TMJ
searchnav-menu
post-thumbnail

Outlook

ഫെഡറലിസത്തെ ഇല്ലാതാക്കുന്ന ബിജെപിയുടെ വിദ്യാഭ്യാസ അജൻഡ 

24 Jan 2025   |   5 min Read
അതുൽ നന്ദൻ

തൊരു രാജ്യത്തിന്റെയും വികസന ഘടകങ്ങളിൽ ഏറ്റവും പ്രാമുഖ്യം കൽപ്പിക്കപ്പെടുകയും സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിലെ പ്രഥമ ഉൾപ്രേരകം കൂടിയായ വിദ്യാഭ്യാസരംഗം നവീകരിക്കേണ്ടതും നൂതനമായ ചിന്താധാരകൾ സ്വീകരിക്കപ്പെടേണ്ടതും ഓരോ കാലഘട്ടത്തിന്റെയും ആവശ്യമാണ്. ഇന്ത്യയിലെ പരിഷ്കാരങ്ങളുടെ ചരിത്രം ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങി സ്വാതന്ത്ര്യാനന്തരം ജനാധിപത്യ സർക്കാരുകളും അക്കാദമിക വിദഗ്ധരും ചിന്തകരും പൊതുസമൂഹവും ചേർന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. സ്വാതന്ത്ര്യത്തെ തുടർന്ന് ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാവർക്കും സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം എന്ന മഹത്തരമായ ആശയത്തെ പൂർണതോതിലല്ലെങ്കിലും ഒരു പരിധി വരെ ഉറപ്പുവരുത്താൻ നമ്മുടെ രാജ്യത്തിന് കഴിഞ്ഞത് ഈ ഇടപെടലിലൂടെയാണ്.

ഇന്ത്യയുടെ ഫെഡറൽ നയങ്ങളിൽ വരുന്ന ആപത്കരമായ മാറ്റങ്ങളുടെ ഇരയാണ് വിദ്യാഭ്യാസരംഗം. ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന കേന്ദ്രഭരണത്തിന്റെ കീഴിൽ രാജ്യത്തെ പ്രൈമറി വിദ്യാഭ്യാസരംഗം മുതൽ ഉന്നത വിദ്യാഭ്യാസ മേഖലയെ വരെ ഏകപക്ഷീയമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ് കേന്ദ്രഭരണകൂടം. ഈ രംഗത്ത് മതിയായ ചർച്ചകളോ സംവാദങ്ങളോ നടത്താതെ സ്വേച്ഛാധിപത്യ സമീപനത്തിൽ പരിഷ്കാരങ്ങൾ അടിച്ചേൽപ്പിക്കുന്ന തിരക്കിലാണ് കേന്ദ്ര സർക്കാർ. വിദ്യാഭ്യാസ മേഖലയെ ഗുരുതരമായ രീതിയിൽ രാഷ്ട്രീയവൽക്കരിക്കുക എന്നതിലൂടെ ആർഎസ്എസിന്റെ ഭൗതിക ചിന്താധാരയെ പൊതു സ്വീകാര്യമാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. പ്രൈമറി വിദ്യാലയങ്ങൾ മുതൽ സർവകലാശാലകൾ വരെ ഇത്തരം ആശയങ്ങളുടെ പ്രചാരക കേന്ദ്രങ്ങൾ ആക്കി മാറ്റുക എന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യമാണ്. യഥാർത്ഥ ചരിത്ര യാഥാർത്ഥ്യങ്ങൾ മൂടിവച്ചുകൊണ്ട് മിഥ്യധാരണകൾ നമ്മുടെ സർവകലാശാലകളിലെ സിലബസുകളിൽ പോലും കടന്നുകൂടിയിരിക്കുന്നു.

REPRESENTATIVE IMAGE | WIKI COMMONS
ഫെഡറൽ അവകാശങ്ങളുടെ നഗ്നമായ ലംഘനം തന്നെയാണ് ദേശീയ വിദ്യാഭ്യാസ നയം നടപ്പിൽ വരുത്തിയതിലൂടെ കേന്ദ്രം ലക്ഷ്യം വച്ചത്. മറ്റു മേഖലകളിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന അധികാര കേന്ദ്രീകരണം, വിദ്യാഭ്യാസരംഗത്തും നടപ്പിൽ വരുത്താനുള്ള ഊർജിത ശ്രമങ്ങളുടെ ഭാഗമായി തന്നെ ഈ നയത്തെയും വിലയിരുത്താവുന്നതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വിദ്യാഭ്യാസ മേഖലയിൽ നിയമനിർമ്മാണം സാധ്യമാക്കിക്കൊണ്ട് 1976ലെ ഭരണഘടന ഭേദഗതിയിലൂടെ കൺകറന്റ് ലിസ്റ്റിൽ ഇടം നേടിയ വിദ്യാഭ്യാസരംഗത്ത് അധികാര കേന്ദ്രീകരണം നടത്തുകയെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യം സുഗമമാക്കുന്നതാണ് പുത്തൻ വിദ്യാഭ്യാസ നയം. രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കിക്കൊണ്ട് സ്ഥാപനങ്ങളുടെ കേന്ദ്രീകരണമാണ് നടക്കുന്നത്. നാഷണൽ റിസർച്ച് ഫൗണ്ടേഷൻ, രാഷ്ട്രീയ ശിക്ഷ ആയോഗ്, സ്കൂൾ സംവിധാനത്തിന്റെ കേന്ദ്രീകരണം എന്നിവ ഇതിന്  ഉദാഹരണങ്ങളാണ്.

ഏറ്റവും പുതുതായി സർവ്വകലാശാലകളുടെ വികേന്ദ്രീകൃത ഭരണസംവിധാനത്തെയും ഫെഡറൽ തത്ത്വങ്ങളെയും സ്വയംഭരണാവകാശത്തെയും ഇല്ലാതാക്കുന്ന തരത്തിലാണ് യുജിസി പുതിയ മാർഗ്ഗനിർദ്ദേശങ്ങളുടെ കരട് പുറപ്പെടുവിച്ചിരിക്കുന്നത്. 2018ൽ ഇതിനുമുമ്പ് പുറത്തിറങ്ങിയ ഉന്നത വിദ്യാഭ്യാസ മാർഗരേഖകൾ പരിഷ്കരിച്ചുകൊണ്ടുള്ള പുതിയ കരട് വിജ്ഞാപനം 2025 ജനുവരി ആറിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ യുജിസിക്ക് വേണ്ടി പുറത്തിറക്കുകയുണ്ടായി.

വൈസ് ചാൻസിലർ നിയമനം മുതൽ അധ്യാപക നിയമനങ്ങളിൽ വരെ സ്വീകരിച്ചിരിക്കുന്ന പുതിയ മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാരുകളുടെ സഹായത്തോടുകൂടി പ്രവർത്തിക്കുന്ന സർവകലാശാലകളുടെ മേലുള്ള കടന്നുകയറ്റമാണ്. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാഭ്യാസ രംഗത്തെ കേവലം കേന്ദ്ര നിയമമാക്കി മാറ്റിക്കൊണ്ട് സംസ്ഥാനസർക്കാരുകളുടെ എല്ലാ അധികാരങ്ങളെയും എടുത്തു കളയുന്ന തരത്തിലാണ് ഈ കരട് നിർദ്ദേശം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തങ്ങളുടെ താൽപ്പര്യത്തിനനുസൃമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിൽ  നടത്തുന്ന രാഷ്ട്രീയവൽക്കരണം പൊതുജന നന്മയ്ക്കും ജനാധിപത്യത്തിനും രാഷ്ട്ര വികസനത്തിനും  വിഘാതം സൃഷ്ടിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർവ്വകലാശാല അധ്യാപകരെയും അധികാരികളെയും നിയമിക്കാനുള്ള യോഗ്യതകൾ,നിയമന രീതികൾ എന്നിവ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള പുതിയ കരട് നിർദ്ദേശങ്ങൾ ആണ് ഇപ്പോൾ പുറത്തിറക്കപ്പെട്ടിട്ടുള്ളത്. അനുപാതം സംബന്ധിച്ച നിർദ്ദേശങ്ങൾ, ജോലിയിലെ സ്ഥിരപ്പെടുത്തൽ, പ്രൊബേഷൻ, സീനിയോറിറ്റി എന്നിവയിലും പരിഷ്കാരങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.

Focus on Indian universities at UAE's International Education Show 2020 -  Connected to India News I Singapore l UAE l UK l USA l NRIREPRESENTATIVE IMAGE | WIKI COMMONS
അധ്യാപകരുടെ അടിസ്ഥാനയോഗ്യതയിലും അവ്യക്തത നിലനിൽക്കുന്നു. കരട് പ്രകാരം (ക്ലോസ് 3.2) നിർദ്ദിഷ്ട വിഷയത്തിൽ ബിരുദമോ ബിരുദാനന്തരബിരുദമോ ഇല്ലാത്തവർക്കുപോലും ആ മേഖലയിൽ അധ്യാപകനാകാം. ആ വിഷയത്തിൽ പിഎച്ച്ഡി ഉണ്ടായിരിക്കണമെന്നുമാത്രം. ഐച്ഛികവിഷയമായി ഒരു വിഷയം ഒരു ക്ലാസിൽപ്പോലും പഠിച്ചില്ലാത്ത ഒരാൾക്ക് അതിൽ പിഎച്ച്ഡി ഉണ്ടെങ്കിൽ അധ്യാപകനാകാം. ഐച്ഛികമായി വിഷയം പഠിക്കാത്തൊരാൾക്ക് എങ്ങനെ അതിൽ ഗവേഷണം നടത്താനാകുമെന്ന സാങ്കേതികവാദം ഉയരുമെങ്കിലും അതിസൂക്ഷ്മമായൊരു മേഖലയിലാണ് സാധാരണ ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിക്കപ്പെടുക എന്നുള്ളതുകൊണ്ടും; ബിരുദ, ബിരുദാനന്തര കോഴ്സുകൾ കൈകാര്യം ചെയ്യേണ്ടിവരുന്ന അധ്യാപകന് ഗവേഷണ ബിരുദം മാത്രം യോഗ്യത മാനദണ്ഡമാക്കുന്നത് വെല്ലുവിളിയാകും. വിഷയത്തിലുള്ള അറിവിനെ സാക്ഷ്യപ്പെടുത്താൻ നിലവിൽ ഉപയോഗിക്കുന്ന സർവ്വകലാശാല പരീക്ഷ സമ്പ്രദായവും നോക്കുകുത്തിയാക്കപ്പെടും.

കോളേജ് അധ്യാപനത്തിനുള്ള നിലവിലെ അടിസ്ഥാന യോഗ്യത നിശ്ചിത വിഷയത്തിൽ ബിരുദാനന്തര ബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റുമാണ് (നെറ്റ്). ഇപ്പോൾ പുറത്ത് വന്ന കരട് അനുസരിച്ചു  ഒരാൾ ഏതു വിഷയത്തിലാണോ 'നെറ്റ്' യോഗ്യത നേടിയത് അതിൽ ബിരുദമോ ബിരുദാനന്തരബിരുദമോ ഇല്ലെങ്കിലും അധ്യാപകനാകാം. കൂടാതെ വ്യവസായ, ഭരണ രംഗങ്ങളിൽ 'മികവ്' തെളിയിച്ചവരെയും പ്രൊഫസർ ഓഫ് പ്രാക്റ്റീസ് എന്നപേരിൽ അധ്യാപകരാക്കാം. ഒഴിവിന്റെ 10 ശതമാനം വരെ ഇത്തരം പ്രൊഫഷനലുകളെ കൊണ്ട് നികത്താനാകും.

മറ്റൊന്ന്, പിഎച്ച്ഡിയും നെറ്റും ഇല്ലാത്തവർക്കും അസിസ്റ്റന്റ് പ്രൊഫസർ ആകാം എന്നതാണ്, അതിന് 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം ഉണ്ടായാൽ മതിയാകും. അതേസമയം, പ്രമോഷന്റെ എല്ലാതലത്തിലും പിഎച്ച്ഡി നിർബന്ധമാക്കിയിട്ടുമുണ്ട്. കരാർ അധ്യാപകരെ നിയമിക്കാമെന്നും, അവർക്ക് സ്ഥിരാധ്യാപകരുടെ ശമ്പളം നൽകണമെന്നും കരടുരേഖ പറയുന്നു. ഉന്നത വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പരിപൂർണമായും ഇല്ലാതാക്കാനുള്ള രാഷ്ട്രീയ അജണ്ടയാണ് യുജിസിയുടെ 2025ലെ ചട്ടഭേദഗതിയുടെ കരടിൽ ഒളിച്ചു കടത്തപ്പെടുന്നത്. യുജിസിയും കേന്ദ്ര സർക്കാരും അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തിന്റെയും, കേന്ദ്രീകരണ നയങ്ങളുടെയും തുടർച്ചകൂടിയാണ് പുതിയ നിർദ്ദേശങ്ങൾ. സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ നയം ഉന്നത വിദ്യാഭ്യാസ മേഖലയിൽ കോർപ്പറേറ്റ്‌വൽക്കരണത്തിന് കളമൊരുക്കുകയാണ്.

Nurturing excellence | The Indian Express REPRESENTATIVE IMAGE | WIKI COMMONS
വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ രൂപീകരണം പോലും ചാൻസലറുടെ മാത്രം അധികാരമാക്കി മാറ്റുന്ന പുതിയ മാനദണ്ഡങ്ങൾ ഫെഡറൽ തത്ത്വങ്ങളെ ദുർബലപെടുത്തുന്നതും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതുമാണ്. പുതിയ നിർദ്ദേശത്തിലെ പത്താം വകുപ്പനുസരിച്ച് വൈസ് ചാൻസലറുടെ നിയമനം ചാൻസലറുടെ പൂർണനിയന്ത്രണത്തിലായിരിക്കും. സെർച്ച് കമ്മിറ്റിയിൽ ഇതുവരെ ഉണ്ടായിരുന്ന സംസ്ഥാന സർക്കാർ നോമിനിക്ക് പകരം, ഇനി മുതൽ ചാൻസലറുടെ നോമിനിയായിരിക്കും ഉണ്ടാവുക. കമ്മിറ്റി സമർപ്പിക്കുന്ന പാനലിൽനിന്ന് ചാൻസലർക്ക് ഇഷ്ടമുള്ള ഒരാളെ വൈസ് ചാൻസലറാക്കാം. പ്രൊഫസറായി 10 വർഷം സർവീസുള്ളവർ, മികച്ച അക്കാദമിക ഗവേഷണസ്ഥാപങ്ങളിൽ  ഉദ്യോഗസ്ഥർ, വ്യവസായമേഖല/പൊതുഭരണം/നയ രൂപീകരണം തുടങ്ങിയ ഏതെങ്കിലുമൊന്നിൽ ഉന്നതപദവി വഹിച്ചവരെ ആരെവേണമെങ്കിലും വി സിയായി നിയമിക്കാം. അക്കാദമിക യോഗ്യതകളോ അധ്യാപന പരിചയമോ ഇതിന് മാനദണ്ഡമല്ല.

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ചരിത്രപരമായ തിരുശേഷിപ്പായ ഗവർണർ പദവി വീണ്ടും രാഷ്ട്രീയമായും ഭരണഘടനാപരമായും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഗവർണർ പദവി എന്നത് സംസ്ഥാന സർക്കാരുകളെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനോ സർക്കാരിനെതിരെ നീക്കം നടത്താനോ ഉള്ളതാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല കേരളം, തമിഴ്നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണർമാർ സമീപകാലത്ത് കൈക്കൊണ്ട പ്രവർത്തികൾ ഇതിനെ സാധൂകരിക്കുന്നുണ്ട്. സംസ്ഥാനങ്ങളെ സംബന്ധിച്ച നിയമനിർമ്മാണം, നിയമനിർവഹണം എന്നിവ ഉൾപ്പെടെ നിയമാനുസൃതമായി കൽപ്പിച്ചു നൽകിയിരിക്കുന്ന കടമകൾക്കപ്പുറം കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ ഇച്ഛയ്ക്കനുസരിച്ച് ഗവർണർമാർ സംസ്ഥാനങ്ങൾക്ക് മേൽ അപ്രമാദിത്വവും പരമാധികാരവും കയ്യാളാൻ ശ്രമിക്കുമ്പോഴാണ് അപകടകരമാംവിധം കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളുടെയും അട്ടിമറി നടക്കുന്നത്.

സംസ്ഥാനങ്ങൾക്കുമേൽ കേന്ദ്രസർക്കാർ നടത്തുന്ന അമിതാധികാരപ്രയോഗത്തിന്റെ വക്താക്കളായി മാറുകയാണ് ഗവർണർമാർ. 2014ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നത് മുതൽ  ചാൻസിലർ പദവി ദുരുപയോഗപ്പെടുത്തിക്കൊണ്ട് ഗവർണർമാരെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യ മൂല്യങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ ഭരണത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാരെ കേന്ദ്രസർക്കാരിന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ഭരണഘടനാ ലംഘനമാണ്. കേരളം തമിഴ്നാട് പശ്ചിമബംഗാൾ സംസ്ഥാനങ്ങൾ കനത്ത പ്രതിരോധമാണ് ഗവർണർമാരുടെ ഇത്തരം നടപടികളിൽ കൈക്കൊണ്ടത്.

How the BJP's path to power in Maharashtra became a tale of strategic  missteps - Hindustan Times REPRESENTATIVE IMAGE | WIKI COMMONS
തന്നെ നിയമിച്ച രാഷ്ട്രീയ പാർട്ടിയോട് കൂറുപുലർത്തുന്ന തനി രാഷ്ട്രീയ നേതാവായാണ് പലപ്പോഴും ഗവർണർമാർ രാജ്യത്ത് പ്രവർത്തിക്കുന്നത്. ജനാധിപത്യ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട പദവിയിലിരുന്നുകൊണ്ട്, സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണ സഭയും സർക്കാരുകളെയും വെല്ലുവിളിക്കുന്ന ഗവർണർമാരുടെ നടപടി ജനാധിപത്യ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്. സംസ്ഥാന സർവകലാശാല നിയമനങ്ങളെല്ലാം തന്നെ രാഷ്ട്രീയ കേന്ദ്രീകൃതമാണെന്ന പൊതുബോധം സൃഷ്ടിക്കുക വഴി കേന്ദ്ര സർവകലാശാലകളിലെ നിയമനങ്ങളെല്ലാം സുതാര്യവും മെറിറ്റും പരിഗണിച്ചാണ് നടക്കുന്നത് എന്ന വ്യാജ നിർമ്മിതിയും ഇതിന്റെ ഭാഗമാണ്.ഇതിനെല്ലാം പരിഹാരം കാണുക എന്ന ലക്ഷ്യത്തിൽ സംസ്ഥാന സർക്കാരിന്റെ സ്ഥാനത്ത് കേന്ദ്രാധികാരത്തിന്റെ പ്രതീകമായ ചാൻസലറെ പ്രതിഷ്ഠിക്കുകയല്ല വേണ്ടത്.

വ്യത്യസ്ത ചിന്തകളുടെയും ആശയങ്ങളുടെയും സർഗാത്മക സംഘർഷങ്ങളുടെ വേദികളായിരുന്ന നമ്മുടെ സർവകലാശാലകളെ, മികവിന്റെ പാതയിലേക്ക് ഉയർത്തുവാനെന്ന വ്യാജേന രാഷ്ട്രീയവൽക്കരണത്തിന്റെയും വാണിജ്യവൽക്കരണത്തിന്റെയും കേന്ദ്രങ്ങളാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഗൂഢ നടപടികളാണ് ഇവ. ഇതിനെ മറികടന്ന് കലാശാലകളുടെ ബൗദ്ധിക നിലവാരം ഉറപ്പാക്കുന്നതോടൊപ്പം ജനാധിപത്യ മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്ന, സമൂഹത്തിന്റെ വിവിധ ധാരകളെ ഉൾകൊള്ളാൻ പഠിപ്പിക്കുന്ന സ്ഥാപനങ്ങളായി അവയെ നിലനിർത്തിയാൽ മാത്രമേ രാജ്യത്തെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഫെഡറൽ സംവിധാനവും, അഭിപ്രായ സ്വാതന്ത്ര്യവും, എല്ലാവർക്കു വിദ്യാഭ്യാസവും ഒക്കെ സുരക്ഷിതമാക്കാൻ സാധിക്കുകയുള്ളൂ. ഇത് ഇന്നത്തെ തലമുറയ്ക്ക് മാത്രമല്ല, വരും തലമുറയുടെ കൂടെ അവകാശമാണെന്ന് ബോധ്യത്തോടെ വേണം ഈ വിഷയത്തെ സമീപിക്കേണ്ടത്. രാജ്യത്തെ കുറിച്ചോ വരും തലമുറയോ കുറിച്ചോ ദീർഘദൃഷ്ടിയില്ലാത്ത, ഭരണാധികാരികളുടെ അധികാരഭ്രമത്തിന് അനുസരിച്ച് തകർക്കപ്പെടേണ്ടതല്ല വിദ്യാഭ്യാസവും ഫെഡറൽ സംവിധാനവും എന്ന തിരിച്ചറിവാണ് സമൂഹത്തിന് ഉണ്ടാകേണ്ടത്.





#outlook
Leave a comment