
എസ്ഐആറിനും വോട്ടു ചോരിക്കുമിടയിൽ ബീഹാറിൽ വേരുറപ്പിക്കുന്ന ബിജെപി
വിഹാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ആണ് ബിഹാർ. ബുദ്ധമതത്തിലെ വിഹാരങ്ങൾ ധാരാളമുള്ളതുകൊണ്ടാണ് അങ്ങനെ ഒരു വിശേഷണം ബിഹാറിന് ലഭിച്ചത്. രാഷ്‌ട്രീയ പോരാട്ടങ്ങൾക്കും സഖ്യ സമവാക്യങ്ങൾക്കും ചേരിചേരാ നയങ്ങൾക്കും വേദിയാകുന്ന ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ വിവാദങ്ങൾ കൊണ്ട് ഇത്തവണയും സംഭവ ബഹുലമായിരുന്നു. നവംബർ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തിൽ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമായിരുന്നു അത്. ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ബിഹാർ.
ഹിന്ദിഹൃദയഭൂമിയിൽ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിന്റെ ഫലം പരിശോധിക്കുമ്പോൾ എക്‌സിറ്റ് പോൾ ഫലങ്ങളെ പോലും വെല്ലുന്ന പ്രകടനമാണ് എൻഡിഎ മുന്നണി കാഴ്ചവെച്ചത് എന്ന് പറയേണ്ടി വരും. 90 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കുകയാണ് ബിജെപി. ജെഡിയു ആകട്ടെ 83 സീറ്റുകളുമായി കഴിഞ്ഞ തവണത്തെ മോശം പ്രകടനം മറികടന്നിട്ടുമുണ്ട്. 2020 ൽ കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടമായ മഹാസഖ്യത്തിന്റെ തിരിച്ചുവരാമെന്ന പ്രതീക്ഷകളെ പാടേ തകർത്താണ് ബിഹാറിൽ എൻഡിഎ വൻ വിജയം കൊയ്തത്. ആർജെഡി, കോൺഗ്രസ്, സിപിഐ, സിപിഎം, സിപിഐ(എംഎൽ), വികാസ് ശീൽ ഇൻസാൻ പാർട്ടി, ഇന്ത്യൻ ഇൻക്ലുസീവ് പാർട്ടി തുടങ്ങിയവയായിരുന്നു മഹാഗഢ്ബന്ധനിലുണ്ടായിരുന്നത്. ആർജെഡിയുടെയും അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന്റെയും കരുത്തിലായിരുന്നു ഈ സഖ്യത്തിന്റെ നിലനിൽപ്പ്. യുവ വോട്ടർമാർക്കിടയിലെ തേജസ്വിയുടെ സ്വീകാര്യതയും മറ്റും വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും അത് നടന്നില്ല. താരതമ്യേന ദുർബലമായ കോൺഗ്രസും ചില മേഖലകളിൽ മാത്രം ഒതുങ്ങിയ മറ്റു പാർട്ടികളും ചേർന്ന് മഹാഗഢ്ബന്ധനായി തിരഞ്ഞെടുപ്പിനിറങ്ങിയെങ്കിലും വിജയിക്കാനായില്ല.
REPRESENTATIVE IMAGE | WIKI COMMONS
ബിഹാർ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിലൂടെ
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നും ജാതി, വർഗ്ഗം, സാമൂഹിക നീതി, വികസനം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങളുടെ വേദിയാണ്. ആദ്യത്തെ തെഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായിരുന്ന ഒറ്റയാൾ ആധിപത്യത്തിൽ നിന്ന്, ഇന്ന് നിരവധി രാഷ്ട്രീയ കക്ഷികൾക്കും സഖ്യങ്ങൾക്കും നിർണ്ണായക പങ്കുള്ള ഒരു ബഹുസ്വര രാഷ്ട്രീയത്തിലേക്ക് ബിഹാർ ചുവടു മാറ്റിയിരിക്കുന്നു. കാലാകാലങ്ങളിൽ മാറിമറിഞ്ഞ രാഷ്ട്രീയ സമവാക്യങ്ങൾ സംസ്ഥാനത്തിന്റെ വളർച്ചയിലും ജനങ്ങളുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1967-72, 1977-80 വർഷങ്ങളിൽ ഒഴികെ, അധികാരത്തിലിരുന്ന പാർട്ടിയെയോ സഖ്യത്തെയോ തുടർച്ചയായി തിരഞ്ഞെടുത്ത ചരിത്രം ബിഹാറിനില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി മുന്നണി മാറ്റത്തിലൂടെ നിതീഷ് കുമാർ നാല് തവണ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കോൺഗ്രസ്സിന്റെ മൊണോപൊളി ബിഹാർ രാഷ്ട്രീയത്തിൽ അവസാനിക്കുന്നതും സംയുക്ത വിധായക് ദൾ (SVD) പോലുള്ള കക്ഷികൾ അധികാരത്തിൽ വരികയും ചെയ്യുന്നത് 1960-കളുടെ അന്ത്യത്തോടെ ആണ്.
1977-ലെ തെരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഒരു വഴിത്തിരിവായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ഈ തെരഞ്ഞെടുപ്പിൽ ജയപ്രകാശ് നാരായണൻ്റെ സ്വാധീനത്തിൽ രൂപീകരിച്ച ജനതാ പാർട്ടിക്ക് വൻ ഭൂരിപക്ഷം ലഭിച്ചു. കർപ്പൂരി ഠാക്കൂർ മുഖ്യമന്ത്രിയായി അധികാരമേറ്റു. പാവങ്ങളുടെയും പാർശ്വവത്‌കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്ക് അടിയുറപ്പുനൽകി ‘ജനനായകനാ’യിമാറിയ കർപ്പൂരി ഠാക്കൂറിനെ മറന്ന് ബിഹാറിന്റെ രാഷ്ട്രീയ ചരിത്രം വിവരിക്കാൻ ആവില്ല. ജയപ്രകാശ് നാരായണനും റാം മനോഹർ ലോഹ്യക്കുമൊപ്പം സോഷ്യലിസ്റ്റ് വഴിത്താരകളിൽ സഞ്ചരിച്ച് സാമൂഹികനീതിയുടെ സമവാക്യങ്ങൾക്ക് കാലോചിതമായ നിർവചനമെഴുതിയ കർപ്പൂരി ഠാക്കൂർ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ പുതു ചരിത്രമെഴുതി. രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കർപ്പൂരി കൈപിടിച്ചുയർത്തിയ യുവനേതാക്കളാണ് പിന്നീടുള്ള കാലം ബിഹാർ അടക്കി വാണ ലാലുപ്രസാദ് യാദവും നിതീഷ് കുമാറും രാം വിലാസ് പസ്വാനും. എൺപതുകളുടെ ഒടുവിൽ ഗുരുവിന്റെ വചനങ്ങൾ പാടെ മറന്ന ശിഷ്യർ സ്വത്വരാഷ്ട്രീയത്തിന്റെ കൊടിക്കൂറകളുയർത്തി അധികാരക്കസേര മാറിമാറി പങ്കിടുമ്പോഴേക്ക് ഗുരു വിസ്മൃതിയിലേക്കു വീണുപോയി.
കർപ്പൂരി ഠാക്കൂർ | PHOTO : WIKI COMMONS
1990-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ബിഹാർ രാഷ്ട്രീയത്തിലെ നിർണായകമായ വഴിത്തിരിവായിരുന്നു. വി.പി. സിംഗ് സർക്കാരിന്റെ മണ്ഡൽ കമ്മീഷൻ ശുപാർശകൾ നടപ്പാക്കിയതിന് പിന്നാലെ, പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് ജനതാദൾ അധികാരത്തിലെത്തി. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ ബിഹാർ രാഷ്ട്രീയം ജാതി സമവാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ള 'മണ്ഡൽ രാഷ്ട്രീയ'ത്തിലേക്ക് പ്രവേശിച്ചു. 1990 മുതൽ 2005 വരെയുള്ള കാലയളവിൽ ലാലു പ്രസാദ് യാദവും പിന്നീട് അദ്ദേഹത്തിന്റെ പത്നി റാബ്രി ദേവിയും ബിഹാറിനെ ഭരിച്ചു. ഇത് കോൺഗ്രസ് ഇതര കക്ഷികളുടെ ഏറ്റവും ദൈർഘ്യമേറിയ ഭരണമായിരുന്നു. ഈ കാലഘട്ടം സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന് ഊന്നൽ നൽകിയെങ്കിലും, സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയിലും ഭരണനിർവഹണത്തിലും ഗുരുതരമായ വിമർശനങ്ങൾ നേരിട്ടു.
2000-ൽ ഝാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചതോടെ ബിഹാർ നിയമസഭയിലെ സീറ്റുകളുടെ എണ്ണം 325-ൽ നിന്ന് 243 ആയി കുറഞ്ഞു. വർഷങ്ങളോളം നീണ്ടുനിന്ന രാഷ്ട്രീയ അസ്ഥിരതക്കും ക്രമസമാധാന പ്രശ്നങ്ങൾക്കും ഒരു പരിധി വരെ മാറ്റം വരുത്തിക്കൊണ്ടാണ് 2005-ലെ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ (യുണൈറ്റഡ്) - ബി.ജെ.പി സഖ്യം അധികാരത്തിലെത്തിയത്. 'സുശാസൻ ബാബു' (നല്ല ഭരണമുള്ളയാൾ) എന്ന് അറിയപ്പെടുന്ന നിതീഷ് കുമാർ, സംസ്ഥാന ഭരണത്തിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ അദ്ദേഹത്തിന് ജനപിന്തുണ നേടിക്കൊടുത്തു. 2005 മുതൽ ഇന്നുവരെ, ഇടയ്ക്കിടെയുള്ള സഖ്യമാറ്റങ്ങളുണ്ടായിട്ടും, നിതീഷ് കുമാറാണ് ബിഹാർ രാഷ്ട്രീയത്തിലെ പ്രധാന മുഖം.
2015-ലെ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ ലാലു പ്രസാദ് യാദവിൻ്റെ ആർ.ജെ.ഡിയുമായും കോൺഗ്രസുമായും ചേർന്ന് 'മഹാഗഡ്ബന്ധൻ' (മഹാസഖ്യം) രൂപീകരിച്ച് വിജയിച്ചെങ്കിലും, 2017-ൽ സഖ്യം ഉപേക്ഷിച്ച് വീണ്ടും ബി.ജെ.പിയുമായി ചേർന്ന് ഭരണം നിലനിർത്തി. 2020-ലെ തെരഞ്ഞെടുപ്പിലും എൻ.ഡി.എ. സഖ്യം നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി. പിന്നീട്, 2022-ൽ നിതീഷ് കുമാർ വീണ്ടും ബി.ജെ.പി. വിട്ട് മഹാസഖ്യത്തിൽ തിരിച്ചെത്തുകയും, 2024-ൽ വീണ്ടും ബി.ജെ.പി.യിലേക്ക് മടങ്ങുകയും ചെയ്തു. ഇങ്ങനെ സഖ്യങ്ങൾ മാറിയുള്ള അദ്ദേഹത്തിൻ്റെ കളികൾ ബിഹാർ രാഷ്ട്രീയത്തെ എന്നും ചർച്ചാവിഷയമാക്കിയിരുന്നു.
നിതീഷ് കുമാർ | PHOTO : WIKI COMMONS
എസ്ഐആറും വോട്ട് ചോരിയും, സംശയ മുനയിൽ തെരഞ്ഞെടുപ്പ് കമ്മീഷനും
തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിൽ നടത്തിയ വോട്ടർ പട്ടികയിലെ തീവ്ര പുനഃപരിശോധനാ വിവാദം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ കക്ഷികൾ ഇപ്പോഴും ആവർത്തിക്കുന്നത്. തീവ്രപരിശോധനക്ക് മുമ്പ്, ജൂൺ 24ന് 7.89 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. എസ് ഐ ആർ പ്രകാരം ആഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ വോട്ടർമാരുടെ എണ്ണം 7.24 കോടിയായി കുറഞ്ഞു. അന്തിമ വോട്ടർ പട്ടികയിൽ 7.42 കോടി വോട്ടർമാരുണ്ട്. രണ്ട് മാസം കൊണ്ട് പുറത്തായത് 3.66 ലക്ഷം വോട്ടർമാരാണ്. വോട്ടർ പട്ടികയിൽ നിന്ന് നേരത്തേ 65 ലക്ഷം പേരെ നീക്കിയിരുന്നു. സുപ്രീംകോടതിയുടെയും പ്രതിപക്ഷ പാർട്ടികളുടെയും ഇടപെടലിനെ തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുനഃപരിശോധന നടത്തിയെങ്കിലും പരാതി പരിഹരിക്കപ്പെട്ടിട്ടില്ല.
എസ് ഐ ആർ പ്രകാരം തയ്യാറാക്കിയ അന്തിമ വോട്ടർ പട്ടികയിൽ നിന്ന് 3.66 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതിന്റെ വിശദാംശങ്ങൾ നൽകാൻ സുപ്രീം കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദളിതരെയും മുസ്‌ലിംകളെയും സ്ത്രീകളെയും വോട്ടർ പട്ടികയിൽ നിന്ന് നീക്കിയെന്നാണ് ആരോപണം. ഓരോ നിയമസഭാ മണ്ഡലത്തിലും ശരാശരി 27,000 വോട്ട് വീതം ഒഴിവാക്കിയിട്ടുണ്ട്. വോട്ടുകൾ കൂടുതൽ നീക്കം ചെയ്യപ്പെട്ടത് ഗോപാൽ ഗഞ്ച്, കിഷൻഗഞ്ച്, പൂർണിയ, മധുബാനി, ഭഗവൽപൂർ എന്നീ ജില്ലകളിലാണ്. നേപ്പാൾ, ബംഗ്ലാദേശ് അതിർത്തി ജില്ലകളായ ഇവിടുത്തെ വോട്ടർമാരിൽ അധികവും മുസ്ലിങ്ങളാണ്. സംസ്ഥാനത്തെ ഏക മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ കിഷൻ ഗഞ്ചിൽ ഏതാണ്ട് 10 ശതമാനം വോട്ടുകൾ നീക്കം ചെയ്യപ്പെട്ടു.
സംസ്ഥാനത്ത് പ്രായപൂർത്തിയായവരുടെ സംഖ്യ 8.25 കോടി എന്നാണ് കണക്ക്. അതിന്റെ 5.7 ശതമാനം വരും വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ടവർ. പേരു വെട്ടിയവരിൽ മറ്റിടങ്ങളിൽപ്പോയി ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി കൂടുതലാണ്. അത്തരം തൊഴിലാളികളിൽ മഹാഭൂരിപക്ഷവും തെരഞ്ഞെടുപ്പുകമ്മീഷൻ നടത്തിയ SIR-നെപ്പറ്റി അറിഞ്ഞിട്ടു കൂടിയില്ല എന്ന് കാണിക്കുന്ന സർവേയും പുറത്ത് വന്നു.
REPRESENTATIVE IMAGE | WIKI COMMONS
അടുത്തിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച പല നടപടികളും അതിന്റെ നിഷ്പക്ഷതയ്ക്കും ഭരണഘടന പ്രകാരമുള്ള അതിന്റെ സ്വതന്ത്രവും നീതിപൂർവ്വവുമായ പ്രവർത്തനത്തിനും കളങ്കമുണ്ടാക്കുന്നവയാണ്. രണ്ടാം മോദി സർക്കാരിന്റെ വരവോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന്റെ താല്പര്യങ്ങൾക്ക് വിധേയരായി പെരുമാറുകയും അതിന്റെ പല മുൻനിലപാടുകളിൽ നിന്നും പിന്നോട്ട് പോകുകയുമാണ്. ബിഹാറിൽ അറുപതു ശതമാനം പേരുടെയും കൈയിലുള്ള ആധാറിനെ അംഗീകൃത രേഖയായി എസ്‌ഐആറിൽ അംഗീകരിക്കില്ലെന്ന കമ്മീഷന്റെ പിടിവാശി ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്ന ചോദ്യത്തിന്റെ ഉത്തരം നൽകേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ്.
ബിഹാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് തിരക്കിട്ട് എസ്‌ഐആർ നടത്തുന്നുവെന്ന് സുപ്രീംകോടതി പോലും ചോദിച്ചു. പൗരത്വം തെളിയിക്കൽ കമ്മീഷന്റെ പണിയല്ലെന്ന് ഒരു ഘട്ടത്തിൽ കോടതിക്ക് പറയേണ്ടിയും വന്നു. വോട്ടുമോഷണമെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ സുവ്യക്തമായ ആരോപണങ്ങൾ അന്വേഷിക്കില്ലന്ന കമ്മീഷന്റെ നിലപാട് ജനാധിപത്യ ഇന്ത്യക്കു തീരാകളങ്കം ആണ്. രാഷ്‌ട്രീയ പാർട്ടികൾക്കുപോലും കരടുപട്ടികയിൽ എതിർപ്പുന്നയിക്കാൻ താഴേത്തട്ടിൽ അവസരം നിഷേധിക്കപ്പെട്ടിരുന്നു.
ബിഹാറിൽ നിയമപ്രകാരം അനുവദിച്ച മൂന്ന് വർഷത്തെ സേവന കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ തസ്തികകളിൽ തന്നെ തുടരുന്നതായി പ്രമുഖ മാധ്യമ സ്ഥാപനമായ സ്ക്രോൾ പുറത്ത് വിട്ട റിപ്പോർട്ട് ഏറെ ചർച്ചകൾക്ക് വഴി വെച്ചു. 36 പ്രധാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് കാലാവധി പൂർത്തിയായിട്ടും ട്രാൻസ്ഫർ ലഭിക്കാതെ മൂന്ന് മാസത്തോളം അധികമായി തസ്തികകളിൽ തുടരുന്നതെന്ന് ദി സ്ക്രോൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയാണ് ഇവരുടെ കാലാവധി നീട്ടാൻ കാരണമായിരിക്കുന്നത്. ഈ ഉദ്യോഗസ്ഥരെല്ലാം ഡെപ്യൂട്ടി ഇലക്ഷൻ ഓഫീസർമാരോ സബ് ഇലക്ഷൻ ഓഫീസർമാരോ ആയിട്ടുള്ളവരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിലുള്ളതിനേക്കാൾ അധികം പോൾ ചെയ്ത മൂന്ന് ലക്ഷം വോട്ട് എവിടെ നിന്ന് വന്നുവെന്ന ചോദ്യത്തിന് വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനും, കേന്ദ്ര സർക്കാരും മറുപടി പറയേണ്ടി വരും. ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യയാണ് എക്സ് പോസ്റ്റിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എസ്ഐആറിന് ശേഷം 7.42 കോടി വോട്ടർമാർ എന്നതായിരുന്നു കണക്ക്. എന്നാൽ 7.45 കോടി വോട്ട് പോൾ ചെയ്തതായാണ് പുറത്തുവന്ന വിവരം.
REPRESENTATIVE IMAGE | WIKI COMMONS
അടിസ്ഥാന പാഠങ്ങൾ മറന്ന കോൺഗ്രസ്സ്
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വോട്ട് ചോരി മുതൽ തൊഴിലില്ലായ്മ വരെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി വൻ പ്രചാരണമാണ് മഹാസഖ്യം നടത്തിയത്. എന്നാൽ മുന്നണി സംവിധാനത്തിനകത്തെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കുന്നതിൽ പാർട്ടി അമ്പേ പരാജയപ്പെട്ടു എന്ന് വേണം ഈ തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും മനസ്സിലാക്കാൻ. അപസ്വരങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കിയ എൻഡിഎയെ അപേക്ഷിച്ച് പ്രതിപക്ഷത്തിന് എല്ലാ സീറ്റിലും കെട്ടുറപ്പോടെ മത്സരിക്കാൻ പോലും കഴിഞ്ഞില്ല. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ പോലും സഖ്യകക്ഷികൾക്ക് സമയം എടുക്കേണ്ടിവന്നു.
പത്തിലേറെ സീറ്റുകളിൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ആർജെഡിക്കെതിരെ കോൺഗ്രസ്സ് കൈപ്പത്തി ചിഹ്നത്തിൽ റിബലുകളെ നിർത്തി. ഈ സീറ്റുകളിൽ എല്ലാം ഫലം വന്നപ്പോൾ ബി ജെ പി ജയിച്ചു കയറി. ചുരുക്കം സീറ്റുകളിലാണ് ഇടതുപക്ഷം ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ചത്. അഞ്ചു സീറ്റുകളിൽ ഇടതുപക്ഷത്തിനെതിരെയും കോൺഗ്രസ്സ് റിബലുകളെ ഇറക്കി. പാർട്ടി ചിഹ്നത്തിൽ തന്നെ. ഫലമോ? ബിജെപി സഖ്യത്തിന് കാര്യങ്ങൾ എളുപ്പമായി. ബിഹാറിൽ മതനിരപേക്ഷ ചേരിയെ ദുർബലപ്പെടുത്തുന്നതിൽ ആ അർത്ഥത്തിൽ കോൺഗ്രസ്സിന് പങ്കുണ്ട്. തെരഞ്ഞെടുപ്പ് പോരാട്ടത്തിലെ സ്ട്രാറ്റജിയും ടാക്റ്റിക്സും പരസ്പര പൂരകമാവണമെന്ന ബേസിക് പൊളിറ്റിക്കൽ ലൈൻ കോൺഗ്രസ്സിന് ധാരണയുണ്ടായിരുന്നില്ല. കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ച് കേവലം 19 സീറ്റിലാണ് കോൺഗ്രസിന് ജയിക്കാനായത്. ഇത്തവണ തിരിച്ചടി അതിന്റെ ഇരട്ടിയായി. 60 സീറ്റിൽ മത്സരിച്ചിട്ട് പത്തിൽ താഴെ സീറ്റുകൾ മാത്രം ആണ് വിജയിക്കാൻ ആയത്.
REPRESENTATIVE IMAGE | WIKI COMMONS
ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്ര കടന്നുപോയ ഒരു മണ്ഡലത്തിലും ചലനം സൃഷ്ടിക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല. രാജ്യത്ത് ഏറ്റവും അധികം സ്ത്രീ വോട്ടർമാരുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാർ. 20 കൊല്ലത്തെ ഭരണകാലയളവിൽ സ്ത്രീകളെ ലക്ഷ്യംവെച്ചുള്ള നിരവധി ക്ഷേമപദ്ധതികൾ നിതീഷ് സർക്കാർ നടപ്പിൽ വരുത്തിയിരുന്നു. ബിഹാറിലെ സ്ത്രീകളുടെ വോട്ടുകൾ കൂടുതൽ എൻഡിഎയിലേക്കു നീങ്ങി. സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകുന്ന തൊഴിൽ യോജന പദ്ധതി എൻഡിഎക്ക് വോട്ടു കിട്ടുന്നതിൽ വലിയ പങ്കുവഹിച്ചു. 10,000 രൂപ എന്നത് ബിഹാറിലെ ഒരു ചെറിയ തുകയല്ല. മുസ്ലിം-യാദവ (എം-വൈ) വോട്ടുബാങ്കിനെ ആശ്രയിച്ചുനിന്ന ആർജെഡിക്ക് ഇക്കാലങ്ങളിൽ അടിത്തറ വിപുലപ്പെടുത്താൻ കഴിയാതെ പോയതും പരാജയത്തിന്റെ കാരണമാണ്. മാത്രമല്ല, ജൻ സുരാജ് പാർട്ടിയും ഒവൈസിയുടെ എഐഎംഐഎമ്മും ആർജെഡിയുടെയും കോൺഗ്രസിന്റെയും വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തി. ഇത് എൻഡിഎയ്ക്ക് ഗുണകരമായി മാറുകയും ചെയ്തു.
'തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒരു ഘടകങ്ങളും സ്വാധീനിക്കരുത്, അതാണ് ഒരു നല്ല ജനാധിപത്യത്തിന്റെ ലക്ഷണം'. സമൂഹത്തിൽ ജൈവികമായ ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്താൻ ഇന്ത്യൻ ജനാധിപത്യത്തിന് കഴിയുന്നില്ല എന്ന വിമർശനത്തിന് ആക്കം കൂട്ടുന്നത് ആണ് ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉയരുന്ന ആരോപണങ്ങളും, വിമർശനങ്ങളും. പല ജനാധിപത്യ രാജ്യങ്ങളിലും ജനാധിപത്യത്തെ അട്ടിമറിക്കുന്നത് പട്ടാള അട്ടിമറിയിലൂടെയാണ്. അതെ സമയം ജനാധിപത്യത്തെ ഉപയോഗപ്പെടുത്തി തന്നെ ജനാധിപത്യത്തെ അട്ടിമറിക്കാം എന്ന അപകടകരമായ പ്രവണതയാണ് തെരഞ്ഞെടുപ്പ് പ്രക്രിയകളിലെ സുതാര്യത നഷ്ട്ടപ്പെടുന്നതിലൂടെ സംഭവിക്കാൻ പോകുന്നത്.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് 2001ൽ അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണൻ നടത്തിയ ശ്രദ്ധേയമായ ഒരു പ്രസംഗം ഉണ്ട്. ‘‘ഏതാണ് ഇന്ത്യയിലെ ജനങ്ങൾക്ക് ഏറ്റവും വിശ്വാസമുള്ള സർക്കാർ സ്ഥാപനം? അത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ്". അദ്ദേഹം പറയുന്നു. ഇരുപത്തഞ്ചു വർഷങ്ങൾക്കിപ്പുറം തെരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റവും വലിയ ആരോപണങ്ങൾ നേരിടുന്ന ഒരു കാലഘട്ടത്തിൽ ആണ് ബിഹാർ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം പുറത്ത് വന്നിരിക്കുന്നത്. വിശ്വ സാഹിത്യകാരനായ ഷേക്സ്പിയറിന്റെ വരികൾ കടമെടുത്താണ് പൊതുസേവകർ സംശയത്തിന് അതീതരാവണമെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ ഓർമിപ്പിച്ചത്. സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണ'മെന്ന വരിയാണ് അദ്ദേഹം ഉദ്ധരിച്ചത്. നീതി നടപ്പാക്കിയാൽ പോരാ നടപ്പാക്കിയെന്ന് വിശ്വാസം നേടാനും സാധിക്കണമെന്ന തത്ത്വം നിയമ നിർവഹണ രംഗത്ത് മാത്രമല്ല മറ്റ് മേഖലകളിലും ബാധകമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ച സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ ക്യാമ്പയിൻ ബിഹാർ ജനതയെ എത്രത്തോളം സ്വാധീനിച്ചു എന്നത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒരു ചോദ്യചിഹ്നമായി മാറിയെങ്കിലും നഷ്ട്ടപ്പെട്ട വിശ്വാസ്യത തിരിച്ചു പിടിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും ബാധ്യസ്ഥരാണ്.


