TMJ
searchnav-menu
post-thumbnail

Outlook

സയന്റിഫിക് റേസിസം പിന്‍വാങ്ങുമ്പോള്‍ റിയല്‍ റേസിസം കളംനിറയുന്നു

24 Jun 2024   |   6 min Read
സിനാൻ കൂട്ടിലങ്ങാടി

''ഹിറ്റ്ലറും ആചാര്യരും 'വംശീയ ശുചിത്വ' പദ്ധതികള്‍ ആവിഷ്‌കരിച്ചതും ആത്യന്തികമായി വംശഹത്യയിലേക്ക് നയിച്ചതുമായ ശാസ്ത്രീയ ആശയങ്ങളുടെ സ്രോതസ്സ് ജര്‍മ്മനിയില്‍ നിന്ന് മാത്രം ഉത്ഭവിച്ചതല്ല. ലോകമെമ്പാടുമുള്ള വംശീയ ശാസ്ത്രജ്ഞര്‍ ഒരു നൂറ്റാണ്ടിലേറെയായി അവ സ്ഥിരമായി വിതരണം ചെയ്തിരുന്നു. ബുദ്ധിജീവികള്‍, പ്രഭുക്കന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, സമ്പന്നര്‍ ഇങ്ങനെ സാമൂഹിക അന്തര്‍ധാരയില്‍ ഇടപെടുന്ന പലരും അതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു''(1). 2019 ല്‍ പുറത്തിറങ്ങിയ Superior: The Return of Race Science എന്ന പുസ്തകത്തില്‍ ബ്രിട്ടീഷ് സയന്‍സ് ജേര്‍ണലിസ്റ്റ് ആയ ഏഞ്ചല സൈനിയുടെ വരികളാണിവ. Race Science എന്ന വംശവെറിയുടെ സാമൂഹിക പരിപ്രേക്ഷത്തെ ന്യായീകരിക്കുവാന്‍ ശാസ്ത്രത്തെ അപനിര്‍മ്മിക്കാന്‍ ശ്രമിച്ച ഫ്യൂഡല്‍ ഭരണ വ്യവസ്ഥയ്ക്ക് കീഴിലെ ശാസ്ത്രകുലപതികളുടെ വരേണ്യ മഹത്വവല്‍കരണത്തെ ഈ ഗ്രന്ഥം തുറന്നുകാണിക്കുന്നു.

വൈറ്റ് സുപ്രീമസിയും ആര്യന്‍ വംശജരുടെ വംശശുദ്ധിയും ന്യായീകരിക്കുവാന്‍ Race realism കളത്തിലിറക്കി കപടശാസ്ത്രം (Pseudoscience) പ്രചരിപ്പിച്ചപ്പോള്‍ ലോകമൊട്ടാകെയുള്ള ജാതി വ്യവസ്ഥയുടെ സൈദ്ധാന്തിക ഇടപെടലുകളായി അത് മാറുകയും ചെയ്തു. 17, 18 നൂറ്റാണ്ടുകളില്‍ ട്രാന്‍സറ്റ്‌ലാന്‍ഡിക്ക് സ്ലേവ് ട്രേഡ് ലൂടെ പന്ത്രണ്ടര ദശലക്ഷം യുവാക്കളെയും യുവതികളെയും ആഫ്രിക്കയില്‍ നിന്നും കപ്പല്‍ കയറ്റി വെളുത്തവന്റെ അടിമയാക്കിയതും, കോളനിവല്‍കരണത്തിലൂടെ അന്യനാടുകളുടെ വിഭവശേഷി അപഹരിച്ചതുമെല്ലാം വംശീയതയുടെ പിന്‍ബലത്തിലായിരുന്നു. വെളുത്തവര്‍ക്ക് കറുത്തവരെക്കാള്‍ ജീവിക്കാന്‍ അധികാരമുണ്ടെന്ന തത്വം ഒരു വശത്തും white man's burden മറുവശത്തുമായി ലോകമാസകലം വെറുപ്പിന്റെ വിത്തുകള്‍ക്ക് വളമായി മാറി വംശീയത.  (2).

REPRESENTATIVE IMAGE | WIKI COMMONS
പരിണാമ വൃക്ഷത്തിലെ Super Animal ആണ് മനുഷ്യന്‍ എന്നും, വെള്ളക്കാരാണ് പൂര്‍ണ്ണമായും പരിണമിച്ചവര്‍ എന്നുമുള്ള സങ്കല്പനം കറുത്തവരെ മനുഷ്യരായി തന്നെ കണക്കാക്കാത്ത ലോകവീക്ഷണമായിരുന്നു.  യൂറോപ്പിലെ നവോത്ഥാന ചിന്തകളുടെ എല്ലാ ധാരയിലും ഇത് പ്രകടമായിരിന്നു.  സ്വീഡിഷ് ഗവണ്‍മെന്റിന് കീഴിലുള്ള ''സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റേഷ്യല്‍ ബയോളജി''പോലുള്ള സ്ഥാപനങ്ങള്‍ തന്നെയാണ് അതിന് വഴിയൊരുക്കിയത്. ജനിതക ശാസ്ത്രത്തെ പ്രധാനമായും മറ്റ് ജീവശാസ്ത്ര വിഷയങ്ങളെ കേന്ദ്രീകൃതമായും വളച്ചൊടിച്ച് വംശീയ വേരുകള്‍ക്ക് കൃത്രിമമായി ശാസ്ത്രീയ പിന്‍ബലം ഉണ്ടെന്ന പ്രചരണം വ്യാപിപ്പിക്കുന്നതിലൂടെയാണ് സയന്റിഫിക് റേസിസം നിലനിന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍, സ്വീഡിഷ് പ്രകൃതിശാസ്ത്രജ്ഞനായ Carl Linnaeus മനുഷ്യരെ യൂറോപ്യന്‍, അമേരിക്കന്‍, ഏഷ്യന്‍, ആഫ്രിക്കന്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിച്ചു. സയന്‍സ് ഹിസ്റ്ററിയിലെ സയന്റിഫിക് റേസിസത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത് ഇദ്ദേഹത്തെയാണ്(3). വിവിധ സമൂഹങ്ങളില്‍ നിലനിന്നിരുന്ന രാഷ്ട്രീയ ലോബികള്‍ക്ക് അടിമപ്പെടുംവിധം കീഴ്ജാതികളെ അപരവല്‍കരിക്കാനും മേല്‍ജാതികളെ മഹത്വവല്‍കരിക്കാനും അതത് സ്ഥലങ്ങളിലെ സ്യൂഡോ സയന്‍സ് വക്താക്കള്‍ ശ്രമിച്ചു. രാഷ്ട്രീയക്കാര്‍ വച്ചുനീട്ടുന്ന നാണയത്തുണ്ടുകള്‍ക്ക് വേണ്ടി സയന്‍സിന്റെ കാര്യക്ഷമതയ്ക്കും ആധികാരികതയ്ക്കും അവര്‍ ഭംഗംവരുത്തി.

1800-കളുടെ മധ്യത്തില്‍, യുഎസ് നരവംശശാസ്ത്രജ്ഞനായ Samuel George Morton (1799-1851) ലോകമെമ്പാടുമുള്ള തലയോട്ടികള്‍ ശേഖരിക്കുകയും അളക്കുകയും ചെയ്തു. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പ്രസ്തുത ശേഖരം ലോകത്തിലെ തന്നെ ഏറ്റവും വലിയ Human skull ശേഖരമാണ്. തന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ Human intelligence തലച്ചോറിന്റെ വലുപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രീയമായി അനുമാനിച്ചത് അദ്ദേഹമാണ്(4).

വെള്ളക്കാര്‍ക്ക് മറ്റ് വംശങ്ങളെ അപേക്ഷിച്ച് വലിയ തലയോട്ടികളുണ്ട് എന്നും അതിനാല്‍ അവര്‍ക്ക് ബുദ്ധിശക്തി കൂടുതലാണെന്നും 'ശ്രേഷ്ഠരാണ്' എന്നും സിദ്ധാന്തിച്ചു. സയന്റിഫിക് റേസിസത്തിന്റെ തന്നെ ചരിത്രത്തില്‍ ശ്രദ്ധേയമായ ഇടംനേടിയ സംഭവമാണ് ഇത്. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പരിണാമ ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ജെ ഗോള്‍ഡ്. The Mismeasure of Man എന്ന വിഖ്യാത രചനയിലൂടെ സാമുവല്‍ ജോര്‍ജിന്റെ നിഗമനങ്ങളെ അദ്ദേഹം പൊളിച്ചെഴുതി. പാരമ്പര്യക്രമത്തില്‍ ജന്മനാ കൈമാറി പോകുന്നതാണ് Intelligence എന്ന സയന്റിഫിക് റേസിസത്തിന്റെ ആയുധത്തെ എതിര്‍ത്ത ഗോള്‍ഡിന് അക്കാലത്ത് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ശാസ്ത്രീയ പരീക്ഷണങ്ങളിലെ ഒബ്ജക്ടിവിറ്റിയിലെ പല വര്‍ഗീയ മുന്‍ധാരണകളുമാണ് ജനറ്റിക് ഹെറിഡിറ്റിയെ ബുദ്ധികേന്ദ്രത്തിന്റെ നിദാനമായി അവതരിപ്പിച്ചവരെ നയിച്ചത് എന്നും ഗോള്‍ഡ് നിരീക്ഷിക്കുന്നു(5).

സ്റ്റീഫന്‍ ജെ ഗോള്‍ഡ് | PHOTO: WIKI COMMONS
തത്വചിന്തകരായ ഇമ്മാനുവല്‍ കാന്റ്, വോള്‍ട്ടയര്‍, ഡേവിഡ് ഹ്യൂം, രാഷ്ട്രീയ നിരീക്ഷകനായ തോമസ് ജെഫേഴ്‌സണ്‍ എന്നിവരായിരുന്നു വംശീയ അസമത്വ പ്രത്യയശാസ്ത്രത്തിന്റെ മറ്റ് പ്രധാന വക്താക്കള്‍. ഏഷ്യ, യൂറോപ്പ് ഭൂഖണ്ഡങ്ങള്‍ക്കിടയിലെ മലയോര മേഖലകളില്‍ നിലകൊണ്ടിരുന്ന Caucasian race എന്ന മേല്‍ജാതി വിഭാഗത്തിലെ Nordic race ന്റെ മേല്‍ക്കോയ്മയെ സൈദ്ധാന്തികമായി അവതരിപ്പിച്ചത് The Passing of the Great Race എന്ന തന്റെ പുസ്തകത്തിലൂടെ അമേരിക്കന്‍ യൂജെനിസ്റ്റ് Madiosn Grant ആയിരുന്നു. Nordicism എന്ന ജീര്‍ണ്ണതയുടെ മാനുഷിക വിഭജനം ആയിരുന്നു അതിന്റെ പ്രതിഫലനം(6).

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ വംശങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ 'ജനിതകമാണ്' എന്ന വിശ്വാസം വളരെ സാവധാനത്തിലെങ്കിലും കുറയാന്‍ തുടങ്ങി, ഹ്യൂമന്‍ ജീനോം പ്രോജക്ടിന്റെ കണ്ടെത്തലുകള്‍ വംശീയ ശാസ്ത്രത്തിന്റെ വക്താക്കള്‍ക്ക് ശാന്തമായ ഒരു ശവസംസ്‌കാരം നല്‍കുന്നതായിരുന്നു(7). 1,600 കള്‍ മുതല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം വരെയുള്ള കാലഘട്ടത്തില്‍ ശാസ്ത്രീയ വംശീയത സാധാരണമായിരുന്നു, 19-ാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ 20-ാം നൂറ്റാണ്ടിന്റെ ആരംഭം വരെ യൂറോപ്യന്‍, അമേരിക്കന്‍ അക്കാദമിക് രചനകളില്‍ ഇത് പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി മുതല്‍, ശാസ്ത്രീയ വംശീയത കാലഹരണപ്പെട്ടതാണെന്ന് പലരും ആരോപിക്കുകയും വിമര്‍ശിക്കുകയും ചെയ്തു, എന്നിട്ടും വംശീയ വിഭാഗങ്ങളുടെ നിലനില്‍പ്പിലും പ്രാധാന്യത്തിലും ഉയര്‍ന്നതും താഴ്ന്നതുമായ ഒരു ശ്രേണിയിലുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള വംശീയ ലോകവീക്ഷണങ്ങളെ പിന്തുണയ്ക്കുന്നതിനോ സാധൂകരിക്കുന്നതിനോ സ്ഥിരമായി അത് ഉപയോഗിക്കപ്പെട്ടു.

white supremacist journal എന്ന പേരില്‍ കുപ്രസിദ്ധി പറ്റിയ Mankind Quarterly എന്ന പ്രസിദ്ധീകരണവും ശാസ്ത്രശാഖകളുടെ പേരില്‍ വംശീയത പ്രചരിപ്പിക്കുന്നതില്‍ സജീവമായി ഇടപെടലുകള്‍ നടത്തിയവരാണ്. അതേ രോഗം തന്നെയാണ് വരേണ്യ ബ്രാഹ്‌മണ്യത്തിനും ബാധിച്ചത്. ജാതീയ അയിത്തത്തിന്റെയും തൊട്ടുകൂടായ്മയുടെയും ഇരുളടഞ്ഞ യുഗങ്ങള്‍ ഇന്ത്യയുടെ മനസാക്ഷിക്ക് ഏറെ പിന്നിലൊന്നുമല്ല. ബ്രാഹ്‌മണിക്കല്‍ ഡോമിനന്‍സ് എന്ന ആര്‍എസ്എസ് അജണ്ടയുടെ പ്രയോക്താക്കളാണ് സമീപകാലത്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സ്മര്യവ്യക്തിത്വങ്ങള്‍ എന്ന വാദഗതികളും പൂര്‍ണമായും തള്ളിക്കളയേണ്ടതില്ല. കാരണം രാജ്യത്ത് ശക്തിപ്പെട്ട് കൊണ്ടിരിക്കുന്ന ഹിന്ദുത്വവാദത്തിന്റെ ബഹിര്‍സ്ഫുരണത്തെയും ജാതീയ വര്‍ണ്ണവിവേചനങ്ങളും ചേര്‍ത്തുവയ്ക്കുമ്പോള്‍ അയിത്തത്തിന്റെ ഇരുളടഞ്ഞ ഇന്നലെകള്‍ മാനസാന്തരങ്ങളില്‍ തികട്ടിവരുന്നുണ്ട്.

MADIOSN GRANT | PHOTO: WIKI COMMONS
1950 ല്‍ UNESCO ഇറക്കിയ 'The Race Question' എന്ന പ്രസ്താവന scientific racism ത്തിന് ഏറ്റ കടുത്തപ്രഹരം തന്നെയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷം ശാസ്ത്രീയ വംശീയത ഒരു സാമൂഹിക മിത്തായി കണക്കാക്കപ്പെട്ടു. അന്നുമുതലുള്ള മനുഷ്യ പരിണാമത്തിലെയും ആന്ത്രോപോളജിയിലെയും ഗവേഷണ പഠനങ്ങള്‍ മനുഷ്യവംശങ്ങള്‍ കേവലം സാമൂഹിക രാഷ്ട്രീയ പ്രതിഭാസം ആണെന്ന് തെളിഞ്ഞതോടെ ജനിതകപരമായി വെള്ളക്കാരന്റെ ആധിപത്യത്തെ സ്ഥാപിക്കാനുള്ള ശാസ്ത്രീയ പിന്‍ബലം നഷ്ടപ്പെടുകയും, തീവ്രവലതുപക്ഷ ചായ്വ് പുലര്‍ത്തി പാശ്ചാത്യര്‍ക്ക് ശാസ്ത്രീയ പിന്‍ബലം ഒരുക്കിയ ശാസ്ത്രജ്ഞര്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. യുനെസ്‌കോയുടെ മുന്നേറ്റമാണ് പൊതുമണ്ഡലത്തില്‍ നിന്നും സയന്റിഫിക് റേസിസത്തെ മാറ്റി നിര്‍ത്തുന്നതില്‍ പ്രാധാന്യപരമായ പങ്കുവഹിച്ചത്(8). നടപടികളെ മുന്നില്‍ നിന്ന് നിയന്ത്രിച്ച ശാസ്ത്രജ്ഞരില്‍ പ്രധാനിയായിരുന്നു ആന്ത്രോപോളജിസ്റ്റായ Ashley Montagu. തന്റെ  Man's most dangerous Myth: The fallacy of Race എന്ന ഗ്രന്ഥത്തിലൂടെ മര്‍ത്യ ചരിത്രത്തില്‍ ജാതീയതയുടെ അലയൊലികള്‍ തീര്‍ത്ത നാശങ്ങളെ അദ്ദേഹം നിരത്തുന്നുണ്ട്. അതോടെ ശാസ്ത്രലോകത്തിന്റെ മുഖ്യധാരയില്‍ നിന്നും സയന്റിഫിക് റേസിസത്തിന് വിശ്രമ ജീവിതം അനുവദിക്കപ്പെട്ടുവെങ്കിലും ഒറ്റപ്പെട്ട ചില ശബ്ദകോലാഹലങ്ങള്‍ പലയിടത്തുനിന്നും ഉയര്‍ന്നുവന്നു.

രാഷ്ട്രതന്ത്രജ്ഞനായ Charles Murray യും മനശാസ്ത്രജ്ഞന്‍ Richard Herrnstein നും ചേര്‍ന്ന് രചിച്ച The Bell Curve (1994) എന്ന പുസ്തകം ഉദാഹരണമാണ്. വംശവും ബുദ്ധിയും തമ്മിലുള്ള ബന്ധത്തെ ശാസ്ത്രീയമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും, വരേണ്യരുടെ മേല്‍ക്കോയ്മയെ ഉദ്ധരിക്കുന്നതിലപ്പുറം ശാസ്ത്രീയ പിന്‍ബലം ഇല്ല എന്ന് വിമര്‍ശക പക്ഷവും ചേര്‍ത്ത് വായിക്കേണ്ടതാണ്. കൃതിയില്‍ കറുത്തവര്‍ക്ക് ബുദ്ധിവൈഭവം കുറവാണ് എന്ന് പച്ചയ്ക്ക് പറയുന്നതിനപ്പുറം ശാസ്ത്രീയമായ പിന്‍ബലത്തെ ചോദ്യം ചെയ്തുകൊണ്ട് 1996 ല്‍ സ്റ്റീഫന്‍ ഗൗള്‍ഡ് തന്റെ The Mismeasure of Man ന്റെ സെക്കന്‍ഡ് എഡിഷനില്‍ പ്രസ്തുത ഗ്രന്ഥത്തെ നിരൂപിക്കുന്നുണ്ട്(9).

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ സാഹിത്യ ഇടപെടലുകളിലും സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലയിലും അവര്‍ണ്ണ ശാക്തീകരണം സമൂഹത്തില്‍ വേരൂന്നി കഴിഞ്ഞിരിക്കുന്നു. കീഴ്ജാതികളെ അപരവല്‍കരിക്കാതെ ചേര്‍ത്തുനിര്‍ത്തല്‍ മാത്രമാണ് വംശീയ തഴമ്പുകളെ മായ്ക്കാന്‍ നമുക്ക് ചെയ്യാനാകുന്നത്. പുരോഗമനപരമായ അത്തരം മുന്നേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. എങ്കിലും സാമുദായിക അധീശത്വത്തിന്റെ രുചിയറിഞ്ഞ മേല്‍ ജാതികള്‍ക്ക് സാമൂഹിക അന്തര്‍ധാരയില്‍ താഴേക്കിടയിലുള്ളവരെ അന്യരായി തന്നെ കാണേണ്ടി വരുന്നു. ഫ്രഞ്ച് വിപ്ലവാനന്തര കാലത്തെ മോഡേണ്‍ സ്റ്റേറ്റുകളില്‍ Liberty, Fraternity, Equality എന്ന് തുടങ്ങുന്ന മുദ്രാവാക്യങ്ങള്‍ പൊടിപൊടിക്കുമ്പോഴും ജാതീയതയുടെ ഒളിമറകള്‍ സമൂഹത്തെ വിട്ടുപോയിരുന്നില്ല. പൂര്‍വ്വ മനുഷ്യരേക്കാള്‍ ആധുനിക മനുഷ്യന്‍ പുരോഗമിക്കുകയാണ് എന്ന പ്രോഗ്രസീവിസത്തിന്റെ വാദത്തെ അക്ഷരാര്‍ത്ഥത്തില്‍ നാണിച്ചുകളയുന്നതാണ് Real Racism ത്തിന്റെ പിന്നീടുള്ള വളര്‍ച്ച. Black Americans അനുഭവിച്ചിരുന്ന അരികുവല്‍കരണത്തിന്റെ സാമൂഹിക പരിപ്രേക്ഷകത്തെ Martin Luther King ഒരു പരിധിവരെ തുടച്ചുനീക്കിയെങ്കിലും ഇന്നും അമേരിക്കന്‍ സമൂഹത്തെ അത് വേട്ടയാടിക്കൊണ്ടിരിക്കുന്നു. വെള്ളക്കാരനായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോലീസ് ഉദ്യോഗസ്ഥര്‍ കറുത്തവര്‍ഗ്ഗക്കാരെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ശൃംഖല(10) വെളുത്ത പോലീസ് ഉദ്യോഗസ്ഥന്റെ കാല്‍മുട്ടിന് കീഴില്‍ ശ്വാസംമുട്ടിച്ച ജോര്‍ജ്ജ് ഫ്‌ലോയിഡ് ഉള്‍പ്പെടെ - ലോകത്തെ ഞെട്ടിക്കുകയും അഭൂതപൂര്‍വമായ വംശീയ വിരുദ്ധ പ്രകടനങ്ങള്‍ ലോകമാസകലം ആളിക്കത്തിക്കുകയും ചെയ്തത് റിയല്‍ റേസീസത്തിന്റെ ആഗോള ചിത്രമായിരുന്നുവെങ്കില്‍ സമകാലീന പ്രബുദ്ധ കേരളത്തിനും അത്തരം ഇരുണ്ട ഓര്‍മ്മകള്‍ പങ്കുവെക്കാനുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
നര്‍ത്തകനും നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതിയാധിക്ഷേപം അതിന്റെ ബാക്കിപത്രം തന്നെയാണ്. അദ്ദേഹത്തിന് കാക്കയുടെ നിറമാണെന്നും, പെറ്റ തള്ള സഹിക്കില്ലെന്നും വ്യക്തി അധിക്ഷേപം നടത്തിയതും വെളുത്ത നിറമുള്ളവര്‍ മാത്രം മത്സരങ്ങളില്‍ പങ്കെടുക്കട്ടെ, അല്ലാത്തവര്‍ ക്ഷേത്രങ്ങളിലും മറ്റും കളിക്കട്ടെ എന്നു പറയുന്നത് തന്നെയാണ് സത്യഭാമയിലെ റിയല്‍ റേസിസം. വെളുത്തവര്‍ക്ക് മാത്രമേ കലാകാരിയാകാന്‍ കഴിയൂ എന്ന ഹുങ്കിന്റെ വര്‍ത്തമാനം കേരളീയ
പൊതുമണ്ഡലത്തിന് ഏറെ അപമാനകരമായ വാര്‍ത്തയായിരുന്നു. കലയിലും സാംസ്‌കാരികതയിലും കടന്നുകൂടിയ വംശവെറിയുടെ ജീര്‍ണ്ണതയെ ഓര്‍മ്മപ്പെടുത്തുന്ന നിരവധി സംഭവവികാസങ്ങള്‍ സമീപകാല കേരളീയ പശ്ചാത്തലത്തില്‍ നടമാടിയിട്ടുണ്ട്. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണനും ഡയറക്ടര്‍ ശങ്കര്‍ മോഹനും ചേര്‍ന്നുണ്ടാക്കിയ വിവാദങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലം മറന്നുപോയിട്ടില്ല. 2022 ഡിസംബറില്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നുനടത്തിയ സമര പോരാട്ടങ്ങള്‍ക്ക് പിന്നില്‍ വിവേചനത്തിന്റെ വ്യവഹാരങ്ങള്‍ പലതായിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ സംവരണതത്വം പാലിക്കാത്തതും, ദളിത് വിഭാഗത്തില്‍പ്പെട്ട ക്ലര്‍ക്കിന് നേരിടേണ്ടിവന്ന വിവേചനവും, സ്വീപിങ് തൊഴിലാളികളായ സ്ത്രീകളെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയുള്ള ഡയറക്ടറുടെ വസതിയിലേക്ക് ജോലിയാവശ്യാര്‍ത്ഥം കൊണ്ടുപോയതും അവിടെ ബ്രഷ് ഉപയോഗിക്കാതെ ടോയ്‌ലറ്റ് ക്ലീന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത് തുടങ്ങി വീട്ടില്‍ നിന്നും ഏല്‍ക്കേണ്ടിവന്ന വ്യക്തി അധിക്ഷേപങ്ങള്‍ തൊഴിലാളികള്‍ തുറന്നുപറഞ്ഞതുമാണ് വിദ്യാര്‍ത്ഥികളുടെ സമരത്തിന് ഹേതുവായത്. ഉടുത്ത് ഒരുങ്ങിവന്ന സ്റ്റാര്‍സ് എന്ന് സ്വീപിങ് തൊഴിലാളികളെ അധിക്ഷേപിക്കാന്‍ മാത്രം അവരുടെ ജാതീയതയുടെ എരിവ് കൂടിയിട്ടുണ്ട്(11).

മലപ്പുറം അരീക്കോട് ചെമ്പ്രക്കോട്ടൂരിലെ ഫുട്‌ബോള്‍ മൈതാനത്ത് ഐവറി കോസ്റ്റ് താരം ഹസന്‍ ജൂനിയറിനെ എതിര്‍ ടീമിലെ കാണികള്‍ bloody black എന്ന് വിളിച്ച് ആക്ഷേപിച്ചതും ചിലര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും അടക്കം പ്രബുദ്ധ കേരളത്തിന്റെ ജാതീയ ജീര്‍ണതയുടെ ഉദാഹരണങ്ങള്‍ പലതാണ്. പുരോഗമനത്തിന്റെ അതിര്‍വരമ്പുകള്‍ നാം എത്ര കണ്ട് പുല്‍കി എന്ന് വീമ്പുനടിച്ചാലും യുഗാന്തരങ്ങള്‍ക്ക് പിറകിലുള്ള അന്ധകാരത്തിലേക്കും അപക്വതയിലേക്കുമാണ് നാം സഞ്ചരിക്കുന്നത്. പ്രമുഖ സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്‌കാരം നല്‍കുന്നതില്‍ വിയോജിപ്പുമായി ഗായികമാരായ രഞ്ജിനി, ഗായത്രി എന്നിവര്‍ ഉള്‍പ്പെടെ രംഗത്തെത്തിയതും കലയിലെ വര്‍ണ്ണവെറിയുടെ സമകാലിക സാക്ഷ്യങ്ങളാണ്. പ്ലേ ബാക്ക് സിംഗറായ സയനോര ഫിലിപ്പ്, നാടന്‍ പാട്ട് ഗായിക പ്രസീത ചാലക്കുടി, I am a victim of cast എന്ന് തുറന്നുപറഞ്ഞ പുഷ്പരതി, നടന്‍ വിനായകന്‍ എന്നിവരെല്ലാം കറ മായാത്ത അയിത്തയുഗത്തിന്റെ അനുരണനങ്ങളില്‍ പെട്ടുപോയ ഇരകളാണ്. സാമൂഹിക അന്തര്‍ധാരയില്‍ മനുഷ്യന്‍ ബീജാവാപം നല്‍കിയ വംശീയ യജ്ഞങ്ങളില്‍ ഏറ്റവും ഹീനമായ ധ്രുവീകരണത്തെയാണ് നാം റേസിസം എന്ന് വിളിക്കുന്നത്. കാലാന്തരങ്ങളായി മര്‍ത്യന്റെ സാമൂഹിക ഇടത്തെ അടയാളപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചതും ഇതേ റേസിസം തന്നെ. സ്യൂഡോ സയന്‍സിന്റെ ഔദാര്യത്തില്‍ കിട്ടിയ സയന്റിഫിക് റേസിസമായിരുന്നു ദീര്‍ഘകാലം അതിന്റെ അവലംബം. ഭാഗികമായെങ്കിലും അത് കെട്ടടങ്ങുമ്പോഴും ജനഹൃദയങ്ങളെ മലിനമാക്കുന്ന വംശീയ പ്രീണനങ്ങള്‍ അപ്രത്യക്ഷമാകുന്നില്ല എന്നാണ് Return of Race Science എന്ന പ്രയോഗത്തിലൂടെ Angela Saini ഉദ്ദേശിക്കുന്നത്. റേസ് സയന്‍സ് എന്ന ലേബലിന് ചെറിയ കോട്ടം വന്നെങ്കിലും റിയല്‍ റേസിസം ആയിത്തന്നെ അത് നിലനില്‍ക്കുന്നുണ്ട്. മേല്‍ക്കോയ്മയുടെ അന്ധതപറ്റിയ Real Racism ത്തിന്റെ കണ്ണുകള്‍ക്ക് എന്ന് ശമനം വരുന്നോ, അതുവരെ പുരോഗമനവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കാന്‍ നമുക്ക് അര്‍ഹതയില്ല.

Citations
Saini,Angela.Superior: the return of race science. Beacon Press, 2019.
Losurdo,Domenico, Liberalism: A Counter History. trans. by Gregory Elliotty, veros, 2011.
https://www.uu.se/en/news/2021/2021-05-07-linnaeus-complicated-relationship-with-racism
https://www.britannica.com/biography/Samuel-Morton
Gould, S. J. Mismeasure of Man. New York: Norton & Company, (1981).
https://www.jstor.org/stable/274146
https://www.downtoearth.org.in/news/science-technology/in-black-and-white-why ab-racism-and-race-science-needs-to-be-debunked-72076
https://unesdoc.unesco.org/ark:/48223/pf0000128291
Gould, S. J. Mismeasure of Man. New York: Norton & Company, (1981).
Drew Jordan, How George Floyd Was Killed in Police Custody,The new york times, May 31, 2021, https://www.nytimes.com/2020/05/31/us/george-floyd-investigation.html
The hindu bureau,K.R. Narayanan institute on the boil as students allege caste discrimination, launch indefinite stir, The hindu, December 05,2022, https://www.thehindu.com/news/national/kerala/kr-narayanan-institute-on-the-boil-as-students-allege-caste-discrimination-launch-indefinite-stir/article66226278.ece/amp/




#outlook
Leave a comment