കുയിലും കിളിയും ചിലയ്ക്കുന്ന വേദിയില്‍ അരനൂറ്റാണ്ട് മുന്‍പൊരു 'കാക്ക'
അന്‍പത്തൊന്നാം ചരമദിനത്തില്‍ ടി. ഉബൈദിനെക്കുറിച്ചുള്ള ചില ആലോചനകള്‍
'കോകിലങ്ങളും പൈങ്കിളികളും നിറഞ്ഞ ഈ പൂന്തോപ്പില്‍ എങ്ങുനിന്നോ ഒരു കാക്ക വന്നു കയറിയിരിക്കുകയാണ്. മാപ്പിളയെ കാക്ക എന്നു പറയാറുണ്ടല്ലോ' എന്ന വാചകത്തോടെയാണ് 1947 ലെ സമസ്തകേരളസാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ ടി. ഉബൈദ് തന്റെ പ്രസംഗം ആരംഭിച്ചത്. വാസ്തവത്തില്‍ സമ്മേളനത്തില്‍ പ്രസംഗിക്കാനായിരുന്നില്ല ഉബൈദ് ക്ഷണിക്കപ്പെട്ടത്, മാപ്പിളപ്പാട്ടുകളിലെ ശൃംഗാരമയമായ കെസ്സ് പാട്ടുകള്‍ രംഗത്തവതരിപ്പിക്കാനായിരുന്നു. മാപ്പിളപ്പാട്ടുകളെക്കുറിച്ച് അന്നുമിന്നും നിലവിലുള്ള സാമാന്യധാരണകളിലൊന്ന് അതൊരു ഫോക് രൂപമാണ് എന്നതാണല്ലോ. സമ്മേളനത്തിന് കൊഴുപ്പുകൂട്ടാനായുള്ള ഒരു 'പെര്‍ഫോമിംഗ് ആര്‍ട്ടിനാ'യാണ് സംഘാടകര്‍ ഉബൈദിനെ ബന്ധപ്പെട്ടതെങ്കിലും തനിക്ക് കിട്ടിയ ആദ്യ അവസരത്തെ ഏറ്റവും ക്രിയാത്മകമായി വിനിയോഗിക്കാനായിരുന്നു അദ്ദേഹം തുനിഞ്ഞത്. പാടുക എന്നതിനെക്കാള്‍ മാപ്പിളപ്പാട്ടുകളെക്കുറിച്ച് സംസാരിക്കാന്‍ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സംഘാടകര്‍ക്ക് കത്തെഴുതി. എത്രയോ ദിനരാത്രങ്ങള്‍ ഉറക്കമൊഴിച്ചിരുന്ന്, ഒരു ഗവേഷകന്റെ സമര്‍പ്പണബുദ്ധിയോടെ മാപ്പിളപ്പാട്ടുകളെക്കുറിച്ച് ഒരു പ്രബന്ധം എഴുതിത്തയ്യാറാക്കി. സമ്മേളനദിവസം പ്രസംഗിക്കാനുള്ള തന്റെ ഊഴം വരുന്നതുവരെ ഒരു മുറിയില്‍ ഏകാകിയായിരുന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. പ്രയത്‌നം വെറുതെയായില്ല. ആദ്യവാചകത്തിന് സദസ്സില്‍ നിന്ന് ലഭിച്ച കൈയടി പ്രസംഗം തീരുന്നതുവരെയുള്ള ഒന്നരമണിക്കൂര്‍ നീണ്ടുനിന്നത്രേ! ഇതിലെ അതിശയോക്തി മാറ്റി വെച്ചാലും മാപ്പിളപ്പാട്ടുകള്‍ ഗൗരവാവഹമായ ഒരു സാഹിത്യ ജനുസ്സാണെന്ന് മലയാളിക്ക് ബോധ്യപ്പെട്ടത് ഈ പ്രസംഗത്തോടെയാണെന്നത് ചരിത്ര വസ്തുതയാണ്. പരിഷത്തിന്റെ പില്‍ക്കാല സമ്മേളനങ്ങളില്‍ മാപ്പിളപ്പാട്ടുകളെക്കുറിച്ച് സംസാരിക്കാന്‍ ഉബൈദ് ക്ഷണിക്കപ്പെട്ടു എന്നു മാത്രമല്ല, മലയാള മഹാനിഘണ്ടു നിര്‍മ്മാണത്തിനിടെ മാപ്പിളഭാഷാപ്രയോഗങ്ങള്‍ ആരില്‍ നിന്ന് ശേഖരിക്കണമെന്ന് മഹാപണ്ഡിതനായ ശൂരനാട്ട് കുഞ്ഞന്‍പിള്ളയ്ക്ക് രണ്ടാമതാലോചിക്കാനുമുണ്ടായില്ല.
സാഹിത്യചരിത്രപഠിതാക്കളെ സംബന്ധിച്ച് ഉബൈദിന്റെ ഈ പ്രഭാഷണം വിലപ്പെട്ട രേഖയാണ്. സമ്മേളനാനന്തരം മെയ് 21, ജൂണ്‍ 1, 8 ലക്കങ്ങളിലായി മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് പ്രഭാഷണം ലേഖനരൂപത്തില്‍ പ്രസിദ്ധീകരിച്ചു. മാപ്പിളപ്പാട്ടുകളെക്കുറിച്ചുള്ള ആദ്യത്തെ ഗൗരവമേറിയ ലേഖനങ്ങളിലൊന്ന് എന്നതിനെക്കാള്‍ മാപ്പിളപ്പാട്ട്, മാപ്പിളസംസ്‌കാരം എന്നിവയെക്കുറിച്ച് പൊതുമലയാളിയോട് ആദ്യമായി നടത്തിയ ഭാഷണമായി വേണം ഈ ലേഖനത്തെക്കാണാന്‍. മലയാള അക്കാദമികളില്‍ ഇന്ന് പ്രബലമായിക്കൊണ്ടിരിക്കുന്ന സാഹിത്യചരിത്രവിജ്ഞാനീയപരമായ ആലോചനകള്‍ ഈ പ്രഭാഷണത്തെ സ്പര്‍ശിക്കാതെ പോകുന്നു എന്നത് കൗതുകകരമാണ്. 'മലയാളസാഹിത്യം' എന്ന സ്ഥാപനത്തിന്റെ ആന്തരികമായ അധികാരവ്യവസ്ഥയെക്കുറിച്ചുള്ള സൂക്ഷ്മവിമര്‍ശനങ്ങള്‍ മേല്‍ പ്രഭാഷണത്തില്‍ നിന്ന് ഇന്നു വായിച്ചെടുക്കുക സാധ്യമാണ്. മാപ്പിളസാഹിത്യത്തെക്കൂടി ഉള്‍ക്കൊള്ളാന്‍ തക്ക ജനാധിപത്യബോധം വളര്‍ത്തിയെടുക്കാന്‍ 'സാഹിത്യപുരോഗമന വിഷയകമായി തല കാഞ്ഞുചിന്തിച്ചു കൊണ്ടിരിക്കുന്ന യുവസാഹിത്യകാരന്മാ'രോട് അദ്ദേഹം അപേക്ഷിക്കുന്നുമുണ്ട്. ജി.ശങ്കരക്കുറുപ്പ്, ഉറൂബ്, എന്‍.വി.കൃഷ്ണവാരിയര്‍ തുടങ്ങിയ അതികായര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കപ്പെട്ട ആ പ്രഭാഷണം ഉബൈദ് ഉദ്ദേശിച്ച ഫലപ്രാപ്തി അന്നു നേടി എന്നു കരുതേണ്ടിയിരിക്കുന്നു. 'മാപ്പിളസാഹിത്യത്തെക്കുറിച്ച് കൂടി പ്രതിപാദിക്കാത്ത മലയാളസാഹിത്യചരിത്രം അപൂര്‍ണമാണെ'ന്ന ജി.ശങ്കരക്കുറുപ്പിന്റെ അഭിപ്രായം അത് തെളിയിക്കുന്നുണ്ടല്ലോ.
ടി. ഉബൈദ് | PHOTO: WIKI COMMONS
1972 ഒക്ടോബര്‍ 3 നാണ് കാസര്‍ഗോഡ് ഗവ. മുസ്ലിം ഹൈസ്‌കൂളില്‍, അറബിക് ടീച്ചേഴ്‌സ് ഇന്‍ സര്‍വീസ് കോഴ്‌സിന്റെ ഉദ്ഘാടനപ്രസംഗത്തിനിടെ കുഴഞ്ഞ് വീണ് ടി.ഉബൈദ് മരിക്കുന്നത്. താന്‍ തന്നെ പാട്ടുപാടിയും പിച്ച തെണ്ടിയും രൂപീകരിച്ചെടുത്ത ഒരു സ്ഥാപനത്തിലാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത് എന്നത് മറ്റൊരു കാവ്യനീതി. അതെന്തായാലും ടി.ഉബൈദ് എന്ന 'ആധുനിക കാസര്‍ഗോഡിന്റെ ശില്പി' വിടപറഞ്ഞിട്ട് ഇന്നേക്ക് അരനൂറ്റാണ്ട് പിന്നിടുകയാണ്. കവിയെന്ന നിലയിലാണ് പൊതുവെ അറിയപ്പെടുന്നതെങ്കിലും സാഹിത്യഗവേഷകന്‍, വിവര്‍ത്തകന്‍, സാമൂഹികപ്രവര്‍ത്തകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, അധ്യാപകന്‍, സമുദായപരിഷ്‌കര്‍ത്താവ്, പ്രഭാഷകന്‍, അധ്യാപകന്‍, സംഘാടകന്‍ എന്നിങ്ങനെ ഒട്ടനവധി വിശേഷണങ്ങള്‍ കൂടി അദ്ദേഹത്തിന് ചേരും. നവോത്ഥാനകാലവ്യക്തിത്വങ്ങളില്‍ കണ്ടുവരുന്ന 'ഒരേസമയം ബഹുമുഖമായ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ വ്യാപരിക്കുക' എന്ന പൊതുരീതി ഉബൈദ് മാഷിലും കാണാം.
വ്യത്യസ്തമായ ഈ കര്‍മമണ്ഡലങ്ങളില്‍ വ്യാപൃതനാവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് പ്രധാനമായും രണ്ട് താത്പര്യങ്ങളാണ്. അതിലാദ്യത്തേത് താനുള്‍പ്പെട്ടു നില്‍ക്കുന്ന സമുദായത്തിന്റെ ആധുനീകരണവും പൊതുമലയാളത്തില്‍ നിന്നുള്ള അവരുടെ അകല്‍ച്ചയെ ഇല്ലാതാക്കാനുമുള്ള ശ്രമമാണെങ്കില്‍ രണ്ടാമത്തേത് തെക്കന്‍ കാനറ ജില്ലയുടെ ഭാഗമായിരുന്ന കാസര്‍ഗോഡിന്റെ മാതൃഭാഷയായി മലയാളത്തെ ഉറപ്പിച്ചെടുക്കുകയും കേരളത്തിന്റെ ഭാഗമായി ആ പ്രദേശത്തെ മാറ്റുകയും ചെയ്യുക എന്നതുമായിരുന്നു. ആ നിലയില്‍ സാമുദായിക പരിഷ്‌കര്‍ത്താവും സാംസ്‌കാരികസമരപോരാളിയുമായി ടി.ഉബൈദിനെ കണക്കാക്കാം. അദ്ദേഹത്തിന്റെ ബഹുമുഖപ്രവര്‍ത്തനങ്ങളെക്കുറിച്ച് കേവലമായി സൂചിപ്പിക്കാന്‍ പോലുമുള്ള ആഡംബരം സ്ഥലപരമായി ഈ കുറിപ്പ് അനുവദിക്കുന്നില്ല. അതിനാല്‍ തന്നെ മാപ്പിളസാഹിത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഭിന്നലേഖനങ്ങളുടെ പ്രസക്തി, കവിതകളുടെ സാഹിത്യചരിത്രവിജ്ഞാനീയപരമായ രാഷ്ട്രീയം എന്നിവ ചൂണ്ടിക്കാട്ടാനേ ഇവിടെ മുതിരുന്നുള്ളൂ.
ഉബൈദിന്റെ മാപ്പിളസാഹിത്യവിജ്ഞാനവും അതിന്റെ പ്രാധാന്യവും
'മാപ്പിളസാഹിതി' എന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരു പ്രസ്ഥാനത്തെ മലയാള കാവ്യചരിത്രത്തില്‍ കല്പിച്ചെടുക്കുക സാധ്യമാണ്. കുറഞ്ഞത് മധ്യകാലം തൊട്ടെങ്കിലും അതിന് അനുക്രമമായ വികാസപരിണാമങ്ങളുണ്ടാവുന്നുമുണ്ട്. ചരിത്ര/സാഹിത്യപഠിതാക്കള്‍ സ്പര്‍ശിക്കാതെ വിട്ട മേഖലയൊന്നുമല്ല മാപ്പിളസാഹിത്യം. മോയിന്‍കുട്ടി വൈദ്യരുടെ വിശ്രുതകാവ്യം ''ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാലി''ന്റെ കഥാസാരം പരിചയപ്പെടുത്തിക്കൊണ്ട് 1889 ല്‍ മലബാറിലെ പോലീസ് സൂപ്രണ്ടായ എഫ്.എ.ഫോസറ്റ് ഇന്ത്യന്‍ ആന്റിക്വറിയിലെഴുതിയ 'എ പോപ്പുലര്‍ മാപ്പിള സോംഗ്' എന്ന ലഘു പ്രബന്ധം മുതല്‍ മാപ്പിളസാഹിത്യവിചാരം ആരംഭം കുറിക്കുന്നുണ്ട്. ഓറിയന്റല്‍ യുക്തിക്കുള്ളില്‍ നിലയുറപ്പിച്ച കൊളോണിയല്‍ പണ്ഡിതരുടെ എഴുത്തുകുത്തുകളെ മാറ്റി നിര്‍ത്തിയാലും വക്കം അബ്ദുള്‍ ഖാദര്‍ മൗലവി മുതല്‍ അസംഖ്യം പഠിതാക്കള്‍ മാപ്പിളസാഹിത്യത്തെക്കുറിച്ച് അതീവഗൗരവമായി ആലോചിച്ചിട്ടുണ്ട്. ആ വംശാവലിചരിത്രത്തിലെ കേവലമൊരു പേരല്ല ടി.ഉബൈദിന്റേത്. പൊതുവെ, മാപ്പിളസാഹിത്യവിജ്ഞാനീയത്തിന്റെ പ്രധാന പരിമിതി (ദൗര്‍ബല്യം) അനാവശ്യമായ പീഠവത്കരണ (canonization) ശ്രമമാണ്. മോയിന്‍കുട്ടി വൈദ്യരെക്കുറിച്ചുള്ള ഏത് ചര്‍ച്ചയിലും ആശാനുമായി തുലനപ്പെടുത്തി 'വൈദ്യരുടെ തട്ട് പൊങ്ങി നില്‍ക്കുന്നു എന്ന മട്ടിലുള്ള ആദര്‍ശവത്കരണം' കാണാം. ആശാന്‍ കവിതകള്‍ ചെലുത്തിയ ഭാവശക്തിയും പ്രവര്‍ത്തനശേഷിയും വൈദ്യര്‍ കവിതകളെക്കാള്‍ എത്രയോ മുകളിലാണ് എന്നതാണ് ചരിത്രയാഥാര്‍ത്ഥ്യം എന്നിരിക്കെ, ഇത്തരം ഭാഷ്യങ്ങള്‍ മാപ്പിളസാഹിത്യത്തെക്കുറിച്ചുള്ള ഒരു പൊതുചര്‍ച്ചയ്ക്ക് വിലങ്ങുതടിയാവും. മറ്റൊരര്‍ഥത്തില്‍ മാപ്പിളസാഹിത്യത്തിന്റെ ചരിത്രപരത തന്നെയാണ് ഇത്തരം അതിവാദങ്ങള്‍ നഷ്ടപ്പെടുത്തുന്നതും. മാപ്പിളപ്പാട്ടുകള്‍, കവിതകള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ച മുസ്ലീങ്ങളിലേക്ക് പരിമിതപ്പെടുത്തുക (ബോധപൂര്‍വമല്ലെങ്കില്‍ കൂടി) എന്നതാണ് രണ്ടാമത്തെ ദൗര്‍ബല്യം. പൊതുപൈതൃകത്തിന്റെ ഭാഗമാകുന്നതില്‍ നിന്ന് ഈ നിലപാടുകളും മാപ്പിളസാഹിത്യത്തെ തടയുന്നു.
ഈ രണ്ട് ദൗര്‍ബല്യങ്ങളെയും മറികടക്കുന്നുണ്ട് ഉബൈദ്. അദ്ദേഹത്തെ സംബന്ധിച്ച് സാഹിതീയസൗന്ദര്യം ഏറ്റം ഏറി നില്‍ക്കുന്ന ആവിഷ്‌കാരരൂപമല്ല മാപ്പിളപ്പാട്ട്. അത്തരം അമിതാവകാശവാദങ്ങളേക്കാള്‍ മാപ്പിളപ്പാട്ടിന്റെ ചരിത്രപരത, ആന്തരികഘടന, സാധ്യത, ആ ജനുസ്സ് നേരിടുന്ന പ്രതിസന്ധികള്‍ എന്നിവ ഊന്നിപ്പറയാനാണ് അദ്ദേഹത്തിന്റെ ശ്രമം. മാപ്പിളസാഹിത്യം കേരളീയപൈതൃകത്തിന്റെ തന്നെ ഭാഗമാണെന്നും അവയിലെ അന്യമെന്നു തോന്നുന്ന കടം കൊള്ളലുകള്‍ സാംസ്‌കാരികമായ കലര്‍പ്പിന്റേതാണെന്നും ശക്തമായി വാദിക്കാനും അദ്ദേഹം തയ്യാറാവുന്നതു കാണാം. ആ നിലയില്‍ 'മലയാളസാഹിത്യത്തില്‍ മുസ്ലിം ജനതയുടേയും ഇതരജനതകളുടേയും സാംസ്‌കാരികവും സാഹിത്യപരവുമായ അകല്‍ച്ചയകറ്റിയ പാലമാണ് ടി.ഉബൈദെ'ന്ന സി.പി.ശ്രീധരന്റെ നിരീക്ഷണം പിഴവുകളില്ലാത്തതാണ്.
മാപ്പിളപ്പാട്ടുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അതിന്റെ ജനകീയസ്വഭാവത്തെ ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട് ഉബൈദ്. പ്രതിപാദത്തെക്കാള്‍ പ്രതിപാദനരീതിയാണ് ജനകീയതയെ നിര്‍ണയിക്കുന്നത് എന്നാണദ്ദേഹത്തിന്റെ പക്ഷം. 'അംഗുലീപരിമിതരായ പണ്ഡിതജനങ്ങള്‍ക്കു മാത്രം ഗ്രഹിക്കാവുന്ന ഭാഷയില്‍ തൊഴിലാളിവര്‍ഗത്തെയോ ദരിദ്രനാരായണന്മാരെയോ സംബന്ധിക്കുന്ന വിഷയങ്ങള്‍തന്നെ വര്‍ണിച്ചാലും അത് ജനകീയമായി എന്നു വരികയില്ല. അര്‍ഥാലങ്കാരത്തിന്റെ ഉന്നതാംശങ്ങള്‍, ധ്വനി, വ്യംഗ്യം, ശ്ലേഷം ഇത്യാദി ഉള്‍ക്കൊള്ളിച്ച് ബഹുജനങ്ങളെ പുരസ്‌കരിക്കുന്ന വിഷയങ്ങളാണ് വര്‍ണിക്കുന്നതെങ്കിലും അവര്‍ക്കത് ഗ്രഹിക്കുക സാധ്യമല്ല. അത്തരം അര്‍ഥഗഹനത അവരെ തെല്ലും ആകര്‍ഷിക്കുകയുമില്ല. പ്രത്യുത, സാഹിത്യത്തിന്റെ വിശിഷ്ടാംശങ്ങളില്ലാത്ത ഗാനങ്ങളാണ് അവര്‍ക്ക് ആസ്വാദ്യങ്ങളും ആഹ്ലാദകരങ്ങളുമായി ഭവിക്കുക. അപ്പോള്‍ മാത്രമേ കാവ്യം ജനകീയമായിരിക്കൂ' എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കാണാം. മാപ്പിളപ്പാട്ടുകള്‍ ആശയഗഹനമാവുക എന്നതിനെക്കാള്‍ ശബ്ദവൈചിത്ര്യത്താല്‍ കര്‍ണമധുരമാവണം എന്നാണ് ഉബൈദിന്റെ നിലപാട്. മാപ്പിളപ്പാട്ടുകളിലെ പ്രാസാലങ്കാരാധിക്യം മാപ്പിളമാരുടെ ആഡംബരപ്രിയതയുടെ കാവ്യപരമായ പ്രത്യക്ഷപ്പെടലായാണ് അദ്ദേഹം കാണുന്നത്. ഇരുപതാം നൂറ്റാണ്ട് തുടക്കത്തിലെ ഒരു കേരളവര്‍മ പക്ഷപാതിയോളം ഉറച്ച ശബ്ദത്തില്‍ അദ്ദേഹം പ്രാസത്തിന് വേണ്ടി വാദിക്കുന്നു.
ടി. ഉബൈദ് | PHOTO: WIKI COMMONS
ക്ലാസിക്കല്‍ ആഭിമുഖ്യം പുലര്‍ത്തുന്ന കാവ്യനിരൂപകന്‍ എന്നതിനെക്കാള്‍ മാപ്പിളപ്പാട്ടുകളിലെ പ്രാസദീക്ഷയാണ് ആ ജനുസ്സിന്റെ അസ്തിത്വം എന്നതിനാലാണ് ഉബൈദ് പ്രാസത്തിനായി വാദമുഖം തീര്‍ക്കുന്നത്. ഗാനാത്മകതയാണ് മാപ്പിളപ്പാട്ടുകളുടെ ഏറ്റവും പ്രധാനസവിശേഷത. മലബാര്‍ മാപ്പിളമാരുടെ നിരക്ഷരതയെ മാപ്പിളപ്പാട്ടുകവികള്‍ പലപ്പോഴും മറികടന്നത് ഏറിയ സംഗീതാത്മകതയിലൂടെയാണ്. കാവ്യത്തിന്റെ ആദ്യന്തമുള്ള പദഘടനയെ ചേര്‍ത്തുനിര്‍ത്തുന്ന ആന്തരികബന്ധമായി വേണം മാപ്പിളപ്പാട്ടുകളിലെ പ്രാസദീക്ഷയെ മനസ്സിലാക്കാന്‍. അച്ചടി സാമാന്യമല്ലാതിരിക്കെ, പാട്ടുകളെ ഹൃദിസ്ഥമാക്കാന്‍ തക്ക ടെക്‌നിക്കായി പ്രാസദീക്ഷയെ മോയിന്‍കുട്ടി വൈദ്യരടക്കമുള്ളവര്‍ ഉയര്‍ത്തിപ്പിടിക്കുകയാണുണ്ടായത്. 'പാടിപ്പറച്ചില്‍' എന്നൊരു വ്യവഹാരരൂപം മലബാറില്‍ പ്രചാരത്തിലുണ്ടായിരുന്നു. പാട്ടുകള്‍ ഈണത്തില്‍ ചൊല്ലുകയും വരികളുടെ അര്‍ത്ഥം വിശദീകരിക്കുകയും ചെയ്തുപോന്ന പാട്ടുകൂട്ടായ്മയായിരുന്നു ഇത്. കല്യാണസദസ്സുകള്‍ തോറും സഞ്ചരിച്ചിരുന്ന ഇത്തരം പാട്ടുകൂട്ടങ്ങള്‍ക്ക് അനുസൃതമായ നിലയിലാണ് മാപ്പിളപ്പാട്ടുകവികള്‍ കാവ്യത്തിന്റെ രൂപഘടന സംവിധാനം ചെയ്തത്.
ഉദാഹരണത്തിന്, 94 ലഘുഗാനങ്ങളുള്‍ക്കൊള്ളുന്ന ബൃഹദ് കാവ്യമാണ് മോയിന്‍കുട്ടി വൈദ്യരുടെ ''ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍''. ഓരോ ലഘുഗാനത്തിനും സ്വകീയമായ നിലനില്പ് സാധ്യമാണ് എന്നതാണ് ഏറ്റവും പ്രധാന സവിശേഷത. കഥനത്തിന്റെ ഭാഗമായിരിക്കെ തന്നെ ഒറ്റയ്ക്കു നില്‍ക്കാന്‍ ശേഷിയുള്ള തൊണ്ണൂറ്റി നാല് ലഘുഖണ്ഡങ്ങള്‍. അവയില്‍ ചിലത് ഭാവഗീതാത്മകമാകുമ്പോള്‍ ചിലത് ശൃംഗാരപ്രധാനമായ വിവരണങ്ങളും മറ്റു ചിലത് വീരം തുളുമ്പുന്ന ചടുലാഖ്യാനങ്ങളുമാകുന്നു. ഈ ലഘു ഗാനങ്ങളില്‍ മിക്കതും ഒറ്റയ്‌ക്കൊറ്റയ്ക്ക് മാപ്പിളപ്പാട്ടുകളായി വികസിച്ചുവന്നു. ഉദാഹരണത്തിന്; ''ആനേ മദനഫൂ കനി തേനാളേ'' എന്ന ഖണ്ഡം നാടുവിടാനുള്ള ഹുസ്‌നുല്‍ ജമാലിന്റെ തീരുമാനത്തോടുള്ള ബദ്‌റുല്‍ മുനീറിന്റെ പ്രതികരണമാണ്. കാവ്യത്തിന്റെ ഭാഗമാകാതെ തന്നെ ഈ പാട്ട് ഒപ്പന/ വട്ടക്കളികളിലും മാപ്പിളപ്പാട്ട് സദസ്സുകളിലും ഗൃഹാന്തരീക്ഷങ്ങളിലും പാടത്തും വാമൊഴിയായി പ്രചരിച്ചിരുന്നു. ഇന്നും മാപ്പിളപ്പാട്ടുകളില്‍ ഉന്നതസ്ഥാനം ഈ പാട്ടിനു കല്പിച്ചു നല്‍കാറുണ്ട്. ''ഒയ്യേയെനിക്കുണ്ട് ഫയ്യല്.........'' തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍ കാവ്യത്തില്‍ നിന്നു കണ്ടെത്താം. ഇങ്ങനെ, ഒരു ബൃഹദ് ആഖ്യാനത്തിന്റെ ഭാഗമായിരിക്കാനും എന്നാല്‍ ഇശലുകളിലെ വ്യതിരിക്തതയാല്‍ സ്വയം നിലകൊള്ളാനും ശേഷിയുള്ള ഗീതങ്ങളാണ് മാപ്പിളസാഹിതി. ഈ സുപ്രധാനതലത്തെ ടി.ഉബൈദ് തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ തന്നെ ഇശലുകളുടെ സ്വീകാരം, പ്രാസദീക്ഷ എന്നിവയില്‍ ഒട്ടൊരു കടുംപിടുത്തം അദ്ദേഹം സൂക്ഷിക്കുന്നതും കാണാം.
മലയാളിപൈതൃകത്തിന്റെ ഭാഗമാണ് മാപ്പിളപ്പാട്ട് എന്നതില്‍ ഉബൈദിന് സംശയങ്ങളില്ല. എന്നാല്‍ പൊതുമലയാളസംസ്‌കാരത്തിന്റെ ഭാഗമായി അവ മാറാത്തതില്‍ പ്രഥമപങ്ക് മാപ്പിളമാര്‍ക്ക് തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 'മാതൃഭാഷാ സേവനത്തിലും പോഷണത്തിലും അവര്‍ (മാപ്പിളമാര്‍) കാണിച്ചുവരുന്ന അലസമനോഭാവം ഒട്ടും ക്ഷന്തവ്യമല്ലെന്ന് പരിതാപത്തോടെ പറയേണ്ടിയിരിക്കുന്നു. സഹോദരസമുദായങ്ങള്‍ ആകമാനം അനര്‍ഘങ്ങളായ നിരവധി രത്‌നങ്ങളും വിഭൂഷകളും ഭാഷാംബികയുടെ പൊല്‍ച്ചേവടിത്താരുകളില്‍ സമര്‍പ്പിച്ച് അനുഗ്രഹം സമ്പാദിച്ചുകൊണ്ടിരിക്കുന്നത് കണ്ടിട്ടും തങ്ങളുടെ വിഹിതവും അവിടെ കാഴ്ച്ചവെച്ച് അഭിമാനം രക്ഷിക്കുവാന്‍ മാപ്പിളമാര്‍ യാതൊരു പരിശ്രമവും ചെയ്യാത്തത് ആക്ഷേപാര്‍ഹം തന്നെയാണ്'. ആ നിലയില്‍ ബാഹ്യമായ കാരണങ്ങളെക്കാള്‍ മാപ്പിളമാരുടെ ആന്തരികമായ അലസതയെയാണ് ഉബൈദ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ഈ അവസ്ഥയെ മറികടന്നു മാത്രമേ മാപ്പിളമാര്‍ക്കും മലയാള സാഹിത്യത്തിനും മുന്‍പോട്ടു പോകാന്‍ കഴിയൂ എന്ന നിലപാട് ഉബൈദ് ഉടനീളം ഉയര്‍ത്തിപ്പിടിച്ചു. ഭാഷാപരവും സാംസ്‌കാരികവുമായ കലര്‍പ്പിനായാണ് അദ്ദേഹം നിരന്തരം എഴുതിയതും പ്രവര്‍ത്തിച്ചതും. കലര്‍പ്പാണ് യാഥാര്‍ത്ഥ്യം എന്ന് അഞ്ചോളം ഭാഷകള്‍ വ്യവഹാരസ്ഥാനത്തുള്ള ഒരാള്‍ക്ക് വ്യക്തതയുണ്ടാവുമല്ലോ. 'ഏതു സാഹിത്യത്തിന്റെയും അഭിവൃദ്ധിയും പുതുമയും അന്യഭാഷകളിലുള്ള വിജ്ഞാനപ്രദങ്ങളും വിനോദകരങ്ങളുമായ നൂതനസമ്പ്രദായങ്ങളെ അനുകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നൂ'വെന്ന് സംശയമേതുമില്ലാതെ അദ്ദേഹം പ്രഖ്യാപിക്കുന്നത് കാണുക. പൊതുമലയാളം മാപ്പിളമാരെ ഉള്‍ക്കൊള്ളാന്‍ തക്ക ജനാധിപത്യവികാസം നേടുക, പൊതുമലയാളത്തില്‍ നിന്നകന്ന് തനിമാപരമായ ഭാഷാ/സംസ്‌കാരസവിശേഷതകളില്‍ മുഴുകുന്നത് മാപ്പിളമാര്‍ അവസാനിപ്പിക്കുക. ഇങ്ങനെ ദ്വിമുഖമായ പ്രവര്‍ത്തനപദ്ധതിയാണ് ഉബൈദ് ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. ഇത്തരമൊരു കലര്‍പ്പിന്റെ രീതിപദ്ധതിവിചാരങ്ങളാണ് അദ്ദേഹത്തിന്റെ മാപ്പിളപ്പാട്ടുകളെക്കുറിച്ചുള്ള മുഴുവന്‍ ആലോചനകളും.
REPRESENTATIONAL IMAGE: WIKI COMMONS
ഉബൈദിന്റെ കവിതകള്‍ പറഞ്ഞുവെക്കുന്നത്
മലയാളമായിരുന്നില്ല ഉബൈദിന്റെ മാതൃഭാഷ. മറ്റൊരു നിലയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ കാസര്‍ഗോഡിലെ ജനങ്ങളനുഭവിച്ചിരുന്ന 'മാതൃഭാഷാപരമായ പ്രതിസന്ധി'യിലൂടെയായിരുന്നു അദ്ദേഹവും കടന്നുപോയതെന്നു പറയാം. കന്നഡ, തുളു, ഉറുദു, മലയാളം എന്നിങ്ങനെ തുലനശക്തിയോടെ വ്യത്യസ്തഭാഷകള്‍ നിലകൊണ്ട കാലം. ഉബൈദാവട്ടെ ഔപചാരികമായി മലയാളം പഠിച്ചിരുന്നുമില്ല. പിതാവിന്റെ തുണിക്കടയില്‍ വസ്ത്രങ്ങള്‍ക്ക് സൂചനകളായെഴുതിയ പദങ്ങളില്‍ നിന്നാണത്രേ അദ്ദേഹം മലയാളം പരിശീലിച്ചത്. കാച്ചി, തട്ടം, ലുങ്കി, പര്‍ക്കാളി, കഞ്ചിപ്രാക്ക് തുടങ്ങിയ വാക്കുകള്‍ നോക്കിപ്പഠിച്ച് സ്ലേറ്റിലെഴുതി പരിശീലിക്കുന്ന ഉബൈദിനെക്കുറിച്ച് സി.പി.ശ്രീധരന്‍ എഴുതുന്നുണ്ട്. മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിന്റെ പത്രാധിപത്യത്തിലാരംഭിച്ച 'അല്‍അമീനാ'ണ് മലയാളത്തിലേക്കുള്ള ക്ഷണപത്രമായത്. 1926 ല്‍ 'അല്‍അമീനി'ല്‍ മതപൗരോഹിത്യത്തെ വിമര്‍ശിച്ചുകൊണ്ട് ഉബൈദ് ആദ്യമായെഴുതി.
അവിടുന്നിങ്ങോട്ട് ഏകദേശം നാല്‍പ്പത്തഞ്ചു വര്‍ഷക്കാലം സാര്‍ഥകമായ സാഹിത്യജീവിതമായിരുന്നു ഉബൈദ് മാഷിന്റേത്. അസംഖ്യം കവിതകള്‍, മാപ്പിളപ്പാട്ടുകള്‍, ജീവചരിത്രങ്ങള്‍, ലേഖനങ്ങള്‍ എന്നിവയ്ക്കു പുറമേ, വള്ളത്തോള്‍ കവിതകള്‍, വീണപൂവ് തുടങ്ങിയവ കന്നഡയിലേക്കും ശിവരാമകാരന്തിന്റെ 'മണ്ണിലേക്ക് മടങ്ങി' അടക്കം മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തു. ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കാവ്യങ്ങളുടെ കന്നഡവിവര്‍ത്തനത്തില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. ആ നിലയില്‍ മലയാള/ കന്നഡ ഭാഷകള്‍ക്കിടയിലെ ചാലകം കൂടിയായി ഉബൈദ് മാഷ്.
അദ്ദേഹത്തിന്റെ കവിതകളുടെ പ്രഥമപ്രസക്തി ശൂരനാട്ട് കുഞ്ഞന്‍ പിള്ളയടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയതുപോലെ 'കേരളത്തോടും കൈരളിയോടും കാണിച്ച അസാമാന്യ പ്രതിപത്തി' തന്നെയാണ്. കന്നഡ ഭാഷ കൂടുതല്‍ അഭ്യസിച്ച, തുളുവില്‍ ചിന്തിച്ച, ഉറുദുവില്‍ വായിച്ച ഉബൈദ് പക്ഷേ മലയാളത്തെയാണ് മാതൃഭാഷയായി സ്വീകരിച്ചത്. അതാവട്ടെ, ആധുനിക കാസര്‍ഗോഡിന്റെ മാതൃഭാഷയായി മലയാളത്തെ സ്ഥാനപ്പെടുത്തുന്ന സമരത്തിന്റെ അസ്ഥിവാരവുമായി. ഈ ഭാഷാഭിമാനത്തിന്റെ ആവിഷ്‌കാരപ്രകാരങ്ങളാണ് അദ്ദേഹത്തിന്റെ മിക്ക കവിതകളും. ഭാഷാസംസ്ഥാന രൂപീകരണത്തിന് എട്ടു കൊല്ലം മുന്‍പ് (1949 ല്‍) സാഹിത്യപരിഷത്തിന്റെ നീലേശ്വരം സമ്മേളനത്തില്‍ വായിക്കപ്പെട്ട 'വിടവാങ്ങല്‍' പ്രസിദ്ധമാണ്. 'വിടതരികമ്മേ കന്നടധാത്രീ, കേരളജനനി വിളിക്കുന്നൂ... ' എന്ന വരികളാവട്ടെ പ്രചുരപ്രചാരവുമാണ്. ഇതിലൊതുന്നുങ്ങില്ല മലയാളത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിപത്തി. പല കവിതകളിലായി മലനാടിനെക്കുറിച്ചുള്ള സങ്കല്പനകളായും അഭിമാനങ്ങളായും അത് വിന്യസിക്കപ്പെട്ടിരിക്കുന്നു. ഇതിനകം ധാരാളം ചൂണ്ടിക്കാണിക്കപ്പെട്ട ആ സവിശേഷത വീണ്ടുമിവിടെ ആവര്‍ത്തിക്കുന്നില്ല.
ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ഉബൈദിന്റെ കവിതകള്‍ ഭാവുകത്വപരവും സൗന്ദര്യാത്മകവുമായി അല്പം പിന്നിലാണ് സഞ്ചരിച്ചതെന്നു കാണാം. വള്ളത്തോളിനെയും പിന്നീട് ജി.ശങ്കരക്കുറിപ്പിനെയും കാവ്യമാതൃകകളായി സ്വീകരിച്ച അദ്ദേഹം തന്റെ കാലത്തിന്റെ ഭാവുകത്വമായ 'കാല്പനികതയുടെ രണ്ടാം ഘട്ട'ത്തെയോ എന്‍.വി., ഇടശ്ശേരി, വൈലോപ്പിളളിയിലൂടെ പ്രബലമായിക്കൊണ്ടിരുന്ന 'വിമര്‍ശനാത്മക കാല്പനികത'യെയോ വിലവെച്ചിരുന്നില്ല എന്നു കരുതുന്നതില്‍ തെറ്റില്ല. വൃത്തനിബദ്ധവും ഛന്ദോബദ്ധവും ശബ്ദാലങ്കാരനിഷ്‌കര്‍ഷയമുള്ള ഒരു 'രൂപവാദി'യെയാണ് അദ്ദേഹത്തിന്റെ കവിതകളില്‍ നിന്നു കണ്ടെടുക്കാന്‍ കഴിയുക. ഇത്തരമൊരു വിമര്‍ശനത്തെ അദ്ദേഹത്തിന്റെ കവിത തന്നെ ഒട്ടൊരു നിര്‍മമതയോടെ എതിരിട്ടേക്കാം; 'എന്‍ഗാനം പഴഞ്ചനാണെന്നാകിലായ്‌ക്കൊള്ളട്ടെ/ താങ്കളെന്‍ പാട്ടിനെന്നെ വിട്ടാലുമലട്ടാതെ/ നൂതനാവേശത്തോടെ പാടട്ടെ മേലിലും ഞാന്‍/ പൂതമാമിപ്പഴഞ്ചന്‍ കീര്‍ത്തനം മരിപ്പോളം' (അഭയം തേടും). 'പഴഞ്ചന്‍' എന്ന് ഉബൈദ് തന്നെ വിശേഷിപ്പിച്ച ആ മട്ടിനും രീതിക്കും പക്ഷേ സുപ്രധാനമായ രാഷ്ട്രീയതലമുണ്ട്.
REPRESENTATIONAL IMAGE: WIKI COMMONS
നമുക്കീ ഒറ്റ ശ്ലോകം ഒന്നു വായിക്കാം;
'പാരാവാരമിതിങ്കലെന്‍ തരണിതാന്‍
തട്ടാതെ മുട്ടാതെയും
ഘോരാപല്‍ക്കരമായ വന്‍ചുഴികളില്‍, തങ്ങാതെ മുങ്ങാതെയും
ആരാമം തവ 'ഖുല്‍ദു'താന്‍ വിലസിടും
തീരത്തു ചേരാന്‍ പ്രഭോ,
നേരാം പാതയില്‍ നീങ്ങുമാറു കൃപതന്‍
ചുക്കാന്‍ പിടിക്കേണമേ!''
ഇനി വെണ്മണിമാരിലെ പ്രമുഖനായ പൂന്തോട്ടത്ത് അച്ഛന്റെ ഈ പ്രസിദ്ധശ്ലോകം ഇതിനോടൊന്ന് ചേര്‍ത്തുവെച്ചു നോക്കൂ.
'മൂടില്ലാത്തൊരു മുണ്ടുകൊണ്ട് മുടിയും
മൂടീട്ടു വന്‍ കറ്റയും
ചൂടിക്കൊണ്ടരിവാള്‍ പുറത്തു തിരുകി
പ്രാഞ്ചിക്കിതച്ചങ്ങനെ
നാടന്‍ കച്ചയുടുത്തു മേനി മുഴുവന്‍-
ചേറും പുരണ്ടിപ്പോഴീ
പ്പാടത്തൂന്നു വരുന്ന നിന്‍ വരവുക-
ണ്ടേറെക്കൊതിക്കുന്നു ഞാന്‍'
ഭാഷാപരമായ ലാളിത്യം അല്പം ഏറിനില്‍ക്കുന്നു പൂന്തോട്ടത്തിന്റെ ശ്ലോകത്തില്‍ എന്നത് മാറ്റി വെച്ചാല്‍ മലയാളസാഹിത്യത്തില്‍ സാമാന്യധാരണയുള്ളവര്‍ പോലും ആദ്യശ്ലോകം വെണ്മണിമാരിലൊരാളുടേതല്ലേ എന്നു തെറ്റിദ്ധരിച്ചുപോകാം. ആശാന്‍, വള്ളത്തോള്‍, ജി.ശങ്കരക്കുറുപ്പ് എന്നിങ്ങനെ എത്ര കവികളുമായും ഉബൈദിന്റെ വരികളെ ഇതുപോലെ താരതമ്യപ്പെടുത്തുക സാധ്യമാണ്. ഈ സാമ്യതകളെ 'മാറ്റൊലി' എന്ന് ഏകമുഖമായി തള്ളാന്‍ സാധ്യമല്ല. ഉബൈദിന്റെ കവികര്‍തൃത്വം സുപ്രധാനമായ ഒരു രാഷ്ട്രീയപ്രശ്‌നമായി മനസ്സിലാക്കുന്നതോടെയാണ് ഈ സാമ്യതകള്‍ക്ക് സാഹിത്യചരിത്രവിജ്ഞാനീയപരമായ പ്രാധാന്യം കൈവരിക. മുകളിലുദ്ധരിച്ച 'കുയില്‍, കാക്ക രൂപക'ത്തിലൂടെ ഉബൈദ് തന്നെ അതിലേക്ക് സൂചന നല്‍കുന്നുണ്ട്. മലയാളകവിതയില്‍ സൗന്ദര്യാത്മകവിഛേദം സൃഷ്ടിക്കുകയായിരുന്നില്ല തന്റെ ഭാഗധേയം എന്നദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. മറിച്ച് മലയാളകാവ്യചരിത്രത്തില്‍ അക്കാലം വരെ സ്ഥാനം നേടിയിട്ടില്ലാത്ത മാപ്പിളമാര്‍ക്ക് പ്രാതിനിധ്യമുറപ്പിക്കലായിരുന്നു. മഹാകവി കുട്ടമത്തിന്റെ 'ബാലഗോപാലനി'ലെ ക്ലാസിക്കല്‍ ടച്ച് പേര്‍ത്തും പേര്‍ത്തും അഭ്യസിച്ചെടുത്ത് വെണ്മണിമാരുടെ അയത്‌നലളിതപദവിന്യാസവും വള്ളത്തോളിന്റെ അഭിജാത കാവ്യശൈലിയും ഒട്ടൊന്ന് ആശാനെയും 'വീണപൂവി'നെയും ഓര്‍മിപ്പിക്കുന്ന രൂപനിഷ്‌കൃഷ്ടതയും സമമായി ചേര്‍ത്ത് ഉബൈദ് കവിതകളെഴുതി. അനുശീലനവും അലങ്കാര ശാസ്ത്രത്തില്‍ അവഗാഹവും നേടിയ ഏത് മലയാളകവിയോടും കിടപിടിക്കത്തക്ക ശ്ലോകങ്ങളാണ് അവയില്‍ പലതും. മലയാളം പഠിച്ചിട്ടില്ലാത്ത, ഉറുദുവിന്റെയും അറബിയുടെയും ഭാഷാപശ്ചാത്തലത്തില്‍ നിന്നു വന്ന, ഒരു തുളുനാടന്‍ മാപ്പിള കേരളവര്‍മ്മ സ്‌കൂളിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ശ്ലോകങ്ങളെഴുതി എന്നത്, അതിന്റെ സൗന്ദര്യാത്മകമാനങ്ങളെ മുന്‍നിര്‍ത്തിയല്ല വിശകലനം ചെയ്യപ്പെടേണ്ടത്. 'സവര്‍ണ ഭാവുകസംഘമായ' നിലവിലുള്ള സാഹിത്യപൊതുമണ്ഡലത്തിലേക്ക് ഒരു കാക്കയുടെ പ്രവേശനമായാണ്. മറ്റൊരു ഭാഷയില്‍ മൂലൂരും പണ്ഡിറ്റ് കറുപ്പനും യഥാക്രമം തിരുവിതാംകൂറില്‍ നിന്നും കൊച്ചിയില്‍ നിന്നും നയിച്ച സാഹിത്യസമരത്തിന്റെ അല്പം വൈകിയ 'മലബാര്‍ പതിപ്പ്' ആണ് ടി.ഉബൈദ്.
മാപ്പിളമാരുടെ ചൊല്‍വടിവിനെയും താളങ്ങളെയും മലയാളകവിതയിലേക്ക് ആവാഹിച്ചിരുത്താന്‍ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍. സാഹിത്യപരിഷത്ത് പ്രസംഗത്തില്‍ തന്നെ മലയാളകവിത മാപ്പിളപ്പാട്ടുകളുടെ സംഗീതാത്മകതയെയും ശീലുകളെയും ഉള്‍ക്കൊള്ളേണ്ടതാണെന്ന നിരീക്ഷണം അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. രാഗശുഷ്‌കത നേരിടുന്ന ഭാഷാകാവ്യങ്ങള്‍ക്ക് അതൊരു മുതല്‍ക്കൂട്ടാവുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 'അന്യഭാഷകളോടു കടം യാചിക്കുന്നതിനു പകരമായി മാപ്പിളപ്പാട്ടുകളിലെ മധുരമധുരങ്ങളായ പല രാഗങ്ങളും ഭാഷാകാവ്യങ്ങളില്‍ ഉപയോഗിക്കയാകുന്നു നമ്മുടെ കവികള്‍ ചെയ്യേണ്ടുന്നത്. മാപ്പിളപ്പാട്ടുകള്‍ കൈരളിയുടെ സ്വന്തം സമ്പത്താകുന്നു. അത്തരം രീതികളെ സ്വീകരിക്കുന്നതില്‍ നമ്മുടെ യുവകവികള്‍ വൈമനസ്യം കാണിക്കേണ്ടതില്ല. അന്യമാതാക്കളുടെ സന്താനങ്ങളോടു വല്ലതും യാചിക്കുന്നതിനേക്കാള്‍ സ്വന്തം സഹോദരങ്ങള്‍ ഉപയോഗിക്കുന്നതും സ്വന്തം മാതാവിന്റെ വകയായുള്ളതുമായ വേഷഭൂഷകള്‍ വാങ്ങുന്നതാണല്ലോ ഉത്തമവും ഉചിതവും'. മാപ്പിളപ്പാട്ടുകള്‍ കൈരളീപൈതൃകമാണ് എന്നുറച്ചുപറയുക മാത്രമല്ല, സംഗീതാത്മകതയോട് യുവജനങ്ങള്‍ക്ക് താത്പര്യം വര്‍ധിക്കുന്ന പുതുകാലത്ത് ആ ശൂന്യത നികത്താന്‍ മാപ്പിളശീലുകള്‍ക്കാകുമെന്നും അദ്ദേഹം വിശ്വസിച്ചു. പി.ഭാസ്‌കരനിലൂടെയും മറ്റും പിന്നീട് മലയാള ചലച്ചിത്രഗാനങ്ങളിലേക്ക് ശക്തമായി മാപ്പിളശീലുകള്‍ പ്രവേശിച്ചത് പില്‍ക്കാലചരിത്രം ('മലയാളസിനിമയെ ആലിംഗനം ചെയ്യുന്നു മാപ്പിളപ്പാട്ടിന്റെ ഇംഗിതം' എന്ന് നമ്മുടെ കാലത്തെക്കുറിച്ച് റഫീക്ക് തിരുവള്ളൂര്‍).
അതിരിക്കട്ടെ, കേരളഗാനം എന്ന ശീര്‍ഷകത്തില്‍ ടി.ഉബൈദെഴുതിയ ഈ വരികള്‍ ശ്രദ്ധിക്കാം;
'ജയിച്ചിടുന്നിതു മാമകജനനി!
ജയിച്ചിടുന്നിതു കേരളധരണി
ജഗത്തിലൊക്കവെ പെരുത്ത തൂവൊളി
പരത്തിടും സുമണി ഉലകിലെ
ജനതതിയനുദിനമനവധി വിനുതികള്‍
പൊഴിച്ചിടും രമണി,
മയക്കി വാഴ്‌വൂ പണ്ടുമുതല്‌ക്കേ
മഹീതലത്തെസ്സുഭഗതയാല്‍ നീ
മതങ്ങളനവധി ഭവത്സവിധമതി-
ലിണങ്ങിവാഴുകയായ്, അകലുഷ-
മമതയൊടിത, തവ വരുതിയില്‍ സമതയൊ-
ടൊതുങ്ങി മേവുകയായ്.....'
മാപ്പിളപ്പാട്ടുശാഖകളിലെ പ്രസിദ്ധ ഇശലുകളിലൊന്നായ 'മുഹിബ്ബുന്നൂര്‍' ആണ് മേലുദ്ധരിച്ച കവിതയുടെ രീതിയായി സ്വീകരിച്ചിട്ടുള്ളത്. ആലാപനസൗകുമാര്യം എന്നതിനെക്കാള്‍ ഇന്നു നമ്മെ ഒട്ടൊന്നത്ഭുതപ്പെടുത്തുന്ന കാര്യം മേല്‍വരികളില്‍ എവിടെയും മാപ്പിളപ്പാട്ടുകളില്‍ പൊതുവെ കണ്ടുവരുന്ന ഭാഷാപ്രയോഗങ്ങള്‍ കാണാന്‍ കഴിയുന്നില്ല എന്നതാണ്. അറബി-മലയാളം എന്ന സവിശേഷഭാഷയുടെ ഒരു ഛായയും ഉബൈദിവിടെ സ്വീകരിക്കുന്നില്ല. മാപ്പിളപ്പാട്ടുകള്‍ മലയാളസാഹിത്യത്തിന്റെ മുഖ്യധാരയില്‍ വരാത്തതെന്തുകൊണ്ട് എന്നന്വേഷിക്കുമ്പോള്‍ മനോജ് കുറൂര്‍ സാഹിത്യത്തില്‍ നിലനിന്നുപോന്ന അധികാരവ്യവസ്ഥയ്ക്കു പുറമേ അഭ്യന്തരമായ മറ്റൊരു കാരണം കൂടി ചൂണ്ടിക്കാട്ടുന്നത് ഇവിടെ സംഗതമാണ്. ഭാഷയിലും ലിപിയിലുമുള്‍പ്പെടെ അറബി മലയാളം എന്ന നിലയില്‍ത്തന്നെ സ്വത്വം നിലനിര്‍ത്താനുള്ള മാപ്പിളപ്പാട്ടുകവികളുടെ നിഷ്‌കര്‍ഷ കൂടി അതിനൊരു കാരണമായെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. പൂര്‍ണമായും യോജിക്കാനാവുന്ന ഒരു നിലപാടാണത്. മുസ്ലിം ജനസാമാന്യത്തെ മാത്രം അഭിസംബോധന ചെയ്യുക എന്ന മാപ്പിളസാഹിത്യത്തിന്റെ പൊതുരീതിയെയാണ് ഉബൈദ് കവച്ചു വെച്ചത് എന്നു സാരം.
'മഹീതലം' എന്ന പ്രയോഗം ഒരു മാപ്പിളകവിയുടെ കല്പനയില്‍ കടന്നുവരിക ഒട്ടും എളുപ്പമല്ല. സംസ്‌കൃതമൂലമാണത് എന്നതു മാത്രമല്ല, ഹൈന്ദവ മിത്തോളജിയുമായി ബന്ധമുള്ള പ്രയോഗമാണത്. കടുത്ത മതവിശ്വാസി കൂടിയായ ഉബൈദിന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ അത് പ്രയോഗിക്കാന്‍ കഴിഞ്ഞു എന്നത് അത്ര ലളിതമല്ല. 'ധാത്രി'യും 'അംബ'യും 'ജനനി'യും 'വിഭാത'വും തുടങ്ങി ഏത് സംസ്‌കൃതപദത്തെയും നിഷ്പ്രയാസം സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ശുദ്ധമതവിശ്വാസിയായിരിക്കെ തന്നെ മതമൗലികവാദത്തെ ആട്ടിയകറ്റാന്‍ കഴിഞ്ഞതുകൊണ്ടാണെന്ന് എം.എ.റഹ്‌മാന്‍ ചൂണ്ടിക്കാട്ടുന്നതും ഇത്തരുണത്തില്‍ അതീവപ്രസക്തമാണ് (അറബി-മലയാളശൈലി ഉബൈദ് സ്വീകരിച്ചിട്ടില്ല എന്നിവിടെ ധ്വനിയില്ല. അത്തരം ശൈലികള്‍ അദ്ദേഹത്തിന്റെ ആദ്യകാല കവിതകളില്‍ പ്രബലമായി നിലനില്‍ക്കുന്നുണ്ടുതാനും). ആ നിലയില്‍ അരനൂറ്റാണ്ട് മുന്‍പ് നമ്മെ വിട്ടുപിരിഞ്ഞ ഒരു മാപ്പിളകവിയോ മലയാളകവിയോ മാത്രമല്ല ടി.ഉബൈദ് മാഷ്. മറിച്ച് മലയാളത്തിലേക്ക് കലര്‍പ്പിനെ കുടിപാര്‍പ്പിച്ച ഒരു രാഷ്ട്രീയധൈഷണികനാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ സാംസ്‌കാരികസവിശേഷതകളെ മലയാളത്തിന്റെ ഭാഗമാക്കാനും അവരെ മലയാളിയുടെ ഭാഗമാക്കാനും നടത്തിയ ആ ശ്രമം നമ്മുടെ നവോത്ഥാനചരിത്രത്തിലെ അനന്യമായ ഒരേടാണ്. മതാധിഷ്ഠിതമായ വെറുപ്പ് നമ്മെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്താവട്ടെ, ഉബൈദ് കനപ്പെട്ട ഒരു ചരിത്രമാണ്. 'ആപത്തിന്റെ നിമിഷത്തില്‍ മനസ്സിലൂടെ മിന്നിമറയുന്ന ഓര്‍മ്മകളെയാണ് ചരിത്ര'മെന്നു വിളിക്കേണ്ടതെന്ന് വാള്‍ട്ടര്‍ ബെന്യാമിന്‍ പറയുന്നുണ്ടല്ലോ.
* ശീർഷകത്തിലെ പ്രയോഗം ശ്രീ.രവീന്ദ്രൻ പാടിയുടെ "കാക്കക്കവിക്ക്" എന്ന കവിതയിൽ നിന്ന് കടം കൊണ്ടത്