TMJ
searchnav-menu
post-thumbnail

Outlook

കൊല്‍ക്കത്തയുടെ നഗ്‌നപാദ ചരിത്രകാരന്‍

20 Jun 2024   |   2 min Read
രാജീവ് ചേലനാട്ട്

ചരിത്രത്തെ നിങ്ങള്‍ എങ്ങനെ കാണുന്നു, എങ്ങനെ രേഖപ്പെടുത്തുന്നു എന്നത് വലിയൊരു ചോദ്യമാണ്. ഉത്പാദനോപാധികളുടേയും ബന്ധങ്ങളുടേയും കാലഗണനാപ്രകാരമുള്ള ക്രമമായ വികാസത്തിന്റെ അവതരണമാണ് ചരിത്രമെന്ന് കൊസാംബി, 'ഇന്ത്യാചരിത്ര പഠനത്തിനൊരു മുഖവുരയില്‍' പ്രഥമാദ്ധ്യായത്തിലെ രണ്ടാമത്തെ ഖണ്ഡികയില്‍ത്തന്നെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളത് ഓര്‍ക്കാവുന്നതാണ്. ചരിത്രത്തെ വ്യക്തികളുടെ ചരിത്രമായി അവതരിപ്പിക്കുന്ന യാഥാസ്ഥിതികവും അശാസ്ത്രീയവുമായ ചരിത്രരചനാ സമ്പ്രദായത്തില്‍നിന്നുള്ള ഒരു വലിയ വിടുതലാണത്.

റൊമീലാ ഥാപ്പറും, ഡി.എന്‍.ഝായും, കെ.എന്‍. പണിക്കരുമൊക്കെ ചരിത്രത്തെ ആ വിധത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചവരാണ്. അതില്‍നിന്ന് അല്പം വ്യതിചലിച്ചിട്ടാണെങ്കില്‍ത്തന്നെയും നാടിന്റെ ചരിത്രത്തെ ജനങ്ങളുടെ ചരിത്രവുമായി ചേര്‍ത്തുവെച്ചുകൊണ്ടുള്ള ചരിത്രരചനാരീതിയായിരുന്നു, ഈയിടെ നമ്മെ വിട്ടുപോയ പി. തങ്കപ്പന്‍ നായര്‍ എന്ന, കൊല്‍ക്കത്തയുടെ നഗ്‌നപാദ ചരിത്രകാരന്‍ അവലംബിച്ചത്. കൊല്‍ക്കത്തയിലെ തെരുവുകളെക്കുറിച്ച്, ആ മഹാനഗരിയില്‍ ജീവിച്ചിരുന്ന കെടാവിളക്കുകളെക്കുറിച്ച്, അതിന്റെ ക്രമസമാധാന-നീതിപാലന സംവിധാനത്തെക്കുറിച്ച്, ആ നാട്ടില്‍ വന്ന് വേരുറപ്പിച്ച ജനസമുദായങ്ങളെക്കുറിച്ച്, ചരിത്രപ്രാധാന്യമുള്ള നാള്‍വഴികളെക്കുറിച്ച്, അങ്ങനെയങ്ങനെ, ഒരു നഗരത്തിന്റെ, ഒരു ഭൂഭാഗത്തിന്റെ സര്‍വ്വതലസ്പര്‍ശിയായ ചരിത്രമാണ് തങ്കപ്പന്‍ നായര്‍ രേഖപ്പെടുത്തിയത്. അമ്പതിലേറെ കൊല്ലക്കാലം നീണ്ട ചരിത്രാന്വേഷണം.

അത് അദ്ദേഹം ചെയ്തത്, നിരന്തരമായ അന്വേഷണങ്ങളിലൂടെയും, വായനയിലൂടെയും, നിത്യസഞ്ചാരങ്ങളിലൂടെയുമായിരുന്നു. ബംഗാളിന്റെ ഓരോ തെരുവുകളും, കെട്ടിടങ്ങളും, അവയുടെ സ്ഥലനാമചരിത്രവും പ്രാധാന്യവും ഹൃദിസ്ഥമായിരുന്നു ആ മലയാളിക്ക്. 

P. THANKAPPAN NAIR | PHOTO : FACEBOOK
ആ അറിവുകള്‍ മുഴുവന്‍ അദ്ദേഹം രേഖപ്പെടുത്തുകയും, പട്ടികപ്പെടുത്തുകയും ചെയ്തു. കംപ്യൂട്ടറുകളുടെ ഈ ആധുനികലോകത്തും, തന്റെ പഴയ റെമിംഗ്ടണ്‍ ടൈപ്പ്റൈറ്റര്‍ മാത്രം ഉപയോഗിച്ചുകൊണ്ട്, ഭവാനിപൂരിലെ കന്‍സിപാരയിലെ തന്റെ ഇരുമുറി വീട്ടിലിരുന്നുകൊണ്ട്. കൊല്‍ക്കത്തയുടെ ചരിത്രമറിയാന്‍ ജിജ്ഞാസുക്കളായി വരാറുണ്ടായിരുന്നവര്‍ക്ക് എന്നും ആ മനുഷ്യന്‍ പ്രാപ്യനുമായിരുന്നു. അതില്‍ തരിമ്പുപോലും മടിയോ മടുപ്പോ അദ്ദേഹം കാണിച്ചിരുന്നതുമില്ല.

ഈ മനുഷ്യന്റെ വിജ്ഞാനസപര്യയെക്കുറിച്ച് പണ്ട് ബ്ലോഗില്‍ എഴുതിയിരുന്നു. 1984-85 കാലഘട്ടത്തില്‍, പത്രപ്രവര്‍ത്തനം പഠിച്ചുകൊണ്ടിരുന്ന നാളില്‍, കൊല്‍ക്കത്തയിലെ മലയാളികളെക്കുറിച്ച് ഒരു പ്രോജക്ട് ചെയ്യേണ്ടിവന്നപ്പോള്‍ സമീപിച്ചത് ഇദ്ദേഹത്തെയായിരുന്നു. വിവരങ്ങളെല്ലാം കിട്ടിയെങ്കിലും, തങ്കപ്പന്‍ നായരെന്ന മനുഷ്യനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ചോദിക്കാന്‍ ഞാന്‍ വിട്ടുപോയിരുന്നു.

PHOTO : FACEBOOK
പിറ്റേന്ന് അതിരാവിലെ അദ്ദേഹം, ബന്ധുക്കളോടൊപ്പം ഞാന്‍ താമസിച്ചിരുന്ന വീട് കണ്ടുപിടിച്ച് അവിടെയെത്തി. ഒരു പത്രപ്രവര്‍ത്തകന്‍ തന്റെ സ്രോതസ്സുകളെക്കുറിച്ചുള്ള എന്തെല്ലാം വിശദാംശങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണമോ, അതെല്ലാം, അക്കമിട്ട് നിരത്തി, ചോദ്യാവലി രൂപത്തില്‍ ഭംഗിയായി ഒരു കടലാസ്സില്‍ ടൈപ്പ് ചെയ്തിട്ടായിരുന്നു അന്നത്തെ ആ വരവ്. പത്രപ്രവര്‍ത്തനരംഗത്തേക്കൊന്നും പിന്നീട് പോകാനായില്ലെങ്കിലും, ആ പാഠം ഉള്ളില്‍പ്പതിയുകതന്നെ ചെയ്തു. കെ.ആര്‍. മീരയുടെ 'ആരാച്ചാര്‍' ലും പിന്നീട്, അദ്ദേഹത്തെ ഒരു നോക്ക് കണ്ടു.

കൊല്‍ക്കത്തയില്‍നിന്ന് മടങ്ങിയെത്തി, ചേന്ദമംഗലത്ത് താമസമാക്കി എന്നറിഞ്ഞ്, ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അദ്ദേഹത്തെ വിളിച്ചു. ഓര്‍മ്മകള്‍ തെളിഞ്ഞും മങ്ങിയും കത്തുകയാണെന്ന് സംസാരത്തില്‍നിന്ന് മനസ്സിലായി. അധികം സംസാരിക്കാന്‍ ശക്തിയില്ലാതെ ആ കഠിനാദ്ധ്വാനി വിഷമിക്കുന്നത് ഫോണിലൂടെ മനസ്സിലായി. അദ്ദേഹത്തിന്റെ ഭാര്യയാണ് വിശേഷങ്ങളെല്ലാം പറഞ്ഞുതന്നത്. ചെല്ലാമെന്ന് വാക്കും കൊടുത്തതാണ്. നടന്നില്ല. മഹാനായ ചരിത്രകാരന് ആദരപൂര്‍വ്വം വിട.




#outlook
Leave a comment