TMJ
searchnav-menu
post-thumbnail

Outlook

ഭോപ്പാൽ ദുരന്തമല്ല കൂട്ടക്കൊലയാണ്‌

02 Dec 2024   |   5 min Read
കെ പി സേതുനാഥ്

വാക്കുകളുടെ അർത്ഥം അവയുടെ നേർവിപരീതമാവുന്ന കാലഘട്ടത്തിൽ പദപ്രയോഗങ്ങളിൽ പുലർത്തേണ്ട സൂക്ഷ്‌മത സുപ്രധാനമാണെന്ന്‌ ഓർമ്മിപ്പിക്കുന്നതാണ്‌ നാൽപ്പതു വർഷം തികയുന്ന ഭോപ്പാലിലെ വിഷവാതക ചോർച്ച. ദുരന്തമെന്നതിനേക്കാൾ കൂട്ടക്കുരുതിക്ക്‌ തുല്യമായ കുറ്റകൃത്യമായി ഭോപ്പാലിലെ വിഷവാതക ചോർച്ചയെ മനസ്സിലാക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതാണ്‌ കഴിഞ്ഞ നാലു പതിറ്റാണ്ടിലെ അതിന്റെ ചരിത്രം. ഭരണകൂടം, നീതിന്യായ കോടതികൾ, വ്യവസ്ഥാപിത പൊതുസമൂഹം എന്നിവയെല്ലാം വിഷവാതക ചോർച്ചക്ക് ഉത്തരവാദികളായ കുറ്റവാളികളെ സംരക്ഷിക്കുന്നതിനായി ഒളിഞ്ഞും, തെളിഞ്ഞും നടത്തിയ അസഹനീയമായ ഇടപാടുകളും, ഒരോ ഘട്ടത്തിലും പുലർത്തിയ വിശ്വാസവഞ്ചനയും എൻ ഡി ജയപ്രകാശ്‌ സവിസ്‌തരം വിശദീകരിയ്‌ക്കുന്നു. (1) അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ യൂണിയൻ കാർബൈഡ്‌ കോർപ്പറേഷന്റെ (യുസിസി) ഭോപ്പാലിലെ കീടനാശിനി ഫാക്ടറിയിൽ നിന്നും 1984 ഡിസംബർ രണ്ടിന് പാതിരാത്രിയിലും മൂന്നിന് പുലർച്ചെയുമായി ചോർന്ന വിഷവാതകം ഭോപ്പാൽ നഗരത്തിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്നതായിരുന്നു. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലെ അന്നത്തെ ജനസംഖ്യ ഒമ്പത് ലക്ഷമായിരുന്നു. ഫാക്ടറി വളപ്പിൽ ഭൂമിക്കടിയിലെ ഉരുക്കു ടാങ്കറിനുള്ളിൽ ദ്രവരൂപത്തിൽ സൂക്ഷിച്ചിരുന്ന 42 ടൺ മീതൈൽ ഐസോസൈനേറ്റ്‌ (എംഐസി) എന്ന മാരക വിഷമായ കെമിക്കൽ, എക്‌സോതെർമറിക്‌ രാസപ്രവർത്തനത്തിന്റെ ഫലമായി വാതകരൂപത്തിൽ ചോരുകയായിരുന്നു. ഭോപ്പാൽ നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ മൂലയിൽ സ്ഥിതി ചെയ്‌ത ഫാക്ടറിയിൽ നിന്നും ചോർന്നുയർന്ന വിഷവാതകം നഗരത്തിന്റെ 40 ചതുരശ്ര കിലോ മീറ്റർ ചുറ്റളവിൽ പടർന്നു. ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞ ശേഷമാണ്‌ വിഷപ്പുക നേർത്തലിഞ്ഞ്‌ ഇല്ലാതായത്‌. അപ്പോഴേക്കും എന്താണ്‌ സംഭവിക്കുന്നതെന്നറിയാതെ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന മനുഷ്യരിൽ പലരും കിടക്കകളിൽ തന്നെ പിടഞ്ഞു മരിച്ചു. പ്രാണരക്ഷാർത്ഥം എങ്ങോട്ടെന്നില്ലാതെ ഓടിപ്പോയവരിൽ പലരും വഴിയിലും പിടഞ്ഞു വീണു മരിച്ചു. അന്നത്തെ മധ്യപ്രദേശ്‌ മുഖ്യമന്ത്രി അർജുൻ സിംഗും കുടുബവും നഗരം വിട്ടോടിപ്പോയ പ്രമുഖരിൽ ഉണ്ടായിരുന്നതായുള്ള വാർത്തകൾ അക്കാലത്ത്‌ സുലഭമായിരുന്നു. ഔദ്യോഗികമായി നിഷേധിക്കപ്പെടുന്നതുവരെ ഒന്നും വിശ്വസിക്കരുതെന്ന ചൊല്ലിന് തുല്യം ചാർത്തുന്നത് പോലെ മുഖ്യമന്ത്രിയും, മന്ത്രിമാരും, ഉന്നത ഉദ്യോ​ഗസ്ഥരും ഓടിപ്പോയില്ലെന്നു പിന്നീട്‌ ഔദ്യോഗികമായി വിശദമാക്കപ്പെട്ടു!. സർക്കാരിന്റെ പ്രാഥമികമായ കണക്കുകൾ മരണസംഖ്യ 2,500 ആയി കണക്കാക്കിയപ്പോൾ ഡൽഹി സയൻസ്‌ ഫോറം പോലെയുള്ള ചില സംഘടനകൾ അതിന്റെ രണ്ടിരട്ടിയെങ്കിലും പേർ മരണമടഞ്ഞിട്ടുണ്ടാവുമെന്നു കണക്കാക്കിയിരുന്നു.

അപകടം ഒരു തുടർക്കഥ

1980ൽ പ്രവർത്തനമാരംഭിച്ച യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡിൽ (യുസിഐഎൽ) ചെറുതും വലുതുമായ നിരവധി അപകടങ്ങൾ പതിവായിരുന്നു. തുടങ്ങി ഒരു വർഷം കഴിയുമ്പോൾ 1981 ഡിസംബർ 25ന് മുഹമ്മദ് അഷ്‌റഫ് ഖാൻ എന്ന പ്ലാന്റ് ഓപ്പറേറ്റർ മരണമടഞ്ഞു. മരിക്കുന്നതിനും നാലു ദിവസങ്ങൾക്ക് മുൻപുണ്ടായ അപകടത്തിൽ വിഷവാതകം ശ്വസിച്ച അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1982 ഫെബ്രുവരിയിലുണ്ടായ മറ്റൊരു വാതക ചോർച്ചയിൽ 16 തൊഴിലാളികൾ ദിവസങ്ങളോളം ജീവനും മരണത്തിനും ഇടയിലായിരുന്നു. ശരിയായ സുരക്ഷ പരിരക്ഷകളുടെ അഭാവം മുതൽ ഫാക്ടറിയുടെ ഡിസൈനിൽ ഉണ്ടായ അപാകതകൾ വരെ അതിനുള്ള കാരണങ്ങൾ ആയിരുന്നു. എന്നാലും 40 വർഷങ്ങൾക്ക് മുൻപുള്ള വാതക ചോർച്ചയുടെ പ്രധാന അടിയന്തിര കാരണം എംഐസി ശേഖരം സൂക്ഷിക്കുന്നതിൽ പുലർത്തേണ്ട പ്രാഥമിക സുരക്ഷ പുലർത്തിയില്ലെന്നതാണ്. അതായത് പൂജ്യം ഡിഗ്രി ചൂടിലാണ് എംഐസി സ്ഥിരമായി സൂക്ഷിക്കേണ്ടത്. അതിനു വേണ്ടുന്ന എയർ കണ്ടിഷണർ അവിടെ സ്ഥാപിതവുമായിരുന്നു. പക്ഷെ 24 മണിക്കൂറും പ്രവർത്തിക്കേണ്ടിയിരുന്ന എയർ കണ്ടിഷണർ വല്ലപ്പോഴും മാത്രമാണ് പ്രവർത്തിച്ചത്. പ്രാഥമികമായ ഈ സുരക്ഷാ മാനദണ്ഡത്തിന്റെ ലംഘനമാണ് ലോകത്തിലെ ഏറ്റവും വലിയ വ്യവസായ അപകടത്തിലേക്ക് നയിച്ചത്. വരാനിരിക്കുന്ന ആപത്തിനെപറ്റിയുള്ള മുന്നറിയിപ്പുകൾ വേണ്ടുവോളമുണ്ടായിരുന്നു.

REPRESENTATIVE IMAGE | WIKI COMMONS
ഭോപ്പാലിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന രാജ്‌കുമാർ കേശ്വാനി പത്രാധിപനായ ഹിന്ദി വാരിക രാപത് (Rapat) 1982 സെപ്റ്റംബറിൽ 'ദയവായി ഈ നഗരത്തെ രക്ഷിക്കൂ' വെന്ന പേരിൽ കവർ സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാഴ്ചക്കു ശേഷം ഒക്ടോബറിൽ അദ്ദേഹം അതേ വിഷയം വീണ്ടും ഉന്നയിച്ചു. 1982 ഒക്ടോബർ അഞ്ചാം തീയതി എംഐസി ചോർച്ചയെ തുടർന്ന് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ഫാക്ടറിയുടെ ചുറ്റുവട്ടത്തു താമസിക്കുന്നവർ ശ്വാസം മുട്ടലും മറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് അവരവരുടെ വീടുകളിൽ നിന്നും മണിക്കൂറുകൾ മാറി നിൽക്കുകയും ചെയ്തു. ഇതിനെ തുടർന്ന് യുസി ഐഎൽലെ തൊഴിലാളി യൂണിയൻ വിഷവാതക ചോർച്ച വരുത്താനിടയുള്ള ആപത്തിനെപ്പറ്റി മുന്നറിയിപ്പ് നൽകുന്ന വിശദമായ ലഖുലേഖ പ്രസിദ്ധീകരിച്ചു. സുരക്ഷ ഭീഷണി വ്യാപകമായതോടെ 1983 മാർച്ചിൽ ഭോപ്പാലിലെ അഡ്വ ഷാനവാസ് ഖാൻ യുസിഐഎൽന് വക്കീൽ നോട്ടീസ് അയച്ചു. യുസിഐഎൽ വർക്സ് മാനേജർ ജെ മുകുന്ദ് വക്കീൽ നോട്ടീസിന് നൽകിയ മറുപടിയിൽ പ്ലാന്റിന്റെ സുരക്ഷ ലോകോത്തരമാണെന്ന് വാദിച്ചു.

ആന്റിഡോട്ടു പോലും നൽകാത്ത ചികിത്സ    

ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസേർച്ചിന്റെ (ഐസിഎംആർ) റിപ്പോർട്ടു പ്രകാരം ഭോപ്പാലിലെ 56 മുനിസിപ്പൽ വാർഡുകളിൽ 36ഉം വിഷവാതക ചോർച്ചയുടെ തിക്തഫലം ഏറിയും, കുറഞ്ഞും തോതിൽ അനുഭവിച്ചിരുന്നു. അതായത്‌ 6,00,000 ജനങ്ങളെ അത്‌ ബാധിച്ചിരുന്നു. വിഷവാതക ബാധയേറ്റ പ്രദേശങ്ങളെ കുറഞ്ഞ അളവിൽ, കഠിനമല്ലാത്ത തോതിൽ, കഠിനം എന്നിങ്ങനെ മൂന്നു ഗണത്തിലായി ഐസിഎംആർ കണക്കിലാക്കി. ഈ മൂന്നു പ്രദേശങ്ങളിലും രോഗാതുരതയുടെ തോത്‌ 98.99 ശതമാനം മുതൽ 99.54 ശതമാനം വരെയായിരുന്നു. അതേ സമയം വിഷവാതക ബാധയേൽക്കാത്ത ഇടങ്ങളിൽ രോഗതുരതയുടെ തോത്‌ വെറും 0.17 ശതമാനം മാത്രമായിരുന്നു. ആയിരങ്ങളുടെ ജീവനെടുക്കുകയും, ലക്ഷങ്ങളെ നിത്യരോഗികളാക്കുകയും ചെയ്‌ത വിഷവാതക ചോർച്ച നമ്മുടെ ഭരണകൂട സംവിധാനങ്ങളുടെ വീഴ്‌ച്ചകളുടെ രേഖാചിത്രമാണ്‌. അതിനെക്കാൾ ഭയാനകമാണ്‌ അതിന്‌ ഉത്തരവാദികളായ ബഹുരാഷ്ട്ര കമ്പനിയെയും, ഉദ്യോഗസ്ഥരെയും രക്ഷിക്കുന്നതിന്‌ നടത്തിയ വഴിവിട്ട ശ്രമങ്ങൾ. ഷാബാനോ ബീഗം കേസ്സിലെ കോടതി വിധിക്കെതിരായ നിയമനിർമ്മാണം, ബാബ്‌റി മസ്‌ജിദിൽ പൂജ നടത്തുവാൻ അനുമതി എന്നിവക്കൊപ്പം രാജീവ്‌ ഗാന്ധി സർക്കാർ കൈക്കൊണ്ട ഏറ്റവും ജനവിരുദ്ധമായ നടപടിയായിരുന്നു ഭോപ്പാൽ വിഷവാതക ചോർച്ചയുടെ അന്വേഷണവും, കേസിനെ കൈകാര്യം ചെയ്‌ത രീതിയും അവസാനം യുസിസിയുമായി നടത്തിയ ഒത്തുതീർപ്പും. ആദ്യം പറഞ്ഞവ ഹിന്ദു-മുസ്ലീം വർഗീയശക്തികളുമായുള്ള ഒത്തുതീർപ്പുകളായിരുന്നുവെങ്കിൽ അവസാനത്തേത്‌ വിദേശിയും, സ്വദേശിയുമായ മൂലധനശക്തികളുടെ സ്വാധീനത്തിന്റെ മുമ്പിൽ ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ ജീവന്‌ ഒരു വിലയുമില്ലെന്ന സന്ദേശം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. വിഷവാതകമേറ്റ്‌ പിടയുന്നവർക്ക്‌ നൽകേണ്ടിയിരുന്ന ആന്റിഡോട്ട്‌ നൽകുന്നതിന്‌ വിലക്കേർപ്പെടുത്തിയതു മുതൽ സുപ്രീം കോടതിയുടെ കാർമികത്വത്തിൽ അരങ്ങേറിയ ഒത്തുതീർപ്പുവരെയുള്ള കാര്യങ്ങൾ ജയപ്രകാശ്‌ വിശദീകരിക്കുന്നത്‌ വായിക്കുമ്പോൾ 'ബനാന റിപ്പബ്ലിക്കിനേക്കാൾ' മോശം സ്ഥിതിയിലാണ്‌ ആർഷഭാരതത്തിലെ ഭരണസംവിധാനമെന്ന തോന്നൽ വെറും തോന്നലല്ലെന്നു വ്യക്തമാവും.

REPRESENTATIVE IMAGE | WIKI COMMONS
മീഥൈൽ ഐസോസൈനേറ്റെന്ന മാരക വിഷത്തിന്‌ കെമിക്കൽ ഡികമ്പോസിഷൻ സംഭവിച്ചാൽ അപകടകാരികളായ കാർബൺ മോണോക്‌സൈഡും, ഹൈഡ്രജൻ സയനൈഡും അതിന്റെ ഉപോൽപ്പന്നങ്ങളായി പുറത്തുവരുമെന്ന കാര്യം യൂണിയൻ കാർബൈഡ്‌ കോർപ്പറേഷന്റെയും, യുണിയൻ കാർബൈഡ്‌ ഇന്ത്യ ലിമിറ്റഡിന്റെയും മുതിർന്ന ഉദ്യോഗസ്ഥർക്കെല്ലാം അറിയുന്ന ഒന്നായിരുന്നു. എന്നാൽ അക്കാര്യം മറച്ചുവയ്‌ക്കാനും, വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുവാനുമാണ്‌ കമ്പനി അധികൃതർ തുടക്കം മുതൽ ശ്രമിച്ചതെന്ന്‌ ഐസിഎംആർ ടീമിലെ അംഗമായിരുന്ന ഡോ. ശ്രീരാമചാരി രേഖപ്പെടുത്തിയതായി ജയപ്രകാശ്‌ വിശദീകരിയ്‌ക്കുന്നു. വിഷബാധയേറ്റവർക്ക്‌ ആശ്വാസം നൽകുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ആന്റിഡോട്ട്‌ സോഡിയം തിയോസൾഫേറ്റ്‌ ആയിരുന്നുവെങ്കിലും അത്‌ നൽകുന്നതിനെ പരമാവധി ഒഴിവാക്കുവാൻ കമ്പനി അധികൃതർ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്‌തു.

1984 ഡിസംബർ നാലിന്‌ ഭോപ്പാലിൽ രക്ഷാപ്രവർത്തനത്തിന്‌ എത്തിയ ജർമ്മനിയിൽ നിന്നുള്ള ക്ലിനിക്കൽ ടോക്‌സിക്കോളജിസ്‌റ്റായ ഡോ മാക്‌സ്‌ ഡാൻഡററുടെ (Max Daunderer) അനുഭവം അതിന്റെ മകുടോദാഹരണമാണ്‌. സംഭവം നടന്നതിന്റെ അന്നു തന്നെ മരണമടഞ്ഞവരുടെ പോസ്‌റ്റുമോർട്ടം നടത്തിയ ഭോപ്പാലിലെ മഹാത്മ ഗാന്ധി മെഡിക്കൽ കോളേജിലെ ഡോക്ടറായ ഹീരേഷ്‌ ചന്ദ്രയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഹൈഡ്രജൻ സയനൈഡിന്റെ (എച്ച്‌സിഎൻ) സാന്നിദ്ധ്യം രേഖപ്പെടുത്തിയിരുന്നു. സോഡിയം തിയോസൾഫേറ്റ്‌ ശേഖരവുമായി ഭോപ്പാലിലെത്തിയ ഡോ മാക്‌സും, ഹീരേഷ്‌ ചന്ദ്രയും സമയം കളയാതെ ഗുരുതരമായി പരിക്കറ്റവർക്ക്‌ ആന്റിഡോട്ടായി സോഡിയം തിയോസൾഫേറ്റു നൽകാൻ തുടങ്ങി. അതിന്‌ ഫലവുമുണ്ടായി. പക്ഷേ അത്‌ അധികദിവസം നീണ്ടില്ല. സയനൈഡ്‌ വിഷബാധയുടെ കാര്യം മറച്ചുവയ്‌ക്കേണ്ടത്‌ യുസിസിയുടെ ആവശ്യമായിരുന്നു. അവർ അതിന്‌ വേണ്ടുന്ന ചരടുവലികൾ നടത്തി. അന്നത്തെ ആരോഗ്യ സർവീസസ്‌ ഡയറക്ടർ ഡോ എം എൻ നാഗുവും, ആരോഗ്യ സെക്രട്ടറി ഡോ ഈശ്വർ ദാസും, ചില മുതിർന്ന ഡോക്ടർമാരും അവരുടെ രാഷ്ട്രീയ മേലാളന്മാരും ചേർന്ന്‌ സോഡിയം തിയോസൾഫേറ്റ്‌ ആന്റിഡോട്ടായി നൽകുന്നത് നിർത്തലാക്കി. എന്നു മാത്രമല്ല ജർമ്മനിയിൽ നിന്നുള്ള ഡോ മാക്‌സിനെ ഇന്ത്യയിൽ നിന്നും അടിയന്തിരമായി പുറത്താക്കുകയും ചെയ്‌തു. വളരെ ആസൂത്രിതമായി നടപ്പിലാക്കിയ ഈ പദ്ധതിയുടെ രേഖമൂലമായ വിവരണം ജയപ്രകാശ്‌ നൽകുന്നു.

ലോകം കണ്ട ഏറ്റവും വലിയ വ്യവസായ അപകടത്തിന്‌ ഉത്തരവാദികളായവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അപകടത്തിൽ പരിക്കേറ്റവർക്ക്‌ ആശ്വാസമായി നൽകേണ്ട വൈദ്യസഹായം പോലും നിഷേധിച്ച രാഷ്ട്രീയ-ഭരണ സംവിധാനത്തിന്റെ ദല്ലാൾ സ്വഭാവത്തെപ്പറ്റി ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാവില്ല. 1984 ഡിസംബർ മൂന്നു മുതൽ 1989 ഫെബ്രുവരിയിൽ സുപ്രീം കോടതിയുടെ കാർമികത്വത്തിൽ നടന്ന ഒത്തുതീർപ്പുവരെയുള്ള സംഭവങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതിലെ ഒരോ എപ്പിസോഡും ഹന്ന അരാന്തെ പറയുന്ന ബനാലിറ്റി ഓഫ്‌ ഈവിളിന്റെ നേർക്കാഴ്‌ചകളായി അനുഭവപ്പെടും.

REPRESENTATIVE IMAGE | WIKI COMMONS
കോടതി വിധി

സുപ്രീം കോടതി വിധിയെ ജയപ്രകാശ് ഇങ്ങനെ വിശേഷിപ്പിക്കുന്നു. "സുപ്രീം കോടതിയുടെ കാർമികത്വത്തിൽ 1989 ഫെബ്രുവരി 14നും ഫെബ്രുവരി 15നും ഇന്ത്യാ ഗവൺമെന്റും യൂണിയൻ കാർബൈഡ് കോർപ്പറേഷനും (യുസിസി) തമ്മിലുള്ള ഭോപ്പാൽ ഒത്തുതീർപ്പ് തിടുക്കത്തിലുള്ളതും അന്യായവുമായ ഒന്നാണെന്ന് മാത്രമല്ല, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവങ്ങളിൽ ഒന്നുമാണ്. യുസിസിക്ക് തികച്ചും അനുകൂലമായ നിബന്ധനകളോടെ  ഒത്തുതീർപ്പിലെത്താനുള്ള പെട്ടെന്നുള്ള തീരുമാനത്തെ ന്യായീകരിക്കാൻ യുക്തിസഹമായ കാരണങ്ങളൊന്നും മുന്നോട്ടു വയ്ക്കാൻ ഇന്ത്യൻ സർക്കാരിനോ സുപ്രീം കോടതിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല". യൂണിയൻ കാർബൈഡ് കോർപ്പറേഷൻ 300 കോടി മുതൽ 500 കോടി ഡോളർ വരെ നഷ്ടപരിഹാരമായി നൽകാൻ സന്നദ്ധമായിരുന്നുവെന്ന് വ്യാപകമായി അക്കാലങ്ങളിൽ വാർത്തകളുണ്ടായിരുന്നു. അതിനെയെല്ലാം നിഷ്പ്രഭമാക്കികൊണ്ടാണ് ഒരു മുന്നറിയിപ്പും ചർച്ചകളുമില്ലാതെ വെറും 470 ദശലക്ഷം യുഎസ് ഡോളറിന് (അന്നത്തെ വിനിമയ നിരക്കായ 1 ഡോളർ സമം 15.2 രൂപ എന്ന കണക്കിൽ  ഏകദേശം 715 കോടി രൂപ) ഒത്തുതീർപ്പ് ഉണ്ടായത്. വിഷബാധയേറ്റവരിൽ എത്ര പേർക്ക് ഈ ഒത്തുതീർപ്പിന്റെ ഗുണമുണ്ടാവുമെന്ന കണക്കുകൾ പോലും കോടതിയുടെ പരാമർശങ്ങളിൽ ഇല്ലായിരുന്നു.  

വാക്കുകളുടെ അർത്ഥം അവയുടെ വിപരീതമാവുന്ന ദുരവസ്ഥയെക്കുറിച്ചുള്ള എഴുത്തിന്റെ ബൈബിളായി കരുതുന്ന കൃതിയാണ് ജോർജ്‌ ഓർവെല്ലിന്റെ 1984 എന്ന നോവൽ. 1944ൽ എഴുതിയ 1984നെ നിഷ്‌ഭ്രമമാക്കുന്ന തരത്തിൽ ഭാഷ മാത്രമല്ല മനുഷ്യർ തമ്മിലുള്ള എല്ലാത്തരം ആശയ വിനിമയങ്ങളും 'വളർന്നതോടെ' ഓർവെല്ലീയെൻ ദുഃസ്വപ്‌നമെന്ന പ്രയോഗം ഒരു ക്ലീഷേയായി. എന്നിരുന്നാലും 1947നു ശേഷമുള്ള ഇന്ത്യാ ചരിത്രത്തിലെ ഒരു ഓർവെലീയൻ ദുഃസ്വപ്‌നത്തിന്റെ വർഷമാണ്‌ 1984 എന്നു പറയാതെ വയ്യ. സിഖുകാരുടെ സുപ്രധാന ദേവാലയമായ അമൃതസറിലെ സുവർണ്ണക്ഷേത്രത്തിലെ സൈനിക നടപടി, പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധം, സിഖുകാരുടെ വംശഹത്യ, ഭോപ്പാൽ വാതക കൂട്ടക്കൊല -- 1984 ഇന്ത്യയുടെ ചരിത്രത്തിലെ ദുഃസ്വപ്‌നത്തിന്റെ അല്ലെങ്കിൽ ഇനിയും അവസാനിക്കാത്ത പേക്കിനാവുകളുടെ വർഷമായി നമ്മെ പിന്തുടരുന്നു. അർത്ഥം വിപരീതമാവുന്ന വാക്കുകളുടെ ഭയാനകമായ ഉദാഹരണമാണ്‌ ഭോപ്പാൽ കൂട്ടക്കൊല. ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം ഒരുക്കണമെന്ന ഭരണഘടനപരമായ പ്രാഥമിക ദൗത്യത്തിന്റെ വിപരീതമായി ഭരണകൂട സംവിധാനം മാറിയതിന്റെ നേർക്കാഴ്‌ച്ച. ഭരണകൂടത്തിന്റെ വഞ്ചനയും, ചതിയും അവസാനിക്കാതെ തുടരുമ്പോഴും നീതിക്കായി ഇപ്പോഴും പൊരുതുന്ന ഭോപ്പാലിലെ സാധാരണക്കാരായ മനുഷ്യരും അവരെ സഹായിക്കുന്ന ജയപ്രകാശിനെ പോലുള്ളവരുമാണ് മറ്റൊരു ലോകം സാധ്യമാണെന്ന ചിന്തകൾക്ക് ഉത്തേജനം നൽകുന്നത്.

എൻ ഡി ജയപ്രകാശ് ഡൽഹി സയൻസ് ഫോറത്തിന്റെ പ്രവർത്തകനും എഴുത്തുകാരനുമാണ്. അദ്ദേഹം Leaflet Journalൽ എഴുതുന്ന Bhopal Gas Tragedy: Forty Years of Struggle for Justice എന്ന പരമ്പരയോട് ഈ കുറിപ്പിനുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.


#outlook
Leave a comment