TMJ
searchnav-menu
post-thumbnail

Outlook

എന്ന ബാശെറ്റ് എന്ന കവിതെ

08 Apr 2023   |   5 min Read
മിസ്‌രിയ ചന്ദ്രോത്ത്

മലയാളമാണ് വിദ്യാഭ്യാസകാലയളവിൽ മാതൃഭാഷ എന്ന രീതിയിൽ പഠിച്ചത്, ധന്യയുടെ ബിരുദാനന്തര ബിരുദവും മലയാളത്തിലായിരുന്നു, അത്തരമൊരു സാഹചര്യത്തിൽ നിന്ന് ഗോത്രഭാഷയിൽ കവിതകൾ എഴുതിത്തുടങ്ങിയതിന്റെ കാരണം എന്താണ്?

ഗോത്രഭാഷയിലുള്ള എഴുത്ത് വലിയൊരു തിരിച്ചറിവിൽ നിന്നുണ്ടായതാണ്. മലയാളം പഠിച്ചുകൊണ്ടിരുന്ന അക്കാലമത്രയും അതായിരുന്നു എന്റെ മാതൃഭാഷ എന്നാണ് മനസ്സിൽ പതിഞ്ഞ് പോയിരുന്നത്. മലയാളം എന്റെ രണ്ടാം ഭാഷയാണ് എന്നുള്ള ചിന്തയൊന്നും അന്നുണ്ടായിരുന്നില്ല. വീട്ടിലും നാട്ടിലും എന്റെ ചുറ്റുപ്പാടിൽ നിന്നും ഞാൻ കേൾക്കുന്ന ഭാഷ എന്തോ വ്യത്യസ്തമായിരിക്കുന്നു എന്ന് മനസ്സിലായിരുന്നു. പക്ഷേ, ആ ഭാഷ സംസാരിക്കാൻ പലപ്പോഴും ഞാൻ താല്പര്യപ്പെട്ടില്ല. കാരണം മാതൃഭാഷയിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ പൊതുവിടങ്ങളിൽ നിന്ന് പലരും പലതരം കളിയാക്കലുകൾക്ക് ഇരയാകുന്നതു കാണാനും അനുഭവിക്കാനും കഴിഞ്ഞു. അത് ആ ഭാഷയിൽ നിന്നും എന്നെ മാറ്റിനിർത്തുന്നതിന് കാരണമായി. ബോധപൂർവം സംസാരിക്കാതെ മാറി നിന്നപ്പോൾ മലയാളത്തിൽ തന്നെയായി പിന്നെയങ്ങോട്ടുള്ള ആശയവിനിമയം. മലയാളം എന്റെ ഇഷ്ട വിഷയമായി മാറി. കഥയും കവിതയുമൊക്കെ കേൾക്കാൻ ഒരുപാട് ഇഷ്ടം തോന്നി. പഠനത്തിന്റെ ഭാഗമായി പല സാഹിത്യ രചനകളും പഠിക്കേണ്ടതായി വന്നപ്പോൾ അതിലെ ഭാഷാപ്രയോഗം ഏറെ കൗതുകമുണർത്തി. പ്രത്യേകിച്ചും നാട്ടുഭാഷാ പ്രയോഗങ്ങൾ. അങ്ങനെ മലയാള സർവകലാശാലയിലെ പഠനകാലത്ത് മാതൃഭാഷയായ മലയാളത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സെമിനാറുകൾ, ചർച്ചകൾ, ഒക്കെ ഒരുപാട് ചിന്തിപ്പിച്ചു. സാഹിത്യരചന വിദ്യാർത്ഥിയായിരുന്ന എനിക്ക് എഴുത്തുകാരിയാവുക എന്ന സ്വപ്നമുണ്ടായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ ചർച്ചകളിൽ എഴുത്തുകാർ, രചനകൾ, എഴുത്ത് സാമഗ്രികൾ എല്ലാമുണ്ടായിരുന്നു. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അൻവർ മാഷിന്റ (ഡോ. അൻവർ അബ്ദുള്ള) ചിന്തകൾ എല്ലാം എന്നെ തൊട്ടു. ഡെസറ്റേഷന്റെ ഭാഗമായി ഞങ്ങൾക്ക് ഒരു സാഹിത്യകൃതി സമർപ്പിക്കണമായിരുന്നു. സ്വന്തമായൊരു പുസ്തകം എന്ന സ്വപ്നത്തിന് നിറങ്ങൾ നൽകിയത് അശോക് മാഷാണ് 'ഈ കലാലയത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ നിങ്ങളുടെ നെഞ്ചോട് ചേർത്തുപിടിക്കാൻ നിങ്ങളുടെ ഒരമൂല്യകൃതിയുണ്ടാകും' എന്ന് പറഞ്ഞത് ഒരുതരം ഊർജമായിരുന്നു. ഭാവിയിൽ ഞാനൊരു എഴുത്തുകാരിയാകുമോ? എന്റേതായി ഒരു പുസ്തകം ഉണ്ടാകുമോ എന്നുള്ള ഉറപ്പൊന്നും ഇല്ലാത്തതുകൊണ്ട് ഈ പുസ്തകം എന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു. എന്റെ ജന്മഭാഷയായ ഗോത്രഭാഷയിൽ അന്ന് ഞാൻ ഒരു കവിതാസമാഹാരം ഡെസറ്റേഷന്റെ ഭാഗമായി ചെയ്തത്. കാരണം മലയാളം നേരിടുന്നതിനേക്കാൾ വലിയ പ്രതിസന്ധിയാണ് എന്റെ ജന്മ ഭാഷ നേരിടുന്നത് എന്ന് ബോധ്യമായി. തലമുറകൾ കഴിഞ്ഞാൽ ഞങ്ങളുടെ കാതുകളിൽ പതിയാൻ ആ ഭാഷ ഉണ്ടാവുകയില്ല. കാരണം വ്യവഹാരഭാഷയെന്ന നിലയിൽ ആ ഭാഷ ഉപയോഗിക്കുന്നതിൽ കുറവ് സംഭവിച്ചു. കേട്ടാൽ തിരിച്ചറിവുണ്ടായി. ഭാഷാ പഠിതാവെന്ന നിലയിൽ ഗോത്രഭാഷ സംരക്ഷിക്കണം എന്ന ചിന്തയുണ്ടായി. അതിന് എനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന ആലോചന കൊണ്ടെത്തിച്ചത് ഭാഷയെ അടയാളപ്പെടുത്തുക എന്നതിലേക്കാണ്. ആ ശ്രമമാണ് സാഹിത്യരചന ക്ലാസ്സിൽ നിന്ന് ഞാൻ തയ്യാറാക്കിയ കവിതാസമാഹാരം. എന്റെ ഗോത്ര ഭാഷയിലുള്ള തുടക്കം അങ്ങനെയാണ്.


ധന്യ വേങ്ങച്ചേരി

കേരളത്തിൽ ഇന്നുള്ള ഗോത്രഭാഷയ്ക്കൊന്നും തന്നെ ലിപിയില്ല. അതുകൊണ്ടുതന്നെ ഭാഷ നഷ്ടപ്പെടാതെ നിലനിർത്തുക എന്നത് വളരെ എളുപ്പമുള്ള കാര്യമല്ല. ഒരെഴുത്തുകാരി എന്ന നിലയിൽ ഈ പരിമിതിയെ മറികടക്കാൻ ശ്രമിക്കുന്നത് എങ്ങനെയാണ്?


കേരളത്തിലെ ഗോത്ര ഭാഷകൾക്കൊന്നും തന്നെ ലിപിയില്ല. അതത് ഗോത്രത്തിനകത്ത് വാമൊഴിയിലൂടെ മാത്രം നിലനിൽക്കുന്ന ഗോത്രഭാഷകൾ സംരക്ഷിക്കപ്പെട്ടിരുന്നത് ആദിവാസികളുടെ പരമ്പരാഗത ജീവിതരീതിയിലൂടെ ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. പുതുതലമുറകളുടെ സംസാരത്തിലൂടെ അത് പഴയപടി ആകണം എന്നാഗ്രഹിക്കുന്നുണ്ട്. ഗോത്രഭാഷയിലുള്ള എഴുത്ത് ഒരു തരത്തിലുള്ള ഡോക്യുമെന്റേഷനാണ്. ഗോത്രഭാഷയെ ഏറെകുറെ മലയാള ഭാഷ വിഴുങ്ങി എന്നു വേണം പറയാൻ. മലയാള പദങ്ങൾക്ക് സമാനമായ പല പദങ്ങളും ഗോത്രഭാഷയിൽ പകർത്താൻ കഴിയാത്ത അവസ്ഥയുണ്ട്. ഗോത്രഭാഷയിലുള്ള ജ്ഞാനം വർദ്ധിപ്പിക്കാൻ ഞങ്ങളുടെ മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും പക്കൽ നിന്നും പരമ്പരാഗതമായ പാട്ടുകൾ, കഥകൾ എന്നിവ ശേഖരിച്ചു വെക്കാറുണ്ട്. 

കേരളത്തിൽ എത്ര തരം ഗോത്രഭാഷകളാണ് ഉള്ളത്, അവ പരസ്പരം ഏതൊക്കെ തരത്തിലാണ് സമാനവും വ്യത്യസ്തവുമാകുന്നത്?


കേരളത്തിൽ മുപ്പത്താറോളം ഗോത്രവിഭാഗങ്ങളാണ് ഉള്ളത്. അവർക്കെല്ലാം തനതായ ഗോത്ര ഭാഷകളും  ഉണ്ട്. ഒട്ടുമിക്ക ഗോത്രഭാഷകൾക്കും കൃത്യമായ പേരുകളില്ല. അവ അതത് ഗോത്രത്തിന്റെ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. ഉദാഹരണം പണിയ ഭാഷ, ഇരുള ഭാഷ, മലവേട്ടുവ ഭാഷ, കൊറഗ ഭാഷ, മുള്ളുക്കുറുമ ഭാഷ, മുതുവാൻ ഭാഷ അങ്ങനെ. എന്നാൽ ഗോത്രത്തിനകത്ത് ഗോത്രവിഭാഗക്കാർ തങ്ങളുടെ ഭാഷയെ കുറിക്കാൻ ചില നാമങ്ങളും ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് കാണിക്കാർ അവരുടെ ഭാഷയെ മലമ്പാഷ എന്നാണ് പറയുന്നത്. അതുപോലെ തന്നെ മലവേടർ തങ്ങളുടെ ഭാഷയെ ചാതിപ്പാണി എന്നും പറയാറുണ്ട്. തമിഴ്, കന്നട, തുളു, മലയാളം എന്നീ ഭാഷകളുടെയൊക്കെ സ്വാധീനം ഏറെകുറെ എല്ലാ വിഭാഗങ്ങളുടെയും ഗോത്ര ഭാഷകളിൽ പ്രകടമാണ്. ആദിവാസികളുടെ ജീവിതരീതി സമാനമാണ്. വ്യത്യസ്തമായ ആചാര അനുഷ്ഠാനങ്ങളും ജീവിതരീതിയും ഒക്കെ പിന്തുടരുന്നവരാണ്. ഇത്തരം ചില ആചാരാനുഷ്ഠാനങ്ങളൊക്കെ തന്നെയും പരിപാലിക്കപ്പെടുന്നത് ഗോത്ര ഭാഷകളിലൂടെയാണ് എന്ന് മനസ്സിലാക്കാം.

സ്വന്തം അനുഭവ പരിസരങ്ങളിൽ നിന്നാണ് മിക്കപ്പോഴും കവിതകൾ ഉണ്ടാവുന്നത്. ജീവിത ചുറ്റുപാടുകൾ കവിതയെ ഏതൊക്കെ തരത്തിലാണ് സ്വാധീനിച്ചിട്ടുള്ളത്?

എന്റെ എഴുത്തിനെ ഞാൻ ജീവിക്കുന്ന ചുറ്റുപാട് ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നത് അച്ഛച്ഛനും, കല്ലളൻ വല്യച്ഛനും, നാട്ടിലെ മുത്തശ്ശിമാരും ഒക്കെ പറഞ്ഞു തന്ന കഥകളേയും പാട്ടുകളേയും കുറിച്ചാണ്. ഈ കഥകളും പാട്ടുകളും ഒക്കെ അവരുടെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നും ഉണ്ടായതാണ്. ഒരാദിവാസി ആയതുകൊണ്ട് അടിമ ജീവിതം ജീവിക്കേണ്ടി വന്നതിനെ കുറിച്ച്, കാട്ടിൽ വേട്ടയാടാൻ പോയതിനെ കുറിച്ച്, കിഴങ്ങുകളും മരുന്നുകളും കാട്ടുവള്ളികളും ശേഖരിക്കുന്നതിനെ കുറിച്ച്, കൃഷി ചെയ്യുന്നതിനെ കുറിച്ച്, കൊട്ടയോ വട്ടിയോ ഉണ്ടാക്കുന്നതിനെ കുറിച്ച്, അങ്ങനെ ഓരോന്നിനും പാട്ടുകളോ കഥകളോ ഉണ്ടാകും. അത്തരം അനുഭവങ്ങൾ ഭാഷയിലൂടെ പകർന്നു കിട്ടിയപ്പോൾ അവയെ ഞാൻ എന്റെ കവിതയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. മുതിർന്നവരുടെയൊക്കെ അനുഭവങ്ങളിൽ നിന്ന് അവർ ജീവിച്ച പരിസരങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ നാം അനുഭവിക്കുന്ന ഒരു നനവുണ്ട്.  ഇന്നലെയുടെയും ഇന്നിന്റെയും ഒരു സംഘർഷം. പഴയ കാലമാണെങ്കിലും പുതിയ കാലത്തോട് സംവദിക്കുന്ന എഴുത്തുകൾ. അങ്ങനെ വാമൊഴി പാരമ്പര്യത്തിലൂടെ രൂപപ്പെട്ടുവന്നവയാണ് എന്റെ ഗോത്രഭാഷാ കവിതകൾ.



ഗോത്രഭാഷയിൽ എഴുതുന്ന, ഗോത്രവിഭാഗത്തിൽ നിന്നുതന്നെയുള്ള ആളുകളുടെ ഏതെങ്കിലും തരത്തിലുളള എഴുത്തു കൂട്ടായ്മകൾ ഉണ്ടോ, ഉണ്ടെങ്കിൽ ഗോത്രഭാഷയുടെ പ്രാധാന്യവും പ്രാതിനിധ്യവും നിലനിർത്തുന്നതിനു വേണ്ടി എന്തൊക്കെ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്?

ഗോത്രവിഭാഗത്തിലുള്ള ആളുകളുടെ കൂട്ടായ്മകൾ എന്നതിനെക്കുറിച്ച് കൃത്യമായ അറിവില്ല. എങ്കിലും എല്ലാവർക്കും ആശയവിനിമയം നടത്താൻ പറ്റുന്ന തരത്തിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ട്. അവയിൽ ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രാതിനിധ്യത്തെക്കുറിച്ചുള്ള സംസാരങ്ങൾ ഉണ്ടാകാറുണ്ട്. ബ്രണ്ണൻ കോളേജ് മലയാള വിഭാഗത്തിലെ അധ്യാപകനായ ഡോ. സന്തോഷ് മാനിച്ചേരി മാഷിന്റെ കൈരളി ഗവേഷണ പുരസ്‌കാര പഠനവുമായി ബന്ധപ്പെട്ട് ഗോത്രവർഗ വിഭാഗത്തിലുള്ള എഴുത്തുകാരുടെ രചനകൾ പുസ്തകരൂപത്തിൽ ലഭ്യമാകുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ഗോത്രഭാഷയിൽ എഴുതുമ്പോൾ/വരമൊഴിയിൽ ഗോത്രഭാഷ എഴുതുമ്പോൾ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാമാണ്.

ഗോത്ര ഭാഷയിൽ എഴുതുമ്പോൾ അവയുടെ വിവർത്തനവും എഴുത്തും പല പ്രതിസന്ധികളും നേരിടാറുണ്ട്. പ്രധാനമായും ഗോത്രഭാഷയിൽ നിന്നും മലയാളത്തിലേക്കും തിരിച്ചും പരിഭാഷ ചെയ്യുമ്പോൾ അനുയോജ്യമായ പദങ്ങൾ ലഭ്യമല്ല. അത്തരം സന്ദർഭങ്ങളിൽ ചിലപ്പോൾ ഗോത്രഭാഷാ കവിതകൾ ശക്തവും അവയുടെ വിവർത്തനം ദുർബലവുമായി തോന്നും. അങ്ങനെ വരുമ്പോൾ പുതിയ പദങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം നടത്താറുണ്ട്. മറ്റൊന്ന് ഏറെ പ്രധാനപ്പെട്ടത് ഗോത്രഭാഷയെ പൂർണമായും ഉൾക്കൊള്ളുന്ന തരത്തിൽ ഉള്ള മലയാള ലിപി സമ്പ്രദായമല്ല നിലവിൽ ഉള്ളത് എന്നതാണ്. മലയാളത്തിൽ ഒപ്പിച്ചെഴുതുകയും കവിതാ വായനയിൽ അവ പൂർത്തിയാക്കാനുമാണ് കഴിയാറുള്ളത്.

വായനക്കാരും എഴുത്തുകാരും ഗോത്രഭാഷാ കവിതകളോട് കാണിക്കുന്ന സമീപനം എത്തരത്തിലുള്ളതാണ്?

ഗോത്രഭാഷ കവികളോടും കവിതകളോടും പലതരത്തിലുള്ള മനോഭാവം വച്ചുപുലർത്തുന്നവരുണ്ട്. ഒരു കൂട്ടർ ഗോത്രഭാഷ കവികളെയും കവിതകളെയും സ്വീകരിക്കുന്നുണ്ട്. മലയാളനാട് എന്ന ചിന്താഗതിയിൽ നാം മാറ്റം വരുത്തേണ്ടതുണ്ട്. കാരണം കേരളം മലയാളത്തിന്റെ മാത്രം നാടല്ലയെന്നും 36 ഓളം ഗോത്ര ഭാഷകളും മറ്റനേകം ഉപഭാഷകളും ഉൾക്കൊള്ളുന്നതാണ് ഈ നാട് എന്നുള്ളതാണ്. നാമിതു വരെ പിന്തുടർന്ന മുഖ്യധാരാ സാഹിത്യം പോലെ വായിക്കേണ്ടതല്ല ഗോത്ര എഴുത്തുകൾ എന്ന് പറയുന്നവരുമുണ്ട്. മറ്റൊരുകൂട്ടർ ഗോത്ര കവിതയെ നിരസിക്കുന്നു. വായനക്കാരന് അത്തരം സ്വാതന്ത്ര്യവും താല്പര്യങ്ങളുമുണ്ട്. എന്നാൽ പലപ്പോഴും അത് അനാരോഗ്യകരമായിട്ട് അനുഭവപ്പെട്ടിട്ടുണ്ട്. ഒരു കവി സുഹൃത്തിനെ പൊതുയിടത്തിൽ  ഇവനേത് ഗോത്ര കവി എന്ന നിലയിൽ അവഹേളിച്ചിട്ടുണ്ട്. ഒരാദിവാസി ആയതുകൊണ്ട് മാത്രമാണ് ചിലർ അത്തരം സമീപനം വെച്ചുപുലർത്തുന്നത്. മറ്റൊന്ന് ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരാളുടെ പ്രസ്താവനയാണ്. ഗോത്ര കവികൾ ആനകളാണെന്നായിരുന്നു അത്. നാം എന്താണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ഇത്തരം അനുഭവങ്ങൾ നമുക്കു തരുന്ന പാഠം ആദിവാസികളോട് ഉള്ള സമീപനത്തിൽ ഇനിയും മാറ്റമുണ്ടാകേണ്ടതുണ്ട് എന്നാണ്.

ഗോത്രകവിത എന്ന പുസ്തകത്തെക്കുറിച്ചും അതുണ്ടാകാൻ ഇടയായ സാഹചര്യങ്ങളെക്കുറിച്ചും അതിലൂടെ പറഞ്ഞുവെക്കുന്ന രാഷ്ട്രീയത്തെ പറ്റിയും വിശദീകരിക്കാമോ? 

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഗോത്ര കവിതാസമാഹാരം കേരളത്തിലെ വ്യത്യസ്ത ഗോത്രങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെ ശബ്ദങ്ങൾ ഇരമ്പുന്ന ഒരു പുസ്തകമാണ്. നാളതുവരെ ഒറ്റ തിരിഞ്ഞുള്ള ഒച്ചകളാണ് കേട്ടുകൊണ്ടിരുന്നത്. എന്നാൽ ഗോത്ര കവിതാസമാഹാരത്തിന്റെ വരവോടെ കുറേയധികം വൈവിധ്യങ്ങൾ നമുക്ക് മുന്നിൽ തെളിഞ്ഞു. പൊതു സമൂഹത്തിനന്യമായ ജീവിത പശ്ചാത്തലവും ഭാഷയും വന്യതയും സംസ്‌കാരവും കൊണ്ട് അവ നമ്മളെ അമ്പരപ്പിച്ചു. ഗോത്രസമൂഹത്തിൽ നിന്നും കവിതകളിലൂടെ ഉയർന്നു കേൾക്കുന്ന കുറെയധികം ചോദ്യങ്ങൾ നമ്മളെ ചിന്തിപ്പിച്ചു. അവ ഗോത്ര ജീവിതത്തിന്റെയും വ്യക്തമായ നിലപാടുകളുടെയും രാഷ്ട്രീയമാണ് ഉയർത്തുന്നത്.  ഗോത്ര കവിതാ പുസ്തകം പുറത്തുവരുന്നതിനു മുമ്പ് പട്ടാമ്പി കവിതാ കാർണിവലിൽ ഗോത്ര കവിതാ സെക്ഷനുകൾ കവി രാമൻ മാഷിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ആ കാർണിവൽ ചരിത്ര പ്രാധാന്യം അർഹിക്കുന്നതാണ്. ഗോത്ര കവിതാസമാഹാരത്തിനും രാമൻ മാഷും, എം.ബി മനോജ് മാഷും, ആദിൽ മഠത്തിലും നൽകിയ പിന്തുണ വളരെ വലുതാണ്. കിർത്താഡ്സ് വകുപ്പും ഗോത്ര വർഗ മേഖലയിൽ നിന്നുള്ള എഴുത്തുകാർക്ക് സാഹിത്യ ക്യാമ്പുകളും, കെ എൽ എഫ് പോലുള്ള വേദികളിൽ അവസരവും നൽകി. കൂടാതെ ഭാഷാപോഷിണിയിലും ദേശാഭിമാനിയിലും ഗോത്ര എഴുത്തുകാരേയും എഴുത്തുകളെയും പരിചയപ്പെടുത്തുന്ന ലക്കം പുറത്തുവന്നിരുന്നു. ഇത്തരം സ്വീകാര്യത ഗോത്ര കവിതകൾ സജീവമായി വരുന്നതിന് ഒരു കാരണമായി എന്നാണ് ഞാൻ കരുതുന്നത്.

അശോകൻ മറയൂർ, സുകുമാരൻ ചാലിഗദ്ധ തുടങ്ങിയ ഗോത്രഭാഷയിൽ തന്നെ കവിതകളെഴുതുന്ന സഹ എഴുത്തുകാരുടെ കൃതികളെ ഒരു വായനക്കാരി എന്ന നിലയിൽ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഓരോ ഗോത്ര ഭാഷാ കവിതയും ഓരോ ജൈവ പ്രപഞ്ചത്തെയാണ് തുറന്നുവെക്കുന്നത്. നമുക്ക് പരിചിതമല്ലാത്ത നമ്മുടെ കാഴ്ചയ്ക്കും കേൾവിക്കും അനുഭവവേദ്യമാകാത്ത പലതിനെയും അനുഭവിപ്പിക്കുന്നു. റാവുള ഭാഷയിൽ കവിതകൾ എഴുതുന്ന സുകുമാരൻ ചാലിഗദ്ധയുടെ കവിതകൾ അത്തരത്തിലുള്ളതാണ്. കാടിന്റെയും പുഴയുടെയും മൃഗങ്ങളുടെയുമെല്ലാം സമ്മേളനമാണ്. ഒത്തുചേർന്ന ജീവിതത്തിന്റെ പകർത്തെഴുത്താണ് ചാലിഗദ്ധ കവിതകൾ - മുഴങ്ങി കേൾക്കുന്ന ശബ്ദ പ്രപഞ്ചം എന്നു കൂടി പറയാം. പക്വതയാർന്ന തെളിഞ്ഞ എഴുത്താണ് കവി അശോകൻ മറയൂരിന്റേത്. ആത്മസംഘർഷങ്ങളുടെ തുറന്നെഴുത്ത്. കാഴ്ചകളെല്ലാം അടക്കം ചെയ്ത കവിതകൾ.


#outlook
Leave a comment