബദൽ ചട്ടക്കൂട് രൂപപ്പെടുത്തുന്നുണ്ട്. സ്ത്രീകൾ ഒരു നിശ്ചിത അളവിൽ തെരഞ്ഞെടുക്കപ്പെട്ട സമിതികളിലേക്ക് എത്തിക്കഴിഞ്ഞാൽ (30% പൊതുവെ പരിഗണിക്കപ്പെടുന്ന അളവാണ്) അവർക്ക് നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കാനും, കാര്യപരിപാടികളിൽ ഘടനാപരമായ മാറ്റങ്ങൾ നൽകാനും, ടോക്കണിസത്തിൽ നിന്ന് മുന്നോട്ടുപോകാനും കഴിയുന്നതിന് സാധ്യതയുണ്ടെന്ന് ഈ സിദ്ധാന്തം പറയുന്നു. തദ്ദേശസ്വയംഭരണ തലത്തിൽ സംവരണനയങ്ങൾ കാരണം കേരളം ഈ നിർണായക പരിധിയിൽ എത്തിയിട്ടുണ്ട്. എന്നിരുന്നാലും ഉപദേശീയ, ദേശീയ തലങ്ങളിലെ ഭരണസാഹചര്യങ്ങളിലേക്ക് അത്തരമൊരു പുരോഗതി ഉണ്ടായിട്ടില്ല. അവിടെ സ്ത്രീകൾക്ക് ഇപ്പോഴും കുറഞ്ഞ പ്രാതിനിധ്യവും പരിമിതമായ സ്വാധീനവുമാണുള്ളത്.
ഉപസംഹാരം
അസോസിയേഷൻ ഫോർ മലയാളം മൂവി ആർട്ടിസ്റ്റ്സിന്റെ നേതൃസ്ഥാനങ്ങളിലേക്ക് സ്ത്രീകൾ കടന്നുവരുന്നത് ഏറ്റവും ആവേശജനകമാണെങ്കിലും കേരളത്തിലെ ജെൻഡർ ബന്ധിതമായ വിരോധാഭാസങ്ങളെ അഭിമുഖീകരിക്കാൻ ഈ പ്രതിഭാസത്തിന് എത്രത്തോളം കഴിയും എന്നതാണ് പ്രധാനം. കേരളത്തിലെ സ്ത്രീകൾ, പ്രത്യേകിച്ച് ഔദ്യോഗിക രാഷ്ട്രീയസംവിധാനങ്ങളുമായി ബന്ധപ്പെടുന്നവർ, പലപ്പോഴും പാർട്ടി നിയന്ത്രണങ്ങളാലും ഉദ്യോഗസ്ഥ നിഷ്ക്രിയത്വത്താലും പുരുഷാധിപത്യപരമായ നിയമങ്ങളാലും സങ്കീർണപ്പെടുത്തിയ ഒരു ഘടനയ്ക്കിലൂടെയാണ് സഞ്ചരിക്കുന്നത്. അവർ ചിലപ്പോൾ മേൽത്തട്ടിൽ നിന്നുള്ള നിർദ്ദേശങ്ങളെ എതിർക്കുകയും വിവിധതരത്തിലുള്ള അധികാരങ്ങളെ പ്രകടമാക്കുകയും ചെയ്തേക്കാം. അത്തരം വിലപേശലുകളും പോരാട്ടങ്ങളും മെച്ചപ്പെട്ട രാഷ്ട്രീയസമൂഹത്തിന്റെയും പൗരസമൂഹത്തിന്റെയും രൂപീകരണത്തിന് കാരണമാകുന്നു. എന്നിരുന്നാലും സ്ത്രീകൾ, വെറുതെ ഘടനയിലേക്ക് ഉൾപ്പെടുന്നവരായി മാറാതെ, രാഷ്ട്രീയനിയമങ്ങളും ഘടനകളും പുനർനിർവചിക്കുന്നവരായി മാറുന്നതിലേക്ക് പലപ്പോഴും എത്തിച്ചേരുന്നില്ല.
REPRESENTATIVE IMAGE | WIKI COMMONS
ഉയർന്ന സ്ത്രീസാക്ഷരത, ആയുർദൈർഘ്യം, വോട്ടർ പങ്കാളിത്തം എന്നീ പുരോഗമന സാമൂഹ്യസൂചികകളിൽ കൊയ്തെടുത്ത നേട്ടങ്ങളും, സ്ത്രീകൾ രാഷ്ട്രീയനേതൃത്വത്തിൽ അനുഭവിക്കുന്ന കുറഞ്ഞ പ്രാതിനിധ്യവും തമ്മിലുള്ള വിടവ് പരിശോധിക്കുന്നതിന് കേരളം മികച്ച ഉദാഹരണമാണ്. സാമൂഹ്യപുരോഗതിയെ രാഷ്ട്രീയ അധികാരത്തിലെ ലിംഗപരമായ തുല്യതയായി പരിവർത്തിപ്പിക്കുന്ന വികസന ആഖ്യാനങ്ങളുടെ പരിമിതിയെയാണ് ഈ വിടവ് എടുത്തുകാട്ടുന്നത്. ഈ പ്രതിസന്ധിയുടെ പരിഹാരത്തിന് നിരന്തരമായ പൊതുചർച്ച, ഘടനാപരമായ പരിഷ്കരണങ്ങൾ, ജനാധിപത്യ പ്രക്രിയയിൽ സ്ത്രീകൾക്ക് അർത്ഥവത്തായ പങ്കാളിത്തവും പ്രാതിനിധ്യവും എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള വിമർശനാത്മക മൂല്യനിർണയങ്ങൾ എന്നിവ അനിവാര്യമാണ്.
റഫറൻസ്
Chathukulam, J., & Moolakkattu, J. S. (2000). Empowerment of women panchayat members: Learning from Kerala (India). Asian Journal of Women‘s Studies, 6(4), 66–101.
https://doi.org/10.1080/12259276.2000.11665846
Chathukulam, J., & Moolakkattu, J. S. (2002). Five Years of Participatory Planning in Kerala Rhetoric and Reality. Economic and Political Weekly, 37(49)
Devika, J. (2008). Being ―in-translation‖ in a post-colony: Translating feminism in Kerala State, India. Cultural Dynamics, 20(2), 182–208.
Devika, J. (2016). The ‘Kudumbashree Woman and the Kerala Model Woman: Women and Politics in Contemporary Kerala. Indian Journal of Gender Studies. 23. 393-414. 10.1177/0971521516656077.
Haslam, S. A., & Ryan, M. K. (2008). The road to the glass cliff: Differences in the perceived suitability of men and women for leadership positions in succeeding and failing organizations. The Leadership Quarterly, 19(5), 530–546.
Hymowitz, C. and Schellhardt, T. D. (1986, March 24). The glass ceiling: Why women can‘t seem to break the invisible barrier that blocks them from the top jobs. The Wall Street Journal.
Krishnakumar, G. (2025, August 17). Madam President, The Hindu.
M Arun. (2023, September 23). Representation of women in Kerala assembly has never exceeded 10%, The New Indian Express.
Moolakkattu, S. J., & Chathukulam, J. (2007). Between euphoria and scepticism: Ten years of Panchayati Raj in Kerala. In M. A. Oommen (Ed.), A decade of decentralisation in Kerala: Experience and lessons (pp. 54–87). New Delhi: HarAnand
Nair, N. V., & Moolakkattu, J. S. (2014). Women Component Plan at the Village Panchayat Level in Kerala: Does it Live Up to its Promise? Indian Journal of Gender Studies, 21(2), 247-276. https://doi.org/10.1177/0971521514525156 (Original work published 2014)
Nair, S Tara. (2017). Women in Cinema Collective and the Malayalam Film Industry, Economic and Political Weekly, 52 (50).
Nye, J. S. (2004). Soft power: The means to success in world politics. New York: PublicAffairs.
Onmanorama. (2025, August 15). I stayed silent and won: Shwetha Menon after winning AMMA election. Onmanorama.
Sudeep, Theres. (2024, September 24). Thilakan called out Malayalam movie mafia before Hema committee report, and he was banned for it, The Print
Suresh, Anandu. (2024, September 2). AMMA: The history of the serial ‘ban‘ner now paying price for in/actions, lack of support for survivor in 2017 assault case, The Indian Express.
U.S. Department of Labor. (1991). The glass ceiling initiative. Washington, DC: U.S. Government Printing Office.


