സംഘപരിവാര്‍ രാഷ്ട്രീയത്തെ അകറ്റി ഇക്കുറിയും ദ്രാവിഡമണ്ണ്
ദ്രാവിഡ രാഷ്ട്രീയത്തില്‍ കടന്നുകയറാനുള്ള ബിജെപിയുടെ ശ്രമത്തിനുള്ള മറുപടിയായിരുന്നു തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി 39 സീറ്റും തൂത്തുവാരിയത്. 18-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഇന്ത്യ സഖ്യത്തിന് ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ച സംസ്ഥാനമായി തമിഴ്നാട് മാറി. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ നേതൃത്വം കൊടുത്ത മുന്നണി 38 സീറ്റുകളാണ് നേടിയതെങ്കില്‍ ഇത്തവണ ഇന്ത്യ മുന്നണിയുടെ തേരോട്ടം തന്നെയാണ് തമിഴ്നാട്ടില്‍ ഉണ്ടായത്. അത് തമിഴ് രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും പ്രസക്തമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുതകുന്നത് തന്നെയാണ്. തമിഴ്നാട്ടില്‍ ഇന്ത്യ മുന്നണിയുടെ വിജയത്തിന് പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്. അതില്‍ പ്രധാനം ഏറ്റവും മാതൃകാപരമായി സീറ്റ് വിഭജനം നടത്തി എന്നുള്ളതാണ്. സഖ്യകക്ഷികളുമായി നല്ല ബന്ധം നിലനിര്‍ത്തി. സീറ്റ് നല്‍കുന്നതിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള നിസ്സഹകരണത്തിനും ഡിഎംകെ മുതിര്‍ന്നില്ല. രാജ്യത്ത് പിടി മുറുക്കിയിട്ടുള്ള ഹിന്ദുത്വ ശക്തിയെ വെല്ലുവിളിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രതന്നെയാണ് സ്റ്റാലിന്റെ നേതൃത്വത്തില്‍ ദ്രാവിഡ മണ്ണില്‍ നടന്നത്. രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്ന പ്രാദേശിക കക്ഷിയാവാനുള്ള അവസരമാണ് 39 ലോക്സഭ സീറ്റുള്ള തമിഴ്നാട്ടില്‍ ഡിഎംകെക്ക് ഇത്തവണയുണ്ടായിരുന്നത്. 42 ലോക്സഭ സീറ്റുള്ള ബംഗാളില്‍ മുഖ്യ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ മുന്നണിയുമായി ധാരണയില്‍ എത്താതെ മുഴുവന്‍ സീറ്റിലും മത്സരിച്ച് 30 സീറ്റുനേടിയ രാഷ്ട്രീയ സാഹചര്യത്തിലാണ് സ്റ്റാലിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ കൃത്യമായി സീറ്റ് വിഭജനം നടത്തി നൂറു ശതമാനം വിജയം കൊയ്തത്. കോണ്‍ഗ്രസിന് 9 സീറ്റ്, സിപിഐഎമ്മിനും സിപിഐക്കും 2 വീതം സീറ്റുകള്‍, മുസ്ലിം ലീഗിന് ഒരു സീറ്റ്്, തമിഴ്നാട്ടിലെ പ്രബല ദളിത് രാഷ്ട്രീയ കക്ഷിയായ VCK ക്ക് 2 സീറ്റ്, KMDK, MDMK, എന്നീ മുന്നണികള്‍ക്ക് ഓരോ സീറ്റ് എന്ന നിലയിലാണ് സീറ്റ് വിഭജനം നടത്തിയത്. ബാക്കി 21 സീറ്റുകളില്‍ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. സിനിമാതാരം കമലഹാസന്റെ മക്കള്‍ നീതി മയ്യം മത്സരത്തിനിറങ്ങാതെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതോടെ മക്കള്‍ നീതി മയ്യത്തിന് ലഭിക്കേണ്ടുന്ന വോട്ടുകളും ഇന്ത്യ മുന്നണിക്ക് അനുകൂലമായി. കൂടാതെ സ്റ്റാലിന്റെ ഭരണമികവും ജനകീയതയും മുന്നണിയുടെ വിജയത്തെ സ്വാധീനിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
എം കെ സ്റ്റാലിന്‍ | PHOTO: FACEBOOK
പത്തുതവണയാണ് മോദി സൗത്ത് ഇന്ത്യ പിടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ മാത്രം സന്ദര്‍ശനം നടത്തിയതും, റാലികള്‍ സംഘടിപ്പിച്ചതും, പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും. എന്നാല്‍ മോദിയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ തമിഴ്നാട്ടില്‍ ഫലിച്ചില്ല. തമിഴ്നാട് ബിജെപിയെ അകറ്റി നിര്‍ത്തുമ്പോഴും തൊട്ടടുത്ത സംസ്ഥാനമായ കേരളത്തില്‍ ഇത്തവണ ചരിത്രത്തിലാദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചു. തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ എഴുപത്തയ്യായിരത്തിലധികം വോട്ടുകളിലാണ് സുരേഷ്ഗോപി വിജയിച്ചത്. സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പിടിപ്പുകേടും സംഘടനയ്ക്കകത്തെ പ്രശ്നങ്ങളും സുരേഷ് ഗോപി കഴിഞ്ഞ അഞ്ചുവര്‍ഷമായി മണ്ഡലം കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളെ വേണ്ടവിധത്തില്‍ ഇരുമുന്നണികളും പ്രതിരോധിക്കാത്തതുമാണ് എഴുപത്തയ്യായിരം വോട്ടെന്ന മികച്ച ഭൂരിപക്ഷത്തില്‍ ബിജെപിയെ എത്തിച്ചത്. ബിജെപിക്ക് ഇത്തവണ സീറ്റൊന്നും ലഭിച്ചില്ലെങ്കിലും തമിഴ്നാട്ടിലെ ഡിഎംകെ ക്കും മറ്റ് ബിജെപി ഇതര കക്ഷികള്‍ക്കും ഒരു മുന്നറിയിപ്പ് കൂടിയാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2,93,405 വോട്ടുകള്‍, അതായത് മുപ്പത് ശതമാനം വോട്ടുകള്‍ നേടുകയും, ശേഷം മണ്ഡലം കേന്ദ്രീകരിച്ചുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമാണ് സുരേഷ് ഗോപിയുടെ ഇത്തവണത്തെ വിജയത്തിന് ഒരു കാരണം. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ദേശീയ നേതൃത്വത്തിന്റെ ശക്തമായ പിന്തുണ ഇതിന് പിന്നിലുണ്ട്. സമാനമായി ബിജെപിയുടെ അഞ്ച് സ്ഥാനാര്‍ത്ഥികളും സഖ്യകക്ഷികളിലെ 4 സ്ഥാനാര്‍ത്ഥികളും ഇത്തവണ തമിഴ്നാട്ടിലെ വിവിധ ലോക്സഭ മണ്ഡലങ്ങളില്‍ രണ്ടാമതായുണ്ട്. നീലഗിരി മണ്ഡലത്തില്‍ കേന്ദ്രമന്ത്രി എല്‍ മുരുഗന്‍, ചെന്നൈ സൗത്തില്‍ തെലങ്കാന മുന്‍ ഗവര്‍ണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്‍, തിരുനല്‍ വേലിയില്‍ ബിജെപി ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവ് നൈനാര്‍ നാഗേന്ദ്ര, കന്യാകുമാരിയില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, വെല്ലൂര്‍ ലോക്സഭ മണ്ഡലത്തില്‍ സഖ്യകക്ഷിയായ പുതിയ നീതി കച്ചി സ്ഥാനാര്‍ത്ഥി എസി ഷണ്‍മുഖം, ചെന്നൈ സെന്‍ഡ്രലില്‍ വിനോജ് പി സെല്‍വം, മധുരൈയില്‍ രാമ ശ്രീനിവാസന്‍, തിരുവള്ളൂരില്‍ പൊന്‍ വി ബാലഗണപതി, തേനിയില്‍ ടിടിവി ദിനകരന്‍ എന്നിവരാണ് രണ്ടാമതായുള്ളത്. കൂടാതെ എഐഡിഎംകെ യുമായി ഇത്തവണ സഖ്യം പിരിഞ്ഞിട്ട് ബിജെപിക്ക് വലിയ രീതിയില്‍ വോട്ട് ഷെയര്‍ ഉയര്‍ത്താനും സാധിച്ചിട്ടുണ്ട്. 2019 ല്‍ നേടിയ 3.58 ശതമാനം വോട്ട്ഷെയര്‍ ഇത്തവണ 11.04 ശതമാനമാക്കി ഉയര്‍ത്താന്‍ ബിജെപി ക്ക് സാധിച്ചു. അത് ചെറിയ മുന്നേറ്റമല്ല. കേരളത്തിലും ആലപ്പുഴ, തിരുവനന്തപുരം, ആറ്റിങ്ങല്‍ തുടങ്ങിയ മണ്ഡലങ്ങളിലും വോട്ട്‌ഷെയര്‍ ഉയര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു. ഇത് തുടര്‍ച്ചയായി ബിജെപി നടത്തുന്ന മുന്നേറ്റത്തിന്റെ ഭാഗമാണ്.
സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂര്‍ ലോക്സഭ മണ്ഡലം ബിജെപിക്ക് ഏറെ പ്രതീക്ഷ നല്‍കിയ മണ്ഡലങ്ങളിലൊന്നായിരുന്നു. 2019 ല്‍ 30,000 ത്തില്‍പ്പരം വോട്ടുകള്‍ക്ക് സിപിഐഎം സ്ഥാനാര്‍ത്ഥിയാണ് കോയമ്പത്തൂരില്‍ വിജയിച്ചത്. ഇത്തവണ മത്സരം കടുക്കുമെന്ന് കണ്ട് മണ്ഡലം ഡിഎംകെ ഏറ്റെടുക്കുകയും പകരം കഴിഞ്ഞതവണ മൂന്ന് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് ഡിഎംകെ വിജയിച്ച ദിന്‍ഡിഗുല്‍ ലോക്സഭ മണ്ഡലം സിപിഐഎമ്മിന് നല്‍കുകയും ചെയ്തു. ഇതോടെ രണ്ടിടത്തും വിജയം ഇന്ത്യ മുന്നണിക്കൊപ്പമായി. തെക്കേ ഇന്ത്യയിലെ ഉത്തര്‍ പ്രദേശ് എന്നാണ് പ്രശാന്ത് കിഷോര്‍ തമിഴ്നാടിനെ വിശേഷിപ്പിച്ചത്. 400 സീറ്റ് എന്ന അവകാശവാദവുമായി മത്സരിച്ച ബിജെപിക്ക് തമിഴ്നാട്ടിലെ 39 സീറ്റിലെ മത്സരം ഏറെ നിര്‍ണായകമായിരുന്നു. തമിഴ്നാട്ടിലെ ബിജെപിയുടെ പ്രവര്‍ത്തനം സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയുടെ നേതൃത്വത്തില്‍ ഏറെ മുന്നോട്ടുപോകുന്നുണ്ടന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും എഐഡിഎംകെയുമായുള്ള സഖ്യപരീക്ഷണം പരാജയപ്പെട്ടത് ബിജെപിക്ക് ഇത്തവണ തിരിച്ചടിയായി. അണ്ണാധുരൈ എന്ന തമിഴ് രാഷ്ട്രീയ നേതാവിനെയും മുന്‍ മുഖ്യമന്ത്രി ജയലളിതയെയും അപമാനിച്ചുവെന്ന കാരണത്താലാണ് എഐഡിഎംകെ ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞത്. തിരഞ്ഞെടുപ്പ് ഫലത്തോടുകൂടി തമിഴ് ദ്രാവിഡ സംസ്‌കാരത്തിലേക്ക് കടന്നുകയറുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ബിജെപി ദേശീയ നേതൃത്വത്തിന് മനസ്സിലായിക്കാണും.
അണ്ണാമലൈ | PHOTO: FACEBOOK
ഡിഎംകെ തന്നെയാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രബലകക്ഷി എന്ന് ഈ തെരഞ്ഞെടുപ്പോടുകൂടി വ്യക്തമായിരിക്കുകയാണ്. തമിഴ്നാടിന്റെ സംഭവബഹുലമായ ദ്രാവിഡ രാഷ്ട്രീയത്തില്‍ ഏറെ നാളുകളായി നിലനിന്നിരുന്ന രണ്ടു രാഷ്ട്രീയ പാര്‍ട്ടികളുടെ വൈരത്തിനും രാഷ്ട്രീയപോരുകള്‍ക്കും നേതൃത്വം നല്‍കിയിരുന്ന കരുണാനിധിയുടെയും ജയലളിതയുടെയും മരണശേഷം തമിഴ് രാഷ്ട്രീയം ഏറെക്കുറെ ഡിഎംകെ ഒറ്റയ്ക്ക് തന്നെ മുന്നോട്ടുകൊണ്ടുപോകുന്ന നിലയാണ് 18-ാം പൊതുതിരഞ്ഞെടുപ്പിന്റെ ഫലവും വ്യക്തമാക്കുന്നത്. എന്നാല്‍ ബിജെപി യുടെ വളര്‍ച്ച കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കുന്നതല്ല.