അന്തരീക്ഷ നദികളും കാലാവസ്ഥാ ദുരന്തങ്ങളും
കരയിലൂടെ ഒഴുകുന്ന നദികള്‍ മനുഷ്യര്‍ക്ക് ചിരപരിചിതമാണ്. മനുഷ്യരുടെ നാഗരികതയുടെ ചരിത്രം പോലും നദീതടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സിന്ധു, യൂഫ്രട്ടിസ്, നൈല്‍, ആമസോണ്‍ തുടങ്ങിയ നദീതട സംസ്‌കാരങ്ങളെ മാറ്റിനിര്‍ത്തിയുള്ള മനുഷ്യചരിത്രം സാധ്യമല്ല. അപ്പോഴും അന്തരീക്ഷ നദികള്‍ അഥവാ അറ്റമോസ്ഫെറിക് റിവേഴ്സ് എന്ന പ്രയോഗം നമുക്ക് അത്ര പരിചിതമല്ല. പ്രധാനമായും കാലാവസ്ഥയും അന്തരീക്ഷ പഠനങ്ങളുമായും ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഒതുങ്ങി നിന്ന ഈ പ്രയോഗം ഇപ്പോള്‍ സാധാരണ ഭാഷയില്‍ കൂടി കടന്നുവന്നിരിക്കുന്നു. കാലാവസ്ഥ മാറ്റം ബാക്കിയാക്കുന്ന ദുരന്തങ്ങളുടെ കാര്യകാരണങ്ങള്‍ വിശദീകരിക്കുവാന്‍ ഉപയോഗിക്കുന്ന പ്രയോഗങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു അന്തരീക്ഷ നദികള്‍.
എന്താണ് അന്തരീക്ഷ നദികള്‍
വളരെ ലളിതമായി പറഞ്ഞാല്‍ മഴമേഘങ്ങളെ വഹിക്കുന്ന ഈര്‍പ്പത്തിന്റെ വന്‍ശേഖരം എന്ന് പറയാം. അതിന്റെ പിന്നിലുള്ള സങ്കീര്‍ണ്ണമായ പ്രക്രിയകളെപ്പറ്റി ഇവിടെ പറയുന്നില്ല. കാലാവസ്ഥ മാറ്റത്തിന്റെ ഫലമായി മഴ സംഹാരരൂപം കൈവരിക്കുന്നതിനുള്ള ഒരു കാരണം മഴമേഘങ്ങളെ വഹിക്കുന്ന ഈര്‍പ്പത്തിന്റെ അളവിലും സ്വഭാവത്തിലുമെല്ലാം സംഭവിക്കുന്ന മാറ്റങ്ങളാണ്. ഭൂമിയില്‍ ഒരു നിശ്ചിത ദേശത്തില്‍ ഒഴുകുന്ന ഒരു നദിയില്‍ ഉള്ളതിനേക്കാള്‍ ജലം ഒരു പക്ഷെ മേല്‍പ്പറഞ്ഞ അന്തരീക്ഷ നദികള്‍ വഹിക്കുന്നു. അതായത് ഒരു അന്തരീക്ഷ നദിക്ക് കരയിലുള്ള നദിയെക്കാള്‍ കൂടുതല്‍ ജലം വഹിക്കുവാന്‍ കഴിയും. 27 മിസിസിപ്പി നദികള്‍ ചേര്‍ന്ന് പുറത്തുവിടുന്ന ജലത്തേക്കാള്‍ കൂടുതല്‍ ജലം അന്തരീക്ഷ നദികള്‍ വഹിച്ചുകൊണ്ട് പോകുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. ഒരു ശരാശരി അന്തരീക്ഷ നദിക്ക് ഏകദേശം 2,000 കിലോമീറ്റര്‍ നീളവും 500 കിലോമീറ്റര്‍ വീതിയും ഏകദേശം 3 കിലോമീറ്റര്‍ ആഴവുമുള്ളതായി കണക്കാക്കപ്പെടുന്നു. ആഗോള ജലചക്രത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് അന്തരീക്ഷ നദികള്‍ എന്ന് സാരം. ഏഷ്യയിലും, ആഫ്രിക്കയിലും, അമേരിക്കയിലും, യൂറോപ്പിലുമെല്ലാം ലഭ്യമായ മഴയുടെ താളക്രമത്തെ നിശ്ചയിക്കുന്നതില്‍ അന്തരീക്ഷ നദികള്‍ വഹിക്കുന്ന സുപ്രധാന പങ്ക് ഈ കണക്കുകളില്‍ നിന്നും വ്യക്തമാണ്.
അന്തരീക്ഷ നദി | PHOTO: WIKI COMMONS
മനുഷ്യ നിര്‍മിതമായ കാലാവസ്ഥ മാറ്റം അന്തരീക്ഷ നദികളുടെ സ്വഭാവത്തിലും മാറ്റം വരുത്തിയിരിക്കുന്നു. പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചര്‍ ജേര്‍ണല്‍ 2020-ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ഫോസില്‍ ഇന്ധനങ്ങളുടെ ഇപ്പോഴത്തെ നിലയിലുള്ള ഉപഭോഗം അന്തരീക്ഷ നദികളുടെ തോതില്‍ ഗണ്യമായി വര്‍ധന വരുത്തുമെന്നാണ്. ഫോസില്‍ ഇന്ധന ഉപയോഗം അന്തരീക്ഷ നദികളിലുണ്ടാക്കുന്ന ആഘാതം ഡിസംബര്‍-ഫെബ്രുവരി കാലയളവില്‍ 84 ശതമാനവും ജൂണ്‍-ഓഗസ്റ്റ് കാലയളവില്‍ 113 ശതമാനവും വര്‍ധനവിന് ഇടയാക്കുമെന്ന് പ്രസ്തുത പഠനം വെളിപ്പെടുത്തുന്നു. ഭൂമി അതിവേഗം ചൂടാകുന്നതിനനുസരിച്ച്, ഈ അദൃശ്യമായ അന്തരീക്ഷ നദികളുടെ അളവും വ്യാപ്തിയും കൂടുതല്‍ തീവ്രമാവുകയും കനത്ത വെള്ളപ്പൊക്കത്തിനും അതുമായി ബന്ധപ്പെട്ട മറ്റുള്ള നാശനഷ്ടങ്ങള്‍ക്കും ഇടവരുത്തുന്നതായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ അന്തരീക്ഷ ശാസ്ത്രജ്ഞനായ ഡോ. റോക്സി മാത്യു കോള്‍ ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ബിബിസിയുമായി നടത്തിയ അഭിമുഖത്തില്‍ അഭിപ്രായപ്പെടുന്നു.
ദക്ഷിണേഷ്യയിലെ മഴയുടെ 56 ശതമാനം വരെ അന്തരീക്ഷ നദികളുമായി ബന്ധപ്പെട്ടിരിക്കുന്നു. തെക്കു-കിഴക്കന്‍ ഏഷ്യയില്‍, അന്തരീക്ഷ നദികളും കനത്ത മഴയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിശദമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്. 2021-ല്‍ അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, കിഴക്കന്‍ ചൈന, കൊറിയ, പടിഞ്ഞാറന്‍ ജപ്പാന്‍ എന്നിവിടങ്ങളിലെ മഴക്കാലത്തുണ്ടാവുന്ന കനത്ത മഴയുടെ 80 ശതമാനം വരെ അന്തരീക്ഷ നദികളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിരുന്നു.
ഫോസില്‍ ഇന്ധനം | PHOTO: WIKI COMMONS
കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്, ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴക്കാലം അന്തരീക്ഷ നദികള്‍ സൃഷ്ടിക്കുന്നുവെന്നാണ്. 2023 ല്‍ നേച്ചര്‍ എന്ന പ്രമുഖ ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നത് 1951 നും 2020 നും ഇടയില്‍ ഇന്ത്യയില്‍ ആകെ 574 അന്തരീക്ഷ നദികള്‍ മണ്‍സൂണ്‍ കാലത്ത് ഉണ്ടായിട്ടുണ്ടെന്നും, കാലക്രമേണ അവയുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നുമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), കാലിഫോര്‍ണിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു പഠന സംഘം, 1985-നും 2020-നും ഇടയില്‍ മണ്‍സൂണ്‍ കാലങ്ങളില്‍ ഇന്ത്യയിലുണ്ടായ ഏറ്റവും രൂക്ഷമായ 10 വെള്ളപ്പൊക്കങ്ങളില്‍ ഏഴെണ്ണവും അന്തരീക്ഷ നദികളുമായി ബന്ധപ്പെട്ടതാണെന്നും കണ്ടെത്തി. സമീപ ദശകങ്ങളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുള്ള ബാഷ്പീകരണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും അതിന്റെ ഫലമായി അന്തരീക്ഷ നദികളുടെയും അവ മൂലമുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചതായും പറയുന്നു.
അമേരിക്കയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് തണുപ്പുകാലത്ത് ഉണ്ടാകുന്ന കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണം അന്തരീക്ഷ നദികളാണ്. വരണ്ട പ്രദേശമായ വടക്കുകിഴക്കന്‍ അരിസോണയില്‍ ഉണ്ടാകുന്ന കനത്ത മഴയ്ക്ക് കാരണം അന്തരീക്ഷ നദികളാണ്. മധ്യ അമേരിക്കയില്‍ ലഭിക്കുന്ന കനത്ത മഴയുടെ 20 മുതല്‍ 70 ശതമാനം വരെ അന്തരീക്ഷ നദികളോട് അനുബന്ധിച്ചാണ്. ഇവിടെ ഉണ്ടാകുന്ന 70 ശതമാനം വെള്ളപ്പൊക്കത്തിന് കാരണം അന്തരീക്ഷ നദികളാണ്. അമേരിക്കയുടെ തെക്കുകിഴക്കുഭാഗത്ത് വേനല്‍ക്കാലം ഒഴികെയുള്ള സമയത്തുണ്ടാകുന്ന കനത്ത മഴയുടെ 41 ശതമാനം ലഭിക്കുന്നത് അന്തരീക്ഷ നദികളില്‍ നിന്നും, പടിഞ്ഞാറന്‍ യൂറോപ്പിലും കനത്ത മഴ അന്തരീക്ഷ നദികളോട് അനുബന്ധിച്ചുള്ളതുമാണ്. അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശവുമായി താരതമ്യം ചെയ്യുമ്പോള്‍ അന്തരീക്ഷ നദികള്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേക്ക് എത്തുന്നു. യുകെയില്‍ തണുപ്പുകാലത്ത് ഉണ്ടാകുന്ന കനത്ത മഴയുടെ 50 ശതമാനം വരെ ലഭിക്കുന്നത് അന്തരീക്ഷ നദികളില്‍ നിന്നാണ്. നോര്‍വേയിലെ കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും 56 ശതമാനത്തിന്റെ കാരണവും ഈ നദികള്‍ തന്നെ.
അന്തരീക്ഷ നദികളുണ്ടാക്കുന്ന വെള്ളപ്പൊക്കം | PHOTO: WIKI COMMONS
പ്രവചന പരിമിതികള്‍
അന്തരീക്ഷ നദികളുടെ സ്വഭാവവും പ്രാദേശിക കാലാവസ്ഥാ രീതികളില്‍ അവയുടെ സ്വാധീനവും പ്രവചിക്കുന്നത് സങ്കീര്‍ണ്ണമാണ്. ഇവയുടെ പ്രവാഹങ്ങളുടെ കൃത്യമായ സ്വഭാവവും തീവ്രതയും പ്രവചിക്കുന്നതില്‍ നിലവിലെ കാലാവസ്ഥാ മാതൃകകള്‍ക്കും സാങ്കേതികവിദ്യയ്ക്കും പരിമിതികളുണ്ട്. കടലിലെ ചൂടും ബാഷ്പീകരണത്തിന്റെ തോതും ഉയര്‍ന്നുകൊണ്ടിരിക്കുന്നത് പല വിപത്തുകളുടെയും തുടക്കമായി കണക്കാക്കപ്പെടുന്നു. അതിന്റെ അടിസ്ഥാന കാരണം കാലാവസ്ഥാ വ്യതിയാനം തന്നെയാണെന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമില്ല.
വിശാലമായ ഭൂപ്രദേശമായ ഇന്ത്യ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. വെള്ളപ്പൊക്കം അതില്‍ പ്രധാനമാണ്. സമ്പദ് ഘടന, അടിസ്ഥാന സൗകര്യങ്ങള്‍, എന്നിവയില്‍ അത് ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക നഷ്ടമെന്ന പരമ്പരാഗത കണക്കെടുപ്പുകളെ നിഷ്പ്രഭമാക്കുന്ന തരത്തില്‍ ഒരു ദേശം മുഴുവന്‍ ഇല്ലാതാവുന്ന പ്രതിഭാസത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. വയനാട്ടില്‍ അതാണ് സംഭവിച്ചത്. 2018-ലെ വെള്ളപ്പൊക്കം നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന ഒന്നായി കണക്കാക്കുന്ന വിലയിരുത്തലുകള്‍ പൊതുമണ്ഡലത്തില്‍ ഏറെയുണ്ട്. എന്നാല്‍ അത്തരം വിലയിരുത്തലുകളുടെ പൊള്ളത്തരം വെളിവാക്കുന്നതാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സംഭവിച്ച ഉരുള്‍ പൊട്ടലുകളും തല്‍ഫലമായുണ്ടായ നാശനഷ്ടങ്ങളും. അന്തരീക്ഷ നദികള്‍ തീവ്ര സ്വഭാവം കൈവരിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങളും പഠനങ്ങളും നല്‍കുന്ന സൂചനകള്‍ നാം അഭിമുഖീകരിക്കുന്ന വിപത്തുകളുടെ ആഴത്തെ കൂടുതല്‍ വ്യക്തതയോടെ വെളിപ്പെടുത്തുന്നു.