ഭരണഘടനയെ മറന്ന നിയമഭേദഗതി
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. നിലവില്‍ ചട്ടങ്ങള്‍ തയ്യാറാക്കാത്തതാണ് പൗരത്വ നിയമം നടപ്പിലാക്കാന്‍ വൈകുന്നതിനു പിന്നിലെ കാരണം. എന്നാല്‍ ഉടനെ തന്നെ ചട്ടങ്ങള്‍ പ്രസിദ്ധീകരിക്കാനും പൗരത്വത്തിന് അപേക്ഷിക്കാനുള്ള പോര്‍ട്ടലും സജ്ജമാക്കുമെന്നാണ് റിപ്പോര്‍ട്ട്. പൗരത്വത്തിനായി യാത്രാരേഖകള്‍ ഇല്ലാതെ ഏത് വര്‍ഷമാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് അപേക്ഷകര്‍ വ്യക്തമാക്കണം.
നേരത്തെ കുറഞ്ഞത് 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്ക് മാത്രമായിരുന്നു പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ പുതിയ നിയമപ്രകാരം ഇത് ആറുവര്‍ഷമായി ചുരുക്കും. പൗരത്വ ഭേദഗതി ബില്‍ നടപ്പിലാകുന്നതോടെ വിദേശികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ കൂടി അനുമതിയോടെ മാത്രമാകും ഇന്ത്യന്‍ പൗരത്വം നല്‍കുക. ഓരോ അപേക്ഷയും അതതു സ്ഥലത്തെ ഡെപ്യൂട്ടി കമ്മീഷണറോ ജില്ലാ മജിസ്‌ട്രേറ്റോ പരിശോധിച്ച് അന്വേഷണം നടത്തും. കൂടാതെ സംസ്ഥാന സര്‍ക്കാരുകളും അന്വേഷണം നടത്തണം. ഇരു റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാകും പൗരത്വം അനുവദിക്കുക.
1955 ലെ പൗരത്വനിയമം ഭേദഗതി ചെയ്തുകൊണ്ട് 2019 ഡിസംബര്‍ ഒമ്പതിനാണ് ലോക്‌സഭയില്‍ പൗരത്വ ഭേദഗതി നിയമം (സിറ്റിസണ്‍ഷിപ്പ് അമന്‍ഡ്‌മെന്റ് ആക്ട് - സിഎഎ) പാസാക്കിയത്. രണ്ടുദിവസത്തിനുശേഷം ഡിസംബര്‍ 11 ന് നിയമം രാജ്യസഭയും അംഗീകരിച്ചു. 2019 ഡിസംബര്‍ 12 ന് രാഷ്ട്രപതിയും നിയമത്തിന് അംഗീകാരം നല്‍കി. പൗരത്വഭേദഗതി നിയമപ്രകാരം 2014 ഡിസംബര്‍ 31 ന് മുമ്പ് പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമെത്തുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് പുതിയ നിയമം. എന്നാല്‍ മുസ്ലിം വിഭാഗത്തെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2014 ഡിസംബറിനു മുമ്പ് രാജ്യത്ത് എത്തിയവര്‍ മാത്രമേ നിയമത്തിന്റെ പരിധിയില്‍ വരികയുള്ളൂ.
സിഎഎ നടപ്പിലാക്കുന്നതില്‍നിന്ന് ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് 2023 ഡിസംബര്‍ 27 ന് കൊല്‍ക്കത്തയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. 2024 മാര്‍ച്ച് 30 ഓടെ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ രാജ്യത്ത് ഏഴ് ദിവസത്തിനുള്ളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി ശന്തനു ഠാക്കൂറും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
അമിത് ഷാ | PHOTO: FACEBOOK
എന്താണ് പൗരത്വഭേദഗതി നിയമം?
ഇന്ത്യയില്‍ പ്രധാനമായും മൂന്നു വിഭാഗക്കാരാണ് ഉള്ളത്. ഒന്ന് ഇന്ത്യയില്‍ പൗരത്വമുള്ളവര്‍, രണ്ട് പാസ്‌പോര്‍ട്ട് മുഖേന ഇന്ത്യയില്‍ വന്ന് താമസിക്കുന്നവര്‍, മൂന്ന് അനധികൃത കുടിയേറ്റക്കാര്‍. ഈ അനധികൃത കുടിയേറ്റക്കാരില്‍ ഒരു വിഭാഗത്തിനെ പൗരത്വത്തിന് അര്‍ഹരാക്കുന്നതാണ് പൗരത്വ നിയമം. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതപരമായ പീഡനങ്ങളേറ്റ് ഇന്ത്യയിലേക്ക് കുടിയേറിയ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരം നല്‍കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം അഞ്ച് മുതല്‍ 11 വരെയാണ് പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.
1955 ലാണ് ഇന്ത്യയില്‍ പൗരത്വനിയമം നിലവില്‍ വരുന്നത്. ഇതിനുശേഷം 1987, 2003, 2004 ലും നിയമത്തില്‍ ഭേദഗതികള്‍ വരുത്തി. 1955 വരെ ഇന്ത്യയില്‍ ജനിച്ച ആര്‍ക്കും ഇന്ത്യന്‍ പൗരനായി തുടരാനാകും. എന്നാല്‍ 2003 ല്‍ വന്ന ഭേദഗതിയില്‍ നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. ഇന്ത്യന്‍ പൗരത്വമുള്ള രക്ഷകര്‍ത്താവില്‍ ജനിക്കുന്ന ഏതൊരാള്‍ക്കും ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാമെന്നതാണ് നിയമം. 2004 ല്‍ വന്ന ഭേദഗതിയില്‍ രണ്ടു ഉപാധികളാണ് മുന്നോട്ടുവച്ചത്. രക്ഷകര്‍ത്താവില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനാകുന്നതിനപ്പുറം അനധികൃത കുടിയേറ്റക്കാരന്റെ മകനോ മകളോ ആകരുതെന്ന സുപ്രധാന നിയമമാണ് 2004 ല്‍ നിലവില്‍ വന്നത്. ഈ നിയമം വന്നശേഷം നിരവധി ആളുകള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നിഷേധിക്കപ്പെട്ടു.
2015 ല്‍ സെപ്തംബര്‍ ഏഴിന് പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും മതപീഡനങ്ങള്‍ ഏറ്റുവന്നവര്‍ക്ക് ഇളവ് നല്‍കുന്നു. ഇവര്‍ക്ക് ശിക്ഷാവിധികള്‍ നേരിടേണ്ട എന്നതായിരുന്നു ഇളവ്. 2019 ഡിസംബര്‍ 12 ന് പൗരത്വ ഭേദഗതി നിയമം പാസായതോടെ അഫ്ഗാനിസ്താനെക്കൂടി ഉള്‍പ്പെടുത്തി മതപരമായ പീഡനം ഏറ്റ ഈ മൂന്നു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വത്തിന് അപേക്ഷിക്കാം എന്നായി.
അസം, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളില്‍ നിയമം ബാധകമല്ല. അരുണാചല്‍ പ്രദേശ്, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ പ്രത്യേക പെര്‍മിറ്റ് ആവശ്യമുള്ള മേഖലകളിലും സിഎഎ ബാധകമല്ല. 2014 ലെ പൊതുതിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി നല്‍കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പൗരത്വ ഭേദഗതി നിയമം. 2016 ല്‍ ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ച് പാര്‍ലമെന്ററി സമിതിക്ക് കൈമാറുകയായിരുന്നു. 2020 ജനുവരി 10 ന് നിയമം നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. 2014 ഡിസംബര്‍ 31 നു മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയുക എന്നതാണ് നിയമത്തിലെ വ്യവസ്ഥ. എന്നാല്‍ 2014 ന് ശേഷവും ഇന്ത്യയില്‍ എത്തിയവര്‍ക്ക് സിഎഎയുടെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.
REPRESENTATIVE IMAGE | WIKI COMMONS
തുല്യതയ്ക്കു മേലുള്ള നിഷേധം
മതേതര ജനാധിപത്യത്തെ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് ഇന്ത്യന്‍ ജനത. എന്നാല്‍ മതപരമായ വിവേചനങ്ങളെത്തുടര്‍ന്ന് അവരവരുടെ രാജ്യംവിട്ട ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ തുടങ്ങിയ ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ പൗരത്വം അനുവദിക്കുന്നത്. എന്നാല്‍ മുസ്ലീം വിഭാഗത്തെ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷത്തിനു നേര്‍ക്ക് സര്‍ക്കാര്‍ ഇരുവശത്തുനിന്നും പ്രതിരോധം സൃഷ്ടിക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്. പൗരത്വം അനുവദിക്കുന്നതിന് മതം മാനദണ്ഡമാക്കുന്നതാണ് നിയമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ത്തുന്നത്. വിവേചനപരമായ നിയമമെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഉള്‍പ്പെടെ വലിയ സമരങ്ങള്‍ക്കാണ് രാജ്യം ഇതിനകം സാക്ഷ്യംവഹിച്ചത്. മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ബഹുസ്വരതയ്ക്കുമേലുള്ള ശക്തമായ ആഘാതമാകും പൗരത്വ ഭേദഗതി നിയമമെന്നതില്‍ തര്‍ക്കമില്ല.
പൗരത്വ നിയമത്തില്‍ മുസ്ലീം വിഭാഗത്തോടുള്ള അവഗണന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രകടമായ സൃഷ്ടിയാണ്. പുതിയ നിയമത്തിലൂടെ തങ്ങളുടേതായ രീതിയില്‍ ഇന്ത്യാ ചരിത്രത്തെ പുതുക്കിപ്പണിയാനാണ് ഹിന്ദുത്വ രാഷ്ട്രീയം ശ്രമിക്കുന്നത് എന്നതും ഇതിലൂടെ വ്യക്തമാണ്. പുതിയ നിയമം ഇന്ത്യയിലെ ഏറ്റവും പ്രബലവിഭാഗമായ മുസ്ലീങ്ങളെ രണ്ടാംതരം പൗരന്മാരായി മാറ്റുമെന്നതില്‍ തര്‍ക്കമില്ല. ജാതി, മതം, ഭാഷ, ലിംഗ ഭേദമില്ലാതെ എല്ലാ പൗരന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കുമേലുള്ള വിഭാഗീയത കൂടിയാണ് പുതിയ നിയമം.
കേന്ദ്രത്തിന്റെ പൊള്ളയായ വാദം
ഇന്ത്യയുടെ പാരമ്പര്യത്തെയും വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ലോകത്തിലെത്തന്നെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യയുടേത്. പൗരത്വ ഭേദഗതി നിയമം എല്ലാ മതവിഭാഗങ്ങളെയും സംരക്ഷിക്കുന്നില്ല എന്നതാണ് വസ്തുത. ചൈന, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബില്‍ യോഗ്യത കല്‍പിക്കുന്നില്ല. മുസ്ലീങ്ങളില്‍ തന്നെ അഹമ്മദീയ, ഷിയാ വിഭാഗക്കാരും പാകിസ്താനില്‍ കടുത്ത വിവേചനമാണ് നേരിടേണ്ടിവരുന്നത്. ഇവരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. കൂടാതെ മ്യാന്‍മറില്‍ നിന്ന് വലിയൊരു വിഭാഗം റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് പലായനം ചെയ്യേണ്ടിവന്നത് വംശഹത്യയെത്തുടര്‍ന്നാണ്. ഇന്ത്യയുമായി ദീര്‍ഘ അതിര്‍ത്തി പങ്കിടുന്ന മ്യാന്‍മറിനെ ഒഴിവാക്കിയാണ് പാക് അധീന കശ്മീരില്‍ കുറച്ചുമാത്രം അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനെ പരിഗണിച്ചിരിക്കുന്നത്. കൂടാതെ ബര്‍മയിലെ ഹിന്ദുക്കളെയും ശ്രീലങ്കയിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ബില്‍ അവഗണിക്കുന്നു.
വിസ, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ വന്ന് താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണ് പരിഗണിക്കുക. 1946 ലെ വിദേശി നിയമം, 1920 ലെ പാസ്‌പോര്‍ട്ട് എന്‍ട്രി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹമാണ്. പൗരത്വനിയമം ലംഘിക്കുന്ന വിദേശികളായ ഇന്ത്യന്‍ പൗരന്മാരുടെ ഒസിഐ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വബില്ലും
ദേശീയ ജനാധിപത്യ സഖ്യം അധികാരത്തില്‍ വന്നതിനുശേഷം പൗരത്വത്തെ സംബന്ധിക്കുന്ന രണ്ട് സുപ്രധാന നിയമങ്ങളാണ് പാസാക്കിയത്. ദേശീയ പൗരത്വ രജിസ്റ്ററിനെ സംബന്ധിക്കുന്നതും, പൗരത്വ ഭേദഗതി നിയമവും. രണ്ട് നിയമങ്ങളും പരസ്പര പൂരകങ്ങളാണ്. പൗരത്വ രജിസ്റ്റര്‍ ആരാണ് പൗരന്‍ ആരാണ് പൗരനല്ലാത്തത് എന്നതിനെ അടിസ്ഥാനമാക്കുമ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ ലക്ഷ്യം മറ്റൊന്നാണ്. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് ചില ഉപാധികളുടെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുക എന്നതാണ്. അതായത് പൗരത്വ രജിസ്റ്റര്‍ പ്രകാരം രാജ്യത്തിന് അകത്തുള്ള ചിലരെ പുറത്താക്കാന്‍ ശ്രമിക്കുമ്പോള്‍ പൗരത്വ ഭേദഗതി നിയമം പുറത്തുള്ളവരില്‍ ചിലരെ രാജ്യത്തിനകത്തേക്ക് കൊണ്ടുവരികയാണ്.
രാജ്യത്ത് പൗരത്വ രജിസ്റ്റര്‍ ഉള്ള ഏക സംസ്ഥാനമാണ് അസം. അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടെന്ന ആരോപണത്തിലാണ് 2015-2019 കാലയളവില്‍ അസമില്‍ എന്‍ആര്‍സി കൊണ്ടുവരുന്നത്. ഇതുപ്രകാരം 1971 മാര്‍ച്ച് 24 നു മുമ്പ് വ്യക്തിയോ പൂര്‍വികരോ അസമില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് നിയമം. ഇതുസംബന്ധിച്ച് പട്ടിക പുറത്തുവന്നപ്പോള്‍ പൗരത്വം നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗം ഹിന്ദുക്കളായിരുന്നു. അതേസമയം, ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു മതവിഭാഗക്കാരായിരിക്കും പൗരത്വ നിയമം നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നവരില്‍ ഏറെയുമെന്നാണ് വിലയിരുത്തല്‍.
സ്വാതന്ത്ര്യലബ്ധിക്കുശേഷം 1950 ല്‍ കുടിയേറ്റക്കാരെ പുറത്താക്കാന്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. 1971 മാര്‍ച്ച് 24 നു മുമ്പ് അസമില്‍ എത്തിയവരാണ് തങ്ങളോ തങ്ങളുടെ പൂര്‍വികരോ എന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കില്‍ മാത്രമേ അസം ജനതയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുകയുള്ളൂ. അനധികൃത കുടിയേറ്റക്കാരെ പ്രതിരോധിക്കാനായിരുന്നു ഇത്. അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ആര്‍സി) അന്തിമ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ 40 ലക്ഷത്തിലധികം ആളുകള്‍ക്കാണ് രാജ്യമില്ലാതായത്. അസമിലെ ഈ പൗരത്വവിഷയമാണ് ദേശീയതലത്തില്‍ പുതിയ രാഷ്ട്രീയമാനത്തിന് കളമൊരുക്കിയത്.