TMJ
searchnav-menu
post-thumbnail

Outlook

'അവതരണകവിത'യ്ക്ക് ഒരാമുഖം

21 Jun 2023   |   8 min Read
വിമീഷ് മണിയൂർ

കേരളം സഞ്ചരിച്ച ഏകദേശം ഏഴുപതിറ്റാണ്ടിന്റെ ദൂരത്തെക്കുറിച്ചുള്ള വായനകൾ പലവിധേനയും വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ കേരളത്തിന്റെ സവിശേഷമുദ്രകളിൽ ഒന്നായ മലയാളം എന്ന ഭാഷ ശ്രദ്ധാകേന്ദ്രമാവുന്നത് സ്വാഭാവികമാണ്. ഭാഷയെക്കുറിച്ചുളള ചരിത്രപരവും അല്ലാത്തതുമായ എല്ലാ വ്യവഹാരങ്ങളിലും ഭാഷ ഘടകമാവുന്ന, നിർണായകമാവുന്ന എല്ലാ ഇടപെടലുകളെയും ചേർത്ത് വായിക്കേണ്ടത് പ്രധാനമാണ്. കവിതയെ പരമ്പരാഗതഭാഷയ്ക്ക് അകത്ത് മാത്രം നിലനിൽക്കുന്ന യാഥാർത്ഥ്യമായി പരിമിതപ്പെടുത്താനാവില്ല എന്നൊരു ചിന്ത കാവ്യവ്യവഹാരത്തിനകത്ത് തന്നെ രൂപസംബന്ധിയായും വിഷയസംബന്ധിയായും വലിയ വിപ്ലവം സൃഷ്ടിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. പരീക്ഷണ സ്വഭാവമുള്ള കവിതകൾ എന്ന് പൊതുവെ പറയപ്പെടുന്നത് പ്രാഥമികമായി അതിന്റെ ഭാഷയിൽ കൈവന്ന സമൂലമായ മാറ്റത്തെ കൂടി മുൻനിർത്തിയാണ്. കൂടാതെ കവിതയെ ഭാഷയുടെ സവിശേഷമായ ഉപയോഗക്രമത്തിൽ ഒന്നായും ഒരു സാംസ്‌കാരിക ഉൽപ്പന്നമായും കരുതിപ്പോരുന്നതാണ് നമ്മുടെ പൊതുബോധ ചരിത്രം. കേരളകവിതയുടെ താരതമ്യേന സവിശേഷമായ മാറ്റങ്ങൾക്ക് വിധേയമായ സമീപകാല ഭാവുകത്വത്തെ സാമൂഹിക ജീവിതത്തിലുണ്ടായ മാറ്റങ്ങളെ മുൻനിർത്തി വായിക്കാനുളള ഒരു ശ്രമം മാത്രമാണിത്.

അറുപതുകളിൽ തുടങ്ങി എഴുപതുകളിലും എൺപതുകളിലും ശക്തി പ്രാപിച്ച മലയാള കവിതയിലെ ആധുനികത ക്രമേണ പലവിധ മാറ്റങ്ങൾക്ക് വിധേയമായി തൊണ്ണൂറുകളോടെ മറ്റൊരു പേര് സ്വീകരിക്കുകയുണ്ടായി. പുതുകവിത എന്ന് പരക്കെ അടയാളപ്പെടുത്തപ്പെട്ട കവിതയിലെ പുതിയ കാലഘട്ടം ഉത്തരാധുനികതയെന്നോ, ആധുനികോത്തരതയെന്നോ പറയപ്പെട്ട സിദ്ധാന്തപരമായ ജീവിതവീക്ഷണങ്ങളുടെ തിളച്ചു മറിയലുകളാണെന്ന കണ്ടെത്തലുകൾ വളരെയേറെ വെളിപ്പെട്ടതാണ്. പക്ഷേ അത്തരം സിദ്ധാന്തവീക്ഷണങ്ങൾ മാറ്റിവെച്ച് കവിതയിലെ ഭാവുകത്വ മാറ്റങ്ങളെ കേരളീയപശ്ചാത്തലത്തിൽ വളരെ ഗൗരവമായി വായിക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായിക്കാണുന്നില്ല. ഒറ്റപ്പെട്ട ചില എഴുത്തുകളും സ്ഥിരമായി ആവർത്തിക്കപ്പെടുന്ന കവിതകൾക്കുമപ്പുറം ഭാഷാപരമായ മുന്നേറ്റത്തെ/മാറ്റത്തെ കാര്യകാരണസഹിതം അടയാളപ്പെടുത്തുന്നതിലുണ്ടായ കാലതാമസത്തെ അത്ര നിസ്സാരമായും സ്വാഭാവികമായും കണ്ടുകൂട.

ഇരുപതാം നൂറ്റാണ്ടിന്റെ സാഹിത്യവായന മാതൃകകൾ പലതും പഴകി തുടങ്ങിയ കാലഘട്ടത്തിൽ, ഉത്തരാധുനികമെന്ന വിളിപ്പേരുകൾ പോലും അർത്ഥശൂന്യമായ മാനങ്ങൾ കൈവരിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തൊണ്ണൂറുകളിൽ ഉരുണ്ടുകൂടിയ കാവ്യ ഭാവുകത്വമാറ്റത്തെ വായിക്കാൻ സമൂഹം മുന്നോട്ടുവെയ്ക്കുന്ന രൂപകങ്ങളെ കണ്ടെത്തേണ്ടതുണ്ട്. ഒരുപക്ഷേ, അതിന്റെ ഭാഗമായി ആദ്യം പ്രശ്‌നവൽക്കരിക്കേണ്ടത് വളരെ നിഷ്‌ക്കളങ്കമെന്ന് തോന്നിപ്പിക്കുകയും എന്നാൽ വഴുവഴുപ്പുളളതുമായ പുതുകവിത എന്ന വീട്ടുപേര് തന്നെയാണ്. ഈ പേരുമായി ബന്ധപ്പെട്ട പല ചോദ്യങ്ങളും കേരളത്തിന്റെ കാവ്യസാംസ്‌കാരിക രംഗങ്ങളിൽ പലതവണയായി ഉന്നയിക്കപ്പെട്ടിട്ടുളളതാണ്. രാമകൃഷ്ണൻ ചുഴലിയുടെ 'പേപ്പർ വെയ്റ്റ്' എന്ന കാവ്യസമാഹാരത്തിന്റെ മുഖവുരയിൽ തലമുറയിലെ മുതിർന്ന കവിയായ വീരാൻകുട്ടി ഇതേ സന്ദേഹം രേഖപ്പെടുത്തുന്നുണ്ട്. ഹ്രസ്വമായ ആ കുറിപ്പിൽ, 'നവകാലകവിതയെന്ന് തൽക്കാലം ഞാനതിനെ വിളിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് തൽക്കാലത്തേക്ക് ആ സംശയത്തിന് അറുതി വരുത്തുന്നു. പക്ഷേ കൂടുതൽ ഗൗരവമായി ഈ രണ്ട് പേരുകളെയും സമീപിക്കുമ്പോൾ വ്യക്തമാവുന്ന രണ്ട് കാര്യങ്ങളിൽ ഒന്ന് പുതുകവിത എന്ന പേര് വായനക്കാർക്കെന്ന പോലെ എഴുത്തുകാർക്കിടയിലും കാര്യമായ അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. മറ്റൊന്ന് നവകാലകവിതയെന്ന മറുപേരും പുതുകവിത എന്ന വാക്കുപോലെ ഭാവുകത്വമാറ്റത്തെയല്ലാതെ അതിന്റെ സ്വഭാവസംബന്ധിയോ രൂപസംബന്ധിയോ, വിഷയസംബന്ധിയോ ആയ മാറ്റത്തെ തൊടുന്നില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ പുതുകവിത എന്ന പേര് പുതിയകവിത എന്നർത്ഥമാക്കുന്നതിലപ്പുറം മറ്റൊരു തരത്തിലുള്ള അടയാളപ്പെടുത്തലും നടത്തുന്നില്ല. നവകാലകവിത എന്നതും ഏത് കാലത്തും ആവർത്തിക്കാവുന്ന പേരുമാത്രമായി തീരുന്നു.


വീരാൻകുട്ടി | PHOTO: WIKI COMMONS


തൊണ്ണൂറുകൾക്ക് ശേഷമുള്ള കവിതയെ രണ്ടായി തിരിക്കുന്ന കവി വിഷ്ണു പ്രസാദ് പുതുകവിതയെന്ന പൊതുവെ ഉപയോഗിക്കപ്പെടുന്ന പേരിനു കൂടെ സമീപകവിതയെന്ന മറ്റൊരു പേര് മുന്നോട്ട് വെയ്ക്കുന്നു. 2006 ന് ശേഷമുള്ള കവിതയെ സൂചിപ്പിക്കാനാണ് ഇതെന്ന് വിഷ്ണുപ്രസാദ് പറയുന്നു. എന്നാൽ അതിന്റെ തുടർന്നുള്ള വിശദീകരണത്തിൽ ഈ മാറ്റത്തിന്റെ സവിശേഷ മുദ്രകളിലൊന്നായ ബഹുസ്വരതയെ മാറ്റിനിർത്തുന്നതു കൂടാതെ വ്യക്തതയുള്ള, ആഴത്തിലുള്ള വിശദീകരണങ്ങൾക്ക് മുതിരുന്നുമില്ല. മറിച്ച് കവിതയിലുണ്ടായ ചില മാറ്റങ്ങളെ ഒഴുക്കൻ മട്ടിൽ സൂചിപ്പിച്ചു പോവുക മാത്രമാണ് ചെയ്യുന്നത്. ഒരു കാലത്തിന്റെ മുഴുവൻ വൈവിദ്ധ്യങ്ങളെയും ചൂണ്ടിക്കാണിക്കാനോ വിശദീകരിക്കാനോ ഒരാൾക്ക് സാധിച്ചുകൊള്ളണമെന്നില്ല. പക്ഷേ അതിന്റെ ആധാരശിലകളെ അപ്പാടെ തമസ്‌കരിക്കുന്നത് ശരിയായ നിലപാടല്ല. അദ്ദേഹം മുന്നോട്ടുവെക്കുന്ന വാദങ്ങൾക്കെതിരെയുണ്ടായ പല വിമർശനങ്ങളും ( നിഷി ലീല ജോർജിന്റേതുൾപ്പെടെ) കുറേക്കൂടി സൂക്ഷ്മതയുള്ളതായിരുന്നെന്നും പറയാതെ വയ്യ. കവി എസ് ജോസഫ് മുന്നോട്ട് വെക്കുന്ന 'ഉണരുന്ന കവിത' വരാനിരിക്കുന്ന ഒരു കവിതയെയാണ് സ്വപ്നം കാണുന്നത്. നടപ്പു കവിതയിൽ അത് വേരുകളെ ആഗ്രഹിക്കുന്നില്ല. ഒരായിത്തീരലിനെ കുറിക്കുന്നതിനപ്പുറം ഉണരുന്ന കവിത എന്ന പേരും അതിനാൽ മതിയാകാതെ വരുന്നു. ഈ അവസരത്തിൽ കൂടിയാണ് തൊണ്ണൂറുകൾക്ക് ശേഷം വ്യാപകമായ ഭാവുകത്വമാറ്റത്തെ അതിന്റെ സ്വഭാവസംബന്ധിയായി അടയാളപ്പെടുത്തേണ്ടതുണ്ടെന്ന കാര്യം കൂടുതൽ പ്രസക്തമാവുന്നത്. അവിടെയാണ് 'അവതരണകവിത' എന്ന സംജ്ഞ പ്രാധാന്യമർഹിക്കുന്നത്.

പലപ്പോഴും പെർഫോമൻസ് പോയട്രിയുടെ മലയാള വിവർത്തനമായി അവതരണകവിത എന്ന പദസംയുക്തം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും കുറച്ചുകൂടി വ്യാപകമായി ചൊൽക്കവിത എന്ന വാക്കാണ് പ്രത്യേകിച്ച് എഴുപതുകളിലും എൺപതുകളിലും സജീവമായി എടുത്തുപയോഗിക്കപ്പെട്ടിട്ടുളളത്. എന്നാൽ പെർഫോമൻസ് പോയട്രി എന്നോ, ചൊൽക്കവിത എന്നോ ഉളള അർത്ഥത്തിലല്ല അവതരണകവിത എന്നത് ഞാനുപയോഗിക്കുന്നത്. നമ്മുടെ പൊതുമണ്ഡലങ്ങളിൽ ഉപയോഗിച്ചു വരുന്ന ഒരു വാക്കിനെ അർത്ഥവ്യത്യാസത്തോടെ ഉപയോഗിക്കുന്നത് മനസ്സിലാക്കാൻ പെർഫോമൻസ് പോയട്രിയുടെയും ഞാനുപയോഗിക്കുന്ന അർത്ഥത്തിലുളള അവതരണകവിതയുടെയും ചരിത്രപശ്ചാത്തലം അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്.


വിഷ്ണു പ്രസാദ് | PHOTO: FACEBOOK

1930കളോടു കൂടി അമേരിക്കയിൽ ശക്തിപ്രാപിച്ച ഹാർലെം നവോത്ഥാനവുമായി ബന്ധപ്പെട്ടു നടന്ന കറുത്തവംശജരുടെ സാമൂഹികവും കലാപരവുമായ പുതിയ മുന്നേറ്റങ്ങളെയും കൂട്ടായ്മകളെയും പശ്ചാത്തലമാക്കിയാണ് കവിതയിലെ പ്രത്യക്ഷാവതരണങ്ങൾ എന്ന അർത്ഥത്തിൽ പെർഫോമൻസ് പോയട്രി വലിയ തുടർച്ചയോടെ കടന്നുവരുന്നത്. തേടിപ്പോയാൽ കവിതയുടെ അവതരണങ്ങൾ തുള്ളലായും ചൊല്ലലായും നമ്മുടെ നാട്ടിൽ നടന്നതിന്റെ മറ്റൊരു ചരിത്രവും വായിച്ചെടുക്കാനാവും. ആ ശ്രമങ്ങൾ ഇടമുറിയുകയോ നേർത്ത് നേർത്ത് ആരെയുമാവേശിക്കാത്ത കേവലവായനകളോ മാത്രമായി ചുരുങ്ങി എന്ന് വേണം മനസ്സിലാക്കാൻ. കേരളത്തിൽ 70കളിലും 80കളിലും വളരെ വ്യാപകമായി അരങ്ങുവാണ ചൊൽക്കവിത അവതരണങ്ങൾ പെർഫോമൻസ് പോയട്രി എന്ന കാവ്യമുന്നേറ്റത്തിന് വളരെ അടുത്തുനിൽക്കുന്നവയാണ്. പെർഫോമൻസ് പോയട്രിയും ചൊൽകവിതയും വഹിക്കുന്ന രാഷ്ട്രീയോർജ്ജവും സാമൂഹികപരതയുമാണ് അവയെ കവിതസംവേദനങ്ങളുടെ പുതിയ ഉണർവാക്കി, തുടർച്ചയാക്കി പ്രത്യക്ഷത്തിൽ മാറ്റുന്നത്. പ്രത്യേകിച്ച് രണ്ടാംലോകമഹായുദ്ധാനന്തരം ലോകത്തിന്റെ പലഭാഗങ്ങളിലുമുണ്ടായി വന്ന സമാന്തര സംസ്‌കാരങ്ങളുടെ തുടർച്ചയായാണ് പെർഫോമൻസ് പോയട്രി കൂടുതൽ ശ്രദ്ധ നേടുന്നതെന്ന് ഓർക്കേണ്ടതുണ്ട്. മുഖ്യധാരകളിൽ നിന്ന് പലവിധേനയും മാറ്റി നിർത്തപ്പെട്ട അതിനോട് കലഹിക്കുന്ന, സാമൂഹിക അസമത്വത്തിന്റെ കയ്പ്പുനീർ കുടിച്ച ജനതകൾ കവിത എന്ന പ്രതലം ഉപയോഗിച്ച് നടത്തിയ സമാന്തരസമരങ്ങളുടെ, ആൾക്കൂട്ടസമരങ്ങളുടെ ചരിത്രവും അവയ്ക്ക് പറയാനുണ്ട്.

സംഗീതവും സംഗീതോപകരണങ്ങളും തുടങ്ങി തദ്ദേശീയ വാമൊഴി പാരമ്പര്യങ്ങളെയും അത് സ്വാംശീകരിച്ചു. സംഗീതത്തിന്റെയും സംഗീതോപകരണങ്ങളുടെയും തിരഞ്ഞെടുപ്പിൽ വരെ തങ്ങളുടെ സാംസ്‌കാരിക ജീവിതത്തിന്റെ നഷ്ടപ്പെടുന്നതോ തിരിച്ചുപിടിക്കേണ്ടതോ ആയ മുദ്രകളെ പുനരാനയിച്ചു. വംശത്തെയും വംശചരിത്രസ്മൃതികളെയും പുതിയ സാമൂഹികാവസ്ഥകളെയും ഭാഷയിലൂടെയും മറ്റും അവതരണ മാതൃകകളിലൂടെയും പ്രതിനിധീകരിക്കുകയും ചെയ്തു. ഒരർത്ഥത്തിൽ പറഞ്ഞാൽ പ്രത്യക്ഷമായി തന്നെ അവതരണം എന്ന സ്വഭാവത്തെ ആ പ്രകടനങ്ങൾ ഏറെക്കുറെ മുന്നിൽക്കണ്ടാണ് രചിക്കപ്പെട്ടതെന്ന് പറയേണ്ടിവരും. ആൾക്കൂട്ടങ്ങളോട് ഒരേസമയം ഒരേപോലെ സംവദിക്കുക എന്നത് അത്തരം അവതരണങ്ങളുടെ ആന്തരിക ജീവിതത്തിന്റെ അജണ്ടകളിൽ ഒന്നായിരുന്നു. അതുകൊണ്ട് തന്നെ വാക്കുകളുടെ തെരഞ്ഞെടുപ്പ് മുതൽ അവതരണത്തിൽ കൊണ്ടുവരുന്ന ചെറുതും വലുതുമായ മെയ്യഭ്യാസങ്ങൾ വരെ ചേർന്ന് അൽപം നാടകീയമായ ഒറ്റ അവതരണമാവുമ്പോൾ തന്നെ പല കലാരൂപങ്ങളുടെ കൂട്ടമാവുകയും ഒറ്റച്ചെവിയിലേക്കെന്ന പോലെ പ്രവഹിക്കുകയും ചെയ്യുന്നു. തീർച്ചയായും ഭാഷ അവിടെ പ്രധാനം തന്നെ. അതിന്റെ ഉദ്ദേശ്യം കവിതയുടെ സംവേദനത്തേക്കാൾ പലപ്പോഴും സാമൂഹികമായ ഉണർവ്വിലേക്ക് നയിക്കുക എന്നതായിരുന്നു. അവതരണങ്ങളെ സൗന്ദര്യാനുഭൂതി എന്നതിനേക്കാൾ സാമൂഹിക- രാഷ്ട്രീയ അനുഭൂതിയാക്കിമാറ്റുക എന്നതായിരുന്നു പരമപ്രധാനം. കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചാൽ ഭാഷ എന്നത് അവിടെ പല പ്രതലങ്ങളിൽ ഒന്നു മാത്രമായിതീരുന്ന കാഴ്ച കാണാനാകും. ഇതു മോശമാണെന്നല്ല, മറിച്ച് ഇങ്ങനെയായിരുന്നു അത്തരം അവതരണങ്ങളുടെ സ്വഭാവം എന്നുമാത്രം. പുറമേക്കും അകമേക്കും പലപ്പോഴും പ്രത്യക്ഷമായി തന്നെ രാഷ്ട്രീയം മുന്നോട്ടു വെച്ച ഇത്തരം അവതരണങ്ങൾ തീർച്ചയായും ജനകീയവുമായ കവിതയുടെ മുഖവുമായിരുന്നു എന്നതിൽ തർക്കമില്ല.


REPRESENTATIVE IMAGE: WIKI COMMONS

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കങ്ങളിൽ യൂറോപ്പിലും ലോകത്തിന്റെ മറ്റു പലയിടങ്ങളിലും വ്യാപകമാക്കപ്പെട്ട ആധുനികതയുടെ ബുദ്ധിപരമായ കാവ്യസംവേദനത്തിനേറ്റ പ്രഹരമായിരുന്നു സവിശേഷാർത്ഥത്തിൽ പെർഫോമൻസ് പോയട്രി. ആധുനികതയുടെ സാഹിത്യം എന്നത് രണ്ടായി പിളരുന്ന കാഴ്ച വ്യക്തമാവുന്നത് അക്കാലത്തെ സാംസ്‌കാരിക സദസ്സുകളെക്കുറിച്ചു കൂടി വന്നിട്ടുളള വായനകളിൽ നിന്നാണ്. ഉയർന്നതെന്നും താഴ്ന്നതെന്നും കലാപരമായി വേർതിരിക്കപ്പെട്ട സാഹിത്യങ്ങളിൽ ആപേക്ഷികമായ ഗുണമേൻമ കണക്കുകളേക്കാൾ വർഗ്ഗപരമായ സ്വാധീനങ്ങളും സൗന്ദര്യബോധങ്ങളുമായിരുന്നു തിളച്ചു മറിഞ്ഞിരുന്നത്. ഉയർന്നകലയുടെ പ്രചാരകനായിരുന്ന എസ്രാപൗണ്ടിന് തന്റെ ആദ്യകാല കലാപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നു എന്നതും അദ്ദേഹത്തിന്റെ ആദ്യകാല പ്രഭാഷണങ്ങൾക്ക് ശുഷ്‌കമായ കേൾവിക്കാരെ ഉണ്ടായിരുന്നുളളൂ എന്നതും ഒരു ചരിത്ര വസ്തുത എന്നതിലപ്പുറം അത് പ്രതിനിധീകരിക്കുന്ന വർഗ്ഗസ്വഭാവം കൃത്യമായി വരഞ്ഞുകാട്ടുന്നുണ്ട്. എസ്രാപൗണ്ടും എലിയറ്റുമുൾപ്പെടുന്ന വരേണ്യമെന്ന് കരുതിപ്പോന്നവരുടെ ബുദ്ധിപരമായ, രൂപബുദ്ധിയുളള ഭാഷാപ്രകടനങ്ങളോടുളള ശക്തമായ പ്രതികരണങ്ങളായി വായിച്ചെടുക്കുമ്പോൾ മാത്രമേ പെർഫോമൻസ് പോയട്രി എന്നതിന്റെ കലാപരമായ തുടർച്ചയേയും വിച്ഛേദത്തെയും മനസ്സിലാക്കാൻ കഴിയുളളൂ. ഒരർത്ഥത്തിൽ പെർഫോമൻസ് പോയട്രി കവിതാബാഹ്യമായ ഒരിടപെടൽ എന്ന അർത്ഥത്തിൽ കൂടി വേണം അടയാളപ്പെടുത്തപ്പെടാൻ. കവിത അവിടെ ഉപകരണമാവുന്നു. കൂടാതെ കവിത ഭാഷമാത്രമാവുന്ന ആധുനിക സംവേദനങ്ങളെ അവ ചെറുത്ത് തോൽപ്പിക്കുകയും ചെയ്യുന്നു.

തൊണ്ണൂറുകൾക്ക് ശേഷം മലയാള കവിതയിൽ വ്യാപകമായ അവതരണ കവിത പെർഫോമൻസ് പോയട്രിയുടെയോ അതിന്റെ തന്നെ ഏറെക്കുറെ മലയാളീകരിച്ച പതിപ്പായ ചൊൽക്കവിത മുന്നേറ്റങ്ങളുടെയോ തുടർച്ചയല്ല. മറിച്ച് തൊണ്ണൂറുകൾക്ക് ശേഷം മലയാള കവിതയിൽ സജീവമായ, കൃത്യമായി പറഞ്ഞാൽ രണ്ടായിരത്തിന് ശേഷം മലയാള കവിതയിൽ, വിസ്തരിച്ച് പറഞ്ഞാൽ കേരള കവിതയിൽ വലിയ തോതിൽ അകമേ പ്രകടമായ ഒരു ഭാഷാസ്വഭാവത്തെ സൂചിപ്പിക്കാനാണ് അവതരണ കവിത എന്ന പ്രയോഗം ഞാനുപയോഗിക്കുന്നത്. അപ്പോൾ തീർത്തും ന്യായമായ ഒരു സംശയം ഉയരും. കവിത ഏറ്റവും ചുരുങ്ങിയ അർത്ഥത്തിൽ തന്നെ അവതരണമാകണമെന്നിരിക്കെ, അതിൽ കൂടുതലായി അവതരണ കവിത കൊണ്ട് മറ്റെന്താണ് ഉദ്ദേശിക്കുന്നത്? ഈ സംശയത്തിനുളള ഉത്തരം രണ്ടുതരം മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് വിശദീകരിക്കാൻ ശ്രമിക്കുന്നത്; ഒന്ന് കാവ്യരചനശീലവുമായി ബന്ധപ്പെട്ടും മറ്റൊന്ന് സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ടും.

കാവ്യരചന ശീലങ്ങളിൽ വന്നുപെട്ട സവിശേഷമായ ഒരു മാറ്റത്തെക്കുറിച്ച് ഡോ. എൻ അജയകുമാർ എഴുതുന്നു 'കഥാവസ്തു ഏകസൂത്രബന്ധിതമെന്ന് അവകാശപ്പെടാൻ കഴിയുമെങ്കിലും അതിൽ നിന്ന് എത്രദൂരം വേണമെങ്കിലും വ്യതിചലിച്ചുപോയി തിരിച്ചുവരാൻ പഴുതുളള പഴയ കാവ്യാഖ്യാന രീതിയുടെ പല സവിശേഷതകളിൽ ചിലതാണ് ആശാൻ പറഞ്ഞ അത്ഭുതവും കൗതുകവുമൊക്കെ ജനിപ്പിക്കുന്ന വർണ്ണനകൾ. അവയൊക്കെ പിന്നീടങ്ങോട്ട് കുറയുകയും മുൻപ് പറഞ്ഞതു പോലെ ദൃഡവും കേന്ദ്രീകൃതവുമായ ശിൽപ്പങ്ങളായി കവിത സാമാന്യേന മാറിത്തീരുകയും ചെയ്തു. ചങ്ങമ്പുഴയുടെ കവിതകളിലും ആധുനികത പ്രസ്ഥാനകവിതകളിലും മറ്റും ഈ കേന്ദ്രീകൃതബലം ശിഥിലമാകുന്നതിന്റെ സങ്കീർണ്ണാനുഭവം നമുക്കുണ്ടാകുന്നുണ്ടെങ്കിലും അതുതീരെ മാഞ്ഞു പോയെന്ന് പറയാനാകില്ല. എന്നാൽ അതിനുശേഷം കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകത്തോടെ ശ്രദ്ധയിൽ വന്ന പുതിയകവികളിൽ ആ കേന്ദ്രീകൃതബലത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെ കാണുന്നില്ല'. മലയാള കവിതയുടെ ചരിത്രത്തെ സവിശേഷമായ ഒരു കോണിൽ നിന്ന് നോക്കിക്കാണുകയാണ് മേൽപറഞ്ഞ നിരീക്ഷണം. രണ്ടു കാര്യങ്ങളാണ് ഏറ്റവും ശ്രദ്ധേയമായി പരിഗണിക്കപ്പെടേണ്ടത്. അതിലൊന്ന് കവിതയിലെ ക്ലാസിക് കാലഘട്ടം മുതൽ നിർണ്ണായകമായ കഥാവസ്തു എന്ന ഏകകത്തിന് കാലാന്തരത്തിൽ സംഭവിച്ച മാറ്റമാണ്. മറ്റൊന്ന് കവിതയിലെ കേന്ദ്രീകൃത ബലം പൂർണമായല്ലെങ്കിലും കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ച് ഇല്ലാതായതിന്റെ ചരിത്രവും. തൊണ്ണൂറുകൾക്ക് ശേഷം കവിതയിൽ കേന്ദ്രീകൃതബലം ഏതാണ്ട് ഇല്ലാതാകുന്നത് സ്വഭാവികമായല്ല. എന്നുവെച്ചാൽ കവിതയിൽ അത്രനാളും വിഹരിച്ചിരുന്ന വർഗ്ഗങ്ങളിൽ നിന്ന് സമൂലമായ പരിവർത്തനം കവിതയിൽ സംഭവിക്കുകയും കവിത എന്ന വ്യവഹാരം വികേന്ദ്രീകരിക്കപ്പെട്ട സംവേദനതലമായി തീരുകയും ചെയ്യുകയാണുണ്ടായത്. തൊണ്ണൂറുകൾക്ക് ശേഷമുളള കാവ്യഭാവുകത്വത്തെ അടയാളപ്പെടുത്തുന്നതിൽ കവിതയിൽ പ്രവർത്തിക്കുന്ന അധികാര സ്വരൂപങ്ങളുമായുമായ ബന്ധപ്പെട്ട ഈ രണ്ട് അഭാവങ്ങളും അങ്ങനെ നിർണ്ണായകമായി തീരുന്നു.


ഡോ. എൻ അജയകുമാർ | PHOTO: WIKI COMMONS

ആധുനികത മലയാള കവിതയിൽ കൊണ്ടുവന്ന ചില മാറ്റങ്ങളെ ഈ അവസരത്തിൽ കൂട്ടിവായിക്കുന്നത് നന്നായിരിക്കും. കരുണാകരൻ എഴുതുന്നു. 'മലയാളത്തിൽ ആധുനിക കവിതയുടെ ഒരു സവിശേഷത പാരമ്പര്യത്തോടുളള അതിന്റെ യുക്തിസഹമായ അടുപ്പമായിരുന്നു. നമ്മുടെ ക്ലാസിക് കാലഘട്ടത്തോടും പിന്നീടു വരുന്ന നവോത്ഥാന കാലഘട്ടത്തോടും വിമർശനാത്മകമായ ഒരാഭിമുഖ്യം കവിതയിലെ ആധുനിക ധാര പ്രകടിപ്പിച്ചു'. ചുരുക്കത്തിൽ നമ്മുടെ ക്ലാസിക് പാരമ്പര്യത്തിന്റെയും നവോത്ഥാന ശ്രമങ്ങളുടെയും ഒരുറവ മലയാള ആധുനികകവിതയിൽ പ്രവർത്തിച്ചിരുന്നു എന്ന് വ്യക്തം. ആധുനിക കവിതയുടെ പ്രധാന വക്താക്കളിലൊരാളായ സച്ചിദാനന്ദന്റെ വാക്കുകൾ തൊണ്ണൂറുകൾക്ക് മുമ്പുളള കവിതയുടെ മറ്റൊരു ഇഴയടുപ്പത്തെക്കുറിച്ച് കൂടുതൽ വെളിച്ചം തരുന്നു. 'ഫ്രഞ്ച് സിംബലിസ്റ്റുകളും എസ്രാപൗണ്ട്, എലിയറ്റ് തുടങ്ങിയവരും പ്രതിനിധാനം ചെയ്തിരുന്ന തരം വ്യക്തി കേന്ദ്രീകൃതവും ഏറെക്കുറെ പ്രത്യാശാരഹിതവുമായ ആധുനിക കവിതയിൽ നിന്ന് നെരൂദ, വയെഹോ, ലാങ്ങ്സ്റ്റൺ ഹ്യൂഗ്‌സ്, ഡേവിഡ് ഡിയോപ് തുടങ്ങിയവരുടെ കവിതയിലേക്ക് ഏറെ ദൂരമുണ്ട്'. ഈ ദൂരം മലയാള ആധുനികത കവിതയിൽ കുറഞ്ഞു വന്നതിന്റെ ചരിത്രത്തെ ജനപക്ഷബോധമോ ഇടതുപക്ഷബോധമോ ആയി പലയിടത്തും വായിക്കപ്പെട്ടിട്ടുണ്ട്. പാരമ്പര്യത്തിൽ വേരുളള മലയാള ആധുനികത, പാരമ്പര്യത്തിൽ വേരുളള സാമൂഹികോർജ്ജം പേറുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെയും ആഫ്രിക്കയിലെയും മറ്റും രാഷ്ട്രീയ സാമൂഹിക പ്രതിപക്ഷങ്ങളുടെ ഭാഷയിൽ ആകൃഷ്ടരായതിൽ കേരളത്തിൽ സവിശേഷമായി വളർന്നുവന്ന ഇടതുപക്ഷ അവബോധത്തിന് കൃത്യമായ പങ്കുണ്ട്. എന്നാൽ വ്യക്തിയും സമൂഹവും സൃഷ്ടിച്ച എല്ലാ സ്ഥാപനങ്ങളെയും സംശയത്തോടെയും അവനവന്റെ അനുഭവത്തിന്റെ വെളിച്ചത്തിലും വായിക്കാൻ തൊണ്ണൂറുകൾക്ക് ശേഷമുളള കവിത വലിയ അളവിൽ ശ്രദ്ധിച്ചു. ഇത്തരം ശ്രമങ്ങൾ ആധുനികരിലുമുണ്ടായിട്ടുണ്ട്. എന്നാൽ പുതിയ ഭാവുകത്വം സവിശേഷമായി ആധുനികതയുടെ അനവധി ഉറവകളിൽ നിന്ന് കിട്ടിയ നാടകീയതയെ പൂർണമായല്ലെങ്കിലും അവഗണിക്കുകയും ഉദ്വേഗം ജനിപ്പിക്കുന്ന, അറ്റം തീർച്ചയില്ലാത്ത കളികളിലേക്ക് കവിതയുടെ കുടമാറ്റം നടത്തുകയും ചെയ്തു. ഇതിനും അപവാദങ്ങളുണ്ട്. എങ്കിലും ജൻമസിദ്ധമായ അനിശ്ചിതത്വങ്ങൾ പേറുന്ന 'ലൈവ് ആർട്ടായി' കവിത മാറുന്നതിന്റെ സാമൂഹിക പരിസരങ്ങൾ കൂടി ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.

അവതരണ കവിതയുടെ സാമൂഹിക പശ്ചാത്തലം കേരളത്തിന്റെ ജൈവികതയെ നിർണ്ണയിക്കുന്ന പ്രബലമായിതീർന്ന മദ്ധ്യവർഗ്ഗത്തിന്റെ ചരിത്രം കൂടിയാണ്. കെ.എം. നരേന്ദ്രൻ എഴുതുന്നു; 'ഒരു നൂറുകൊല്ലം മുമ്പ് മദ്ധ്യവർഗ്ഗം എന്നൊന്ന് ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യലബ്ധിയുടെ സമയത്തും മദ്ധ്യവർഗ്ഗം അത്രപ്രസക്തമായ പദമായിരുന്നില്ല. മഹാന്യൂനപക്ഷമായ ധനികരോട് ഒട്ടിനിൽക്കുന്ന ഏതാനും കുടുംബങ്ങളും സർക്കാർ ഉദ്യോഗസ്ഥരിലെ ഉയർന്ന തട്ടും ചേർന്ന ചെറിയൊരു വിഭാഗമായിരുന്നു അന്നത്തെ മദ്ധ്യവർഗ്ഗം. സ്വാതന്ത്ര്യാനന്തരം 1960 കളോടെ കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ബോധത്തിൽ ആധിപത്യം ലഭിച്ച ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം മദ്ധ്യവർഗ്ഗമെന്നത് സൈദ്ധാന്തികമായി തന്നെ രാഷ്ട്രീയ ചരിത്രത്തിലെ ആത്യന്തിക ഘടകമായിരുന്നില്ല. ഉളളവനും ഇല്ലാത്തവനും X - Y യുമായി മാറിയ ബീജഗണിത സമവാക്യത്തിൽ മദ്ധ്യവർഗം ഇടം പിടിച്ചിരുന്നതേയില്ല. മദ്ധ്യവർഗ്ഗം ഉപരിവർഗ്ഗത്തിന്റെ കയ്യാളുകൾ മാത്രമാണെന്നും ആത്യന്തിക രാഷ്ട്രസമരം വരുന്നതോടെ അവർ രണ്ട് സ്ഥിരവർഗ്ഗങ്ങളിലേക്ക് ആദേശം ചെയ്യപ്പെട്ട് ഇല്ലാതാവും എന്നും ഇടതു സൈദ്ധാന്തിക പണ്ഡിതർ കണക്കുകൂട്ടി. രണ്ട് വർഗ്ഗത്തിന്റെ ഇടയിൽ നിൽക്കുന്നത് എന്ന അർത്ഥം വരുന്ന മദ്ധ്യവർഗ്ഗം എന്ന പദം തന്നെ സ്വന്തമായി അസ്ഥിത്വവും നിലനിൽപ്പും ഇല്ലാത്തത് എന്ന സൂചന അർഹിക്കുന്നുണ്ട്. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. കഴിഞ്ഞ അരനൂറ്റാണ്ടിനുളളിൽ മദ്ധ്യവർഗ്ഗം നിലനിൽക്കാൻ അവകാശമുളള രണ്ട് വർഗ്ഗങ്ങളിൽ ലയിക്കുന്നതിനു പകരം ആ രണ്ട് വർഗ്ഗങ്ങളെ തങ്ങളിൽ ലയിപ്പിച്ച് മഹാഗണമായി മാറി. മഹാഭൂരിപക്ഷമായിരുന്ന ദരിദ്രവിഭാഗം കോണിപ്പടികൾ കയറി മദ്ധ്യവർഗ്ഗത്തിന്റെ താഴത്തെ തട്ടിലെങ്കിലും എത്തിക്കഴിഞ്ഞു എന്നത് നിസ്തർക്കമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിനുളളിൽ സംഭവിച്ച വർഗ്ഗപരമായ കയറ്റിറക്കങ്ങളെ കുറിക്കുന്നതാണ് മുകളിൽ കൊടുത്ത ഉളളടക്കം. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കേരളത്തിൽ വലിയ ശക്തിയായി മാറിയ മദ്ധ്യവർഗ്ഗം രാഷ്ട്രീയത്തിൽ എന്നതുപോലെ കലാസാംസ്‌കാരിക രംഗങ്ങളിലെ ഭാവുകത്വമാറ്റങ്ങൾക്കും കാരണമായി എന്നതാണ് ചുരുക്കം.


REPRESENTATIVE IMAGE: WIKI COMMONS

മറ്റൊരു തരത്തിൽ കൂട്ടിവായിക്കുമ്പോൾ ആധുനികതയുടെ അവസാനത്തോടെ ഏറെക്കുറെ വിപുലമാക്കപ്പെട്ട മദ്ധ്യവർഗ്ഗം എന്നത് ആശയത്തിലുപരി യാഥാർത്ഥ്യമായി നമ്മുടെ മുമ്പിലുണ്ടാവുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും സ്വാതന്ത്ര്യാനന്തരമായും ലോകമഹായുദ്ധാനന്തരമായും ശക്തിയാർജ്ജിച്ച ഈ പുതിയ വർഗ്ഗം ലോകത്തിനു മുൻപിൽ അവതരിപ്പിച്ച അജയ്യമായ വികസനമാതൃകയുടെ പേരായിരുന്നു വ്യവസായവൈശിഷ്ട്യം. വ്യവസായിക വിപ്ലവത്തിന്റെ വലിയ കാലത്തോട് ബന്ധപ്പെടുത്താവുന്ന കണ്ണികൾ അതിനുണ്ട്. ലോകത്തിന്റെ കച്ചവടസംസ്‌കാരങ്ങളുടെ സൂക്ഷ്മപരിശോധനകളിൽ സവിശേഷമായ ഭാവുകത്വമാറ്റമായി വേണം വ്യവസായവൈശിഷ്ട്യത്തെ അടയാളപ്പെടുത്താൻ. പണവും, കൊടുക്കൽ വാങ്ങലുകളും, ലാഭവും അടയാളങ്ങളായുളള നിരവധി ആശയലോകങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ലോകത്തെ ഒന്നാകെ പുതുക്കി പണിയുന്നതിൽ വ്യവസായവൈശിഷ്ട്യം കാഴ്ചവെച്ച പ്രകടനം എടുത്തു പറയേണ്ടതാണ്. ഇതിലൂടെ കലയിലും ജീവിതത്തിലും കേൾവിയും കാഴ്ചയും തുടങ്ങി എല്ലാം പ്രധാനമാകുന്ന, സൂക്ഷ്മമാകുന്ന പുതുഉപയോഗങ്ങളുടെ ക്രമം ലോകത്തിന് സമ്മാനിക്കപ്പെട്ടു. ആവശ്യമുളളത് കണ്ടെത്തുകയും നിർമ്മിക്കുകയും ചെയ്യുന്ന ഒരു ലോകത്തിന് പകരം ആദ്യം നിർമ്മിക്കുകയും പിന്നീട് ഉപയോഗിക്കാവുന്ന അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു മാസ്മരിക ലോകം സാമൂഹികയാഥാർത്ഥ്യമായി അവതരിപ്പിക്കപ്പെട്ടു.

വ്യവസായവൈശിഷ്ട്യം മുഖ്യധാര വിചാരമാതൃകയിൽ നിർണായകമായതോടെ എന്നത്തേയും പോലെ അതിനെതിരെയുളള പലതരം പ്രതിസംസ്‌കാര ധാരകളും സമാന്തര സാംസ്‌കാരിക മുന്നേറ്റങ്ങളും രൂപപ്പെടുകയുണ്ടായി. വ്യവസായവൈശിഷ്ട്യം സൃഷ്ടിച്ച സാമൂഹിക സാംസ്‌കാരിക മൂല്യങ്ങളോടും പ്രസ്ഥാനങ്ങളോടും കലഹിച്ച് സാമൂഹികജീവിതത്തിന്റെയും മുന്നേറ്റങ്ങളുടെയും വേറിട്ട വായനകൾ സാധ്യമാക്കിയ കവിതയിലെ പ്രതിസംസ്‌കാരത്തിന്റെ പേരാണ് അവതരണകവിത. മനുഷ്യ ജീവിതത്തിന്റെ സർവ്വരംഗങ്ങളിലും ഏറ്റവും മികച്ചതെന്നും മനോഹരമെന്നും വ്യവസായവൈശിഷ്ട്യം അവതരിപ്പിക്കുന്ന എല്ലാ മൂല്യസംവിധാനങ്ങൾക്കെതിരെയും ഉപഭോഗജീവിതത്തിനെതിരെയും അരാഷ്ട്രീയമായ ജീവിത അവബോധങ്ങൾക്കെതിരെയും കവിത എന്ന മാദ്ധ്യമം നടത്തുന്ന പലമട്ടിലുള്ള രാഷ്ട്രീയമായ അവതരണങ്ങളാണ് അവതരണകവിതകൾ. കവിത ഉപകരണത്തേക്കാൾ അവയവമാകുന്ന ജൈവികമായ പ്രതിഭാസം കൂടിയായി അവതരണകവിത മാറുന്നു. പല വിതാനങ്ങളിലുളള ബഹുജനങ്ങളുടെ കാലുകളിൽ നിന്നും നടന്നും കിടന്നും അവതരണകവിത ആവിഷ്‌ക്കരിക്കപ്പെടുന്നു. ജീവിക്കുന്നു എന്നതിനേക്കാൾ അതിജീവിക്കുന്നു എന്ന് വെളിപ്പെടുത്താൻ, പാടുന്നു എന്നതിനേക്കാൾ പറയുന്നു, നിലവിളിക്കുന്നു എന്ന് ഓർമ്മപ്പെടുത്താൻ അവതരണകവിത നിലപാട് തറ ഒരുക്കുന്നു.

(തുടരും)

Leave a comment