TMJ
searchnav-menu
post-thumbnail

Outlook

ലഹരിവിരുദ്ധ പോലീസിംഗ് അഥവാ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കൽ

30 Apr 2025   |   5 min Read
അരവിന്ദ് വി എസ്

ന്നത്തെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും നിര്‍ണ്ണായകമായൊരു ഘടകം അതിന്റെ ദിശ നിര്‍ണയിക്കുന്നത് പൊലീസും എക്‌സൈസും ഉള്‍പ്പടെയുള്ള അന്വേഷണ സംഘങ്ങള്‍ ഉല്പ്പാദിപ്പിക്കുന്ന അറിവുകളാണ് എന്നതാണ്. ഭരണകൂടത്തിന്റെ ഉപകരണം എന്ന നിലയില്‍ ഇവര്‍ അതിനു വേണ്ടുന്ന അറിവുകള്‍ മാത്രമേ ഉല്‍പ്പാദിപ്പിക്കുകയുള്ളു. കുറച്ചു കൂടി വ്യക്തമാക്കിയാല്‍, തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി ഈ വിഭാഗത്തില്‍ നിന്നും നഷ്ടമാകുന്നതും നേടുന്നതും വ്യത്യസ്തമായ ശേഷികളാണ്. അധികാര പ്രയോഗം എങ്ങനെ നടത്താം എന്ന ശേഷി കൈവരിക്കുകയും സാമൂഹികമായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ചിന്താ ശേഷി നഷ്ടമാക്കുകയും ചെയ്യുന്ന ഒരുതരം പരിശീലന സംവിധാനത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ ലഹരി ഉപയോഗത്തിന്റെ സാമൂഹിക ശാസ്ത്രം മനസിലാക്കിയല്ല അവര്‍ അതിനെ സംബന്ധിച്ച അറിവുകള്‍ ഉല്പ്പാദിപ്പിക്കുന്നത്. മറിച്ചു ഈ പരിശീലന പ്രക്രിയയില്‍ നിന്ന് എങ്ങനെ തങ്ങള്‍ക്ക് ആളുകളെ അനുസരണ പഠിപ്പിക്കാം എന്ന ബോധം മാത്രമാണ് അവര്‍ പഠിച്ചെടുക്കുന്നത്. അതിനാല്‍ തന്നെ, ലഹരി പദാര്‍ത്ഥങ്ങളുടെ ഉല്പ്പാദനം അതിന്റെ വിതരണത്തിലെ വര്‍ധന എന്നിവ സാമൂഹിക പ്രശ്‌നങ്ങളായതുകൊണ്ട് സാമൂഹ്യശാസ്ത്ര രീതി ശാസ്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ട് വേണം അതിനെ സംബന്ധിച്ച് അറിവുകള്‍ ഉല്പാദിപ്പിക്കുവാന്‍ എന്നത് സാധിക്കാതെ വരുന്നു.

പ്രാഥമികമായ കാര്യം ലഹരി ഉപയോഗം എന്നത് മനുഷ്യ ചരിത്രത്തില്‍ ഉടനീളം ഉണ്ടായിട്ടുള്ള ഒന്നാണ്. അതിനെ ഇല്ലാതാക്കുക എന്നുള്ളത് അസാധ്യമാണ്. അതിന് കാരണം ലഹരി പദാര്‍ത്ഥങ്ങള്‍ മനുഷ്യ സംസ്‌കാരത്തിന്റെ പരിണാമത്തിന്റെ ഉല്‍പ്പന്നമാണ് എന്നതാണ്. അതിനെ മാറ്റങ്ങള്‍ക്ക് വിധേയമാക്കാം എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ ഒരു ഭരണകൂടങ്ങള്‍ക്കും കഴിയില്ല.

പണം പോലെയോ, വിവാഹ ആചാരങ്ങള്‍ പോലെയോ, മരണ ആചാരങ്ങള്‍ പോലെയോ അതിന് സമര്‍പ്പിക്കുന്ന മറ്റു ഉല്‍പ്പന്നങ്ങള്‍ പോലെയോ ഒക്കെ ഉള്ള സാംസ്‌കാരിക ഉല്‍പ്പന്നമാണ് ലഹരി പദാര്‍ത്ഥങ്ങള്‍. പല സമൂഹങ്ങളിലും അത് പല രൂപങ്ങള്‍ ആര്‍ജിക്കുന്നുണ്ടാവാം, എന്നാല്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ ലഭ്യമല്ലാത്ത ഒരു സമൂഹവും ലോകത്തില്‍ ഇന്നുണ്ടാകില്ല. അത് മനുഷ്യ സാമൂഹികതയുടെ ഭാഗമാണ്. അതിന് വൈവിധ്യങ്ങള്‍ ഉണ്ട്. അവരവര്‍ ഉപയോഗിക്കുന്ന ലഹരി പദാര്‍ത്ഥം അല്ലാത്തവയെ മനുഷ്യര്‍ വില കുറഞ്ഞതും മോഹവുമായി കരുതുന്നുമുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് മദ്യവും ചവക്കുന്ന പുകയിലയും ചിലപ്പോള്‍ അറപ്പുളവാക്കും. രാസ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് കഞ്ചാവ് മോശം ലഹരി ആവും. തങ്ങള്‍ ഉപയോഗിക്കുന്നതിന് മെച്ചപ്പെട്ടതായും മറ്റുള്ളവ മോശമായും ലഹരി ഉപയോഗിക്കുന്നവര്‍ കാണുന്നു. അതുകൊണ്ട് തന്നെ മിക്കപ്പോഴും ഒരു തരം ലഹരി പാദാര്‍ത്ഥം മാത്രമാണ് ആളുകള്‍ ഉപയോഗിക്കുന്നത്. മിക്കപ്പോഴും അതല്ലാതെ മറ്റൊന്നും അവര്‍ക്ക് പറ്റുകയുമില്ല. ആ കാര്യത്തില്‍ അവര്‍ കൃത്യ നിഷ്ഠ പാലിക്കുന്നവരാകും.
Multiple substance use disorders may share inherited genetic signature –  WashU MedicineREPRESENTATIVE IMAGE | WIKI COMMONS
ബഹുഭൂരിപക്ഷം ആളുകളും ലഹരി ഉപയോഗിക്കുന്നത് അവരുടെ വളരെ അടുത്ത സാമൂഹിക ബന്ധങ്ങളില്‍ വളരെ രഹസ്യമായും വളരെ കൃത്യമായ ചിട്ടകളോടും (Norms) കൂടി ആയിരിക്കും എന്നതാണ്. കൂട്ടായി തുടര്‍ന്ന് പോരുന്ന ഈ ചിട്ടകളാണ് ലഹരി ഉപയോഗത്തെ ഒരു സാംസ്‌കാരിക ഉല്‍പ്പന്നം ആണെന്ന് പറയുവാന്‍ കാരണം. അത് മദ്യമാകട്ടെ, കഞ്ചാവകട്ടെ, ഭാംഗ് ആകട്ടെ ഇനി രാസ ലഹരികള്‍ ആകട്ടെ വളരെ അടുത്ത സാമൂഹിക ബന്ധങ്ങളില്‍ അതിന്റേതായ ചിട്ടകള്‍ പാലിച്ചുകൊണ്ടാണ് ലഹരി ഉപയോഗം നടക്കുന്നത്. അതത് കൂട്ടങ്ങള്‍ ഈ ചിട്ടകള്‍ പരസ്പരം മനസിലാക്കുകയും അതിനനുസരിച്ചു പെരുമാറുകയും ചെയ്യുന്നുണ്ട്. ഈ ചിട്ടകളെ തെറ്റിക്കുന്നവര്‍ ഈ കൂട്ടങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യും. ബഹുഭൂരിപക്ഷം കൂട്ടങ്ങളും ലഹരി ഉപയോഗിച്ച് അതിക്രമം നടത്തുന്നവരെ മോശക്കാരായിട്ടും കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ കൊള്ളാത്തവരും ആയിട്ടാണ് കാണുന്നത്.

അതുകൊണ്ട് തന്നെ പൊതുസമൂഹം കരുതുന്നതിനേക്കാള്‍ വലിയ അളവില്‍ യഥാര്‍ത്ഥത്തില്‍ അതത് സമൂഹങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും വിതരണം ചെയപ്പെടുകയും ചെയ്യുന്നുണ്ട് എന്നതാണ് വാസ്തവം. അതിന്റെ രൂപവും മാതൃകകളും ചിട്ടകളും മാറും എന്നു മാത്രം.

മനുഷ്യന്റെ ബോധവസ്ഥയാണ്. സ്വയം നിര്‍ണയിക്കാനുള്ള മനുഷ്യന്റെ കഴിവിന്റെ ഭാഗമാണ് അവന്റെ ലഹരി ഉപയോഗം. അതില്‍ നിന്നും പുറത്തുപോകുക എന്നുള്ളത് വിശുദ്ധമായ (Sacred) പ്രക്രിയയായി മനുഷ്യന്‍ കാണുന്നു. അത് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ ദൈവ വിശ്വാസികള്‍ എന്ന അര്‍ത്ഥത്തില്‍ അല്ല. ആ പ്രവര്‍ത്തിയെയും അതിനെ ചുറ്റിപ്പറ്റിയ ആചാരങ്ങളെയും സങ്കല്‍പ്പങ്ങളെയും അവര്‍ വിലപ്പെട്ട ബഹുമാനിക്കേണ്ട ഒന്നായി കാണുന്നു എന്നാണ് അര്‍ത്ഥമാകുന്നത്. ഈ വിശുദ്ധമായ പ്രവര്‍ത്തനങ്ങളെ ബഹുമാനിക്കാത്തവരെ അതത് കൂട്ടങ്ങള്‍ പുറത്താക്കും. അത് ചിലപ്പോള്‍ പണം കൃത്യ സമയത്ത് കൊടുക്കാത്തത് കൊണ്ടാകാം, കൂട്ടായ്മയുടെ സാഹോദര്യം മനസിലാകാതെ അക്രമ സ്വഭാവം കാണിക്കുന്നത് കൊണ്ടാകാം, ലഹരി പദാര്‍ത്ഥത്തിന്റെ ഉപയോഗത്തിന്റെ അളവ് പാലിക്കാത്തതുകൊണ്ടാകാം. അങ്ങനെ പല കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ബഹുഭൂരിപക്ഷം കൂട്ടങ്ങളും കൂട്ടായ്മയുടെ വിശുദ്ധമായ ചിട്ടകളെ പാലിക്കാത്തവരെ പുറത്താക്കുകയും തിരിച്ചു പ്രവേശിക്കാന്‍ അവര്‍ക്ക് സ്വയം തെളിയിക്കേണ്ടി വരുകയും ചെയ്യും.

Drug Use and Addiction: MedlinePlusREPRESENTATIVE IMAGE | WIKI COMMONS
ലഹരിയുടെ ഈ സാമൂഹികത സമൂഹത്തിന്റെ മറ്റു ഘടകങ്ങളുമായി സങ്കീര്‍ണമായി ബന്ധപ്പെട്ടിരിക്കുന്നു. അതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രയ വിക്രയം നടക്കുന്നു, സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെടുന്നു, വിശ്വാസങ്ങള്‍, അറിവുകള്‍, കൈമാറ്റം ചെയ്യപ്പെടുന്നു.

എന്തുകൊണ്ട് രാസലഹരികള്‍ ഇന്ന് കേരളത്തില്‍ വ്യാപകമാകുന്നു എന്ന് ചോദിച്ചാല്‍ അതിന് ഒരുപാട് കാരണങ്ങള്‍ ചൂണ്ടികാണിക്കേണ്ടി വരും. ഗ്രാമിന് 2,000 രൂപ മുതല്‍ 4,000 രൂപ വരെയൊക്കെ നല്‍കാന്‍ കഴിയുന്ന രീതിയില്‍ കേരളത്തിലെ മധ്യവര്‍ഗ കുടുംബങ്ങളിലെ വരുമാനം വര്‍ധിച്ചത് അതിലൊരു കാരണമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ആളോഹരി വരുമാനം വര്‍ധിച്ചത് അതിലൊരു കാരണമാണ്. ഗ്ലോബലൈസേഷനും, യൂറോപ്യന്‍ ലൈഫ് സ്റ്റയിലിനെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പട്ടതും പുതിയ നെറ്റ് വര്‍ക്ക് സമൂഹങ്ങള്‍ വഴിയുള്ള സാംസ്‌കാരിക കൈമാറ്റങ്ങളും രാസലഹരിയുടെ വര്‍ധനവിന് കാരണമായിട്ടുണ്ട്. അതായത് കേരളത്തിന്റെ ഉയര്‍ന്ന വികസന സൂചികകള്‍ വരെ അതിലൊരു കാരണമാണെന്ന് അര്‍ത്ഥം. അതിനെ തിരിച്ചു കൊണ്ട് പോകുക എന്നുള്ളത് യഥാര്‍ത്ഥത്തില്‍ സാധ്യമല്ല.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു സമൂഹത്തിലും ഭരണകൂടത്തിന്റെ പിന്തുണ ഇല്ലാതെ ലഹരി പദാര്‍ത്ഥങ്ങളുടെ കച്ചവടം നടന്നിട്ടില്ല. അതിന്റെ വലിയ ലാഭം അതത് അധികാര ബന്ധങ്ങളില്‍ ഉള്ളവര്‍ക്ക് ലഭിക്കുന്നുണ്ട്. കേരളത്തില്‍ ഈ സാഹചര്യത്തില്‍ തീര്‍ച്ചയായും ചെറുകിട കച്ചവടക്കാരെയും ഉപയോഗിക്കുന്നവരെയും മറ്റും മാത്രമാണ് പിടികൂടുന്നത്.

Hybrid ganja celeb arrests: Is Kerala a transit hub for East Asia-Middle  East drug traffickers?- The Week
REPRESENTATIVE IMAGE | WIKI COMMONS
ലഹരി ഉപയോഗിച്ചാല്‍ മനുഷ്യരുടെ അക്രമ സ്വഭാവം വര്‍ധിക്കും എന്ന അധികാരികളുടെയും മാധ്യമങ്ങളുടെയും പ്രചാരണത്തില്‍ ശാസ്ത്രീയമായ അടിസ്ഥാനമൊന്നുമില്ല. എന്നാല്‍ ലഹരി കച്ചവടം കുറ്റമായതുകൊണ്ടും അതിന്റെ പേരില്‍ നടക്കുന്ന വലിയ കള്ളപ്പണം ഇടപാടുള്ളതുകൊണ്ടും നടക്കുന്ന അക്രമങ്ങള്‍ വളരെ ഗൗരവമേറിയ വിഷയമാണ് എന്നാല്‍ ഉറവിടങ്ങളിലേക്ക്  പോകാന്‍ കഴിയാത്തത് കാരണം എളുപ്പം പിടികൂടാനാകുന്ന സമൂഹങ്ങളിലെ ഇത്തരം കുറ്റങ്ങളിലേക്ക് മാത്രം എത്തി അന്വേഷണം നിലയ്ക്കുന്നത്.

ഇതിലപ്പുറം ഉള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തുന്ന പൊലീസിനോ എക്‌സൈസിനോ താല്പര്യം ഇല്ല അതോടൊപ്പം അതിനപ്പുറം കാര്യങ്ങള്‍ മനസിലാക്കുവാനോ അറിവുകള്‍ ഉല്‍പ്പാദിപ്പിക്കുവാനോ കഴിവുമില്ല. കാരണം പൊലീസ് എന്നത് എപ്പോഴും ഇന്ത്യക്കകത്ത് എളുപ്പത്തില്‍ പൊതു ശത്രുക്കള്‍ ആക്കാന്‍ കഴിയുന്നവരെ മാത്രമേ നിരീക്ഷിക്കുകയുളളു. അത്തരം മനുഷ്യര്‍ മാത്രമേ പൊലീസിന്റെ അനുസരണ പഠിപ്പിക്കലിന് വിധേയമാകുകയുള്ളു. പൊലീസ് ഉല്‍പാദിപ്പിക്കുന്ന അറിവുകള്‍ പരിശീലനകാലം മുതല്‍ അവര്‍ക്ക് ലഭ്യമാകുന്ന അറിവുകളുടെ ഒരു തുടര്‍ച്ച ആയിരിക്കും. അതായത് ആരൊക്കെയാണ് പൊതു ശത്രുക്കള്‍ ആകാന്‍ യോഗ്യരായവര്‍ എങ്ങനെയൊക്കെ അവരെ അനുസരണ പഠിപ്പിക്കാം എന്നുള്ളതാണ് ഈ വിവരങ്ങളില്‍ ബഹുഭൂരിപക്ഷവും. അത് സമൂഹത്തിലെ അധീശത്വ ബോധങ്ങളുടെ ഒരു ചിട്ടപ്പെടുത്തല്‍ ആയിരിക്കും. സത്യത്തില്‍ പൊലീസ് പിടിക്കുന്ന ബഹുഭൂരിപക്ഷം കേസുകളും ഇത്തരത്തില്‍ ഉള്ളവയാണ്. അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു വീര പരിവേഷം നേടലാണ് പൊലീസ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തി. മാധ്യമങ്ങളും ആ ലഹരിയില്‍ അലിയുന്നു.

അതുകൊണ്ടാണ് ഒരു തരത്തിലുമുള്ള സാമൂഹിക മൂലധനങ്ങളും ലഭ്യമല്ലാതെയും വലിയ രീതിയില്‍ അവരവരുടെ മേഖലയില്‍ വിജയം ആയ വേടന്‍, ഷൈന്‍ ടോം ചാക്കോ, ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ എന്നിവരെ പൊലീസ് വേട്ടയാടുന്നതും പൊതു സമൂഹം അത് ആഘോഷിക്കുന്നതും. മാധ്യമങ്ങള്‍ക്കും ഈ പൊതു ശത്രുക്കളാകാന്‍ സാധ്യത ഉള്ളവരെ പൊതു വിചാരണക്ക് വിട്ടുകൊടുക്കുവാന്‍ തന്നെയാണ് താല്പര്യം. മറിച്ചു ഈ വിഷയത്തെ സാമൂഹിക ശാസ്ത്രപരമായി പഠിക്കുവാന്‍ അവരും തയ്യാറായിട്ടില്ല. പൊലീസ് വകുപ്പില്‍ എന്നത് പോലെ മാധ്യമ മുറികളിലും അധികാര സ്ഥാനത്തെ സവര്‍ണ്ണാധീശ്വത്വം സൃഷ്ടിക്കുന്ന സവിശേഷത ആണിത്.

REPRESENTATIVE IMAGE | WIKI COMMONS
ഭരണകൂടത്തിനും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും യഥാര്‍ത്ഥത്തില്‍ ഈ പ്രശ്‌നത്തില്‍ ഇടപെടണം എന്ന താല്പര്യം ഉണ്ടാകുകയാണെങ്കില്‍ പൊലീസ് വകുപ്പിനെ ഈ സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്നതിലെ മുന്‍ നിരയില്‍ നിന്ന് മാറ്റുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. ലഹരി പദാര്‍ത്ഥങ്ങളെക്കുറിച്ചും അതിനെ നിയന്ത്രിക്കാനുള്ള പരിമിതമായ സാധ്യതകളേക്കുറിച്ചും സാമൂഹിക ശാസ്ത്രപരമായി പഠിക്കുവാന്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികളെ സജ്ജമാക്കുക എന്നതാണ് രണ്ടാം ഘട്ടം. അതിന് വേണ്ടി പൊലീസ് വകുപ്പ് നാളിത് വരെ രജിസ്റ്റര്‍ ചെയ്ത കേസുകളും അതിന്റെ രേഖകളും പരിശോധിക്കാന്‍ ഗവേഷകര്‍ക്ക് അനുവാദം കൊടുക്കുകയും വേണം. ലഹരി ഉല്പാദിപ്പിക്കുന്ന മാഫിയകളില്‍ നിന്നും ഈ ഗവേഷകര്‍ക്ക് പൊലീസ് വകുപ്പില്‍ നിന്നും സംരക്ഷണവും ഉറപ്പാക്കേണ്ടതായി വരും.

പിന്‍ കുറിപ്പ് :

2013-14 കാലഘട്ടത്തില്‍ ഒരു എന്‍ജിഓയുടെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ ഒരിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു സര്‍വേ നടത്തുവാനുള്ള പ്രൊജക്റ്റ് ലേഖകന്റെ ആലോചനയുടെ ഭാഗമായി ഉണ്ടായി. അനേകം സ്‌കൂളുകളില്‍ പൊലീസ് വകുപ്പുമായി ചേര്‍ന്ന് അവരുടെ കൂടെ അനുമതിയോടെ സര്‍വേയും നടത്തി. നിര്‍ഭാഗ്യവശാല്‍ പല കാരണങ്ങള്‍ക്കൊണ്ട് എനിക്ക് ആ രേഖകള്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ല. ബി എ സോഷ്യോളജി പഠിച്ചുകൊണ്ടിരുന്ന എനിക്ക് അന്ന് സാമ്പിള്‍ തയ്യാറാക്കിയതിലും, ചോദ്യാവലി ഉണ്ടാക്കിയതിലുമെല്ലാം പാകപിഴകള്‍ ഉണ്ടായിരുന്നു എന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ മനസിലാകുന്നു.






#outlook
Leave a comment