ബിൽകിസ് ബാനു: പോരാട്ടത്തിന്റെ കരുത്തടയാളം
ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യകളില്‍ ഒന്നിലെ ജീവിക്കുന്ന പ്രതീകമായ ബില്‍കിസ് യാക്കൂബ് റസൂല്‍ എന്ന ബില്‍കിസ് ബാനു നീതിതേടിയുള്ള യാത്രയ്ക്കിടെ ഒരു കടമ്പകൂടി കടന്നിരിക്കുന്നു. ബാനുവിനെ ആക്രമിച്ച കേസ്സിലെ കുറ്റവാളികളെ ജയില്‍ മോചിതരാക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോ കേന്ദ്രത്തിനോ അധികാരമില്ലെന്ന് സുപ്രീംകോടതി കണ്ടെത്തി. വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനാണ് പ്രതികളെ വിട്ടയ്ക്കാന്‍ അധികാരമൂള്ളൂവെന്നാണ് സുപ്രീംകോടതി പ്രസ്താവിച്ചത്. ബില്‍കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ജയില്‍ മോചിതരാക്കിയ ഗുജറാത്ത് സര്‍ക്കാര്‍ നടപടിയും അത് സംബന്ധിച്ച കോടതി വിധികളും അടുത്തിടെ വ്യാപകമായ ചര്‍ച്ചാവിഷയമായിരുന്നു.
സ്ത്രീകള്‍ ബഹുമാനം അര്‍ഹിക്കുന്നവരാണെന്നും പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ പ്രതികാരത്തിനല്ല, നവീകരണത്തിനാണെന്നുമാണ് വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞത്. ഇതോടെ കേസിലെ 11 പ്രതികളും വീണ്ടും ജയിലിലേക്ക് പോകും. സ്ത്രീയുടെ ആത്മാഭിമാനത്തിന് കോടതി നല്‍കുന്ന പരിഗണനകൂടിയായി ഈ വിധി മാറി.
രാജ്യചരിത്രത്തിലെ കറുത്ത അടയാളം
ഗുജറാത്തിലെ ഗോദ്ര റെയില്‍വേ സ്റ്റേഷനില്‍ വച്ച് സബര്‍മതി എക്‌സ്പ്രസിലെ ഒരു ബോഗിക്ക് ഒരുകൂട്ടം ആളുകള്‍ തീയിടുകയും അയോധ്യയില്‍ നിന്ന് മടങ്ങിയ ഒട്ടനവധി തീര്‍ത്ഥാടകര്‍ കൊല്ലപ്പെടുകയും
ചെയ്തതാണ് 2002 ലെ വംശഹത്യയുടെ തുടക്കം. ഗോദ്ര സംഭവത്തിന്റെ പിറ്റേദിവസം അതായത് 2002 ഫെബ്രുവരി 28 ന് ദാഹോറിനടുത്തെ ഗ്രാമമായ, രാധിക്പൂരില്‍ നിന്ന് പലായനം ചെയ്യുന്ന ആള്‍ക്കൂട്ടത്തില്‍ ഒരാളായിരുന്നു ബില്‍കിസ്. മൂന്നരവയസ്സുള്ള മകള്‍ സലോഹ ഉള്‍പ്പെടെ കുടുംബത്തിലെ മറ്റ് 15 അംഗങ്ങളും ബില്‍കിസിന് ഒപ്പം ഉണ്ടായിരുന്നു.
ബില്‍കിസ് ബാനു | PHOTO: WIKI COMMONS
2002 മാര്‍ച്ച് 3ന് ഇവര്‍ ചപ്രവാഡ് ഗ്രാമത്തിലെത്തി. അവിടെയായിരുന്നു ദുരിതങ്ങളുടെ തുടക്കം. 30 ഓളം ആളുകള്‍ ചേര്‍ന്ന് ഇവരെ ക്രൂരമായി ആക്രമിച്ചു. ബില്‍കിസിനെയും മാതാവിനെയും മറ്റ് മൂന്ന് സ്ത്രീകളെയും സ്വന്തം കുടുംബത്തിനു മുന്നിലിട്ട് അക്രമികള്‍ ബലാത്സംഗം ചെയ്തു. കൂട്ടത്തില്‍ ഉണ്ടായിരുന്ന മൂന്നു വയസ്സുള്ള സലോഹ എന്ന കുഞ്ഞിനെ അക്രമികള്‍ എറിഞ്ഞുകൊന്നു. ഈ സമയം അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു ബില്‍കിസ്. ഗര്‍ഭസ്ഥശിശുവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 17 അംഗ കുടുംബത്തിലെ എട്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ആറുപേരെ കാണാതായി. ബില്‍കിസ് ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. മരിച്ചുവെന്ന് കരുതി ബില്‍കിസിനെയും കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. കലാപകാരികള്‍ ഉപേക്ഷിച്ചിടത്തുനിന്ന് അവള്‍ ജീവിച്ചു. അവളാണ് ബില്‍കീസ് ബാനു.
ഗോദ്ര ദുരിതാശ്വാസക്യാമ്പില്‍ എത്തിയശേഷമാണ് ബില്‍കിസിനെ മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെനിന്ന് കേസ് ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീംകോടതിയും ഏറ്റെടുത്തു. പിന്നീട് സിബിഐ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. ലക്ഷങ്ങളുടെ വാഗ്ദാനങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ അവള്‍ വഴങ്ങിയില്ല. ബില്‍കിസിന് വധഭീഷണി ഉണ്ടായിരുന്നതുകൊണ്ട് ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് വിചാരണ മാറ്റി.
സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് 2004 ഓഗസ്റ്റിലാണ് കേസ് മുംബൈയിലേക്ക് മാറ്റുന്നത്. 2008 ജനുവരി 21 ന് സ്പെഷ്യല്‍ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസ് ഗുജറാത്തിനു പുറത്തേക്കു മാറ്റണമെന്ന നിലപാടില്‍ ബില്‍കിസ് ഉറച്ചുനിന്നതുകൊണ്ട് മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് 2017 മെയ് നാലിന് അഞ്ചു പോലീസുകാരെയും രണ്ട് ഡോക്ടര്‍മാരെയും ഹൈക്കോടതി ശിക്ഷിക്കുകയുണ്ടായി. നീണ്ട 17 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ പ്രതികള്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടു. നിയമപോരാട്ടം നടത്തി 50 ലക്ഷം നഷ്ടപരിഹാരവും നേടി. എന്നാല്‍ 14 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് നീതി തേടിയുള്ള ബില്‍കിസിന്റെ ജീവിതം വീണ്ടും ഇരുട്ടിലായത്.
REPRESENTATIVE IMAGE: WIKI COMMONS
നിയമവ്യവസ്ഥയ്ക്കു മേലുള്ള അധികാരകടന്നുകയറ്റം
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അര്‍ഹരായ തടവുകാരുടെ ശിക്ഷ ഇളവുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജീവപര്യന്തം തടവുകാരെയും ബലാത്സംഗകേസുകളില്‍ ഉള്‍പ്പെട്ടവരെയും ഇതില്‍ പരിഗണിക്കരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ത്തന്നെ വ്യക്തമായി പറയുന്നുണ്ടായിരുന്നു. പ്രായംചെന്നവരും, രോഗികളും, നല്ലനടപ്പുകാരും ആയവരെ മോചിപ്പിക്കാനായിരുന്നു കേന്ദ്രനിര്‍ദേശം. 1992 ലെ വ്യവസ്ഥകള്‍ അടിസ്ഥാനമാക്കിയായിരുന്നു ബില്‍കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ഇടപെടല്‍. ബലാത്സംഗക്കേസുകളില്‍ ജീവപര്യന്തം തടവുവിധിക്കപ്പെട്ടവര്‍ക്ക് ശിക്ഷാഇളവ് നല്‍കില്ലെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ തന്നെ 2014 ലെ വിജ്ഞാപനത്തെ അട്ടിമറിച്ചുകൊണ്ടാണ് ബില്‍കിസ് കേസിലെ കുറ്റവാളികളെ ജയില്‍ മോചിതരാക്കിയത്.
കേസില്‍ ബില്‍കിസ് ബാനുവിനെ പൂര്‍ണ്ണമായും ഇരുട്ടില്‍ നിര്‍ത്തുന്ന നിലപാടാണ് ഭരണകൂടം സ്വീകരിച്ചത്. ബില്‍കിസ് നടത്തിയ നിയമയുദ്ധത്തിന് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ സമാനതകളില്ല. നീതിപീഠത്തെ ദയാവായ്‌പ്പോടെ നോക്കി ഇന്നും ഇവര്‍ നില്‍ക്കുകയാണ്. തനിക്ക് നേരിട്ട നീതികേടിന് പരിഹാരം തേടി. സമാനമായ വംശഹത്യകള്‍ക്ക് രാജ്യം പലതവണ സാക്ഷ്യംവഹിച്ചിട്ടുണ്ട്. 1947 ലെ വിഭജന സമരത്തില്‍ ലക്ഷങ്ങളാണ് കൊല്ലപ്പെട്ടത്. 1947 ന് ശേഷമുള്ള ചരിത്രത്തില്‍ വര്‍ഗീയ കലാപങ്ങളുടെ ഭാഗമായി കൂട്ടക്കൊലകള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും നടന്നിട്ടുണ്ട്. ആസ്സാമിലെ നെല്ലി കൂട്ടക്കൊലയും ഡല്‍ഹിയിലെ സിഖ് വിരുദ്ധ കൂട്ടക്കൊലയും വംശഹത്യക്ക് സമാനമായ സംഭവങ്ങളായിരിന്നു.
ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയവരെന്നും വിദേശികളെന്നും ആരോപിച്ചായിരുന്നു ആസ്സാമില്‍ ആയിരങ്ങള്‍ കൊലചെയ്യപ്പെട്ടത്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സിഖുകാര്‍ക്കെതിരായ ആക്രമണമാണ് കൂട്ടക്കൊലയിലേക്ക് വഴിവെച്ചത്. സിഖ് വംശഹത്യയില്‍ നാലായിരത്തോളം ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. എന്നാല്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ ഏഴായിരത്തിലേറെ വരുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്. നിരവധി അന്വേഷണ കമ്മീഷനുകളാണ് സിഖ് വംശഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിക്കപ്പെട്ടത്. സുപ്രീംകോടതി ജഡ്ജിയായിരുന്ന രംഗനാഥ് മിശ്ര 1987 ല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. എല്ലാ ഉന്നതരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് വ്യാപക വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ഇത്തരം കൂട്ടക്കുരുതികളെല്ലാം രാജ്യത്തിന്റെ ചരിത്ര ഓര്‍മകളില്‍ മാത്രം അവശേഷിക്കുമ്പോള്‍ കുറ്റക്കാരായവര്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്നു. കടന്നുപോയ ഓരോ കൂട്ടക്കൊലയിലും വംശീയ രാഷ്ട്രീയത്തിന്റെ സ്വാധീനമാണ് നിഴലിക്കുന്നത്.