.jpg)
ബിഹാർ: ആഭ്യന്തരഭീഷണിയുടെ പാവകളിയാട്ടം
"ഒരു വ്യക്തി ഒരു വോട്ടാണെന്നും, ഒരു വോട്ട് ഒരു മൂല്യമാണെന്നും, ജനാധിപത്യരാഷ്ട്രീയത്തിലൂടെ നമുക്ക് തെളിയിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ എല്ലാ മനുഷ്യർക്കും മൂല്യമുണ്ടെന്നും അത് ഒരേ മൂല്യമാണെന്നുമുള്ള ബോധ്യം നമ്മുടെ ജീവിതത്തിലേക്ക് ഉറപ്പിച്ചുനിർത്താൻ കഴിയാതെ, ഈ വൈരുദ്ധ്യം കൊണ്ട് എത്രകാലം മുന്നോട്ടു പോകാൻ കഴിയും?" - ഇന്ത്യൻ ഭരണഘടന അന്തിമമാക്കുന്നതിൻ്റെ തലേദിവസം ഭരണഘടനാ അസംബ്ലിയോടായി അംബേദ്കർ ചോദിച്ച ഈ ചോദ്യം, കറങ്ങിത്തിരിയുന്ന കാലത്തിൻ്റെ കുരുക്കിൽ കഴുത്തൊടിഞ്ഞ് തൂങ്ങിയാടുകയാണ്. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. 'അർഹതയുള്ളവരെ ഉൾപ്പെടുത്താനും അനർഹരെ ഒഴിവാക്കാനും വേണ്ടി' നടത്തുന്ന വോട്ടർപട്ടികാ ശുദ്ധീകരണം സംഘപരിവാരത്തിൻ്റെ വംശശുദ്ധീകരണ പ്രക്രിയയുടെ സമാരംഭമാണെന്നാണ് ഉയർന്നുകേൾക്കുന്ന വിമർശനം. വർധിതനഗരകുടിയേറ്റത്തിൻ്റെയും ഇരട്ടവോട്ടിൻ്റെയും പശ്ചാത്തലത്തിൽ നടത്തുന്ന തെറ്റ് തിരുത്തലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിക്കുമ്പോഴും, പൗരത്വപരിശോധനയാണ് അക്ഷരാർത്ഥത്തിൽ നടപ്പാക്കപ്പെടുന്നത്. 1949 നവംബർ 25ന് അംബേദ്കർ നടത്തിയ മേൽസൂചിപ്പിച്ച പ്രസംഗത്തിൽ, ജോൺ സ്റ്റുവർട്ട് മില്ലിനെ ചൂണ്ടിക്കാട്ടി, ഏകാധിപത്യപ്രവണതകളെ സംബന്ധിച്ച് ഭരണഘടനാ അസംബ്ലിയോട് ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഒരു മനുഷ്യൻ്റെയും കാൽക്കീഴിൽ സ്വാതന്ത്ര്യം സമർപ്പിക്കാനോ, അവരുടെ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള അധികാരമേൽപ്പിക്കാനോ പാടില്ലെന്ന മുന്നറിപ്പോടെയാണത്. എന്നാൽ, ആളിക്കത്തിച്ച വൈകാരികതയുടെയും അതിലൂടെ ജ്വലിച്ചുകയറിയ വർഗീയതയുടെയും സംരക്ഷണയിൽ മൂന്നാംവട്ടവും അധികാരത്തിൽ തുടരുന്ന നരേന്ദ്ര മോഡി ഭരണകൂടം, ഇന്ത്യൻ ജനത അത്തരം മുന്നറിയിപ്പുകളിലൊന്നും ജാഗരൂകരായില്ലെന്നതിൻ്റെ ദൃഷ്ടാന്തമായി മാറുന്നു.
REPRESENTATIVE IMAGE | WIKI COMMONS
ഈ വർഷം ഒക്ടോബറിലോ നവംബറിലോ നടക്കാൻ സാധ്യതയുള്ള ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള വോട്ടർപട്ടികയിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിവാദം കൊളുത്തിവിടുന്നത്. ബിഹാറിലെ എല്ലാ വീടുകളും കയറി എട്ടുകോടി വോട്ടർമാരെയും കണ്ട്, ഫോട്ടോയും താമസരേഖകളും പരിശോധിച്ച്, വിവരങ്ങൾ പുതുക്കി, വോട്ടർ പട്ടിക പുതുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത്. എന്നാൽ 2003ലെ വോട്ടർപട്ടികയെ ആധികാരികമാക്കി, അതിനുശേഷം വോട്ടർ പട്ടികയിൽ പേരുചേർത്തവർ പാസ്പോർട്ട്, മെട്രിക്യൂലേഷൻ സർട്ടിഫിക്കറ്റ്, ഭൂമിയുടെ കൈവശാവകാശ രേഖ തുടങ്ങിയ രേഖകൾ നൽകണമെന്നതാണ് കമ്മീഷൻ ഉത്തരവിലെ പ്രധാന വൈചിത്ര്യം. കർഷക തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും അന്തർസംസ്ഥാന തൊഴിലാളികളുമടക്കം ബിഹാറിലെ ഭൂരിപക്ഷം വരുന്ന ജനത ദിവസക്കൂലിക്കാരായ സാധാരണക്കാരാണ്. ആധാർ കാർഡ്, റേഷൻകാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, തൊഴിലുറപ്പ് കാർഡ് തുടങ്ങി സാധാരണക്കാരുടെ കൈകളിലുള്ള രേഖകളൊന്നും പോരെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലപാട്. തുടക്കത്തിൽ അരക്കോടിയോളം വോട്ടർമാരെ പുറന്തള്ളുമെന്ന് കരുതിയ വോട്ടർ പട്ടിക, രണ്ടുകോടി മനുഷ്യരെ സമ്മതിദായകാവകാശം വിനിയോഗിക്കുന്നതിൽ നിന്ന് അകറ്റിനിർത്തുമെന്നാണ് വിശദപഠനത്തിലൂടെ ദ ഹിന്ദു വ്യക്തമാക്കുന്നത്. ഒബിസി, ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളെ വോട്ടർപട്ടികയിൽ നിന്ന് പുറന്തള്ളിക്കൊണ്ട്, അവരെ പൗരാവകാശങ്ങളിൽ നിന്നും, രാജ്യത്ത് നിന്ന് തന്നെയും പുറന്തള്ളാനൊരുമ്പെടുകയാണ് ബിജെപി സർക്കാരെന്ന് പ്രതിപക്ഷം വിമർശനം കടുപ്പിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനിലൂടെ നടപ്പാക്കപ്പെടുന്ന ഫാസിസ്റ്റ് നീക്കം ഇതേപടി തുടർന്നാൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തന്നെയും ഇന്ത്യാ മുന്നണിയിലെ പാർട്ടികൾ ആലോചിക്കുന്നുണ്ട്.
കോടതികയറിയ ബിഹാറിലെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ പ്രശ്നത്തെ, സ്റ്റേ ചെയ്യാതെ നിയമപരമാക്കി മാറ്റി, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനങ്ങൾ തുടരാൻ അനുവദിച്ച സുപ്രീംകോടതി, ആധാറും തെരഞ്ഞെടുപ്പ് ഐഡിയും കൂടി പരിഗണിച്ചുകൂടെ എന്ന് അപേക്ഷിക്കുക മാത്രമായിരുന്നു. എന്നാൽ കമ്മീഷൻ പിന്നീട് നൽകിയ എതിർ സത്യവാങ്മൂലത്തിൽ, ആധാറും വോട്ടർ ഐഡിയും പരിഗണിക്കാൻ കഴിയില്ലെന്നും, പൗരത്വത്തിന് അനിവാര്യത ഉറപ്പാക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും പ്രഖ്യാപിക്കുകയാണ് ചെയ്തത്. അടിയന്തരപ്രാധാന്യമുള്ള പ്രശ്നമെന്ന നിലയിൽ കോടതി പരിഗണിക്കേണ്ട വിഷയം -എട്ടു കോടി മനുഷ്യരുടെ സമ്മതിദായകാവകാശങ്ങൾ സംരക്ഷിക്കേണ്ടതുണ്ട് എന്ന നിലയിൽ - പക്ഷേ കേസ് വിളിക്കുന്ന ഘട്ടത്തിൽ ഒരിക്കൽപോലും അതിൻ്റെ തിടുക്കം കാണിച്ചില്ല. ജൂലൈ 27, 28, 29 തീയതികളിൽ കേസിനായി വിളിച്ചുചേർത്തപ്പോൾ ധൃതി കാണിക്കേണ്ടതില്ലാത്ത നിലയിൽ പ്രഖ്യാപനങ്ങൾ തുടരുകയായിരുന്നു കോടതി. ഓഗസ്റ്റ് ഒന്നിന് കരട് വോട്ടർ പട്ടിക പുറത്തിറക്കുമെന്ന് അറിയാവുന്ന കോടതി, 18 ദിവസങ്ങൾക്ക് ശേഷം കക്ഷികളോട് വരാൻ ആവശ്യപ്പെടുകയും, റിവിഷൻ സ്റ്റേ ചെയ്യുന്നില്ലെന്നും, ഓഗസ്റ്റ് 12, 13 തീയതികളിൽ വിശദവാദം കേൾക്കാം എന്നുമാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ ഒരു മടിയും കൂടാതെ, എന്നാൽ എല്ലാവിധ തിരക്കുകളോടെയും, ലക്ഷക്കണക്കിന് പേരെ പുറത്താക്കിക്കൊണ്ടുള്ള കരട് വോട്ടർപട്ടിക ഓഗസ്റ്റ് ഒന്നിന് തന്നെ പുറത്തിറക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തത്.
REPRESENTATIVE IMAGE | WIKI COMMONS
സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ സംബന്ധിച്ച വാദങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് പൗരത്വം നിർണയിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാരമുണ്ടോ എന്നുള്ളതാണ്. പൗരത്വം നിർണയിക്കാൻ കമ്മീഷന് കഴിയില്ലെന്നും വ്യക്തിത്വം നിർണയിക്കാൻ മാത്രമേ കഴിയൂ എന്നും ആവർത്തിച്ച് ഇതേ കേസിലും പ്രഖ്യാപിച്ച കോടതി, എന്നാൽ ഇതേ പരിപാടി അവസാനിപ്പിക്കുന്നതിന് നിർദ്ദേശം നൽകുന്നില്ല. പകരം, കമ്മീഷൻ പൗരത്വം സാക്ഷ്യപ്പെടുത്തുന്നതടക്കമുള്ളതല്ല തങ്ങളുടെ പ്രശ്നമെന്നും, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരം കാര്യങ്ങൾ ധൃതിപിടിച്ച് ചെയ്യുമ്പോൾ ഇതിനൊക്കെ സമയം കിട്ടുമോ എന്നത് മാത്രമാണ് പ്രശ്നമെന്നും, പരസ്പരവൈരുദ്ധ്യത്തോടെ ആവർത്തിച്ച് പ്രഖ്യാപിക്കുകയാണ് കോടതി. അതുകൊണ്ട്, വോട്ടർപട്ടികയും കടന്ന് പൗരത്വം ഉറപ്പാക്കാനുള്ള ബിഹാർ ജനതയുടെ അവസാന സമയമായി മാറും സെപ്റ്റംബർ ഒന്ന് എന്ന അന്തിമ വോട്ടർപട്ടികാ പ്രസിദ്ധീകരണ തീയതി.
നിയമപരമായി പരിശോധിച്ചാൽ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിൽ നടത്തുന്ന ഇടപെടലുകളിൽ ക്രമവിരുദ്ധത പ്രകടമാണ്. ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും ചൂണ്ടിക്കാട്ടുന്ന ചട്ടങ്ങൾക്ക് വിരുദ്ധമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ നടത്തിപ്പോകുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 324 അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. അതുപ്രകാരം പഴുതുകളില്ലാത്ത പൗരത്വരേഖകൾ ഹാജരാക്കിയിട്ടില്ലെന്ന കാരണത്താൽ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അപേക്ഷകൾ ഒറ്റയടിക്ക് നിരസിക്കാൻ കഴിയില്ല. ഇലക്ടറൽ രജിസ്ട്രേഷൻ നിയമങ്ങളിലെ ചട്ടം 8 പ്രകാരം പൗരന്മാരുടെ 'കഴിവിൻ്റെ പരമാവധി' വിവരങ്ങളാണ് സ്വീകരിക്കപ്പെടേണ്ടത്. നിയമവാഴ്ചയ്ക്ക് കീഴ്പ്പെട്ടുകൊണ്ട് സ്വാഭാവികനീതി വിതരണം ചെയ്യാൻ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും പോലെ തെരഞ്ഞെടുപ്പ് കമ്മീഷനും ഉത്തരവാദിത്വമുണ്ട്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ജനപ്രാതിനിധ്യ നിയമത്തിൻ്റെ സെക്ഷൻ 21 പ്രകാരം നാല് ഘട്ടങ്ങളിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടർ പട്ടിക തിരുത്താൻ കഴിയുന്നത്. അത് (i)ലോക്സഭയിലേക്കോ നിയമസഭയിലേക്കോ ഉള്ള തെരഞ്ഞെടുപ്പ്, (ii)ഇടക്കാലത്ത് വരുന്ന ഉപതെരഞ്ഞെടുപ്പുകൾ, (iii)വാർഷികമായി നടത്തേണ്ട തിരുത്തലുകൾ, (iv)പ്രത്യേകകാരണം വ്യക്തമാക്കിക്കൊണ്ട് ഒരു മണ്ഡലത്തിൽ മുഴുവനോ ഏതെങ്കിലും ഒരു ഭാഗത്തുമാത്രമോ ആയി നടത്തുന്ന തിരുത്തലുകൾ എന്നിവയാണവ. ഇവയിൽ നാലാമത്തെ സാഹചര്യത്തിന് മാത്രമാണ് ഒരു വർഷത്തെ ആദ്യദിവസമായ ജനുവരി 1 ബാധകമല്ലാത്തത്. ബീഹാറിലെ പുതിയ റിവിഷൻ പ്രകാരം തീയതി നൽകിയിരിക്കുന്നത് ജൂലൈ ഒന്ന് ആയിരുന്നു. ഇത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമായി മാറുന്നുണ്ട്. അതോടൊപ്പം തന്നെ, സ്പെഷ്യൽ റിവിഷൻ നടത്താൻ കഴിയുന്നത് ഒരു മണ്ഡലത്തിലോ, അതിൻ്റെ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമോ ആണെന്നിരിക്കെ ഒരു സംസ്ഥാനം മുഴുവൻ സ്പെഷ്യൽ ഇൻ്റൻസിവ് റിവിഷൻ നടത്തുന്നതും ചട്ടവിരുദ്ധമാണെന്ന് വിദഗ്‌ധർ വ്യക്തമാക്കുന്നു.
ഭരണകൂടം വിതരണം ചെയ്യേണ്ട രേഖകൾ കയ്യിൽ ഇല്ലെന്ന കാരണം പറഞ്ഞാണ് സാധാരണ മനുഷ്യരെ പോളിംഗ് ബൂത്തിൻ്റെ പടിക്ക് പുറത്തുനിർത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നീക്കം. എന്നാൽ സംഘപരിവാർ സർക്കാരിൻ്റെ അജണ്ട അതിനേക്കാൾ വലുതായിരിക്കണം. ഇലക്ടറൽ റോളിൻ്റെ സാധ്യതയെ ഉപയോഗിച്ചുകൊണ്ട് പൗരത്വ രജിസ്റ്റർ കെട്ടിപ്പടുക്കാനും, തങ്ങളുടെ ആഭ്യന്തര ശത്രുക്കളെയും വോട്ടുബാങ്കുകളായി കീഴ്പ്പെടാത്തവരെയും, ആദ്യം കടന്നുകയറ്റക്കാരായും പിന്നീട് രാജ്യത്തിൽ നിന്ന് പുറത്താക്കാനോ, ഡിറ്റൻഷൻ കേന്ദ്രങ്ങളിലെ അഭയാർത്ഥികളാക്കാനോ ഉള്ളവരാക്കുക എന്നതാകണം ഭരണകൂട അജണ്ട. തെരുവിലെ സമരങ്ങളിലോ, കോടതിയിലോ അജണ്ട പൊളിഞ്ഞാൽ തൽക്കാലത്തേക്ക് വർഗീയപ്രചാരണം കടുപ്പിക്കാനുള്ള ഉപകരണങ്ങളായെങ്കിലും ഇന്നത്തെ ചർച്ചകളെ വഴിതിരിച്ചുവിടാനാകണം ശ്രമം. വോട്ടർ പട്ടികയിൽ നേപ്പാളികളെയും ബംഗ്ലാദേശികളെയും മ്യാൻമറിൽ നിന്നുള്ളവരെയും കണ്ടെത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം, തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ കഴിയുന്ന വാക്ചാതുരിയുള്ള ഉപകരണങ്ങളായി മാറുമെന്ന് ഉറപ്പാണ്.
ഇന്ത്യൻ ഭരണഘടനാ അസംബ്ലി തയ്യാറാക്കിയ, ഭരണഘടനയുടെ ആർട്ടിക്കിൾ 324 (2) പ്രകാരം പാർലമെൻറ് സമ്മേളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള നിയമം നിർമ്മിക്കേണ്ടതാണ്. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതലകളും അധികാരങ്ങളും വ്യക്തമാക്കുന്ന നിയമം തയ്യാറായത് 1991ൽ മാത്രമാണ്. ആ നിയമത്തിലും, എങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കേണ്ടത് എന്നതിന് വ്യക്തതയുണ്ടായിരുന്നില്ല. പ്രധാനമന്ത്രി നയിക്കുന്ന പൊളിറ്റിക്കൽ എക്സിക്യൂട്ടീവ് തീരുമാനമെടുക്കുകയും, ഇന്ത്യൻ പ്രസിഡണ്ടിന് ഒപ്പിടാൻ അയച്ചുകൊടുക്കുകയും ചെയ്യുന്ന പ്രവൃത്തിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം.
ഇന്ത്യൻ ഭരണഘടന | PHOTO : WIKI COMMONS
സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്താൻ രാഷ്ട്രീയ എക്സിക്യൂട്ടീവ് ചുമതലപ്പെടുത്തുന്ന ഒരു തെരഞ്ഞെടുപ്പ് കമ്മീഷണർ മതിയാകുമോ എന്ന ചോദ്യമാണ് 2015ൽ അനൂപ് ബരൺവാൾ v/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ഉയർന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാൻ പുതിയ നിയമം ഉണ്ടാകുന്നതുവരെ, പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ചേർന്ന സെലക്ഷൻ കമ്മിറ്റി നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കണം എന്നാണ് 2023ൽ സുപ്രീംകോടതി നിർദേശിച്ചത്. കോടതിവിധി ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കാൻ അധികം താമസിയാതെ, കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവന്നു. തെരഞ്ഞെടുപ്പുകളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യൻ പാർലമെൻറ്, അങ്ങനെ ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതിനുള്ള ചട്ടം നിർമിച്ചു. പക്ഷേ രാഷ്ട്രപതി നിയമിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റിയിൽ, പ്രധാനമന്ത്രിക്കും പ്രതിപക്ഷനേതാവിനുമൊപ്പം, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന മറ്റൊരു ക്യാബിനറ്റ് മന്ത്രിയാണ്, നിയമം വഴി ഇരിപ്പുറപ്പിച്ചത്.
1991ലെ നിയമം നിഷ്കർഷിച്ചിരുന്നത് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് സുപ്രീംകോടതി ജഡ്ജിയുടെ അധികാരാവകാശങ്ങൾ വേണമെന്നായിരുന്നു. എന്നാൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ അവതരിപ്പിച്ച പുതിയ നിയമത്തിലൂടെ, തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി ഒരു സർക്കാർ വകുപ്പ് സെക്രട്ടറിക്ക് തത്തുല്യമായ അധികാരങ്ങളിലേക്ക് ചുരുങ്ങി. ഇതിനുമുമ്പ് സർക്കാരുകൾ അങ്ങനെ വെട്ടിച്ചുരുക്കിയത് വിവരാവകാശ കമ്മീഷണറുടെയും വിജിലൻസ് കമ്മീഷണറുടെയും അധികാരാവകാശങ്ങളാണ്. ലോകത്തിലെ പകുതിയോളം ജനാധിപത്യരാഷ്ട്രങ്ങളിൽ പരമോന്നത കോടതിയുടെ ജഡ്ജിമാർ തന്നെയാണ് തെരഞ്ഞെടുപ്പ് ചുമതലയും നിർവഹിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ നൂറിലധികം രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ വന്ന് പഠനനിരീക്ഷണങ്ങൾ നടത്തിയ പദവിയുടെ ചിറകുകളാണ് പറക്കമുറ്റുന്നതിന് മുമ്പ് നരേന്ദ്ര മോഡി സർക്കാർ വെട്ടിയൊതുക്കിയത്.
അർജുൻ റാം മേഘ്വാൾ | PHOTO : WIKI COMMONS
പുതിയ നിയമം വന്നതിനുശേഷമുള്ള ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിൻ്റേതായിരുന്നു. കേന്ദ്ര ആഭ്യന്തര, സഹകരണമന്ത്രി അമിത് ഷായ്ക്ക് കീഴിൽ ആഭ്യന്തര ജോയിൻറ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി പദവികളും സഹകരണ സെക്രട്ടറി പദവിയും വഹിച്ചയാളാണ് ഇദ്ദേഹം. കശ്മീരിൻ്റെ പ്രത്യേക അവകാശമായ ആർട്ടിക്കിൾ 370 വെട്ടിക്കളഞ്ഞ് പുതിയ തീരുമാനങ്ങൾ എടുക്കുന്ന കാലത്തും ബാബറി മസ്ജിദ് പള്ളി പൊളിച്ചയിടത്ത് രാമക്ഷേത്രം പണിയാനുള്ള ട്രസ്റ്റ് രൂപീകരിക്കുന്ന ഘട്ടത്തിലും സുപ്രധാന ചുമതലകൾ അമിത് ഷാ ഗ്യാനേഷ് കുമാറിന് നൽകിയിരുന്നു. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ അവരോധിക്കുമ്പോൾ അനിവാര്യമായ സെലക്ഷൻ കമ്മിറ്റിയിൽ പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ക്യാബിനറ്റ് മന്ത്രിയായി ഉൾപ്പെട്ടത് അമിത് ഷാ തന്നെയായിരുന്നു.അതുകൊണ്ട്, മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ തെരഞ്ഞെടുപ്പ് കമ്മീഷനെ, 'ആഭ്യന്തരമന്ത്രാലയത്തിൻ്റെ പാവ' എന്ന് വിളിച്ചത് വെറുംവാക്കാവാൻ വഴിയില്ല.
രാഷ്ട്രനിർമ്മിതിയിലേക്കുള്ള ആദ്യപടി വോട്ടെടുപ്പാണെന്നും അതിനാൽ 18 തികഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാരും വോട്ടർമാരാകണമെന്നും എല്ലായ്പ്പോഴും വോട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചത്, 2025 ഫെബ്രുവരിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റപ്പോൾ ഇതേ ഗ്യാനേഷ് കുമാറാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാർ ചുമതലയേൽക്കുന്ന ഘട്ടത്തിൽ തന്നെ, അദ്ദേഹത്തിന് മുമ്പിലുള്ള പ്രധാന ഉത്തരവാദിത്വങ്ങൾ 2025ലെ ബീഹാർ സംസ്ഥാന തെരഞ്ഞെടുപ്പ്, 2026ലെ കേരള, തമിഴ്നാട്, പശ്ചിമബംഗാൾ സംസ്ഥാന തിരഞ്ഞെടുപ്പുകൾ എന്നിവയാകുമെന്ന് മാധ്യമങ്ങൾ ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനിലൂടെ കേന്ദ്രസർക്കാർ സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നത്, കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലും പ്രതിഫലിക്കുമെന്ന കാര്യം ഉറപ്പാണ്. ബംഗാളിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പ്രചാരണങ്ങളിലൂടെ ഉറപ്പാക്കിയിട്ടുള്ള ബിജെപി, ബംഗാളിൻ്റെ വോട്ടർ പട്ടികയിൽ ഒരു സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ ഉറപ്പായും നടപ്പാക്കും. രാഷ്ട്രപതി ഭരണം അവസാനിച്ചാൽ വോട്ടെടുപ്പ് നടത്തേണ്ടിവരുന്ന മണിപ്പൂരിലും ഇതേ പരിപാടി കമ്മീഷൻ ആവർത്തിക്കും. റിവിഷന് വേണ്ടിയുള്ള പരിശീലനം ഉദ്യോഗസ്ഥർക്കായി ബംഗാളിൽ ആരംഭിച്ചിട്ടുണ്ടെന്നും വാർത്തകളുണ്ട്. ബീഹാറിലെ പ്രശ്നത്തിൽ ഇടപെടാത്ത സുപ്രീംകോടതിയിൽ, ബംഗാളിൽ എസ്ഐആർ നടത്താൻ അനുവദിക്കരുതെന്ന ഹർജികൾ എത്തിക്കഴിഞ്ഞു. പ്രതിപക്ഷ പാർട്ടികൾ അവസാന ആശ്രയമായി കരുതുന്ന സുപ്രീംകോടതി കൂടി തെരഞ്ഞെടുപ്പ് വിശ്വാസം നഷ്ടപ്പെടുത്തിയാൽ, ജനാധിപത്യത്തിൻ്റെ പ്രഷർ വാൽവ് തകരുമോ എന്നുള്ള ആശങ്കയും പടരുന്നുണ്ട്.
ഗ്യാനേഷ് കുമാർ | PHOTO : WIKI COMMONS
കേന്ദ്രഭരണത്തിൻ്റെ പിൻബലത്തിൽ സംഘപരിവാരം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയുടെ ജനാധിപത്യപ്രക്രിയയിൽ എങ്ങനെയൊക്കെ ഇടപെട്ടു എന്നത് പരിശോധനാവിധേയമാക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനകാര്യത്തിലുള്ള നിയമനിർമ്മാണം മുതൽ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മുദ്രാവാക്യം വരെയുള്ള നയപരിപാടികൾ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൻ്റെ ഭാവിയെ തന്നെ ബാധിക്കുന്നതാണ്. ജനാധിപത്യം പലപ്പോഴും സാധാരണ മനുഷ്യർക്ക് മുന്നിൽ അനുഭവപ്പെടുന്നത് തെരഞ്ഞെടുപ്പായി മാത്രമാകണം. അതിനെ പോലും ആക്രമിക്കുന്ന നടപടികൾ കണ്ടുനിൽക്കുക മാത്രമാണോ രാജ്യത്തിൻ്റെ ജുഡീഷ്യറിയും എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ സംബന്ധിച്ച് ഉയർന്നുവന്ന വിവാദങ്ങളിൽ ചെവികൊടുക്കുക പോലും ചെയ്യാത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ, സുപ്രീംകോടതി വ്യവഹാരങ്ങളിലും ചോദ്യമുനകളിൽ കുടുങ്ങാതെ രക്ഷപ്പെടുകയാണ് ചെയ്തത്. സുപ്രീംകോടതി നിർദ്ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻ്റെ തന്നെ പേര് ഭരണകൂടം വെട്ടിയാലും പ്രശ്നമല്ലാത്ത വിധം 'സ്വതന്ത്ര ജുഡീഷ്യറി' പെരുമാറിക്കൊണ്ടിരിക്കുന്നു. ബിഹാറിലെ സമഗ്ര വോട്ടർപട്ടികാ പരിശോധനയും സ്റ്റേ ചെയ്യാത്തതാണ് പരമോന്നത കോടതി നടപടി. അവരുടെ ആഭ്യന്തരഭീഷണികളെ വെല്ലുവിളിക്കാനായി കാവിയാൽ മുക്കിയെടുത്ത ഇന്ത്യയുടെയാകെ 'ആഭ്യന്തര'ഭീഷണിയുടെ പാവകൾക്കൊപ്പം പരമോന്നതനീതിപീഠം പാവകളി പകർന്നാടുന്നത് എന്നവസാനിപ്പിക്കും എന്നതിലാണ് ഇന്ത്യൻ ജനാധിപത്യക്രമത്തിൻ്റെ ഭാവി തെളിഞ്ഞുകാണുന്നത്.


