ബംഗാള്‍ ഡയറി
'ബംഗാളില്‍ നിന്നും ഒരു വാര്‍ത്തയുമില്ല' എന്ന കവിതയിലെ വരികള്‍ ഇപ്പോള്‍ ആരും ഓര്‍ക്കുന്നുണ്ടാവില്ല. പ്രതീക്ഷയും, അടിച്ചമര്‍ത്തലും, ചെറുത്തുനില്‍പ്പുമെല്ലാം നിറഞ്ഞ ബംഗാളിലെ രാഷ്ട്രീയം വിദൂരമായ ഓര്‍മ്മ മാത്രമായി മാറിയിരിക്കുന്നു. നൂറ്റാണ്ടുകളായി പറഞ്ഞുകേട്ട ബംഗാള്‍ നവോത്ഥാനത്തിന്റെ എതിര്‍ദിശയിലാണ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം. പുതിയ സ്ഥലനാമങ്ങള്‍ അതിന്റെ ചിഹ്നങ്ങള്‍ ആവുന്നു.
സന്ദേശ് ഖാലിയാണ് ഏറ്റവും പുതിയ ചിഹ്നം. സിന്‍ഗൂരിനും, നന്ദിഗ്രാമിനും ശേഷമുള്ള സ്ഥലനാമ ചിഹ്നങ്ങള്‍ ഒരുപക്ഷേ ഇനിയും ഉയര്‍ന്നു വരുമായിരിക്കും. നന്ദിഗ്രാമും സിന്‍ഗൂരും സിപിഎം ന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണിയുടെ അധികാരകുത്തക അവസാനിപ്പിച്ചുവെങ്കില്‍ സന്ദേശ് ഖാലി പോലുള്ള പുതിയ സ്ഥലനാമങ്ങള്‍ മമ്ത ബാനര്‍ജിയെന്ന ഒറ്റയാള്‍ പട്ടാളം നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മേധാവിത്തം അവസാനിപ്പിക്കുമോ എന്ന ചോദ്യമാണ് ഇത്തവണ ബംഗാള്‍ ഉയര്‍ത്തുന്നത്.
റേഷന്‍ വിതരണത്തിലെ ക്രമക്കേട് പരിശോധിക്കാനായി നോര്‍ത്ത് 24 പര്‍ ഗാന ജില്ലയിലെ സന്ദേശ് ഖാലിയിലേക്ക് വന്ന ഇ ഡി ഉദ്യോഗസ്ഥരെ തൃണമൂല്‍പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചതിലൂടെയാണ് സന്ദേശ് ഖാലി പൊതു ശ്രദ്ധയിലേക്കെത്തുന്നത്. അതിന് ശേഷമാണ് ഷാജഹാന്‍ ഷെയ്ഖ് എന്ന തൃണമൂല്‍ നേതാവിനെതിരെ ആ നാട്ടുകാര്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ഭൂമി കയേറ്റത്തിനുമെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നത്. അത് സന്ദേശ് ഖാലിയില്‍ വലിയ തോതിലുള്ള അക്രമങ്ങള്‍ക്കും തുടര്‍ന്ന് 144 പ്രഖ്യാപിക്കേണ്ട സാഹചര്യത്തിനും കാരണമായി. പ്രധാനമന്ത്രിയും ദേശീയ വനിതാ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടെങ്കിലും 144 ലംഘിച്ച് വേഷപ്രച്ഛന്നയായി സമരാനുകൂലികള്‍ക്കിടയിലേക്കെത്തിയ DYfI നേതാവ് മീനാക്ഷി മുഖര്‍ജിയുടെ സാന്നിധ്യമാണ് ഏറെ ശ്രദ്ധേയമായത്. തൃണമൂലിന്റെ മുന്നിലേക്ക് വന്ന ഒരു രാഷ്ട്രീയ തിരിച്ചടിയായിരുന്നു സന്ദേശ് ഖാലി. ഇനിയും നീണ്ടുനില്‍ക്കുന്ന ബംഗാളിലെ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കിടയില്‍ സന്ദേശ് ഖാലി കത്തുന്ന ഒരു വിഷയമായി തന്നെ ഉണ്ടാവും എന്നുറപ്പാണ്.
മീനാക്ഷി മുഖര്‍ജി | PHOTO: WIKI COMMONS
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടിയ ബിജെപി ഇക്കുറിയും ബംഗാളില്‍ വലിയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. 42 ലോക്സഭ സീറ്റുള്ള ബംഗാളിലെ സീറ്റ് നില ബിജെപി ക്കും അതുപോലെ ഇന്ത്യ മുന്നണിക്കും നിര്‍ണായകമാണ്. നരേന്ദ്ര മോദിയും അമിത് ഷായും ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇക്കുറിയും നേതൃത്വം നല്‍കും. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടപ്പിലാക്കിയ CAA നിയമവും ഏറ്റവും അധികം ചര്‍ച്ചയാവുന്ന ഒരു സംസ്ഥാനം കൂടിയാണ് ബംഗാള്‍. ബിജെപി അവകാശവാദമുന്നയിക്കുന്ന 400 സീറ്റ് എന്ന നിലയിലേക്കെത്തുവാന്‍ ബംഗാള്‍ നിര്‍ണായകമാണുതാനും. ഇത്തവണ ബംഗാളിന്റെ രാഷ്ട്രീയം അപ്രവചനീയമായ ഫലങ്ങള്‍ നല്‍കുമെന്നുറപ്പാണ്.
ഇടതുപക്ഷവും കോണ്‍ഗ്രസ്സും സഖ്യമായി മത്സരിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതൃത്വങ്ങള്‍ക്ക് താല്പര്യമാണെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം മമത ബാനര്‍ജിയുമായി ഇപ്പോഴും ഒരു സഖ്യസാധ്യതകളുള്ള വാതില്‍ തുറന്നുവെച്ചിട്ടുണ്ട്. സിപിഐ എം നു ബംഗാളില്‍ നിന്നും ഒരു സീറ്റെങ്കിലും ലഭിച്ചില്ലെങ്കില്‍ സിപിഐ എം ന്റെ ദേശീയ പാര്‍ട്ടി പദവിക്ക് തന്നെ ഭീഷണി നേരിടുന്ന അവസ്ഥയുണ്ട്. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും 11 സീറ്റ് നേടണമെന്ന സാഹചര്യത്തില്‍ കേരളത്തിനും തമിഴ്നാടിനും ശേഷം സിപിഐ എം നു പ്രതീക്ഷിക്കാവുന്ന ഒരു സീറ്റ് എന്നത് സിപിഐ എം സംസ്ഥാന സെക്രട്ടറി മൊഹമ്മദ് സലിം മത്സരിക്കുന്ന മുര്‍ഷിദബാദാണ്. ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമുന്നേറ്റം നടത്തി 2026 ല്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാവുക എന്നതാണ് ഇടതുപക്ഷ രാഷ്ട്രീയ നയങ്ങള്‍. എന്ത് തന്നെയായാലും ഇത്തവണ ബംഗാളിന്റെ തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമായിരിക്കും എന്നുറപ്പാണ്.
2007 മാര്‍ച്ച് 14, സമീപകാല ബംഗാളിന്റെ രാഷ്ട്രീയ ഭൂപടത്തിലെ നിര്‍ണ്ണായക ദിനമാണ്. നന്ദിഗ്രാം വ്യവസായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വെടിവെപ്പ് നടന്ന ദിവസം. 14 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും സിപിഎം ന്റെയും ഭാവി അന്ന് കുറിക്കപ്പെട്ടു. ഇന്റോനേഷ്യയിലെ സലിം ഗ്രൂപ്പിന് വ്യവസായം തുടങ്ങുന്നതിനായി 10,000 ഏക്കര്‍ ഭൂമി കണ്ടുവെച്ചത് നന്ദിഗ്രാമില്‍ ആയിരുന്നു. കൂടാതെ സിന്‍ഗൂരില്‍ നാനോ കാര്‍ ഫാക്ടറിക്കായി ടാറ്റക്ക് വേണ്ടി 992 ഏക്കര്‍ ഭൂമി ഏറ്റെടുക്കുവാനുള്ള തീരുമാനവും കടുത്ത എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നു.
മൊഹമ്മദ് സലിം | PHOTO: WKI COMMONS
കര്‍ഷക വിരുദ്ധ തീരുമാനങ്ങളും സംഘര്‍ഷങ്ങളെയും തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒരു പൊടി പോലും കണ്ടുപിടിക്കാനാവാത്ത വിധം ഇടതുപക്ഷത്തെ ബംഗാള്‍ ജനത അകറ്റി നിര്‍ത്തി. അങ്ങനെ 2011 ലെ നിയമസഭ തെരഞ്ഞെടുപ്പോടു കൂടി 34 കൊല്ലത്തെ ഭരണം സിപിഎമ്മിന് ബംഗാളില്‍ നഷ്ടപ്പെട്ടു. 2009 ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷത്തെ നിരാകരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ കണ്ടുതുടങ്ങിയത്. ബംഗാളില്‍ ആകെ 42 ലോക്സഭ സീറ്റാണുള്ളത്. 2009 ലെ ലോക്‌സഭ തെരഞ്ഞെടുപ്പോടു കൂടി 26 ലോക്‌സഭ സീറ്റ് ഉണ്ടായിരുന്ന സിപിഎം ബംഗാളില്‍ 9 സീറ്റിലേക്ക് ചുരുങ്ങി. 1998 ല്‍ മാത്രം രൂപീകൃതമായ തൃണമൂല്‍ കോണ്‍ഗ്രസ് 19 സീറ്റിലേക്ക് ആദ്യമായി ഉയര്‍ന്നു.
2011 ല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ബംഗാളില്‍ അധികാരം നഷ്ടമായി. 1998 ല്‍ കോണ്‍ഗ്രസില്‍ നിന്നും അടര്‍ന്ന് രൂപീകരിക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ്സ് ബംഗാളിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയായി മാറുന്ന രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെടുകയായിരുന്നു. രൂപീകൃതമായ സമയത്ത് NDA ഘടകകക്ഷിയായി വാജ്‌പേയ് ഗവണ്‍മെന്റിനെ പിന്തുണച്ച തൃണമൂല്‍ കോണ്‍ഗ്രസ് 2009 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെത്തിയപ്പോള്‍ കേന്ദ്രത്തില്‍ UPA II ഗവണ്‍മെന്റിനെ നയിക്കുന്ന കോണ്‍ഗ്രസ്സുമായി ചേര്‍ന്നാണ് മത്സരിച്ചത്. ആകെയുള്ള 294 നിയമസഭ സീറ്റില്‍ ആ സഖ്യം 226 സീറ്റുകള്‍ നേടി. തൃണമൂല്‍ കോണ്‍ഗ്രസ് 184 സീറ്റും കോണ്‍ഗ്രസ് 42 സീറ്റും നേടി ബംഗാളില്‍ അധികാരത്തില്‍ വന്നു. ഒരു കൊല്ലത്തിനകം തന്നെ ഈ സഖ്യം പിരിഞ്ഞു.
ബംഗാള്‍ രാഷ്ട്രീയത്തില്‍ പിന്നീട് ഇപ്പോളും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇടതുപക്ഷവും കോണ്‍ഗ്രസ്സും തമ്മിലുള്ള സഖ്യപരീക്ഷണങ്ങള്‍ തുടങ്ങുന്ന ഘട്ടം ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.
തൊട്ടുമുന്‍പ് 2006 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂലിന് 30 സീറ്റും കോണ്‍ഗ്രസിന് 21 സീറ്റുമാണ് ലഭിച്ചതെന്നും കാണേണ്ടതുണ്ട്. 34 കൊല്ലത്തെ ഭരണത്തിന് ശേഷം പടിയിറങ്ങിയ ഇടതുപക്ഷത്തിന് 62 സീറ്റാണ് ലഭിച്ചത്. സിപിഎമ്മിന് അതില്‍ 40 സീറ്റ് ലഭിച്ചു. 2006 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 227 സീറ്റായിരുന്നു ബംഗാളില്‍ ലഭിച്ചത്. അതില്‍ സിപിഎമ്മിനു മാത്രം 178 സീറ്റുകള്‍ ഉണ്ടായിരുന്നു എന്ന് കൂടി കണക്കാക്കുമ്പോഴാണ് ഇടതുപക്ഷത്തിന്റെ പതനത്തിന്റെ ആഴം വ്യക്തമാകുന്നത്. ആ തെരഞ്ഞെടുപ്പോടുകൂടി സിപിഎം ശക്തികേന്ദ്രങ്ങളായ ബംഗാളിന്റെ ഗ്രാമങ്ങളിലേക്ക് മമതയുടെ മുന്നേറ്റം പ്രകടമായിരുന്നു. 28 % ത്തോളം വരുന്ന ന്യൂനപക്ഷങ്ങളും മമതയ്ക്കൊപ്പമായിരുന്നു.
മമത ബാനര്‍ജി | PHOTO: FACEBOOK
2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മമത മാജിക് തന്നെയായിരുന്നു ബംഗാളില്‍ ഉണ്ടായിരുന്നത്. ആകെയുണ്ടായിരുന്ന 42 സീറ്റില്‍ 39.7% വോട്ട് വിഹിതത്തോടെ തൃണമൂല്‍ 34 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 4 സീറ്റും ബിജെപി 17% വോട്ട് വിഹിതത്തോടെ 2 സീറ്റും ആദ്യമായി നേടി. സിപിഎം കേവലം 2 സീറ്റിലേക്ക് ഒതുങ്ങി. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ 22 സീറ്റിലേക്ക് ഒതുങ്ങുകയും ബിജെപി 38.15% വോട്ട് വിഹിതത്തോടുകൂടി 18 സീറ്റ് നേടി വലിയ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ബാക്കി വരുന്ന രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് ജയിക്കുകയും, സിപിഐ എം ബംഗാളിന്റെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു.
ബംഗാളില്‍ മമത ബാനര്‍ജിക്ക് ഭരണം ഒട്ടും എളുപ്പമായിരുന്നില്ല. ബിജെപി കേന്ദ്രഭരണം അതിന്റെ എല്ലാ അധികാര കേന്ദ്രങ്ങളും ഉപയോഗിച്ചാണ് മമത ബാനര്‍ജിയെ നേരിട്ടത്. ശാരദ ചിട്ടി കുംഭകോണവും, നാരദാ സ്പൈ കാമറ സ്‌ക്യാം തുടങ്ങി മമത നേരിട്ട അഴിമതി ആരോപണങ്ങളും അതിനെ തുടര്‍ന്നുള്ള സിബിഐ, ഇ ഡി ഇടപെടലുകളും ഒരുവശത്ത് നടക്കുമ്പോള്‍ സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കുള്ള കൂട്ടമായ തിരിച്ചുപോക്ക് മുതല്‍ ബംഗാളിന്റെ ഗവര്‍ണറായിരുന്ന ധന്‍ ദീപ് ധന്‍കര്‍ ആയിട്ടുള്ള പോരാട്ടവും കൊണ്ട് സംഭവ ബഹുലമായ ഭരണകാലഘട്ടമായിരുന്നു അത്. ഇന്നും അത് മലയാളിയായ ഐ എ എസ് ഉദ്യോഗസ്ഥനും നിലവിലെ ഗവര്‍ണറുമായ ആനന്തബോസുമായും തുടരുന്നുണ്ട്. കൂടാതെ മമതയുടെ ശക്തി കേന്ദ്രങ്ങളായിരുന്ന തൃണമൂല്‍ നേതാക്കളെ ബിജെപി നേതൃത്വത്തില്‍ എത്തിക്കുന്ന അവസ്ഥ ബംഗാളില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. നന്ദിഗ്രാമില്‍ തൃണമൂല്‍ സമരങ്ങള്‍ നയിച്ച സുവേന്ദു അധികാരിയുടെ ബിജെപിയിലേക്കുള്ള കാലുമാറ്റം മുതല്‍ ബരഖ്പുര്‍ എംപി അര്‍ജുന്‍ സിംഗ് വരെയുള്ള മമതയുടെ വിശ്വസ്ഥര്‍ ഇന്നു ബിജെപി കേന്ദ്രത്തില്‍ ആണ്.
2021 ലെ നിയമസഭയില്‍ 4.73 % വോട്ട് വിഹിതം മാത്രമാണ് സിപിഎമ്മിനുള്ളത്. പിന്നീട് 2023 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് 14 % ത്തിലേക്ക് ഉയര്‍ത്താനായിട്ടുണ്ട്. ഇതിന്റെ കൂടെ രാഷ്ട്രീയമായി വായിക്കേണ്ടത് 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 38.15% വോട്ട് ഷെയര്‍ ഉണ്ടായിരുന്ന ബിജെപിയുടെ വോട്ട് ഷെയര്‍ 22.88% ലേക്ക് കുറഞ്ഞു എന്നുള്ളതാണ്. 2023 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 51 % വോട്ട് ഷെയറാണ് നേടാനായത്. 2021 ല്‍ നിയമസഭയില്‍ ബിജെപിക്ക് 77 സീറ്റുകള്‍ ലഭിച്ചപ്പോള്‍, 48% വോട്ട് വിഹിതം നേടി 2021 ല്‍ 215 എന്ന സീറ്റ് നില കൈവരിച്ചു. കേവലം 10 % വോട്ട് ഷെയറിന്റെ വ്യത്യാസം മാത്രമാണ് ബിജെപിയും തൃണമൂലും തമ്മിലുള്ളത്. എന്നാലും ദീദിയുടെ മിന്നുന്ന പ്രകടനമായിരുന്നു 2021 ല്‍ ബംഗാള്‍ കണ്ടത്.
REPRESENTATIVE IMAGE | WIKI COMMONS
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലുള്ള പ്രധാന പ്രതിസന്ധി ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന കാര്യത്തിലുള്ള അനിശ്ചിതത്വമായിരുന്നു. കോണ്‍ഗ്രസുമായി ഒരൊത്തുതീര്‍പ്പിനും മമത തയ്യാറായില്ല. ഏറ്റവും വലിയ ഒറ്റ കക്ഷിയാകുന്ന പ്രാദേശിക പാര്‍ട്ടിയാവുക വഴി ദേശീയ രാഷ്ട്രീയത്തില്‍ ഒരു പ്രധാന രാഷ്ട്രീയവ്യക്തിത്വമാവുക എന്ന രാഷ്ട്രീയ അജണ്ട മുന്‍ നിര്‍ത്തിയാണ് മമത കോണ്‍ഗ്രസ്സുമായി ഒരു നീക്കുപോക്കിനും തയ്യാറാവാത്തത്. ബംഗാള്‍ കോണ്‍ഗ്രസിന്റെ മുഖമായ അദീര്‍ രഞ്ജന്‍ ചൗധരിയുടെ ഭരംപുര്‍ മണ്ഡലത്തില്‍ യൂസഫ് പഥാന്‍ എന്ന ക്രിക്കറ്ററെയുമാണ് ഇക്കുറി മമത മത്സരരംഗത്തിറക്കിയിട്ടുള്ളത്. കോണ്‍ഗ്രസ് ഇതുവരെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തത് തൃണമൂല്‍ നേതൃത്വവുമായുള്ള സീറ്റ് ധാരണയ്ക്ക് ഇനിയും സാധ്യത തള്ളിക്കളയാത്തത് കൊണ്ടാണ് എന്നും വിശകലനങ്ങള്‍ വരുന്നു. എന്നാല്‍ ഇടതുകക്ഷികള്‍ അവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് സഖ്യധാരണയില്‍ ഇടതുപക്ഷം ഏറെ മുന്നിലാണ്. തൃണമൂലിനും ബിജെപിക്കുമെതിരെ തന്നെയാണ് തങ്ങളുടെ പോരാട്ടമെന്നും അതുതന്നെയാണ് ഇടതുപക്ഷത്തിന്റെ മുഖ്യ രാഷ്ട്രീയ അജണ്ട എന്നും വ്യക്തമാക്കിയിട്ടുണ്ട്. ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഒരുമിച്ചു പോരാടുന്ന സമീപകാല സംഭവങ്ങളും ബംഗാള്‍ രാഷ്ട്രീയത്തിന് ഇക്കുറി പരിചയമായിട്ടുണ്ട് എന്നും വിശകലനങ്ങള്‍ വരുന്നുണ്ട്.
മൊഹമ്മദ് സലീമിന്റെയും മീനാക്ഷി മുഖര്‍ജിയുടെയും നേതൃത്വത്തില്‍ സിപിഐ എം ഒരു മുന്നേറ്റം നടത്തിയിട്ടുണ്ട്. അതെത്ര കണ്ട് വോട്ടുകളായി പരിണമിക്കുമെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വരുന്ന വരെ കാത്തിരിക്കേണ്ടതുണ്ട്. നിലവില്‍ സംസ്ഥാന-കേന്ദ്ര ഭരണ സമരമുഖങ്ങളില്‍ സിപിഐ എം സജീവമാണ്. പാര്‍ട്ടി ഓഫീസുകള്‍ സജീവമാകുന്നുണ്ട് പലയിടങ്ങളിലും. 2018 ല്‍ DYFI സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റെടുത്ത മീനാക്ഷി മുഖര്‍ജിയാണ് ഇടതുപക്ഷത്തിന്റെ പുതിയ ജനകീയ മുഖമായി ബംഗാളില്‍ ഉയര്‍ന്നുവരുന്ന നേതാവ്. നന്ദിഗ്രാമില്‍ ഇടതുപക്ഷം കഴിഞ്ഞതവണ നിയമസഭ മത്സരത്തില്‍ മമത ബാനര്‍ജിക്കെതിരെ രംഗത്തിറക്കിയത് മീനാക്ഷി മുഖര്‍ജിയെയാണ്.
ഇന്‍സാഫ് റാലി
DYFI നേതാവ് മീനാക്ഷി മുഖര്‍ജിയുടെ നേതൃത്വത്തില്‍ 10 ലക്ഷം പേരെ ഉള്‍ക്കൊള്ളാനാവുന്ന കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ 2024 ജനുവരി 7 ന് DYFI സംഘടിപ്പിച്ച ഇന്‍സാഫ് റാലിയാണ് ബംഗാളില്‍ ഇടതുപക്ഷം തിരിച്ചുവരുന്നുവെന്ന വാര്‍ത്തകള്‍ക്ക് ശക്തിപകര്‍ന്നത്. അത് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ ഊര്‍ജമാണ് നല്‍കിയത്. 50 ദിവസം നീണ്ടുനിന്ന യാത്രയാണ് ബ്രിഗേഡ് ഗ്രൗണ്ടില്‍ അവസാനിച്ചത്. മീനാക്ഷി മുഖര്‍ജി നടത്തിയ പ്രസംഗങ്ങളില്‍ അന്നുന്നയിച്ചത് ഇടതുപക്ഷ മുന്നേറ്റം ഒരു 20-20 മത്സരം പോലെയല്ല ടെസ്റ്റ് മത്സരം പോലെ ദീര്‍ഘമായ ഒരു മത്സരമാണെന്നുള്ള യാഥാര്‍ത്ഥ്യം ഇടതുപക്ഷം ബംഗാളില്‍ തിരിച്ചറിയുന്നുണ്ട്, തൃണമൂലിന്റെ അക്രമ ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാനാണ് ഇടതുപക്ഷത്തിന്റെ ശ്രമങ്ങള്‍ എന്നാണ്.