
മറ്റൊരു ഓണം കൂടി
മറ്റൊരു ഓണം കൂടി നമ്മുടെ ഇടയിലേക്ക് കടന്നുവരികയാണ്. കേരള ജനതയുടെ ഉത്സവ തിമർപ്പിൻ്റെ നാളുകളാണിവ. ഇതിനായി നാടും നഗരവും ഒരുപോലെ ഒരുങ്ങുകയാണ്.
ഓണത്തെപ്പറ്റി നിരവധി കഥകളുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. മാവേലി നാടിലെ സമൃദ്ധിയുടെയും സാമൂഹ്യ നീതിയുടെയും ഓർമ്മ പുതുക്കാനുള്ള അവസരമായി ചിലർ അതിനെ വാഴ്ത്തുന്നു. മാവേലി മലയാളികളുടെ മനസ്സിൽ പതിഞ്ഞിറങ്ങിയതാണ്. ഇപ്പോൾ മഹാബലിയെ പാതാളത്തിലേക്കയച്ച വാമനൻ്റെ ജയന്തിയായി ആചരിക്കാനും ചിലർ വ്യഗ്രത കാണിക്കുന്നു. ഓണത്തെ ഒരു ഹിന്ദു ഉത്സവമായും ബ്രാഹ്മണരുടെ ഉത്സവമായും കാണുന്നവരുമുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
ഉത്സവങ്ങൾ മതാധിഷ്ഠിതമായിരിക്കണമെന്നത് ചിലർക്ക് ഒരു വാശി പോലെയാണ്. കൃസ്ത്യാനികൾക്ക് ക്രിസ്മസും ഈസ്റ്ററുമുണ്ട്. മുസ്ലിങ്ങൾക്ക് റമദാനും ബക്രീദും നബിദിനവുമുണ്ട്. അങ്ങനെയെങ്കിൽ ഹിന്ദുക്കൾക്ക് ഒരു പൊതു ഉത്സവം അല്ലെങ്കിൽ ഉത്സവങ്ങൾ എന്തുകൊണ്ടായികൂട? അങ്ങനെ വിഷുവും ദീപാവലിയും ജന്മാഷ്ടമിയും വിനായകചതുർത്ഥിയും എല്ലാം ഉത്സവങ്ങളാണ്. അവരുടെ കൂട്ടത്തിൽ ഒരു വാമനജയന്തിയെയും ഉൾപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വാമനൻ ഒരു അവതാരപുരുഷനാണ്. വർണാശ്രമ ധർമ്മത്തെ സംരക്ഷിക്കുന്നതിനും അതിനെ വെല്ലുവിളിക്കുന്നവരെ നശിപ്പിക്കുന്നതിനും വേണ്ടിയാണ് വിഷ്ണു അവതാരരൂപമെടുക്കുന്നത്. ഇവിടെ വാമനാവതാരം മഹാബലിക്കെതിരാണ്.
ഇതിനുമുമ്പ് മറ്റൊരു രാക്ഷസരാജാവായ ഹിരണ്യകശിപുവിനെ കൊല്ലാനായി വിഷ്ണു നരസിംഹാവതാരം എടുത്തിട്ടുണ്ട്. വിഷ്ണുഭക്തനായ പ്രഹ്ലാദൻ ഹിരണ്യകശിപുവിൻ്റെ മകനാണ്. പുരാണ പാരമ്പര്യമനുസരിച്ച് പ്രഹ്ലാദൻ്റെ പൗത്രനാണ് മഹാബലി. മഹാബലി ശക്തനായ ഭരണാധികാരിയാവുകയും സമൃദ്ധമായ രാഷ്ട്രം സൃഷ്ടിക്കുകയും ചെയ്തു. ദേവന്മാരുടെ ആധിപത്യം വെല്ലുവിളിക്കപ്പെടുകയും അവർ വിഷ്ണുവിൻ്റെ പക്കൽ പരാതിയുണർത്തുകയും ചെയ്തു. വിഷ്ണു വാമന രൂപത്തിൽ മഹാബലിയുടെ അടുക്കൽ ചെന്നു, മഹാബലി എല്ലാ വിധ വിഭവങ്ങളും വാഗ്ദനം ചെയ്തുവെങ്കിലും മുന്നുകാതം (കാലടിപ്പാട് ) ഭൂമിയാണ് വാമനൻ ചോദിച്ചത്. രണ്ട് കാലടി കൊണ്ട് മഹാബലിയുടെ രാജ്യം മുഴുവൻ അളന്നെടുത്ത വാമനൻ മുന്നാമത്തെ അടി മഹാബലിയുടെ ശിരസ്സിൽവെച്ച് അദ്ദേഹത്തെ പാതാളത്തേക്കയച്ചു. വർഷം തോറും സ്വന്തം പ്രജകളെ കാണാനുള്ള വരവും നൽകി. അങ്ങനെ തിരുവോണ ദിവസം മഹാബലി പ്രജകളെ കാണാനെത്തുന്നു. എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രത്തിൽ വാമനമൂർത്തിയാണ് പ്രതിഷ്ഠ.
REPRESENTATIVE IMAGE | WIKI COMMONS
ഈ കഥ എല്ലാവർക്കും അറിയുന്നതാണ്. ഇതിവിടെ ആവർത്തിക്കുന്നതിന് ചില കാരണങ്ങളുണ്ട്. മാവേലി നാടിനെയും മാവേലിയുടെ വരവിനെയും സംബന്ധിച്ച ഓർമ്മകളെ ചുറ്റിയാണ് ഓണോത്സവം വിശദീകരിക്കപ്പെടുന്നത്. 'ഓണത്തിലെ പൂക്കളങ്ങൾ താലപൊലികൾ കളികൾ സദ്യ തുടങ്ങിയവക്കെല്ലാം ഒരു വിരുന്നൊരുക്കലുമായി സാമ്യമുണ്ട്. മരിച്ച് പോയവർക്ക് ചാത്തമൂട്ടുക ഇന്നും വ്യാപകമായ ചടങ്ങാണല്ലോ..
ഇവിടെ ചാത്തമുണ്ണാൻ വരുന്ന മാവേലിയുടെ കാലടി അരിമാവുകൊണ്ട് വരച്ച് വെക്കുക. പ്രത്യേകപാത്രത്തിൽ അല്ലെങ്കിൽ ഇലയിൽ ഭക്ഷണം വിളമ്പിവെക്കുക എന്ന രീതി തുടരുന്നു. ഇവിടെയെല്ലാം ആരാധനാ പുരുഷൻ (അങ്ങനെയൊരാൾ ഉണ്ടെങ്കിൽ) വാമനൻ അല്ല മഹാബലി ആണ്. തൃക്കാക്കര ക്ഷേത്രം ഒരിക്കലും ഓണോത്സവത്തിൻ്റെ കേന്ദ്രസ്ഥാനം ആയിരുന്നിട്ടില്ല. ചിലയിടങ്ങളിൽ ഓണപ്പൂക്കളത്തിൻ്റെ മധ്യത്തിൽ മാതേവർ എന്നൊരു മൂർത്തിയെ വെക്കാറുണ്ട്. അത് വാമനമൂർത്തിയാണ് എന്ന് പറയാറുണ്ടെങ്കിലും പറയത്തക്ക രൂപസാമ്യം പോലും ഈ മൂർത്തിക്കില്ല. മാതേവർ മരം കൊണ്ടോ മണ്ണുകൊണ്ടോ നിർമ്മിച്ച ഒരു സ്തൂപികയാണ്. വിഗ്രഹം എന്നതിലപ്പുറം മഹാശിലാസ്മാരകങ്ങളുടെ മാതൃകയിലാണ് മാതേവരുടെ രൂപം.
REPRESENTATIVE IMAGE | WIKI COMMONS
ഓണം പൂക്കളുടെ ഉത്സവമാണ്. പൂക്കൾക്ക് രണ്ട് പ്രാധാന്യമുണ്ട്. ഒന്നാമത്തെത് പലരും ഇപ്പോൾ സൂചിപ്പിക്കുന്നതുപോലെ ഇടവപ്പാതി മഴ പെയ്ത്, ചെടികൾ തളിർക്കുകയും പുക്കുകയും ചെയ്യുന്ന ഘട്ടമാണ്. കേരളത്തിലെ സാഹചര്യങ്ങളിൽ പൂക്കുന്ന തുമ്പ പോലുള്ള ചെടികൾക്കാണ് പ്രാധാന്യം. പൂക്കളങ്ങൾ മാവേലിയെ വരവേൽക്കാനാണെന്ന് പറയാറുണ്ട്. പുക്കളങ്ങൾ എന്തിനാണ്? കളങ്ങൾ ആചാരങ്ങൾക്കും വിനോദങ്ങൾക്കും ആഭിചാരക്രിയകൾക്കുമുള്ള നിർമ്മിതികളാണ്. നാഗക്കളങ്ങൾ, നിരവധി ക്ഷേത്രങ്ങളിൽ നടക്കുന്ന കളമെഴുത്തുംപാട്ട് തുടങ്ങിയവ ഉദാഹരണമാണ്. തമിഴ്നാട്ടിൽ വ്യാപകമായ കോലങ്ങളും ഇതേ ആശയത്തിൻ്റെ മറ്റൊരു രൂപമാണ്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന കളങ്ങളുടെ കേന്ദ്ര സ്ഥാനത്ത് വിവിധ തരത്തിലുള്ള മൂർത്തികളെ കുടിയിരുത്താറുണ്ട്. ജീവിച്ചിരിക്കുന്നവരെയും ചിലപ്പോൾ കുടിയിരുത്താം. പഴന്തമിഴ് പാട്ടുകളിലെ വിഴാകൾ നടന്നത് ഇത്തരത്തിലുള്ള കളങ്ങളിലാണ് കളങ്ങളിലെ പാട്ടിനും നൃത്തത്തിനും മറ്റ് ആചാരങ്ങൾക്കും ശേഷം 'ആചാരപരമായ ഭക്ഷണത്തിലേക്ക് നീങ്ങുന്നു. പഴംതമിഴ് പാട്ടുകളിലെ വലിയ ഊട്ടുകൾ നടക്കുന്നതും കളങ്ങളിലാണ്.
ആദ്യകാലത്ത് മൃഗബലികൾ അടക്കമുള്ള നേർച്ചകൾ കളങ്ങളിൽ വച്ച് നടന്നിരുന്നതായി സൂചനകളുണ്ട്. അവിടെ വച്ച് നടത്തിയ വിരുന്നുകളിൽ ഇറച്ചിയും ചോറും ഉണ്ടായിരുന്നു. ചിലയിടങ്ങളിൽ കള്ളും വിതരണം ചെയ്തിരുന്നു. എന്നാൽ ഓണത്തിന് മൃഗബലി ഇല്ല. സദ്യകളിൽ പൊതുവിൽ സസ്യപദാർത്ഥങ്ങളാണുള്ളത്. ക്ഷേത്രങ്ങളിൽ നടത്തുന്ന മൃഗബലിക്കുപകരം പുഷ്പാർച്ചനകൾ കൊണ്ടുവന്നത് ബൗദ്ധ ജൈന വിഭാഗക്കാരാണ്. 'ഗുജറാത്തിലെ വലഭി പോലെ ജൈനർക്ക് സ്വാധീനമുള്ള മേഖലകളിൽ പുതുവത്സരം 5- 6 നൂറ്റാണ്ടുകൾ മുതൽ തന്നെ പുഷ്പാർച്ചനകൾ നിലവിൽ വന്നിരുന്നു മധുരൈകാഞ്ചി എന്ന തമിഴ് പാട്ടിലാണ് ഓണത്തെപ്പറ്റിയുള്ള ആദ്യ പരാമർശം കാണുന്നത്. മധുരയിൽ ജനസ്വാധീനം വളർന്നുവന്നതിന് ശേഷമാണ് മധുരൈകാഞ്ചി രചിക്കപ്പെടുന്നത്.
ഓണസദ്യ | PHOTO : WIKI COMMONS
ഓണത്തിൻ്റെ ഏറ്റവും ശക്തമായ സ്വാധീനം ദക്ഷിണ കേരളത്തിലാണ് എന്നതും ശ്രദ്ധേയമാണ്. ഓച്ചിറക്കളി പോലുള്ള കളികൾ, ഓണത്തല്ല്, വള്ളംകളി തുടങ്ങിയവയെല്ലാം ദക്ഷിണ കേരളത്തിൻ്റെ പ്രത്യേകതയാണ്. പ്രത്യേകിച്ച് കായംകുളവും മാവേലിക്കരയും അടങ്ങുന്ന ഓണാട്ടുകരയുടെ പ്രത്യേകത. ഈ പ്രദേശവും തമിഴ്നാടുും തമ്മിൽ ബന്ധങ്ങളുണ്ടായിരുന്നു. മധുരയിലെ ഓണം കേരളത്തിലേക്ക് വ്യാപിച്ചതാകാം. പക്ഷെ, മധുരയിൽ മാവേലിയില്ല വാമനനുമില്ല. മാവേലി എന്നത് മാവേൾ (ഉയർന്ന തലവൻ) എന്നതിൻ്റെ മലയാളി രൂപമാകാം. പിന്നീട് അതിനെ സംസകൃതീകരിച്ച് മഹാബലിയാക്കിയതുമാകാം. മാവേൾ എന്ന പ്രയോഗം പട്ടണം ഉൽഖനനത്തിൽ കണ്ട് കിട്ടിയ ഒരു എഴുത്തിലുണ്ട്. ഈ പ്രയോഗം ഏതെങ്കിലും പ്രത്യേക വ്യക്തിയെ സംബന്ധിച്ചല്ല എന്നതും ഓർക്കണം. തമിഴ് പാട്ടുകാലത്തിൽ വളർന്നുവന്ന തലവന്മാരിൽ ആരുവേണമെങ്കിലും മാവേലിയാകാം. ഓണം അപ്പോൾ തമിഴ്നാട്ടിൽ പറയുന്നതുപോലെ ഒരു ‘വിഴാ’ അല്ലെങ്കിൽ ‘പണ്ടികൈ’ ആണ്. ഈ ആഘോഷത്തിലും കളികളിലും ഭക്ഷണം തന്നെയാണ് കേന്ദ്രബിന്ദു. മൺമറഞ്ഞുപോയ ഒരു വേളിൻ്റെ തിരിച്ചുവരവ് ഈ ഉത്സവത്തിൻ്റെ ഭാഗമാണ്. വേൾ ഉത്സവത്തിൽ പങ്കെടുക്കുകയാണ് ആഘോഷിക്കുകയാണ്. ഉത്സവം കഴിഞ്ഞ് തിരിച്ച് വരുന്ന ആൾക്ക് വേണ്ടി നടത്തുന്ന ആചാരമല്ല, ഈ ആഘോഷങ്ങൾക്ക് കൊഴുപ്പ് കൂടുന്നത് സന്ദർശകനെ സ്വാഭാവികമായും സന്തോഷിപ്പിക്കും.
ഇവിടെ വാമനനെന്തു കാര്യം? ഈ ചടങ്ങിലോ ആഘോഷത്തിലോ ഒരിടത്തും വാമനൻ പ്രത്യക്ഷപ്പെടുന്നില്ല. വാമനൻ ആരായിരുന്നു എന്നത് മറ്റൊരു പ്രശ്നമാണ്. വാമനൻ ഉണ്ണിനമ്പൂതിരി ആയിരുന്നു എന്ന് നമ്മുടെ കഥകൾ പറയുന്നു. മഹാബലി പാതാളത്തിലേക്ക് പോയതിന് ശേഷം വാമനന്നെന്ത് സംഭവിച്ചു എന്ന് കഥകൾ പറയുന്നില്ല. 'വാമനൻ്റെ മുന്ന് കാതമളക്കുന്ന രീതി അന്നത്തെ ഭൂമിയുടെ കണക്കെട്ടപ്പിൻ്റെ ഒരു ഭാഗമാണ്. വാമനൻ മഹാബലിയുടെ ഭൂമി കൈവശപ്പെടുത്തുകയും മഹാബലിയെ പുറത്താക്കുകയും ചെയ്തു എന്ന് വാദിക്കാം. പക്ഷെ, അവതാരപുരുഷന്മാർ പൊതുവിൽ വർണാശ്രമ ധർമ്മത്തിൻ്റെ പൊതുതത്വങ്ങൾ പാലിക്കുന്നവരാണ്. വാമനൻ ആരുടെയെങ്കിലും ഭൂതനാകാം. ആരുടെ? കൗടില്യൻ്റെ അർത്ഥശാസ്ത്രത്തിൽ കുബ്ജ വാമനന്മാർ എന്ന ചാരന്മാരെപ്പറ്റി പറയുന്നുണ്ട്. ശത്രു രാജ്യങ്ങളിലും അരമനകളിലും കടന്ന് ചാരവൃത്തി നടത്തുന്ന ഇവരുടെ ജോലിക്ക് ഉണ്ണി നമ്പൂതിരിയുടെ വേഷവും ചേരും. പക്ഷെ രാജാവിനെ പുറത്താക്കുന്ന ജോലി വാമനൻ്റെതല്ല. അതിന് യുദ്ധങ്ങൾ തന്നെ വേണ്ടി വരും. അങ്ങിനെ എന്തെങ്കിലും നടന്നതായി സൂചനയുമില്ല - കേരളത്തിൽ നിലനിൽക്കുന്ന മാവേലി മിത്തിലും അദ്ദേഹം എവിടെയെങ്കിലും ചവിട്ടി താഴ്ത്തപ്പെട്ടതായി സൂചനയില്ല. പുരാണങ്ങളിൽ മാത്രമാണ് മഹാബലിയെ ചവിട്ടി താഴത്തിയ കഥ പ്രത്യക്ഷപ്പെടുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
ഓണത്തെ ഒരു ഹൈന്ദവോത്സവമായി വ്യാഖ്യാനിക്കാനുള്ള ശ്രമം ഹിന്ദുക്കളിലും മറ്റ് മതവാദികളിലും വ്യാപകമാണ്. അത് ശരിയാകണമെങ്കിൽ ബ്രാഹ്മണരുടെ ഏതെങ്കിലും ഒരു ചടങ്ങാകണം അല്ലെങ്കിൽ ഹൈന്ദവ ധർമ്മസംഹിതകൾ നിർദ്ദേശിക്കുന്ന പുണ്യകർമ്മങ്ങളിൽ ഒന്നാകണം. ക്ഷേത്രങ്ങളിലെ ആരാധനാരൂപങ്ങളെയും അതിൽ ഉൾപെടുത്താം. പക്ഷെ, ചിങ്ങമാസത്തെ ഓണം ഒരു നാളുൽസവമാണ്. ധനുമാസത്തെ തിരുവാതിര തൈപൂയ്യം എന്നൊക്കെ പറയുന്നതുപോലെ ഇവക്ക് പ്രത്യേക ക്ഷേത്രങ്ങളോ ദേവീ ദേവന്മാരോ ഇല്ല. ചില ക്ഷേത്രങ്ങളിൽ അവയുമായി ബന്ധപ്പെട്ട ആരാധനകൾ നടക്കാം. ഇവയെല്ലാം ഇന്ത്യൻ ജനകീയ ഫോക്സ സംസ്കാരത്തിൻ്റെ തുടർച്ചയായി കരുതുന്നതാണ് ശരി. അതിന് പകരം ഇവക്ക് ഒരു മതസംഹിതയുടെ ചാപ്പയടിക്കുമ്പോൾ ഇവരുടെ എല്ലാ മതരൂപങ്ങളെയും ഉൾക്കൊള്ളാനുള്ള കഴിവിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. വേറൊരു മതപണ്ഡിതൻ ഇത്തരം ഉത്സവങ്ങളെ ഹിന്ദു ആയി വ്യാഖ്യാനിക്കുമ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നത് ഹിന്ദുമതവാദികൾ തന്നെയാണ്. ഒരു പൊതു ഉത്സവം അവരുടെ തായി മാറുമല്ലോ.
പഴംതമിഴ് പാട്ടുകളിലെ ഏതെങ്കിലും വേളരചന്മാരുടെ കഥകളിൽ രൂപം കൊള്ളുകയും ഒരു പക്ഷെ ജൈന ബുദ്ധ സ്വാധീനത്തിൽ ഒരു പുഷ്പോത്സവമായി മാറുകയും ചെയ്ത ഒരു വിഴായെ കയ്യടക്കാൻ നടത്തിയ തന്ത്രമായി വാമനകഥയെ കണക്കാക്കാം. വാമനകഥക്ക് മലയാളികൾ ഒരു പ്രാധാന്യവും നൽകിയിട്ടുമില്ല. കേരളത്തിൽ വാമനമൂർത്തി ഉള്ള അമ്പലങ്ങൾ അപൂർവമാണ്. അതേ സമയം മാവേലിക്ക് ഒരൊറ്റ ക്ഷേത്രമോ ചടങ്ങോ ഇല്ല. വടക്കെ മലബാറിലെ തെയ്യങ്ങളുടെ സ്വഭാവം പോലും ഇതിനില്ല. ആകെയുള്ളത് ഓണം മാത്രമാണ്. വർഷത്തിലൊരിക്കൽ മലയാളക്കര മുഴുവൻ ചേർന്ന് ആഘോഷിക്കുന്ന പൂക്കൾ കൊണ്ടലങ്കരിക്കുന്ന തിമിർത്താടുന്ന ഭക്ഷണം കഴിക്കുന്ന ഒരു ദിവസം. 'അത് മൺമറഞ്ഞു പോയ ഒരു ഉട്ടോപ്പിയൻ കാലഘട്ടവും ഭാവികാല സമൃദ്ധിയെ സംബന്ധിച്ച അഭിലാഷങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ് അതിന് ഏതെങ്കിലും മതാചാരങ്ങളോ ചടങ്ങുകളോ ഇല്ല ഒരു തരത്തിലുള്ള വിലക്കുകളും ഇല്ല അതേ സമയം അത് ഏതെങ്കിലും വിധത്തിലുള്ള കോർപറേറ്റ് ആധുനികോത്തര ആനന്ദോത്സവവുമല്ല. വാമനജയന്തിയായോ ക്ഷേത്രബദ്ധമായ എന്തെങ്കിലും ചടങ്ങായൊ ആചരിക്കേണ്ട ഒരു ബാധ്യതയും നമുക്കില്ല. അനീതിക്കും വിവേചനത്തിനും എതിരായ ജനമനസ്സ് പ്രത്യക്ഷപ്പെടുന്ന ഉത്സവമായി നമുക്കിതിനെ നിലനിർത്താം.


