ഓര്‍മ്മയില്‍ മങ്ങാത്ത കൂട്ടുകാരന്‍
തിങ്കളാഴ്ച നല്ല ദിവസം എന്നു പറയുന്നതുപോലെ തിങ്കള്‍ മാത്രമല്ല, തങ്കച്ചന്റെ ആഴ്ചയിലെ എല്ലാ ദിവസങ്ങളും നല്ലതായിരുന്നു. ഇന്നലെ ബുധനാഴ്ചയും ( 9 - 8 - 23 ) അവന് നല്ല ദിവസമായിരുന്നു.
വര്‍ഷങ്ങളായി അവന്റെ നിത്യ കൂട്ടുകാരന്‍ ആയിരുന്ന ഡയാലിസിസിന്റെ കയ്യില്‍ മുറുക്കിപ്പിടിച്ച്, അതിന്റെ മടിയില്‍ മയങ്ങിക്കിടന്ന് അനന്തതയിലേക്ക് ഞങ്ങള്‍ കൂട്ടുകാരെ കൂട്ടാതെ അവന്‍ സ്വന്തമായി വാങ്ങിച്ച പറുദീസയില്‍ വിശ്രമിക്കാന്‍ യാത്രയായി......
ജന്മം കൊണ്ട് ഭാഗ്യവാന്‍.!
അവന്‍, അങ്ങനെ തങ്കച്ചനും നമ്മെ വിട്ടു പിരിഞ്ഞു. അവനെ സ്‌നേഹിച്ച എല്ലാവര്‍ക്കും വിട്ടുപിരിയുന്ന വേദനയുണ്ടെങ്കിലും അവന്റെ രോഗാതുരമായ അവസ്ഥയ്ക്ക് ശമനം വരുത്തിയല്ലോ ദൈവം? എങ്കില്‍ ഇനി അവന്‍ പറുദീസയില്‍ തന്നെ വിശ്രമിക്കട്ടെ! അപ്പോഴും അവന്റെ ആത്മാവ് ഭൂമിയിലുണ്ടാകും. അവനെ സ്‌നേഹിച്ചവരുടെ, അവന്‍ സ്‌നേഹിച്ചവരുടെ മനസ്സിൽ ഓര്‍മ്മകളായി അവന്‍ പൂത്തുലഞ്ഞ് ആടും.
മിക്കപ്പോഴും ഡയാലിസിസ് ചെയ്യുമ്പോഴാണ് കൂടുതലും അവന്‍ എന്നെ വിളിക്കുന്നത്. ദീര്‍ഘമായ സംഭാഷണം.... ഇനി അതില്ല. ഈ ഭൂമിയില്‍ പ്രശ്‌നങ്ങള്‍ക്കു മേല്‍ പ്രശ്‌നങ്ങളിലൂടെ അവന്റെയും ചുറ്റുമുള്ളവരുടേയും കാര്യങ്ങള്‍ക്കായി കാലു വെന്തോടിയവനാണവന്‍. അതും ഒരു സ്വസ്ഥതയും സ്വൈര്യവും കൊടുക്കാത്ത കിഡ്‌നി / ഹൃദ്രോഗവും ചുമന്നുകൊണ്ട്. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടം അവന് ഉന്മാദമായിരുന്നു. അത് അവന് തന്റെ സ്വത്വം ഉറപ്പിച്ചു നിര്‍ത്താന്‍ ഉള്ള നങ്കൂരമിടലായിരുന്നു. തനിക്കു ലഭിക്കേണ്ട നീതിക്കുവേണ്ടിയല്ല, സമൂഹത്തില്‍ നിന്ന് അനീതിക്കെതിരെ അവന്‍ പോരാടിയത്.
മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി മതത്തേയും അനാസ്ഥ കാണിക്കുന്ന ഭരണ രാഷ്ട്രീയ ഇടപെടലിനേയും ഒരുപോലെ ചോദ്യം ചെയ്യാന്‍ ആരേയും ഒരു പ്രസ്ഥാനത്തേയും ഭയക്കാതെ അവന്‍ മുന്നിട്ടിറങ്ങി.
പഞ്ചാബിലെ കന്യാസ്ത്രീ സമൂഹത്തെ ഒന്നടങ്കം അപമാനിച്ച ഫ.ഫ്രാങ്കോയ്‌ക്കെതിരെ എറണാകുളത്തെ വഞ്ചി സ്‌ക്വയറില്‍ സംഘടിപ്പിച്ച കന്യാസ്ത്രീ സമരത്തിന് ( തന്റെ നേട്ടം കാണിക്കാനല്ലാതെ മറ്റ് സ്‌നേഹിതരോടൊപ്പം) പിന്നില്‍ നിന്ന് ചുക്കാന്‍ പിടിക്കാനും തങ്കച്ചന്‍ മുന്നില്‍ തന്നെ ആയിരുന്നു.
സിടി തങ്കച്ചന്‍ | PHOTO: FACEBOOK
രോഗത്തിന്റെ തീവ്രതയില്‍ ഇരുന്ന് ആദ്യം 'വീഞ്ഞ് 'എന്ന പുസ്തകം അവന്‍ എഴുതി തീര്‍ത്തു. ഡയാലിസിസ് ചെയ്യുവാന്‍ ആ പുസ്തകവും വളരെ സഹായിച്ചു, ഉദാരമതികളായ കൂട്ടുകാരും, ലോകമെമ്പാടുമുള്ള എഫ് ബി സുഹൃത്തുക്കളുമാണ് ഇതുവരെ അവന്റെ ജീവനെ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചത്. ചോര്‍ന്നു പോകുന്ന ആയുസ്സിന്റെ ദിനങ്ങളെ വേലികെട്ടി ബന്ധിച്ചു നിര്‍ത്തി, അതിനുള്ളില്‍ നിന്നുകൊണ്ട് സ്വന്തം ആത്മകഥയുടെ ബാല്യം വരെ എഴുതിയപ്പോഴേക്കും കണ്ണിന് ഭാഗികമായി കാഴ്ച നഷ്ടമായി. എഴുതാന്‍ പേന പിടിക്കാനാകാതെ വിരലുകള്‍ മടങ്ങാതായി.അപ്പോഴും ട്രാക്കില്‍ സ്റ്റമ്പു കൈവിടാതെ റിലേ ഓടുന്ന ഓട്ടക്കാരനെപ്പോലെ കിതച്ചും പൊരുതിയും അവന്‍ ജീവിതവുമായി നിര്‍ഭയം ഓടിക്കൊണ്ടിരുന്നു.
ആത്മകഥയില്‍ പള്ളുരുത്തിയെന്ന ജന്മ നാടിന്റെ ചരിത്രമുണ്ട്. അതിലും അതിനപ്പുറവും ഉള്ള മനുഷ്യരുണ്ട്. ഒരോ അദ്ധ്യായവും പറഞ്ഞു കേള്‍പ്പിക്കും. ആവേശം കൊള്ളും. അതിലെ മനുഷ്യര്‍ ക്ലാസിക് നോവലുകളിലെ കഥാപാത്ര സമാനതയുള്ളവരായിരുന്നു. മരട് ആശുപത്രിയില്‍ ഒരോ ദിവസവും രോഗ തീവ്രതയില്‍ എത്തിച്ചേര്‍ന്നു കിടക്കുമ്പോഴും എഴുത്തെന്ന സ്വപ്നത്തിന്റെ കണ്ണുകളടച്ച് അവന്‍ കിടക്കും. കോവിഡ് വന്ന ശേഷം ഭാര്യ കുഞ്ഞുമോള്‍ക്ക് പല അസുഖങ്ങളുമായി കഷ്ടപ്പെടുമ്പോള്‍ അവള്‍ ആശുപത്രിയിലായപ്പോള്‍ ഒറ്റയ്ക്ക് ഡയാലിസിസിന് പോയി. തികച്ചും ഒറ്റപ്പെട്ടു പോകുന്ന മനുഷ്യന്റെ പീഡാനുഭവങ്ങളെ ഒരു ചെറുപുഞ്ചിരിയാല്‍ അവന്‍ ഓരോ മനസ്സിന് സമ്മാനം കൊടുത്തു.
ബാല്യം വരെ മാത്രം എഴുതിയ, തീരാത്ത അവന്റെ ആത്മകഥ ഇനി ആരെഴുതും? ഭാര്യ കുഞ്ഞുമോള്‍ക്കും മകന്‍ നോയലിനും പെങ്ങള്‍ക്കും അവനില്ലാത്ത സങ്കടത്തിന്റെ നാളുകള്‍ മാത്രമിനി....
ബാങ്ക് ബാലന്‍സില്ല. നല്ല ജോലിയില്ല. രോഗം ഒരു നിത്യ വിരുന്നുകാരനായിരുന്നിട്ടും അവന്‍ ജീവിതത്തെക്കുറിച്ച് ആകുലപ്പെട്ടില്ല ഒരിക്കലും.
ചുറ്റിലും മനുഷ്യരുണ്ടല്ലോ? സ്‌നേഹമുണ്ടല്ലോ എല്ലാ മനുഷ്യരിലും. തങ്കച്ചന് അതു മതി. അതു മാത്രമായിരുന്നു അവന് ആശ്വാസം. സ്ത്രീത്വം എത്ര അപമാനകരമായി തകര്‍ക്കപ്പെട്ടതാണെന്ന തെളിവായിരുന്നു അവന്റെ അമ്മ തേത്തോ..... പകുതി കാഴ്ച മാത്രമുള്ള പെങ്ങള്‍ ആഗ്‌നസ്.... കഷ്ടപ്പാടിന്റേയും പട്ടിണിദുരിതങ്ങളുടേയും ജീവിതവഴിയില്‍ അവര്‍ ഒരുമിച്ച് കൈകോര്‍ത്ത് നടന്നു മുന്നേറി, ആരോടും ഒരു പരിഭവവും പരാതിയുമില്ലാതെ.
തങ്കച്ചാ നീയായിരുന്നു തോമസ് ജോസഫ് കോമയിലായി രാജഗിരി ആശുപത്രിയില്‍ കിടന്നപ്പോള്‍ പണം സ്വരുക്കൂട്ടാന്‍ ആരേക്കാളും മുമ്പില്‍ ഓടി നടന്നവന്‍.
ഇനി നീ വിശ്രമിക്കൂ....
കൂടുതല്‍ എഴുതാന്‍, പറയാന്‍, തങ്കച്ചാ ഇനി വാക്കുകള്‍.... അവ നീയില്ലാത്ത സങ്കടത്തില്‍ കെട്ടു പോയിരിക്കുന്നു.
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ മനസില്‍ ഛായാപടമായി തൂങ്ങിക്കിടപ്പുണ്ട്, അതുമതി.