TMJ
searchnav-menu
post-thumbnail

Outlook

ശോഭി മാഷ്

13 Oct 2023   |   2 min Read
ജേക്കബ് തോമസ്

Apparel oft proclaims man (Shakespeare) എന്ന് പറഞ്ഞാല്‍ ശോഭീന്ദ്രന്‍ മാഷ് ആവുമോ?
അറിയില്ല.

പക്ഷെ, മാഷുടെ അകം നിറഞ്ഞ പച്ചയായിരുന്നു കുപ്പായത്തിലേക്കും പടര്‍ന്നത്. ഇതിന് അതി തീവ്രമായൊരു ലളിതവത്ക്കരണമുണ്ട്. അത് പ്രകൃതിയുടെ രസക്കൂട്ടില്‍ ചേര്‍ന്ന് നില്‍ക്കുന്നതാണ്. അങ്ങനെയാണ് മാഷ് പൊതുമണ്ഡലത്തില്‍ വൃക്ഷ സ്‌നേഹിയും മരംവെട്ട് വിരുദ്ധനുമായത്.

പച്ചക്കുപ്പായത്തിനൊപ്പം നീണ്ട് ഉലഞ്ഞൊരു താടിയും മാഷുടെ ബ്രാന്റ് ഇമേജായിരുന്നു. പക്ഷെ, അലസലളിതമായൊരു താടി പ്രകൃതി ഉപാസനയുമായി കൂട്ടിക്കെട്ടാന്‍ തുലോം വിഷമമായിരിക്കും. നടേ പറഞ്ഞ വ്യക്തിവൈശിഷിട്യത്തിലേക്ക് മാഷുടെ പച്ചക്കുപ്പായവും ഒഴുകി പരക്കുന്ന താടിയും ചേര്‍ന്ന് നില്‍ക്കുകയാണ്.

അത് കോഴിക്കോടന്‍  പൊതുജീവിതത്തിന്റെ വിളംബരവുമാണ്. അതായത്, നന്മകളില്‍ പൂത്തുലഞ്ഞ് പുറമേക്ക് കാഴ്ചയും ചാരുസുഗന്ധവുമാവുന്നൊരു സമൂഹ മനസ്സ്. അങ്ങനെയാണ്, മാഷ് ആദ്യവും അന്തവും മധ്യവും കോഴിക്കോട്ടുകാരനാവുന്നത്.

സവിശേഷമായൊരു  ജീവിതദര്‍ശനത്തിലേക്ക് എണ്ണിയാലൊടുങ്ങാത്ത ശിഷ്യര്‍ക്കൊപ്പം തീവ്ര മേലാപ്പണിഞ്ഞെത്തിയ രാഷ്ട്രീയത്തെയും കലാ പ്രവര്‍ത്തനത്തെയും വ്യക്തികളെയും മാഷ് ചേര്‍ത്ത് പിടിച്ചു. ആക്ടിവിസത്തില്‍ നിന്ന് നന്മകളുടെയും കൂട്ടായ്മകളുടെയും കതിരുകള്‍ ചേറിയെടുത്ത് മാഷ് കൂടെ കൊണ്ടു പോയി. എന്‍വയോണ്‍മെന്റ്, ജെന്‍ഡര്‍ രാഷ്ട്രീയ സമസ്യകളുടെ പരിചയക്കാരനായി.

പതുങ്ങിയെ സംസാരിക്കു. ചെവിയൊന്ന് ചേര്‍ത്ത് പിടിക്കണം കേള്‍ക്കാന്‍. ക്‌ളാസ് മുറിയിലാണെങ്കില്‍ പോലും. കേള്‍ക്കാനായിരുന്നു മാഷിന് എപ്പോഴും ഇഷ്ടം. ഉറക്കെ പറയുന്നവനും ആദ്യം പറയുന്നവനും വിരാജിക്കുന്ന ഇടങ്ങളിലെല്ലാം മാഷ് പതുക്കെ പറഞ്ഞും അപരനെ കേട്ടും താരമായി. കാണുമ്പോഴും ഒപ്പം നടക്കുമ്പോഴും മാഷ് ഒരു കൈ കൊടുക്കും. ഒപ്പം നടക്കുക മാത്രമല്ല, നമ്മളൊന്നാണെന്ന പ്രഖ്യാപനവുമാണത്.


ശോഭി മാഷ്, ഹരി നാരായണന്‍ | PHOTO: FACEBOOK
ഈയൊരര്‍ത്ഥത്തില്‍ മാഷുടെ താടിക്ക് പിന്മുറക്കാരില്ല. പക്ഷെ സഹയാത്രികര്‍ ഏറെയായിരുന്നു. ഹരി നാരായണന്‍, മധു മാഷ്, ജോണ്‍ എബ്രഹാം.... അങ്ങനെയങ്ങനെ നിരവധിയായി. അതൊരു കാലമായിരുന്നു. അപരന്റെ വാക്കുകള്‍ സംഗീതം പൊഴിച്ച കാലം. സഹജീവികള്‍ക്കായി ആയുധവുമെടുത്ത കാലം. കലാപ്രവര്‍ത്തനത്തില്‍ തീയും ചോരയും കോരിയിട്ട കാലം.
തിരക്കിട്ട് മുന്നേ പോയിട്ടുണ്ട് മധു മാഷ്. പതിവ് പതിഞ്ഞ താളത്തില്‍ മാഷും പിന്നാലെ നടന്നു പോവുന്നു... അണിചേരാന്‍.

കോഴിക്കോടന്‍ തെരുവുകള്‍ അങ്ങിനെയങ്ങിനെ ശൂന്യമാവുന്നു. അറുപതുകളും എഴുപതുകളും വെടിക്കെട്ടൊരുക്കിയ നൈതിക രാഷ്ട്രീയത്തിന്റെ ഫ്രെയിമുകളില്‍ നിന്ന് ഒരു പച്ചക്കുപ്പായക്കാരനും ഇറങ്ങി പോവുന്നു .

ലാല്‍സലാം.




#outlook
Leave a comment