TMJ
searchnav-menu
post-thumbnail

Outlook

അയ്യപ്പസംഗമം മതേതര സങ്കല്പത്തിന്റെ മരണമണി

04 Oct 2025   |   7 min Read
സണ്ണി എം കപിക്കാട്

ഗോള അയ്യപ്പ സംഗമവും കേരളത്തിന്റെ സാംസ്കാരിക മന്ത്രിയുടെ അമൃതാനന്ദമയി കേന്ദ്ര സന്ദർശനവും കേരളത്തിൽ വലിയ കോലാഹലങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ കോലാഹലങ്ങളിൽ പ്രധാനമായും മുഴച്ചു നിൽക്കുന്നത് ഇടതുപക്ഷത്തിൽ നിന്നും കേരളം ഇത് പ്രതീക്ഷിക്കുന്നില്ല എന്നതാണ്. ഇടതുപക്ഷമെന്നാൽ മൂല്യ സംരക്ഷകരും നവോത്ഥാന സംരക്ഷകരും മാനവിക സംരക്ഷകരുമാണ് എന്ന് കരുതുകയും അവർ അയ്യപ്പ സംഗമം നടത്തിയത് അനൗചിത്യമാണെന്ന് വിചാരിക്കുകയും ചെയ്യുന്ന നിഷ്കളങ്കർ ചരിത്രം മനസിലാക്കാത്തവരാണെന്ന് പറയാതെ വയ്യ. കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം ഒരു കാലത്തും ഏതെങ്കിലും തരത്തിലുള്ള മൂല്യ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തവരല്ല. സാധാരണ ഏത് രാഷ്ട്രീയ പാർട്ടിയെ പോലെയും അധികാരത്തിൽ വരാനും താൽപര്യങ്ങൾ സംരക്ഷിക്കാനും ശ്രമിച്ചിട്ടുള്ള ഒരു പാർട്ടി മാത്രമാണ് കേരളത്തിൽ സി പി ഐ എം. അതിനു വേണ്ടിയുള്ള എല്ലാ അടവുകളും തന്ത്രങ്ങളും അവർ പയറ്റിയിട്ടുമുണ്ട്. എന്നാൽ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും മുഖ്യധാരാ ബുദ്ധിജീവികളും പറഞ്ഞു പരത്തിയ വലിയ നുണകളിലൊന്നാണ് ഇടതുപക്ഷത്തിന്റെ പുരോഗമന സ്വഭാവം. ആ മുഖം മൂടി അഴിഞ്ഞുവീഴുന്ന സന്ദർഭങ്ങളാണ് ഇപ്പോൾ കേരളത്തിൽ ഉണ്ടായികൊണ്ടിരിക്കുന്നത്. 

യഥാർത്ഥത്തിൽ കേരളത്തിൽ നടന്ന ഈ സംഭവ വികാസങ്ങളെ അടുത്ത് നിന്ന് പരിശോധിക്കാനോ ചരിത്രപരമായി വിലയിരുത്താനോ കേരളം തയ്യാറാവുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ അയ്യപ്പ സംഗമത്തിൽ എത്രപേർ പങ്കെടുത്തുവെന്ന പൈങ്കിളി വിവാദത്തിലാണ് ഏർപ്പെട്ടുകൊണ്ടിരുന്നത്. അവിടെ എത്രപേർ പങ്കെടുത്തു പങ്കെടുത്തില്ല എന്നതല്ല, മറിച്ച് കേരളത്തിലെ ഗവൺമെന്റ് ഒരു അയ്യപ്പ സംഗമം നടത്തുമ്പോൾ അതിലൂടെ രൂപപ്പെടുന്ന പുതിയ സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷത്തെ ഗൗരവമായി വിശകലനം ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആ വഴിയുള്ള ആലോചനകൾ കേരളത്തിൽ നടക്കുന്നില്ല എന്നുതന്നെ പറയാം. കേരളത്തെ ഹിന്ദുത്വവൽക്കരിക്കാൻ പതിറ്റാണ്ടുകളായി സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നുണ്ടെങ്കിലും അവ പലപ്പോഴും ഒറ്റപ്പെട്ടതോ ശിഥിലമോ ആയിരുന്നു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതോടെയാണ് കേരളത്തിൽ ബിജെപി ഒരു രാഷ്ട്രീയ സാന്നിധ്യമായി പരിവർത്തനപ്പെടുന്നത്. കേരളത്തിൽ ഹിന്ദു ഭക്തജനങ്ങൾ എന്ന ഒരു വിഭാഗം ഒരു രാഷ്ട്രീയ ഗണമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സമകാലീനമായ സംഭവങ്ങൾ സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട കാര്യം.

ആഗോള അയ്യപ്പ സംഗമം | PHOTO: WIKI COMMONS
ഈ വിഭാഗത്തിന്റെ കാര്യങ്ങൾ ഏറ്റെടുക്കാനും അതിന് മുൻഗണന കൊടുക്കാനും കേരളം ഭരിക്കുന്ന ഗവൺമെന്റ് തയ്യാറാണെന്ന് തുറന്നു പ്രഖ്യാപിക്കുന്ന ഒരു സമ്മേളനമാണ് അയ്യപ്പ സംഗമം എന്ന പേരിൽ നടന്നത്. ശബരിമലയുടെ വികസനം നടക്കേണ്ടതില്ല എന്നല്ല പറയുന്നത്, ഭക്തജനങ്ങളുടെ കാര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതില്ല എന്നും അഭിപ്രായമില്ല. എന്നാൽ അത് ചെയ്യുന്നതിന് വേണ്ടിയാണ് കേരളത്തിൽ ഒരു ദേവസ്വം ബോർഡ് നിലനിൽക്കുന്നത്. അവർക്ക് അത് ചെയ്യാവുന്നതുമാണ്. എന്നാൽ കേരളത്തിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട, ഇന്ത്യൻ ഭരണഘടനയുടെ കീഴിൽ നിലവിൽ വന്ന ഒരു ഗവൺമെന്റ് ഒരു മത വിഭാഗത്തിന്റെ ഭക്തരെ മാത്രം സംരക്ഷിക്കുന്ന നടപടിക്രമങ്ങൾ സ്വീകരിക്കുന്നത് യഥാർത്ഥത്തിൽ ഭരണഘടനയോടുള്ള വെല്ലുവിളിയാണ് എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യൻ മതേതര സങ്കൽപ്പത്തിന്റെ മരണമണി മുഴക്കുക എന്ന ഉത്തരവാദിത്വമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ നിലവിൽ ഏറ്റെടുത്തിരിക്കുന്നത്. 

ഭക്തജനങ്ങൾ കേരളത്തിൽ പുതിയൊരു വിഭാഗം അല്ല. കേരളത്തിന്റെ ചരിത്രത്തിലെമ്പാടും ഈ ഭക്തജന സാന്നിധ്യം നമുക്ക് കാണാൻ കഴിയും. എന്നാൽ അതിൽ നിന്നും ഗുണപരമായി വ്യത്യസ്തമായ ഒരു രാഷ്ട്രീയ ഗണം എന്ന നിലയ്ക്കാണ് സമകാലീനമായി ഭക്തജനങ്ങൾ പ്രത്യക്ഷപ്പെടുന്നത് എന്നതാണ് നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം. ഇവിടെ നാം പരിശോധിക്കേണ്ട വിഷയം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായ വിവാദം എല്ലാവർക്കും ഓർമ്മയുള്ളതാണ്. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന വിധി പ്രഖ്യാപനം ഉണ്ടായതിനുശേഷം കേരളത്തിൽ നാമജപ ഘോഷയാത്ര എന്ന പേരിൽ നായർ സർവീസ് സൊസൈറ്റി വിശ്വാസികളുടെ വലിയൊരു പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുകയുണ്ടായി. നാം പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം ആർഎസ്എസോ ബിജെപിയോ ആയിരുന്നില്ല നാമജപ ഘോഷയാത്രയ്ക്ക് മുന്നിൽ, മറിച്ച് എൻഎസ്എസ് ആയിരുന്നു എന്നതാണ്. ശബരിമലയിലോ മറ്റേതെങ്കിലും പ്രധാനപ്പെട്ട ക്ഷേത്രത്തിലോ താന്ത്രികവിധി പ്രകാരം എന്തെങ്കിലും അധികാരമുള്ള വിഭാഗമല്ല കേരളത്തിലെ നായർ വിഭാഗം. എന്നിട്ടും ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും, അവിടെ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ലെന്നും, തന്ത്രികളുടെ അവകാശം ചോദ്യം ചെയ്യപ്പെടരുതെന്നും, പന്തളം രാജകൊട്ടാരത്തിന്റെ (അങ്ങനെയൊന്ന് ഉണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്) അധികാരം നിലനിൽക്കണമെന്നുമാണ് നാമജപ ഘോഷയാത്രക്കാർ കേരളത്തോട് പറഞ്ഞത്. ആചാര സംരക്ഷണത്തിന്റെ പുതിയ ഒരു അന്തരീക്ഷം കേരളത്തിൽ രൂപപ്പെടുകയായിരുന്നു. അതിന്റെ നിർവഹണ അധികാരം എൻഎസ്എസിനായിരുന്നു എന്നത് യാദൃശ്ചികം ആകാൻ തരമില്ല.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
ആധുനിക കേരളത്തിലെ സമ്പത്തും അധികാരവും കയ്യടക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിഭാഗമാണ് കേരളത്തിലെ നായർ വിഭാഗം. അത് സംരക്ഷിക്കുന്നതിനുള്ള സമകാലീനമായ ഏറ്റവും എളുപ്പമുള്ള വഴി എന്നത് ആചാര സംരക്ഷണം ആണെന്ന തിരിച്ചറിവാണ് നാമജപ ഘോഷയാത്രയിലേക്ക് ഇറങ്ങി പുറപ്പെടാൻ എൻഎസ്എസിനെ പ്രേരിപ്പിച്ചത്. അന്നവർ ഉയർത്തിയ മുദ്രാവാക്യത്തെ കേരളത്തിലെ ഗവൺമെന്റ് രണ്ട് കൈയും നീട്ടി സ്വീകരിച്ച് അംഗീകരിച്ചിരിക്കുന്നു എന്നതാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ സംഭവിച്ചിരിക്കുന്നത്. അതായത് ആചാര സംരക്ഷണം ഉറപ്പുവരുത്തുന്ന ഒരു സമൂഹത്തിൽ മാത്രമെ ജാത്യാധികാരത്തിന് പോറൽ ഏൽക്കാതെ നിലനിൽക്കാൻ കഴിയൂ എന്ന വ്യക്തമായ ബോധ്യമാണ് ഈ സാമുദായിക നീക്കത്തിന് പിന്നിലുള്ളത് എന്ന് നമ്മൾ മനസ്സിലാക്കണം. അത് കേരളത്തിന്റെ സമ്പത്തും അധികാരവും കൈപ്പിടിയിൽ ഒതുക്കുന്ന സംഘടിത സവർണ്ണ സമുദായങ്ങളുടെ നീക്കമായി മനസ്സിലാക്കി കേരളീയ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തെ മുന്നോട്ട് എടുക്കുവാൻ ആണ് ഗവൺമെന്റ് ശ്രമിക്കേണ്ടിയിരുന്നത്. എന്നു പറഞ്ഞാൽ കേരളത്തിലെ വിഭവങ്ങളിൽ, കേരളത്തിന്റെ അധികാരത്തിൽ എല്ലാ വിഭാഗങ്ങൾക്കും പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഒരു നിലപാട് സ്വീകരിക്കേണ്ടതിനു പകരം സ്വന്തം മന്ത്രിസഭയിൽ 50 ശതമാനത്തിലധികം നായർ സമുദായക്കാരെ ഉൾപ്പെടുത്തിയും നായർ സർവീസ് സൊസൈറ്റിയുടെ ആവശ്യങ്ങളെ നിരുപാധികം അംഗീകരിച്ചും ഹിന്ദുക്കളുടെ സംരക്ഷകർ ഞങ്ങളാണ് എന്ന് പ്രഖ്യാപിക്കുകയുമാണ് പിണറായി വിജയന്റെ സർക്കാർ ചെയ്തിരിക്കുന്നത്. ഇതുണ്ടാക്കുന്ന  ദൂരവ്യാപകമായ ഫലങ്ങളെ സംബന്ധിച്ച് ഇനിയും നമ്മുടെ മുൻപിൽ വ്യക്തതയില്ല.

ഒരു കാര്യം ഉറപ്പാണ് ബ്രാഹ്മണിക്കൽ പാട്രിയാർക്കിയുടെ തിരിച്ചുവരവ്, അത് പുന:സൃഷ്ടിക്കുന്ന അതിക്രമങ്ങളുടെ നോർമലൈസേഷനും കേരളത്തിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. കേരളത്തിലെത്തുന്ന ആർഎസ്എസ് നേതാക്കളെ കേരളത്തിന്റെ പൊലീസ് മേധാവി നേരിട്ട് പോയി കാണുക, കേരളത്തിൽ നടക്കുന്ന നിരവധിയായ എസ് സി, എസ്ടി അട്രോസിറ്റി കേസുകളിൽ കൃത്യമായ നിയമനടപടികൾ സ്വീകരിക്കാതിരിക്കുക, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളോടുള്ള അതിക്രമങ്ങൾ വ്യാപകവും ശക്തവുമായി മാറുക, സ്ത്രീകളോടുള്ള അതിക്രമങ്ങൾ സമാനമായ നിലയിൽ വർദ്ധിച്ചു വരിക തുടങ്ങി കേരളത്തിൽ ഹിന്ദുത്വവൽക്കരണം അതിശക്തമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനെ എല്ലാതരത്തിലും പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് പിണറായി വിജയന്റെ ഗവൺമെന്റും ദേവസ്വം ബോർഡും നടപ്പിലാക്കികൊണ്ടിരിക്കുന്നത്.

ആഗോള അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | PHOTO: WIKI COMMONS
ദേവസ്വം ബോർഡിന്റെ കൈയിലുള്ള ജോലികളിൽ 97 ശതമാനവും അമ്പലവാസി നായർ വിഭാഗങ്ങൾ കൈവശം വച്ചിരിക്കുന്ന സാഹചര്യത്തിലാണ് അവിടെ 10% സവർണ്ണ സംവരണം കൂടി നടപ്പിലാക്കാൻ ഈ ഗവൺമെന്റ് തയ്യാറായത് എന്ന് നമ്മൾ കാണണം. ദേവസ്വം ബോർഡ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സിംഹഭാഗം ഉദ്യോഗങ്ങൾ കൈവശം വച്ചിരിക്കുന്നത് നായർ വിഭാഗം ആണെന്നുള്ള വസ്തുത പുറത്തുവന്നിട്ടുണ്ട്. അവിടെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന തരത്തിൽ റിക്രൂട്ട്മെന്റ് നടത്തണമെന്ന് മുൻ പട്ടികജാതി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉത്തരവിട്ടെങ്കിലും അത് കേരളത്തിൽ നടപ്പിലായില്ല. അതിനുവേണ്ടി കോടതിയിൽ നടക്കുന്ന കേസിൽ ഗവൺമെന്റ് ചട്ടങ്ങൾ നിർമ്മിച്ച് ഹാജരാക്കുന്നില്ല. ഫലത്തിൽ രഹസ്യ വഴികളിലൂടെയും നിയമവിരുദ്ധമായ വഴികളിലൂടെയും സവർണാധികാരത്തെ സംരക്ഷിക്കുന്ന നടപടികളാണ് ഈ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ശബരിമലയിലെ തന്ത്രിയായി തന്നെ നിയമിക്കണമെന്ന് ഈഴവ വിഭാഗത്തിൽപ്പെട്ട ഒരു തന്ത്രി അപേക്ഷ സമർപ്പിച്ചപ്പോൾ താങ്കൾ ബ്രാഹ്മണൻ അല്ലാത്തതുകൊണ്ട് താങ്കളുടെ അപേക്ഷ തള്ളിക്കളഞ്ഞിരിക്കുന്നു എന്ന് മറുപടി കൊടുത്തത് ദേവസ്വം ബോർഡാണ് എന്നോർക്കണം.

ഡോക്ടർ പൽപ്പുവിന്റെ ജ്യേഷ്ഠനോട്, അദ്ദേഹം ഡിഗ്രി പാസായ ആളായിരുന്നു, അദ്ദേഹം സർക്കാർ ജോലിക്ക് അപേക്ഷിച്ചപ്പോൾ തിരുവിതാംകൂർ മഹാരാജാവ് കൊടുത്ത മറുപടി കുലത്തൊഴിൽ ചെയ്ത് ജീവിക്കാനാണ്. എന്നുപറഞ്ഞാൽ, തെങ്ങ് ചെത്തി, കള്ള് ചെത്തി ജീവിക്കണമെന്നാണ് ബി എ കാരനായ ഒരു ഈഴവനോട് മഹാരാജാവ് പറഞ്ഞത്. ഇതിൽ നിന്നും എന്തു വ്യത്യാസമാണ് ദേവസ്വം ബോർഡിന്റെ ഈ മറുപടിയിൽ ഉള്ളത് എന്നതിന് ഈ ഇടതുപക്ഷ ഗവൺമെന്റ് ഉത്തരം പറയാൻ ബാധ്യസ്ഥമാണ്. അങ്ങനെ ഏതുവിധത്തിൽ നോക്കിയാലും ജാതിയെയും ജാത്യാധികാരത്തെയും സംരക്ഷിക്കുകയും എല്ലാ അവസരങ്ങളും അവർക്കു മുന്നിൽ തുറന്നിടുകയും ജാതിവ്യവസ്ഥയാൽ അവഗണിക്കപ്പെട്ട വിഭാഗങ്ങളെ വീണ്ടും അവഗണനയിലേക്ക് തള്ളിയിടുകയും ചെയ്യുന്ന നയം തന്നെയാണ് ഇടതുപക്ഷവും നടപ്പിലാക്കുന്നത് എന്നതിൽ തർക്കത്തിന് അവകാശമില്ല. 

REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഇവിടെ പരിഗണിക്കപ്പെടേണ്ട മറ്റൊരു കാര്യം ആഗോള അയ്യപ്പ സംഗമത്തിന് ശേഷം കേരളത്തിന്റെ സാംസ്കാരിക മന്ത്രി മാതാ അമൃതാനന്ദമയിയെ പോയി കാണുകയുണ്ടായി. അതും വിവാദമായിരിക്കുകയാണ്. യഥാർത്ഥത്തിൽ ഹിന്ദു അജണ്ട ഏറ്റെടുത്ത ഒരു ഗവൺമെന്റ് പിന്നെ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്. അവർ സ്വാഭാവികമായി എത്തിച്ചേരുന്ന ഒരു സ്ഥലമാണ് അമൃതാനന്ദമയി മഠം, അതല്ലാതെ അത് അവരുടെ കൗശലമായി കാണേണ്ടതില്ല. മാത്രമല്ല അവർ ഹിന്ദുത്വ സംരക്ഷണം ഏറ്റെടുക്കുന്നു എന്ന ധാരണയിൽ അതിനെ ശക്തിപ്പെടുത്താൻ മുസ്ലിം സമുദായത്തിനെതിരായ വർഗീയ വിദ്വേഷം പരത്തുന്ന പ്രസ്താവനകൾ ഇടതുപക്ഷ നേതാക്കൾ നിരന്തരം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നു എന്നതും നമ്മൾ കാണാതിരുന്നു കൂടാ.

അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയോടൊപ്പം എത്തിച്ചേർന്നത് കേരളത്തിലെ മുസ്ലീങ്ങളെ കഴിഞ്ഞ കുറെയേറെ വർഷങ്ങളായി നിരന്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അവർക്കെതിരെ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശൻ ആണ് എന്നതും യാദൃശ്ചികമായി നാം കാണേണ്ടതില്ല. ഈ നിലയിൽ ഒരു മുസ്ലിം വിരോധം ആളിക്കത്തിച്ചും ഹിന്ദു ഭക്തരുടെ വക്താക്കളാണ് തങ്ങൾ എന്ന് സ്ഥാപിച്ചും കേരളത്തിൽ രാഷ്ട്രീയ വിജയം നേടാം എന്നാണ് പിണറായി വിജയനും കൂട്ടരും ആഗ്രഹിക്കുന്നത്. ഒരുപക്ഷേ അടിയന്തരമായ ഒരു വിജയം അവർക്ക് ഉണ്ടായാൽ തന്നെയും കേരളത്തെ ഇരുട്ടിലേക്ക് ചവിട്ടി താഴ്ത്തിയവർ എന്നതായിരിക്കും ചരിത്രത്തിൽ അവർക്കുണ്ടാകാൻ പോകുന്ന സ്ഥാനം. കാരണം ആധുനിക കേരളം നിർമ്മിക്കപ്പെട്ടത് ആചാരപരിഷ്കരണങ്ങളിലൂടെയും ആചാര നിഷേധങ്ങളിലൂടെയും ജാതിവിരുദ്ധ പോരാട്ടങ്ങളിലൂടെയുമാണ് എന്നത് പിണറായി വിജയനും കൂട്ടരും മറന്നുപോയിരിക്കുന്നു. അങ്ങനെ രൂപപ്പെട്ട കേരളത്തിൽ ആചാരങ്ങളെ തിരിച്ചുകൊണ്ടുവരുവാനും ജാത്യാധികാരത്തെ നിലനിർത്താനും പരിശ്രമിക്കുന്നു എന്നതാണ് ഈ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട രാഷ്ട്രീയ അപകടം. കേരളത്തിന്റെ സമ്പത്തിലോ അധികാരത്തിലോ ഒരു പങ്കാളിത്തവും ഇല്ലാതെ ദീർഘകാലമായി പുറത്തുനിൽക്കേണ്ടി വന്ന ജനതകളെ രാഷ്ട്രീയമായി അംഗീകരിക്കേണ്ടതിന് പകരം, അവരെ രാഷ്ട്രീയപരമായി ഉൾകൊള്ളേണ്ടതിന് പകരം, ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അവരെ ഭരണത്തിന്റെ ഭാഗമാക്കി മാറ്റേണ്ടതിന് പകരം ഭക്തജനങ്ങൾ എന്ന പേരിൽ തെരുവിൽ വന്ന ആൾക്കൂട്ടത്തെ ഒരു രാഷ്ട്രീയ ഗണമായി സ്വീകരിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത് എന്നതാണ് അവർ ചെയ്യുന്ന രാഷ്ട്രീയ കുറ്റകൃത്യം.

വെള്ളാപ്പള്ളി നടേശനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ  | PHOTO: WIKI COMMONS
ആ നിലയ്ക്ക് കേരളത്തിൽ ഇപ്പോൾ അരങ്ങേറുന്ന ഹിന്ദുത്വ പ്രീണനത്തിന്റെ രാഷ്ട്രീയം, അതിന്റെ പതാകവാഹകർ ഇടതുപക്ഷം ആയി മാറിയിരിക്കുന്നു എന്നതാണ് നാം കാണേണ്ടത്. ഇതിന് ദീർഘമായ ഒരു ചരിത്രവും ഉണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും ജാതിവ്യവസ്ഥ എന്ന സംവിധാനത്തെ സമഗ്രമായി മനസ്സിലാക്കാനോ അതിനെ മറികടന്ന് മുന്നോട്ടുപോകാനുള്ള പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കാനോ അവർക്ക് കഴിഞ്ഞിരുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ജാതീയ പീഡനങ്ങൾക്കെതിരെ എവിടെയെങ്കിലുമൊക്കെ സമരങ്ങൾ അവർ നടത്തിയിട്ടുണ്ടാവും. എന്നാൽ ഇന്ത്യയിലെ മനുഷ്യരുടെ വ്യക്തി സാമൂഹ്യ ജീവിതത്തെ പരുവപ്പെടുത്തുകയും നിയന്ത്രിക്കുകയും മുന്നോട്ടെടുക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥ എന്ന നിലയ്ക്ക്, ഇന്ത്യയിലെ അധികാരഘടനയെ നിർണായകമായും സ്വാധീനിക്കുന്ന ഒരു വ്യവസ്ഥ എന്ന നിലയ്ക്ക്, ഇന്ത്യയിലെ മനുഷ്യരുടെ ധാർമിക ജീവിതത്തെ നിർണായകമായി സ്വാധീനിക്കുന്ന ഒരു വ്യവസ്ഥ എന്ന നിലയ്ക്ക്, ശ്രേണീകൃതമായ ജാതിവ്യവസ്ഥയെ മനസ്സിലാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല എന്നത് ഒരു ദുരന്തമായി പരിണമിക്കുകയാണ് ഇപ്പോൾ. അതുകൊണ്ടുതന്നെ അവരുടെ ആശിർവാദത്തോടെ കേരളത്തിൽ നടന്ന ഭരണ നടപടികൾ ഒന്ന് കണ്ണോടിച്ചാൽ ഈ സവർണാധികാരം എങ്ങനെയാണ് തിരിച്ചു വരുന്നത് എന്ന് നമുക്ക് വ്യക്തമായി കാണാൻ കഴിയും. അതിലൊന്ന് കേരളത്തിലെ ഭൂപരിഷ്കരണ നടപടികളാണ്. 57ൽ ആരംഭിച്ച് 1970ൽ നടപ്പിലാക്കിയ ഭൂപരിഷ്കരണം ആർക്കാണ് ഭൂമി നൽകിയത് എന്നും ആരൊക്കെയാണ് ഭൂമിയുടെ ഉടമസ്ഥതയിൽ നിന്ന് പുറത്തുപോകേണ്ടി വന്നതെന്നും കൂടുതൽ വിശദീകരിക്കാതെ തന്നെ കേരളത്തിന് മനസ്സിലാകുന്ന കാര്യമാണ്. ആ ഭൂപരിഷ്കരണത്തിന്റെ ബാക്കിപത്രം എന്ന നിലയിൽ അമ്പതിനായിരത്തിൽ അധികം ദളിത് കോളനികളാണ് കേരളത്തിലുള്ളത് എന്ന യാഥാർത്ഥ്യം ഇന്ന് വെളിപ്പെട്ടിട്ടുണ്ട്.

ഭൂമിയുടെ ഉടമസ്ഥത സവർണ്ണ ജാതികളിലേക്കും മധ്യമ ജാതികളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ ഭൂമിയിൽ യഥാർത്ഥത്തിൽ പണിയെടുത്തവർ ഭൂ അവകാശത്തിൽ നിന്നും നിയമപരമായി തന്നെ പുറത്താക്കപ്പെടുകയായിരുന്നു. അതിന്റെ ആത്യന്തികമായ ഫലമായി 10, 5, 3 സെന്റിലേക്ക് കുടിയിറക്കപ്പെട്ട ഒരു ജനതയായി അവർ പരിണമിക്കുകയായിരുന്നു. വിവാദമായ വിദ്യാഭ്യാസ ബില്ല്, മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ല്, വിപ്ലവകരമായ ഉള്ളടക്കം ഉണ്ട് എന്ന് കേരളം ഘോഷിച്ച വിദ്യാഭ്യാസ ബില്ലിന്റെ പരിണതി, 7 മേഖലയിലെ നിയമനങ്ങൾ പിഎസ്സിക്ക് വിടണം എന്ന നിർദ്ദേശം അടക്കം  ഉണ്ടായിരുന്ന ബില്ലിന്റെ പരിണതി 1972ലെ ഡയറക്റ്റ് പേ സിസ്റ്റം എന്ന പുതിയൊരു  നിയമനിർമ്മാണത്തിലൂടെ സെറ്റിൽ ആകുമ്പോൾ എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് ശമ്പളം കൊടുക്കാനുള്ള ഉത്തരവാദിത്വം ഗവൺമെന്റിനും അധ്യാപകരെ നിയമിക്കാനുള്ള അവകാശം മാനേജ്മെന്റിനും  തീറെഴുതിയ ഒരു ചരിത്രമാണ് കേരളത്തിലുള്ളത് എന്നത് മറന്നുകൂടാ. ഇങ്ങനെ ഏത് രീതിയിൽ നോക്കിയാലും ആദിവാസികൾ ദീർഘകാലമായി കൃഷിഭൂമിക്ക് വേണ്ടി നടത്തിയ സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനും ഭൂമി വിതരണം ചെയ്യാതിരിക്കാനുമാണ് കേരളം ഭരിക്കുന്നവർ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. എന്നാൽ വൻകിട കോർപ്പറേറ്റുകൾക്ക് ഒറ്റരാത്രികൊണ്ട് ഏക്കർ കണക്കിന് ഭൂമി തീറെഴുതാൻ അവർക്ക് മടിയേതുമില്ല.

കേരളത്തിൽ കൊട്ടിഘോഷിക്കപ്പെട്ട അതിവേഗ റെയിൽവേ, അതിന്റെ സർവ്വേ നടക്കുന്ന സമയത്ത് ഇടതുപക്ഷത്തിന്റെ യുവജന സംഘടനക്കാരാണ് നാട്ടിൻപുറങ്ങളിൽ അതിന് തടസ്സമായി നിൽക്കുന്ന വീടുകളെ കടന്നാക്രമിച്ചത് എന്നതിന്റെ നിരവധി തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഇവർ എന്ത് തരം സോഷ്യലിസം നിർമ്മിക്കുവാനാണ് ശ്രമിക്കുന്നത്. ഫലത്തിൽ കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്നതിൽ മുൻകൈയെടുക്കുന്ന ഒരു മുന്നണി കൂടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന് തന്നെ പറയേണ്ടിവരും. ഈ ആദർശവൽക്കരണം കൊണ്ടും അതിഭാവുകത്വം നിറഞ്ഞ പോരാട്ടകഥകൾ കൊണ്ടും മറച്ചു വയ്ക്കാവുന്നതല്ല ചരിത്രം എന്ന് മനസ്സിലാക്കണം. കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും ഭക്തജനങ്ങളുടെ സംരക്ഷണം പരമപ്രധാനമായി എടുത്തുകൊണ്ട് മത്സരിക്കുമ്പോൾ ബഹുജനങ്ങൾക്ക് പുതിയൊരു വഴി കണ്ടെത്തേണ്ടി വരും. പിണറായി വിജയൻ മുന്നോട്ടുവയ്ക്കുന്ന ഭഗവത്ഗീതയുടെ ആഖ്യാനമോ മന്ത്രി വി എൻ വാസവൻ കോരിതരിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ വചനങ്ങളോ അതിന് ബാധകമാകില്ല. മറിച്ച് ഇന്ത്യയെ നവീകരിക്കാൻ, ഇന്ത്യയെ മനുഷ്യവാസയോഗ്യമാക്കി മാറ്റാൻ പോരാടിയ, അതിന്റെ ജ്ഞാനാന്വേഷണങ്ങളിൽ ഏർപ്പെട്ട വലിയൊരു ചരിത്രം ഇന്ത്യയ്ക്കുണ്ട് എന്ന തിരിച്ചറിവിലാണ് ബഹുജനങ്ങൾക്ക് പുതിയ വഴി കണ്ടെത്താനാവുക. അതിന് വലിയ മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്ന ഒരു ശക്തിയായിട്ടാണ് ഇടതുപക്ഷം പരിണമിച്ചിരിക്കുന്നത് എന്ന സത്യമാണ് മലയാളികൾ മനസ്സിലാക്കേണ്ടത്.

#outlook
Leave a comment