TMJ
searchnav-menu
post-thumbnail

Outlook

ചൂടു പിടിച്ച ഓണം

26 Aug 2023   |   2 min Read
രേഖ കെ

കോളജ് അടയ്ക്കുന്ന ദിവസമായിരുന്നു, ഓണാഘോഷം. ക്യാംപസ് നിറയെ വൈവിധ്യമുള്ള കസവ് ഉടയാടകള്‍ പാറിക്കളിക്കുന്നു.

മുകളിലെ നിലയില്‍ നിന്ന് ചെറുപ്പക്കാരുടെ 'വൈബ്' നോക്കിനില്‍ക്കുന്നത് ഒരു രസമുള്ള പരിപാടിയാണ്.

ഉറിയടിയും പൂക്കള മത്സരവും വടംവലിയും... മലയാളി മങ്ക, കേരള ശ്രീമാന്‍ മത്സരവും തകൃതിയായി നടക്കുന്നുണ്ട് - കൗമാരത്തിന്റെ തിടുക്കവും ആകര്‍ഷണീയതയുമൊക്കെ നോക്കിനില്‍ക്കെ നഷ്ടബോധത്തോടെ, പഴയ കോളേജ് നാളുകളോര്‍ത്തു.

അവധി എന്ന വലിയ സന്തോഷമൊഴികെ മറ്റൊന്നുമില്ലാത്ത തണുത്തുറഞ്ഞ ദിവസങ്ങള്‍. തടികൂടിയ ഒരാള്‍ക്ക് തടിക്കുള്ള ശിക്ഷയായി ഒരു മാവേലി വേഷം - (ക്രിസ്മസിന് ടി. കക്ഷി സാന്റാ അപ്പൂപ്പനാകും) മാവേലി അടുത്തുവരുമ്പോള്‍ പെണ്‍കുട്ടികള്‍ ലജ്ജയോടെ അടക്കിച്ചിരിക്കും.

ഇപ്പോള്‍ ഭയമേതുമില്ലാതെ കൂളിങ് ഗ്ലാസ് വച്ച് ഡാന്‍സ് ചെയ്ത് ഓണം ആഘോഷിക്കുന്ന, 'റീല്‍സ്' പിടിക്കുന്ന, സെല്‍ഫിയെടുക്കുന്ന പെണ്‍കിടാങ്ങളെ സ്‌നേഹ കൗതുകങ്ങളോടെ നോക്കി തൃപ്തിയടയുക തന്നെ.

മലയാളിക്ക് ചില പൊതുവികാരങ്ങളുണ്ട് കാത്തിരിപ്പ്, ഓര്‍മകള്‍, പ്രകൃതി, സമൃദ്ധി... അതെല്ലാം ചേരുംപടിചേര്‍ന്ന് എത്തുന്ന ഒരാഘോഷമാണ് ഓണം. ഓരോ കാലത്തിനും അതാതു കാലത്തിനു യോജിക്കുന്ന രീതിയില്‍ ആഘോഷിക്കാവുന്നവിധം വഴങ്ങിക്കൊടുക്കുന്ന രീതികളാണ് അതിന്റേത്. 

തൊടിയിലെ പൂക്കളില്ലെങ്കില്‍ ഉമ്മറത്തെ അലങ്കാരച്ചെടിയും പൂക്കളും, അതില്ലെങ്കില്‍ തമിഴ്‌നാട്ടില്‍നിന്നു സഹ്യനെ കടന്നെത്തുന്ന പൂക്കള്‍, അതുമല്ലെങ്കില്‍ പ്ലാസ്റ്റിക് പൂക്കളും നിറം കലര്‍ത്തിയ വസ്തുക്കളും... പൂക്കളത്തിനു പോലുമില്ല ശാഠ്യങ്ങള്‍. തൃക്കാക്കരയപ്പനും എത്ര വകഭേദങ്ങള്‍- മണ്ണില്‍ കുഴച്ചുണ്ടാക്കിയതുമുതല്‍ മരത്തില്‍ തീര്‍ത്ത ചിരഞ്ജീവി വരെ.

എം.ടി. യുടെ വാക്കുകളില്‍ പറഞ്ഞാല്‍, തിരിച്ചുവരാനായി യാത്ര ആരംഭിക്കുന്ന മാവേലി. മാവേലി ആദ്യമായി നാടുകടന്ന മലയാളിയാണ്. ജീവിതത്തിന്റെ ഏറിയകൂറും വിദേശത്തു കഴിയാന്‍ വിധിക്കപ്പെട്ട മലയാളിയുടെ ആദിമരൂപം. 'വരും വരാതിരിക്കില്ല' എന്ന മട്ടില്‍ നമ്മുടെ പ്രിയപ്പെട്ട ഒരാളെപ്പോലെ മാവേലി മടങ്ങിവരുന്നു. ഗൃഹാതുരത്വത്തിന്റെ ഈ സങ്കല്‍പം പണ്ടേയ്ക്കു പണ്ടേ മലയാളിയുടെ രക്തത്തിലുണ്ട് എന്നതിനു തെളിവാണ് ഈ കഥ. ഇങ്ങനെ ചില കഥകളാണ് നമുക്കൊരു സംസ്‌കാരം തന്നത്.

REPRESENTATIONAL IMAGE: WIKI COMMONS
മനോഹരമായ ഒരു കാത്തിരിപ്പ് സങ്കല്‍പം. അതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ ആഘോഷങ്ങള്‍ ഓണശേഷം തൃക്കാക്കരയപ്പനെ അകത്തേക്കെടുക്കുമ്പോള്‍ ഉള്ളിലൊരു നീറ്റലുണ്ട്. ഓണത്തിനു മാത്രം പുത്തനെടുത്തിരുന്ന പഴയകാലത്ത് ഓണക്കാലത്ത് അതിനുള്ള പണം കണ്ടെത്തുന്നത് അവനവനോടുള്ള സ്‌നേഹത്തേക്കാള്‍ വിരുന്നെത്തുന്നയാളോടുള്ള ആദരവാണ് പ്രധാനം. അതിനുവേണ്ടി എന്തു കഷ്ടപ്പാടിനും തയ്യാര്‍.

പ്രകൃതിയുടെ കഥ പറഞ്ഞാലാണ് -ഓണനാളുകളിലെ മഴയ്ക്കുപോലുമുണ്ട് ഒരു സൗന്ദര്യം. മനുഷ്യനെ കടപുഴക്കുന്ന ഭീമാകാരിയായ പേമാരിയല്ലിവന്‍. തിരുവാതിര ഞാറ്റുവേലയും പുണര്‍തവും ഒക്കെ കഴിഞ്ഞെത്തുന്ന കള്ളക്കര്‍ക്കടകത്തിന്റെ കൈയില്‍ നിന്നു രക്ഷപ്പെട്ടോടിയെത്തുന്ന വാത്സല്യഭാജനമായ ഉണ്ണിയാണവന്‍. മുയല്‍ചെവിയും കറുകയും ഇല്ലിയും നെല്ലിയും ഉള്‍പ്പെടെ ദശപുഷ്പങ്ങളുമൊക്കെ തേടി കര്‍ക്കടകത്തിന്റെ സഞ്ചാരം.

മുക്കൂറ്റിയും തുമ്പപ്പൂവും ആമ്പലും തെച്ചിയും തേടി നടക്കുന്ന ചിങ്ങം. ഏറ്റവും പ്രിയപ്പെട്ട ഓര്‍മച്ചിത്രം. ഇപ്പോഴും ഗ്രാമങ്ങളില്‍ ഈറന്‍ പുലര്‍ക്കാലങ്ങളില്‍ തുമ്പയ്ക്കും മുക്കൂറ്റിക്കുമൊക്കെയായി 
തൊടികളില്‍ പരതുന്നുണ്ടാകും. ഓണവെയിലില്‍ മഴ മിന്നിത്തിളങ്ങും. അത്തം കറുത്താല്‍ ഓണം വെളുക്കുമെന്ന് അമ്മമാര്‍ ആശിക്കും. എന്നിട്ടും അത്തത്തിനു പെയ്ത മഴ വാക്കുതെറ്റിച്ച് തിരുവോണത്തിനുംവരും. ഇത്തവണ ഓണവും കൊടും ചൂടിലാണ്. ആ ഈറന്‍ പുലര്‍കാലങ്ങളും ഓര്‍മയിലേക്ക് മറയുകയാണോ?

നാടുവിടുന്ന ഓരോ മലയാളിയും ഉറ്റവരോട് പറയുന്ന ഒരു വാക്കുണ്ട് അടുത്ത ഓണത്തിന് നാട്ടിലെത്താം. ഓണങ്ങള്‍ പലതും കടന്നുപോയാലും ആ വാക്ക് മനസ്സില്‍ തീര്‍ക്കുന്ന ഒരു പൂക്കളമുണ്ട്. അതു കാത്തിരിപ്പിന്റെതാണ്. പ്രതീക്ഷയുടെ പൂത്തറയില്‍ ഓര്‍മയുടെ തൃക്കാക്കരയപ്പനെ പൂജിച്ച് നമ്മളാര്‍ക്കോ വേണ്ടി എന്നും കാത്തിരിക്കുകയാണ്. ഒരുവിളിപ്പാടകലെയുള്ള പ്രിയപ്പെട്ടവനാകാം. സ്‌നേഹത്തിന്റെ വ്യാകരണം മുഴുവനായി പിടികിട്ടാത്ത മക്കള്‍ക്കായിട്ടാകാം.  സുരക്ഷിതത്വത്തിന്റെ ചൂടുതരാന്‍ അച്ഛനമ്മമാര്‍ക്കായിട്ടാകാം. പിറക്കാനിരിക്കുന്ന ഉണ്ണിക്കായിട്ടാകാം.

ഒ.വി. വിജയനെ സ്‌നേഹിച്ചു പറഞ്ഞാല്‍ അതു കര്‍മബന്ധങ്ങളുടെ അനിവാര്യതയാണ്. എന്നിട്ടും എല്ലാ സ്‌നേഹങ്ങളും കാത്തിരിക്കുകയാണ്. നമ്മെ ഭരിക്കാനും സ്‌നേഹിക്കാനും ഓര്‍മിപ്പിക്കാനും ആണ് മാവേലിയുടെ വരവ്. ഓണത്തിനു വന്ന ബന്ധുവിനെ ഓര്‍ത്തു ആനന്ദിക്കുന്നു. ഒരിക്കലും വരാതിരിക്കുന്നവനെക്കുറിച്ചോര്‍ത്ത് വേദനിക്കുന്നു.


#outlook
Leave a comment