
അംഗോപാംഗം സ്വരമുഖരം
കെ എസ് ചിത്രയ്ക്ക് അറുപതായി എന്ന വാർത്തകൾ കാണുമ്പോൾ കാലം അത്രയും മുൻപോട്ടോടിയോ എന്ന് ഞാനൊന്ന് അമ്പരന്നു. ആഹാ, എല്ലാ കാലങ്ങളിലും ഈ ശബ്ദം കൂട്ടിരുന്നല്ലോ എന്നായി അടുത്ത ചിന്ത. ചിത്ര ചേച്ചി മുപ്പതിനായിരത്തിന് മുകളിൽ പാട്ടുകൾ പാടിയിട്ടുണ്ട്. ആ പാട്ടുകളിൽ നിന്നും, എന്റെ സ്വന്തമെന്ന്, ഞാൻ പൊസസീവ് ആവുന്ന അറുപത് പാട്ടുകൾ അവതരിപ്പിച്ചാലോ?
എഴുതി തുടങ്ങി, ഓർത്ത് പാടുവാൻ തുടങ്ങി... അറുപത് പാട്ടുകളോ! ഇത് അറുന്നൂറിൽ പോലും ഒതുങ്ങില്ലല്ലോ. ആ സാഹസം തല്ക്കാലം വേണ്ടെന്ന് വെയ്ക്കുന്നു.
കോവിഡ് കാലം തുടങ്ങുന്നതിന് തൊട്ട് മുൻപാണ്. ചെന്നൈ എയർപോർട്ടിൽ വെച്ച് സംഗീത സംവിധായകൻ സുഷിൻ ശ്യാമിനെ ഞാൻ കാണുവാനിടയായി. അദ്ദേഹവും കൊച്ചിയ്ക്കാണ് യാത്ര. സുഷിൻ സംഗീതം നൽകിയ വരത്തൻ എന്ന സിനിമയിലെ ടൈറ്റിൽ ഗാനം ഞാൻ പാടിയിട്ടുണ്ട്, അങ്ങനെ അദ്ദേഹവുമായി ഒരു സൗഹൃദം ഉള്ളതുകൊണ്ട്തന്നെ പുതിയ പ്രോജെക്ട് എന്തെന്ന് ഞാൻ ചോദിച്ചു. അദ്ദേഹം വളരെ ഏക്സൈറ്റഡ് ആയി എന്നോട് പറഞ്ഞു, "ഞാനിപ്പോൾ ചിത്ര ചേച്ചിയെ റെക്കോഡ് ചെയ്ത് വരുന്ന വഴിയാണ്". സുഷിനിന്റെ മുഖത്തെ ആഹ്ലാദം കണ്ട നിമിഷം മുതൽ ആ പാട്ട് കേൾക്കാൻ ഞാൻ തയ്യാറായിരുന്നു. ഏകദേശം ഒരു വർഷം കഴിഞ്ഞാണ് ആ പാട്ട് വന്നത് . മാലിക് എന്ന സിനിമയിലെ 'തീരമേ തീരമേ 'എന്ന പാട്ട്. ഞാൻ ശരിയ്ക്കും തരിച്ചിരുന്നു പോയി. പതിവ് മട്ടിലുള്ള വരികളല്ല, ഈണവും പതിവ് ശൈലികളിൽ നിന്നും മാറി നടക്കുന്നു. ഒപ്പം ആ ശബ്ദം! 'ഇവിടമോ ശരണാലയം' എന്ന വരിയിലോട്ട് ഒരു ട്രാൻസിഷൻ, അവിടെ കേൾക്കുന്നത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവമുള്ള ഒരു സംഗീതജ്ഞയുടെ പക്വതയും, പ്രൗഢതയും തന്നെ. ഒന്നാന്തരമൊരു പാട്ടിനെ അതിന്റെ അടുത്ത നിലയിലേക്കുയർത്തുന്നത് ആ ആലാപനമാണ്. ഇതൊരു യുഗ്മ ഗാനമെന്നതും സൂരജ് സന്തോഷും കൂടെ ആലപിച്ചുവെന്നതും മറന്നിട്ടല്ല, ഈ പാട്ടിന്റെ സ്രഷ്ടാവ് ആവേശത്തോടെ പറഞ്ഞത് എന്റെ കേൾവിയനുഭവത്തിൽ ഞാൻ കൂട്ടിചേർത്തതാണ്.
എം എസ് സുബ്ബലക്ഷ്മിയെ കുറിച്ച് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാൻ എന്നോട് ആവശ്യപ്പെട്ടാൽ ഞാൻ രണ്ട് ഇംഗ്ലീഷ് വാക്കുകൾ കടമെടുക്കും. Grace and Perfection. ക്‌ളാസിക്കൽ മ്യൂസിക്കിൽ എം എസ് സുബ്ബലക്ഷ്മി എനിയ്ക്കെന്താണോ അതാണ് പോപ്പുലർ മ്യൂസിക്കിലെ കെ എസ് ചിത്ര. ഗ്രെയ്‌സ് ആൻഡ് പെർഫെക്ഷൻ!
PHOTO: K S CHITHRA FACEBOOK
ഇത് വിശദീകരിയ്ക്കുവാൻ ചിത്രയുടെ പാട്ടുകൾ, ആലാപന ശൈലി എന്നിവയെ കുറിച്ച് ശാസ്ത്രീയമായും,സംഗീതജ്ഞ എന്ന നിലയിലും ഞാൻ വിലയിരുത്തേണ്ടതുണ്ട്. ഒപ്പം, ഞാനുമൊരു ആസ്വാദകയാണ്. പാട്ട് കേട്ട് സന്തോഷിക്കുകയും സങ്കടപ്പെടുകയും, ഉല്ലസിക്കുകയും ചെയ്യുന്ന ഒരു ഇമോഷണൽ ജീവി! ശ്രുതി ശുദ്ധിയിലും, ഉച്ചാരണ ശുദ്ധിയിലും, ശബ്ദത്തിന്റെ റെയ്ഞ്ചിലും, അനായാസേനയുള്ള ആലാപനത്തിലും പെർഫെക്ട് ആയ കെ എസ് ചിത്ര. ഒളിമ്പിക്സിലെ ജിംനാസ്റ്റിക്ക് ഇനങ്ങളിൽ പത്തിൽ പത്ത് കിട്ടുന്നവരുടെ കൃത്യത പോലെ പെർഫെക്ട്. കർണാടക സംഗീതം മികച്ച രീതിയിൽ അഭ്യസിച്ച ചിത്ര, സിനിമ പാട്ടുകളിൽ കർണാടിക് രാഗങ്ങൾ ആലപിക്കുന്നതും, സ്വരവിസ്താരം നടത്തുന്നതും ക്‌ളാസിക്കൽ ഗായകരുടെ വഴിയിലാണ്. ''പാടറിയേൻ പടിപ്പറിയേൻ'' (ചിത്രം: സിന്ധുഭൈരവി) പോലുള്ള പാട്ടുകൾ ആണ് പലപ്പോഴും പരാമർശിക്കപ്പെടുക. എന്നാൽ ഞാൻ എടുത്ത് പറയാനുദ്ദേശിയ്ക്കുന്നത് മറ്റൊരു പാട്ടാണ്. 'സിന്ദൂരരേഖ' എന്ന സിനിമയിൽ ''പ്രണതോസ്മി'' എന്ന പാട്ട് ചിത്ര പാടിയ വേർഷൻ മായാശ്രി എന്നൊരു അപൂർവ്വ രാഗത്തിലാണ്. 'ദ്വി മധ്യമ പഞ്ചമ വർജ്ജ രാഗം' എന്നൊരു ഗണത്തിലാണ് മായാശ്രീ രാഗം. അതായത് പ എന്ന സ്വരം ഇല്ലാ, രണ്ട് മധ്യമങ്ങൾ (ശുദ്ധ മധ്യമം, പ്രതി മധ്യമം) എന്നിവയുണ്ട്. വികൃത പഞ്ചമ രാഗങ്ങൾ എന്നും പേരുണ്ട് 'പ'യെന്ന സ്വരം എടുത്തുമാറ്റി, രണ്ട് 'മ' ചേർന്നയീ രാഗങ്ങൾക്ക്. ഈ ആലാപനം കേട്ടാൽ കെ എസ് ചിത്രയുടെ ജ്ഞാനത്തിന്റെ ആഴം മനസ്സിലാവും. ചില രാഗങ്ങളുടെ സഞ്ചാരം നൂൽപ്പാലത്തിൽ നടക്കേണ്ടത് പോലെയാണ്. ഒന്ന് മാറിയാൽ രാഗം കൈവിട്ട് താഴെ പോകും. മായാശ്രീ രാഗവും, അതുപോലെ പല രാഗാധിഷ്ഠിത ഗാനങ്ങളും കെ എസ് ചിത്രയുടെ ഉള്ളം കൈയ്യിൽ (അതോ ഉള്ളത്തിലോ?) ഭദ്രമാണല്ലോ.
കർണാടക സംഗീതമെന്ന് പറഞ്ഞപ്പോൾ എനിയ്ക്കൊരു കാര്യം ഓർമ്മ വരുന്നു. സ്കൂൾ പൂട്ടുമ്പോൾ ഞാൻ തിരുവനന്തപുരത്ത് അമ്മവീട്ടിൽ ഇടയ്ക്ക് നിൽക്കാറുണ്ട്. എന്റെ അച്ഛൻ, ഒരവധിക്കാലത്ത് ഓമനക്കുട്ടി ടീച്ചറിനോട് (പ്രശസ്ത സംഗീതജ്ഞ ഡോ. കെ ഓമനക്കുട്ടി)യോട് എനിയ്ക്ക് ക്ലാസ് എടുക്കാമോ എന്ന് അഭ്യർത്ഥിച്ചു. അങ്ങനെ രണ്ട് മാസം ഞാൻ ടീച്ചറിന്റെ വീട്ടിൽ പോയി പഠിച്ചു. കർണാടക സംഗീതത്തിലെ ഏറ്റവും സങ്കീർണമായ ഒരിനമാണ് രാഗം താനം പല്ലവി. ആ വെക്കേഷന് എനിയ്ക്ക് രാഗം താനം പല്ലവി പാഠങ്ങൾ പറഞ്ഞുതന്ന ഓമനക്കുട്ടി ടീച്ചറിനെ സ്നേഹത്തോടെ, ആദരവോടെ എപ്പോഴും ഓർക്കുന്നു. ക്ലാസ്സിനിടയിൽ പലപ്പോഴും ടീച്ചർ ചിത്ര, ചിത്ര എന്ന് പറയും. അങ്ങനെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കെ ടീച്ചർ ഒരു റിക്കോഡിങ് ഓർമ്മ പങ്ക് വെച്ചു. (ദേവാസുരത്തിലെ അംഗോപാംഗം എന്ന ഗാനം എന്നാണ് എന്റെ ഓർമ്മ). ആ റിക്കോർഡിങ് സ്റ്റുഡിയോയിൽ ശിഷ്യ പാടുന്നതിന് സാക്ഷിയായ ടീച്ചറുടെ അഭിമാനം. അത്രയ്ക്കും കൗതുകത്തോടെ ഞാൻ അതെല്ലാം കേട്ടിരുന്നു. ചിത്രയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന എന്റെ ഗുരു ചന്ദ്രമന നാരായണൻ നമ്പൂതിരിയും ഞങ്ങൾ ശിഷ്യരോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്, ചിത്ര വളരെ ഗുരുത്വമുള്ള ഗായിക, ആ മര്യാദയും കുലീനത്വവും പെരുമാറ്റത്തിലെന്ന പോലെ പാട്ടിലും പ്രതിഫലിക്കുന്നുണ്ട്.
PHOTO: WIKI COMMONS
ഇനിയെഴുതുന്ന വരി ചിത്രച്ചേച്ചി വായിച്ചിരുന്നുവെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു. ഓമനക്കുട്ടി ടീച്ചറിന്റെ പ്രിയ ശിഷ്യ കച്ചേരി രംഗത്തും സജീവമാകണം.
ഐടിയിൽ ജോലി നോക്കുന്ന ഞാനിപ്പോൾ യുദ്ധകാലാടിസ്‌ഥാനത്തിൽ ai technology, prompt engineering തുടങ്ങിയവ പഠിച്ചുകൊണ്ടിരിക്കുന്നു. ചാറ്റ് ജിപിറ്റിയോട് ഞാനൊരു ചോദ്യം ചോദിച്ചു. കെ എസ് ചിത്രയുടെ ആലാപനത്തിന്റെ സവിശേഷതകൾ പറയൂ.
ഏ ഐ തന്നതിന്റെ സംഗ്രഹം ഇതാണ്.
Versatility,Melodious voice, Emotional Expression, Flawless Technique, Language Proficiency, Bhava..
ഏ ഐ അതിനെ പരിശീലിപ്പിച്ച വിവരങ്ങളിൽ നിന്നും നമുക്ക് ഉണ്ടാക്കി തരുന്നതാണല്ലോ ഈ സംക്ഷിപ്ത വിവരം. ഭാവം, ടെക്നിക്, പിച്ച് പെർഫെക്ഷൻ, ബ്രെത് കണ്ട്രോൾ ഒക്കെ മെഷീൻ നമ്മളോട് പറഞ്ഞു.
എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തല്ക്കാലം മനുഷ്യനോട് തോറ്റു പോകുന്ന ഒരു കാര്യമുണ്ട്. സംഗീതം ഒരു ഇന്ദ്രിയാനുഭവം ആണ്. അതിൽ എന്റെയും നിങ്ങളുടെയും വികാരങ്ങൾ കൂടിയുണ്ട്. നമ്മുടെ ഇമോഷൻ, നൊസ്റ്റാൾജിയ ഒക്കെ കൂടിച്ചേർന്ന കെ എസ് ചിത്ര അനുഭവം വിവരിക്കാൻ റോബോട്ട് /മെഷീന് ആവുമോ? കരഞ്ഞും ചിരിച്ചും കലഹിച്ചുമൊക്കെ നമ്മൾ കേട്ട പാട്ടുകളാണ്. സംഗീതം അത്രയ്ക്കും പേഴ്സണലാണ്.
ചിത്രച്ചേച്ചി അറുപത് വയസ്സിൽ പാടുന്നത് ഇരുപതുകാരികളുടെ ശബ്ദത്തിലാണല്ലോ. ആ ശബ്ദം, ജ്ഞാനം അങ്ങനെ തന്നെയുണ്ടാവാൻ ആയിരക്കണക്കിന് പേരുടെ പ്രാർത്ഥനകൾക്കൊപ്പം ഞാനും ചേരുന്നു. പെൺപ്പാട്ടുകാരികൾക്ക് വേണ്ടി, പെൺജാതിസംഗീതത്തിലെ കണ്ണിയായ ഒരുവളുടെ ആശംസകൾ, പ്രാർത്ഥനകൾ...


