TMJ
searchnav-menu
post-thumbnail

Outlook

സാഹിതീയസമൂഹത്തിന്റെ വരയടയാളം

08 Jul 2023   |   2 min Read
സുധീഷ് കോട്ടേമ്പ്രം

ലയാളത്തിലെ സാക്ഷരമാധ്യമലോകത്തിന്റെ ഭാവുകത്വരൂപീകരണത്തിൽ മുഖ്യപങ്കു വഹിച്ച ചിത്രകാരനായിരുന്നു ഇന്നലെ അന്തരിച്ച കെ എം വാസുദേവൻ നമ്പൂതിരി. അരനൂറ്റാണ്ടിലധികം നമ്മുടെ ഭാവനയുടെ ദൃശ്യലോകത്തിൽ വിരാചിച്ച നമ്പൂതിരിയുടെ വരകൾ മലയാളാധുനികതയുടെ വേർപെടുത്താനാവാത്ത ചരിത്രമായി മാറിയിരിക്കുന്നു. വര എന്ന രണ്ടരക്ഷരത്തിൽ കലയുടെ ലോകവീക്ഷണത്തെ നാം ക്രമീകരിച്ചിരുത്തിയതിൽ നമ്പൂതിരിയുടെ രേഖകളുടെ അതികായത്വം നിലനിന്നിരുന്നു. അതിനാലാവണം, സമൂഹത്തിന്റെ നനാനതുറകളിലുമുള്ളവരുടെ സ്മരണകളിൽ ആർട്ടിസ്റ്റ് നമ്പൂതിരി ഒരു സാംസ്‌കാരിക സന്ദർഭമായി പ്രവർത്തിക്കുന്നത്. 

ആധുനികകല നമ്മുടെ ഭാവുകത്വപരിസ്ഥിതിയുമായി ഇടഞ്ഞുനിന്ന ഒരു കാലത്താണ് അച്ചടിത്താളുകളിൽ സാഹിത്യത്തിന്റെ അനുബന്ധമായി നമ്പൂതിരി പ്രത്യക്ഷപ്പെടുന്നത്. കഥാത്മകമായ മലയാള സാഹിത്യവായനയുടെ രുചിക്കൂട്ട് ലളിതവും അനായാസവുമായ രേഖകളിൽ നമ്പൂതിരി രേഖപ്പെടുത്തി. അത് എഴുത്താളരുടെ സാഹിത്യഭാവനയെ അതേപടി പിൻപറ്റുകയായിരുന്നില്ല, ചിത്രകാരന്റെ അടയാളമുദ്ര എല്ലാ എഴുത്തുകളുടെയും മേൽ അയാൾ ചാർത്തുകയായിരുന്നു. അത് കലയുടെ മറ്റൊരു കൈവഴി മാത്രമായിരുന്നുതാനും. കലാപ്രദർശനങ്ങളോ കലാചർച്ചകളോ ഇന്നത്തെ രീതിയിൽ വിപുലമാകാതിരുന്ന കാലത്ത് അച്ചടിത്താളുകളെ ആർട്ട് ഗ്യാലറിയുടെ ചുമരുകളാക്കുകയായിരുന്നു ഇല്ലസ്‌ട്രേറ്റർമാർ. നമ്പൂതിരിക്കൊപ്പം തന്നെ എ.എസ്സും എം.വി ദേവനും അതേ കാലത്ത് മലയാള സഹിതീയമണ്ഡലത്തിൽ രേഖാചിത്രണകലയിലെ സമശീർഷ്യരായിരുന്നു. എസ്.എസ്സിന്റെ രേഖകൾ മനുഷ്യാകരത്തിന്റെ ത്രിമാനതയിലും ഇരുളും വെളിച്ചവും ഇടകലർന്ന കാഴ്ചാരൂപങ്ങളായിരുന്നപ്പോൾ ദേവന്റെ വരകൾ മനുഷ്യപ്രകൃതിയെ കുറിയ രൂപങ്ങളിൽ ക്രമീകരിക്കുകയായിരുന്നു. സി.എൻ കരുണാകരൻ മറ്റൊരു വിധത്തിൽ രൂപഘടനയിൽ ചുമർച്ചിത്രങ്ങളുടെ താളാത്മകത കൊണ്ടുവന്നപ്പോൾ അതുവരെ പരിചിതമല്ലാത്ത വിധം നമ്പൂതിരി തന്റെ മനുഷ്യാകാരങ്ങളെ ചലനബിന്ധുക്കളായി നീട്ടിവരച്ചു. രണ്ടു ബിന്ദുക്കൾ പരസ്പരം ഇണചേരുന്നിടത്താണ് വരയുണ്ടാവുന്നതെന്ന മാസ്റ്റേഴ്‌സ് തിയറിയെ നമ്പൂതിരി അയത്‌നലളിതമായി ആവ്ഷ്‌കരിച്ചു. പലപാട് വിമർശിക്കപ്പെട്ടെങ്കിലും നമ്പൂതിരി മുന്നോട്ടുവെച്ച ഭാവുകത്വം അതിന്റെ ചരിത്രപരതയോടെയല്ലാതെ നോക്കിക്കാണാൻ കഴിയില്ല എന്നുവന്നു.


ആർട്ടിസ്റ്റ് നമ്പൂതിരി | PHOTO: TWITTER

ആധുനികകലയുടെ ആരംഭകാലത്ത് രവിവർമ്മ മുന്നോട്ടുവെച്ച ദൃശ്യവിതാനങ്ങൾ ഏറെക്കാലം നമ്മുടെ കലാസങ്കല്പങ്ങളെ ഭരിച്ചു. രവിവർമ്മയുടെ ഭാവരൂപങ്ങളുടെ തുടർച്ച പല രീതിയിൽ മലയാളത്തിൽ അവതരിപ്പിക്കപ്പെട്ടു. ഒരു നൂറ്റാണ്ടിന്റെ കലാഭാവുകത്വത്തിൽ രവിവർമ്മാനന്തര ദൃശ്യഭാഷയെ പരുവപ്പെടുത്തിയതിൽ പ്രധാനകണ്ണിയാണ് കെ.എസി.എസ് പണിക്കർ. മദ്രാസ് സ്‌കൂളും പണിക്കരുടെ കലാധ്യാപനവും നമ്പൂതിരിയടക്കമുള്ള പിൽക്കാല കേരളീയ കലയാളരുടെ ദൃശ്യബോധത്തെ പുതുക്കിപ്പണിതു. സാഹിതീയസമൂഹത്തിൽ പണിയെടുത്ത നമ്പൂതിരി സാഹിത്യത്തെയും കലയെയും ഇണക്കിച്ചേർക്കുന്ന ഒരു പ്രധാനകണ്ണിയായി പ്രവർത്തിച്ചു. രവിവർമ്മയുടെ മനുഷ്യകല്പനകളെ, അതിലെ മിത്തുകളിൽനിന്ന് അടർത്തിമാറ്റി തങ്ങൾക്കിടയിലെ ആൾരൂപങ്ങളായി പരിവർത്തിപ്പിച്ചു നമ്പൂതിരി. ആധുനികസാഹിത്യം അതിന് വളക്കൂറുള്ള മണ്ണൊരുക്കി എന്നും പറയാം. 

ദൃശ്യാഖ്യാന സമ്പന്നമായ കേരളീയ ചുമർചിത്രകലയുടെയും വർണാലങ്കാരബദ്ധമായ കളമെഴുത്തിന്റെയും പാരമ്പര്യത്തെ മറികടക്കാൻ കേവലം രേഖകൾക്കൊണ്ട് രേഖാചിത്രകാരർക്ക് സാധിച്ചു. അത് പുതിയ കാഴ്ചയായിരുന്നു. ആധുനികത നിർമ്മിച്ച പുതിയ മലയാളിക്ക് ഈ കാഴ്ച തങ്ങളെക്കൂടി പുതുക്കുന്ന ഒന്നായി. എന്നാൽ പാശ്ചാത്യാധുനിക കല മുന്നോട്ടുവെച്ച ഭാവുകത്വമായിരുന്നില്ല ഇവരാരും തന്നെ പിൻപറ്റിയിരുന്നത് എന്നുകാണാം. ബംഗാളിലെ ആധുനികകലയെ സംബന്ധിച്ച് ആർ. ശിവകുമാർ നിരീക്ഷിച്ചപോലെ പ്രാദേശികാധുനികതയുടെ പ്രതിഫലനമായിരുന്നു മദ്രാസ് സ്‌കൂൾ ആർട്ടിസ്റ്റുകളും പിന്തുടർന്നിരുന്നത്. അതുകൊണ്ടുതന്നെ എം.ടിയുടെ രണ്ടാമൂഴത്തിന്റെ ചിത്രീകരണത്തെക്കുറിച്ച് പറയുന്ന സന്ദർഭത്തിൽ നമ്പൂതിരി സൂചിപ്പിക്കുന്നുണ്ട്, ആ ചിത്രങ്ങളിൽ അദ്ദേഹം സ്വാംശീകരിച്ചത് പല്ലവ-ചോള ശില്പങ്ങളിലെ ആകാരപ്രകാരങ്ങളെയാണെന്ന്. ഇങ്ങനെ, നിലനിന്നിരുന്ന കലാസംസ്‌കാരത്തിന്റെ പഠനത്തിലൂടെ സ്വയം പുതുക്കുകയായിരുന്നു നമ്പൂതിരി. അത് നമ്മുടെ കാഴ്ചയ്ക്ക് എളുപ്പം വഴങ്ങി. സ്വകീയമായ ഒരു ശൈലി അതുവഴി നമ്പൂതിരി വികസിപ്പിച്ചെടുത്തു. ശൈലീകൃതമാണ് നമ്മുടെ കല എന്ന് അത് അടിവരയിട്ടു. അതുകൊണ്ടുതന്നെ എം.ടിയുടെ ഭീമൻ നമ്പൂതിരിയുടെ ഭീമനിലൂടെ ഇരട്ടിച്ചു. ബഷീറിലെയും തകഴിയിലെയും മാധവിക്കുട്ടിയിലെയും മനുഷ്യകുലത്തെ അതിന്റെ ചേഷ്ടകളിലൂടെ അടയാളപ്പെടുത്താൻ നമ്പൂതിരിക്ക് കഴിഞ്ഞു.

വളരും, വലുതാവും. കൈകൾക്ക് നല്ല ബലമുണ്ടാകും എന്ന നാലുകെട്ടിലെ അപ്പുണ്ണിയുടെ ഭാവിയിലേക്കുള്ള നോട്ടം പോലെ തങ്ങളുടെ പരിമിതികളിൽനിന്ന് എല്ലാ കഥാപാത്രങ്ങളെയും അവരുടെ പരമാവധി സാധ്യതകളിലേക്ക് നീട്ടിവരച്ചു നമ്പൂതിരി. അങ്ങനെ നമ്മുടെ ഭാവനാലോകത്തിന്റെ എടുപ്പുകളെ, കുനിപ്പുകളെ, അതിന്റെ ഉടൽക്കനങ്ങളെ കറുത്ത മഷിയിലെഴുതി. ആ മഷിപ്പടർച്ചയിൽ, അതിന്റെ അച്ചടിമണത്തിൽ നാം നമ്മെത്തന്നെ മണത്തു.

#outlook
Leave a comment