TMJ
searchnav-menu
post-thumbnail

Outlook

ദൈവം മാര്‍ക്സിസം മനഃശാസ്ത്രം

01 Aug 2023   |   7 min Read
എസ് ജോസഫ്

ഭാഗം ഒന്ന്

മാ
ര്‍ക്‌സിസത്തെപ്പറ്റി ചെലതെല്ലാം വായിച്ചിട്ടുണ്ട് എന്നല്ലാതെ ആഴത്തിലും പരപ്പിലും പഠിച്ചിട്ടില്ല. കവിതയെഴുതണതാവട്ടെ സൊന്തം ഫിലോസഫി ഓഫ് ആര്‍ട്ടില്‍ ആണ്. ഗാന്ധിസം, അംബേദ്കറിസം, ബുദ്ധിസം, ജൈനിസം, ക്രിസ്തുമതം, ഹിന്ദു മതം, സിക്കു മതം, ഇസ്ലാം മതം, ഫിലോസഫി, ലോകായതികം ഒക്കെ ഇഷ്ടമാണ്. എന്നാല്‍ ഒന്നിനോടും വിധേയത്വം ഇല്ലതാനും. അന്ധവിശ്വാസങ്ങളും കാലികമായ മാറ്റമില്ലായ്മയും ഒന്നിനും ഭൂഷണമല്ല. മതങ്ങളെ ഒന്ന് അലക്കി വെളുപ്പിക്കേണ്ടതുണ്ട്. മനുഷ്യവിരുദ്ധമായ താലിബാനിസം, സംഘപരിവാര്‍ ഫാഷിസം, ഇന്ത്യന്‍ ജാതിവ്യവസ്ഥ എന്നിവയെ ഞാന്‍ വെറുക്കുന്നു. ഇറാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ മത ഭരണകൂടം, ഉത്തരകൊറിയ, ചൈന എന്നിവിടങ്ങളിലെ ഏകാധിപത്യം, അമേരിക്കയുടെ സര്‍വാധിപത്യം എന്നിവയൊക്കെ വിമര്‍ശിക്കപ്പെടണം. ഇതാണ് പശ്ചാത്തലം. ഇവിടെ നിന്ന് മാര്‍ക്‌സിസത്തെപ്പറ്റി ചെല ചിന്തകള്‍ അവതരിപ്പിക്കുകയാണ്.

ഒന്ന്,

ലോകത്തിലെ എല്ലാ സമരരൂപങ്ങളും ഏതാണ്ട് ഒരേ ഘടനയില്‍ ഉള്ളതല്ലേ ? അതില്‍ എപ്പോഴും ഒരു വൈരുദ്ധ്യം ആണുള്ളത്. അയ്യങ്കാളിയുടെ കര്‍ഷകസമരത്തിലും ളാഹ ഗോപാലന്റെയോ ജാനുവിന്റെയോ മയിലമ്മയുടേയോ സമരത്തിലും കമ്യൂണിസ്റ്റ് സമരങ്ങളിലും. കോണ്‍ഗ്രസ്, ബി ജെ.പി തുടങ്ങിയ രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെ സമരങ്ങളിലും കാണുന്നത് ഒരു വൈരുദ്ധ്യമല്ലേ ? ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും വ്യാവസായികളും തൊഴിലാളികളും അധികാരികളും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സമരം. ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ സമരങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളത് കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ്, നക്‌സലൈറ്റുകളാണ്. ഹെഗല്‍ പറഞ്ഞ വൈരുദ്ധ്യാധിഷ്ഠിതമായ ആശയവാദത്തെ മാര്‍ക്‌സ് ലോകത്തിലെ സംഘര്‍ഷങ്ങളെ ചാനലൈസ് ചെയ്യാന്‍ മാറ്റിപ്പറഞ്ഞു. അപ്പോള്‍ ഹെഗലും മാര്‍ക്‌സും തുടരുമെന്നല്ലേ?

രണ്ട്,

വര്‍ഗപരമായ നിലപാടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേത്. Between haves and have nots അഥവാ മുതലാളിവര്‍ഗം തൊഴിലാളിവര്‍ഗം. ഗ്യാസിന്റെ വില കൂടുമ്പോള്‍ ഹോട്ടല്‍ മുതലാളിയും തൊഴിലാളികളും ഒത്തു നില്ക്കും. അതിലെ കരുക്കള്‍ മാറുമെന്നേയുള്ളു. ചിലപ്പോള്‍ തീയേറ്റര്‍ മുതലാളിമാരുടെ, ബസ് മുതലാളിമാരുടെ ഗവണ്‍മെന്റിനെതിരേയുള്ള സമരമാകും. മുമ്പുപറഞ്ഞ പോലെ തന്നെ പക്ഷേ വൈരുദ്ധ്യം എന്നത് നിലനില്ക്കും. ദളിത് സമരങ്ങളും ആദിവാസി സമരങ്ങളും ഒക്കെ ഒരു വൈരുദ്ധ്യത്തില്‍ ദുര്‍ബലരുടെ ഭാഗത്തു നിന്നുള്ള സമരങ്ങളാണ്. വര്‍ഗം എന്നാല്‍ Class എന്നാണ് ഇംഗ്ലീഷ്. വല്ലാതെ കൊഴപ്പിക്കുന്ന ഒരു നാരദ സൊഭാവമുള്ള വാക്കാണ്. പട്ടികവര്‍ഗം എന്നിടത്തത് tribe എന്ന അര്‍ത്ഥത്തില്‍ നിക്കും. വര്‍ഗീയം എന്നുവച്ചാല്‍ പ്രശ്‌നം ആകും. ഗോത്രം എന്നത് മാറി കേരളത്തില്‍ ജാതിയായി പരിഷ്‌കരിക്കപ്പെടുന്നുണ്ട് എന്ന് വി.വി സാമി പറഞ്ഞിരുന്നു. എങ്കില്‍ വര്‍ഗം, ഗോത്രം, ജാതി എന്നീ വാക്കുകള്‍ക്ക് പൊതുവായ ഒരു സ്വഭാവം ഉണ്ടെന്ന് കാണാം. ദളിത് എന്ന വിഭാവന കീഴാള ജാതിക്കാരുടെ കൂട്ടായ്മയാണ്. അതിന് തൊളിലാളി വര്‍ഗവുമായി ബന്ധം തോന്നുന്നു. കീഴാള വരേണ്യ അഥവാ അവര്‍ണ സവര്‍ണ അഥവാ ദളിത് അധികാരി സംഘര്‍ഷമാണല്ലോ ദളിത് ചിന്തയിലൊള്ള, സമരങ്ങളിലൊള്ള വൈരുദ്ധ്യം. അപ്പോള്‍ മാര്‍ക്‌സിസവുമായി ബന്ധമുണ്ട് എന്നു പറയാം.

REPRESENTATIONAL IMAGE: WIKI COMMONS
മൂന്ന്

തൊഴിലാളിവര്‍ഗം എന്നത് ' പൊതുവില്‍ പഴം ' എന്നു പറയുമ്പോലെ ഒരു വ്യക്തതയില്ലാത്ത പ്രയോഗം ആണ്. ദളിത് എന്ന പ്രയോഗത്തിനും കൃത്യതയില്ല, വ്യക്തതയില്ല. സത്യത്തില്‍ എല്ലാ ബഹുവചനാത്മക സംജ്ഞയും ഇതുപോലെ അവ്യക്തമാണ്. പുലയര്‍, ഈഴവര്‍, നായര്‍, ബ്രാഹ്‌മണര്‍ എന്നതിനും വ്യക്തതയില്ല. സമുദായം, സമൂഹം എന്നതിനും വ്യക്തതയില്ല. പൊതുവായ ഒരു പേരുമാത്രമാണവ. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, ബൗദ്ധന്‍ എന്നതിനും വ്യക്തതയില്ല. മേല്‍പ്പറഞ്ഞ പ്രയോഗങ്ങള്‍ എല്ലാം തന്നെ ഒരു വലിയ ജനവിഭാഗത്തെ ഉള്‍ക്കൊള്ളുന്നു. അവര്‍ ആരൊക്കെയാണെന്ന് കൃത്യമായി അറിയാന്‍ കഴിയുകയില്ല. എല്ലാറ്റിനും ഉള്ളില്‍ വൈവിധ്യങ്ങള്‍, വൈരുദ്ധ്യങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ് അവ്യക്തത വരുന്നത്. ശരിക്കും വ്യക്തി എന്നതില്‍ ഊന്നിയാല്‍ മാത്രമേ വ്യക്തത ഉണ്ടാകൂ. ഏതു രാഷ്ട്രീയവും വ്യക്തിയെ കേന്ദ്രീകരിച്ചാലേ ഈ അവ്യക്തത മായൂ. അതായത് കുടുംബം, സമൂഹം ഇത്യാദി യൂണിറ്റുകള്‍ ഏറെക്കുറേ അപ്രധാനമായി വ്യക്തി കുറച്ചു കൂടി ഭേദപ്പെട്ട രീതിയില്‍ രൂപപ്പെട്ടാലേ ഈ അവ്യക്തത മാറുകയുള്ളു. അതായത് മാസ് എന്ന പിണ്ഡത്തെ അഭിമുഖീകരിക്കുന്ന ബൃഹദാഖ്യാന രാഷ്ട്രീയം അപ്രസക്തമായി എന്നര്‍ത്ഥം. വ്യക്തി തെരഞ്ഞെടുക്കുന്ന രാഷ്ടീയം വരണമെന്നാണ് പറയുന്നത്. ഇപ്പോഴും അങ്ങനെയാണ് ഉദ്ദേശിക്കുന്നത്. പക്ഷേ അങ്ങനെയല്ല സംഭവിക്കുന്നത്. വോട്ടുബാങ്ക് എന്നത് ശരിക്കും ജനാധിപത്യ വിരുദ്ധമാകുന്നു. അപ്പോള്‍ റോഡ് ഷോ വേണ്ട. നുണകള്‍ ഇത്രയും വേണ്ടി വരില്ല. മാസിനെ ഭയന്ന് വ്യക്തി ജീവിക്കേണ്ടി വരില്ല.
ആയതിനാല്‍ സന്ദിഗ്ധ സൂചകങ്ങള്‍ എന്ന നിലയില്‍ ബഹുവചനരൂപങ്ങള്‍ നിലകൊളളുന്നു എന്നേയുള്ളു. മുതലാളി വര്‍ഗം എന്ന പ്രയോഗവും വ്യക്തത ഇല്ലാത്തതാണ്. ആപേക്ഷികമാണ്. യന്ത്രങ്ങള്‍, വാണിജ്യ ഘടന, ബാങ്കിംഗ്, ആയുധക്കച്ചവടം എന്നിവയിലൂടെ രൂപപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യമാണ് അത്. അവിടെ മനുഷ്യര്‍ ഇല്ല യന്ത്രങ്ങളേ ഉള്ളു. ദളിത് എന്ന പ്രയോഗം ഇന്ത്യയിലെ ഏറ്റവും അടിത്തട്ടിലുള്ള ജനതയെ സൂചിപ്പിക്കാം എന്നേയുള്ളു. വ്യക്തത വരുത്താന്‍ പറ്റണമെന്നില്ല. അവരില്‍ മുതലാളിമാരും ഉണ്ടാകാം. ആദിവാസികള്‍ എന്ന പൊതുവായ പേരിലും ഈ അവ്യക്തതയുണ്ട്. അവ ശിഥിലവുമാണ്. ആ പേര് ഉപേക്ഷിച്ചാലേ അവര്‍ രക്ഷപെടുകയുള്ളു. മനുഷ്യര്‍ എന്ന വാക്കാണ് അവര്‍ സ്വീകരിക്കേണ്ടത്. സര്‍വ്വവും ശിഥിലമാകുന്നു എന്ന അവസ്ഥയാണ് ഈ വിഭാഗങ്ങള്‍ക്കുള്ളത്.

അതുകൊണ്ടാണ് ദളിത് / ആദിവാസി മേഖലകളിലേക്ക് ബൂര്‍ഷ്വ പാര്‍ട്ടികളായ കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കും ബി.ജെ.പിക്കും ഒരേ സമയം പ്രവേശനം ഉളളത്. ആക്രമണം ആണത്. അധിനിവേശം പോലുമല്ല. അവര്‍ ഒരാത്മാര്‍ത്ഥതയും ഇല്ലാതെ ഈ വിഭാഗങ്ങളെ ചൂഷണം ചെയ്യുന്നു. എന്നാല്‍ സമൂഹം പോലെ തന്നെ, ആദിവാസി, ദളിത് സമൂഹം പോലെ തന്നെ ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഏകീകൃതമല്ല. എല്ലാം എല്ലാം ശിഥിലമാണ്. പക്ഷേ ശൈഥില്യത്തെ മറയ്ക്കാന്‍ കഴിയുന്നു.  ഈ ശൈഥില്യം നല്ലതാണ്. ഒരു രാജ്യം മുഴുവനും വ്യാപിച്ചു നില്ക്കുന്ന ഏകീകൃതമായ ഒരു രാഷ്ട്രീയ ബൃഹദാഖ്യാനം ഫാഷിസമാകുന്നു. ചൈനയിലും റഷ്യയിലും ഇറാനിലും അഫ് ഗാനിസ്ഥാനിലും ക്യൂബയിലും ഇന്ത്യയിലും അതാണ്. ഇത് കമ്മ്യൂണിസത്തിന്റെ പ്രശ്‌നമല്ല. വ്യക്തികള്‍ കൂടുന്ന ചെറുചെറു പാര്‍ട്ടികളുടെ ആകെത്തുകയാണ് ബഹുസ്വരമായ ജനാധിപത്യം ( ജനം എന്നത് ഒരേസമയം ഏകവചനവും ബഹുവചനവും ആകുന്നു)

അട്ടപാടി ആദിവാസി യുവതികളുടെ പ്രതിഷേധം | PHOTO: WIKI COMMONS
നാല്

സ്ഥൂലരാഷ്ട്രിയമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടേത് എന്ന് തീര്‍ത്തു പറയാന്‍ പറ്റുകില്ല. Gypsies Are Found Near Heaven എന്ന Emil Loteanu യുടെ സിനിമ മാക്‌സിം ഗോര്‍ക്കിയുടെ Makar Chudra, Old Izergil എന്നീ കഥകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജിപ്‌സി ജീവിതം അവതരിപ്പിക്കുന്നു. പാര്‍ട്ടിസാഹിത്യമാണ് നെരുദ എഴുതിയതെന്ന് പറയാന്‍ പറ്റുകയില്ല. വന്യമായ പ്രണയത്തിന്റേയും പ്രകൃതിയുടേയും ആവിഷ്‌കാരങ്ങളാണ് ആ കവിതകള്‍. ലാറ്റിനമേരിക്കയുടെ തദ്ദേശീയ സംസ്‌കാരങ്ങളുടെ പ്രകീര്‍ത്തനങ്ങള്‍ കൂടി അദ്ദേഹം എഴുതിയിട്ടുണ്ട്. മാച്ചു പീച്ചുവിനെക്കുറിച്ചുള്ള കവിത അതാണ്. അദ്ദേഹം ജീവിതത്തില്‍ ജൈവ ചോദനകളെ ഒളിച്ചു വച്ചുമില്ല. ബ്രെഹ്റ്റിന്റെ കൊക്കോഷ്യന്‍ ചോക്ക് സര്‍ക്കിളിലോ സ്വെറ്റ്‌സാനിലെ നല്ല സ്ത്രീയിലോ നമ്മള്‍ കാണുന്നത് മദര്‍ നാടകത്തില്‍ നിന്ന് വ്യത്യസ്തമായ പ്രതിപാദ്യങ്ങളാണ്. മൂന്നുകൃതികളും സ്ത്രീ കേന്ദ്രിതമാണ്. ഇതൊക്കെ പാശ്ചാത്യ ലോകത്ത് , ലാറ്റിനമേരിക്കന്‍ ലോകത്ത് സ്വാഭാവികമായി സംഭവിച്ചതാണ്. സംക്രാന്തി എന്ന കൃതിയില്‍ എ.പി കളയ്ക്കാട് പുലയരുടെ ജീവിതമാണ് എഴുതിയത്. ഇ. എം എസ് അയ്യങ്കാളിയെ കണ്ടില്ല എങ്കിലും ഇ.കെ.നായനാര്‍ അയ്യങ്കാളി നടത്തിയ ആദ്യത്തെ കര്‍ഷക സമരത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. സൂക്ഷ്മ രാഷ്ട്രീയത്തിന് എതിരായിരുന്നു അടുത്ത കാലം വരെ സ്ഥൂല രാഷ്ട്രീയ പാര്‍ട്ടികള്‍. മുത്തങ്ങാ സമരവും ചങ്ങറ സമരവും നാം കണ്ടതാണ്. എന്നാല്‍ അടുത്ത കാലത്ത് നിലപാട് മാറുന്നതായി തോന്നാം. അതായത് എല്ലാ ബൃഹദാഖ്യാന സ്ഥൂല രാഷ്ട്രീയവും തന്ത്രപരമായി ഇന്ന് സൂക്ഷ്മ രാഷ്ട്രിയങ്ങളെ ഉപയോഗിക്കുന്നു.

ഓരോ സ്ഥലത്തിന്റെയും ജനവിഭാഗങ്ങളുടേയും പ്രത്യേകത അനുസരിച്ച് സ്ഥൂല രാഷ്ട്രീയം തന്ത്രപരമായി, വര്‍ണം, ജാതി, ഗോത്രം എന്നീ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി തുനിഞ്ഞിറങ്ങുന്നു. അത് അതാത് സ്ഥലങ്ങളില്‍ ആ രീതിയില്‍ തല പൊക്കുന്നു. എന്നു വച്ചാല്‍ ജാതിയും മതവും നോക്കിക്കളിക്കുന്നു. അതാണ് വൃത്തികെട്ട പ്രായോഗികത. (ഡോസ്റ്റോഫ്‌സ്‌കി പ്രായോഗികതയെ വെറുത്തു.) ഇത് ഇന്ത്യയിലെ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ബാധകമാണ്. ( ഭൂരിപക്ഷം മനുഷ്യരും പ്രായോഗികവാദികളാണ്.) എന്നാല്‍ SC , ST വനിത എന്നീ മണ്ഡലങ്ങളിലുപരി പൊതുമണ്ഡലത്തില്‍ ഇവരെ നിര്‍ത്തുകയില്ല. അവര്‍ക്ക് ജീവിതമില്ല. പണമില്ല. പാര്‍ട്ടികള്‍ക്ക് സംവരണം അനുസരിച്ചുള്ള ബന്ധമേ ഇവരുമായിട്ടുള്ളു. പാര്‍ട്ടി നേതൃത്വസ്ഥാനങ്ങളിലും സാംസ്‌കാരികമോ ഇതരമോ ആയ ഉത്തരവാദിത്വസ്ഥാനങ്ങളിലുമൊന്നും ഇവരെ നിര്‍ത്തുകയില്ല. ഇതുകൊണ്ട് മാര്‍ക്‌സ് പറഞ്ഞതുപോലെ വ്യാഖ്യാനിച്ചു കൊണ്ടിരിക്കാനല്ലാതെ ഒരു ഇലയെടുത്ത് മറിച്ചു വയ്ക്കാനുള്ള ശേഷി ഇന്ത്യന്‍ ഇടതുപക്ഷപാര്‍ട്ടികള്‍ക്കില്ല. ഇങ്ങനെയാണ് ഇടതുപക്ഷത്തിന് ബ്രാഹ്‌മണിക് സ്വഭാവം വരുന്നത്. അത് കോണ്‍ഗ്രസിനും ഉണ്ട്. ബി.ജെ.പി ബ്രാഹ്‌മണിക് തന്ത്രങ്ങളുടെ ആധുനികോത്തര പ്രാചീനത ആണല്ലോ. താലിബാന്‍ ഒരു ആധുനികോത്തര പ്രതിഭാസമാണെന്ന് എം.ടി അന്‍സാരി പറഞ്ഞതു പോലെ

2003 ഫെബ്രുവരി 19ന് മുത്തങ്ങ സമരം | PHOTO: WIKI COMMONS
അഞ്ച്

ഇരുപതാം നൂറ്റാണ്ടിനെ നിര്‍മ്മിച്ചത് മാര്‍ക്‌സിനെ കൂടാതെ നീച്ചേ, ഫ്രോയ്ഡ് എന്നിവരാണ് എന്നൊരു പുസ്തകത്തില്‍ പറയുന്നുണ്ട്. നീച്ചേയില്‍ നിന്നാണ് ഉത്തരാധുനികത പിറന്നത് എന്നും പറയാം. നീച്ചേ ദൈവം മരിച്ചു എന്നു പറഞ്ഞതാണ് പലതരത്തിലുള്ള വായനകളും അപനിര്‍മ്മാണവും ഒക്കെ സാധ്യമാക്കിയത് എന്ന് തോന്നുന്നു. വാക്കിന്റെ അര്‍ത്ഥ കേന്ദ്രം തകര്‍ന്നാല്‍ ലോകം അരാജകമായി. ആ സാധ്യതയാണ് ആദിവാസി, ട്രാന്‍സ് ജെന്റര്‍, ദളിത്, പെണ്‍കവിതകള്‍ക്കെല്ലാം തുറസുകള്‍ ഉണ്ടാകാന്‍ വരെ കാരണമായത്. (എന്നാല്‍ പിന്നീട് പുതിയ ദൈവങ്ങളും ബൃഹദാഖ്യാന വ്യാപാര സംഭരങ്ങളുമായി ഉത്തരാധുനികത തിരിച്ചടിച്ചു. അദാനി, റിലയന്‍സ് എന്നിവര്‍ അങ്ങനെയുണ്ടായതാണ്. ചായക്കടകള്‍ ഇല്ലാതായി, വന്‍ ഹോട്ടലുകള്‍, അന്തര്‍ദേശീയ ഭക്ഷണം എന്നിവ ഉണ്ടായി വന്നു. ചെറുകിടക്കാര്‍ തകര്‍ന്നു.). ഫ്രോയ്ഡിന്റെ പുനര്‍വായനയാണ് ലകാന്‍ നടത്തിയത്. മാര്‍ക്‌സിനെ ഗ്രാംചിയും അള്‍ത്തൂസറും വായിക്കുന്നു. സാംസ്‌കാരിക ഹെജിമണിയും കൗണ്ടര്‍ ഹെജിമണിയും ഐഡിയോളജിക്കല്‍ സ്റ്റേറ്റ് അപ്പാരറ്റസും അവതരിപ്പിക്കപ്പെട്ടു. സാംസ്‌കാരികാധീശത്വത്തിനെതിരേ കൗണ്ടര്‍ ഹെജിമണി ആധുനികത സൃഷ്ടിച്ചിട്ടുണ്ട്. പിന്നീട് ദളിത് ചിന്തയുമുണ്ടാക്കിയിട്ടുണ്ട്. പുതുപ്പള്ളിയിലെ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നത് ഒരു തരത്തില്‍ ISA യ്ക്ക് എതിരേയുള്ള പാതി വിജയിച്ച സമരമാണ്. അപരം എന്ന ലകാന്റെ ആശയം വച്ച് നമ്മള്‍ ഇന്ത്യന്‍ ഹിന്ദു അപരമായി മുസ്ലീമിനെ വ്യാഖ്യാനിച്ചു. യൂറോപ്പില്‍ ജിപ്‌സികള്‍, യഹൂദര്‍, സഞ്ചാരികള്‍ എന്നിവര്‍ അപരങ്ങളായിരുന്നു നേരത്തേ, ഇപ്പോഴും അങ്ങനെതന്നെ. ഇന്ത്യയില്‍ ദളിതരും ആദിവാസികളും അപരങ്ങള്‍ ആണെന്നത് മുസ്ലീം അപരത്തില്‍ മുങ്ങിപ്പോയി. ആര്‍.എസ്.എസും ബി.ജെ.പി യും ഒക്കെ ഭരിക്കുന്ന ഇന്ത്യയില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും അപരങ്ങളാകുക സ്വാഭാവികമാണ്. പക്ഷേ അതിന്റെ പിന്നില്‍ ഹിന്ദുത്വയുടെ ഭയവുമുണ്ട്. Really they are afraid of Muslim and Christian. ഭയന്നിട്ടാണ് അവര്‍ അക്രമം കാണിക്കുന്നത്. എന്തുകൊണ്ടാണ് ഹിന്ദു അല്ലാത്ത മതസ്ഥരെ ഭയക്കുന്നത് ? ഇന്ത്യയില്‍ എല്ലാവരും ഹിന്ദുക്കളാണെന്ന് പറയുന്നത് ? (അത് പറയേണ്ട കാര്യമില്ലല്ലോ ? ഇന്ത്യയില്‍ എല്ലാവരും ഹിന്ദുക്കളായിരിക്കണമെന്ന് എന്താണ് നിര്‍ബന്ധം ?) അതിന്റെ കാരണം ലോകവ്യാപകമായി നിലനില്ക്കുന്ന മതങ്ങളാണ് ക്രിസ്തുമതവും ഇസ്ലാം മതവും എന്നതാണ്. ബൃഹദാഖ്യാനങ്ങളാണ് അവ. ലോകത്തിലെ മൂന്നാമത്തെ മതമാണ് ഹിന്ദു മതം. (അതൊരു മതം അല്ല. പരസ്പരം അകറ്റി നിര്‍ത്തുന്ന പല ജാതികളുടെ കൂട്ടമാണ്. കൂട്ടായ്മയാണ്. ഏക ദൈവവുമില്ല. ഒന്നിച്ചു നില്ക്കാന്‍, ഒരു മതമായി നില്ക്കാന്‍ അതിന് ഒരിക്കലും ആവുകയില്ല. അതൊരു Way of life ആകുന്നു.) നാലാമത്തെ മതം ബുദ്ധമതമാണ്. പക്ഷേ ഇന്ത്യയില്‍ മാത്രമാണ് ഹിന്ദുമതം പ്രധാനമായും ഉള്ളത്. ബുദ്ധമതം ഏഷ്യയില്‍ വ്യാപകവുമാണ്. അങ്ങനെ നോക്കുമ്പോള്‍ നാലാമത്തെ മതമെന്ന് ഹിന്ദുമതത്തെ പറയേണ്ടിവരും. ഹിന്ദു മതം ഇന്ത്യയില്‍ ഭൂരിപക്ഷം എന്ന് തത്വത്തില്‍ പറയാമെങ്കിലും മറ്റു മതങ്ങളോടുള്ള അതിന്റെ ഭയം അഥവാ അസഹിഷ്ണുത അധികം വര്‍ധിച്ചാല്‍ അത് ലോകത്തില്‍ ഇന്ത്യയുടെ പേര് ചീത്തയാക്കും. ലോകം അത് ചര്‍ച്ചചെയ്യും. നിരോധനങ്ങള്‍ ഉണ്ടാകും. അതുകൊണ്ടാണ് ക്രിസ്തുമതത്തേയും ഇസ്ലാം മതത്തേയും കൂടെ നിര്‍ത്താന്‍ പുതിയ ചര്‍ച്ചകളും പദ്ധതികളും ഹിന്ദുത്വ ആവിഷ്‌കരിക്കുന്നത്. അപ്പോള്‍ പോസ്റ്റ് മാര്‍ക്‌സിസ്റ്റുകളുടെ ചിന്തകളും ഉത്തരാധുനികരുടെ ചിന്തകളും (ദെരിദ, ഫൂക്കോ etc ) ലകാന്റെ ആശയങ്ങളും ഒക്കെക്കൊണ്ടേ നമുക്ക് പുതിയ കാലത്തെ അപഗ്രഥിക്കാന്‍ പറ്റുകയുള്ളു എന്നുവരുന്നു.



ആറ്

പാര്‍ട്ടിയുടെ പ്രശ്‌നമല്ല, മാര്‍ക്‌സിസത്തിന്റെ പ്രശ്‌നമാണ് അതിന്റെ അപചയത്തിന് കാരണമെന്ന് പറയുന്നവരുണ്ട്. കാലഹരണപ്പെട്ട ആശയങ്ങള്‍ ആണ് മാര്‍ക്‌സിസത്തിന്റേത് എന്നവര്‍ കരുതുന്നു. അപ്പറയുന്നതില്‍ എന്തര്‍ത്ഥമെന്ന് എനിക്ക് മനസിലാകുന്നില്ല. കാരണം കാലഹരണപ്പെട്ട എത്രയോ ആശയങ്ങളുള്ള ഭരണകൂടങ്ങളാണ് ഇന്ന് ലോകത്ത് ഉള്ളത്. സ്ത്രീവിരുദ്ധമായ, മത ഫാഷിസത്തിന്റേതായ , കറുത്ത മനുഷ്യരെ അധിക്ഷേപിക്കുന്ന, ആശയപരമായി ശത്രുതയുള്ളവരെ ഒക്കെ ഉന്‍മൂലനം ചെയ്യുന്ന എത്രയെത്ര ഭരണകൂടങ്ങള്‍. നല്ലതുമാത്രമാണ് അതിജീവിക്കുന്നതെന്നോ കാലികമായി അപ്രസക്തമായത് നിലനില്‍ക്കില്ല എന്നോ പറയാന്‍ പറ്റുമോ? അര്‍ഹമായത് അതിജീവിക്കും എന്ന് ഡാര്‍വിന്‍. അര്‍ഹതയ്ക്കാകട്ടെ യുക്തിയോ ശാസ്ത്രീയതയോ നന്മയോ സൗന്ദര്യമോ ഒന്നും വേണമെന്നുമില്ല. മാര്‍ക്‌സിസത്തിന്റെ പ്രധാനപ്പെട്ട ഒരു ആശയം വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ആണല്ലോ. ഹെഗലിന്റെ കേവലമായ ആശയത്തെ മാര്‍ക്‌സ് അംഗീകരിക്കുന്നില്ല. കേവല ഭൗതികവാദത്തേയും അംഗീകരിക്കുന്നില്ല. നിലവിലുള്ള ആശയങ്ങളും പുതുതായി തലമുറ കണ്ടെത്തുന്ന ആശയങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ടും ചേര്‍ന്ന് പുതിയ ഒന്നുണ്ടായി അങ്ങനെ ലോകം മുന്നോട്ടു പോകുന്നു എന്ന് ഹെഗലും മാര്‍ക്‌സും പറയുന്നു. ഇതില്‍ എന്ത് തെറ്റാണ് ഉള്ളത്?

മാര്‍ക്‌സിസത്തിന്റെ അടുത്ത ആശയം സാമ്പത്തിക അടിത്തറയാണ് അടിസ്ഥാനം എന്നാണ്. അതില്‍ നിന്ന് ഉപരിഘടന ഉണ്ടാകുന്നു. ജാതി എന്ന പ്രത്യയ ശാസ്ത്രം ഉണ്ടാകുന്നു. ജാതി എന്ന പ്രത്യയശാസ്ത്രം അടിസ്ഥാന ഘടനയെ തിരിച്ചും സ്വാധീനിക്കുന്നു. അങ്ങനെ ജാതിയില്‍ താണവര്‍ ദരിദ്രരായി തുടരുന്നു. അങ്ങനെ താണജാതി = ദാരിദ്ര്യം എന്ന സമവാക്യം ഉണ്ടാകുന്നു. ജാതിവ്യവസ്ഥയെ അഡ്രസ് ചെയ്യാത്തതു കൊണ്ടാണ് ഇന്ത്യയില്‍ മാര്‍ക്‌സിസം വിജയിക്കാത്തത് എന്ന് ഒരു അഭിപ്രായമുണ്ട്. ഈ വാദം ശരിയാണോ എന്ന് പറയാന്‍ പറ്റുകയില്ല. ഒരു ആശയം സമൂഹത്തില്‍ പ്രചരിക്കുന്നതിന് പ്രത്യേകിച്ച് യുക്തി ഒന്നും ഇല്ല. ഗാന്ധിയും അംബേഡ്കറും നെഹ്രുവും ഒക്കെ സോഷ്യലിസത്തിന്റെ ചില ആശയങ്ങള്‍ എടുത്തെങ്കിലും കമ്യൂണിസത്തെ ഒഴിവാക്കുകയാണുണ്ടായത്. ഈ പ്രബലരെ മറികടക്കുവാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാകുമായിരുന്നില്ല. എന്തിനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജാതിയെ അഡ്രസുചെയ്യുന്നത്? ജാതിവ്യവസ്ഥയെ പഠിക്കണമായിരുന്നു എന്നത് ശരിയാണ്. അംബേദ്കറിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളണമായിരുന്നു. മൊത്തത്തില്‍ ഒരു ബ്രാഹ്‌മണിക് പ്രത്യയശാസ്ത്ര ബോധം ആണ് അവരെ അതില്‍നിന്ന് തടഞ്ഞത്. വിദ്യാസമ്പന്നരും ബുദ്ധിജീവികളും ഉല്പതിഷ്ണുക്കളുമായ മേല്‍ജാതിക്കാരുടെ ഒരു കൂട്ടമായിരുന്നല്ലോ കമ്യൂണിസ്റ്റുകള്‍. കേരള പശ്ചാത്തലത്തില്‍ ഇനി ജാതിയെ പഠിക്കാനൊന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സമയമുണ്ടാവണമെന്നില്ല; ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും. അത് വേണ്ടെന്ന് പറയുന്നില്ല. പിന്നെയോ എ.സി,എസ്.ടി, ഒ.ഇ.സി, OX വിഭാഗങ്ങളുടെ സാമ്പത്തിക സാമൂഹികോന്നമനത്തിനായി പ്രവര്‍ത്തിച്ചാല്‍ മതി. അവരെ കോളനികളുടെ സ്ഥാനത്ത് ഫ്‌ലാറ്റു പണിതു കൊടുത്ത് വിമോചിപ്പിച്ചാല്‍ മതി. എയിഡഡ് സ്ഥാപനങ്ങളില്‍ പി.എസ്.സി നിയമനം ബാധകമാക്കിയാല്‍ മതി. എല്ലാ സ്വകാര്യസ്ഥാപനങ്ങളിലും നിശ്ചിത സംവരണം നല്കിയില്‍ മതി. പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും മറ്റും സ്ഥാനങ്ങള്‍ കൊടുത്താല്‍ മതി. (ഇതെല്ലാം എല്ലാവര്‍ക്കും വേണ്ടിയാണ്. ) ജാതി മാറ്റാനോ അവരുടെ അപമാനം മാറ്റാനോ ഒരു പാര്‍ട്ടിക്കും കഴിയുകയുകയില്ല. കാരണം ജാതി രൂപീകരണത്തിന്റേയും അതിന്റെ ഫാഷിസത്തിന്റേയും പിന്നിലെ ലോകത്തിലെ ഏറ്റവും ഭീകരമായ ആര്യന്‍ കുബുദ്ധി അത്രത്തോളമുണ്ട്.


Leave a comment