TMJ
searchnav-menu
post-thumbnail

Outlook

സമന്വയവും സംഘര്‍ഷവും: അനന്തമൂര്‍ത്തിയുടെ ആശയജീവിതവും വ്യക്തിത്വസവിശേഷതകളും 

30 Mar 2024   |   6 min Read
വിജിത്ത് കെ

യു.ആര്‍. അനന്തമൂര്‍ത്തി ചന്ദന്‍ ഗൗഡയുമായി ജീവിതസായാഹ്നത്തില്‍ നടത്തിയ സംഭാഷണമാണ് A life in the world: UR Ananthamurthy in conversation with Chandan Gowda  എന്ന പുസ്തകം. ഹാപ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച 182 പേജുള്ള പുസ്തകത്തില്‍ അനന്തമൂര്‍ത്തിയുടെ ജീവിതത്തെയും വിവിധ വിഷയങ്ങളിലുള്ള കാഴ്ചപ്പാടുകളെയും നമുക്ക് കേള്‍ക്കാം. പത്ത് കേന്ദ്ര ആശയങ്ങളില്‍ ഊന്നിയാണ് സംഭാഷണം പുരോഗമിക്കുന്നത്. ആദ്യത്തെ മൂന്ന് അദ്ധ്യായങ്ങള്‍ അനന്തമൂര്‍ത്തിയുടെ കുട്ടിക്കാലം തൊട്ട് ബിര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷണപഠനം വരെ നീളുന്ന ജീവിതത്തെ സ്പര്‍ശിച്ചുപോവുന്നു. തുടര്‍ന്ന് സംസ്‌കാരത്തെയും പൊതുജീവിതത്തെയും ഭാഷയെയും സുഹൃത്തുക്കളെയും കര്‍ണാടകയെയും ഇന്ത്യന്‍ രാഷ്ട്രീയത്തെയും കുറിച്ചുള്ള അനുഭവപരവും നിരീക്ഷണപരവുമായ ചര്‍ച്ചയിലൂടെയാണ് നമ്മള്‍ കടന്നുപോവുക. വിപുലമായ ആ ചര്‍ച്ചയെ മുഴുവനായി അവലോകനം ചെയ്യാന്‍ ഈ കുറിപ്പ് ലക്ഷ്യംവെക്കുന്നില്ല. മറിച്ച് ആ സംഭാഷണത്തെ മുന്‍നിര്‍ത്തി അദ്ദേഹം പാരമ്പര്യവും ആധുനികവുമായ ആശയങ്ങളെയും മൂല്യവ്യവസ്ഥകളെയും എങ്ങനെയാണ് സ്വാംശീകരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ആശയ-മൂല്യവ്യവസ്ഥകളുടെ വ്യക്തിജീവിതത്തെ അനന്തമൂര്‍ത്തിയില്‍ അടയാളപ്പെടുത്താനാണ് ഈ ഉദ്യമം. അതുവഴി അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ചില വ്യക്തിത്വസവിശേഷതകളെയും
പ്രക്രിയകളെയും കണ്ടെത്താന്‍ കഴിയും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

കര്‍ണാടകയിലെ തീര്‍ത്ഥഹള്ളിയില്‍ ജനിച്ച അനന്തമൂര്‍ത്തി ഹൈസ്‌കൂള്‍ പഠനശേഷം ഷിവമോഗയിലേക്ക് കുടുംബസമേതം മാറി. ഇത്തരം ചെറിയ പലായനങ്ങള്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം അവരുടെ ചില അടിസ്ഥാനങ്ങളെത്തന്നെ അതിലംഘിച്ചുപോവാനുള്ള പ്രേരണയെ നിര്‍മിക്കാന്‍ ശേഷിയുള്ളതാണ്. ഇലകളിലൂടെ പൊഴിയാനും വേരുകളിലൂടെ മടങ്ങാനും ഉള്ള അനന്തമൂര്‍ത്തിയുടെ സഹജപ്രേരണയുടെ അടിസ്ഥാനമായി ഈ അനുഭവം ചിലപ്പോള്‍ പ്രവര്‍ത്തിച്ചിരിക്കാം. 

ഇന്റര്‍മീഡിയറ്റ് പഠനസമയത്ത് അദ്ദേഹം കടുക്കന്‍ ഉപേക്ഷിച്ച് ആധുനികനായി. അക്കാലത്ത് തന്നെ മാക്‌സിം ഗോര്‍ക്കിയെ വായിക്കുകയും സോഷ്യലിസ്റ്റ് ആശയങ്ങളില്‍ സ്വാധീനം രൂപപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജയപ്രകാശ് നാരായണന്‍, എം എന്‍ റോയ്, റാം മനോഹര്‍ ലോഹ്യ തുടങ്ങിയവരെയും വായിച്ചു. ഒരു ബ്രാഹ്‌മണകുടുംബത്തില്‍ ജനിച്ച അദ്ദേഹം ആചാരപരമായ ചിട്ടവട്ടങ്ങളെ സംശയിച്ചു, എന്നാല്‍ അതില്‍ നിന്നും പൂര്‍ണ്ണമായ വിച്ഛേദത്തിന് തുനിഞ്ഞതുമില്ല. പാരമ്പര്യത്തെ കവിഞ്ഞുപോവുന്ന സംശയങ്ങളുടെ ഒരു പ്രേരകശക്തി പാരമ്പര്യത്തൊഴില്‍ ചെയ്യാന്‍ വിമുഖതയും ചില പുരോഗമന ആശയങ്ങളോട് ആഭിമുഖ്യവും കാണിച്ചിരുന്ന അദ്ദേഹത്തിന്റെ അച്ഛന്‍ തന്നെയായിരിക്കാം. 

REPRESENTATIVE IMAGE | WIKI COMMONS
കൗമാരകാലത്താണ് അദ്ദേഹം സോഷ്യലിസ്റ്റ് ആശയങ്ങളിലേക്ക് ആകൃഷ്ടനായത് എന്ന് മനസ്സിലാക്കാം. ലളിതയുക്തികള്‍ മതി ആളുകളെ സ്വാധീനിക്കാന്‍ എന്ന് താന്‍ സോഷ്യലിസ്റ്റ് ആശയങ്ങളിലേക്ക് ആകൃഷ്ടനായതിനെ മുന്‍നിര്‍ത്തി അദ്ദേഹം പറയുന്നുണ്ട്. പുതിയ ആശയങ്ങളെ വേഗത്തില്‍ പുല്‍കാനുള്ള ഒരു പ്രേരണ അദ്ദേഹത്തില്‍ ഉണ്ടായിരുന്നു. അനുഭവപരതയ്ക്ക് ഇതില്‍ വലിയ പങ്കുണ്ട് എന്ന് അദ്ദേഹം പറയുന്നു. പല ജാതി വിഭാഗങ്ങളില്‍പെട്ട ആളുകളുമായുള്ള സൗഹൃദം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വിശാലമാകാന്‍ വൈകാരിക പിന്തുണ നല്‍കി. 

കര്‍ണാടകയെ അതിരറ്റ് സ്‌നേഹിക്കുമ്പോഴും ആ സ്‌നേഹം ബന്ധനമാവുന്നില്ല അനന്തമൂര്‍ത്തിയില്‍. ഇംഗ്ലണ്ടിലെ ഉപരിപഠനം അതിനുദാഹരണമാണ്. തന്റെ സ്വച്ഛന്ദമായ യാത്രകളിലെ പിന്‍വിളിയായിരുന്നു വേരുകള്‍ അദ്ദേഹത്തിന്. ബിര്‍മിങ്ഹാമിലെ ഗവേഷണപഠനസമയത്ത് പുരോഗമനാശയങ്ങളുമായി അദ്ദേഹം ചങ്ങാത്തത്തിലായിരുന്നു. സാമൂഹിക മാറ്റത്തിലും സോഷ്യലിസ്റ്റ് ആശയങ്ങളിലും തനിക്കുണ്ടായിരുന്ന താല്‍പര്യത്തിന് യോജിച്ച ഒരു വിഷയമാണ് പി.എച്ച്.ഡി. ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടത് എന്ന് അനന്തമൂര്‍ത്തി ഓര്‍ക്കുന്നുണ്ട്. മുപ്പതുകളില്‍ യൂറോപ്പിനെ ഗ്രസിച്ച ഫാഷിസ്റ്റ് ബാധയും അതിനെതിരായി രൂപപ്പെട്ട മാര്‍ക്‌സിസ്റ്റ് ആശയങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയെ ആകര്‍ഷിക്കുന്നുണ്ട്. അതോടൊപ്പം മാര്‍ക്‌സിസ്റ്റ് ആശയങ്ങളിലും പാര്‍ട്ടിയിലും ഉള്ള വിശ്വാസത്തകര്‍ച്ചയും അദ്ദേഹം തന്റെ ഗവേഷണപഠനത്തിന്റെ ചോദ്യമായി പരിഗണിക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ വെച്ചുണ്ടായ അനുഭവങ്ങളെയും അതിനോടുള്ള പ്രതികരണങ്ങളെയും മുന്‍നിര്‍ത്തി, ഈ ഘട്ടമാവുമ്പോഴേക്കും അദ്ദേഹം സ്വതന്ത്രചിന്തകന്‍ എന്ന് സ്വയം ഉറപ്പിക്കുന്നുണ്ട്. 

ഈ സ്വതന്ത്രചിന്ത അദ്ദേഹത്തിന്റെ അക്കാലത്തെ പല നിലപാടുകളിലും നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നുണ്ട്. ബ്രിട്ടീഷ് ഡീസന്‍സിയെക്കുറിച്ച് ഉള്ള മതിപ്പ് അദ്ദേഹത്തിനുണ്ട്. അതേസമയം, ഇംഗ്ലണ്ട് എങ്ങനെയാണ് ഇസ്രായേല്‍ നിര്‍മിച്ചത് എന്നാലോചിക്കുമ്പോള്‍ ദേഷ്യവും ഉണ്ട്. ബ്രിട്ടനില്‍ ജീവിക്കുന്ന ആളുകളുടെ സൗഹൃദഭാവവും അതേസമയം അവര്‍ മറ്റുരാജ്യങ്ങളെ കൊള്ളയടിക്കാന്‍ കാണിച്ച താല്പര്യവും എങ്ങനെയാണ് ഒരുമിച്ചുപോവുന്നത് എന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്ന് അനന്തമൂര്‍ത്തി പറയുന്നുണ്ട്. പക്ഷേ, ഇത്തരം അനുഭവങ്ങള്‍ മുന്‍വിധിയോടെയല്ല മറിച്ച് അനുഭാവപൂര്‍വമാണ് നേരിട്ടത് എന്നും കൂട്ടിച്ചേര്‍ക്കുന്നു. സാമ്രാജ്യത്വത്തെ താന്‍ മനസ്സിലാക്കിയത് ബ്രിട്ടീഷ് എഴുത്തുകളിലൂടെയാണ് എന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്.

യു.ആര്‍. അനന്തമൂര്‍ത്തി | PHOTO: FACEBOOK
ബ്രിട്ടീഷ് തിയേറ്ററിനെയും സാഹിത്യത്തെയും അദ്ദേഹം അഗാധമായി സ്‌നേഹിച്ചിരുന്നു, കുട്ടിക്കാലത്ത് അദ്ദേഹത്തിന് അത്തരത്തിലുള്ള പരിചരണമാണ് വീട്ടില്‍ നിന്നും ലഭിച്ചത്. ഒരുവേള ഇംഗ്ലണ്ടില്‍ പഠനത്തിനായി പോവുന്നതിന് മുന്‍പേതന്നെ ഇംഗ്ലീഷ് സാഹിത്യപഠനത്തിലൂടെ ഇംഗ്ലണ്ടിനെ ഇഷ്ടപ്പെട്ടു. ഇംഗ്ലീഷ് സാഹിത്യത്തിന്റെ ആരാധകന്‍ ആയിരിക്കുമ്പോള്‍ത്തന്നെ ഇംഗ്ലണ്ടില്‍ സംഘടിപ്പിക്കപ്പെട്ടിരുന്ന കോമണ്‍വെല്‍ത്ത് കോണ്‍ഫെറന്‍സിലേക്ക് ഇന്ത്യയിലെ ഇംഗ്ലീഷ് എഴുത്തുകാരെ മാത്രം ക്ഷണിക്കുന്നതില്‍ അദ്ദേഹത്തിന് പ്രതിഷേധമുണ്ടായിരുന്നു. എന്തുകൊണ്ട് ഇന്ത്യന്‍ ഭാഷകളിലെ എഴുത്തുകാര്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നതിനെ ചൊല്ലി അദ്ദേഹം വേവലാതിപൂണ്ടു. 

'നമ്മുടെ സാംസ്‌കാരിക ധാരകളുടെ കൂടെത്തന്നെ ഇംഗ്ലീഷിനെയും നിലനിര്‍ത്തുക എന്നതായിരുന്നു എന്റെ നിലപാട് ' എന്ന് അദ്ദേഹം ഒരിടത്ത് പറയുന്നുണ്ട്. അതിനെ ഉറപ്പിക്കുംവിധം 'കന്നഡ എന്നില്‍ ഇംഗ്ലീഷിന് വളരാനുള്ള വേരുകള്‍ നല്‍കി' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

കോമണ്‍വെല്‍ത്ത് ഫെലോഷിപ്പ് നേടി ഇംഗ്ലണ്ടില്‍ ഗവേഷണം നടത്തുമ്പോഴാണ് അനന്തമൂര്‍ത്തി കന്നഡയിലാവണം തന്റെ സാഹിത്യ - ബൗദ്ധിക ജീവിതം തുടരേണ്ടത് എന്ന് ഉറപ്പിക്കുന്നതും 'സംസ്‌കാര' എന്ന ആദ്യനോവല്‍ എഴുതുന്നതും. ഇത് നമ്മുടെ സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു സന്ദര്‍ഭമാണ്. അന്യദേശത്തുപോകാന്‍ ആഗ്രഹിച്ചുകൊണ്ട് അതിന് പരിശ്രമിക്കുകയും സഫലീകരിക്കുകയും അന്യദേശത്തുവെച്ച് മാതൃഭാഷയെ പുല്‍കുകയും ചെയ്യുക! അനന്തമൂര്‍ത്തിയില്‍ ഈ വൈരുദ്ധ്യാത്മകഭാവങ്ങള്‍ എപ്പോഴും സജീവമായിരുന്നു. 

REPRESENTATIVE IMAGE | WIKI COMMONS
കന്നഡ ഭാഷയുടെയും സാഹിത്യത്തിന്റെയും ദീര്‍ഘപാരമ്പര്യത്തില്‍ അദ്ദേഹം അഭിമാനിച്ചിരുന്നു. സഹിഷ്ണുതയാണ് എല്ലാ നാഗരികമനുഷ്യരുടെയും സവിശേഷമായ ഗുണം എന്നെഴുതിയ ആദ്യ കന്നഡ കവിയുടെ വിശാലമായ സാംസ്‌കാരിക പരിഗണനയെക്കുറിച്ച് അദ്ദേഹത്തിന് വലിയ മതിപ്പ് ഉണ്ടായിരുന്നു. അതേസമയം, തനിക്ക് ഭൂതകാലവുമായി പ്രത്യക്ഷത്തിലുള്ള ബന്ധമല്ല ഉള്ളത് എന്ന് അദ്ദേഹം കരുതുന്നു. 

കന്നഡ സാഹിത്യത്തിലെ നവോദയ വിഭാഗത്തെ വിമര്‍ശിക്കുകയും മനുഷ്യന്റെ ആന്തരികലോകത്തിന്റെ വക്താവായി നവവിഭാഗത്തിനെ പ്രതിനിധീകരിക്കുകയും ചെയ്ത അദ്ദേഹം പിന്നീട് അവരും ക്രമേണ സ്വന്തം ആത്മത്തില്‍ അഭിരമിച്ച് ദുര്‍ബലരായി എന്ന് ആത്മവിമര്‍ശനം നടത്തുന്നുണ്ട്. കൂടാതെ കന്നഡ ദളിത് നേതാവായിരുന്ന ബസവലിംഗപ്പയുടെ കന്നഡ സാഹിത്യവിമര്‍ശനം അദ്ദേഹം ഏറ്റെടുക്കുകയും പുതിയ ഒരു ഭാവുകത്വത്തെ രൂപപ്പെടുത്താന്‍ അബേദ്കറെ വായിക്കണമെന്ന് തീരുമാനിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ശ്രേണീബദ്ധത തെറ്റാണെങ്കിലും അത് ഭാഷയെ ഇല്ലാതാക്കുന്നില്ല എന്ന് അദ്ദേഹം കരുതുകയും ചെയ്യുന്നു. കന്നഡ ഭാഷയ്ക്കകത്തുള്ള വൈവിധ്യത്തിന്റെ കാരണമായത് ശ്രേണീബദ്ധതയാണ് എന്ന് അദ്ദേഹം കരുതുന്നു. വിവിധ ജാതികള്‍ക്ക് അവരുടേതായ കന്നഡ അതുമൂലം രൂപപ്പെട്ടു എന്ന് അദ്ദേഹം കരുതുന്നു. മുകളില്‍ പ്രസ്താവിച്ച കാര്യങ്ങളിലൊക്കെ പാരമ്പര്യത്തെ ആധുനികമായതിനെ മുന്‍നിര്‍ത്തിയും ആധുനികമായതിനെ പാരമ്പര്യത്തെ മുന്‍നിര്‍ത്തിയും പരിശോധിക്കാന്‍ തുനിയുന്ന അനന്തമൂര്‍ത്തിയെ കാണാം. 

പാരമ്പര്യത്തെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ അദ്ദേഹം വിശദമായി തന്നെ പറയുന്നുണ്ട്. തെറ്റുകള്‍ തിരുത്താനും വഴികാട്ടാനുമായി എപ്പോഴും പാരമ്പര്യത്തെ ആശ്രയിക്കുകയാണെങ്കില്‍ അതൊരു ശാപമായിരിക്കും എന്ന നിലപാടുതറയിലാണ് അദ്ദേഹം. അതേസമയം ആധുനികമായതിന്റെ കൂടെ ജീവിക്കുന്ന ഒന്നായിട്ട്, നമ്മുടെ ഓര്‍മകളെ നിലനിര്‍ത്തുന്ന, അതുവഴി ഭാഷയിലൂടെ നമുക്ക് തുടര്‍ച്ചകള്‍ നല്‍കുന്ന ഒന്നായിട്ടാണ് പാരമ്പര്യത്തെ കാണേണ്ടത്. പാരമ്പര്യത്തിന്റെ തുടര്‍ച്ച നിലനിര്‍ത്തേണ്ടത് ആരാധിച്ചുകൊണ്ടല്ല മറിച്ച് അതില്‍ ഇടപെട്ടുകൊണ്ടും മാറ്റിത്തീര്‍ത്തുകൊണ്ടുമാണ് എന്ന് അദ്ദേഹം കരുതുന്നു. 

REPRESENTATIVE IMAGE | WIKI COMMONS
പാരമ്പര്യത്തെ ആധുനികതയുടെ കൂടെ ജീവിക്കാന്‍ കൂടെക്കൂട്ടുകയാണെങ്കില്‍ അത് നമ്മുടെ ഓര്‍മകളെ ജീവനുള്ളതാക്കി നിലനിര്‍ത്തും എന്ന് അനന്തമൂര്‍ത്തി പറഞ്ഞുവെക്കുന്നു. 'ഭാഷയിലൂടെയാണ് തുടര്‍ച്ച നിലനിര്‍ത്തുന്നത്. തുടര്‍ച്ചയെ നിലനിര്‍ത്തിയില്ലെങ്കില്‍ സംസ്‌കാരമില്ല എന്ന് അനന്തമൂര്‍ത്തി ഉറച്ചുപറയുന്നു. തുടര്‍ച്ചകള്‍ ആവര്‍ത്തനങ്ങളല്ല, വ്യത്യസ്തമായി ചെയ്യലാണ്. അതില്‍ വിരുദ്ധമായതിനെയും ചേര്‍ക്കേണ്ടിവരും' ആ സങ്കീര്‍ണ്ണപ്രക്രിയകളെ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു. 

'ഞാന്‍ പാരമ്പര്യ വിരുദ്ധനല്ല. ഞാന്‍ ഭൂതകാലത്തെ എങ്ങനെ ഉപയോഗിക്കാം എന്നുനോക്കുന്നു. പാരമ്പര്യവാദികള്‍ക്ക് എങ്ങനെ ഭൂതകാലത്തെ സംരക്ഷിക്കാന്‍ കഴിയും എന്നതിലാണ് ശ്രമിക്കുന്നത്. അന്ധമായി പാരമ്പര്യത്തെ പിന്തുടരുന്നത് ഞാന്‍ എതിര്‍ക്കുന്നു' ഇതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാകാന്‍ പോകുന്നില്ല എന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഹിന്ദുത്വ ആശയങ്ങളുടെ വളര്‍ച്ച മതത്തിന്റെ പതനത്തോടെ സംഭവിച്ചതാണ് എന്ന് അദ്ദേഹം കരുതുന്നു. 

പാരമ്പര്യവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ശരിക്കും ശല്യപ്പെടുത്തുന്നത് ജാതിവ്യവസ്ഥയാണ്. കൃത്യമായി പറഞ്ഞാല്‍ തൊട്ടുകൂടായ്മ. അദ്ദേഹം പറയുന്നു, 'സ്ഥിരതയുള്ള ഒരു വ്യവസ്ഥയ്ക്ക് വേണ്ടി ആഗ്രഹിക്കുമ്പോള്‍ നിങ്ങള്‍ക്ക് പല കാര്യങ്ങളിലും സന്ധിചെയ്യേണ്ടി വരും. വൈവിദ്ധ്യം ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, അത് സാധ്യമാക്കുന്ന ജാതി വ്യവസ്ഥയെ നിരാകരിക്കുകയും ചെയ്യുന്നു. ഈ ആശയക്കുഴപ്പം പലരിലും എന്നപോലെ എന്നിലുമുണ്ട്. ഗാന്ധിയിലും അതുണ്ട്.' ജാതിയെ ഉള്ളില്‍ നിന്നും പരിഹരിക്കേണ്ട ഒരു പ്രശ്‌നമായാണ് ഗാന്ധിയെപ്പോലെ അനന്തമൂര്‍ത്തിയും കാണുന്നത്. ആധുനികവല്‍ക്കരണത്തില്‍ മാത്രം അതിന്റെ ഉത്തരം ലഭിക്കില്ല എന്ന് അദ്ദേഹം കരുതുന്നു.

REPRESENTATIVE IMAGE | WIKI COMMONS
ജാതിവ്യവസ്ഥയെ തകര്‍ക്കുകയല്ല മറിച്ച് ജാതികള്‍ക്കിടയില്‍ തുല്യത വരുത്തുകയാണ് വേണ്ടത് എന്ന് അനന്തമൂര്‍ത്തി കരുതുന്നു. സംവരണം ഇതിന് വേണ്ടിയാണ്. ഗാന്ധിയാണ് ഇന്ത്യയിലെ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലെ മൗലികചിന്തകന്‍ എന്ന അഭിപ്രായത്തില്‍ നിഴലിക്കുന്ന തരത്തില്‍, അനന്തമൂര്‍ത്തിയില്‍ വേരോടുന്നത് പാരമ്പര്യത്തോടുള്ള  ഇഷ്ടമാണ്. ജാതികളെ ഒരു സാമൂഹികവൈവിധ്യമായി മനസ്സിലാക്കുന്ന അനന്തമൂര്‍ത്തിയിലെ പാരമ്പര്യവാദിയും അതേസമയം, സംവരണത്തെ അനുകൂലിക്കുന്ന അദ്ദേഹത്തിലെത്തന്നെ ആധുനികനും ഇവിടെ നേര്‍ക്കുനേര്‍ നില്‍ക്കുന്നു.

വിശ്വസാഹിത്യകാരന്മാരായി നാം കണക്കാക്കുന്ന ആളുകള്‍ ഒക്കെ അടിസ്ഥാനപരമായി ഓരോരോ സമൂഹങ്ങളുടെ എഴുത്തുകാരാണ് എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. കാരണം ഈ ചിന്ത പാരമ്പര്യത്തിന്റെ സമുന്നതിയെ ഘോഷിക്കുന്നതാണ്. ആധുനികവ്യവസ്ഥ പാരമ്പര്യത്തേക്കാള്‍ കൂടുതല്‍ അനീതി സൃഷ്ടിച്ചിട്ടുണ്ട് എന്ന് അനന്തമൂര്‍ത്തി കരുതുകയും ചെയ്യുന്നു. 

അനന്തമൂര്‍ത്തിയുടെ ബഹുമുഖജീവിതത്തെ പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ടുമാത്രമേ പാരമ്പര്യവും ആധുനികവുമായ ആശയങ്ങളെയും മൂല്യവ്യവസ്ഥകളെയും അദ്ദേഹം സ്വാംശീകരിച്ചതിനെക്കുറിച്ചുള്ള ആലോചനയ്ക്ക് മുന്നോട്ടുപോവാന്‍ കഴിയൂ. ഇതിലെ അടിസ്ഥാന പ്രക്രിയകളായി സമന്വയത്തെയും സംഘര്‍ഷത്തെയും നമുക്ക് കണ്ടെടുക്കാം. ഇടതടവില്ലാതെ സ്വാഭാവികമായി അനന്തമൂര്‍ത്തിയില്‍ ഇവ പുലര്‍ന്നു. സാഹിത്യാഭിരുചിയുടെയും ജ്ഞാനാന്വേഷണത്തിന്റെയും രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലുള്ള നിലപാടുകളുടെയുമൊക്കെ ആധാരമായി പ്രവര്‍ത്തിച്ചത് സമന്വയത്തിന്റെയും സംഘര്‍ഷത്തിന്റെയും സഹജപ്രേരണകളാണ്. അതിന്റെ തന്നെ ആവിഷ്‌കാരവും വളര്‍ച്ചയുമാണ് അദ്ദേഹത്തെ ബഹുമുഖ വ്യക്തിത്വമാക്കി മാറ്റിയതും. സാഹിത്യകാരനും വിമര്‍ശകനും അധ്യാപകനും ഭരണകര്‍ത്താവും ആക്റ്റിവിസ്റ്റും ഒക്കെ ഈ പ്രക്രിയയുടെ ഭിന്നാവിഷ്‌ക്കാരങ്ങള്‍ തന്നെയായിരുന്നു.


REPRESENTATIVE IMAGE | WIKI COMMONS
അനുഭവങ്ങളോടുള്ള തുറന്ന സമീപനം (Openness to experience) അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതയായിരുന്നു. വിശാലമായും ആഴത്തിലും ചിന്തിക്കാനുള്ള കഴിവ്, പുതിയതും വ്യത്യസ്തവുമായ ആശയങ്ങളെ സജീവമായി സ്വീകരിക്കാനുള്ള സന്നദ്ധത, ഉയര്‍ന്ന ഭാവനാശേഷി, സാഹിത്യത്തോടും കലയോടുമുള്ള ഉയര്‍ന്ന പരിഗണന, വ്യത്യസ്തമേഖലകളില്‍ പ്രവര്‍ത്തിക്കാനുള്ള താല്പര്യം മുതലായവ ഇത്തരം വ്യക്തിത്വം ഉള്ളവരുടെ സവിശേഷതകളാണ്. ഈ വ്യക്തിത്വ സവിശേഷതയുടെ പ്രകാശനമാണ് സമന്വയത്തിന്റെയും സംഘര്‍ഷത്തിന്റെയും നിരന്തരവേദിയായി അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിയത്. 

പാരമ്പര്യം ഒരു ഭൂതകാലബന്ധമാണ്. അതുകൊണ്ടുതന്നെ കാല്പനികതയുടെ അംശമേറും യുക്തി വഴുതിപ്പോകും. അനന്തമൂര്‍ത്തി യുക്തിയെ മുറുകെപിടിക്കുന്നുണ്ട് പാരമ്പര്യത്തിന്റെ ഒപ്പം നടക്കുമ്പോള്‍. അതുപോലെ ആധുനികമായ ആശയങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യുന്നു. അപ്പോഴും വിമര്‍ശനത്തിന്റെ ഖഡ്ഗം വിശ്രമിക്കുന്നില്ല. അതുകൊണ്ടുതന്നെ പാരമ്പര്യത്തിനെയും ആധുനികമായതിനെയും സാമാന്യമായി മനസ്സിലാക്കപ്പെടുന്നതുപോലെ വിരുദ്ധ ധ്രുവങ്ങളില്‍ അദ്ദേഹത്തിന് പ്രതിഷ്ഠിക്കേണ്ടി വരുന്നില്ല, മറിച്ച് രണ്ടിനെയും ഒരു തുടര്‍ച്ചയായി പരിഗണിക്കാന്‍ കഴിയുന്നു. അനന്തമൂര്‍ത്തിയില്‍ സമന്വയവും സംഘര്‍ഷവും സൗന്ദര്യാത്മകവും ചിന്താപരവുമായിരുന്നതുകൊണ്ടായിരിക്കാം ഇത് സാധ്യമായത് എന്നു വിലയിരുത്താം. സൗന്ദര്യാത്മകത ആശയങ്ങളെയും മൂല്യവ്യവസ്ഥകളെയും ആശ്ലേഷിക്കുമ്പോഴേക്കും ചിന്തയുടെ ജാഗ്രതയാര്‍ന്ന സംഘര്‍ഷം രൂപപ്പെട്ടിരുന്നു അദ്ദേഹത്തില്‍. 

അനന്തമൂര്‍ത്തിയുടെ ജീവിതത്തിന്റെ കേന്ദ്രപ്രക്രിയകളായി സമന്വയത്തെയും സംഘര്‍ഷത്തെയും നമുക്ക് കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ നിര്‍ലീനമായിരുന്ന അനുഭവങ്ങളോടുള്ള തുറന്ന സമീപനം ഇതിനെ സജീവമാക്കി നിലനിര്‍ത്തി. മൂല്യങ്ങളുടെയും ആശയങ്ങളുടെയും വ്യക്തി ജീവിതത്തില്‍ സമന്വയവും സംഘര്‍ഷങ്ങളും അടിസ്ഥാനപ്രക്രിയകള്‍ തന്നെയാണ്
പക്ഷേ, അനന്തമൂര്‍ത്തിയില്‍ അതൊരു നൈരന്തര്യമായിരുന്നു, ജീവിതത്തിന്റെ കാതലും.

സഹായകഗ്രന്ഥം:

Ananthamurthy, U. R., & Gowda, C. (2019).A life in the world: UR Ananthamurthy in conversation with Chandan Gowda. HarperCollins Publishers India Ltd.




#outlook
Leave a comment