കല, ജാതി, സൗന്ദര്യം
കുറെ പഴഞ്ചന്‍ അറിവുകള്‍ ഉണ്ടാകാം, കലാപ്രവര്‍ത്തകരാവാം എന്നു കരുതി കലയെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാകണം എന്നില്ല. കലയുടെയും സാഹിത്യത്തിന്റെയും തത്വം മനസ്സിലാക്കിയ കലാകാരന്മാരും കലാകാരികളും തീരെ കുറവാണ്. അല്പത്തവും അഹന്തയും വിളയാടുന്ന വ്യാജ ലോകങ്ങളാണ് കൂടുതലും. അവിടെ സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് പ്രവേശനം പൗരോഹിത്യത്തിലെന്ന പോലെ നിഷേധിക്കപ്പെട്ടിരിക്കുന്നു.
നാട്യശാസ്ത്രം വായിച്ചതുകൊണ്ടോ കലാമണ്ഡലത്തില്‍ പഠിച്ചതുകൊണ്ടോ നൃത്തനൃത്ത്യനാട്യകലയായ, നിരന്തര പരിണാമിയായ മോഹിനിയാട്ടത്തിന്റെ തത്വം അറിയണമെന്നില്ല. കലാമണ്ഡലത്തില്‍ നിന്ന് എന്ത് പഠിച്ചു? ഒന്നും പഠിച്ചില്ല. താന്‍ സുപ്പീരിയര്‍ ആണെന്ന് പഠിച്ചു. കറുത്തവര്‍ താണ മനുഷ്യരാണെന്ന് പഠിച്ചു. ലോകം മാറുന്നതല്ലെന്നു പഠിച്ചു. നല്ലതൊന്നും പഠിച്ചില്ല.
ക്ലാസിക് കലകള്‍ സര്‍ക്കാര്‍ പരിരക്ഷിക്കുന്ന കലകളാണ്. കാലം പുറന്തള്ളിയ കലകളാണ്. അവ ഒരു കാലത്ത് മേല്‍ജാതിക്കാരുടേത് മാത്രമായിരുന്നു. നാടുവാഴിത്തത്തിന്റെ ഭാഗമായിരുന്നു. അവയുണ്ടാക്കിയ മനുഷ്യവിരുദ്ധമായ വേര്‍തിരിവുകള്‍ ചില്ലറയല്ല. അടിമത്തത്തിന്റെ വ്യവസ്ഥിതിയില്‍ അവ രൂപംകൊണ്ടു. ആയതിനാല്‍ ഇന്ന് ജനാധിപത്യസമൂഹത്തില്‍ അവയ്ക്ക് സവര്‍ണ ന്യൂനപക്ഷ കലയായി നില്ക്കാന്‍ ആവില്ല. അവ എല്ലാവരുടേയും കലകളായി മാറും. അവയുടെ കണ്‍സപ്റ്റില്‍ മാറ്റം വരും. മേലാളകീഴാള വ്യത്യാസം അവിടെ നഷ്ടപ്പെടും. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ക്ലാസിക് കലകളില്‍ സവര്‍ണത ആധിപത്യം കൊള്ളുന്നു. അവിടെ ഒളിച്ചിരിക്കുന്ന സവര്‍ണ ഭൂതങ്ങള്‍ ഇടയ്ക്കിടയ്ക്ക് പുറത്തുചാടും. അപ്പോള്‍ അവയെ നിലയ്ക്ക് നിര്‍ത്തേണ്ടതും കൂട്ടിലടയ്‌ക്കേണ്ടതും ജനാധിപത്യസമൂഹത്തിന്റെ ബാധ്യതയാണ്.
നൃത്തവും ഒരു പ്രതീകകലയാണ്. കണ്‍സപ്ച്വല്‍ ആര്‍ട്ടാണ്. നൃത്തം നൃത്ത്യം നാട്യം ഇവയുടെ ഒരുമിപ്പിക്കല്‍ക്കൊണ്ട് ആര്‍ക്കും ഒരു നൃത്തം നിര്‍മ്മിക്കാം. ഒരു കവിത നിര്‍മ്മിക്കുമ്പോലെ ആണത്. നിര്‍മ്മാതാവ് ആരും ആകാം. അതനുസരിച്ച് കലയുടെ സ്വഭാവം മാറും. RLV രാമൃഷ്ണന്‍ മോഹിനിയാട്ടം മേല്‍പ്പറഞ്ഞ മൂന്ന് ഘടകങ്ങള്‍ കൂട്ടിയോജിപ്പിച്ച് നിര്‍മ്മിക്കുകയാണ്. അദ്ദേഹമല്ല നൃത്തം. അദ്ദേഹം നിര്‍മ്മിക്കുന്നതാണ് നൃത്തം. ഒരു മോഹിനിയാട്ടമല്ല ഉള്ളത്. അത് വ്യക്തിയുടെ ആത്മാവിഷ്‌കാരം ചേര്‍ന്ന് പലതാകും. അത് കണ്‍സപ്ച്വല്‍ ആണ്. അതൊരു ആശയം ആണ്. ലോകപ്രശസ്ത ഒഡീസി നര്‍ത്തകനായ കേളു ചരണ്‍ മഹാപാത്രയുടെ നൃത്തം പ്രതീകാത്മകവും കണ്‍സപ്ച്വലുമാണെന്ന് കാണാം. ഞാനദ്ദേഹത്തിന്റെ നൃത്തം കാണുന്നത് അദ്ദേഹം വൃദ്ധനായതിന് ശേഷമാണ്. ധീരസമീരേ യമുനാ തീരേ എന്ന ഗാനസന്ദര്‍ഭം അദ്ദേഹം ആവിഷ്‌കരിക്കുന്നത് ഇന്നും കണ്ടു. അദ്ദേഹം സൃഷ്ടിക്കുന്ന ഒരു പ്രതീകാത്മക / കണ്‍സപ്ച്വല്‍ ലോകം എത്ര ഉദാത്തമാണ്.
RLV രാമൃഷ്ണന്‍ | PHOTO: FACEBOOK
ഒരു കലയും അതില്‍ത്തന്നെ നില്ക്കുന്നില്ല. അത് സിമ്പോളിക് ആണ്. മോഹിനിയാട്ടം ഒരു കേരളീയ (ഇന്ത്യന്‍) നൃത്തമാണ്. അതില്‍ കറുത്തവര്‍ക്ക് പ്രവേശനം ഇല്ല എന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ, അതൊക്കെ പ്രവര്‍ത്തനത്തില്‍ ഉണ്ട്. സവര്‍ണരിലെ വെളുത്തവരാണ് അത് പ്രാക്ടീസ് ചെയ്തുപോന്നത് എന്നേയുള്ളു. അതില്‍ അവരെ നയിച്ച ഒരു സൗന്ദര്യസങ്കല്പം ഉണ്ടായിരുന്നു. അത് ഇന്ന് കീഴാള മുന്നേറ്റംകൊണ്ട് കാലഹരണപ്പെട്ടു. സവര്‍ണരില്‍ത്തന്നെ രണ്ട് നിറക്കാര്‍ ഉണ്ട്. അവരിലെ കറുത്തവര്‍ തീര്‍ച്ചയായും അവിടെ താഴ്ത്തപ്പെടുന്നുണ്ട്. അവര്‍ണരിലും രണ്ട് നിറക്കാര്‍ ഉണ്ട്.
ഇവിടെയാണ് വെള്ളക്കാരും കറുത്തവര്‍ഗക്കാരും എന്ന വൈരുദ്ധ്യത്തെ കറുത്തവര്‍ഗക്കാര്‍ എങ്ങനെയാണ് നൃത്തം, സംഗീതം, അഭിനയം, സാഹിത്യം എന്നിവയിലൂടെ മറികടക്കുന്നത് എന്നത് നമുക്ക് മാതൃകയാവുന്നത്.
മാധവിക്കുട്ടി താന്‍ കറുത്തവളാണ് എന്നു കരുതിയിരുന്നു. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാര്‍ക്കിടയില്‍ എത്തിയപ്പോള്‍ ആ ബോധം അവരില്‍ കൂടുതലായി ഉണ്ടായിക്കാണുമോ? ഞാന്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ആദ്യമിരുന്ന ഹസന്‍ മന്‍സിലില്‍ വച്ചാണ് അവരെ ആദ്യവും അവസാനവുമായി കാണുന്നത്. നിറം ശ്രദ്ധിച്ചു. അല്പം ഇരുളിമ, അഥവാ ഇച്ചിരി തവിട്ടുകലര്‍ന്ന വെളുപ്പ്. അത്രയും സുന്ദരികളായ സ്ത്രീകളെ ഞാന്‍ വിരളമായിട്ടേ കണ്ടിട്ടുള്ളു. പ്രണയിച്ച, സ്‌നേഹിച്ച ചിലര്‍ അങ്ങനെയുള്ളവര്‍ ആയിരുന്നു. ആ നിറം ഇന്നും എന്നെ വലിച്ചടുപ്പിക്കുന്നു. ഇപ്പോഴും അതില്‍ പെട്ടുപോകുന്നു.
എന്തുകൊണ്ടാവാം മാധവിക്കുട്ടി അങ്ങനെ പറഞ്ഞത്? ഹേ ഘനശ്യാം നിന്റെ ശരീരം എനിക്ക് തടവറയാണ് എന്ന് കമല എന്തിനാണ് എഴുതിയത്? കറുപ്പും വെളുപ്പും സന്ധിച്ച ഒരു മൂവന്തിയായിരുന്നു ആമി. അതവരെ അപൂര്‍വ്വ സുന്ദരിയാക്കി. വളരെ മുമ്പ് എനിക്ക് പരിചയമുള്ള ബ്രാഹ്‌മണ പെണ്‍കുട്ടി ഉണ്ടായിരുന്നു. അമാവാസി പോലെ കറുത്തവള്‍. ഞങ്ങള്‍ സുഹൃത്തുക്കള്‍. നിറം കൊണ്ടും സൗന്ദര്യം കൊണ്ടും എനിക്ക് അവരോട് ഇഷ്ടം തോന്നി. അവള്‍ പക്ഷേ, മാറിക്കളഞ്ഞു. എന്റെ ആദ്യകാമുകി മാധവിക്കുട്ടിയെപ്പോലെ ഒരു മൂവന്തിയായിരുന്നു. ഞാന്‍ സൗന്ദര്യാരാധകനായ ഒരു സ്വപ്നാടകന്‍ ആകുന്നു.
ഗാന്ധിജി കറുത്തതായിരുന്നോ ? ഗാന്ധിജിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതെന്തിനാണ്? കോട്ടയത്തെ ഗാന്ധി പ്രതിമ കറുത്തതായിരുന്നതിനാല്‍ ഗാന്ധിജി കറുത്തതായിരുന്നു എന്ന് ഞാന്‍ കരുതി. ഇ. എം.എസ് അത്ര കറുത്തതായിരുന്നില്ല എന്നാണ് ഓര്‍മ്മ. ഞാന്‍ കണ്ടിട്ടുണ്ട്. വി.ടി ഭട്ടതിരിപ്പാട് കറുത്തതായിരുന്നു എന്നു തോന്നുന്നു. കറുത്തവന്‍ എന്റെ കറുപ്പുള്ള കല്ല് എന്ന് ഞാന്‍ ആദ്യകാല കവിതയില്‍ എഴുതിയപ്പോള്‍ കറുത്തവന്‍ ആണെന്ന ബോധം എനിക്ക് ഉണ്ടായിരുന്നില്ല. എനിക്ക് കറുത്തവന്‍ എന്ന ബോധം ഒരിക്കലും ഇല്ല. നിറത്തിന്റെ പേരില്‍ ആരും എന്നെ ആക്ഷേപിച്ചിട്ടില്ല. ക്രൂരമായ മുഖമാണ് എന്റെത്. മുള്ളുള്ള കാരിമീന്‍ ആണ് ഞാന്‍. മുള്ളന്‍പന്നിയുടെ ഒരു മുള്ള് എന്റെ കൈവശം ഉണ്ടായിരുന്നു.
REPRESENTATIVE IMAGE | WIKI COMMONS
സൗന്ദര്യത്തെ സൃഷ്ടിക്കുന്നതില്‍ വൈരൂപ്യത്തിന് പങ്കുണ്ട്. സൗന്ദര്യം ശക്തിയാകാം. ചിലപ്പോള്‍ ദുര്‍ബലതയാവാം. കറുപ്പാകാം, വെളുപ്പാകാം, ഏത് നിറവും ആകാം. സമാന്തരവും ലംബകവുമായ വരകള്‍, വക്രരേഖകള്‍, ഗോളാകൃതി, ചതുരവും ത്രികോണവും, വേഗം, മന്ദഗതി, നിശ്ചലാവസ്ഥ എല്ലാം സുന്ദരമാണ്. ഈ ഘടകങ്ങള്‍ അത്ര ദൃശ്യമല്ലാതെ നിന്നുകൊണ്ട് മായികമായ സൗന്ദര്യം സൃഷ്ടിക്കുന്നു. അത് ആസ്വദിക്കുന്നതിന്, ഉള്‍ക്കൊള്ളുന്നതിന് അവബോധം വേണം. സൗന്ദര്യം സ്ഥിരമല്ല. കലയിലും ജീവിതത്തിലും അത് മാറിക്കൊണ്ടിരിക്കുന്നു. ലോകം കീഴടക്കിയ പഴയ ചക്രവര്‍ത്തിമാരെ ഇപ്പോള്‍ നേരിട്ടു കണ്ടാല്‍ നാം ചിരിച്ചുപോകും. പഴയ കോളേജ് പ്രൊഫസര്‍മാരെ കണ്ടാല്‍ ചിരിച്ചുപോകും. പുതിയ സൗന്ദര്യശാസ്ത്രം മനസ്സിലാക്കണം. അതിന് നാട്യശാസ്ത്രം വായിച്ചിട്ട് കാര്യമില്ല. രാജാ രവിവര്‍മ്മയും കാലഹരണപ്പെട്ടു. അജിതാ ഹരേ ഇപ്പോള്‍ പാടുന്നത് എങ്ങനെയാണ്? എല്ലാമെല്ലാം പെട്ടെന്ന് കടന്നുപോകുന്നു. വൈരൂപ്യം സൗന്ദര്യമായിരിക്കുന്നു. അതിന് പുതിയ ആര്‍ട്ട് പഠിക്കണം. ഭാരതീയ, കേരളീയ സൗന്ദര്യ സങ്കല്പങ്ങള്‍ പലതും കാലഹരണപ്പെട്ടു. യൂറോപ്യന്‍, ആഫ്രിക്കന്‍, ആഫ്രോ അമേരിക്കന്‍ സൗന്ദര്യ സങ്കല്പങ്ങള്‍ പലതിനെയും മാറ്റി എഴുതിയിരിക്കുന്നു. പുതിയ ഒരു രാഷ്ട്രീയം അതിനുണ്ട്.
സവര്‍ണ വിഭാഗങ്ങളിലെ കറുത്തവരുടെ കഥ എന്താവാം? അവരെയും തള്ളിയാണ് എല്ലാ ക്ലാസിക്, ക്ഷേത്ര നൃത്തങ്ങളും പുഷ്ടിപ്പെട്ടത്. ക്ഷേത്രങ്ങള്‍ സവര്‍ണരുടെ ജയിലുകള്‍ ആയിരുന്നു. അവരുടെ കാഴ്ചകളെ അവ നിയന്ത്രിച്ചു. സവര്‍ണരില്‍ നിന്നെന്തേ ഒരു കറുത്ത പെണ്‍കുട്ടി നര്‍ത്തകിയായില്ല. മഞ്ജു വാര്യര്‍ കറുത്ത സ്ത്രീയായിരുന്നു എങ്കില്‍ എന്തായിരുന്നേനേ ചരിത്രം ? മമ്മൂട്ടിയും മോഹന്‍ ലാലും കറുത്തവര്‍ ആയിരുന്നെങ്കില്‍ വിനായകന്‍ ആകുമായിരുന്നോ ? യേശുദാസ് ഹൈന്ദവവല്‍ക്കരിക്കപ്പെട്ടതും ഹൈദരാലി മതിലുപൊളിച്ച് പാടിയതും പരാജയങ്ങള്‍ ആയിരുന്നു. (ഹൈദരാലിയെ പരിചയപ്പെട്ടിട്ടുണ്ട്) ഭരണകൂടത്തോടുള്ള എതിര്‍പ്പുമൂലം ഡയോജനീസ് പയറ് മാത്രം കഴിച്ചാണ് ജീവിച്ചത്. ആര്‍ എല്‍ വി രാമകൃഷ്ണനെപ്പോലുള്ള കീഴാളരുടെ നിയോഗം കീഴാളരും സവര്‍ണരിലെ കറുത്തവരും അരികരും എല്ലാം കൂടുന്ന ഒരു മാര്‍ച്ച് ഫാസ്റ്റ് ആകുക എന്നതാണ്.
വെളുപ്പിന്റെ ആഴങ്ങളിലും കറുപ്പ് കറുകപ്പുല്ലുകള്‍പോലെ പടര്‍ന്നിരിക്കുന്നു. വെളുത്ത ചിരികള്‍ക്കും ചുണ്ടുകള്‍ക്കും മീതേ ആകാശഫാലസ്ഥലം. അതിനും മീതേ പനങ്കുല പോലെ ഇരുള്‍ മൂടിക്കിടക്കുന്നു. ഇരുട്ടിന്റെ നിഗൂഢതയില്ലാതെ കണ്ണുകള്‍ക്ക് ഭംഗിയുണ്ടാവില്ല. അവള്‍ കാള, കാളി, കാളിമ. ജീവിതം മിസ്റ്ററിയാണ്. രാത്രി ഒരു മിസ്റ്ററിയാണ്. അതുകൊണ്ടാണ് ഈ രാത്രിയില്‍ ഏറ്റവും സങ്കടപ്പെട്ട വരികള്‍ എഴുതുമെന്ന് കവി പറയുന്നത്.
ദക്ഷിണേന്ത്യന്‍ പാരഡൈമിന്റെ (വിചാരമാതൃക) ഭാഗമാണ് നമ്മുടെ കൂത്ത്, കൂടിയാട്ടം, കഥകളി, നൃത്തരൂപങ്ങള്‍. ഇന്ന് നമ്മള്‍ അവയെ കേരളീയ കലകള്‍ എന്ന് പറയുന്നു. നാടൃശാസ്ത്രത്തോട് ഇവ ബന്ധപ്പെടുന്നുണ്ട്. ആ ബന്ധം നാട്യശാസ്ത്രത്തിന് തിരിച്ച് ഇങ്ങോട്ടില്ല. നൃത്തത്തെപ്പറ്റി സൂസന്‍ ലാംഗര്‍ പറയുന്നത് ചേഷ്ടകള്‍ (gestures) ആണ് അവയുടെ അടിസ്ഥാനം എന്നാണ്. മുഖ ഭാവാവിഷ്‌കാരവും മുദ്രകളും സാധാരണ ആംഗ്യഭാഷയും താളം ചവിട്ടലും ചലനങ്ങളും ഒക്കെ ചേരുന്നതാണ് നൃത്തം. ശരീരം എഴുതുന്ന ഭാഷയാണത്. അതില്‍ സംസ്‌കാരം ഉണ്ട്, രാഷ്ട്രീയം ഉണ്ട്. അതിന് പരിണാമം ഉണ്ട്. അതില്‍ കറുത്ത ശരീരത്തെ വെളുപ്പിച്ച് കാണിക്കേണ്ടതില്ല. ആണിനും പെണ്ണിനും ട്രാന്‍സ് ലിംഗപദവി ഉള്ളവര്‍ക്കും അത് ചെയ്യാം. ചുരുക്കത്തില്‍ പ്രതിഭയുള്ള ആര്‍ക്കും ആവാം. കറുത്തവര്‍ കറുത്തവരായി നൃത്തം ചെയ്താലേ അതില്‍ രാഷ്ട്രീയവും സമൂഹപരിണാമവും വരികയുള്ളൂ. ഇന്നത്തെ കവിതയിലുണ്ടായതുപോലുള്ള മാറ്റങ്ങള്‍ ആണ് നൃത്തങ്ങളിലും മറ്റും ഉണ്ടാവേണ്ടത്. സബ്ജക്ടിവിറ്റിയുടെ ആവിഷ്‌കാരമായത് മാറണം. നൃത്തം നിശ്ചലമായാല്‍ അത് ശില്പമാകും. നൃത്തം വരച്ചാല്‍ ചിത്രമാകും. എല്ലാ വിഭാഗം ജനങ്ങള്‍ക്കും നൃത്തമുണ്ട്. ആരും കാണാതെ നൃത്തം ചെയ്യുന്നവരുണ്ട്. മലയാളികള്‍ പൊതുവേ നൃത്തവിമുഖരാണ്. നൃത്തം ചെയ്താല്‍ ടെന്‍ഷന്‍ കുറയും. ഒരു വ്യായാമവും ആകും. ശരീരത്തെ അത് അഴകുള്ളതാക്കുന്നു. കേരളത്തില്‍ എല്ലാവരും നൃത്തം ചെയ്യുന്ന കാലത്തേ സന്തോഷവും സമാധാനവും ഉണ്ടാവൂ. സ്‌കൂളുകളിലും കോളേജുകളിലും ഇടയ്ക്ക് സമൂഹ നൃത്തമാകാം. ജയിലുകളില്‍ നൃത്തം പരിശീലിപ്പിക്കുന്നത് നല്ലതാണ്. ക്ലാസിക് കലകള്‍ മതേതരവും ജനാധിപത്യപരവുമാകണം. ഒരു വിമോചനമാകണം.
REPRESENTATIVE IMAGE | WIKI COMMONS
Normani യുടെ നൃത്തം എനിക്ക് ഇഷ്ടമാണ്. കറുത്ത നിറത്തെ വിടാതെയും വിട്ടും ആ കല ഉയരുന്നുണ്ട്. അതായത് കല അമൂര്‍ത്തതയിലേക്ക് ഉയരുന്നു അഥവാ യൂണിവേഴ്‌സല്‍ ആയിത്തീരുന്നു. നമ്മുടെ നൃത്തങ്ങളും അങ്ങനെ തന്നെ. കഥക് നൃത്തവും ഫ്‌ലെമെങ്കോ നൃത്തവും തമ്മില്‍ സമാനതകള്‍ ഉണ്ട്. അതിനാല്‍ അവ തമ്മില്‍ ജുഗല്‍ബന്ദികള്‍ ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ പല നൃത്തരീതികള്‍ മിശ്രണം (പാസ്റ്റീഷ്) ചെയ്യുന്നതും കാണുന്നു. ഇവ സാധ്യതകള്‍ ആണ്. സ്ത്രീകള്‍ കഥകളിയിലേക്ക് വരുന്നു. പുരുഷന്മാര്‍ നൃത്തരൂപങ്ങളിലേക്ക് വരുന്നു. കലയില്‍ എന്തും അനുവദനീയമാണ്. തെറ്റായവ തനിയേ ഒഴിവായിക്കൊള്ളും.
എന്നാല്‍ നമ്മുടെ കലാസാംസ്‌കാരികരംഗത്തെ അസമത്വങ്ങള്‍ തീരുകയില്ല. കലയുടെ ചരക്കുവല്‍ക്കരണവും ജാതിമേല്‍ക്കോയ്മയും അവിടെ സംഭവിക്കുന്നു എന്നതാണ് പ്രശ്‌നം. ഒരു നൃത്തം യൂത്ത് ഫെസ്റ്റിവലില്‍ അവതരിപ്പിക്കാന്‍ വലിയ ഒരു തുക ആവശ്യമുണ്ട്. അത് കീഴാള വിഭാഗങ്ങള്‍ക്ക് താങ്ങാനാവില്ല. മുമ്പില്‍ പഞ്ചനളന്മാര്‍ അണിനിരന്നപ്പോള്‍ ഭര്‍ത്താവായി ആരെ തിരഞ്ഞെടുക്കും എന്നൊരു വിഭ്രമം ദമയന്തിക്കുണ്ടായി. ദമയന്തി അപ്പോള്‍ ഈശ്വരന്മാരെ വിളിച്ചു പ്രാര്‍ത്ഥിച്ചു. ഈ പ്രാര്‍ത്ഥന തന്റെ കഴിവിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതുമൂലമായിരുന്നു. ഇതൊരു അപേക്ഷയാകുന്നു. കീഴ്‌പ്പെടലാകുന്നു. ഇതുപോലെ യൂത്ത് ഫെസ്റ്റിവലുകളില്‍ ഒരേപോലെ കഴിവുറ്റ നൃത്തങ്ങള്‍ വരുന്നു. ഒന്നിനൊന്ന് മെച്ചം. ജഡ്ജസിന് ഉണ്ടാകുന്ന വിഭ്രമത്തെയാണ് രക്ഷിതാക്കള്‍ കോഴ കൊടുത്ത് പരിഹരിക്കുന്നത്. അല്ലെങ്കില്‍ അവര്‍ക്കും ദൈവങ്ങളോട് പ്രാര്‍ത്ഥിക്കേണ്ടി വരും. ഇതോടെ നൃത്തകലകള്‍ക്കിടയില്‍ കച്ചവടം നടക്കുന്നു. പണം, സ്വാധീനം എന്നിവ ആദ്യമായി വിനിമയം ചെയ്യപ്പെടുന്നു. ഈ വിനിമയം രാഷ്ട്രീയപ്പാര്‍ട്ടികളും ബിസിനസ് കോര്‍പ്പറേറ്റുകളും തമ്മിലുണ്ട്. ഈ വിനിയം സ്വകാര്യ കോളേജുകളിലെ, സ്‌കൂളുകളിലെ നിയമനങ്ങളില്‍ ഉണ്ട്. വിവാഹങ്ങളില്‍ ഉണ്ട്. നീതി നിര്‍വഹണങ്ങളില്‍ ഉണ്ട്. കാര്യനിര്‍വഹണങ്ങളില്‍ ഉണ്ട്. ഇതൊരു ദൂഷിതവലയം ആണ്.
തിരകള്‍ ഇടമുറിയാതെ നൃത്തത്തിലാണ്. കാറ്റ് ഇലകളെ നൃത്തം ചെയ്യിക്കുന്നു. മണലാരണ്യങ്ങളില്‍ കാറ്റിന് വീശുമുറം കൊണ്ടൊരു കളിയുണ്ട്. ബസിലെ യാത്രക്കാരിയായ യുവതിയുടെ മുടി കാറ്റില്‍ പറക്കുന്നു. അവള്‍ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയാകുന്നു. ചുഴലിക്കാറ്റുകള്‍ വട്ടത്തില്‍ കറങ്ങിയുയരുന്ന ഒരു നൃത്തം. പുസ്തകത്താളുകള്‍ കാറ്റില്‍ മറിയുന്നു. ഇലകളില്‍ മഴ വീഴുന്നു. ചാറ്റല്‍മഴ കാറ്റത്ത് ചാഞ്ഞുവീഴുന്നു. വെയില്‍ പാടത്ത് നിഴല്‍മൂടി ഓടിപ്പോകുന്നു. പക്ഷികള്‍ പറന്നുകൊണ്ട് ഇണചേരുന്നു. സിംഹക്കുഞ്ഞുങ്ങള്‍ അമ്മയ്ക്കുമേലേ കേറി മറിയുന്നു. സൂര്യകാന്തിപ്പൂക്കള്‍ തുള്ളിക്കളിക്കുന്നു. വളഞ്ഞ് പുളഞ്ഞ് പുഴ ഒഴുകുന്നു. ഭൂമി സൂര്യനെ ചുറ്റുന്നു. ചുരുക്കത്തില്‍ നൃത്തം എവിടേയും എപ്പോഴും ഉണ്ട്.
പുരുഷന്‍മാര്‍ നൃത്തം ചെയ്യുന്നതിനെ കളിയാക്കിയിരുന്നു മുമ്പ്. രതിയുടെ വൈവിധ്യം ഇന്ന് അംഗീകരിക്കപ്പെടുന്നു. മതങ്ങളും ജാതിനിയമങ്ങളും രാഷ്ട്രനിയമങ്ങളും പലപ്പോഴും ഇതിനെതിരേയാണ് നീങ്ങുന്നത്. പൊതുവേ അറിവ് കുറഞ്ഞവരുടെ മേഖലകളാണ് ഇവ. പാശ്ചാത്യരാജ്യങ്ങള്‍ ആണ് ഇക്കാലത്ത് വഴികാട്ടികള്‍. ഹോമോജീനിയസ് ആയ ക്രിസ്തുമതത്തിന്റെ തകര്‍ച്ച കൊണ്ടാണ് പുതിയ സാധ്യതകള്‍ പാശ്ചാത്യലോകത്ത് തുറക്കുന്നത്. വെളുത്ത വര്‍ഗ്ഗത്തോട് പ്രതികരിക്കുന്ന കറുത്ത വര്‍ഗ്ഗക്കാര്‍ വളരുന്നത് പ്രതികരണം സംവാദം കൂടിയാകുന്നത് കൊണ്ടാണ്. അതുകൊണ്ട് കലയിലോ സാഹിത്യത്തിലോ കായിക വിനോദങ്ങളിലോ എത്രയോ മുമ്പിലാണ് ആഫ്രിക്കന്‍, ആഫ്രോ അമേരിക്കന്‍ കറുത്ത മനുഷ്യര്‍. ഇത് മനസ്സിലാക്കാതെ അല്പം വെളുപ്പുകൊണ്ടോ പൂര്‍വ്വികരായി കൈവശപ്പെടുത്തിയ സ്വത്തുകൊണ്ടോ ഉന്നത ജാതിക്കാര്‍ എന്ന പ്രിവിലേജുകൊണ്ടോ നെഗളിക്കുന്നു മനുഷ്യര്‍. വര്‍ഗീയത ഉറഞ്ഞുതുള്ളുന്ന ഈ കാലത്ത് തന്നെയാണ് വര്‍ഗ്ഗീയത ഇല്ലാതാക്കുന്ന ഔഷധവും കണ്ടെത്തേണ്ടത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പഴയകാല ട്രാജഡികള്‍ പ്രഹസന ( Farce ) ങ്ങളായി തിരിച്ചെത്തുകയാണ്. മുഖ്യധാരയിലേക്ക് കറുത്തവരും സ്ത്രീകളും ആദിവാസികളും ദളിതരുമായ മനുഷ്യര്‍ കടന്നുവരുന്ന ഈ ഉത്തരാധുനിക കാലത്ത് അതിനെ ഉള്‍ക്കൊളളാനാവാത്ത ജാതിവാദികള്‍ വായില്‍ത്തോന്നുന്നതെല്ലാം വിളിച്ചുകൂവുകയാണ്. ആത്മശൈഥില്യത്തിലാണ് അവര്‍. ഒരു കലയും ആരുടേയും കുത്തകയല്ല. കലാസാഹിത്യങ്ങളിലെ കഠിനമായ പരിശ്രമവും ലക്ഷ്യബോധവും നിങ്ങളെ എവിടെ എങ്കിലും എത്തിക്കാതിരിക്കില്ല.
REPRESENTATIVE IMAGE | WIKI COMMONS
ദൈവവിശ്വാസികള്‍ ആണ് അന്ധവിശ്വാസവും അനാചാരങ്ങളും ജാതിചിന്തയും പുരുഷാധിപത്യബോധവും ഒക്കെ കൊണ്ടുനടക്കുന്നത്. ദൈവം അവരെ തന്റെ ജനമായി അംഗീകരിക്കുമോ? മനുഷ്യരെ തുല്യരായി കാണാന്‍ ഇവര്‍ക്കെന്താണ് കഴിയാത്തത്? ഇന്ന് ജാതിസിസ്റ്റം മിശ്രവിവാഹങ്ങളിലൂടെ കുറെയൊക്കെ ശിഥിലമായിട്ടുണ്ടെങ്കിലും സംസ്‌കാരത്തിന്റെ ചില വ്യത്യാസങ്ങളെ ഉള്‍ക്കൊള്ളുന്നു എന്നതിനാല്‍ എല്ലാ ജാതികളും തുല്യമാണെന്നുള്ള ആശയം എന്തേ ദൈവവിശ്വാസികളുടെ ഉള്ളില്‍ വരാത്തത്? ബ്രാഹ്‌മണരും പറയരും തമ്മില്‍ എന്താണ് വ്യത്യാസം ? നായന്മാരും പുലയരും തമ്മില്‍ എന്താണ് വ്യത്യാസം ? എനിക്ക് ഒരു വ്യത്യാസവും തോന്നിയിട്ടില്ല. ഇവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. എല്ലാ വീടുകളിലും ഞാന്‍ താമസിച്ചിട്ടുണ്ട്. മനുഷ്യരെ തുല്യരായി കാണാത്ത വിശ്വാസികള്‍ കുറ്റവാളികളാണ്. വിശ്വാസത്തിന്റെ മറവില്‍ അവര്‍ കുറ്റം ചെയ്യുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് അവര്‍ ശിക്ഷാര്‍ഹരുമാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ഒരു വിശ്വാസവുമില്ല. കപട വിശ്വാസികളാണവര്‍. അവര്‍ അവരുടെ ദൈവത്തെ അനുസരിക്കുന്നില്ല. ദൈവത്തെ പറ്റിക്കുകയാണവര്‍. ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം പുരാതന ഗ്രീക്കുകാരെപ്പോലെയും റോമാക്കാരെപ്പോലെയും പ്രീ മുസ്ലീം അറേബ്യക്കാരെപ്പോലെയും മനുഷ്യരുടെ സ്വഭാവമുള്ള, ദൗര്‍ബല്യങ്ങള്‍ ഉള്ളവരാണ് ദൈവങ്ങള്‍. അതുകൊണ്ട് ആ ദൈവങ്ങളെ മാതൃകയാക്കാന്‍ പറ്റുകയില്ല. (ഹിന്ദുമതത്തില്‍ അകമേ ഒരു നവീകരണവും ഇന്നുവരെ ഉണ്ടായിട്ടില്ല) ആയതിനാലാണ് മനുസ്മൃതിയും ഗീതയും ഉണ്ടാക്കിയത്. മനുസ്മൃതിയും ഗീതയും പുരാണങ്ങളും എല്ലാംകൂടി ചേരുന്ന ഗ്രന്ഥമാണ് ഖുറാന്‍ എന്ന് ആലങ്കാരികമായി പറയാം. ക്രിസ്തുമതത്തില്‍ ഇന്നുള്ള നിയമങ്ങള്‍ ഒന്നും ക്രിസ്തു പറഞ്ഞതല്ല. റോമന്‍ മതത്തിലെ ആശയങ്ങളും സുവിശേഷങ്ങളും ചേര്‍ത്തുണ്ടാക്കിയതാണവ. കോണ്‍സ്റ്റാന്റൈന്റെ സംഭാവനകള്‍ ഉണ്ടതില്‍. സുവിശേഷങ്ങള്‍ മാത്രം വായിച്ചാല്‍ ക്രിസ്തുമതം എത്ര മഹത്താണ്. ഖുറാനിലെ പ്രാചീനകാല ശിക്ഷാവിധികളും മറ്റും ഒഴിവാക്കിയാല്‍ എത്ര ഉദാത്തമാണ്. വൈരുദ്ധ്യങ്ങളും ജാതി ചിന്തകളും വംശീയതയും ഒക്കെയുണ്ടെങ്കിലും മനുഷ്യവിരുദ്ധമായ കാര്യങ്ങള്‍ ഒന്നും ഓര്‍ക്കാതെ, വിമര്‍ശിക്കാതെ രസിച്ചുവായിച്ച് പോകാം മഹാഭാരതവും രാമായണവും. ചെറുപ്പത്തില്‍ ഞാനവ വായിച്ചത് അങ്ങനെയാണ്. അതിന്റെ രാഷ്ട്രീയവായന ഇപ്പോഴാണ് ഉണ്ടായത്. ദൈവം എന്നത് ഉണ്ടെങ്കില്‍ത്തന്നെ ഒരിക്കലും ഒരു ആള്‍രൂപം അല്ല. ഈ പ്രപഞ്ചത്തില്‍ സ്രഷ്ടാവായ ഒരു ദൈവമില്ല. അതിന്റെ ആവശ്യമില്ല എന്നതുകൊണ്ടാണത്. ഈ പ്രപഞ്ചത്തെ പരിപാലിക്കുന്ന ഒരു ദൈവമില്ല. ഉള്ളത് ഭൂമിയിലെ മനുഷ്യരുടേയും ജീവജാലങ്ങളുടേയും നിലനില്‍പ്പിനും സമാധാനത്തിനും ആവശ്യമുള്ള മൂല്യങ്ങള്‍ ആണ്. മനുഷ്യനിര്‍മ്മിതമാണവ. സത്യം, നന്മ, സ്‌നേഹം, കാരുണ്യം, പ്രകൃതി സ്‌നേഹം, വ്യത്യസ്തതകളോടുള്ള ബഹുമാനം, വ്യത്യസ്തതകളിലെ തുല്യത എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ ആണവ. അവ ലോകത്തെ ഒരുമിപ്പിക്കുന്നുണ്ട്. അവയില്ലാതെ വരുന്നതാണ് യുദ്ധത്തിന് കാരണം. അവ ദൈവവിശ്വാസമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ബാധകമാണ്. ദൈവവിശ്വാസമില്ലാത്തവര്‍ ഈ മൂല്യങ്ങളെ പാലിക്കാറുണ്ട്. ചില വിശ്വാസികളും പാലിക്കാറുണ്ട്. ഇവയെ പാലിക്കാത്തവര്‍ വിശ്വാസികളുമല്ല, അവിശ്വാസികളുമല്ല.
ജാതിയും നിറവും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യത്തിന്റെ പ്രശ്‌നപരിസരം പരിശോധിക്കുകയാണിവിടെ. ജാതി ഹിന്ദുമതത്തിലെ ഒരു വ്യവസ്ഥയാണ്. നിറം എന്നത് യൂറോ കേന്ദ്രിതമായ വിവേചനമാണ്. മേല്‍ജാതിക്കാരില്‍ കറുത്തവര്‍ ഉണ്ട്. കീഴ്ജാതിക്കാരില്‍ വെളുത്തവര്‍ ഉണ്ട്. അപ്പോള്‍ നിറം നോക്കി ജാതി കൃത്യമായി മനസ്സിലാക്കാന്‍ പറ്റില്ല. നിറം മാത്രമല്ല ജാതിയെ സൂചിപ്പിക്കുന്നത്. വില കുറഞ്ഞ, മുഷിഞ്ഞ വേഷങ്ങള്‍, മൊബൈല്‍ ഫോണിന്റെ പരുവം, വൃത്തിയില്ലായ്മ, ചെരിപ്പ്, ബാഗിന്റെ പരുവം, വാഹനം, ഭാഷോച്ചാരണം, പെരുമാറ്റം, വീടിന്റെ രൂപം, കോളനികള്‍, താമസസ്ഥലം, ജോലി, വിദ്യാഭ്യാസം എന്നിങ്ങനെ പല ഘടകങ്ങള്‍ ചില ആളുകളെ വ്യക്തികളുടെ ജാതി ഊഹിക്കുന്നതില്‍ സഹായിക്കുന്നുണ്ട്. (കാരണം താണ ജാത്യാവസ്ഥ എന്നത് മനുഷ്യരെ സാമ്പത്തികമായി ഒന്നുമില്ലാത്തവരായി നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതുകൂടിയാണ്. മേല്‍ജാതിക്ക് സുഖിക്കണം. അതുകൊണ്ട് താണജാതിയില്‍ ദാരിദ്യം സ്ഥിരമുദ്രിതമാണ്.) ഇതിനോടെല്ലാം നിറവും ചേര്‍ക്കുമ്പോള്‍ ഊഹത്തിന് ശക്തികൂടും.
REPRESENTATIVE IMAGE | WIKI COMMONS
(ഈ അടയാളങ്ങളില്‍ ചിലത് ഭിക്ഷക്കാരിലേക്കോ നാടോടികളിലേക്കോ നീളാം. അവിടെ ജാതി തീര്‍ത്തും അവ്യക്തമാണ്.) പക്ഷേ, അതുകൊണ്ട് ഒരാളുടെ കീഴാള ( Subaltern) അവസ്ഥ ഊഹിക്കാമെന്നല്ലാതെ കൃത്യമായ ഒരു ജാതിയില്‍ ആ ഊഹം എത്തണമെന്നില്ല. കാരണം ജാതി ഒരു ഇന്ത്യന്‍ ഐഡന്റിറ്റിയാണ്. അതിന് രേഖയുണ്ട്. ഊഹിച്ചാല്‍ ശരിയാകണമെന്നില്ല. ഇപ്പോള്‍ കേരളത്തില്‍ പെട്ടെന്ന് തിരിച്ചറിയാവുന്നത് മുസ്ലീം വേഷം ധരിച്ച ആണുങ്ങളെ, പര്‍ദ്ദ ധരിച്ച, തലവഴി ഷാളിട്ട പെണ്ണുങ്ങളെ, നെറ്റിയില്‍ ചന്ദനക്കുറി തൊട്ടവരെ, കയ്യില്‍ ചരടുകെട്ടിയവരെ, സിസ്റ്റര്‍മാരെ, അച്ചന്മാരെ, കാണാവുന്നവിധം പൂണൂലിട്ട ആളുകളെ ഒക്കെയാണ്. ഇതില്‍ പൂണൂല്‍ ഒഴികെ ബാക്കിയെല്ലാം മതചിഹ്നങ്ങളാണ്. അതിവിടെ പ്രസക്തമല്ല. മറ്റൊരു ജാതിചിഹ്നവും ആരിലുമില്ല എന്ന് തോന്നുന്നു.
ദരിദ്ര നായന്‍മാര്‍, ഈഴവര്‍, പറയര്‍, പുലയര്‍, ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍ തുടങ്ങിയവര്‍ ഒരു സബാര്‍ട്ടേണ്‍ ഗണത്തിലാണ് ഉള്ളത്. കൂടുതലും തൊഴില്‍ സമൂഹങ്ങളാണ്. ഇവരെ അറിയാത്തവര്‍ക്ക് ഇവരുടെ ജാതി കണ്ടെത്താന്‍ പ്രയാസമാണ്. ഇവരിലെ കറുത്തവരെ സബാള്‍ട്ടേണ്‍ വിഭാഗം എന്ന് ഊഹിച്ചെടുക്കാം. വെളുത്തവര്‍ സബാര്‍ട്ടേണ്‍ ഗണത്തിന് വെളിയിലാകാം. നിറം കൊണ്ട് മാത്രമല്ല മേല്‍ജാതിക്കാരെ തിരിച്ചറിയുന്നത്. പേരിന്റെ അറ്റത്തെ ജാതി വാലുകൊണ്ടാണ്. വെളുത്തവരോടൊപ്പം കറുത്തവരും സവര്‍ണരില്‍ ഉള്ളതുകൊണ്ടായിരിക്കാം അവര്‍ ജാതിപ്പേര് വയ്ക്കുന്നത്.
താണജാതിക്കാരെ ജാതിപ്പേര് കൂട്ടി സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ കുറഞ്ഞു. വെറുതേ ഏതെങ്കിലും മേല്‍ജാതിപ്പേര്‍ വച്ചിട്ടുള്ള കീഴാളരും ഉണ്ട്. മേല്‍ജാതിക്കാര്‍ സമ്പന്നരാണെന്നുള്ള ഒരു ധാരണ ഉണ്ടല്ലോ. അപ്പോള്‍ വലിയ വീടുകള്‍, കാറുകള്‍, വലിയ ഉദ്യോഗങ്ങള്‍ ഒക്കെ നോക്കി ഉപരിവര്‍ഗമാണെന്ന് തിരിച്ചറിയാമെന്നേയുള്ളു. അപ്പോഴും ജാതിപ്പേരില്ലാതെ ജാതി തിരിച്ചറിയാന്‍ പ്രയാസമാണ്. ഇത്തരം ഊഹങ്ങളില്‍ പലര്‍ക്കും ഒരുപാട് അബദ്ധങ്ങള്‍ പറ്റാറുണ്ട്. പ്രണയത്തിന്റെ ഒരു സാധ്യതയും ആവാറുണ്ടത്. ചുരുക്കത്തില്‍ നിറം നോക്കി തിരിച്ചറിയാവുന്നതല്ല ജാതി. പക്ഷേ ജാതിബോധം മനസ്സിലുള്ള ആളുകള്‍ അത് തിരഞ്ഞുകൊണ്ടിരിക്കും. അവരുടെ അന്വേഷണങ്ങള്‍ എത്തുന്നത് ഉപരിവര്‍ഗം, മധ്യവര്‍ഗം, സബാള്‍ട്ടേണ്‍ എന്ന ഒരു സംവര്‍ഗത്തിലേക്കായിരിക്കും. സര്‍ട്ടിഫിക്കറ്റ് കൊണ്ടുമാത്രമേ ജാതി കൃത്യമായി നിര്‍ണയിക്കാനോ സ്ഥാപിക്കാനോ ആവുകയുള്ളൂ എന്നര്‍ത്ഥം.
ഒരു പ്രധാനകാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. സത്യത്തില്‍ കേരളത്തിലുള്ള വിദ്യാസമ്പന്നരായ ആളുകള്‍ക്കുപോലും കേരളത്തിലെ ജാതികളുടെ പേരുകള്‍ എല്ലാം എന്തെന്നോ ഓരോ വിഭാഗത്തിന്റെയും സംവരണം എന്തെന്നോ ഒന്നും ധാരണയില്ല. നിങ്ങള്‍ക്ക് പണവും അറിവും ധീരതയും സ്മാര്‍ട്ട് നെസ്സും ഉണ്ടെങ്കില്‍ ഇതിനെയെല്ലാം കുറെ മറികടക്കാം. നഗരജീവിതം മറ്റൊരു കാര്യമാണ്. ജാതികേന്ദ്രം ഗ്രാമമാണ്. സവര്‍ണരിലും അവര്‍ണരിലും ജാതിചിന്തയുമായി നടക്കുന്ന കുറേപ്പേരുണ്ട്. അല്ലാത്ത എത്രയോ മനുഷ്യരും ഉണ്ട്. ഈ അവസാനം പറഞ്ഞവരായിരിക്കണം നിങ്ങള്‍ക്ക് സമാനമനസ്‌കര്‍ ( congenial souls)
REPRESENTATIVE IMAGE | WIKI COMMONS
അനാചാരങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒരു മതവ്യവസ്ഥിതിയും അധികകാലം നിലനില്ക്കുകയില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഹിന്ദുമതത്തില്‍ അടിസ്ഥാനപരമായ നവീകരണം ഉണ്ടാകാതെ പോയത് ? സര്‍വ്വത്ര തിന്മകളോടും കൂടി അത് നിലനില്ക്കുന്നുവല്ലോ. ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ പലതും ഓര്‍ക്കാന്‍ കൂടി കൊള്ളാത്തതും ഭീകരവും അറപ്പുളവാക്കുന്നതുമായിരുന്നു. നരകജീവിതമാണ് ഇന്ത്യയിലെ അപരമനുഷ്യര്‍ക്ക് ഹിന്ദുമതം വിധിച്ചത്. അതിനെ ഫാഷിസം എന്നു പറയാം. അങ്ങനെ ഫാഷിസ്റ്റ് ഹിന്ദുമതം ഇന്നും ഹിംസാത്മകമായി തുടരുന്നു. ശൂദ്രര്‍, ചണ്ഡാളര്‍, ഗോത്ര സമൂഹങ്ങള്‍ എന്നീ വിഭാഗങ്ങളെ ഹിന്ദുമതം മനുഷ്യരായി ഇന്നും കണക്കാക്കുന്നില്ല. ഹിന്ദുമതം ഒരു സാമ്പത്തിക വ്യവസ്ഥ കൂടിയാണ്. ത്രൈവര്‍ണികരുടെ സാമ്പത്തിക സുസ്ഥിരതയെ നിലനിര്‍ത്തുന്ന തൊഴില്‍ സമൂഹങ്ങള്‍ മാത്രമാണ് താണജാതിക്കാര്‍. ചത്തമൃഗങ്ങളെ തിന്നുക, മലം കോരുക, മണ്ണില്‍ നിന്ന് കഞ്ഞി കുടിക്കുക, കുറ്റവാളികളാവുക എന്നിങ്ങനെ പാവങ്ങള്‍ ജീവിച്ചു. അവര്‍ കൊല്ലപ്പെടുകയും, ബലാത്സംഗം ചെയ്യപ്പെടുകയുമാണ്. അവരുടെ വീടുകള്‍ കണ്ടാല്‍ കരഞ്ഞുപോകും. സാമ്പത്തികമായി മെച്ചപ്പെടാനും വിദ്യാഭ്യാസം ചെയ്യാനും വൃത്തിയായി നടക്കാനും ജീവിത സൗകര്യങ്ങള്‍ അനുഭവിക്കാനും അവര്‍ക്ക് അവകാശം ഇല്ല. മാറ്റിനിര്‍ത്തല്‍ ഇന്നും തുടരുന്നു. സാമ്പത്തികമായോ വിദ്യാഭ്യാസപരമായോ ലോകാവസാനം വരെ ഇപ്പോഴത്തെ അപമാനിതമായ, ദരിദ്രമായ സാഹചര്യം തുടരാനാണ് ജാതിവ്യവസ്ഥ ഉദ്ദേശിക്കുന്നത്. ഗ്ലോബലൈസേഷന്‍ കൊണ്ടോ പുത്തന്‍ ഉദാര സമ്പത്തികനയം കൊണ്ടോ അത് മാറുകയില്ല. ഹിന്ദുമതത്തിലെ ഈ തന്ത്രം ക്രിസ്തുമതവും ഇസ്ലാം മതവും ഇവിടെ തുടരുന്നു. താണ ജാതിക്കാരോട് വിവേചനം ഈ മതങ്ങളും കാണിക്കുന്നു. ഹിന്ദുമതത്തെ സമൂലം പരിഷ്‌കരിക്കാതെ, അതിലെ എല്ലാ ജാതികളും തുല്യമാണെന്ന ബോധം ജനങ്ങളില്‍ നിര്‍മ്മിക്കാതെ, അതുമല്ലെങ്കില്‍ അടിമസമ്പ്രദായം നിയമംമൂലം ലോകമെങ്ങും നിര്‍ത്തലാക്കിയ പോലെ ജാതിവ്യവസ്ഥയെ നിയമം മൂലം നിരോധിക്കാതെ, താണ ജാതിക്കാര്‍ക്ക് അവസരങ്ങള്‍ നല്കാതെ എങ്ങനെ അവര്‍ പുരോഗതി നേടും? കാരണം സാമ്പത്തികമായ ഇന്ത്യയുടെ പുരോഗതി ജാതിയില്‍ താണവരുടെ പുരോഗതിയാണ്. അവര്‍ക്ക് പുരോഗതി ഉണ്ടാവാതിരിക്കാനാണ് ജാതിവ്യവസ്ഥ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഭക്തിപ്രസ്ഥാനത്തിനോ നവോത്ഥാനത്തിനോ ആധുനികതയ്‌ക്കോ ഉത്തരാധുനികനയ്‌ക്കോ മതങ്ങളെയും മനുഷ്യരെയും നവീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. (ബൈനറി ഓപ്പസിറ്റുകള്‍ - കറുപ്പ്, വെളുപ്പ്, സൗന്ദര്യം വൈരൂപ്യം, ആണ്‍ പെണ്‍ - തകര്‍ന്ന കാര്യം സത്യഭാമച്ചേച്ചിയെപ്പോലുള്ളവര്‍ അറിഞ്ഞിട്ടേയില്ല) ഇന്ത്യയില്‍ ഹിന്ദുമതത്തില്‍ തുല്യത വരുന്നതോടുകൂടി മാത്രമേ ചെറിയ മാറ്റങ്ങള്‍ എങ്കിലും ഉണ്ടാവുകയുള്ളൂ. അല്ലാതെ ആര് ഭരിച്ചാലും ഒരിഞ്ചുപോലും ഇന്ത്യ മുന്നോട്ട് നീങ്ങില്ല. ജാതിയെ എന്തുകൊണ്ടാണ് നിയമം മൂലം നിരോധിക്കേണ്ടത് ? അത് അടിമവ്യവസ്ഥയുമായി തിരിച്ചറിയാനാവാത്തവിധം കലര്‍ന്നിരിക്കുന്നു എന്നതിനാലാണ് - അടിമക്കച്ചവടം നടക്കുന്നില്ല എന്നേയുള്ളൂ. ലോകത്ത് അടിമ സമ്പ്രദായത്തെ ഇല്ലാതാക്കിയത് നെപ്പോളിയന്റെ യുദ്ധങ്ങള്‍ ആണ്. ഉത്തരാധുനികമായ ആശയങ്ങള്‍ എല്ലാത്തരം ആധിപത്യങ്ങളെയും എതിര്‍ക്കുന്നുണ്ട്. പക്ഷേ, സംവരണം കിട്ടുന്നവര്‍ അത് സമ്മതിക്കില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. അപ്പോള്‍ ചെയ്യാവുന്നത് ജാതീയമായ തുല്യത പ്രഖ്യാപിക്കുകയും ജാതിപ്പേരുകള്‍ ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ്. എങ്കിലും ഫൈനല്‍ സ്റ്റെപ്പായി ജാതിവ്യവസ്ഥയെ വരുംകാലത്ത് നിരോധിക്കേണ്ടി വരും. നിലവില്‍ ജാതി സംവരണത്തിനുള്ളില്‍ ഓരോ ജാതി ഗോത്രവിഭാഗങ്ങള്‍ക്കുമായി സംവരണം വിഭജിക്കണം. ജാതിവിവേചനങ്ങള്‍ പാടില്ല എന്ന് ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും എഴുതിവയ്ക്കണം.
REPRESENTATIVE IMAGE | WIKI COMMONS
സിനിമയില്‍ കറുത്ത നിറമുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കറുത്തവരായിത്തന്നെ, സാധാരണ മനുഷ്യരായിത്തന്നെ അരാഷ്ട്രീയമായിത്തന്നെ ഏത് ക്യാരക്ടര്‍ അവതരിപ്പിക്കാനും കഴിയണം. ലോകത്ത് എത്ര മനുഷ്യരുണ്ടോ അത്രയും നിറങ്ങളും ഉണ്ട് എന്നതിനെ താത്വികമായി അംഗീകരിക്കണം. പുഴുപോലുള്ള രാഷ്ട്രീയ സിനിമകളല്ല. വെറും ഉല്ലാസ സിനിമകളാണ് ജാതിയില്‍താണ, കറുത്തവരുടെ വളര്‍ച്ചയ്ക്ക് ഗുണകരം. അവയിലാണ് അവര്‍ ചുമ്മാ ചുമ്മാ അഭിനയിക്കേണ്ടത്.
എന്നാണ് സൗന്ദര്യം ? എന്താണ് സുന്ദരം ? സുന്ദരി സൗന്ദര്യവുമായി ബന്ധപ്പെട്ട പദമാണ്. എന്റെ അധ്യാപകരില്‍ ഒരാള്‍ പറഞ്ഞത് സുന്ദരി എന്നാല്‍ നല്ല പല്ലുള്ളവള്‍ (ദരം പല്ലാണല്ലോ) എന്നാണ്. ഞാനും അങ്ങനെ കരുതിപ്പോന്നു. എന്നാല്‍ അങ്ങനെയല്ല എന്ന് പിന്നീടാണ് മനസ്സിലായത് (ഉന്ദ് -ക്ലേദനേ എന്ന് ധാതു. സുഷ്ഠു (വേണ്ടവണ്ണം) ഉനത്തി (ആര്‍ദ്രമാക്കുന്നു) എന്ന് അര്‍ത്ഥം. സു+ഉന്ദ്+ അര്. സു ഉപസര്‍ഗപൂര്‍വമായ ഉന്ദ് ധാതുവോട് അര് പ്രത്യയം ചേര്‍ന്ന രൂപം - ഹരിപ്രസാദിനോട് കടപ്പാട്) അപ്പോള്‍ നമ്മുടെ മനസ്സിനെ ആര്‍ദ്രമാക്കുന്നതാണ് സൗന്ദര്യം എന്ന് പറയാം. ആര്‍ദ്രമാക്കുക എന്നാല്‍ അലിയിക്കുക എന്നാണര്‍ത്ഥം.
പൊതുവില്‍ സൗന്ദര്യം സവര്‍ണര്‍ക്കേ ഉള്ളൂ എന്നും 'ദൃശ്യമാകുന്ന ഇടത്തെ' (ഇത് വളരെ പ്രധാനമാണ്) തൊലിവെളുപ്പാണതിന്റെ അടിസ്ഥാനമെന്നും അപൂര്‍വ്വമായി മാത്രം കറുപ്പിനും ഏഴഴകുണ്ടാകാമെന്നും കേരളീയര്‍ ഉള്ളിന്റെ ഉള്ളില്‍ കരുതുന്നു. ശിലാസമമായ ഈ സൗന്ദര്യധാരണയെ വച്ചുപൊറുപ്പിക്കുന്നത് അനീതിയാണ്. ആദ്യമായി മനസ്സിലാക്കേണ്ട ഒരു കാര്യം ലോകത്തിലെ 800 കോടി മനുഷ്യര്‍ക്കും അത്രയും നിറങ്ങള്‍ ഉണ്ട് എന്നതാണ്. നിങ്ങള്‍ സ്വന്തം വീട്ടിലെ ആളുകളുടെ നിറം തന്നെ നോക്കിയാല്‍ ഇത് മനസ്സിലാക്കാം. ഒരേപോലെ നിറമുള്ള രണ്ടുപേരെ ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല. അതിനാല്‍ ആദ്യം തന്നെ വെളുപ്പ്, കറുപ്പ് എന്ന രണ്ട് കേവലധാരണകളും വ്യാജനിര്‍മിതികള്‍ ആണെന്നാണ് മനസ്സിലാക്കേണ്ടത്. ഓരോ മനുഷ്യജീവിയേയും അതായിത്തന്നെ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണം. അവന്റെ/ അവളുടെ നിറം അവര്‍ക്ക് മാത്രമുള്ളത് എന്ന് കരുതണം. അപ്പോള്‍ നമുക്ക് എല്ലാവര്‍ക്കും സൗന്ദര്യം ഉണ്ടെന്ന് മനസ്സിലാകും. നമുക്ക് എല്ലാവരോടും സ്‌നേഹം തോന്നും. സൗന്ദര്യം എന്നത് വസ്തുവിലാണോ അതോ നമ്മുടെ മനസ്സിലാണോ കുടികൊള്ളുന്നത് ? ഇതിനെ സംബന്ധിച്ച് കുറ്റിപ്പുഴ കൃഷ്ണപിള്ള എഴുതിയിട്ടുണ്ട്. സൗന്ദര്യനിരീക്ഷണം എം.പി പോളിന്റേതാണല്ലോ. ഉമ്പര്‍ട്ടോ ഏക്കോ രണ്ട് പുസ്തകങ്ങള്‍ ക്രമമനുസരിച്ച് സൗന്ദര്യത്തെക്കുറിച്ചും വൈരൂപ്യത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്. അതൊക്കെ ഒന്നു സൂചിപ്പിച്ചു എന്നേയുള്ളു.
മനുഷ്യരുടെ സൗന്ദര്യസങ്കല്പത്തിന് പല അടിസ്ഥാനങ്ങള്‍ ഉണ്ട്. ഇന്ത്യക്കാരുടെ സൗന്ദര്യസങ്കല്പമല്ല ആഫ്രിക്കക്കാരുടേത്. സാധാരണ ഗ്രാമീണ മനുഷ്യരുടെ സൗന്ദര്യ സങ്കല്പമല്ല നഗര മനുഷ്യരുടേത്. ഭിന്ന മതസ്ഥരുടെ സൗന്ദര്യ സങ്കല്പങ്ങള്‍ ഭിന്നമായിരിക്കും. ഓരോ നൂറ്റാണ്ടിലും അത് മാറുന്നു. കലാസൗന്ദര്യ സങ്കല്പങ്ങള്‍ ഒന്നും സാധാരണക്കാര്‍ക്ക് അറിയില്ല. ഫാഷന്‍ സങ്കല്പങ്ങളില്‍ വരുന്ന മാറ്റങ്ങളും സാധാരണക്കാര്‍ മനസ്സിലാക്കണമെന്നില്ല. ക്ലാസിക് സൗന്ദര്യ സങ്കല്പങ്ങള്‍ മാറി കാല്പനിക സൗന്ദര്യ സങ്കല്പങ്ങളും റിയലിസവും സറിയലിസവും ഒക്കെ എല്ലാ മേഖലകളേയും സ്വാധീനിച്ചിട്ടുണ്ട്. ഭാഷയുടെ സൗന്ദര്യ സങ്കല്പം തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. ആണിന്റെ സൗന്ദര്യം പെണ്ണിന്റെ സൗന്ദര്യം എന്നതിലെ അകല്‍ച്ചകള്‍ കുറേയേറെ മാറി. മുടിനീട്ടി വളര്‍ത്തിയ പുരുഷന്മാരും മുടി വെട്ടിക്കുറച്ച സ്ത്രീകളും ഉണ്ട്. ഒരു യുവാവിനെ പിന്നില്‍ നിന്ന് നോക്കിയാല്‍ യുവതിയായി തോന്നുന്നു എന്നതില്‍ കമന്റുകള്‍ക്ക് ഇന്ന് സാധ്യതയില്ല. അവിടെയും ഇവിടെയും കീറിയ പാന്റ്‌സ് പിച്ചക്കാരുടേതല്ല. കേശാലങ്കാരങ്ങളില്‍ മുടിയുടെ നിറങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വന്നു. 65 വയസുള്ള അമ്മച്ചിമാര്‍ വരെ ലിപ്സ്റ്റിക് ഇടുന്നു. ഇവിടെ വന്നമാറ്റം സൗന്ദര്യം വൈരൂപ്യം എന്ന ബൈനറി തകരുക എന്നതാണ്. ഇത് മനസ്സിലാക്കാന്‍ പറ്റാത്തവരാണ് സമൂഹത്തിലെ ഏറ്റവും പുതിയ തലമുറ ഒഴിച്ചുള്ളവര്‍. ഇന്ന് കറുത്ത മനുഷ്യരെയും വെളുത്ത മനുഷ്യരെയും തുല്യ മനുഷ്യരായി അംഗീകരിച്ചേ പറ്റുകയുള്ളു. ജനാധിപത്യ പ്രക്രിയ, മനുഷ്യാവകാശങ്ങള്‍, നീതിബോധം എന്നിവ അവിടം വരെ മനുഷ്യരെയെല്ലാം എത്തിച്ചിട്ടുണ്ട്. നിങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു എങ്കില്‍ നിങ്ങളുടെ സൗന്ദര്യസങ്കല്പം അവിടെ വിശാലമായ ഒരു തലത്തിലേക്ക് ഉയര്‍ന്നേ പറ്റൂ. അല്ലെങ്കില്‍ നിങ്ങള്‍ക്കവിടെ ജീവിക്കാന്‍ പറ്റുകയില്ല. അപ്പോള്‍ നിങ്ങള്‍ ഒരു വെള്ളക്കാരനെ, ആഫ്രിക്കന്‍ വംശജയെ, ഇറാന്‍കാരിയെ വിവാഹം കഴിക്കുന്നു. അഥവാ സ്വവര്‍ഗവിവാഹം കഴിക്കുന്നു. നിങ്ങള്‍ നിങ്ങളേക്കാള്‍ പ്രായം കുറഞ്ഞ ഒരാളെ വിവാഹം കഴിക്കുന്നു. ഇതാണ് ഇന്നത്തെ ലോകം. ജാതി, മതം, വര്‍ണ്ണം, വംശം, പ്രദേശം, ഭാഷ എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ ആഗോളീകരണത്തിന്റെ കാലത്ത് മിക്കവാറും തകര്‍ന്നു. അതുകൊണ്ട് സൗന്ദര്യത്തിലെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ മനുഷ്യര്‍ തയ്യാറാവുന്നു. മതത്തിന്റെ ഉള്ളില്‍ , ജാതിക്കുള്ളില്‍ നിറത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന അവസാനത്തെ ഒരു വിഭാഗം മനുഷ്യര്‍ക്കു കൂടിയേ മാറ്റങ്ങള്‍ മനസിലാക്കാത്തവരായുള്ളു. അവര്‍ അവസാനിക്കുകയാണ്. ഇവിടെ എപ്പോഴൊക്കെയാണ് മനുഷ്യര്‍ തുല്യരാകുന്നത്? വോട്ട് ചെയ്യുമ്പോള്‍, രോഗം വരുമ്പോള്‍, മരിക്കുമ്പോള്‍, പ്രാഥമിക കൃത്യങ്ങള്‍ ചെയ്യുന്നതില്‍, വിശക്കുമ്പോള്‍, ദാഹിക്കുമ്പോള്‍, കാമത്തില്‍. അപരിചിതവും വിദൂരവുമായ സ്ഥലത്ത് മറ്റൊരു നാട്ടില്‍ കറുത്തയാളും വെളുത്ത ആളുമായി അകന്ന് ജീവിച്ച രണ്ടുപേര്‍ കണ്ടുമുട്ടുമ്പോള്‍. ഈ സന്ദര്‍ഭങ്ങളിലെല്ലാം മനുഷ്യര്‍ക്കുള്ള തുല്യത മനുഷ്യരുടെ ബോധതലങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഇത്രയും പറഞ്ഞതില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു കാര്യം സ്വാഭാവികമായി നിലനില്ക്കുന്ന ഒന്നാണ് സൗന്ദര്യം എന്നാണ്. ലോക ബോധ്യം അതിനെ മാറ്റിമറിക്കുന്നു. അതില്‍ ഒരു ലോകനീതി ഉണ്ടെന്നും നമുക്ക് മനസ്സിലാക്കാം.
REPRESENTATIVE IMAGE | WIKI COMMONS
ഒരാള്‍ കാക്കയെപ്പോലെ കറുത്തതാണ് എന്ന് നിങ്ങള്‍ പറയുന്നതിലൂടെ കാക്കയോടും കറുത്ത മനുഷ്യനോടുമുള്ള നിങ്ങളുടെ വെറുപ്പ് പുറത്തുവരികയാണ്. നിങ്ങള്‍ക്ക് കാക്കയുടെ നിറം ഇഷ്ടപ്പെടുന്നില്ല. മനുഷ്യന്റെ കറുപ്പ് ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ നിര്‍ഭാഗ്യവശാല്‍ ദൈവവിശ്വാസിയും ആണ്. നിങ്ങളുടെ ഈ പരാമര്‍ശം ദൈവനിന്ദയാണെന്ന് എന്താണ് മനസ്സിലാക്കാത്തത്? കാരണം ദൈവ സൃഷ്ടികളാണ് കാക്കയും കറുത്ത മനുഷ്യനും. കേരളീയ ജീവിതത്തിന്റെ ഭാഗമായ കാക്കയെയാണ് നിങ്ങള്‍ തള്ളിപ്പറഞ്ഞത്. നിങ്ങള്‍ കൊച്ചുകുട്ടിയായിരുന്നപ്പോള്‍ നിങ്ങള്‍ ഭാഷ പഠിച്ചത് കാക്ക എന്ന് പറഞ്ഞ്. കേരളീയ ജീവിതവുമായി ഇത്രമാത്രം ബന്ധപ്പെട്ട ഈ പക്ഷി മരണത്തിനോടുബന്ധപ്പെട്ട് പിതൃക്കളായി വരുന്നു. ഇതുപോലെ കറുത്ത മനുഷ്യര്‍. നിങ്ങള്‍ ഒക്കെ സുഖിച്ച് ജീവിച്ചത് എങ്ങനെയാണ് ? കറുത്ത മനുഷ്യരുടെ സഹായമില്ലായിരുന്നെങ്കില്‍ നിങ്ങളുടെ ജോലികള്‍ ആര് ചെയ്യുമായിരുന്നു ? നിങ്ങളുടെ വീടുപണിതവര്‍, തുണി തേച്ചവര്‍, പശുവിനെ കറന്നവര്‍. നിങ്ങള്‍ അവരെയും അപമാനിച്ചു. ഇത് അനീതിയാണ്. അവിടെയാണ് നീതി സൗന്ദര്യമാകുന്നത്. നിങ്ങളുടെ സൗന്ദര്യത്തെ കറുത്തവര്‍ അംഗീകരിക്കണം. അവരെ നിങ്ങളൊട്ട് അംഗീകരിക്കയുമില്ല.
ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു മുതലുള്ള എന്റെ കവിതാ സമാഹാരങ്ങളില്‍ ആവര്‍ത്തിച്ച് വരുന്ന ഒരു വിഷയം വൈരൂപ്യം എങ്ങനെ സൗന്ദര്യമാകുന്നു എന്നതാണ്. കവിതയിലെ ഈ വ്യത്യാസം വരുന്നത് Ugly ആയിട്ടുള്ളതിനെ എങ്ങനെ കാണുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. ബാറ്റില്‍ഷിപ് പൊതംകിനിലെ പുഴുകേറിയ ഇറച്ചി എങ്ങനെ കാഴ്ചയ്ക്കുള്ളിലെ കാഴ്ചയാകുന്നു. നിരത്തില്‍ കാക്ക കൊത്തിയ കണ്ണുകളുള്ള പെണ്ണിന്‍ മുല ചപ്പിവലിക്കുന്ന കുട്ടിയും വൈരൂപ്യം കവിതയില്‍ പുതിയ ഒരു സൗന്ദര്യമാക്കുന്നതിന്റെ ഉദാഹരണമാണെന്നും പറയട്ടെ. ഏഴുരാത്രികള്‍ എന്ന സിനിമ പിച്ചക്കാരെക്കുറിച്ചാണ്. ഫ്രാന്‍സിസ് ബേക്കണ്‍ന്റെ ചിത്രങ്ങളും ജിയോ കോമട്ടിയുടെ ശില്പങ്ങളും ഡീ കുനിങ്ങിന്റെ ചിത്രങ്ങളും ഒക്കെ നോക്കുക. വൈരൂപ്യം പുതിയ ഒരു സൗന്ദര്യമാകുന്നു എന്ന് കാണാം. നിങ്ങളുടെ കണ്ണിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കണം. എങ്ങനെ കാണണമെന്ന് പഠിക്കണം. കാഴ്ചയെ ചിന്തയുമായി ബന്ധിപ്പിക്കണം. എങ്ങനെ കാണുന്നു എന്നത് പരമ പ്രധാനം. നിങ്ങള്‍ നിങ്ങളെ പുനഃസൃഷ്ടിക്കണം. ചില സിനിമകളിലെ വിനായകന്റെ റോളുകള്‍ പുതിയകാലത്ത് ശ്രദ്ധേയമാണ്. ഇത് ചരിത്രത്തില്‍ ഹീനര്‍ ( Wretched ) ആയി മാറിയവരുടെ വീണ്ടെടുപ്പ് കൂടിയാണ്. പസ്സോളനിയുടെ അറേബ്യന്‍ നൈറ്റ്‌സിലെ നായിക ആരാണ് ? അവളുടെ കാമുകനാരാണ്?
ഞാനിങ്ങനെ എഴുതിയതുകൊണ്ടൊന്നും ജനങ്ങളുടെ സൗന്ദര്യസങ്കല്പം മാറുകയില്ല എന്നെനിക്കറിയാം. രാഷ്ട്രീയാധികാരം, മതാധികാരം, സാംസ്‌കാരികാധികാരം, ജ്ഞാനാധികാരം എല്ലാം സവര്‍ണരുടെ ഭാഗത്തുനില്ക്കുകയും കീഴാള സമൂഹത്തെ അപരരാക്കി മാറ്റുകയും ചെയ്യുന്ന നമ്മുടെ സമൂഹത്തില്‍ നിസ്സഹായത അനുഭവിക്കുകയാണ് മാറുന്ന സൗന്ദര്യചിന്തകള്‍. പുതുകവിതയിലും ബ്രാഹ്‌മണിക് ആധിപത്യമാണുള്ളത്. ജനാധിപത്യ ബഹുസ്വര കവിതയെ ബ്രാഹ്‌മണിക് കവിതയും സംസ്‌കാരവും ചേര്‍ന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നു. കവിത കൊണ്ടോ, സിനിമ കൊണ്ടോ, രാഷ്ട്രീയം കൊണ്ടോ ഒന്നും ചെയ്യാനാവാത്ത നിസ്സഹായതയാണിത്. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഒന്നുകില്‍ നിഷ്‌കളങ്കതയും ശുദ്ധഹൃദയവും കൊണ്ട് ആര്‍ക്കും സാധിക്കുമെന്ന് തോന്നുന്നു. പക്ഷേ ശുദ്ധഹൃദയര്‍ ഇല്ല. അനാവശ്യമായ, ലോകോപദ്രവകരമായ കാര്യങ്ങള്‍ വര്‍ഗീയത, ജാതീയത, മതസഹിഷ്ണുതയില്ലായ്മ, വംശീയത, ശത്രുത ഒക്കെ ആളുകള്‍ പഠിച്ചുവച്ചിരിക്കുന്നു എന്നതാണ് കുഴപ്പം. പഠിച്ചതെല്ലാം അണ്‍ലേണ്‍ ചെയ്താല്‍ മതി. ഞാന്‍ പ്രപഞ്ചത്തെയും ഭൂമിയേയും സ്‌നേഹിക്കും. അതിലെ സര്‍വ്വ ജീവജാലങ്ങളോടും എനിക്ക് ബന്ധമുണ്ട്, ഞാന്‍ പ്രകൃതിയെ സ്‌നേഹിക്കുന്നു, മനുഷ്യരെ ആകെ സ്‌നേഹിക്കുന്നു എന്ന് കരുതിയാല്‍ മതി. ഇനി പഠിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ചില ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കാം. ഏതെങ്കിലും മരത്തിന് സൗന്ദര്യമില്ല എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ ? മൂങ്ങയെ നിങ്ങള്‍ക്ക് ഇഷ്ടമാണോ? പാമ്പുകളെ വെറുപ്പാണോ ? ഏതെങ്കിലും കല്ല് കണ്ടിട്ട് ഇഷ്ടക്കേട് തോന്നിയിട്ടുണ്ടോ? പന്നിയെ വെറുപ്പാണോ? ഇതില്‍ ചിലതിനോട് നിങ്ങള്‍ക്ക് പേടിയോ വെറുപ്പോ തോന്നാം. പക്ഷേ ഇതെല്ലാം പ്രകൃതിയിലെ വൈവിധ്യമല്ലേ? ഇതിനൊരു നീതിയുണ്ട്. പ്രകൃതിയുടെ നീതി അഥവാ ദൈവനീതി. അതിനെ അനുസരിക്കുകയല്ലേ ശരി. അതിനാല്‍ നിങ്ങളുടെ വെറുപ്പിന്റെ അടിസ്ഥാനത്തെ നിങ്ങള്‍ സ്വയം വിശകലനം ചെയ്യുക. പന്നിയില്‍ സൗന്ദര്യം കണ്ടെത്തുക. വൈരൂപ്യവും സൗന്ദര്യവും തമ്മിലൊരു ബന്ധമുണ്ടെന്ന് മനസ്സിലാക്കുക. വൈരൂപ്യത്തിലാണ് നിങ്ങള്‍ സൗന്ദര്യം എന്ന് എഴുതുന്നത്. സൗന്ദര്യത്തില്‍ ആണ് സൗന്ദര്യം എന്ന് എഴുതുന്നതും. വൈരൂപ്യത്തില്‍ സൗന്ദര്യം കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയണം. സൗന്ദര്യത്തില്‍ സൗന്ദര്യം കണ്ടെത്താനും.
ഞാനീ വിവരണം ഇനി സിനിമയിലേക്കാണ് കൊണ്ടുപോകുന്നത്. ചിത്രകല, ശില്പകല എന്നിവയിലേക്ക് കൊണ്ടുപോകുന്നില്ല. അതൊക്കെ ഞാന്‍ കടന്നുപോയ വഴികള്‍ ആകുന്നു. നമ്മുടെ മുഖ്യധാരാ സിനിമ അപകടകരമായ തെറ്റായ ധാരണകള്‍ (ഐഡിയോളജി) ഉണ്ടാക്കുന്നു. ജാതിവ്യവസ്ഥ തന്നെ അതില്‍ ഒരു ഹൈരാര്‍ക്കിക്കല്‍ സിസ്റ്റമായി കാണാന്‍ കഴിയും. ഇന്നത്തെ മലയാള സിനിമയില്‍ നായികയായി നല്ല കറുപ്പുള്ള ഒരു സുന്ദരിയായ സ്ത്രീ പ്രത്യക്ഷപ്പെട്ടാല്‍ അതൊരുമാറ്റം ആയിരിക്കും. സ്പില്‍ ബര്‍ഗിന്റെ കളര്‍ പര്‍പ്പിള്‍ എന്ന സിനിമ ഓര്‍ക്കുമല്ലോ. കറുപ്പിന്റെ രാഷ്ട്രീയം കൊണ്ടുവരുന്ന കുറേയധികം സിനിമകള്‍ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. ദളിത് സൗന്ദര്യശാസ്ത്രത്തിന്റെ സ്വാധീനം തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ കാണാം. കമ്മട്ടിപ്പാടവും പുഴുവും ഒക്കെ ഒരു കോംപ്രമൈസിംഗ് യുക്തിയോടെ നിര്‍മ്മിക്കപ്പെട്ട സിനിമകളാണ്. ഈ കാര്യത്തില്‍ വലിയൊരു മാറ്റം ഉണ്ടാക്കിയത് മണിയാണ്. മണി ജനങ്ങളെ ഇളക്കിമറിച്ചു. അക്കാര്യത്തില്‍ മമ്മൂട്ടി, മോഹന്‍ ലാല്‍ എന്നിവരെ വാസനാബലം കൊണ്ട് പിന്തള്ളാന്‍ മണിക്ക് കഴിഞ്ഞിട്ടുണ്ട്. അസാധാരണമായ വേഷങ്ങള്‍ അവതരിപ്പിച്ച മറ്റൊരാള്‍ വിനായകന്‍ ആകുന്നു. വിനായകന്റെ പെരുമാറ്റങ്ങള്‍ ആധുനികകാലത്തെ ജോണിന്റേയും സുരാസു, കടമ്മനിട്ട തുടങ്ങിയവരുടേയും ശൈലിയാണ് സ്വീകരിക്കുന്നത് എന്ന് തോന്നുന്നു. വിവാദങ്ങള്‍ കൊണ്ടുമാത്രം ഉപജീവനം കഴിക്കുന്ന മാധ്യമലോകത്തിന് വിനായകന്‍ ഇടയ്ക്ക് കിട്ടുന്ന ചാകരയാണ്. മലയാളികളുടെ ഒരു രീതി തൊഴികൊണ്ട് നന്നാകുക എന്നാണ്. ജയമോഹന്റെ തൊഴികൊണ്ടും അവര്‍ നന്നാകാന്‍ നോക്കും. പിളരുന്ന സമൂഹമാണ് മലയാളിസമൂഹം. ആര്‍ട്ട് സിനിമകള്‍ ദളിത് രാഷ്ട്രീയം അവതരിപ്പിക്കുന്നത് നല്ലതാണ്. എന്നാല്‍ പോപ്പുലര്‍ സിനിമകളിലേക്ക് കീഴാളര്‍ കടന്നെത്തേണ്ടതുണ്ട്. കറുത്ത നിറമുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കറുത്തവരായിത്തന്നെ, സാധാരണ മനുഷ്യരായിത്തന്നെ അരാഷ്ട്രീയമായിത്തന്നെ ഏത് ക്യാരക്ടര്‍ റോള്‍ അവതരിപ്പിക്കാനും കഴിയണം. ഇവിടെ അരാഷ്ട്രീയത്തിലാണ് ശരിക്കും രാഷ്ട്രീയം. ലോകത്ത് എത്ര മനുഷ്യരുണ്ടോ അത്രയും നിറങ്ങളും ഉണ്ട് എന്നതിനെ താത്വികമായി അംഗീകരിക്കണം. വെറും ഉല്ലാസസിനിമകളാണ് ജാതിയില്‍ താണ, കറുത്തവരുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഗുണകരം. അവയിലാണ് അവര്‍ ചുമ്മാ ചുമ്മാ അഭിനയിക്കേണ്ടത്.
കളര്‍ പര്‍പ്പിള്‍ എന്ന സിനിമ | PHOTO: FACEBOOK
'നമ്മള്‍ നേരിടുന്നതിനെയെല്ലാം മാറ്റാന്‍ നമുക്ക് കഴിയുകയില്ല, പക്ഷേ ഒന്നിനേയും നേരിട്ടില്ലെങ്കില്‍ ഒന്നും തന്നെ മാറുകയുമില്ല'
ജെയിംസ് ബാള്‍ഡ്വിന്‍
ഇക്കാലത്ത് മധ്യവര്‍ഗ്ഗ കവികളെ സമൂഹത്തിലെ ജാതിവിവേചനവും വര്‍ണവിവേചനവും ലിംഗവിവേചനവും ഒന്നും ബാധിക്കാറില്ല. അത്തരം വിഷയങ്ങള്‍ ദളിത് കവികളുടേയോ സ്ത്രീകവികളുടേയോ മാത്രം വിഷയമാണ്. അങ്ങനെ സിനിമയില്‍, രാഷ്ട്രീയത്തില്‍ എന്നപോലെ കവിതയിലും ജാതിവ്യവസ്ഥ സ്ഥാപിതമായിരിക്കുന്നു. ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ സ്വാധീനമാണ് ഈ നിര്‍ഭാഗ്യകരമായ അവസ്ഥ സൃഷ്ടിക്കുന്നത്. അതിനെ ഭേദിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിക്കളയും.
പൊയ്കയില്‍ അപ്പച്ചന്റെ ഒരു പാട്ടില്‍ ക്രിസ്ത്യാനികളുടെ ഇടയിലുള്ള വര്‍ണ്ണ / ജാതി വിവേചനം വിഷയമാകുന്നുണ്ട്. പള്ളിയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ എല്ലാവരും ഒരു അമ്മപെറ്റ മക്കളാണെന്ന് പറയും, പളളി പിരിഞ്ഞുകഴിഞ്ഞാല്‍ പറക്കള്ളിയെന്നും പുലക്കള്ളിയെന്നും വിളിക്കും. ഹിന്ദുമതത്തിന്റെ പുറവഴിയേ പോയി അനാഥരായവരും ക്രിസ്തുമതത്തിന്റെ പുറകേ പോയി അനാഥരായവരും ഉണ്ട് എന്ന കാര്യവും പൊയ്കയില്‍ അപ്പച്ചന്‍ പാട്ടില്‍ എഴുതിയിട്ടുണ്ട്. ഇസ്ലാം മതത്തിന്റെ പുറകേ പോയവരുടെ അവസ്ഥ എന്താണെന്ന് എനിക്ക് അറിഞ്ഞുകൂടാ.
ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തികള്‍ ക്രിസ്ത്യന്‍ പള്ളികള്‍ നശിപ്പിച്ച് കൊണ്ടിരിക്കുന്നു. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നു. കേരളത്തിലെ ദളിത് ക്രൈസ്തവരോട് സവര്‍ണ്ണ ക്രിസ്ത്യാനികള്‍ എന്താണ് ചെയ്യുന്നത്? ജാതിവിവേചനവും വര്‍ണവിവേചനവും ഉണ്ടതില്‍. അധികാരം എവിടെയുണ്ടോ അവിടെ കൂടി നില്ക്കാനുള്ള ശ്രമങ്ങള്‍ ആണ് ക്രിസ്ത്യാനികളുടെ നേതൃത്വങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. ആദ്യമായി ചെയ്യേണ്ടത് സ്വന്തം മതത്തിലെ സഹോദരങ്ങളായ ദളിത് ക്രൈസ്തവരോട് രമ്യപ്പെടുക എന്നതാണ്. അവരെ ചേര്‍ത്തുപിടിക്കുക. അവര്‍ക്കുനേരേ ഒരു കൈനീട്ടുക. ബ്രാഹ്‌മണര്‍ മതം മാറിയവരാണ് തങ്ങള്‍ എന്ന് പറഞ്ഞിട്ട് കാര്യമില്ല. എല്ലാ മതങ്ങളോടും തുല്യനിലയില്‍ സ്‌നേഹം കാണിക്കുകയും വേണം. വര്‍ണവിവേചനവും ജാതിവിവേചനവും ഒഴിവാക്കുക. വര്‍ണവിവേചനം പാടില്ല, ജാതി വിവേചനം പാടില്ല എന്ന് എല്ലാ പള്ളികളിലും എഴുതിവയ്ക്കുക.
നമ്മുടെ സമൂഹത്തില്‍ 99 % മനുഷ്യരും ദൈവവിശ്വാസികളാണ് എന്ന് തോന്നുന്നു. അവരാണ് വിവേചനം കാണിക്കുന്നതില്‍ മുമ്പില്‍ നില്ക്കുന്നത്. സത്യത്തില്‍ മതം ഒരു വിഭാഗീയതയാണ്. അതിനുള്ളില്‍ സ്ത്രീകളോട് വിവേചനം ഉണ്ട്. മറ്റു വിവേചനങ്ങളും ഉണ്ട്. വിവേചനത്തെ സപ്പോര്‍ട്ട് ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ എല്ലാ മതഗ്രന്ഥങ്ങളിലും ഉണ്ട്. യജമാനനും ഭ്യത്യനും, ഉടമയും അടിമയും, മുഖത്തുനിന്ന് ജനിച്ചവരും കാലില്‍ നിന്ന് ജനിച്ചവരും എന്നിങ്ങനെ എല്ലാ മതസാഹിത്യത്തിലും കാണാം. കാലികമായി തിരുത്തേണ്ടവ തിരുത്തണം. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവരും എന്ന അധികാരഘടന എല്ലാ മതങ്ങളിലുമുള്ള ദൈവചിന്തയാണ്. ദൈവം ഭരിക്കുന്നു. മനുഷ്യര്‍ ഭരിക്കപ്പെടുന്നു. പുരോഹിത / സമ്പന്ന വര്‍ഗം ഭരിക്കുന്നു. അല്ലാത്തവര്‍ ഭരിക്കപ്പെടുന്നു. ഉടമസ്ഥതയ്ക്കും അടിമത്തത്തിനും ഒരു പ്രാപഞ്ചിക ഘടന തന്നെ നല്കിയിരിക്കുകയാണ്. അതിനാല്‍ വിവേചനം തുടരുകയാണ്. എന്റെ പ്രിയസുഹൃത്ത് പ്രൊഫസര്‍. ഏ. റ്റി മോഹന്‍രാജ് മാഷ് പറഞ്ഞത് ആധുനികത പോലും കടന്നുവരാത്ത സമൂഹമാണ് കേരളീയസമൂഹം എന്നാണ്. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥ കവിതയെയും കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികളെയും ബാധിച്ചിരിക്കുന്നു എന്നതാണ് സത്യം. ആയതിനാല്‍ ആധുനികതയുടെതായ എല്ലാ വാതിലും അടഞ്ഞുപോയി എന്നതാണ് സത്യം.
കറുത്ത മനുഷ്യരോട് മാല്‍ക്കം എക്‌സ് ചോദിക്കുന്നു:
'നിങ്ങളുടെ മുടിയുടെ ഘടനയെ വെറുക്കാന്‍ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറത്തെ വെറുക്കാന്‍ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? നിങ്ങളുടെ മൂക്കിന്റെ ആകൃതിയെയും ചുണ്ടിന്റെ ആകൃതിയെയും വെറുക്കാന്‍ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? നിങ്ങളുടെ തലയുടെ മുകളില്‍ നിന്ന് പാദങ്ങള്‍ വരെ നിങ്ങളെ വെറുക്കാന്‍ ആരാണ് നിങ്ങളെ പഠിപ്പിച്ചത്?'
മാല്‍ക്കം എക്‌സ് | PHOTO: FACEBOOK
ശരിയാണ്. വെറുത്തതിനെ സ്‌നേഹിക്കുന്നതിലൂടെ മാത്രമേ കറുത്ത മനുഷ്യര്‍ക്ക് എല്ലാം വീണ്ടെടുക്കാന്‍ പറ്റുകയുള്ളു. ഇനി നമുക്ക് ടി.വി മാധ്യമങ്ങളിലേക്ക് പോകാം. അതോടെ ഈ കുറിപ്പുകള്‍ അവസാനിപ്പിക്കാം. വാര്‍ത്ത വായിക്കുന്ന ഒരു കറുത്ത സ്ത്രീയേയോ പുരുഷനേയോ നമ്മുടെ ടി.വികളില്‍ കാണാനില്ല. കറുത്ത മനുഷ്യര്‍ ധാരാളമുള്ള കേരളത്തില്‍ എന്തേ ഇങ്ങനെ സംഭവിക്കുന്നു ? കറുത്തവരെ കാണുന്നത് കോമഡി പരിപാടികളില്‍ മാത്രമാണ്. ഇതിന്റെ പിന്നില്‍ ഒരു പ്രത്യയശാസ്ത്രം ഉണ്ട്. ചുരുക്കത്തില്‍ ജാതിവ്യവസ്ഥ നിലനില്ക്കുന്ന രാജ്യത്തെ ഇന്റലക്ച്വല്‍ വര്‍ക്കുകളുടെ മേഖലകളില്‍, സ്ഥാപനങ്ങളില്‍, സിനിമ തുടങ്ങിയ ദൃശ്യകലകളില്‍, സാഹിത്യത്തില്‍ മതസ്ഥാപനങ്ങളില്‍ ഒക്കെ മത ജാതി വര്‍ണ വ്യവസ്ഥകളുടെ ഇംപാക്ട് നമുക്ക് കാണാം. ജാതിവ്യവസ്ഥയെ പ്രതിരോധിക്കാന്‍ ഉത്തരാധുനികതയുടെ നീതി സങ്കല്പങ്ങളെ ഇപ്പോള്‍ നമ്മുടെ കൈകളില്‍ ഉള്ളു. അതിന്റെ അടിസ്ഥാനത്തിലാണ് നമ്മള്‍ ഇവിടം വരെ സഞ്ചരിച്ചത്.
എല്ലാ മനുഷ്യരും സംസാരിക്കുന്നില്ല. എല്ലാവരും എഴുതുന്നില്ല. എല്ലാവര്‍ക്കും സംസാരിക്കാന്‍ കഴിയാറില്ല. സംസാര ശേഷി ഉണ്ടായിട്ടും മൂകരാണ് ചിലര്‍. അല്ലെങ്കില്‍ അവര്‍ക്ക് സംസാരിക്കാനോ എഴുതാനോ കഴിയുന്നില്ല. അവസരം ലഭിക്കുന്നില്ല. എഴുത്ത് വശമില്ല. അല്ലെങ്കില്‍ അവര്‍ സംസാരിച്ചതും എഴുതിയതും നാം അറിയുന്നില്ല. അവര്‍ ചിലപ്പോള്‍ ഏതെങ്കിലും സിനിമ ചെയ്തിട്ടുണ്ടാകാം, ചിത്രമോ ശില്പമോ ചെയ്തിട്ടുണ്ടാകാം. അധികമാരും കണ്ടിട്ടില്ല, അതറിയുന്നില്ല.
സംസാരിക്കുന്ന ചിലരെ നാം അറിയുന്നു. എഴുതുന്ന ചിലരെ അറിയുന്നു. അവരെ കാണുന്നു. അപ്പോള്‍ നമ്മള്‍ കരുതും ഏറ്റവും വലിയ ദുരിതവും കഷ്ടപ്പാടും അവരുടേതാണെന്ന്. അഥവാ അവരാണ് വലിയ എഴുത്തുകാര്‍, സംസാരിക്കുന്നവര്‍, പ്രഭാഷകര്‍ എന്ന്. മനുഷ്യ കോടികള്‍ക്കിടയില്‍ ചിലര്‍ മാത്രമാണവര്‍. എഴുതാനും സംസാരിക്കാനും അവസരം കിട്ടിയവര്‍. എഴുത്തും സംസാരവും അവരുടെ ഒരു ആവിഷ്‌കാരം മാത്രം. ജീവിക്കാന്‍ അവര്‍ക്ക് വേറേ ജോലിയുണ്ട്. ഒരു ജോലിയുണ്ടായത് കൊണ്ടുമാത്രമാണ് എനിക്ക് ഇത്രയും എഴുതാന്‍ പറ്റിയത്. ജീവിതത്തെ അല്പം ഉയര്‍ത്താനും പറ്റി. എഴുത്ത് എനിക്ക് ദുഃഖവും ആനന്ദവും ആവേശവും ആയിരുന്നു. അതില്‍ ഞാന്‍ നിഷ്ഠ പാലിച്ചു. എന്നാല്‍ ഒരു സ്ഥിര ജോലിയുമില്ലാത്തവര്‍, കൂലിപ്പണിക്കാര്‍, ഓട്ടോ ഓടിക്കുന്നവര്‍, പാവപ്പെട്ട കൃഷിക്കാര്‍, ലോട്ടറി വില്ക്കുന്നവര്‍, മരുന്ന് പറിക്കുന്നവര്‍, കള്ളുചെത്തുകാര്‍, ഭിക്ഷക്കാര്‍, ആദിവാസികള്‍, കോളനിവാസികള്‍, നിത്യരോഗികള്‍ എന്നിങ്ങനെയുള്ളവരെല്ലാം മനുഷ്യരാണ്. അവരില്‍ ഒരാള്‍ എഴുത്തുകാരനാവുക എന്നത് എത്രയോ പ്രയാസകരമാണ്. അവരുടെ ദുഃഖങ്ങള്‍ ആവിഷ്‌കരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അവരെ കേള്‍ക്കാന്‍ ആരുമില്ല. എഴുത്തിന്റെ ലോകത്ത് നിരന്തരം യുദ്ധം ചെയ്യുന്നവരാണ് സ്ത്രീകളും. സ്ത്രീകള്‍ക്ക് ഒറ്റയ്ക്കുള്ള സഞ്ചാരങ്ങള്‍ ഒരുപരിധി കഴിഞ്ഞാല്‍ പ്രയാസമാണ്.
ഭാഷയിലൂടെ, ചിത്രങ്ങളിലൂടെ നാം അറിഞ്ഞ ദുരിതങ്ങള്‍ ആണ് ഏറ്റവും വലിയ ദുരിതങ്ങള്‍ എന്ന് നാം കരുതുന്നു. ആയിരക്കണക്കിന് മനുഷ്യര്‍ ഗാസയില്‍ മരിച്ചുവീഴുന്നു. അതൊരു വാര്‍ത്ത. ഒരാള്‍ മരിക്കുന്നു. അതൊരു കഥ. ആയിരക്കണക്കിന് മരിച്ചവരുടെ അടക്കമോ മരണാനന്തര ജീവിതമോ നാം അന്വേഷിക്കുന്നില്ല. മരിച്ചവരുടെ ആത്മാവുമായി ചിലര്‍ സംസാരിക്കുന്നു. ആയിരക്കണക്കിന് മരിച്ചവര്‍ അക്കൂട്ടത്തിലില്ല. നമുക്കുചുറ്റും എത്രയോ മനുഷ്യര്‍ ദുരിതം അനുഭവിക്കുന്നു. നാമവരെ കാണാതെ നടക്കുന്നു. മാധ്യമ യാഥാര്‍ത്ഥ്യം, നവമാധ്യമ യാഥാര്‍ത്ഥ്യം എന്നിവ വിപുലമാണ്. എന്നാല്‍ സത്യത്തില്‍ എത്രയോ പരിമിതവുമാണ്. എത്രയോ കവികള്‍, എത്രയോ പുസ്തകങ്ങള്‍, എത്രയോ സിനിമകള്‍. പക്ഷേ വിപുലമായ ഈ ലോകത്ത് ഏറ്റവും വലിയ നെറ്റുവര്‍ക്കുകളെല്ലാം പരിമിതികളാണ്. കാരണം ജീവിതം അങ്ങനെയാണ്.
Painting with light എന്ന് ഫോട്ടോഗ്രാഫിയെപ്പറ്റി പറയുന്നു. ഒരിക്കല്‍ ഒരു ഫോട്ടോഗ്രാഫര്‍ ഏതോ ഒരു മരത്തിന്റെ ഫോട്ടോ എടുക്കാന്‍ പോയി. ക്യാമറയില്‍ മരത്തിന്റെ സൗന്ദര്യം അദ്ദേഹം ഒപ്പിയെടുത്തു. അദ്ദേഹം പിന്നെയും അവിടെപ്പോയി ധാരാളം ഫോട്ടോകള്‍ എടുത്തുകൊണ്ടിരുന്നു. അതൊരു പതിവായി. വെയിലില്‍ നില്ക്കുന്ന മരം, കാറ്റില്‍ പെട്ട മരം, രാവിലത്തെ മരം. മഴയത്തെ മരം വൈകുന്നേരത്തെ മരം... ഓരോ ഫോട്ടോയിലും ആ മരത്തിന് ഓരോതരം സൗന്ദര്യമായിരുന്നു. അദ്ദേഹം ആ മരത്തെ പ്രണയിച്ചു.
REPRESENTATIVE IMAGE | WIKI COMMONS
ഈ കഥ എന്നോട് പറഞ്ഞത് ഒരു ജോണി സാറായിരുന്നു. ഞങ്ങള്‍ കുറേക്കാലം ഒരുമിച്ചുനടന്ന കാലത്താണ് അദ്ദേഹം ഈ കഥ പറഞ്ഞത്. അദ്ദേഹം നല്ലതുപോലെ ഇംഗ്ലീഷ് സഹിത്യവും ഭാഷയും അറിയാവുന്ന ആളായിരുന്നു. മനുഷ്യര്‍ക്കും മേല്‍പ്പറഞ്ഞ മരത്തിന്റെ അനന്തത ഉണ്ട്. ഒരാള്‍ എണ്ണമറ്റ രൂപങ്ങളും ഭാവങ്ങളുമാണ്. വൈകുന്നേരം സൂര്യന്റെ രശ്മികള്‍ മുഖത്തും കൈകളിലും ഏറ്റ മനുഷ്യരെ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു ഒരു കാലത്ത്. അപ്പോള്‍ എല്ലാ മനുഷ്യരും ചുവപ്പുമനുഷ്യരായി എനിക്ക് തോന്നും. സൂര്യന്‍ ചായുന്ന നേരം അപ്പര്‍ കുട്ടനാട്ടിലെ സ്വര്‍ണ നിറമുള്ള നെല്‍പ്പാടങ്ങളിലൂടെ നടന്നപ്പോള്‍ ഒരു ചൈനാക്കാരനായി എനിക്ക് സ്വയം തോന്നി. ചൈനാക്കാരന്‍ എന്ന കവിതയില്‍ ഉണ്ടത്. ഓരോ ആളിനും ഓരോ നിറമാണ്. ആ നിറത്തില്‍ത്തന്നെ ശരീരത്തിന്റെ ഓരോ ഭാഗത്തും ഓരോ നിറമാണ്. ടോണല്‍ വേരിയേഷന്‍സ് എന്ന് പറയാം. കോണ്‍ട്രാസ്റ്റിംഗ് കളറായി കറുത്ത മുടിയും വെളുത്ത പല്ലും. ഒരു ആളിനു തന്നെ പല സമയങ്ങളില്‍ പല നിറമാണ്. നാം ഏത് വ്യൂ പോയന്റില്‍ നിന്ന് നോക്കുന്നു എന്നത് പ്രധാനമാണ്. ഓടുന്ന ആള്‍, നടക്കുന്ന ആള്‍, ഇരിക്കുന്ന ആള്‍, ഉറങ്ങുന്ന ആള്‍ ഒക്കെ എത്ര സുന്ദരമാണ് ! തന്റെ അമ്മ പാടത്തെ പണി കഴിഞ്ഞു വന്ന് വീട്ടിലെ പച്ചക്കറിത്തോട്ടത്തെ പരിപാലിക്കുമ്പോള്‍ ഇലകള്‍ക്കിടയില്‍ നില്ക്കുന്ന അമ്മയെ മുഴുവനായും കാണാന്‍ പറ്റില്ല എന്ന് ആലീസ് വാക്കര്‍ എഴുതുന്നുണ്ട്. അല്ലെങ്കിലും നമുക്ക് ഒരു മനുഷ്യനെയും പൂര്‍ണമായി കാണാനാവില്ല. തൊഴിലിടങ്ങളുടെ, നഗരത്തിന്റെ, ഗ്രാമത്തിന്റെ, വീടിന്റെ ഒക്കെ ഭാഗമായി നാം മനുഷ്യരെ കാണുന്നു. അവയോട് ചേര്‍ത്ത് നാം അവരെ വ്യാഖ്യാനിക്കുന്നു. ആളുകളുടെ സൗന്ദര്യത്തെയും അങ്ങനെയേ കാണാന്‍ പറ്റൂ. മരുഭൂമിയിലെ ഒട്ടകം എത്ര മനോഹരമാണ്. എന്നാല്‍ അതിനെ നമ്മുടെ നാട്ടില്‍ കൊണ്ടുകെട്ടിയാലോ, വാര്‍ധക്യം വന്നപോലെ തോന്നും. ശരിയായ സ്ഥാനത്ത് നിങ്ങള്‍ ഏറ്റവും ശക്തിയുള്ള, സൗന്ദര്യമുള്ള ആളാകുന്നു. എല്ലാ കലകളുടേയും തത്വമതാണ്. ഒരു കവിക്ക് എല്ലാ വാക്കും ആവശ്യമാണ്. കൃത്യമായ സ്ഥാനത്തിരുന്ന വാക്കിനെ ഇളക്കിമാറ്റാന്‍ ആര്‍ക്കുമാവില്ല. അങ്ങനെ എല്ലാ മനുഷ്യരും ഭൂമിയുടെ മക്കള്‍ ആകുന്നു. സൗന്ദര്യവും സത്യവുമാകുന്നു. അവര്‍ പാപികളോ, കൊലപാതകികളോ, ഏകാധിപതികളോ, അടിമകളോ എന്നത് നിര്‍ഭാഗ്യവശാല്‍ ഭൂമിയെ ബാധിക്കുന്ന കാര്യമല്ല.