TMJ
searchnav-menu
post-thumbnail

Outlook

മീഡിയ വണ്‍ വിധിക്കപ്പുറം: സംഘപരിവാര്‍ നീക്കങ്ങള്‍ക്ക് തിരിച്ചടി ഭരണഘടനയിലൂടെ

13 Apr 2023   |   7 min Read
ശ്യാം ദേവരാജ്

മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനപ്പുറം വിശാലമായ മാനങ്ങളുണ്ട് മീഡിയ വണ്‍ കേസിലെ സുപ്രീം കോടതി വിധിക്ക്. രാജ്യം ഭരിക്കുന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും വജ്രായുധമായ 'രാജ്യസുരക്ഷ' അവര്‍ ആഗ്രഹിക്കുംപോലെ എടുത്തുപയോഗിക്കാന്‍ ഇനി കഴിയില്ല. വാള്‍ ഉറയില്‍ നിന്നെടുക്കുമ്പോഴേക്കും വേട്ടക്കാര്‍ക്ക് ഒന്നുകൂടി ആലോചിക്കേണ്ടിവരും. സംഘപരിവാര്‍ ഭരണകൂടത്തിന്റെ നടപടികളെ ഭരണഘടനാപരമായിത്തന്നെ നേരിടാന്‍ കരുത്ത് പകരുന്നതാണ് വിധി.

മൗലികാവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറിയിട്ടും അതിരൂക്ഷ ഭാഷയിലുള്ള നാടകീയ വിമര്‍ശനങ്ങള്‍ വിധിയിലൂടെ കേന്ദ്ര സര്‍ക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നില്ല. എന്നാല്‍, മൗലികാവകാശങ്ങള്‍ക്ക് മേല്‍ ഭരണകൂടം കൈവയ്ക്കുമ്പോഴെല്ലാം സര്‍വ്വശക്തിയും സമാഹരിച്ച് എതിര്‍ക്കാന്‍ വിധി ഉപോല്ബലകമാകും. ലളിതമായ ഭാഷാ പ്രയോഗങ്ങളിലൂടെ സമഗ്രവും ശക്തവുമായാണ് കോടതി വിധി എഴുതിവച്ചത്. നൂലിഴകീറി പരിശോധിച്ചെഴുതിയ വിധിന്യായത്തെ മറികടക്കുക സമീപകാലത്ത് സംഭവ്യമല്ല. അത്രയ്ക്ക് ആധികാരികമായാണ് ഭരണഘടനാ തത്വങ്ങളെ സുപ്രീം കോടതി സംരക്ഷിച്ച് നിര്‍ത്തുന്നത്. മീഡിയ വണ്‍ കേസില്‍ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, സ്വാഭാവികനീതി തുടങ്ങിയവയ്ക്ക് അപ്പുറം വിധിന്യായത്തില്‍ പരിഗണനാ വിഷയമായത് എന്തൊക്കെയെന്നാണ് ലേഖനത്തിന്റെ രണ്ടാംഭാഗം പരിശോധിക്കുന്നത്.

വിസ്മൃതിയിലാകുന്ന 'മുദ്രവെച്ച കവര്‍'

സ്വാഭാവിക നീതി നല്‍കിയാല്‍ മാത്രം പോരാ, അത് ശരിയായി നന്നായി നല്‍കി എന്ന് കൂടി ഉറപ്പുവരുത്തണം. നടപടികളില്‍ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നത് ഏകപക്ഷീയതയും അഴിമതിയും ആണെന്ന് തോന്നിപ്പിക്കും. നിയമ വാഴ്ച നിര്‍വ്വചിക്കുന്നതിന് വിരുദ്ധമായ ഭരണമാതൃകയും ആണെന്ന് കരുതപ്പെടും. കേന്ദ്രം നിരാകരണ കാരണത്തിന്റെ സംക്ഷിപ്ത രൂപം പോലും നല്‍കിയില്ല. അത് നീതിയല്ലെന്ന് സ്ഥാപിക്കാന്‍ കമ്പനിക്ക് കഴിഞ്ഞുവെന്നാണ് വിധിന്യായം പറയുന്നത്.


സുപ്രീം കോടതി | Photo: PTI

മുദ്രവെച്ച കവറില്‍ ലഭിച്ച രേഖകള്‍ക്ക് മേല്‍ മനസ് വയ്ക്കാതെ തീരുമാനം മീഡിയ വണ്‍ കേസില്‍ കേരള ഹൈക്കോടതി എടുത്തു. രേഖകളുടെ ഉള്ളടക്കം കക്ഷിക്ക് നല്‍കണമെന്നാണ് സ്വാഭാവിക നീതിയെന്ന വ്യവസ്ഥാപിത തത്വം. തെളിവ് നിയമത്തിന്റെ 124 വകുപ്പ് അനുസരിച്ച് രഹസ്യ സ്വഭാവമുള്ള രേഖകള്‍ വിചാരണയുടെ പോലും ഭാഗമാക്കരുതെന്നാണ് നിയമം. 

എന്നാല്‍ ഇതിലൊരു എതിര്‍ പക്ഷമുണ്ട്. മുദ്രവെച്ച കവറില്‍ നല്‍കുന്ന രേഖകള്‍ അനുസരിച്ച് എതിര്‍കക്ഷിക്ക് രണ്ട് തരത്തില്‍ മുറിവേല്‍ക്കപ്പെടും. രേഖകള്‍ ബന്ധപ്പെട്ട കക്ഷിക്ക് ലഭിക്കാതിരിക്കുന്നതും ഇതേ രേഖകള്‍ അനുസരിച്ച് പ്രധാന കക്ഷി വാദം നടത്തുന്നതും. ഇത്തരം കേസുകളില്‍ ഏകപക്ഷീയ വാദത്തിനൊടുവിലാണ് കോടതി തീരുമാനത്തിലെത്തുന്നത്. ഇതില്‍ ബന്ധപ്പെട്ട കക്ഷിക്ക് രേഖകളിന്മേല്‍ വാദം ഉന്നയിക്കാന്‍ കഴിയില്ല. ഭരണഘടനയുടെ അനുച്ഛേദം 14, 21 (യഥാക്രമം തുല്യത, ജീവിക്കാനുള്ള അവകാശം) അനുസരിച്ച് കോടതിയുടെ പരിശോധന നിജപ്പെടുത്തും. കോടതിക്ക് ഇടപെടാനും വിധി പറയാനും കഴിയുന്നതില്‍ പരിമിതികള്‍ ഉയരും. 

മുദ്രവെച്ച കവര്‍ പരിഗണിച്ചുള്ള നടപടിക്രമങ്ങള്‍ അനുസരിച്ച് കോടതികളില്‍ നിന്ന് യുക്തിരഹിതമായ വിധി ഉയരും എന്നാണ് കനേഡിയന്‍ ഫെഡറല്‍ കോടതി 2007ല്‍ പറഞ്ഞ വിധി. മുദ്രവെച്ച കവര്‍ പരിഗണിച്ച് തീരുമാനമെടുക്കുന്നത് അനുചിതമാണെന്നാണ് 2022ലെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ തന്നെ വിധി. ഇത് നീതിനിര്‍വഹണ സംവിധാനത്തെയും ഓരോ കേസിലും പ്രതികൂലമായി ബാധിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നു. 


ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് | Photo: PTI
ഇന്ത്യന്‍ തെളിവ് നിയമം 124 വകുപ്പ് അനുസരിച്ച് ഘടനാപരമായ ആനുപാതിക നിലവാരം (Structured Proportionality Standard) കോടതികള്‍ പിന്തുടരണം. രേഖകള്‍ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെടുന്ന കക്ഷിക്കാണ്, എന്തുകൊണ്ട് രേഖ വെളിപ്പെടുത്തരുതെന്ന് തെളിയിക്കാനുള്ള ബാധ്യതയും. കോടതി ഇത്തരം ആവശ്യങ്ങളെ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതെ നീതിയുക്തമായി പരിശോധിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്നു.

അനുച്ഛേദം 145 അനുസരിച്ച് കോടതി നടപടികള്‍ നിയന്ത്രിക്കുന്നതിനായി ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന്  സുപ്രീം കോടതിക്ക് അധികാരമുണ്ട്. അതനുസരിച്ച് രൂപീകരിച്ചതാണ് 1966ലെ  സുപ്രീം കോടതി ചട്ടങ്ങള്‍. സീല്‍ഡ് കവര്‍ രേഖകളെ കുറിച്ച് ഈ ചട്ടങ്ങളില്‍ പറയുന്നില്ല. എന്നാല്‍ 2013ലെ സുപ്രീം കോടതി ചട്ടങ്ങളിലെ ഓര്‍ഡര്‍ പതിമൂന്ന് റൂള്‍ ഒന്ന് അനുസരിച്ച് എല്ലാ കക്ഷികള്‍ക്കും കോടതി രേഖകള്‍ കിട്ടാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ റൂള്‍ 7 അനുസരിച്ച് ചില ഇളവുകള്‍ ഉണ്ട്. രഹസ്യ സ്വഭാവമുള്ളതും പൊതുതാല്‍പര്യത്തിനും കോടതിയുടെയോ ചീഫ് ജസ്റ്റിസിന്റെയോ നിര്‍ദ്ദേശത്തിനും എതിരായ രേഖകളും കക്ഷികള്‍ക്ക് ലഭിക്കില്ല. 

മുദ്രവെച്ച കവര്‍ നടപടിക്രമം നിയമ നിര്‍മ്മാണസഭയുടെ നിര്‍മ്മിതിയല്ല, കോടതിയുടേതാണ്. സീല്‍ഡ് കവര്‍ നടപടിക്രമങ്ങള്‍ സ്വാഭാവിക നീതി, തുറന്ന നീതി (Open Justice) തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. പൊതുതാല്‍പര്യ പ്രതിരോധത്തേക്കാള്‍ വിനാശകരമാണ് മുദ്രവെച്ച കവര്‍ നടപടിക്രമം. രഹസ്യ രേഖകള്‍ കൈവശം വച്ചവര്‍ ഒരുഭാഗത്തും കോടതിയും എതിര്‍ കക്ഷികളും മറുഭാഗത്തും. ഈ പ്രത്യേക നീതിന്യായ സംവിധാനത്തിന് പരിമിതികളുണ്ട് എന്നാണ് Al Rawi v. The Security Service കേസില്‍ യുകെ സുപ്രീം കോടതി ജഡ്ജി ലോഡ് ഡൈസന്റെ വിധിന്യായം. 


ലോഡ് ഡൈസൻ | Photo: Wiki Commons
സുതാര്യമായ വിധിപ്രസ്താവത്തിന് രേഖകള്‍ അഭിഭാഷകന് മാത്രം നല്‍കി വാദം കേള്‍ക്കാമെന്നതാണ് ന്യൂസീലന്‍ഡ് ലോ കമ്മീഷന്‍ രാജ്യസുരക്ഷ സംബന്ധിച്ച വിവരങ്ങളിന്മേല്‍ നല്‍കിയ ശുപാര്‍ശ. ഈ വിധിന്യായങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ മുദ്രവെച്ച കവറില്‍ രഹസ്യങ്ങള്‍ വച്ച് ഇനിമേല്‍ കോടതികള്‍ക്ക് നല്‍കേണ്ടതില്ലെന്ന്  സുപ്രീം കോടതി വ്യക്തത വരുത്തുന്നു. മുദ്രവെച്ച കവറുകള്‍ സ്വീകരിച്ച് ഏകപക്ഷീയ വിധി പറയാനിരിക്കുന്ന കീഴ്‌ക്കോടതികള്‍ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശമാണ്  സുപ്രീം കോടതി നല്‍കുന്നത്.  സുപ്രീം കോടതി വിധിന്യായം പാലിക്കാന്‍ ഭരണഘടനയുടെ അനുച്ഛേദം 141 അനുസരിച്ച് രാജ്യത്തെ എല്ലാ കോടതികള്‍ക്കും ബാധ്യതയുണ്ട്. 

നടപടിക്രമങ്ങളിലെ വീഴ്ചയിന്മേല്‍ നീതിന്യായ പരിശോധന

രാജ്യത്ത് നിര്‍മ്മിക്കപ്പെടുന്ന ഏതൊരു നിയമവും ഭരണഘടനയുടെ അനുച്ഛേദം 13 അനുസരിച്ച് ഭരണഘടനാ കോടതികള്‍ക്ക് പരിശോധിക്കാം. അത്തരം നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമെങ്കില്‍ ഭരണഘടനാപരമായിത്തന്നെ നിലനില്‍ക്കുന്നതല്ല. നിയമ നിര്‍വ്വഹണ സംവിധാനത്തിന്റെ നടപടികള്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യാം. ഭരണകൂടത്തിന്റെ ഏകപക്ഷീയ നടപടികളില്‍ നിന്ന് സംരക്ഷണവും തുല്യതയും ഉറപ്പുനല്‍കുന്നതാണ് ഭരണഘടനുടെ അനുച്ഛേദം 14. യുക്തിവിരുദ്ധം, നിയമ വിരുദ്ധം, നടപടിക്രമങ്ങളിലെ വീഴ്ച എന്നിവയ്‌ക്കൊപ്പം നീതി വ്യവസ്ഥയുടെ പരിശോധനയ്ക്ക്  സുപ്രീം കോടതി ഒരു അടിസ്ഥാനം കൂടി മീഡിയ വണ്‍ വിധിയിലൂടെ കൂട്ടിച്ചേര്‍ക്കുന്നു. അനുപാത രഹിതമായ ഭരണകൂട നടപടികളും ഭരണഘടനാ കോടതികളുടെ പരിശോധനയ്ക്ക് വിധേയമാക്കാം.

സ്വാഭാവിക നീതിയുടെ ലംഘനമാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടികള്‍. മന്ത്രാലയം സ്വീകരിച്ച നടപടി പക്ഷപാതപരമാണെന്നും  സുപ്രീം കോടതി നിരീക്ഷിക്കുന്നു. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് അവരുടെ ഭാഗം പറയാനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. രാജ്യസുരക്ഷ പരിഗണനാ വിഷയമായാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാഭാവിക നീതി ലംഘിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. സ്വാഭാവിക നീതിയുടെ പരിധിയില്‍ രാജ്യസുരക്ഷ വരില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. സങ്കീര്‍ണ്ണമായ ഈ നിയമപ്രശ്‌നം എങ്ങനെ പരിഹരിക്കും എന്നാണ്  സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചത്.

ശരികാട്ടാന്‍ ഇതര രാജ്യങ്ങളിലെ വിധിന്യായങ്ങളും

സ്വാഭാവിക നീതിയുടെ ലംഘനം ഭരണഘടനാപരമായി സാധൂകരിക്കണം. അല്ലെങ്കില്‍ സ്വാഭാവിക നീതിയും ദേശസുരക്ഷയും സമീകരിച്ച് നിര്‍ത്താന്‍ കഴിയണമെന്നുമാണ്  സുപ്രീം കോടതി നിരീക്ഷണം. ഇങ്ങനെയൊരു സങ്കീര്‍ണ്ണത പരിഗണനാ വിഷയമാകുമ്പോള്‍ തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടാകും. സമാന സാഹചര്യത്തിലും ആശയത്തിലുമുള്ള രാജ്യത്തെ പരമോന്നത കോടതികളുടെ മുന്‍കാല വിധികള്‍ പരിശോധിക്കപ്പെടണം. ഈ രാജ്യത്തെ വിധികളില്‍ നിന്ന് ഉത്തരം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ വിദേശ രാജ്യങ്ങളില്‍ സമാന പരിഗണനാ വിഷയങ്ങളിന്മേല്‍ ആ രാജ്യത്തെ പരമോന്നത കോടതികള്‍ സ്വീകരിച്ച സമീപനങ്ങള്‍ താരതമ്യ പഠന വിധേയമാക്കണം. അത്തരമൊരു സൂക്ഷ്മ വിശകലനം  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ നടത്തി. അമേരിക്ക, കാനഡ, യുകെ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ നിയമ സംവിധാനങ്ങള്‍ സ്വീകരിച്ച ന്യായപ്രമാണങ്ങള്‍ താരതമ്യ പഠനത്തില്‍ പരിഗണിച്ചു. 


Photo: Wiki Commons
യുണൈറ്റഡ് കിംഗ്ഡത്തിലെ പരമോന്നത കോടതിയുടെ വിധിയാണ് സുപ്രീം കോടതി പരിഗണിച്ച വിദേശ വിധികളില്‍ പ്രധാനം. സ്വാഭാവിക നീതി ഉറപ്പായും പാലിക്കണം എന്നായിരുന്നു ചീഫ് കോണ്‍സ്റ്റബിള്‍ ഓഫ് നോര്‍ത്ത് വെയ്ല്‍സ് പൊലീസ് വെഴ്‌സസ് ഇവാന്‍സ് കേസില്‍ ഹൗസ് ഓഫ് ലോഡ്‌സിന്റെ വിധി. കോടതിയുടെ നടപടിക്രമങ്ങള്‍ സുതാര്യമായിരിക്കണമെന്ന് സുരീന്ദര്‍ സിംഗ് കന്ദ വെഴ്‌സസ് ഗവണ്‍മെന്റ് ഓഫ് മലായ (Surinder Singh Kanda v. Government of Malaya) കേസില്‍ മലേഷ്യന്‍ അപ്പീല്‍ കോടതി വ്യക്തതയോടെ വിധിച്ചിച്ചുണ്ട്. 

മുദ്രവെച്ച കവറിനെതിരായ കനേഡിയന്‍ ഫെഡറല്‍ കോടതി വിധി, Al Rawi v. The Security Service കേസില്‍ യുകെ  സുപ്രീം കോടതി ജഡ്ജി ലോഡ് ഡൈസന്റെ വിധിന്യായം, ന്യൂസീലന്‍ഡ് ലോ കമ്മീഷന്‍ രാജ്യസുരക്ഷ സംബന്ധിച്ച വിവരങ്ങളിന്മേല്‍ നല്‍കിയ ശുപാര്‍ശ എന്നിവ ഉള്‍പ്പടെ നിരവധി വിദേശ കോടതികളുടെ വിധിന്യായങ്ങളോ നിയമ കമ്മീഷന്‍ ശുപാര്‍ശകളോ മീഡിയ വണ്‍ കേസിലെ വിധിക്ക് കരുത്ത് പകരാന്‍  സുപ്രീം കോടതി ഉദ്ധരിക്കുന്നുണ്ട്. 

വിധി കേന്ദ്ര ഭരണകൂടത്തോട് പറയുന്നത്

ഏതൊരു ഭരണകൂട സ്ഥാപനവും എടുക്കുന്ന തീരുമാനത്തിന് സാധൂകരണം ഉണ്ടാകണം. മീഡിയ വണിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെയും തീരുമാനത്തെയും അതിന്റെ അടിസ്ഥാനരാഹിത്യത്തെയും ഡിവിഷന്‍ ബെഞ്ച് തുറന്നുകാട്ടുന്നു. ഏത് തീരുമാനമെടുത്താലും അത് ശരിയും നീതിപൂര്‍വ്വകവുമായിരിക്കണം. തീരുമാനമെടുക്കുന്ന ഭരണ സംവിധാനത്തിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടരുത്. സംശയ രഹിതമായ തീരുമാനങ്ങള്‍ വഴി ഭരണ സംവിധാനത്തില്‍ പൊതുസമൂഹത്തിന് വിശ്വാസം ഉയരും. തീരുമാനമെടുക്കുമ്പോള്‍ പൗരന്റെ (ഇവിടെ മീഡിയ വണ്‍) അവര്‍ അര്‍ഹിക്കുന്ന അന്തസ് കൂടി പരിഗണിക്കണം. 

കളങ്കരഹിതമായ പങ്കെടുക്കലിനും ആശയപരമായ ഏറ്റുമുട്ടലിനും സാധൂകരണമുണ്ട്. ഇതൊരു നിയമവാഴ്ചയുള്ള സമൂഹമാണ്. പരിഗണിക്കാതിരിക്കാനോ ശരിയായി വ്യാഖ്യാനിക്കാനോ കഴിയാത്ത ശിലാരൂപമല്ല സ്വാഭാവിക നീതി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സാമൂഹിക നീതിയില്‍ മാറ്റം വരാം. യുക്തിയെന്നത് സാഹചര്യങ്ങള്‍ പരിശോധിച്ചും മൂല്യം പരിഗണിച്ചും വേണം ഉപയോഗിക്കാനെന്നും ഡിവിഷന്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു. രാജ്യസുരക്ഷാ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം കോടതിക്കുണ്ട് എന്നും  സുപ്രീം കോടതി ആധികാരികമായി പറഞ്ഞുവയ്ക്കുന്നു.

മുന്‍തൂക്കം മൗലികാവകാശങ്ങള്‍ക്ക് തന്നെ

മോഡേണ്‍ ഡെന്റല്‍, പുട്ടസ്വാമി കേസുകളില്‍  സുപ്രീം കോടതി മുന്‍പ് പറഞ്ഞത് നിയമ നിര്‍മ്മാണ സഭ നിര്‍മ്മിച്ച നിയമങ്ങളില്‍ മാത്രമാണ് യുക്തിപരമായ നിയന്ത്രണങ്ങളില്‍ ആനുപാതികത സംബന്ധിച്ച പരിശോധന നടത്താവുന്നത് എന്നാണ്. എന്നാല്‍ ആനുപാതികതാ പരിശോധന വഴി മൗലികാവകാശങ്ങളുടെ എല്ലാത്തരം ലംഘനങ്ങളും പരിശോധിക്കാമെന്നാണ് മീഡിയവണ്‍ കേസില്‍  സുപ്രീം കോടതി വ്യക്തമാക്കുന്നത്. ഇതില്‍ ഭരണകൂടത്തിന്റെ നടപടികളും ഉള്‍പ്പെടുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഭരണഘടനയുടെ അനുച്ഛേദം 13 അനുസരിച്ച് മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന നിയമങ്ങളെ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കാന്‍ കോടതിക്ക് കഴിയും. അതിലെ നിയമം എന്ന നിര്‍വ്വചനത്തില്‍ ഭരണകൂടത്തിന്റെ നടപടികളും ഉള്‍പ്പെടും. മുന്‍കാല വിധിന്യായത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ആനുപാതികത കൂടി പരിശോധിച്ചിട്ടുണ്ട്. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഈ നടപടിയും ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

സുതാര്യതയെക്കാള്‍ രാജ്യസുരക്ഷയ്ക്ക് മുന്‍തൂക്കമുണ്ടെങ്കില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാഭാവികനീതി ഒഴിവാക്കാം. എന്നാല്‍ മീഡിയ വണ്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ വാദം നിലനില്‍ക്കില്ല. കേന്ദ്ര സര്‍ക്കാര്‍ രാജ്യസുരക്ഷ ചൂണ്ടിക്കാട്ടിയാലുടന്‍ കണ്ണടച്ച് ശരിവയ്ക്കാനാവില്ല. രേഖകള്‍ അനുസരിച്ച് അക്കാര്യം കോടതിക്ക് ബോധ്യപ്പെടണം. മുദ്രവെച്ച കവറില്‍ നല്‍കുന്ന രഹസ്യ രേഖകള്‍ക്ക് നടപടിക്രമങ്ങളുടെ സാധാരണത്വമില്ല. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാഭാവികനീതി തത്വത്തെ ബാധിക്കും. തുറന്ന നീതി (Open Justice), സ്വാഭാവികനീതി തത്വം എന്നിവയെ അതിലംഘിക്കുന്നതാണ് മുദ്രവെച്ച കവറില്‍ നല്‍കുന്ന രഹസ്യ രേഖകളെന്നും  സുപ്രീം കോടതി പറഞ്ഞുവയ്ക്കുന്നു.

'രാജ്യസുരക്ഷ' എന്ന സംഘപരിവാര്‍ ബലൂണ്‍

രാജ്യസുരക്ഷ എന്ന വിഷയമാണ് കേന്ദ്ര സര്‍ക്കാര്‍ മീഡിയ വണ്ണിന് പ്രവര്‍ത്തനാനുമതി നിഷേധിക്കാന്‍ വേണ്ടി ഉയര്‍ത്തുന്നത്. ദേശസുരക്ഷ പ്രധാന വിഷയമാണെന്ന് ഏതൊരു കേസിലും കോടതിയെ ബോധ്യപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയണം. മീഡിയ വണ്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് വാദം സാധൂകരിക്കാന്‍ കഴിഞ്ഞില്ല. വെളിപ്പെടുത്താത്ത രഹസ്യം ഏത് വിധത്തിലാണ് രാജ്യസുരക്ഷയുടെ ഭാഗമാകുന്നത് എന്ന് വിശദീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. കോടതിയുടെ പരിശോധന ഉണ്ടാവില്ലെന്ന് കരുതിയാണ് കേന്ദ്രം രാജ്യസുരക്ഷാ വാദം ഉയര്‍ത്തിയത്. പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കാനാണ് രാജ്യസുരക്ഷ എന്ന ആയുധം ഉപയോഗിക്കുന്നത്. ഇത് നിയമവാഴ്ചയ്ക്ക് അനുയോജ്യമല്ലെന്നും ലളിതവും ശക്തവും സൗമ്യവുമായ ഭാഷയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നു.


ജസ്റ്റിസ് ഹിമ കോഹ്ലി | Photo: Wiki Commons

കേന്ദ്രം ഭരിക്കുന്ന ബിജെപിയും അവര്‍ക്ക് പിന്നിലുള്ള ആര്‍എസ്എസും സദാ ഉയര്‍ത്തുന്ന വിഷയമാണ് രാജ്യസുരക്ഷ. രാജ്യത്ത് ഏതൊരു പൗരനും അവരുടെ മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യം നിര്‍ഭയമായി വിനിയോഗിക്കാന്‍ സന്നദ്ധരായാല്‍ ഉടന്‍ രാജ്യസുരക്ഷയെന്ന ആയുധവുമായി ഭരണകൂടവും അതിന്റെ നിയന്ത്രകരും എത്തും. രാജ്യസുരക്ഷ മാത്രമല്ല, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് നിര്‍വചിക്കുന്ന രാജ്യദ്രോഹവും ബിജെപി ഭരണകൂടത്തിന്റെ മറ്റൊരു ആയുധമാണ്. രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമല്ലെന്ന് പ്രഖ്യാപിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടോ എന്നാണ് സ്വമേധയാ എടുത്ത നടപടിക്രമത്തില്‍  സുപ്രീം കോടതി ആരാഞ്ഞത്. 

സ്വകാര്യത പരിഗണിനാ വിഷയമായ പെഗാസസ് കേസില്‍  സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ അന്വേഷണം പുരോഗമിക്കുന്നു. മീഡിയ വണ്‍ കേസിലെ ആനുപാതിക ഉപയോഗിക്കപ്പെട്ടാല്‍ പെഗാസസ് കേസ് കേന്ദ്ര സര്‍ക്കാരിന് സമ്പൂര്‍ണ്ണ തിരിച്ചടിയാകും. കൊവിഡ് വാക്‌സിന്‍ കേസില്‍ പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിന്റെ കണക്ക് ഹാജരാക്കേണ്ടി വരുമെന്ന് കേന്ദ സര്‍ക്കാരിനോട് പറഞ്ഞത് ചീഫ് ജസ്റ്റിസ് ഡോ. ധനഞ്ജയ വൈ ചന്ദ്രചൂഡ് ആണ്. പരാമര്‍ശം വന്ന് മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത് രാജ്യം കണ്ടു. നിരന്തര തിരിച്ചടികള്‍ കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത് വാക്കുകളിലെയും പ്രവര്‍ത്തിയിലെയും സത്യസന്ധതയും പാലിക്കാത്തതുകൊണ്ടും ഭരണഘടനാ മൂല്യങ്ങളെ പരിഗണിക്കാത്തതുകൊണ്ടുമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

അധിക വ്യാഖ്യാനത്തിന്റെ ആവശ്യമില്ലാത്ത വിധിന്യായം

നിയമത്തിന്റെ വ്യാഖ്യാനത്തിനുപയോഗിക്കുന്ന ലാറ്റിന്‍ ഭാഷയിലെ ഒരു ചൊല്ലുണ്ട്. Ut res magis Valeat quom Pereat. Which means, It is better for a thing to have effect than to be void. ഇല്ലാതാക്കുന്നതിനെക്കാള്‍ നല്ലത് ജീവന്‍ നല്‍കുന്നതാണ് എന്നാണര്‍ത്ഥം. ഈ തത്വമാണ്  സുപ്രീം കോടതി സ്വാഭാവിക നീതിയുടെ വ്യാഖ്യാനത്തിനും ഉപയോഗിച്ചത്. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാഭാവികനീതിയെ ഇല്ലാതാക്കുകയല്ല, പകരം അതിന് ജീവനും വര്‍ണ്ണവും അര്‍ത്ഥവും നല്‍കി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. ഭരണഘടനാ തത്വങ്ങളെ ജീവനില്ലാത്ത അക്ഷരങ്ങളാക്കി മാറ്റാന്‍ കോടതിക്ക് കഴിയില്ലെന്നാണ് വിധിന്യായത്തിനൊടുവില്‍  സുപ്രീം കോടതി പറഞ്ഞുവയ്ക്കുന്നത്. 

വിധിന്യായങ്ങളിലൂടെ ഭരണകൂടങ്ങള്‍ക്ക് അതിരൂക്ഷ ഭാഷയിലുള്ള വിമര്‍ശനമാണ് പല വിധിന്യായങ്ങളുടെയും കാതല്‍. വിധിന്യായത്തില്‍ അതിരൂക്ഷ വിമര്‍ശനവും ഭരണകൂടത്തിന് എതിരായ പരാമര്‍ശങ്ങളും ഉണ്ടാവും. എന്നാല്‍ മീഡിയ വണ്‍ വിധിന്യായത്തില്‍ ആ സ്വഭാവത്തിലുള്ള വിമര്‍ശനങ്ങളില്ല. ഉള്ളത് ലളിത ഭാഷയില്‍ സൗമ്യമായും ആധികാരികമായും പറഞ്ഞുവയ്ക്കുന്ന ഭരണഘടനാ ആശയങ്ങളുടെ ഉയര്‍ത്തിപ്പിടിക്കലാണ്. അനുയോജ്യവും പ്രസക്തവുമായ ഇതര രാജ്യങ്ങളിലെ വിധിന്യായങ്ങള്‍ കണ്ടെത്തി, ആഴത്തില്‍ ഗവേഷണം നടത്തി, പറയാനുള്ളത് ഉറച്ച വാക്കുകളോടെയാണ് കോടതി രേഖപ്പെടുത്തിയത്.

നാളെ രാജ്യസുരക്ഷ, സ്വാഭാവിക നീതി, മൗലികാവകാശങ്ങള്‍ തുടങ്ങിയവ വിഷയമാകുമ്പോള്‍ ഈ വിധിന്യായം കോടതികളില്‍ സൂചകമായി ഉപയോഗിക്കപ്പെടും. അതിനെ മറികടക്കാന്‍ തക്ക വിശദീകരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം വ്യവസ്ഥാപിത ഭരണകൂടങ്ങള്‍ക്ക് നിതിന്യായ വ്യവസ്ഥയ്ക്ക് മുന്നില്‍ വാദം പറഞ്ഞുനില്‍ക്കുകയോ വിജയിക്കുകയോ ചെയ്യാം. തീവ്രവാദി ആക്രമണം പോലെയുള്ള അതീവ ഗൗരവ സ്വഭാവമുള്ള കേസുകളിലേക്ക് മാത്രമായി 'രാജ്യസുരക്ഷ' എന്ന കേന്ദ്ര സര്‍ക്കാരിന്റെ വജ്രായുധം പരിമിതപ്പെടും. യുഎപിഎ പോലെയുള്ള കരിനിയമങ്ങള്‍ ഇതുപോലെ പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്ന കാലം അതിവിദൂരമല്ല. 

തലയുയര്‍ത്തി സ്വതന്ത്ര ജൂഡീഷ്യറി

ജസ്റ്റിസ് ഡോ. ധനഞ്ജയ വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്ലിയും ചേര്‍ന്ന് തയ്യാറാക്കിയ വിധിന്യായം എക്കാലവും കോടതിമുറികളില്‍ മുഴങ്ങും. സ്വാഭാവിക നീതി, മറ്റ് മൗലികാവകാശങ്ങള്‍, രാജ്യസുരക്ഷ തുടങ്ങിയവയെല്ലാം പരിഗണനാ വിഷയമായ കേസുകളില്‍ കോടതിക്ക് വിധിയെഴുതാനുള്ള ദിശാസൂചികയാവും മീഡിയ വണ്‍ കേസ്. അതുകൊണ്ടാണ് മീഡിയ വണ്‍ കേസ് ഒരു വാര്‍ത്താ ചാനലിന് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള കേവല വിധിന്യായം മാത്രമായി ചുരുങ്ങാത്തത്. ഭരണഘടനാ ആശയങ്ങള്‍ക്ക് തുടിപ്പ് നല്‍കുന്ന വിധിന്യായമായി മാറുന്നത്. ഭരണഘടനെ അട്ടിമറിക്കാന്‍ നിരന്തരം പരിശ്രമിക്കുന്നവര്‍ക്കുള്ള താക്കീതാകുന്നത്. ഇന്ത്യന്‍ ജുഡീഷ്യറിക്ക് ബാധ്യത ഇന്ത്യന്‍ ഭരണഘടനയോടും അതുവഴി ജനങ്ങളോടും ആണെന്ന് സ്ഥാപിക്കപ്പെടുന്നത്. നീതിന്യായ വ്യവസ്ഥയെ സംഘപരിവാര്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിച്ചാലും നടക്കില്ലെന്ന് ബോധ്യപ്പെടുന്നത്. രാജ്യത്തെ ജുഡീഷ്യറി സ്വതന്ത്രവും നീതിപൂര്‍വ്വകവുമാകുമ്പോള്‍ പൗരന്റെ, ജനാധിപത്യ വിശ്വാസിയുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുമുളയ്ക്കുന്നത്. ആര്‍ഷ ഭാരത സംസ്‌കാരത്തിന് അനുരിച്ച് സംഘപരിവാര്‍ തിരുത്താനിരിക്കുന്ന ഭരണഘടന ഇന്ത്യയില്‍ സ്ഥാപിക്കപ്പെടില്ലെന്ന് നൂറുവട്ടം വിശ്വസിക്കുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിധിന്യായത്തെ എത്ര പുകഴ്ത്തിയാലും മതിവരാത്തത് ഇക്കാരണങ്ങളാലാണ്.


#outlook
#media one
Leave a comment