TMJ
searchnav-menu
post-thumbnail

Outlook

പച്ചവെള്ളം പോലത്തെ മനുഷ്യന്‍, കടലിളകും പോലത്തെ വര

07 Jul 2023   |   3 min Read
സൈനുൽ ആബിദ്

കേരളത്തിന്റെ സാംസ്‌കാരിക ലോകത്ത്, മലയാളി മനുഷ്യരുടെ മനസ്സിനകത്തുള്ള കഥാസമ്പന്ന ലോകത്ത് ഒരു നമ്പൂതിരിവേഴ്‌സ് ഉണ്ട്. അതിനകത്ത് കയറി പുറത്തോട്ട് നോക്കുന്നവരെ സംബന്ധിച്ച് ആ യൂണിവേഴ്‌സിലെ കഥാപാത്രങ്ങളെ എഴുതിയവര്‍ എന്ന സ്ഥാനമാണ് എംടി വാസുദേവന്‍ നായര്‍ക്കും, വികെ എന്നിനും ഒക്കെയുള്ളത്. ഇത് എംടിയെയും വി കെ എന്നിനെയും കുറച്ച് കണ്ടുള്ള വരിയല്ല. എഴുത്തുകാരനെക്കാള്‍ പ്രാധാന്യം കുറഞ്ഞയാളാണ് വരക്കാരന്‍ എന്ന പതിവ് കാഴ്ചയെ തെറ്റിച്ചയാളായിരുന്നു നമ്പൂതിരി എന്ന് പറയാനുദ്ദേശിച്ചുള്ളതാണ്. നമ്പൂതിരി, കേരളത്തിന് എംടിയോളം തന്നെ പ്രാധാന്യമുള്ളയാള്‍. എഴുതുന്നയാള്‍ക്കുള്ളതാണ് സാംസ്‌കാരികനേതൃസ്ഥാനം കേരളത്തില്‍. അതിനെ സൗമ്യമായി അട്ടിമറിച്ചിട്ടയാളുമാണ് നമ്പൂതിരി എന്ന് നമുക്കിപ്പോഴറിയാം. എഴുത്തായിരുന്നില്ല അദ്ദേഹത്തിന്റെ ഏരിയ. ഒരു വാചകം പോലുമദ്ദേഹം എഴുതിയില്ല. വെള്ളക്കടലാസിലെ കറുത്ത വര കൊണ്ട് പക്ഷെ അദ്ദേഹം മഹാഭാരതം പോലെ വരച്ചു. മഹാഭാരതകഥ തന്നെ പ്രമേയമായ എംടിയുടെ രണ്ടാമൂഴത്തെ ഇന്ന് വായിക്കുന്നൊരു വായനക്കാരനും വായനക്കാരിയും പോലും നമ്പൂതിരിയുടെ വരയോടെ തന്നെയേ അത് വായിക്കുന്നുള്ളൂ, അറിയുന്നുള്ളൂ. രണ്ടായിരത്തി ഇരുപത്തി മൂന്നില്‍ രണ്ടാമൂഴം വായിക്കുന്നൊരു കുട്ടിക്കുള്ളില്‍ പോലും ഉറപ്പോടെ പതിയുന്നുണ്ട് നമ്പൂതിരിയുടെ ഭീമരൂപം. വരയുടെ ഉറപ്പാണത്. നീണ്ട വിരലുകളില്‍ നിന്നുണ്ടായ ആ മൃദുവരകള്‍ കരിങ്കല്ലിലെഴുതിയ ഉറപ്പോടെ മലയാളിക്കുള്ളില്‍ പതിഞ്ഞിട്ടുണ്ട്.

ചിത്രത്തോടും വരയോടും ഇഷ്ടം വന്ന ശേഷം, ഓര്‍മ്മയുള്ള കാലം തൊട്ട് തന്നെ നമ്പൂതിരിച്ചിത്രങ്ങളോട് താല്‍പര്യം തോന്നിയിട്ടുണ്ട്. എണ്‍പതുകളില്‍ ജനിച്ച്, തൊണ്ണൂറുകളില്‍ വളര്‍ന്ന എന്നെ പോലെയുള്ളവര്‍ക്ക് നമ്പൂതിരിയില്‍ വീഴാതിരിക്കാനും നമ്പൂതിരിയില്‍ നിന്ന് കരകയറാനും പറ്റുമായിരുന്നില്ല. നമ്പൂതിരിയുമായി ബന്ധപ്പെട്ട എന്റെ കലാ, ആന്തരികജീവിതത്തില്‍ മൂന്ന് ഘട്ടങ്ങളുണ്ട്. ആര്‍ട്ട് എന്താണ് ജീവിതം എന്താണ് എന്ന് തിരിച്ചറിയാത്ത കാലത്തെ നമ്പൂതിരി ആരാധന നിറഞ്ഞ അന്ധമായ ഒരു കൗമാര ചപല കാലമാണ് ആദ്യത്തേത്. കാണുന്നിടത്തെല്ലാം അദ്ദേഹത്തിന്റെ വര കാണും. അക്കാലത്താണ് ഗൗരവമുള്ള മാസികകള്‍ കാണുന്നത്. കലാകൗമുദിയും മലയാളം വാരികയുമൊക്കെ കണ്ട് തുടങ്ങുന്നത്. എല്ലായിടത്തും ആ വര കാണും. ഒഴുകിയുയര്‍ന്ന് താഴ്‌ന്നൊരു ചിത്രം പോലെ തന്നെയുള്ള ആ കയ്യൊപ്പ് കാണും. ഉയര്‍ന്ന മനുഷ്യരെ, ആണിനെയും പെണ്ണിനെയും വരകളിലൂടെ കാണും. എത്ര എളുപ്പം വരക്കാനാകുന്ന പോലെയാണ് അദ്ദേഹം വരക്കുന്നത് എന്ന് അപ്പോള്‍ അത്ഭുതം കൊള്ളും. ഏറ്റവും ലളിതമായി വരക്കാനാകുന്നതാണ് ഏറ്റവും കഠിനമായ വര എന്ന് പക്ഷേ അന്ന് തന്നെ തോന്നലുണ്ടായിരുന്നു, അതുകൊണ്ട് അത്യധികമായ, ചോദ്യവും വര്‍ത്തമാനവുമില്ലാത്ത ആരാധനയായിരുന്നു അന്നൊക്കെ. വര പഠിക്കാന്‍ മദ്രാസ് ഫൈന്‍ ആര്‍ട്‌സ് കോളേജ് തിരഞ്ഞെടുത്തത് തന്നെ അവിടെ നമ്പൂതിരിയും പഠിച്ചിരുന്നല്ലോ എന്ന ഒറ്റക്കാരണം കൊണ്ടാണ്. 

അതേ മദ്രാസ് ഫൈന്‍ ആര്‍ട്‌സ് കോളജിലെ പഠനകാലമാണ് രണ്ടാമത്തെ കാലഘട്ടം. നിശിതമായ രാഷ്ട്രീയവിമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ വരയെക്കുറിച്ച് ഉണ്ടായ കാലമാണത്. കൂടെയുള്ളവരോട് അത്തരം കാര്യങ്ങള്‍ പറഞ്ഞ് വിമര്‍ശിച്ചിരുന്ന സമയം. കേവല സൗകുമാര്യങ്ങള്‍ക്കപ്പുറം എന്ത് നീതിയാണ് നമ്പൂതിരി ചിത്രങ്ങള്‍ കലയോട് ചെയ്തത്? നമ്പൂതിരി ഉണ്ടാക്കിയ ഈ ലാവണ്യ അളവുകളില്‍ ഒതുങ്ങുന്നവരാണോ ഇവിടത്തെ മനുഷ്യരൂപങ്ങള്‍? എവിടെ കഥാപാത്രങ്ങളുടെ ഫീലിങ്‌സ്? ആഖ്യയും ആഖ്യാതാവും ഒഴിച്ച് മറ്റുള്ളവ തപ്പിക്കൊണ്ടിരുന്ന്, പറ്റുന്ന സമയങ്ങളിലൊക്കെ എന്തുകൊണ്ട് നമ്പൂതിരിച്ചിത്രങ്ങള്‍ ശരിയല്ല എന്ന് ചിന്തിക്കുകയും വാദിക്കുകയും ചെയ്ത കാലം. 

മൂന്നാമത്തെയും ഒടുവിലത്തെയും കാലം, വരയ്ക്കുന്ന പേന മാറ്റിവെച്ച് ഒരു മുഴുനീള ഡിസൈനര്‍ ആയി പരിവര്‍ത്തിതമായതിന് ശേഷമുള്ളതാണ്. വര കമ്പ്യൂട്ടറുകളിലേക്ക് മാറ്റിയ കാലം. വെള്ളക്കടലാസില്‍ ബ്രഷ് കൊണ്ട് വരയ്ക്കുന്ന പഴയ കാലത്തെയും, അതിലെ മാസ്റ്റര്‍മാരെയും തിരിഞ്ഞ് കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ നോക്കുന്ന സമയമാണ്. എത്ര മൗലികവും സ്വച്ഛന്ദവുമാണ് ആ വരകള്‍ എന്ന് തിരിച്ചറിയുകയായിരുന്നു. പ്രളയം പോലെ, പുഴപോലെ, മഴത്തുള്ളികള്‍ പോലെ പല ആകൃതിയിലേക്ക് രൂപംകൊള്ളുന്ന ജലം പോലെ, അലിഞ്ഞും അഴിച്ചും മുന്നോട്ട് ഒഴുകുകയായിരുന്നു ആ മഷിക്കല. ജീവിതത്തിലെ ഈ മൂന്ന് നമ്പൂതിരീഘട്ടങ്ങളും അദ്ദേഹം എത്രയ്ക്ക് അനിവാര്യകലാകാരനാണ് എന്ന് ഉറപ്പിച്ച് തന്നിട്ടേയുള്ളൂ. വരയെ വിശകലനം ചെയ്യാം, വിമര്‍ശങ്ങളുന്നയിക്കാം. പക്ഷെ, എക്കാലത്തെയും എല്ലാ വലിയ കലാകാരരെയും പോലെ അനിവാര്യരായിരിക്കുമവര്‍. കേരളത്തില്‍ ജനിച്ചത് കൊണ്ടും ഇവിടുള്ള ആനുകാലികങ്ങളില്‍ വരച്ചിരുന്നത് കൊണ്ടും മാത്രം ലോകത്തോളം വളരാതിരുന്ന, കറുപ്പിലും വെളുപ്പിലും ഒരു പാരലല്‍ വേള്‍ഡ് ഉണ്ടാക്കിയ രണ്ട് പ്രതിഭകളില്‍ ഒന്നാമത്തെയാളാണ് എനിക്ക് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. രണ്ടാമത്തെയാള്‍ കാര്‍ട്ടുണിസ്റ്റ് ടോംസ്. 

പ്രിന്റ് ചെയ്തു വെച്ച അക്ഷരക്കൂട്ടങ്ങളുടെ ഗ്രേ ഏരിയ കുറപ്പിക്കാനുള്ള ഒരു അലങ്കാര സൂത്രപ്പണി ആയിരുന്നു ആനുകാലികങ്ങള്‍ക്ക് ആദ്യകാലത്ത് കഥകളുടെ ഇടയ്ക്ക് കൊടുക്കുന്ന ഇല്ലസ്‌ട്രേഷനുകള്‍. അതില്‍ നിന്നും വളര്‍ന്ന് കഥകളെക്കാള്‍ വലുപ്പത്തില്‍ വര ഇരിക്കുന്ന പോലെയായി അവ. കേരളത്തെയും മലയാളികളെയും അദ്ദേഹം കൂടെ ചേര്‍ന്ന് നിര്‍മ്മിച്ചു. കാലത്തിന്റെ നീക്കത്തിനനുസരിച്ച് മാറിയ മനുഷ്യരുടെ മുഖങ്ങള്‍, മുടിക്കെട്ടുകള്‍, വാഹനങ്ങള്‍, ആംഗ്യവിക്ഷേപങ്ങള്‍, ഒരിടത്ത് നിന്ന് ഒരിടത്തേക്കുള്ള നീക്കങ്ങള്‍, ഉടുപ്പുകള്‍ എന്നിവയെയെല്ലാം നമുക്ക് നമ്പൂതിരിവേഴ്‌സില്‍ കണ്ടെത്താവുന്നതേയുള്ളൂ. മാറിയ മലയാളിയെ ആ ഇല്ലസ്‌ട്രേഷനുകള്‍ ചരിത്രരേഖയെന്ന പോലെ വരച്ച് നിര്‍ത്തിയിട്ടുണ്ട്. ഉത്സവം, ആള്‍ക്കൂട്ടം, തെരുവ്, ആന, വീട്, മേശ, കസേര, കൈകാലുകള്‍, വിരലുകള്‍, കഴുത്ത്, നിതംബം തുടങ്ങിയവയിലെ വരകളുടെ താളം മലയാളിയെ ചിത്രആസ്വാദനത്തിന്റെ വേറൊരു കരയിലേക്ക് കൊണ്ട് പോയിട്ടുണ്ട്. 

വരകളിലെ ചലനാത്മകതയും കൂടെ നമ്മൾ അവയില്‍ കാണും. ഒരേ സമയം വേഗതയും മന്ദതയും അതില്‍ നമുക്ക് ദൃശ്യമാവും. എല്ലാ ചിത്രകാരന്മാരും ഒരു ഘട്ടത്തില്‍ കുടുങ്ങിപ്പോകുന്ന ഒരു പ്രശ്‌നമാണ് ഇല്ലസ്‌ട്രേഷനുകളിലെ കൈ എന്ത് ചെയ്യണം, വിരലുകള്‍ എങ്ങനെ വെക്കണം എന്നത്. നോക്കിയാലറിയാം, നമ്പൂതിരി അത് അതിമനോഹരമായിട്ട് മറികടക്കാറുണ്ട്. ഓരോ നമ്പൂതിരിച്ചിത്രങ്ങളിലും വിരലുകള്‍ ചിത്രീകരിക്കുന്നത് പോലും അല്‍പം വ്യത്യസ്തമായിട്ടാണ്. കൈപ്പത്തി അല്‍പ്പം പൊക്കിപ്പിടിച്ചിട്ട് അല്ലെങ്കില്‍ രണ്ട് വിരലുകള്‍ പൊക്കിയും രണ്ട് വിരലുകള്‍ താഴ്ത്തിയും ഒക്കെ വെച്ചിട്ട്. ചിത്രകാരര്‍ അല്ലെങ്കില്‍ ശില്‍പ്പികള്‍ നേരിടുന്ന വലിയൊരു പ്രശ്‌നത്തെ ശില്‍പ്പചാരുതയോടെ നമ്പൂതിരി മറികടന്നിട്ടുണ്ട്. വ്യക്തിപരമായി രണ്ടോ മൂന്നോ തവണ മാത്രമേ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ വരകള്‍ എത്ര ലളിതവും സുന്ദരവുമാണോ അത്ര തന്നെ ലളിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. ഒരു മനുഷ്യന് ആകാവുന്നതിലെ ഏറ്റവും ലളിതമായ രീതിയിലാണ് നമ്പൂതിരി ജീവിച്ച് കൊണ്ടിരുന്നത്. അത്ര ലളിതമായിട്ടാണ് അദ്ദേഹം സംസാരിച്ച് കൊണ്ടിരുന്നതും ചിരിക്കാറുള്ളതും. ആദ്യകാലത്തെപ്പോലെ അത്യധികമായ ആരാധനയും ബഹുമാനത്തോടെയുമാണ് കണ്ട നേരത്തെല്ലാം അദ്ദേഹത്തെ നോക്കിയതും സംസാരിച്ചതും ഒക്കെ. അപ്പോഴും പക്ഷെ, ഇതാ പച്ചവെള്ളം പോലത്തെ ഒരു മനുഷ്യന്‍ എന്ന ലാളിത്യത്തെക്കുറിച്ചുള്ള വലിയ ബോധ്യവും അദ്ദേഹം ഉണ്ടാക്കി തന്നിരുന്നു. 

98 വര്‍ഷം പച്ചവെള്ളം പോലെ ജീവിച്ച്, അതില്‍ നിറം ചാലിച്ച് ആവോളം വരച്ച ആ വലിയ മനുഷ്യന്‍ നമ്പൂതിരി എന്ന് ലളിതവും സുന്ദരവുമായ ഒരു കയ്യൊപ്പിട്ട് ഈ ഭൂമുഖത്ത് നിന്ന് തന്റെ പേന പൂട്ടി മടങ്ങിയിരിക്കുന്നു. ബാക്കിയായ ആ ചിത്രങ്ങളിലേക്ക് നമ്മള്‍ നിര്‍ന്നിമേഷരായി നോക്കി നില്‍ക്കുന്നു.


#outlook
Leave a comment