TMJ
searchnav-menu
post-thumbnail

Outlook

ബീഹാർ വോട്ടർ പട്ടിക പുതുക്കലും അതിൽ നിന്ന് പുറത്താക്കപ്പെടുന്നവരും

05 Aug 2025   |   7 min Read
അരവിന്ദ് വി എസ്

ബീഹാറിലെ സ്പെഷ്യൽ ഇന്റെൻസീവ് റിവിഷനിൽ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാർ കാർഡും രേഖകളായി ഉപയോഗിക്കുവാൻ  സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് കഴിഞ്ഞ ജൂലൈ 28ന് വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനെ സുപ്രീം കോടതി എതിർത്തില്ല. ജൂൺ 24ന്  സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ എന്ന വോട്ടർ പട്ടിക പുതുക്കാനുള്ള പ്രവർത്തനത്തിന്റെ അറിയിപ്പ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിരുന്നു. തുടർന്ന് അതിന്റെ മാർഗ നിർദേശങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചർച്ചകളും ഉയർന്നു. ബീഹാറിലെ ഏകദേശം 8 കോടി വോട്ടർമാരുടെ വീടുതോറുമുള്ള ഈ പരിശോധന ഒരു ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാരുടെയും (ബിഎൽഒ), 4 ലക്ഷം സന്നദ്ധപ്രവർത്തകരുടെയും, വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ആയിരക്കണക്കിന് ബൂത്ത് ലെവൽ ഏജന്റുമാരുടെയും (ബിഎൽഎ) സഹായത്തോടെയാണ് നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്.

ജൂലൈ 25ന് മുൻപേ ബൂത്ത് ലെവൽ ഏജന്റുമാർ നൽകുന്ന അപേക്ഷ ഫോമുകൾ വോട്ടർമാർ പൂരിപ്പിച്ചു തിരികെ സമർപ്പിക്കേണ്ടതുണ്ടായിരുന്നു. ഈ ഫോമുകളിൽ അതാത് വോട്ടർമാരുടെ പേരും മേൽവിലാസവും ഏറ്റവും പുതിയ ഫോട്ടോയും ഉണ്ടായിരിക്കേണ്ടതാണ്. 18 മുതൽ 40 വയസുവരെ ഉള്ളവർക്ക് 11 ഇന രേഖകളിൽ ഏതെങ്കിലും ഒന്ന് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതുണ്ട്. 40 വയസിനു മുകളിൽ ഉള്ളവർ 2003ലെ വോട്ടർ പട്ടികയിലെ തങ്ങളുടെ പേര് ഉൾപ്പെടുന്ന ഭാഗത്തിന്റെ പകർപ്പ് അപേക്ഷയോടൊപ്പം നൽകേണ്ടി വരും.

REPRESENTATIVE IMAGE | WIKI COMMONS
തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടികയിൽ നിന്ന് വലിയ തോതിൽ ജനങ്ങളെ പുറത്താക്കാനുള്ള സംഘപരിവാറിന്റെ പ്രവർത്തനങ്ങളാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ എന്ന് പ്രതിപക്ഷ കക്ഷികളുടെ ഐക്യമുന്നണി ആയ ഇന്ത്യ ബ്ളോക് ആരോപിച്ചു. ഈ പ്രശ്നം ഏകദേശം 2 കോടിയിലധികം വരുന്ന ജനങ്ങളെ വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കുമെന്നും വിശേഷിച്ചും ബിഹാറിലെ 20%ത്തോളം വരുന്ന മറ്റ് സംസ്ഥാനങ്ങളിലെക്ക് കുടിയേറിയ തൊഴിലാളികളെ വളരെയധികം ബാധിക്കുമെന്നും അവർ വ്യക്തമാക്കി. നോട്ട് നിരോധനത്തിന് സമാനമായി വോട്ട് നിരോധിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അവർ വിമർശിച്ചു. വിഷയവുമായി ബന്ധപെട്ട് നേതാക്കൾ ജൂലൈ 2ന് തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ട് പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു.

മൂന്ന് മാസങ്ങൾ എന്ന കണക്കിന് ദ്രുതഗതിയിൽ നടത്തപ്പെടേണ്ട ഒന്നല്ല വോട്ടർ പട്ടിക പുതുക്കുന്നത് പോലെയുള്ള ഇത്തരം പ്രവർത്തനങ്ങൾ. അത് ദരിദ്രരായ ജനങ്ങൾക്ക് കരട് പട്ടികയിലെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ഒരു മാസമാണ് സമയം അനുവദിച്ചിരിക്കുന്നത്. തിരക്കുപിടിച്ചാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അവ സുതാര്യമല്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

ബൂത്ത് ഏജന്റുമാരുടെ പ്രശ്നങ്ങൾ

ബീഹാറിലെ ഉൾഗ്രാമങ്ങളിൽ ഈ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദി വയർ നടത്തിയ അന്വേഷണങ്ങൾ പ്രധാനപ്പെട്ട വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. അത് ബൂത്ത് ലെവൽ ഏജന്റുമാർ നടത്തുന്ന പ്രവർത്തനങ്ങളിലെ പാളിച്ചകളെക്കുറിച്ചായിരുന്നു. അവർ പലപ്പോഴും ഗ്രാമങ്ങളിൽ വീട് തോറും അന്വേഷണം നടത്തുന്നില്ല എന്നും, വീട് സന്ദർശന സമയത്ത് ജനങ്ങൾ ജോലി സ്ഥലത്തും കൃഷി സ്ഥലങ്ങളിലും ആയതുകൊണ്ട് ഗ്രാമങ്ങളിലെ പൊതു ഇടങ്ങളിൽ വെച്ചാണ് ഈ പരിശോധന നടക്കുന്നത് എന്നുമായിരുന്നു റിപ്പോർട്ട്. അത്തരം ഇടങ്ങളിൽ വച്ചാണ് അപേക്ഷ ഫോറങ്ങൾ ജനങ്ങൾക്ക് കൈമാറുകയും അവർ മുൻപ് സൂചിപ്പിച്ച രേഖകൾ സമർപ്പിക്കുകയും ചെയുന്നത്. അതിൽ തന്നെ പല ഗ്രാമീണരുടെ കൈവശവും ഇതിനാവശ്യമായ രേഖകളുടെ അഭാവം ചൂണ്ടികാണിക്കപ്പെട്ടു. ഒരു കുടുംബത്തിലെ ഓരോ വ്യക്തിക്കും ഇത്തരം രേഖകൾ പണവും സമയവും ചെലവാക്കി ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ അപേക്ഷിക്കുന്നതിനും ലഭ്യമാക്കുന്നതിനും അവർക്കുള്ള പരിമിതികൾ വലുതായിരുന്നു.

REPRESENTATIVE IMAGE | WIKI COMMONS
രേഖകളുമായി ബന്ധപ്പെട്ട പ്രശ്നം

സമാനമായ വോട്ടർ പട്ടിക പുതുക്കൽ ബിഹാറിൽ ഏറ്റവും അവസാനം 2003ലാണ് നടന്നത്. പുതിയ പ്രവർത്തനത്തിൽ വോട്ടർ പട്ടികയിൽ ഇടം നേടാനായി സമർപ്പിക്കേണ്ട 11 രേഖകളുമായി ബന്ധപെട്ട വിവാദങ്ങൾ ഉണ്ടായിരുന്നു. 2003ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവർ കൂടുതൽ രേഖകൾ അതിനായി സമർപ്പിക്കേണ്ടതായി വരും. വോട്ടർപ്പട്ടികകളിൽ പേരില്ലെങ്കിൽ 1987നും അതിന് ശേഷവും ജനിച്ച വോട്ടർമാർ അവരുടെ മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടി വരും എന്നുള്ള നിർദേശങ്ങൾ വിമർശനങ്ങൾക്ക് വിധേയമായി. വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി സമർപ്പിക്കേണ്ട പതിനൊന്ന് രേഖകൾ അവ താഴെ കൊടുത്തവയാണ്.

01.കേന്ദ്ര/സംസ്ഥാന സർക്കാരുകളോ പൊതുമേഖലാ സ്ഥാപനങ്ങളോ ജീവനക്കാരന് നൽകുന്ന തിരിച്ചറിയൽ കാർഡോ അയാളുടെ പെൻഷൻ പേയ്മെന്റ് ഓർഡറോ 02. 1987 ജൂലൈ ഒന്നിന് മുമ്പ് സർക്കാർ/പ്രാദേശിക അതോറിറ്റി/ബാങ്ക്/പോസ്റ്റ് ഓഫീസ്/എൽഐസി/പൊതുമേഖലാ സ്ഥാപനങ്ങൾ നൽകിയ തിരിച്ചറിയൽ കാർഡോ /സർട്ടിഫിക്കറ്റൊ /രേഖകളോ 03. ജനന സർട്ടിഫിക്കറ്റ് 04. പാസ്പോര്ട്ട് 05. പത്താം തരം അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ് 06. സംസ്ഥാന സർക്കാർ നൽകുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ് 07. വന അവകാശ സർട്ടിഫിക്കറ്റ് 08. എസ്സി/എസ്ടി/ഒബിസി ജാതി സർട്ടിഫിക്കറ്റ് 09.പൗരത്വ രജിസ്റ്ററിൽ (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് -എൻആർസി) പേര് ചേർത്തിട്ടുണ്ടെങ്കിൽ അത്. 10. സംസ്ഥാന/പ്രാദേശിക അധികാരികൾ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ. 11. സർക്കാർ നൽകുന്ന ഭൂമി അല്ലെങ്കിൽ വീട് അലോട്ട്മെന്റ് സർട്ടിഫിക്കറ്റ് എന്നിവയാണ് ഈ രേഖകൾ.

REPRESENTATIVE IMAGE | WIKI COMMONS
അദ്യകാലത്തെതിൽ നിന്ന് വ്യത്യസ്തമായി പുതിയ വോട്ടർ പട്ടികയിൽ പേര് ചേർക്കണമെങ്കിൽ ഈ 11 ഇനം രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കേണ്ടതായിട്ടുണ്ട്. എന്നാൽ അവയിൽ റേഷൻ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാർ കാർഡും തൊഴിലുറപ്പ് രേഖകളും ഉണ്ടായിരുന്നില്ല. ഈ 11 രേഖകളിൽ ഏതെങ്കിലും ഒന്ന് അപേക്ഷിക്കാനായി തന്നെ 350 മുതൽ 400 രൂപ വരെ ചിലവുണ്ടാകുമെന്ന് വയർ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ബിഹാറിലെ ചില ഗ്രാമീണർ വ്യക്തമാക്കി. അതിനായി ദിവസങ്ങളോളം ചിലവാക്കണമെന്നും ഒരാൾക്ക് വേണ്ടി തന്നെ ഇത്രയും തുക ചെലവാക്കണമെങ്കിൽ അത് ഒരു കുടുംബത്തിന് വലിയ ബാധ്യത ആകുമെന്നും ഗ്രാമീണർ പരാതിപ്പെട്ടു.

കോടതി വ്യവഹാരങ്ങൾ

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റൈറ്സ് എന്ന സഘടന, വിഷയത്തിൽ സുപ്രീം കോടതിയിൽ പെറ്റീഷൻ സമർപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടുകൾ ഭരണഘടനയുടെ പ്രാഥമികമായ മൂല്യങ്ങളെ തന്നെ ലംഖിക്കുന്നതാണ് എന്ന് അവർ വ്യക്തമാക്കി. അത് ഭരണഘടനയുടെ ആർട്ടിക്കിൾ 14,19,21,325,326 എന്നിവ പ്രകാരമുള്ള മൗലികാവകാശങ്ങളും 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവ ആയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് ജനങ്ങളുടെ പൗരത്വം നിർണ്ണയിക്കുവാനുള്ള അധികാരമില്ല എന്ന് പെറ്റിഷണർമാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അഭിപ്രായപ്പെട്ടു. വിഷയത്തിൽ ജൂലൈ 28ന് ഹിയറിങ് നിശ്ചയിചിട്ടുണ്ടായിരുന്നു. അതിന് മുൻപേ ആധാറും റേഷൻ കാർഡും തിരിച്ചറിയൽ രേഖകളായി കണക്കാക്കാൻ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.  ജൂലൈ 21ഓടു കൂടി വിശദമായ മറുപടി നല്കാൻ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് പെറ്റീഷൻ പരിഗണിച്ചത്.

ബിഹാറിലെ അകെ മൊത്തം 7.89 കോടി വോട്ടർമാരിൽ 7.24 കോടി വോട്ടർമാർ രേഖകൾ സമർപ്പിച്ചു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിൽ 65. 6 ലക്ഷം വോട്ടർമാരെ കരട് വോട്ടർ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതിൽ തന്നെ 23.3 ലക്ഷം ആളുകൾ മരണപെട്ടവരാണ്. 36. 3 ലക്ഷം വോട്ടർമാർ താമസ സ്ഥലം മാറുകയോ കണ്ടെത്താൻ കഴിയാതെ ആവുകയോ ചെയ്തു. 7 ലക്ഷം വോട്ടർമാർ മറ്റിടങ്ങളിലെ വോട്ടർ പട്ടികയിൽ ഇടം നേടി എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതായി സ്ക്രോൾ റിപ്പോർട്ട് ചെയ്തു. 

REPRESNTATIVE IMAGE | WIKI COMMONS
സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ - ചരിത്രം, പ്രവർത്തനങ്ങൾ

2003ൽ ബിഹാറിൽ നടന്ന സ്പെഷ്യൽ ഇന്റെൻസീവ് റിവിഷന് സമാനമായ പ്രവർത്തനങ്ങൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ നിർദേശങ്ങൾ ഉൾകൊള്ളുന്ന ഉത്തരവ് കണ്ടെത്താൻ കഴിയാത്തത് പ്രശ്നത്തിന്റെ ദുരൂഹത വർധിപ്പിച്ചു എന്ന് സ്ക്രോൽ എന്ന ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്തു. വിശേഷിച്ചും അന്നത്തെ വോട്ടർ പട്ടികയാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാന രേഖയായി കണക്കാക്കുന്നത് എന്നുള്ളപ്പോൾ. ആ വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് മാത്രമാണ് പൗരത്വം തെളിയിക്കേണ്ടാത്തത്. ഇനി പട്ടികയിൽ പേരുചേർക്കേണ്ടവർക്ക് മുഴുവൻ ഈ പ്രശ്നം നേരിടേണ്ടതായി വരും. 

എന്തുകൊണ്ടാണ് സർക്കാരിന്റെതായ ഒരു പഴയ രേഖ കണ്ടെത്താൻ കഴിയാതാകുന്നത് എന്ന സംശയം ഇതോടൊപ്പം ബലപ്പെട്ടു. ഒരുപക്ഷെ ആ രേഖകളിൽ അക്കാലത്തെ വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനം എങ്ങനെ ആയിരുന്നു എന്ന് മനസിലാക്കാൻ കഴിയുമായിരുന്നു. എന്നാൽ അതിന്റെ കോപ്പി ലഭ്യമല്ല എന്ന് ഉദ്യോഗസ്ഥർ സ്ക്രോളിനെ അറിയിച്ചു. ബീഹാറിലെ മുൻ വോട്ടർ പട്ടിക പരിഷ്ക്കരണങ്ങൾക്ക് ബാധകമല്ലാത്ത ഒരു പുതിയ രീതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യവും ഇത് ഉയർത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ വോട്ടർ പട്ടികയോടൊപ്പം ഉണ്ടായിരുന്ന പഴയ നിർദേശങ്ങളുടെ രേഖകളും ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു. 

2004ൽ മിസോറാം, മണിപ്പൂർ, മേഘാലയ, നാഗാലാ‌ൻഡ്, ത്രിപുര എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന സമാന പ്രവർത്തനങ്ങളുടെ നിർദേശങ്ങൾ പരിശോധിച്ചതിൽ നിന്നും മനസിലാകുന്നത് അത് 6 മാസത്തോളം നീണ്ട പ്രവർത്തനമായിരുന്നു എന്നാണ്. 2005 ജനുവരി 1ന് 18 വയസു പൂർത്തിയാകുന്ന എല്ലാവരും വോട്ടർ പട്ടികയിൽ ഇടം പിടിക്കാൻ യോഗ്യർ ആയവർ ആയിരുന്നു, 2004 ജൂലൈ 1ന് തുടങ്ങി ആഗസ്ത് 1ന് അവസാനിക്കുന്ന രീതിയിൽ ഒരു മാസത്തെ പ്രാരംഭ പ്രവർത്തനങ്ങളിലൂടെയാണ് വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനങ്ങൾ അവിടെ നടന്നത്. ആഗസ്ത് 2 മുതൽ സെപ്തംബർ 3 വരെ അപേക്ഷ ഫോമുകൾ പൂരിപ്പിയ്ക്കാൻ വീട് സന്ദർശനത്തിനുള്ള സമയമായിരുന്നു. അതെ വർഷം സെപ്തംബർ 4 മുതൽ ഒക്ടോബരർ 28 വരെ വോട്ടർ പട്ടിക തയ്യാറാക്കുകയും ഒക്ടോബരർ 29ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. 

REPRESENTATIVE IMAGE | WIKI COMMONS
ഒക്ടോബരർ 29 മുതൽ നവംബർ 20 വരെ കരട് പട്ടികയിലെ പ്രശ്നങ്ങൾ വോട്ടർമാർക്ക് പരാതിയായി ബോധിപ്പിക്കാനും തിരുത്താനുമുള്ള സമയമായിരുന്നു. 2005 ജനുവരി 3ന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിച്ചത്. ഈ മുഴുവൻ പ്രവർത്തനങ്ങളിലും രണ്ട് തരം ആളുകൾക്കാണ് പൗരത്വം തെളിയിക്കേണ്ടതായി വരുന്നത്. ഒന്ന് ഗണ്യമായ തോതിൽ വിദേശ പൗരന്മാരുടെ സാന്നിധ്യം ഉള്ള മറ്റൊരു സ്വദേശി പൗരനുമായും ബന്ധങ്ങൾ തെളിയിക്കാൻ ആവാത്ത പുതിയ വോട്ടർമാർക്ക്. ഇത്തരം ജനങ്ങളെ സർക്കാർ സ്ഥാപനങ്ങൾ ഉപയോഗിച്ച് പരിശോധനകൾക്ക് വിധേയനാകാൻ പറയുന്നുണ്ടെങ്കിലും ഒരു കാരണവശാലും പോലീസ് സ്റ്റേഷനിലേക്ക് വലിപ്പിച്ചുകൊണ്ട് ഈ പരിശോധനകൾ നടത്തരുതെന്നും സവിശേഷമായി ഇത്തരം രേഖയ്ക്ക് വേണ്ടി നിർബന്ധം നടത്തരുതെന്നും കർശനമായി നിർദേശിക്കുന്നുണ്ട്.

ഭരണ ഘടനയുടെരണ്ടാം ഭാഗത്തിലെ പൗരത്വവുമായി ബന്ധപ്പെട്ട 1955ലെ പൗരത്വ നിയമവും 1946ലെ വിദേശികളുടെ നിയമവും അനുസരിച്ച് മാത്രമേ ഇത്തരം പരിശോധനകൾ നടത്താവൂ എന്ന നിർദേശവും അതിൽ ഉൾകൊള്ളുന്നു. 

ഈ കരട് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള പുതിയ അംഗങ്ങളാണ് പൗരത്വം തെളിയിക്കേണ്ട രണ്ടാമത്തെ തരം ആളുകൾ. എന്നാൽ നിലവിൽ ബിഹാറിലേത് പോലെ മുൻ പതിറ്റാണ്ടുകളിലെ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തവരോട് പൗരത്വം തെളിയിക്കാൻ അത് ആവശ്യപ്പെട്ടിരുന്നില്ല എന്ന് സ്ക്രോൾ ചൂണ്ടികാണിച്ചു. ഇന്ത്യൻ പൗരനല്ല എന്ന കാരണം കൊണ്ട്  വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആഗ്രഹിക്കുന്ന വ്യക്തി അതിന് അയോഗ്യനാകുന്നില്ല എന്ന് അക്കാലത്തെ പ്രവർത്തനനിർദേശങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു എന്ന് സ്ക്രോൾ ചൂണ്ടിക്കാട്ടി. പൗരത്വ രെജിസ്റ്ററോ, പൗരത്വ സെർട്ടിഫിക്കറ്റോ, ജനന സെർട്ടിഫിക്കറ്റോ ഈ പരിശോധനക്കായി വോട്ടർമാരോട് ആവശ്യപ്പെടാം എന്നും നിർദേശം വ്യക്തമാക്കി. ഈ രേഖകൾ അവസാനത്തേതല്ലെന്നും ആവശ്യമെങ്കിൽ പൗര്വത്വ അവകാശം ഉന്നയിക്കാവുന്ന മറ്റെന്ത് രേഖകളും പരിശോധിക്കുകയും വിലയിരുത്തുകയും വേണമെന്നും നിർദേശം സൂചിപ്പിച്ചു.

ഇന്ത്യൻ ഭരണ ഘടന | PHOTO : WIKI COMMONS
ജനസംഖ്യ കണക്കുകളും അപ്രത്യക്ഷരാവുന്ന വോട്ടർമാരുടെ സ്വത്വവും

മുൻപ് സൂചിപ്പിച്ചതുപോലെ ആദ്യകാലത്തെ വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനങ്ങൾ വലിയ തോതിൽ ഉദാര നയങ്ങൾ ഉൾച്ചേർന്നവയായിരുന്നു. അതാണ് ഈ പുതിയ നീക്കങ്ങളോടെ ഇല്ലാതാകുന്നത്. പുതിയ കരട് വോട്ടർ പട്ടിക പുറത്ത് വരുമ്പോൾ അതിൽ നിന്ന് പുറത്ത് പോയവരിൽ അധികവും മുസ്ലിങ്ങളും സ്ത്രീകളും ദളിതരും അടങ്ങുന്ന ജനവിഭവങ്ങൾ ആണെന്ന് കണ്ടെത്തപ്പെട്ടു. ഇത് സംഘപരിവാറിന്റെ സ്ത്രീ, ന്യൂനപക്ഷ വിരുദ്ധ നയങ്ങളുടെ തുടർച്ചയാണ് എന്ന് കൂടുതൽ വ്യക്തമാകുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലകളായ പത്ത് ജില്ലകളിലാണ് ഏറ്റവും കൂടുതൽ എന്നുമേറേഷൻ ഫോമുകൾ പൂരിപ്പിച്ച് സമർപ്പിക്കാൻ ബാക്കിയുള്ളത് എന്ന കണക്ക് കൂടി പുറത്തുവരുമ്പോൾ അതിന് കൂടുതൽ വ്യക്തത കൈവരുന്നു. അതോടൊപ്പം ബിഹാറിലെ 243 മണ്ഡലങ്ങളിൽ 43 ഇടങ്ങളിൽ  വോട്ടർ പട്ടികയിൽ നിന്നും പുറത്തായ 60 %മോ അതിലധികമോ വോട്ടർമാർ സ്ത്രീകളാണ് എന്നും റിപോർട്ടുകൾ പറയുന്നു.

ബീഹാറിലെ അതായത് 8.3 ശതമാനം വോട്ടർമാർ ഏകദേശം 65 ലക്ഷം വോട്ടർമാരെ കരട് പട്ടികയിൽ  ഒഴിവാക്കിയെന്ന് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ച് ഒരു ദിവസം കഴിഞ്ഞ് ജൂലൈ 27ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ വോട്ടർമാരുടെ വിവരങ്ങളോ നിയമസഭാ മണ്ഡലം അനുസരിച്ചുള്ള ഇതിന്റെ കണക്കുകളോ അവർ പുറത്തു വിട്ടില്ല. 

സ്ക്രോൾ നടത്തിയ വിശകലനം അനുസരിച്ച് സീമഞ്ചൽ മേഖലയിലെ അരാറിയ,കിഷൻജംഗ്, പുർണിയ, കാട്ടിഹാർ എന്നീ ജില്ലകളും സീതമർഹി, കിഴക്കൻ ചമ്പാരൻ ജില്ലകളും ഇതിൽ ഉൾപെടും. 

2011 സെൻസസ് പ്രകാരം ഈ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യ ഉള്ളത്. ലേഖകൻ പ്രസ്തുത ജില്ലകളിലെ ദളിത് ജനസംഖ്യാ കൂടി ഇതോടൊപ്പം പരിശോധിച്ചപ്പോൾ കൂടുതൽ വ്യക്തത ലഭ്യമായി. ഇവയിൽ ആദ്യത്തെ നാലും എന്നുമെറേഷൻ ഫോമുകൾ സമർപ്പിക്കാത്ത ഏറ്റവും കൂടുതൽ ആളുകൾ ഉള്ള ജില്ലകളുമാണ്. 39 % മുസ്ലിങ്ങളും 11.97% ദളിതരുമുള്ള പുർണിയയിൽ 28% വോട്ടർമാർ ഫോമുകൾ സമർപ്പിക്കാനുണ്ട്. 22% മുസ്ലിങ്ങളും 11.85 % ദളിതരുമുള്ള സീത മർഹിയിൽ 27% ആളുകൾ ഫോമുകൾ സമർപ്പിക്കാനുണ്ട്. ലാഖിസരായ് പോലെ മധ്യ ബിഹാറിലുള്ള 4% മാത്രം മുസ്ലിം ജനസംഖ്യയുള്ള ജില്ലയും ഏറ്റവും കൂടുതൽ വോട്ടർമാർ ഫോമുകൾ സമർപ്പിക്കാനുള്ള ജില്ലകളുടെ പട്ടികയിൽ ആദ്യത്തേതിൽ ഒന്നായി ഉണ്ട്. എന്നാൽ ലേഖകൻ നടത്തിയ വിശകലനത്തിൽ പ്രസ്തുത ജില്ലയിൽ ഏകദേശം 15. 30 % ദളിത് ജനസംഖ്യ ഉണ്ട് അത് വളരെ നിർണായകമാണ്.

REPRESENTATIVE IMAGE | WIKI COMMONS
25% ആളുകൾ ഫോമുകൾ തിരികെ സമർപ്പിക്കാൻ ഉള്ള കാട്ടിഹാറിൽ 8.56% ദളിതർ ഉണ്ട്. 24 % ആളുകൾ ഫോമുകൾ തിരികെ നല്കാൻ ബാക്കിയുള്ള റോഹ്‌തസിൽ 18.56% ദളിതർ ഉണ്ട്. 22 % ആളുകൾ അപേക്ഷ ഫോമുകൾ നൽകാനുള്ള ഗോപാൽഗഞ്ചിൽ 12.49% ദളിതർ ഉണ്ട്. അരാറിയയിൽ 13.60 % ദളിത് ജനസംഖ്യ ഉണ്ടെങ്കിൽ അവിടെ 22% ജനങ്ങൾ ഫോമുകൾ തിരികെ നല്കാൻ ഉണ്ട്. കിഷൻജംഗിൽ 6.69 %വും, കിഴക്കൻ ചമ്പാരനിൽ 14.07%വും, സഹർസയിൽ 16.69%വും ലഖിസാരയിൽ 15. 30 %വും  ദളിത് ജനസംഖ്യ ഉണ്ട്. ഈ ജില്ലകൾ യഥാനുസരണം ഏറ്റവും കൂടുതൽ എന്നുമെറേഷൻ ഫോമുകൾ തിരികെ നൽകാത്ത ആദ്യത്തെ 5 മുതൽ 10 വരെ  ജില്ലകളാണ്.

സ്ത്രീ വോട്ടർമാരുടെ കണക്കുകൾ വ്യക്തമാകുന്നത് ജനുവരി 2025ന് പുറത്തുവന്ന വോട്ടർ പട്ടികയും ആഗസ്ത് 1ന് പുറത്ത് വന്ന കരട് വോട്ടർ പട്ടികയും താരതമ്യം ചെയ്തപ്പോഴാണ്. 47.7% ഉണ്ടായിരുന്ന ആകെ സ്ത്രീ വോട്ടർമാർ ഇപ്പോൾ 47. 2 % ആയി കുറഞ്ഞു. ദക്ഷിണ ബിഹാറിലെ രാജ്‌പൂരിൽ 69% സ്ത്രീകൾ പുറത്താക്കപ്പെട്ടു എന്ന് സ്ക്രോൾ റിപ്പോർട്ട് ചെയുന്നു. 63 % സ്ത്രീകൾ ബ്രഹാമാപൂരിൽ പുറത്താക്കപ്പെട്ടു.  64 % സ്ത്രീകൾ പട്ടികയിൽ നിന്നും പുറത്തായി കൈമുർ ജില്ല ഏറ്റവും കൂടുതൽ സ്ത്രീകൾ പുറത്താകുന്ന ജില്ലയായി. 63% സ്ത്രീകൾ പുറത്തായികൊണ്ട് ബക്സർ ജില്ലയാണ് അടുത്തത്. 

ഇത്തരത്തിൽ സംഘപരിവാറിന് വോട്ട് നൽകാത്ത കൃത്യമായി ദളിത് മുസ്ലിം ജനങ്ങൾ ഉള്ള  ഇടങ്ങളിലാണ് ജനങ്ങൾ വോട്ടർ പട്ടികയുടെ പുറത്തു പോയിരിക്കുന്നത് എന്ന് ജനാധിപത്യസംവിധാനാത്തെ സംഘപരിവാർ എങ്ങനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവുകളാണ്. 

Reference
https://www.eci.gov.in/eci-backend/public/api/download?
url=LMAhAK6sOPBp%2FNFF0iRfXbEB1EVSLT41NNLRjYNJJP1KivrUxbfqkDatmHy
2e%2Fzznw5Qtyss%2B8ILdni0Z0RBAkwVPAdy67ySd4dS2SdwaNNq0p8WWXDoViU
eHPyzG9HgKdCmUSHqA1uyd%2BQgGswdQ%3D%3D

https://scroll.in/article/1085160/highest-exclusion-in-bihar-draft-roll-women-muslim
-dominant-districts

https://thewire.in/law/supreme-court-bihar-sir-aadhaar-card-epic-voter-id-election-commission

https://www.tribuneindia.com/news/upsc/verification-vexation-bihars-voter-roll-revision-sparks-controversy-and-concern/?utm_source=chatgpt.com

https://www.indiatvnews.com/bihar/news-bihar-voter-list-controversy-election-commission-eases-rules-voter-forms-can-be-submitted-without-documents-2025-07-06-997688?utm_source=chatgpt.com

https://www.theweek.in/news/india/2025/07/10/bihar-voter-list-supreme-court-questions-new-valid-documents-rules.html?utm_source=chatgpt.com

https://economictimes.indiatimes.com/news/elections/assembly-elections/bihar/bihar-voter-list-4-5-not-found-6-5-yet-to-verify-forms/articleshow/122590470.cms?utm_source=chatgpt.com

https://www.youtube.com/watch?v=HHdOma2zuM8

https://scroll.in/article/1084364/the-curious-case-of-a-missing-election-commission-order-on-2003-voter-list-revision-in-bihar

https://www.thehindu.com/elections/bihar-assembly/two-crore-bihar-voters-will-be-disenfranchised-because-of-sir-india-bloc-claims/article69765321.ece

https://scroll.in/article/1084364/the-curious-case-of-a-missing-election-commission-order-on-2003-voter-list-revision-in-bihar

https://scroll.in/article/1085060/bihar-roll-revision-muslim-dominant-areas-trail-in-filling-enumeration-forms-ec-data-shows

https://scroll.in/article/1085160/highest-exclusion-in-bihar-draft-roll-women-muslim-dominant-districts


#outlook
Leave a comment