കച്ചത്തീവിനെ കച്ചിത്തുരുമ്പാക്കി ബിജെപി
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ തങ്ങളുടെ ശക്തി തെളിയിക്കുന്നതിനുള്ള ഒരവസരവും പാഴാക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് ബിജെപി നേതൃത്വം. അതിന്റെ നല്ല ഉദാഹരണമാണ് കച്ചത്തീവ് വിവാദം. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കച്ചത്തീവ് ദ്വീപിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ് ബിജെപി. ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് എതിരായി കോണ്‍ഗ്രസ് നിലകൊള്ളുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമായി കച്ചത്തീവിനെ മാറ്റുകയാണ് ബിജെപി. കച്ചത്തീവിന്റെ ഉടമസ്ഥാവകാശം ശ്രീലങ്കയ്ക്ക് നല്‍കിയ കരാറില്‍ ഒപ്പുവച്ചത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. കോണ്‍ഗ്രസ് കച്ചത്തീവിനെ നിസ്സാരമായി വിട്ടുകൊടുത്തെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെ കച്ചത്തീവ് വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നു.
തമിഴില്‍ 'തരിശായ ദ്വീപ്' എന്ന് അര്‍ത്ഥമുള്ള കച്ചത്തീവ് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക് കടലിടുക്കിലെ 285 ഏക്കറിലുള്ള ചെറുദ്വീപാണ്. തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്ന് 16 കിലോമീറ്റര്‍ അകലെയായാണ് ഈ ദ്വീപ്. കച്ചത്തീവ് ദ്വീപ് പ്രദേശം അയല്‍രാജ്യത്തിന് കൈമാറിയ തീരുമാനത്തില്‍ തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഒരു ദിനപത്രത്തില്‍ വന്നു. അധികം താമസിയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തുവരികയായിരുന്നു. കച്ചത്തീവ് ശ്രീലങ്കയുടെതാണെന്ന നിലപാടായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റേതെന്നും അതിന്റെ തുടര്‍ച്ചയായി 1974-ല്‍ അന്നത്തെ പ്രധാനമന്ത്രിയും നെഹ്‌റുവിന്റെ മകളുമായ ഇന്ദിരാ ഗാന്ധി രാജ്യതാത്പര്യം മാനിക്കാതെ കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതെന്നുമായിരുന്നു മോദിയുടെ ആരോപണം.
14-ാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ഒരു അഗ്‌നിപര്‍വത സ്ഫോടനത്തിന്റെ ഫലമായി ഉണ്ടായതാണ് ഈ ദ്വീപെന്നാണ് കരുതപ്പെടുന്നത്. കുടിവെള്ള സ്രോതസ്സില്ലാത്തതിനാല്‍ സ്ഥിരം ജനവാസത്തിന് അനുയോജ്യമല്ല കച്ചത്തീവ്. ഇവിടുത്തെ ഏക നിര്‍മിതി 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തിലെ കത്തോലിക്കാ ദേവാലയമായ സെന്റ് ആന്റണീസ് പള്ളിയാണ്. എല്ലാ വര്‍ഷവും ഫെബ്രുവരി- മാര്‍ച്ച് മാസത്തില്‍ നടക്കുന്ന ഒരാഴ്ച നീളുന്ന പെരുന്നാളിന് മാത്രമാണ് സാധാരണയായി ആളുകള്‍ ഇവിടേക്ക് എത്താറുള്ളൂ.
സെന്റ് ആന്റണീസ് പള്ളി | PHOTO: WIKI COMMONS
വിവാദം കത്തിപ്പിടിച്ച് കച്ചത്തീവ്
17-ാം നൂറ്റാണ്ട് മുതല്‍ രാമനാഥപുരം കേന്ദ്രീകരിച്ചുള്ള രാമനാട് രാജ്യത്തിന്റെ ഭാഗമായിരുന്നു കച്ചത്തീവ് ദ്വീപ് എന്നാണ് കരുതപ്പെട്ടത്. ഒന്നാം ലോകയുദ്ധത്തിന് ശേഷമാണ് കച്ചത്തീവിന്റെ പ്രാധാന്യവും ഉയര്‍ന്നത്. അക്കാലത്ത് ബ്രിട്ടീഷുകാര്‍ പീരങ്കി പരിശീലനം നടത്തിയത് കച്ചത്തീവ് ദ്വീപിലായിരുന്നു. അന്ന് ഇന്ത്യന്‍ സമുദ്രങ്ങളിലും ബ്രിട്ടന് സര്‍വാധിപത്യമുണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ കൈയ്യേറ്റം ക്രമേണ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അവകാശ തര്‍ക്കമായി മാറി. 1921 ല്‍ കച്ചത്തീവ് സിലോണിന്റെ (ഇപ്പോഴത്തെ ശ്രീലങ്ക) ഭാഗമായി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ അന്ന് ജവഹര്‍ലാല്‍ നെഹ്റുവോ ഇന്ദിരാ ഗാന്ധിയോ ആയിരുന്നില്ല ഇന്ത്യയുടെ ഭരണാധികാരികള്‍. അന്ന് ഇരുരാജ്യങ്ങളും ബ്രിട്ടീഷ് അധീനതയിലായിരുന്നു.
പിന്നീട് ഇന്ത്യയില്‍ നിന്നുള്ള ഒരു സംഘം ബ്രിട്ടീഷ് പ്രതിനിധികള്‍ കച്ചത്തീവ് രാമനാടിന്റെ ഭാഗമാണെന്ന് അടയാളപ്പെടുത്തി. ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. സ്വാതന്ത്ര്യത്തിന് ശേഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള അവകാശ തര്‍ക്കത്തിന് കാരണമായി. 1956 ല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ കച്ചത്തീവിനുമേല്‍ അവകാശം ഉന്നയിച്ചു. ഇക്കാലത്ത് ഇന്ത്യയുടെ തെക്കന്‍ പ്രദേശമായ ശ്രീലങ്കയില്‍ ചൈനയുടെ ആധിപത്യം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ 1961 ല്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു കച്ചത്തീവിനെ ലങ്കയ്ക്ക് കൈമാറാന്‍ മടിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. 1968 ല്‍ ഇന്ത്യയും ശ്രീലങ്കയും സമുദ്രാതിര്‍ത്തി നിര്‍ണയിച്ചതും അവകാശത്തര്‍ക്കം രൂക്ഷമാക്കി. തുടര്‍ന്ന് 1974 ജൂലൈ എട്ടിനാണ് ഇന്ദിരാ ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കെ കച്ചത്തീവ് ദ്വീപ് ഔദ്യോഗികമായി ശ്രീലങ്കയുടെ ഭാഗമാകുന്ന കരാറില്‍ ഒപ്പുവച്ചത്.
കരാര്‍ പ്രകാരം ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും കച്ചത്തീവില്‍ വന്നുപോകാന്‍ പാസ്‌പോര്‍ട്ടോ വിസയോ വേണ്ടെന്നായിരുന്നു വ്യവസ്ഥ. 1975 ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പല വ്യവസ്ഥകളും ഇല്ലാതെയായി. കച്ചത്തീവിന്റെ പടിഞ്ഞാറന്‍ തീരത്തിന് 1.6 കിലോമീറ്റര്‍ അകലെയായി ഇന്ത്യയുടെയും ശ്രീലങ്കയുടെയും സമുദ്രാതിര്‍ത്തി നിശ്ചയിക്കപ്പെട്ടു. അതോടെ കച്ചത്തീവില്‍ മത്സ്യബന്ധനത്തിനുള്ള അനുമതി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ടു. പകരം തീര്‍ത്ഥാടനത്തിനും മത്സ്യത്തൊഴിലാളികളുടെ വിശ്രമത്തിനും വലകള്‍ ഉണക്കാനും മാത്രമായി അവകാശം. അതിര്‍ത്തി ലംഘിച്ച് ശ്രീലങ്കന്‍ സമുദ്രത്തിലേക്ക് എത്തുന്നവരെ ലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്യുന്നതും പതിവായി.
കച്ചത്തീവ് | PHOTO: WIKI COMMONS
നയതന്ത്രബന്ധങ്ങള്‍ വഷളാക്കും
കച്ചത്തീവ് ദ്വീപിന്റെ കാര്യത്തില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് ഒന്നാം മോദി സര്‍ക്കാരിന്റെ വിദേശകാര്യ സെക്രട്ടറിയും ഇപ്പോഴത്തെ വിദേശകാര്യ മന്ത്രിയുമായ എസ് ജയശങ്കര്‍ 2015 ല്‍ വ്യക്തമാക്കിയതാണ്. കൂടാതെ 2013 ല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചെങ്കിലും ഇടപെടാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. കച്ചത്തീവ് ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്നും തര്‍ക്കപ്രദേശങ്ങളുടെ ഭാഗമായിരുന്നതിനാല്‍ ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശ്രീലങ്കയുടെതാണെന്ന വാദം ഇന്ത്യ അംഗീകരിക്കുകയായിരുന്നു എന്നാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. കൂടാതെ ഇന്ത്യയുടെതല്ലാത്ത പ്രദേശം തിരിച്ചെടുക്കുന്നത് എങ്ങനെയെന്നുമായിരുന്നു നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്രസര്‍ക്കാര്‍ ചോദിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കരാറുകളും രേഖകളും വിമര്‍ശിക്കപ്പെടുമ്പോള്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പാകിസ്ഥാനില്‍ ഹൈക്കമ്മീഷണറായും ചൈന, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ പ്രതിനിധിയായും സേവനമനുഷ്ഠിച്ച ശിവശങ്കര്‍ മേനോനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കേന്ദ്രത്തിന്റെ നീക്കം ഇന്ത്യയുമായുള്ള ശ്രീലങ്കയുടെ ബന്ധത്തെ ബാധിക്കുമെന്ന് ചൈനീസ് അംബാസിഡറായും ശ്രീലങ്കയില്‍ ഇന്ത്യന്‍ പ്രതിനിധിയായും പ്രവര്‍ത്തിച്ച നിരുപമ റാവുവും ചൂണ്ടിക്കാട്ടി.
പുകമറ സൃഷ്ടിക്കുന്ന വിവാദം
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ അധീനതയിലുള്ള പ്രദേശങ്ങളില്‍ ചൈന കൈയ്യേറ്റം നടത്തിയെന്ന റിപ്പോര്‍ട്ടുകളും അരുണാചല്‍ പ്രദേശിനുമേല്‍ ചൈന നിരന്തരം അവകാശമുന്നയിക്കുന്നതും കേന്ദ്ര സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ്. നേപ്പാള്‍, മാലിദ്വീപ്, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങള്‍ ചൈനയുടെ നീക്കത്തെ അനുകൂലിക്കുന്നതും ഇന്ത്യയ്ക്കുമേല്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇതിനെയൊക്കെ പ്രതിരോധിക്കാനുള്ള കച്ചിത്തുരുമ്പായാണ് കേന്ദ്രസര്‍ക്കാര്‍ കച്ചത്തീവിനെ കാണുന്നത്.
ഇത് രണ്ടാം തവണയാണ് കച്ചത്തീവ് വിഷയത്തെ മോദി ഉയര്‍ത്തിക്കാണിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തുവെന്ന് മോദി പാര്‍ലമെന്റില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രമെല്ലാം തകര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നാണ് മോദി പറഞ്ഞത്.
നരേന്ദ്ര മോദി | PHOTO: WIKI COMMONS
ലക്ഷ്യം മത്സ്യത്തൊഴിലാളി വോട്ടുകള്‍
ചരിത്രപരമായി കച്ചത്തീവ് തമിഴ്‌നാടിന്റെ ഭാഗമാണെന്നാണ് തമിഴ്‌നാട് വാദിക്കുന്നത്. രാമനാഥപുരം ജമീന്ദാരുടെ അധീനതയിലായിരുന്ന കച്ചത്തീവില്‍ തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് അവകാശമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. 1974 ല്‍ സംസ്ഥാനത്ത് അധികാരത്തിലിരുന്ന തന്റെ പാര്‍ട്ടിയായ ഡിഎംകെയുടെ പ്രതിഷേധത്തെ അവഗണിച്ചാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞത്. 1974 -ലെ കരാറിനു ശേഷം മാറിമാറി വന്ന തമിഴ്‌നാട് സര്‍ക്കാരുകള്‍ ദ്വീപ് തിരിച്ചുപിടിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിനോട് ഉന്നയിച്ചുകൊണ്ടേയിരുന്നു. 1991 ലെ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധ സമയത്തും കച്ചത്തീവ് വീണ്ടെടുത്ത് തമിഴ് മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനാവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. 2008 ല്‍ എഐഎഡിഎംകെ അധ്യക്ഷയായിരുന്ന ജയലളിത, ഭരണഘടനാ ഭേദഗതിയില്ലാതെ കച്ചത്തീവ് മറ്റൊരു രാജ്യത്തിന് വിട്ടുനല്‍കിയതിനെതിരെ കോടതിയെ സമീപിച്ചു. 2012 ല്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത ശ്രീലങ്കയുടെ നടപടിയെ തുടര്‍ന്ന് ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ജയലളിത സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല.
കച്ചത്തീവ് ശ്രീലങ്കയുടെതല്ലെന്നും തങ്ങളുടേതാണെന്നുമാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ എക്കാലവും അവകാശവാദമുന്നയിക്കുന്നത്. കച്ചത്തീവ് തിരിച്ചുപിടിക്കാന്‍ നയതന്ത്ര ശ്രമങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി എംകെ സ്റ്റാലിനും പ്രധാനമന്ത്രിക്ക് കത്തയച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി മത്സ്യബന്ധനം നടത്തുന്നതിന് കച്ചത്തീവ് ഇന്ത്യയുടെ ഭാഗമാകണമെന്നാണ് സ്റ്റാലിന്‍ കത്തില്‍ പരാമര്‍ശിച്ചത്.
രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോണ്‍ഗ്രസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് പ്രധാനമന്ത്രി രംഗത്ത് വന്നിരിക്കുന്നത്. കച്ചത്തീവ് വിഷയത്തില്‍ കോണ്‍ഗ്രസിനെയും ഡിഎംകെ യും പ്രതിക്കൂട്ടിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. തമിഴ്നാട്ടിലെ 13 ജില്ലകളില്‍ 15 മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മത്സ്യത്തൊഴിലാളി വോട്ടുകള്‍ നിര്‍ണായകമാണ്. സമുദ്രാതിര്‍ത്തി ലംഘനം ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ സൈന്യത്തിന്റെ ഇടപെടലുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ കച്ചത്തീവ് വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്ന ആശങ്കകളും അസ്ഥാനത്തല്ല.