TMJ
searchnav-menu
post-thumbnail

Outlook

അതിജീവിതകളെ വേട്ടയാടുന്ന അനീതിയുടെ വാദം

27 Jan 2025   |   4 min Read
ശിഖ ചന്ദ്രൻ

നീതി നിഷേധിക്കപ്പെടുന്ന ഏതൊരു പൗരനും ലിംഗവ്യത്യാസമില്ലാതെ നീതിക്കുവേണ്ടി പോരാടാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് അടുത്തിടെ ഉയര്‍ന്നുവന്ന മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത്? ആ സംഘടനക്ക് രൂപം നല്‍കിയ അടിസ്ഥാനാശയം തന്നെയാണ് വിമര്‍ശനങ്ങളുടെ കാതലെന്ന് സാമൂഹിക വിഷയങ്ങളില്‍ ആ പുരുഷ കൂട്ടമെടുത്ത നിലപാടുകളില്‍ നിന്നും വ്യക്തമാണ്. സാമൂഹിക രാഷ്ട്രീയ മേഖലകളിലടക്കം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമെന്ന നിലയില്‍ സ്ത്രീകളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1992-ല്‍ ദേശീയതലത്തിലും 1996-ല്‍ കേരളത്തിലും വനിതാ കമ്മീഷന്‍ രൂപീകൃതമാവുന്നത്. അതുകൊണ്ടുതന്നെ ലിംഗ സമത്വം എന്ന ആശയം യാഥാര്‍ത്ഥ്യം ആവുന്ന കാലത്തോളവും അതിനുശേഷവും വനിതാ കമ്മീഷന് പ്രാധാന്യമുണ്ട്. എന്നാല്‍ മെന്‍സ് അസോസിയേഷന്റെ കാര്യം അങ്ങനെയാണോ?

ഇന്ന് മെന്‍സ് അസോസിയേഷനുവേണ്ടി വാദിക്കുന്നവരെല്ലാം തന്നെ വേട്ടക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്നവരാണ് എന്നതാണ് പ്രധാന വൈരുദ്ധ്യങ്ങളിലൊന്ന്. വേട്ടക്കാര്‍ക്ക് വേണ്ടി എപ്പോഴും നിലപാട് എടുക്കുന്ന ഇവര്‍ അതീജിവിതകളും ഇരകളും ആക്രമിക്കപ്പെടാന്‍ കാരണം അവര്‍ തന്നെയാണെന്ന വാദഗതികള്‍ നിരത്തുന്നു. ഒരേസമയം ഇവര്‍ വേട്ടക്കാരെയും അതിജീവിതകളെയും ഇരകളെയും ഒരേ അളവില്‍ വിമര്‍ശന വിധേയമാക്കണമെന്ന അനീതിയുടെ വാദം മുന്നോട്ട് വെക്കുന്നു. ഇത് അക്രമിക്കപ്പെട്ടവര്‍ക്ക് സാമൂഹിക നീതിയും സ്വാഭാവിക നീതിയും നിഷേധിക്കപ്പെടുന്നു.

പാലക്കാട്‌ അയിലൂരിൽ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാക്കൾ അറസ്റ്റിൽ – VeekshanamREPRESENTATIVE IMAGE | WIKI COMMONS
ലൈംഗികാതിക്രമങ്ങളുടെ പ്രധാന കാരണം അക്രമത്തിനിരയായവരുടെ വസ്ത്രധാരണമാണെന്ന വാദമാണ് ഇക്കൂട്ടരുടെ പ്രധാന ആയുധം. ഇതിനായി വസ്ത്രധാരണം ഉള്‍പ്പെടെ തെറ്റാണെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുന്നു അത്തരം വാദങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു 2018-ല്‍ ബെല്‍ജിയന്‍ തലസ്ഥാനമായ മോളന്‍ബീക്ക് ജില്ലയില്‍  'എന്റെ തെറ്റാണോ' എന്ന പേരില്‍ ബലാത്സംഗത്തിന് ഇരയായവര്‍ ആക്രമിക്കപ്പെട്ട സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പ്രദര്‍ശനം. എക്സിബിഷനില്‍ പൈജാമ, ട്രാക്ക് സ്യൂട്ടുകള്‍, ഒരു കുട്ടിയുടെ മൈ ലിറ്റില്‍ പോണി ഷര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു. ഏത് വസ്ത്രം ധരിച്ചതിന്റെ പേരിലാണ് കന്യാസ്ത്രീകളടക്കം ലൈംഗീകാക്രമണങ്ങള്‍ക്ക് ഇരയായത്? പിഞ്ചുകുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടത്? ഇത്തരം ചോദ്യങ്ങള്‍ ഈ ആള്‍ക്കൂട്ടം ബോധപൂര്‍വ്വം അഡ്രസ് ചെയ്യാതിരിക്കുകയാണ്.


നിലവില്‍ 14 വിമന്‍ ചില്‍ഡ്രന്‍സ് ഹോമുകളാണ് കേരളത്തിലുള്ളത്. ഇവിടങ്ങളിലെല്ലാം രണ്ടു വയസ്സ്, അഞ്ച് വയസ്സ്, പത്ത് വയസ്സ് തുടങ്ങി പ്രായമുള്ള ചെറിയ കുഞ്ഞുങ്ങളാണ് പീഡനത്തിനിരയായി എത്തുന്നത്. ഈ കുഞ്ഞുങ്ങള്‍ എന്ത് തരത്തിലുള്ള വസ്ത്രം ധരിച്ചത് കൊണ്ടാണ് പീഡനത്തിനിരയാവുന്നതെന്ന് ഇക്കൂട്ടര്‍ ആലോചിക്കണം.

'Is it my fault' എക്സിബിഷൻ മോളൻബീക്ക്,ബെല്‍ജിയം| PHOTO:WIKI COMMONS
നടി ഹണി റോസ് വ്യാപാരി ബോബി ചെമ്മണ്ണൂരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളും തുടര്‍ന്നുവന്ന നിയമനടപടികളും കേരളം വലിയ തോതില്‍ ചര്‍ച്ചചെയ്യുകയും ആഘോഷിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ എടുത്ത നിലപാട് പതിവുപോലെ ഇരകളെ/ അതിജീവിതകളെ അപമാനിക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് ഇത്തരം ആളുകള്‍ മുന്നോട്ട് വെക്കുന്ന മെന്‍സ് അസോസിയേഷന്‍ പോലുള്ള ആശയങ്ങള്‍ അംഗീകരിക്കപ്പെടാതെ പോകുന്നത്. ഇത്തരം ആളുകള്‍ പ്രതിനിധീകരിക്കുന്ന വാല്യൂ സിസ്റ്റം ചില പ്രത്യേക വസ്ത്രധാരണത്തെ മാത്രം അംഗീകരിക്കുകയും മറ്റുള്ളവയെ തള്ളിപ്പറയുകയും ചെയ്യുന്നവയാണ്. സ്ത്രീകള്‍ക്ക് ഒരു പ്രത്യേകതരം വസ്ത്രം, പുരുഷന്മാര്‍ക്ക് മറ്റൊരു വസ്ത്രം, പൊതുവേദിയില്‍ വേറൊരു വസ്ത്രം എന്നിങ്ങനെ നീളുന്നു ഇവരുടെ ചട്ടകൂടിലെ കാഴ്ചപ്പാടുകള്‍.

സാമൂഹിക മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതല്‍ അതിക്രമം നേരിടുന്ന നടിയാണ് ഹണി റോസ്. താരത്തിന്റെ ഏത് സോഷ്യല്‍ മീഡിയ പോസ്റ്റുകളെടുത്ത് പരിശോധിച്ചാലും കേരളത്തിലെ പുരുഷന്മാരുടെ ലൈഗിക ദാരിദ്രം എത്രത്തോളമുണ്ടെന്ന് മനസിലാകും. നടിയുടെ പോസ്റ്റുകളില്‍ അശ്ലീല കമന്റ് ഇട്ടതിനെ തുടര്‍ന്ന് കുമ്പളം സ്വദേശി അറസ്റ്റിലായ വാര്‍ത്ത ഈയടുത്ത് വന്നിരുന്നു. അശ്ലീല കമന്റുകളുമായി അധിക്ഷേപം നടത്തിയ 30 പേര്‍ക്കെതിരെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ഹണിറോസ് പൊലീസിന് പരാതി നല്‍കിയത്. വ്യാജ പ്രൊഫൈലുകളിലൂടെയും അധിക്ഷേപം നടത്തുന്നവരുടെ എണ്ണം അനേകമാണ്. ഇത്തരം സ്വഭാവ വൈകൃതം ഉള്ള ഒരു കൂട്ടം ആളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമ്പോഴും മുടന്തന്‍ ന്യായങ്ങളുമായി നടിയെ നല്ല നടത്തിപ്പ് നടത്താന്‍ ശ്രമിക്കുന്ന കൂട്ടരാണ് ഭൂരിഭാഗവും.

REPRESENTATIVE IMAGE | WIKI COMMONS
ബോബിയെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകാന്‍ സമയം ആരാധകര്‍ എന്ന് പറയുന്ന ഒരു കൂട്ടം ആളുകള്‍ പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി നടത്തിയ ആക്രോശങ്ങള്‍ അത്രയും നാം കണ്ടതാണ്. ബോബി ചെമ്മണ്ണൂര്‍ നടത്തിയ പ്രയോഗത്തെ ന്യായീകരിച്ചുകൊണ്ട് മെന്‍സ് അസോസിയേഷന്‍ രൂപീകരിക്കാന്‍ നടക്കുന്ന രാഹുല്‍ ഈശ്വര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ ദ്വയാര്‍ത്ഥ പ്രയോഗം കൊണ്ട് ബൊചേ ഇതേവരെ നമ്മുടെ നാടിനു ചെയ്ത, ജനങ്ങള്‍ക്ക് ചെയ്ത വലിയ സേവനങ്ങളെ മറക്കരുത് എന്നാണ്. 'ബോച്ചയണ്ണന്‍ ഉയിര്‍, ബോച്ചയെ സമൂഹത്തിന് ആവശ്യമുണ്ട്, അഞ്ചു പൈസയുടെ ഉപകാരം ഇല്ലാത്ത സമൂഹത്തെ വഴിതെറ്റിക്കുന്ന ഫെമിനിസ്റ്റുകള്‍ നാടിനാപത്ത് തുടങ്ങിയ തരത്തിലുള്ള കമന്റുകളിലൂടെയാണ് ബോബിയുടെ ജാമ്യത്തെ സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. ഹൈലി പ്രിവിലേജ്ഡായൊരു ജെന്‍ഡറില്‍ നിന്നുകൊണ്ട് യാതൊരു രാഷ്ട്രീയ മൂല്യവും അവകാശപ്പെടാനില്ലാത്ത ആള്‍ക്കൂട്ടം മാത്രമാണ് കേരളത്തിലെ മെന്‍സ് അസോസിയേഷനെന്ന് ബോബി ചെമ്മണ്ണൂര്‍ വിഷയത്തില്‍ അവരെടുത്ത നിലപാടുകളും ജയിലിന് പുറത്തു നടത്തിയ പ്രകടനങ്ങളും വഴി വ്യക്തമാക്കുന്നുണ്ട്. 

ജയില്‍ മോചിതനായ ബോബി ചെമ്മണ്ണൂരിനെ മാലയിട്ടു സ്വീകരിച്ച ആള്‍ക്കൂട്ടവും നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന നടന്‍ ദിലീപിനെ വരവേറ്റ ആള്‍ക്കൂട്ടവും മെന്‍സ് അസോസിയേഷന് വേണ്ടി വാദിക്കുന്നവരാണ്.

ഏറ്റവുമൊടുവില്‍ ഷാരോണ്‍ വധക്കേസിലെ പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് ഈ ആണ്‍ക്കൂട്ടത്തിന് ആവേശമായി മാറിയത്. വ്യക്തമായ ആസൂത്രണത്തോടെയാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയത്. ഏകദേശം 10-12 ദിവസത്തോളം ഒരു തുള്ളി വെള്ളമോ ഭക്ഷണമോ പോലും ഇറക്കാന്‍ കഴിയാത്ത പീഡനം അനുഭവിച്ചുകൊണ്ടു തന്നെയാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങിയത്. മാപ്പ് അര്‍ഹിക്കാത്ത ക്രൂരതയാണെങ്കിലും ഗ്രീഷ്മയുടെ പേര് കൊട്ടിഘോഷിക്കപ്പെടുന്നത് പോലെ കേരളത്തില്‍ പ്രണയപ്പകയില്‍ നടന്ന, അല്ലെങ്കില്‍ കാമുകന്‍മാര്‍ പ്രതിയായ എത്ര കേസുകളും ആ പ്രതികളുടെ പേരും ആ ആണ്‍കൂട്ടം ഓര്‍ത്തിരിക്കുന്നുണ്ട്.
Kerala police arrest 57 for sexually abusing a dalit girl over five years |  India News - Business StandardREPRESENTATIVE IMAGE | WIKI COMMONS
പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥിനി നിഥിനയെ സഹപാഠിയും സുഹൃത്തുമായ അഭിഷേക് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു കളഞ്ഞത് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിലാണ് 22 കാരിയായ ദൃശ്യയെ 2024 ല്‍ സുഹൃത്ത് വിനീഷ് വീട്ടില്‍ കയറി കുത്തിക്കൊന്നത്. സമാനമായ കേസാണ് 2022 ഒക്ടോബര്‍ 22 പാനൂര്‍ വള്ളിയായിലും നടന്നത്. 22 കാരിയായ വിഷ്ണുപ്രിയയെ വീട്ടിനകത്ത് കയറി 29 കുത്തുകുത്തി സുഹൃത്ത് കൊലപ്പെടുത്തി.

ഇതുപോലെ പങ്കാളികളായ സ്ത്രീകളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഒരുപാട് കേസുകള്‍ ഇതിനുമുമ്പും കേരളത്തിലും കേരളത്തിനു പുറത്തും ഉണ്ടായിട്ടുണ്ട്. അവയൊന്നും തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കപ്പെട്ടിട്ടില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. കുറ്റവാളി ഒരു സ്ത്രീ ആയതുകൊണ്ട് മാത്രം ഷാരോണ്‍ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി മാറിയത്? 'ഷാരോണ്‍ പ്രണയത്തിന്റെ അടിമ', 'എത്ര ആത്മാര്‍ത്ഥമായി സ്നേഹിച്ചാലും വഞ്ചിക്കപ്പെടും' തുടങ്ങിയ പ്രസ്താവനകള്‍ കോടതിയില്‍ വിധി നിര്‍ണയത്തിന്റെ ഭാഗമായി ഉണ്ടായി എന്നതും കൂടെ കാണണം.

നിയമ തത്വങ്ങളുടെ സമഗ്രതയാണ് ജുഡീഷ്യറിയെ എപ്പോഴും നയിക്കേണ്ടത്. സമൂഹത്തിന്റെ അതിവൈകാരികതയും മീഡിയയിലെ കയ്യടി മൈലേജും സ്വാധീനിക്കാന്‍ പാടില്ല. ഇത്തരം വിധികളില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് എന്നത് വലിയൊരു ചോദ്യമാണ്.

The Indian judiciary @ 75: A crucial pillar of democracyREPRESENTATIVE IMAGE | WIKI COMMONS
ഷാരോണ്‍ വധക്കേസില്‍ വിധി പ്രസ്താവന നടത്തിയ ജഡ്ജിക്ക് പാലഭിഷേകം ചെയ്യാന്‍ വരെ മെന്‍സ് അസോസിയേഷന്റെ എന്ന ആള്‍ക്കൂട്ടം ആഹ്വാനം ചെയ്തു. ഇത്രത്തോളം നിലവാര തകര്‍ച്ച സംഭവിച്ച ഒരാണ്‍കൂട്ടത്തിന്റെ ആശയങ്ങളെ അംഗീകരിച്ചു കൊടുക്കുന്നത് അപകടകരമാണ്.

വീട് അടക്കം സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളെല്ലാം പുരുഷകേന്ദ്രീകൃതമാണെന്ന വസ്തുതയെ സൗകര്യപൂര്‍വം മറച്ചുവെച്ചാണ് ഇക്കൂട്ടര്‍ പ്രതികരണങ്ങള്‍ നടത്തുന്നതും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതും. Privilege is invisible to those who have it.



#outlook
Leave a comment