TMJ
searchnav-menu
post-thumbnail

Outlook

'ബ്ലാക്‌മെയിൽ ക്യാപിറ്റലിസം': എപ്‌സ്റ്റീനും, ദിലീപും മുതൽ മാങ്കൂട്ടം വരെ  

08 Dec 2025   |   15 min Read
കെ പി സേതുനാഥ്

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ അമേരിക്കൻ കോൺഗ്രസ് അനുമതി നൽകിയതിന് പിന്നാലെ പ്രസിഡന്റ് ഡൊണൾഡ് ട്രംപും അതിനുള്ള പച്ചക്കൊടി വീശി. വളരെ കലുഷിതമായ രാഷ്ട്രീയ-നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് രേഖകൾ പുറത്തുവിടാനുള്ള തീരുമാനം ഉണ്ടായത്. എന്നാലും, രേഖകൾ പൂർണ്ണമായും പുറത്തുവിടുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ദേശസുരക്ഷയുടെ മറവിൽ പ്രധാനപ്പെട്ട ഉള്ളടക്കങ്ങൾ പൂഴ്ത്തിവച്ച (അമേരിക്കൻ ഭാഷയിൽ Redact) നിലയിലാവും രേഖകൾ പുറത്തുവരികയെന്ന് കരുതപ്പെടുന്നു. അമേരിക്കൻ നീതിന്യായ വകുപ്പും, ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷനും (എഫ്ബിഐ) ജൂലൈ 7ന് തയ്യാറാക്കിയ സംയുക്ത മെമ്മോറാണ്ടത്തിലെ ഉള്ളടക്കപ്രകാരം നീതിന്യായ വകുപ്പിന്റെ പക്കൽ എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട "300 ജിഗാബൈറ്റ്" ഡാറ്റ ഉണ്ടെന്നാണ്. അതായത് 19.5 ദശലക്ഷം വേഡ് ഡോക്യുമെന്റുകൾക്ക് തുല്യമായ ഡാറ്റ. ഇക്കഴിഞ്ഞ സെപ്റ്റംബർ വരെ, നീതിന്യായ വകുപ്പ് ഏകദേശം 34,000 രേഖകൾ അമേരിക്കൻ ജനപ്രതിനിധി സഭയിലെ ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് കൈമാറി. ബാക്കിയുള്ള രേഖകൾ പുറത്തുവിടേണ്ടതില്ലെന്നായിരുന്നു നീതിന്യായ വകുപ്പിന്റെയും, എഫ്ബിഐയുടെയും തീരുമാനം. അതിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് രേഖകൾ പുറത്തുവിടാൻ ട്രംപ് ഭരണകൂടം നിർബന്ധിതമായി.

പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള നിർബന്ധിത ലൈംഗീക വ്യാപാരം, സാമ്പത്തിക തിരിമറികൾ, അമേരിക്കയിലും, വിദേശത്തുമുള്ള രഹസ്യാന്വേഷണ ഏജൻസികളുമായുള്ള നിഗൂഢ ബന്ധങ്ങൾ എന്നിങ്ങനെ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണ് ജെഫ്രി എപ്‌സ്റ്റീൻ. ലൈംഗിക കുറ്റവാളിയെന്ന പേരിൽ 2019 ജൂലൈയിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ എപ്‌സ്റ്റീൻ ആഗസ്റ്റ് 10ന് തന്റെ സെല്ലിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ആത്മഹത്യ എന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിവരം. കുറ്റകൃത്യങ്ങളുടെ പേരിലല്ല എപ്‌സ്റ്റീൻ ലോകമാകെ അറിയപ്പെടുന്നത്. അമേരിക്കൻ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ മേഖലയിലെ ഉന്നതരുമായുള്ള ഉറ്റബന്ധമാണ് എപ്‌സ്റ്റീനെന്ന കുറ്റവാളിയുടെ പ്രസിദ്ധിയുടെ ആധാരം. നിലവിലെ പ്രസിഡന്റ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ തുടങ്ങി അമേരിക്കൻ രാഷ്ട്രീയത്തിലെ ഉന്നതർ, ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹുദ് ബരാക്, ബിൽ ഗേറ്റ്സ് മുതൽ ജെപി മോർഗൻ സിഇഒ ജാമി ഡിമോൻ തുടങ്ങിയ ആഗോള ബിസിനസ് പ്രമാണിമാർ, ഹാർവാർഡ് പ്രൊഫസ്സറും മുൻ അമേരിക്കൻ ട്രഷറി സെക്രട്ടറിയുമായ ലാറി സമ്മേഴ്‌സ്, മറ്റൊരു ഹാർവാർഡ് പ്രൊഫസ്സറും പ്രമുഖ നിയമജ്ഞനുമായ അലൻ ഡെർഷോവിറ്റ്സ്, വിഖ്യാത ചിന്തകനും എഴുത്തുകാരനുമായ നോം ചോംസ്കി, ദേശരക്ഷയുടെ മൊത്ത വ്യാപാരികളായ രഹസ്യാന്വേഷണ ഏജൻസികളുടെ മേധാവികൾ — തുടങ്ങിയ ചെറുതും, വലുതുമായ, ആഴത്തിൽ വേരുകളുള്ള ഒരു സൗഹൃദ-പങ്കാളിത്ത ശൃംഖലയായിരുന്നു എപ്സ്റ്റീന്റെ കൈമുതൽ. ഇന്ത്യയിലെ ഉന്നതരും എപ്‌സ്റ്റീൻ രേഖകളിൽ ഇടം പിടിച്ചതായി ചില മാധ്യമ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ ഭരണകക്ഷിയുമായി ബന്ധപ്പെട്ട ചില ഉന്നതർ എപ്‌സ്റ്റീന്റെ ലൈംഗിക ആതിധേയത്വം സ്വീകരിച്ചുവെന്ന ആരോപണവുമായി സുബ്രഹ്മണ്യ സ്വാമി ഇറങ്ങിയിട്ടുണ്ട്. ബ്ലാക്‌മെയ്‌ലിംഗിന്റെ രാഷ്ട്രീയം സ്വാമിയെ പ്രത്യേകിച് ആരും പഠിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പരിചിതമായവർക്ക് അറിയാം.
       
ജെഫ്രി എപ്സ്റ്റീൻ | PHOTO : WIKI COMMONS

ട്രംപിന്റെ രാഷ്ട്രീയ പ്രവേശനത്തിലും, വളർച്ചയിലും നിർണ്ണായക പങ്കുവഹിച്ച, മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ(മാഗാ) പ്രസ്ഥാനത്തിന്റെ സൈദ്ധാന്തികരിൽ പ്രമുഖനായ സ്റ്റീവ് ബാനനും,  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച ഒരുക്കുന്നതിനെ കുറിച്ചുള്ള ഈ-മെയിലുകൾ, മുൻ ഡിപ്ലോമാറ്റും, കേന്ദ്ര മന്ത്രിയുമായിരുന്ന ഹർദീപ് സിംഗ് പുരി, ബിസിനസ് മേധാവി അനിൽ അംബാനി എന്നിവരുമായുള്ള ഈമെയിലുകൾ എന്നിവയാണ് എപ്‌സ്റ്റീൻ ഫയലിൽ ഇതിനകം ഇടം പിടിച്ച ഇന്ത്യൻ കണക്ഷൻ. കേരളത്തിൽ കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന താത്രി വിചാരണയുടെ ഒരു ഘട്ടത്തിൽ ഇനി പേരുകൾ പറയേണ്ടതില്ലെന്ന് പ്രധാന കാർമ്മികൻ തന്നെ പറഞ്ഞതായുള്ള നാട്ടുമൊഴിയുടെ(കാർമ്മികന്റെ പേരും പുറത്തുവരുമെന്ന ഭയത്താൽ) ഒരു വകഭേദമാണ് എപ്‌സ്റ്റീൻ രേഖകളെ പറ്റി ഇതുവരെ ലഭ്യമായ വിവരങ്ങളും നൽകുന്നത്. ഒരു കാര്യം ഏതായാലും ഉറപ്പാണ്. തലങ്ങും, വിലങ്ങും ഉപയോഗിച്ചതിനാൽ തേയ്‌മാനം സംഭവിച്ച 'ഡീപ് സ്റ്റേറ്റ്' (ഗോപ്യ ഭരണകൂടം?) എന്ന പ്രയോഗത്തിന്റെ ആൾരൂപമായി അയാളെ കണക്കാക്കാം.

"പൊതുസ്ഥാപനങ്ങളെ ദുഷിപ്പിക്കുകയും, നിയന്ത്രിക്കുകയും വഴി പൊതുജനങ്ങളെ കൊള്ളയടിക്കാനായി ബ്ലാക്ക്‌മെയിലിംഗ്, കൈക്കൂലി, കൊലപാതകങ്ങൾ എന്നിവ പ്രിയപ്പെട്ട ആയുധങ്ങളാക്കുന്ന ഗോപ്യമായ അധികാര ഘടനകളെ അഭിസംബോധന ചെയ്യാതെ, ജെഫ്രി എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങൾ ശരിയായി കൈകാര്യം ചെയ്യാനോ, ഭാവിയിൽ മറ്റുള്ളവർ അവ ചെയ്യുന്നത് തടയാനോ നമുക്ക് കഴിയില്ല. ജെഫ്രി എപ്സ്റ്റീൻ അസാധാരണനൊന്നുമല്ല . അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ യഥാർത്ഥ മഞ്ഞുമലയുടെ അറ്റം മാത്രമാണ്".: One Nation Under Blackmail: The Sordid Union Between Intelligence and Crime that Gave Rise to Jeffery Epstein എന്ന Whitney Webbന്റെ പുസ്തകത്തിൽ നിന്നുള്ള ഈ പരാമർശം അമേരിക്കൻ രാഷ്ട്രീയ സംവിധാനത്തിന്റെ ഒരു രേഖാചിത്രമായി കണക്കാക്കാം(1). രണ്ടാംലോക യുദ്ധ ശേഷം ഉരുത്തിരിഞ്ഞ അമേരിക്കൻ രാഷ്ട്രീയ-സാമ്പത്തിക സംവിധാനത്തെ സൈനിക-വ്യവസായ സമുച്ചയമെന്ന് പൊതുവെ വിശേഷിപ്പിക്കുന്നു. പ്രസ്തുത വിശേഷണത്തിൽ കാലക്രമേണ കൂടുതൽ പദങ്ങൾ ചേർക്കപ്പെട്ടു സൈനിക-വ്യവസായ-പണ്ഡിത-മാധ്യമ സമുച്ചയം എന്നാണ് ഏറ്റവും പുതിയ പ്രയോഗം. എപ്‌സ്റ്റീന്റെ വരവോടെ മറ്റൊരു വിശേഷണം കൂടി അതിനോടൊപ്പം ചേർക്കാവുന്നതാണ്. സൈനിക-വ്യവസായ-പണ്ഡിത-മാധ്യമ-ലൈംഗിക സമുച്ചയം.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
എ നേഷൻ അണ്ടർ ബ്ലാക്‌മെയ്ൽ(രണ്ടു വാല്യങ്ങൾ) എന്ന പുസ്തകമാണ് എപ്‌സ്റ്റീൻ വിഷയത്തിൽ ലഭ്യമായ ഏറ്റവും സമഗ്രമായ കൃതി. പതിനാലുകാരിയായ മകളെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്ന മാതാപിതാക്കളുടെ ഒരു പരാതിയാണ് എപ്‌സ്റ്റീന് എതിരായ അന്വേഷണങ്ങളുടെ തുടക്കം. ഫ്ലോറിഡയിലെ പാം ബീച്ച് പോലീസിലാണ് 2005ൽ ഈ പരാതി എത്തിയത്. സമാനമായ 36 സംഭവങ്ങൾ കൂടി കൂടുതൽ അന്വേഷണത്തിൽ തിരിച്ചറിയപ്പെട്ടു. തുടർന്ന് അറസ്റ്റിലായ എപ്‌സ്റ്റീൻ കേസിൽ നിന്നും എളുപ്പം ഊരിപ്പോവുകയായിരുന്നു. ട്രംപിന്റെ അടുത്ത അനുയായിയും അന്നത്തെ സതേൺ ഫ്ലോറിഡ അറ്റോർണിയുമായിരുന്ന അലക്സാണ്ടർ അക്കോസ്റ്റ തരപ്പെടുത്തിയ ഒത്തുതീർപ്പ് കരാർ പ്രകാരം 13 മാസത്തെ ശിക്ഷയാണ് എപ്‌സ്റ്റീന്‌ ലഭിച്ചത്. അമേരിക്കൻ നീതിന്യായ സംവിധാനത്തിന്റെ അവിഭാജ്യഘടകമായ പ്ലീ ബാർഗൈൻ(Plea Bargain) അഥവാ ഒത്തുതീർപ്പിൽ കാര്യങ്ങൾ അവസാനിപ്പിക്കുക എന്ന വഴിയായിരുന്നു അതിനായി ഉപയോഗപ്പെടുത്തിയത്. പ്രമുഖ ഹാർവാർഡ് നിയമജ്ഞനായ അലൻ ഡെർഷോവിറ്റ്സ് അതിന് വേണ്ടുന്ന നിയമോപദേശം നൽകി.

ഒത്തുതീർപ്പ് പ്രകാരം പതിമൂന്ന് മാസം തടവ് ശിക്ഷ വിധിച്ചെങ്കിലും 'വർക്ക് റിലീസ്' എന്ന ഒഴിവുകഴിവിൽ മിക്കവാറും ദിവസങ്ങളിൽ അയാൾ ജയിലിന് പുറത്തായിരുന്നു. ട്രംപിന്റെ ഉറ്റ അനുയായികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന അക്കോസ്റ്റ, ആദ്യ ട്രംപ് ഭരണകൂടത്തിൽ ലേബർ സെക്രട്ടറി ആയിരിന്നു. Whitney Webbന്റെ രണ്ടു വാല്യങ്ങൾ ഉള്ള പുസ്തകം പുറത്തുവന്നിട്ട് മൂന്ന് വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് ‘എപ്‌സ്റ്റീൻ ഫയലുകൾ' എന്നറിയപ്പെടുന്ന രേഖകൾ പുറത്തുവിടാൻ അമേരിക്കൻ ഭരണകൂടം നിർബന്ധിതമായിട്ടുള്ളത്. എപ്‌സ്റ്റീൻ ഫയലുകളിലെ ലൈംഗികാതിക്രമങ്ങളിലാണ് പൊതുവിൽ മാധ്യമശ്രദ്ധ. എന്നാൽ, അതുപോലെ സുപ്രധാനമാണ് അയാൾ ഉൾപ്പെട്ട ചാരപ്രവർത്തനമടക്കമുള്ള സാമ്പത്തിക-രാഷ്ട്രീയ-അക്കാദമിക ഇടപാടുകൾ. ഡീപ് സ്റ്റേറ്റ് നാനാ തരത്തിൽ എങ്ങനെ പ്രവൃത്തിക്കുന്നുവെന്നതിന്റെ സാക്ഷ്യപത്രമാണ് അയാളുടെ ചെയ്തികൾ. കൂട്ടിക്കൊടുപ്പും, ലൈംഗീക അതിക്രമങ്ങളും പ്രസ്തുത ശൃംഖലയിലെ ഒരു ഘടകം മാത്രമാണ്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ബ്ലാക്‌മെയിൽ മുതലാളിത്തം

ഭരണഘടനയുടെയും,  നിയമവാഴ്ചയുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതായി മേനി നടിക്കുന്ന രാഷ്ട്രീയ സംവിധാനത്തിനൊപ്പം നിയമവിരുദ്ധതയുടെ ഒരു സമാന്തര സംവിധാനവും രാഷ്ട്രീയ-സാമൂഹ്യ ജീവിതത്തിന്റെ അവിഭാജ്യഘടകമായി പ്രവർത്തിക്കുന്നതിന്റെ സാക്ഷ്യപത്രമാണ് എപ്‌സ്റ്റീൻ ഫയലുകൾ.  

"നേർവരക്ക് വളവ് കൂട്ട് നേരിന് നുണ കൂട്ട്”—  എന്ന കവി വചനം (2) പോലെ നിയമവാഴ്ചക്ക്, നിയമവിരുദ്ധത കൂട്ട് എന്ന സ്ഥിതിയാണ്.

ഈയൊരു സ്ഥിതിയെ എങ്ങനെയാണ് നാം മനസിലാക്കുക? പൊതുവിൽ സംഭവിച്ച മൂല്യച്യുതി, ഭരണഘടനാ സ്ഥാപനങ്ങളുടെ ശോഷണം, അധികാരത്തിനോടും, സമ്പത്തിനോടുമുള്ള ആർത്തി തുടങ്ങിയ പലതും അതിനുള്ള കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. അവയുടെ പ്രസക്തി ഒട്ടും കുറവല്ല. എന്നാൽ, സാമൂഹ്യ ശാസ്ത്രജ്ഞനായ (Sociologist)  ആൻഡ്രൂ ഓസ്ബോൺ ഈ സ്ഥിതി വിശേഷത്തെ ബ്ലാക്‌മെയിൽ മുതലാളിത്തമെന്ന് വിളിക്കുന്നു. നിയോലിബറൽ കാലഘട്ടത്തിലെ മുതലാളിത്തത്തിന്റെ സവിശേഷതകളിൽ ഒന്നായാണ് അദ്ദേഹം ഈ പ്രതിഭാസത്തെ മനസ്സിലാക്കുവാൻ ശ്രമിക്കുന്നത്. "ലൈംഗിക കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ചാരവൃത്തി എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു അധികാര ദല്ലാൾ എന്ന നിലയിൽ എപ്സ്റ്റീന്റെ കരിയർ, 1970കൾക്ക് ശേഷമുള്ള മുതലാളിത്തത്തിലെ മാറ്റങ്ങളുടെ ചലനാത്മകതയെ പ്രതിഫലിപ്പിക്കുന്നു",  അദ്ദേഹം വിശദീകരിക്കുന്നു. മുതലാളിത്തത്തിന്റെ കൂടപ്പിറപ്പായ പ്രിമിറ്റീവ് അക്യുമുലേഷൻ ഈ കാലഘട്ടത്തിൽ പുതിയ രൂപഭാവങ്ങൾ കൈവരിക്കുവാൻ നിർബന്ധിതമായതിന്റ രാഷ്ട്രീയ-സാമൂഹ്യ ഫലങ്ങളിൽ ഒന്നാണ് എപ്‌സ്റ്റീൻ പ്രതിഭാസം.

"ആപാദചൂഢം ചോരയും, ചേറും പേറിക്കൊണ്ടാണ് മൂലധനത്തിന്റെ വരവ്" എന്ന പ്രിമിറ്റീവ് അക്യുമുലേഷനെക്കുറിച്ചുള്ള കാൾ മാർക്സിന്റെ നിഗമനം നിയോലിബറൽ കാലഘട്ടത്തിൽ പുതിയ രൂപഭാവങ്ങൾ കൈവരിക്കുന്നതായി ഓസ്ബോൺ കരുതുന്നു. മുതലാളിത്തത്തിന്റെ ശൈശവത്തിൽ അവസാനിച്ച ഒന്നല്ല പ്രിമിറ്റീവ് അക്യുമുലേഷൻ. അത് നിരന്തരം പുനർജനിക്കുന്നു.

"സമ്പത്ത് സാമൂഹ്യ അധികാരത്തിന്റെ ഒരു രൂപമായി പ്രവർത്തിക്കുന്ന മുതലാളിത്തത്തിൽ  സാമൂഹിക അസമത്വത്തെ വ്യവസ്ഥാപിതമായി ചൂഷണം ചെയ്യുന്നതാണ് എപ്സ്റ്റീൻ കഥയുടെ കാതൽ. അദ്ദേഹത്തിന്റെ വിപുലമായ ലൈംഗിക ശൃംഖലയിൽ റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളിൽ പലരും സാമ്പത്തികമായി പിന്നിലായ കിഴക്കൻ യൂറോപ്പ്, ബ്രസീൽ, പാം ബീച്ച് കൗണ്ടി ഹൈസ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഒരേസമയം ഒന്നിലധികം മേഖലകളിൽ വ്യാപരിക്കുന്ന ഒരു വേട്ടക്കാരനെന്ന നിലയിൽ, ലിംഗഭേദം, സമ്പത്ത്, അധികാരം, ഇൻഫർമേഷൻ എന്നിവയിലെ അസമത്വങ്ങളും, വിവേചനങ്ങളും എപ്സ്റ്റീൻ വേണ്ടവിധം ഉപയോഗപ്പെടുത്തി. സമ്പത്തിന്റെ വർദ്ധിക്കുന്ന അസമത്വങ്ങൾ, സാമൂഹിക സുരക്ഷാ സംവിധാനങ്ങളുടെ വ്യവസ്ഥാപിതമായ നശീകരണം, ദുർബലമായ ഭരണ നിർവ്വഹണം, കടത്തിന്റെ ഭീമമായ വളർച്ച തുടങ്ങിയ വർത്തമാന മുതലാളിത്തത്തിനുള്ളിലെ പ്രവണതകൾ അതിനുള്ള വഴിയൊരുക്കുന്നു”, ഓസ്ബോൺ വിശദീകരിക്കുന്നു. മരിയറോസ ഡള്ള കോസ്റ്റ, വെർണർ ബോൺഫെൽഡ് തുടങ്ങിയ പണ്ഡിതരുടെ നിഗമനങ്ങളും തന്റെ വീക്ഷണത്തെ പിന്തുണക്കുന്നതിനായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആസ്തി വിറ്റഴിക്കൽ, നിയമവിരുദ്ധ മൂലധന പ്രവാഹം, ഫൈനാൻഷ്യലൈസേഷൻ, വ്യക്തി മേധാവിത്തം, തുടങ്ങിയ പല രൂപങ്ങളിലായി പ്രിമിറ്റീവ് അക്യുമുലേഷൻ അരങ്ങേറുന്നു.

 
ആൻഡ്രൂ ഓസ്ബോൺ | PHOTO : WIKI COMMONS
"സൂക്ഷ്മമായി പരിശോധിച്ചാൽ, എപ്സ്റ്റീൻ നിലവിലെ സാഹചര്യത്തിന്റെ പ്രതീകമാണെന്ന ഘടനാപരമായ യുക്തി വെളിപ്പെടുമെന്ന" നിഗമനം മുന്നോട്ട് വയ്ക്കുന്ന ഓസ്ബോൺ, എപ്സ്റ്റീൻ ചുക്കാൻ പിടിച്ച "ബ്ലാക്ക് മെയിൽ പ്രവർത്തനങ്ങളെ മുതലാളിത്തത്തിന്റെ ഇരുണ്ട പ്രവാഹങ്ങളുമായി - മനുഷ്യക്കടത്ത്, അനധികൃത പണത്തിന്റെ വലിയ ശേഖരം, ക്രിമിനൽ സിൻഡിക്കേറ്റുകൾ പോലെ പ്രവർത്തിക്കുന്ന രാഷ്ട്രീയ ഉന്നതർ, നിഗൂഢമായ നിലയിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് വമ്പന്മാർ" എന്നിവരെ ബന്ധിപ്പിക്കുന്നത് എന്താണെന്ന ചോദ്യം ഉന്നയിക്കുന്നു. "സമ്പത്തിന്റെയും, അധികാരത്തിന്റെയും, ചൂഷണത്തിന്റെയും അതേ യുക്തി ആൾപ്പിടിയൻ ഭരണകൂടാധികാരത്തിലേക്ക് വ്യാപിക്കുന്നതായി", അദ്ദേഹം കാണുന്നു. സുരക്ഷ ഔട്ട്‌സോഴ്‌സ് ചെയ്യുക, പൊതു-സ്വകാര്യ നിരീക്ഷണ പങ്കാളിത്തങ്ങൾ, അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്(ICE) നടത്തുന്ന റെയ്ഡുകൾ, ക്രൂരമായ ഭൂമി കൈയേറ്റത്തിലൂടെ പലസ്തീനികളുടെ വംശഹത്യയും, നാടുകടത്തലുമെല്ലാം അതിന്റെ ബഹുരൂപികളായ പ്രയോഗങ്ങളായി അദ്ദേഹം കാണുന്നു.    

എപ്‌സ്റ്റീന്റെ ഇതുവരെ അറിയപ്പെടുന്ന കുറ്റകൃത്യങ്ങൾ വളരെ വലിയൊരു സമുച്ചയത്തിന്റെ ചെറിയ ഭാഗം മാത്രമാണെന്ന് പറയുന്ന ഓസ്ബോൺ എന്നാൽ അത് "മുതലാളിത്തത്തിന്റെ ആദിപാപമായ പ്രിമിറ്റീവ് അക്യുമുലേഷന്റെ" ഭാഗമായ ഹിംസയെ പുനരുജ്ജീവിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടുന്നു. "എപ്സ്റ്റീന്റെ ജീവിതത്തിലുടനീളം അധികാരികൾ കണ്ണടച്ചു, കാരണം, അദ്ദേഹത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ അദ്ദേഹമടങ്ങുന്ന വർഗത്തിന്റെ അംഗീകൃത താൽപ്പര്യങ്ങളിൽ നിന്നും വേർതിരിക്കാനാവില്ല - അതായത്, അക്യുമുലേഷൻ, മത്സരവെറി, ഭരണകൂട അധീശ്വത്വം, യുദ്ധവെറി എന്നീ അനിവാര്യതകളുടെ ഭാഗമായി രൂപപ്പെട്ട താൽപ്പര്യങ്ങൾ".

ഈ താൽപ്പര്യങ്ങൾ മൊത്തം സംവിധാനത്തിന്റെ അവിഭാജ്യഘടകമായി മാറിയ കാര്യം വ്യക്തമാക്കുന്ന ഒന്നാണ് അമേരിക്കയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കിങ്ങ് സ്ഥാപനങ്ങളിൽ ഒന്നായ ജെപി മോർഗനും, എപ്‌സ്റ്റീനും തമ്മിലുള്ള ഇടപാടുകൾ. 2005 മുതൽ 2019 വരെ ജെപി മോർഗൻ എപ്‌സ്റ്റീനുവേണ്ടി 2.4 ബില്യൺ ഡോളറിന്റെ(1 ബില്യൺ സമം 100 കോടി) 9,000 ഇടപാടുകൾ നടത്തിയതായി 'വോൾ സ്ട്രീറ്റ് ഓൺ പരേഡ്' എന്ന ഓൺലൈൻ ജേർണലിൽ പാം മാർട്ടൻസ് വ്യക്തമാക്കുന്നു. സംശയാസ്പദമായ ഇടപാടുകളുടെ റിപ്പോർട്ടുകൾ (എസ്എആർ) ഫയൽ ചെയ്യണമെന്ന നിയമപരമായ ഉത്തരവാദിത്തത്തിന്റെ പൂർണ്ണ ലംഘനമാണ് ബാങ്ക് നടത്തിയത്. എപ്‌സ്റ്റീൻ രജിസ്റ്റർ ചെയ്യപ്പെട്ട ലൈംഗിക കുറ്റവാളിയായിരുന്നുവെന്ന കാര്യം 2008 മുതൽ ബാങ്കിന് അറിയാവുന്ന വസ്തുതയായിരിന്നു, എന്നിട്ടും ജെപി മോർഗൻ ചേസിലെ തന്റെ അക്കൗണ്ടുകളിൽ നിന്നും എപ്‌സ്റ്റീൻ എല്ലാ മാസവും പതിനായിരക്കണക്കിന് ഡോളർ രൊക്കം പണമായി പിൻവലിച്ചിരുന്നു. വലിയ തുകകൾ രൊക്കം പണമായി നിരന്തരം പിൻവലിക്കുന്നത് പ്രാഥമികമായി എസ്എആർന്റെ പരിധിയിൽ വരുന്ന കാര്യമാണ്. എന്നാൽ ഇക്കാര്യത്തിൽ ഏതാണ്ട് ഒരു ദശകത്തോളം മൗനം പുലർത്തിയ ബാങ്ക് 2019ൽ എപ്‌സ്റ്റീന്റെ മരണം വരെ എസ്‌എആർ ഫയൽ ചെയ്യാൻ കാത്തിരുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
"വിർജിൻ ദ്വീപുകളിലും പുറത്തും ഡസൻ കണക്കിന് സ്ത്രീകളുടെയും, പെൺകുട്ടികളുടെയും ലൈംഗിക അടിമത്തത്തെ ഉപയോഗിക്കുന്ന ഒരു ക്രിമിനൽ സംരംഭത്തെക്കുറിച്ച്  - വാസ്തവത്തിൽ അതിന്റെ ഭാഗമായിരുന്ന - വയർ, പണ ഇടപാടുകൾക്ക് ജെപി മോർഗൻ സൗകര്യമൊരുക്കുകയും അതിന് മറയൊരുക്കുകയും ചെയ്തു. ജെപി മോർഗനിൽ എപ്‌സ്റ്റീൻ സൂക്ഷിച്ചിരുന്ന അക്കൗണ്ടുകളുടെ പ്രധാന ബിസിനസ്സായിരുന്നു മനുഷ്യക്കടത്ത്”, എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് യുഎസ് വിർജിൻ ഐലൻഡ്‌സിനായുള്ള അറ്റോർണി ജനറലിന്റെ ഓഫീസ്   തയ്യാറാക്കിയ ഒരു രേഖയിൽ പറയുന്നു. എപ്സ്റ്റീന്റെ പ്രാഥമിക ബാങ്കായിരുന്ന ജെപി മോർഗൻ ചേസ്, ലോകമെമ്പാടും അദ്ദേഹത്തിന് പണം കൈമാറി. വർഷം തോറും ലക്ഷക്കണക്കിന് ഡോളർ രൊക്കം പണമായി നൽകി. കോടതി ഫയലിംഗുകൾ പ്രകാരം 50 മില്യൺ ഡോളർ ക്രെഡിറ്റ് നൽകി. കോടതി ഫയലിംഗുകളിൽ ജെപി മോർഗൻ ചേസ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഡസൻ കണക്കിന് അക്കൗണ്ടുകൾ കൈവശം വച്ചിരുന്നു. കോർപ്പറേറ്റ് ഗവേർണൻസിനെയും, പെരുമാറ്റ സംഹിതകളെയും, സൽഭരണത്തെയും പറ്റിയുള്ള വാചാടോപങ്ങൾക്ക് ഒട്ടും ലോഭമില്ലാത്ത മാതൃകസ്ഥാപനങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ജെപി മോർഗന്റെ പുറംപൂച്ചുകൾ മാറ്റിയാൽ ഒട്ടും ആകർഷകമല്ല അതിന്റെ അകത്തളങ്ങൾ.        

ജെപി മോർഗൻ മാത്രമല്ല എപ്‌സ്റ്റീൻ സാമ്രാജ്യത്തെ സഹായിച്ച പ്രമുഖർ. എപ്സ്റ്റീനുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് വൻ തുകകൾ നൽകിയ മറ്റൊരു പ്രമുഖൻ ലിയോൺ ബ്ലാക്ക് ആണ്. എപ്സ്റ്റീന് 170 മില്യൺ ഡോളർ അദ്ദേഹം നൽകിയതായി കോടതിയുടെയും സെനറ്റ് ഫിനാൻസ് കമ്മിറ്റിയുടെയും രേഖകൾ സ്ഥിരീകരിക്കുന്നു. വാൾ സ്ട്രീറ്റുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഗ്ലോബൽ മാനേജ്മെന്റിന്റെ സ്ഥാപകനും മുൻ സിഇഒയുമാണ് ബ്ലാക്ക്. എപ്സ്റ്റീന്റെ മാൻഹട്ടൻ മാളികയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്തതുൾപ്പെടെ നിരവധി ലൈംഗിക പീഡനങ്ങളിൽ ബ്ലാക്ക് ഏർപ്പെട്ടതായി സ്ത്രീകൾ ആരോപിക്കുന്നു.

എപ്സ്റ്റീന് വൻതോതിൽ സമ്പത്ത് നൽകിയതായി പരാമർശിക്കപ്പെടുന്ന മറ്റൊരു വ്യക്തി ലെസ്ലി വെക്സ്നർ ആണ്. ഒഹായോവിലെ ന്യൂ ആൽബാനിയിൽ നിന്നുള്ള വെക്സ്നർ റീട്ടെയിൽ മേഖലയിലെ കോടീശ്വരനും എൽ ബ്രാൻഡുകളുടെ മുൻ ചെയർമാനും സിഇഒയുമാണ്. അദ്ദേഹത്തിൽ നിന്നും കുറഞ്ഞത് 100 മില്യൺ ഡോളർ എപ്സ്റ്റീന് ലഭിച്ചിരുന്നു. ബ്ലാക്ക്, വെക്‌സ്‌നർ എന്നിവരുടെ പേരുകൾ എപ്‌സ്റ്റീന്റെ ഇരകൾ പറഞ്ഞിട്ടുണ്ട്. ഇരുവരും ആരോപണങ്ങൾ നിഷേധിച്ചു. എപ്സ്റ്റീന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ദ്വീപ് കോമ്പൗണ്ടിലെ ലൈംഗിക കടത്തും അതിൽ ബ്ലാക്ക് ഉൾപ്പെട്ടതും സംബന്ധിച്ച അന്വേഷണം ഒത്തുതീർപ്പാക്കാൻ ബ്ലാക്ക് യുഎസ് വിർജിൻ ദ്വീപുകൾക്ക് 62.5 മില്യൺ ഡോളർ പിഴ നൽകി.

ലൈംഗിക കടത്തുമായി ബന്ധപ്പെട്ട എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ അതിജീവിച്ചവരുടെ മൊഴികളും, ചുരുക്കം അന്വേഷണാത്മക പത്രപ്രവർത്തകരുടെ കഠിനാധ്വാനവും വഴി ലഭ്യമായിട്ടുണ്ട്. പക്ഷെ അപ്പോഴും എപ്സ്റ്റീൻ പ്രതിഭാസം ഉടലെടുക്കുകയും അതിനെ നിലനിർത്തുകയും ചെയ്യുന്ന ഭൗതിക സാഹചര്യങ്ങൾ പലപ്പോഴും കാണാമറയത്താവുന്നു. ഓസ്ബോൺ മുന്നോട്ടുവയ്ക്കുന്ന ബ്ലാക്‌മെയിൽ ക്യാപിറ്റലിസമെന്ന സങ്കല്പനം ഈ സാഹചര്യത്തെ മനസ്സിലാക്കുവാൻ സഹായകരമാണ്. എപ്സ്റ്റീൻ നടത്തിയ കൂട്ടിക്കൊടുപ്പുകളുടെയും, ലൈംഗിക അതിക്രമങ്ങളുടെയും വിവരങ്ങൾ ഇപ്പോൾ ഏതാണ്ട് വ്യക്തമാണ്. ഈ മേഖലയിൽ അദ്ദേഹത്തിന്റെ സേവനങ്ങൾ ഉപയോഗിച്ചവരുടെ വിശദാംശങ്ങൾ മാത്രമാണ് പുറത്തുവരാനുള്ളത്. എന്നാൽ, എപ്സ്റ്റീൻ തന്റെ വലിയ സമ്പത്തിന്റെ ഭൂരിഭാഗവും എങ്ങനെ സമ്പാദിച്ചുവെന്നതിനെക്കുറിച്ച് ഗണ്യമായ ആശയക്കുഴപ്പമുണ്ട്. പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ഫോർബ്സ് പറയുന്നതനുസരിച്ച്, മരണമടഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സമ്പത്ത് ഏകദേശം 600 മില്യൺ ഡോളറായിരുന്നു. 800 മില്യൺ ഡോളർ വരെ അദ്ദേഹത്തിന് സമ്പാദ്യം ഉണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിരുന്നു.

REPRESENTATIVE IMAGE | PHOTO WIKI COMMONS
എപ്സ്റ്റീന്റെ സുഹൃത്തും കൂട്ടുപ്രതിയുമായ ഗിസ്ലെയ്ൻ മാക്സ്വെല്ലിന്റെ ജീവിതവും ബ്ലാക്‌മെയിൽ ക്യാപിറ്റലിസത്തിന്റെ വഴിത്താരകൾ മനസ്സിലാക്കുവാൻ സഹായകരമായ ഉദാഹരണമാണ്.  എപ്‌സ്റ്റീനെ പോലെ സാമ്പത്തികമായി താണ ശ്രേണിയിൽ നിന്നല്ല ഗിസ്ലെയ്ൻ  വരുന്നത്. റോബർട്ട് മാക്സ്വെൽ എന്ന കോടീശ്വരന്റെ പുത്രിയായി 1961ൽ പിറന്ന ഗിസ്ലെയ്ൻ ലണ്ടനിലും, ന്യൂയോർക്കിലുമുള്ള കുലസ്ത്രീ-കുലപുരുഷ സദസ്സുകളിലെ സജീവ സാന്നിധ്യമായിരിന്നു. പ്രമുഖ മോഡൽ നയോമി ക്യാംബെൽ, ബിൽ ക്ലിന്റൺ, ആൻഡ്രൂ രാജകുമാരൻ തുടങ്ങിയ പല പ്രമുഖരുമായി അടുത്ത സൗഹൃദത്തിലായിരുന്നു. അമേരിക്കൻ, ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന പിതാവ് റോബർട്ട് മാക്സ്വെലിന്റെ കാർമികത്വത്തിലാണ് ഗിസ്ലെയ്ൻ തന്റെ സൗഹൃദങ്ങൾ കെട്ടിപ്പടുക്കുന്നത്. നവംബർ 1991ൽ കാനറി ദ്വീപുകളിലെ കടലോരത്തു മരിച്ച നിലയിൽ കണ്ടെത്തിയ റോബെർട്ടിനെ അടക്കം ചെയ്തത് ജറുസലേമിൽ ആയിരുന്നു. അന്നത്തെ ഇസ്രായേൽ പ്രസിഡണ്ട് സി ഹെർസോഗും, പ്രധാനമന്ത്രി യിത്ഷാക് ഷമീറും ശവസംസ്കാര ശുശ്രൂഷകളിൽ ഹാജരായിരുന്നു. റോബർട്ട് എത്രത്തോളം വേണ്ടപ്പെട്ടവൻ ആയിരുന്നുവെന്ന് അതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.    

2020ൽ അറസ്റ്റിലായ ഗിസ്ലെയ്ൻ 2021ൽ 20 വർഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടു. എപ്‌സ്റ്റീന്റെ ലൈംഗിക വ്യാപാരത്തിനും, അതിക്രമങ്ങൾക്കും വേണ്ടി പെൺകുട്ടികളെ കണ്ടെത്തി അവരെ ബലമായി ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാക്കുന്നതിന് വേണ്ട ഒത്താശകൾ ചെയ്തതാണ് അവരുടെ പേരിലുള്ള പ്രധാന കുറ്റം. എന്നാൽ ടെക്സസിലെ ഒരു മിനിമം സുരക്ഷ ജയിലിൽ രാജകീയമായി തടവ് ജീവിതം ചിലവഴിക്കുന്ന ഗിസ്ലെയ്ൻ താമസിയാതെ ജയിൽ മോചിതയാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പ്രസിഡണ്ട് ട്രംപിന് പങ്കാളിത്തമൊന്നുമില്ലെന്ന സത്യവാങ്മൂലം നൽകുന്നതിന് പകരമായി അവരുടെ ശിക്ഷ കാലാവധി ഇളവ് ചെയ്ത് ജയിൽ മോചിതയാക്കുന്നതിനുള്ള ഏർപ്പാടുകൾ അണിയറയിൽ തയ്യാറാവുന്നുവെന്നാണ് വാർത്തകൾ. ട്രംപിന്റെ അഭിഭാഷകനും, ഇപ്പോൾ അമേരിക്കൻ അറ്റോർണി ജനറലുമായ ടോഡ് ബ്ലാഞ്ചെ(Todd Blanche) അതിന് വേണ്ടുന്ന നടപടികൾ ഒരുക്കുന്നതായാണ് വിവരം. എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അറിയുന്ന വ്യക്തിയെന്നതിന് പുറമെ സിഐഎ മുതൽ മൊസാദ് വരെയുള്ള ബന്ധങ്ങളും ഗിസ്ലെയ്നെ തുണക്കുമെന്ന് ബ്ലാക്‌മെയിൽ ക്യാപിറ്റലിസത്തെ കുറിച്ചുള്ള തിരിച്ചറിവുകൾ ബോധ്യപ്പെടുത്തുന്നു.

എപ്സ്റ്റിൻ, ഗിസ്ലെയ്ൻ  | PHOTO :WIKI COMMONS
അമേരിക്കൻ വലതുപക്ഷത്തിലെ ഭിന്നത:

അമേരിക്കയിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പതാകവാഹകരായ മാഗാ പ്രസ്ഥാനത്തിൽ വന്ന ഭിന്നിപ്പാണ് എപ്‌സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട ഒരു പ്രധാന സംഭവവികാസം. പുരോഗമന-ജനാധിപത്യ മൂല്യങ്ങൾ പിന്തുടരുന്നവരെല്ലാം കുത്തഴിഞ്ഞ ലൈംഗികതയുടെയും, കുഞ്ഞുങ്ങളുമായി ലൈംഗികബന്ധം(pedophiles) പുലർത്തുന്നവരുമാണെന്ന വാദം മാഗാ പ്രസ്ഥാനത്തിന്റെ സുപ്രധാന പ്രചാരണോപാധികളിൽ ഒന്നായിരുന്നു. ഫെമിനിസം, സ്വവർഗ്ഗ രതി, ട്രാൻസ് വ്യക്തികൾ, വിവാഹമോചനം, ഗർഭ നിരോധന മാർഗങ്ങൾ, അബോർഷൻ തുടങ്ങിയ വ്യക്തിപരവും, സാമൂഹ്യവുമായ വിഷയങ്ങളെ നിശിതമായി വിമർശിക്കുക മാത്രമല്ല അത്തരം വിഷയങ്ങളിൽ ഗുണപരമായ വീക്ഷണങ്ങൾ പുലർത്തുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും നേരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നതും അമേരിക്കയിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമുദ്രകളിൽ ഒന്നാണ്. ക്രിസ്ത്യൻ മതമൗലികവാദം, വംശീയവാദം, കുടിയേറ്റ വിരുദ്ധത, ക്രിസ്ത്യൻ സയണിസം തുടങ്ങി ഫേസ്ബുക്ക് ഭാഷയിൽ പറയുകയാണെങ്കിൽ സകല യാഥാസ്ഥിതിക മുള്ളുമുരുക്കുകളും ഒത്തു ചേരുന്ന സുസംഘടിത രാഷ്ട്രീയ ശക്തിയായ മാഗാ പ്രസ്ഥാനം, എപ്‌സ്റ്റീൻ ഫയലുകൾ തങ്ങളുടെ പ്രചാരണത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്നു. എപ്‌സ്റ്റീൻ ഫയലുകളിലെ മുഴുവൻ വിവരങ്ങളും ട്രംപ് അധികാരത്തിലെത്തിയാൽ പുറത്തുവിടുകയും 'ലിബറൽ പുരോഗമന വാദികളുടെ ക്രിമിനൽ ലൈംഗിക കൂട്ടായ്‌മകളെ സമൂഹത്തിന് മുൻപാകെ തുറന്നുകാട്ടുമെന്നുമായിരുന്നു മാഗായുടെ ഒരു പ്രധാന പ്രചാരണം.

ബിൽ ക്ലിന്റൺ-മോണിക ലെവിൻസ്കി സംഭവം മുതൽ വലതുപക്ഷത്തിന്റെ വലിയ പ്രചാരണ വിഷയമായി മാറിയ സദാചാരവാദം എപ്‌സ്റ്റീൻ വിവാദത്തോടെ ഉച്ചസ്ഥായിലെത്തി. കുടുംബ-മത മൂല്യങ്ങൾ, വെള്ളക്കാരുടെ വംശശുദ്ധി, രാജ്യസ്നേഹം എന്നിവയെല്ലാം ഇതുമായി കൂട്ടിയിണക്കപ്പെട്ടു. മാഗാ പ്രസ്ഥാനനത്തിന്റെ താരപ്രചാരകനും ട്രംപിന്റെ കടുത്ത അനുയായിയുമായ ചാർളി കിർക്ക് അതിന്റെ നല്ല ഉദാഹരണമാണ്. എപ്‌സ്റ്റീൻ ഫയലുകൾ പൂർണ്ണമായും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്ന കിർക്ക് 2025 സെപ്റ്റംബർ 10ന് വെടിയേറ്റ് കൊല്ലപ്പെട്ടു. ട്രംപിന്റെ മറ്റൊരു കടുത്ത അനുയായിയും, അമേരിക്കൻ കോൺഗ്രസ് അംഗവുമായ മർജോറി ടെയ്‌ലർ ഗ്രീൻ ഇതേ വിഷയത്തിൽ അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞു. ട്രംപിന്റെ മറ്റൊരു അനുയായി ടക്കർ കാർസൺ എന്ന പ്രമുഖ മാധ്യമ പ്രവർത്തകനും എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടണമെന്  വാദിക്കുന്നവരിൽ ഉൾപ്പെടുന്നു. 'പുരോഗമന-ലിബറൽ വീക്ഷണങ്ങൾ ഉള്ളവരുടെ മേലാകെ ക്രിമിനൽ ലൈംഗികതയുടെ ചാപ്പ ചാർത്തുന്നുവെങ്കിലും ട്രംപും, എപ്‌സ്റ്റീനുമായുള്ള സുദീർഘമായ ബന്ധത്തിന് വിശദീകരണം നൽകാൻ മാഗാ പ്രസ്ഥാനം ബുദ്ധിമുട്ടുകയാണ്. ട്രംപിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളും, ആണത്തഘോഷണങ്ങളും എപ്‌സ്റ്റീൻ വികസിപ്പിച്ച ക്രിമിനൽ ലൈംഗീക വാണിജ്യത്തിന്റെ ഇക്കോസിസ്റ്റവുമായി ഏറെ പൊരുത്തമുള്ളതാണെന്ന കാര്യവും മാഗാ സദാചാരവാദികളെ അലോസരപ്പെടുത്തുന്നതാണ്.  
   
REPRESENTATIVE IMAGE | PHOTO : WIKI COMMONS
സമ്പന്നർ അതിസമ്പന്നരായി മാറുന്ന നിയോലിബറലിസത്തിൽ അന്തഃസ്ഥിതമായ ഒന്നായി ബ്ലാക്‌മെയിൽ ക്യാപിറ്റലിസം ഉരുത്തിരിയുന്ന ഭൗതിക സാഹചര്യങ്ങളാണ് മാഗാ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തിലും അതിനുള്ളിൽ നടക്കുന്ന കുഴമറിച്ചിലുകളിലും കാണാനാവുക. നിയോലിബറൽ സാമ്പത്തിക നയങ്ങളുടെ ഫലമായി അമേരിക്കയിൽ ഉടലെടുത്ത രൂക്ഷമായ സാമ്പത്തിക അസമത്വം ഈ ഭൗതിക സാഹചര്യങ്ങൾക്ക് വഴിയൊരുക്കുന്നു. അസാധാരണമായ നിലയിലുള്ള സമ്പത്തിന്റെ കേന്ദ്രീകരണം ലോകമാകെ പടർന്നുപന്തലിച്ച മഹാവിപത്തായി മാറിയിരിക്കുന്നു. അമേരിക്കൻ സമ്പത്തിന്റെ 60 ശതമാനവും ഏറ്റവും മുകൾ തട്ടിലുള്ള 10 ശതമാനം കുടുംബങ്ങളുടെ പക്കലാണ്. അതേസമയം, താഴെ തട്ടിലുള്ള  50 ശതമാനത്തിന്റെ കൈവശം മൊത്തം സമ്പത്തിന്റെ രണ്ടര ശതമാനം മാത്രമേയുള്ളു. 1960കൾ മുതൽ പ്രകടമായ ഈ പ്രവണത ഇപ്പോഴും നിർബാധം തുടരുന്നതിനാൽ അമേരിക്കയിൽ മധ്യവർഗം പ്രത്യേകിച്ചും വെള്ളക്കാർ, ഏതാണ്ട് ഇല്ലാതാവുന്ന സ്ഥിതി സംജാതമായിരിക്കുന്നു. വെള്ളക്കാരായ അമേരിക്കൻ മധ്യവർഗ്ഗത്തിൽ ഇതുളവാക്കുന്ന അരക്ഷിതബോധം മാഗാ പോലുള്ള പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തിന് വളക്കൂറുള്ള മണ്ണൊരുക്കുന്നു. ഒരു ശരാശരി അമേരിക്കൻ മധ്യവർഗ കുടുംബത്തിന്റെ സമ്പത്തിനേക്കാൾ 36 മടങ്ങ് കൂടുതലായിരുന്നു 1963ൽ ഒരു അതിസമ്പന്ന കുടംബത്തിന്റെ സമ്പത്തെങ്കിൽ, 2022ൽ പ്രസ്തുത അനുപാതം 71 മടങ്ങായി വളർന്നു. ജന്മനാ അമേരിക്കൻ സമൂഹത്തിന്റെ ഓരങ്ങളിൽ തള്ളപ്പെട്ട കറുത്തവർ, ലാറ്റിനോകൾ, ആദിമ അമേരിക്കൻ നിവാസികൾ, സ്ത്രീകൾ എന്നിവരുടെ സാമ്പത്തികവും, സാമൂഹ്യവുമായ അന്യാധീനപ്പെടൽ അമേരിക്കൻ സാമൂഹ്യജീവിതത്തെ കൂടുതൽ കലുഷമാക്കുന്നു.    

സാമ്പത്തിക അസമത്വങ്ങൾ, ബ്ലാക്‌മെയിൽ ക്യാപിറ്റലിസത്തിന് ഉചിതമായ ഉത്തേജനമാവുന്ന മറ്റൊരു മേഖലയാണ് നികുതി തട്ടിപ്പുകൾ. ലോകമാകെ നിലവിലുള്ള നികുതി സംവിധാനങ്ങളിലെ അനീതികൾ പഠനവിധേയമാക്കുന്ന Tax Justice Networkന്റെ കണക്കുകൾ പ്രകാരം വൻകിട കോർപ്പറേഷനുകളും, അതിസമ്പന്ന വ്യക്തികളും നടത്തുന്ന തട്ടിപ്പുകൾ മൂലം അമേരിക്കയിൽ ഒരു വർഷം 177 ബില്യൺ ഡോളർ നികുതി നഷ്ടം സംഭവിക്കുന്നു. അമേരിക്കയിലെ മൊത്തം നികുതി വരുമാനമായ 4 ട്രില്യൺ ഡോളറിന്റെ 4.7 ശതമാനമാണ് ഈ ചോർച്ച വഴി നഷ്ടമാവുന്നത്. അമേരിക്കയിലെ മൊത്തം ആരോഗ്യ ബജറ്റിന്റെ 10.14 ശതമാനവും, വിദ്യാഭ്യാസ ബജറ്റിന്റെ 17.57 ശതമാനവും വരുന്നതാണ് ഈ ചോർച്ച. ഉൽപ്പാദന-സേവന മേഖലകളിലെ മുതൽ മുടക്കിൽ നിന്നുള്ള ലാഭവും, മിച്ചമൂല്യം ഊറ്റിയെടുക്കന്നതിനൊപ്പം ഇത്തരത്തിൽ സമാഹരിക്കപ്പെടുന്ന പണം നൂതനമായ നിക്ഷേപ-ധന ഉപകരണങ്ങൾ വഴി കൂടുതൽ വരുമാനം നേടുന്നതിനുള്ള മാർഗ്ഗമായി മാറുന്നു. ഉൽപ്പാദന-സേവന മേഖലകളിലെ മുതൽമുടക്കിനെ നിഷ്പ്രഭമാക്കുന്ന തരത്തിലുള്ള നൂതനമായ നിക്ഷേപ-ധന ഉപകരണങ്ങളുടെ പ്രഭാവമാണ് ഫൈനാൻഷ്യലൈസേഷൻ എന്ന പേരിൽ അറിയപ്പെടുന്നത്. അത്തരമൊരു പ്രക്രിയയെ എങ്ങനെയാണ് മനസ്സിലാക്കുക? 
       
REPRESENTATIVE IMAGE | PHPTO : WIKI COMMONS
മുതലാളിത്ത പ്രതിസന്ധി

പ്രതിസന്ധികൾ മുതലാളിത്ത സംവിധാനത്തിന്റെ കൂടപ്പിറപ്പായി കണക്കാക്കപ്പെടുന്നു. മൂലധനത്തിന്റെ ഡിഎൻഎയിൽ കുടികൊള്ളുന്ന ഈ പ്രവണതയെ ക്രിയാത്‌മക നാശം(Creative Destruction) എന്ന നിലയിൽ വിശദീകരിക്കാനുള്ള ശ്രമങ്ങൾ സാമ്പത്തിക പണ്ഡിതർക്കിടയിൽ മാത്രമല്ല സാധാരണ മനുഷ്യരുടെ ലോക വീക്ഷണത്തിലും പൊതുവിൽ കാണാവുന്നതാണ്. ഓസ്ട്രിയൻ സാമ്പത്തിക പണ്ഡിതനായ ജോസഫ് ഷംപീറ്റർ ആണ് Creative Destruction എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ്. എന്നാൽ, മൂലധനത്തിന്റെ ലാഭവിഹിതം അല്ലെങ്കിൽ ലാഭത്തിന്റെ തോതിൽ സംഭവിക്കുന്ന ശോഷണമാണ്(Falling Rate of Profit) മുതലാളിത്ത പ്രതിസന്ധിയുടെ അടിസ്ഥാന കാരണമെന്ന മാർക്സിന്റെ നിഗമനം മാർക്സിന്റെ ഏറ്റവും മൗലികവും, ഒരു പക്ഷെ, ഏറ്റവും വിവാദവുമായ കണ്ടെത്തലായി കണക്കാക്കപ്പെടുന്നു. ലാഭവിഹിതത്തിൽ വരുന്ന ശോഷണമാണ് മുതലാളിത്തം മൗലികമായി ഒരു സാമൂഹ്യവിരുദ്ധ സംവിധാനമായി മാറുന്നതിനുള്ള അടിസ്ഥാന പ്രേരണയാവുന്നതെന്ന ഉൾക്കാഴ്ചയും പ്രതിസന്ധിയെ കുറിച്ചുള്ള സിദ്ധാന്തങ്ങളിൽ വേറിട്ടുനിൽക്കുന്നു. ലാഭത്തോതിൽ വരുന്ന ഇടിവിനെ  മറികടക്കാനും, മിച്ചമൂല്യം ഊറ്റിയെടുക്കൽ വർദ്ധിപ്പിക്കാനും മൂലധന ഉടമകൾ നിരന്തരം ശ്രമിക്കുന്നു. കൃഷി ഭൂമി വളച്ചു കെട്ടൽ, കൊളോണിയൽ അധിനിവേശം, കുറഞ്ഞ വേതനം, സാങ്കേതിക വിദ്യയുടെ വിനിയോഗം, ഭരണകൂടാധികാരം തുടങ്ങിയവ മൂലധനത്തിന്റെ ശൈശവത്തിൽ പ്രിമിറ്റീവ് അക്യുമുലേഷന് മാത്രമല്ല ലാഭത്തോത് ശോഷിക്കുന്നതിനെ മറികടക്കാനും മുതലാളിത്തത്തെ സഹായിച്ചു. എന്നാൽ മുതലാളിത്ത സംവിധാനത്തിൽ അന്തഃസ്ഥിതമായ സാമൂഹ്യവിരുദ്ധതക്കെതിരായ രാഷ്ട്രീയ ഉണർവുകളും, കൊളോണിയൽ അധിനിവേശത്തിനെതിരായ ഉയർത്തെഴുന്നേൽപ്പുകളും പ്രബലമായതോടെ മിച്ചമൂല്യം ഊറ്റിയെടുക്കലും, ലാഭത്തോതും സ്ഥിരമായ പ്രതിസന്ധിയിലായി. അതിന്റെ ചരിത്രവും, ഭൂമിശാസ്ത്രപരവുമായ  വിശദ പരിശോധന ഈ കുറിപ്പിന്റെ പരിധിക്ക് അപ്പുറമുള്ള വിഷയമായതിനാൽ അതിലേക്ക് കടക്കുന്നില്ല. ഒരു കാര്യം വ്യക്തമാണ്. 1980കളോടെ ക്ഷേമ മുതലാളിത്തത്തിൽ നിന്നും നിയോലിബറലിസത്തിലേക്കുള്ള മാറ്റം പ്രതിസന്ധിയെ മറി കടക്കുന്നതിനുള്ള ഉപാധികളിൽ ഒന്നായിരുന്നുവെന്ന് ചുരുക്കത്തിൽ പറയാം.  

2008ലെ ആഗോള മാന്ദ്യവും, അതിനെ തുടർന്ന് അമേരിക്കയും, യൂറോപ്പും, ജപ്പാനുമടക്കമുള്ള മുൻനിര മുതലാളിത്ത രാജ്യങ്ങളെ ഗ്രസിച്ച ഇനിയും അവസാനിക്കാത്ത സാമ്പത്തിക മുരടിപ്പും, മുതലാളിത്ത പ്രതിസന്ധി മറ്റൊരു ഘട്ടത്തിൽ എത്തിയതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. 'സമ്പന്നർ അവരുടെ സമൃദ്ധിയുടെ നല്ലകാലം ദരിദ്രരുമായി ഒരിക്കലും പങ്ക് വയ്ക്കുകയില്ലെങ്കിലും കഷ്ടകാലം തീർച്ചയായും പങ്കിടുമെന്ന ബ്രഹ്ത്തിന്റെ നിരീക്ഷണത്തെ അക്ഷരംപ്രതി ശരി വയ്ക്കുന്നതാണ് ഈ രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം മനുഷ്യരുടെയും ജീവിത സാഹചര്യങ്ങൾ. തൊഴിൽ നഷ്ടം, വരുമാന ശോഷണം, സാമൂഹ്യസുരക്ഷ സംവിധാനങ്ങളുടെ കയ്യൊഴിയൽ തുടങ്ങിയവ ഈ രാജ്യങ്ങളിലെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി മാറി. സാങ്കേതിക വിദ്യയിലെ ചടുലമായ മാറ്റങ്ങളും, കാലാവസ്ഥ മാറ്റവും കൂടിയായപ്പോൾ അരക്ഷിതാവസ്ഥ നിത്യജീവിതത്തിന്റെ ഭാഗമായി. വംശീയത, മതപരത, ആണത്തം, കുടിയേറ്റ വിരുദ്ധത, കരുത്തനായ നേതാവിനായുള്ള ത്വര, സൈനികപ്രേമം, സ്ത്രീ വിരുദ്ധത, തുടങ്ങിയ പലരൂപങ്ങളിലുള്ള നിഷേധപ്രവണതകൾ രാഷ്ട്രീയ-സാമൂഹ്യ പ്രതികരണങ്ങൾ രൂപപ്പെടുന്നതിനുള്ള പ്രധാന ചേരുവകളായി.

മാർക്സ് | PHOTO : WIKI COMMONS
അമേരിക്കയുടെ കാർമികത്വത്തിൽ നടന്ന സൈനിക അധിനിവേശം വഴിയുള്ള ജനാധിപത്യം സ്ഥാപിക്കലും, (Restoration of Democracy) ഭരണകൂടങ്ങളെ മാറ്റലും (Regime Change) പഴയ രൂപത്തിലുള്ള കൊളോണിയൽ അധിനിവേശത്തിന്റെ പുതിയ വാസ്തുഘടനയായി മാറിയതിനൊപ്പം പ്രിമിറ്റീവ് അക്യുമുലേഷനുള്ള പുതിയ വഴികളുമായി. ഇറാഖ്. ലിബിയ, സിറിയ, അഫ്ഘാനിസ്ഥാൻ എന്നിവിടങ്ങളിൽ കടന്നാക്രമണങ്ങളിലൂടെ നടപ്പിലാക്കിയ ഭരണമാറ്റങ്ങൾ അതിന്റെ നേർസാക്ഷ്യങ്ങളായി. ഇവിടങ്ങളിലെ വിഭവ സ്രോതസ്സുകൾ കൈവശപ്പെടുത്തിയതിനൊപ്പം, ഈ പ്രദേശങ്ങളെ കൂട്ടക്കൊലകളുടെയും, വിവിധ മത-വംശീയ-ഗോത്രങ്ങൾ തമ്മിൽ പരസ്പ്പരം ഉന്മൂലനം ചെയ്യുന്ന ഇടങ്ങളുമാക്കി മാറ്റി. Ghaith Abdul Ahad എഴുതിയ A Stranger in Your Own City: Travels in the Middle East's Long War എന്ന കൃതി അമേരിക്കൻ അധിനിവേശത്തിന് ശേഷമുള്ള ഇറാഖിലെ മനുഷ്യരുടെയും, പ്രകൃതിയുടെയും അവസ്ഥയുടെ ഹൃദയഭേദകമായ വിവരണമാണ്. സാമൂഹ്യജീവിയെന്ന നിലയിൽ മാത്രമല്ല ഒരു സ്പീഷീസ് ബീയിങ് എന്ന നിലയിലുള്ള മനുഷ്യരുടെ അസ്തിത്വം പോലും ചോദ്യചിഹ്നമാക്കുന്ന ഹീനതകളും, ഹിംസകളും അരങ്ങേറുന്ന ഇടങ്ങളായി ഭൂപ്രദേശങ്ങളെ പുനഃക്രമീകരിക്കുന്നതിന്റെ വാസ്തുഘടന ഇറാഖിലോ, പശ്ചിമേഷ്യയിലോ മാത്രമായി ഒതുങ്ങുന്നില്ല. ആഫ്രിക്കയിലും, തെക്കനമേരിക്കയിലും, ഏഷ്യയുടെ പല ഭാഗങ്ങളിലും ഇതേ പ്രവണതകൾ കാണാനാവും.

അധിനിവേശിത ഭൂപ്രദേശങ്ങളിലെ മനുഷ്യർക്കും, സസ്യ-ജീവജാലങ്ങൾക്കും നേരെ അരങ്ങേറുന്ന ഉന്മൂലനഹിംസയാണ് യഥാർത്ഥ ആഗോളീകരണം. ആഗോളതലത്തിൽ ഏതാണ്ട് സ്ഥിരമായ നിലയിൽ പ്രകടമാവുന്ന മുതലാളിത്ത പ്രതിസന്ധിയെ  മറികടക്കാൻ സ്ഥിരമായ യുദ്ധങ്ങൾ എന്നതാണ്  വൻശക്തികൾ മുന്നോട്ടു വയ്ക്കുന്ന ആഗോളീകരണത്തിന്റെ രാഷ്ട്രീയം. വംശീയത, ജനാധിപത്യം, മതം, ദേശം, അതിർത്തികൾ, മയക്കുമരുന്നുകൾ, ലൈംഗികാഭിരുചികൾ തുടങ്ങിയ എന്തും, സ്ഥിരയുദ്ധമെന്ന ഉന്മൂലനഹിംസയുടെ ചേരുവകളായി രൂപപ്പെടുന്ന ഭൂമികയിൽ ബ്ലാക്‌മെയിൽ ക്യാപിറ്റലിസവും, പ്രിമിറ്റീവ് അക്യുമുലേഷനും പരസ്പരം പരിപോഷിപ്പിക്കുന്ന ആഗോള തിന്മകളായി വളരുന്നു. അക്കാദമിക വൈദഗ്ദ്ധ്യം മുതൽ ആയുധക്കച്ചവടം വരെ അയത്നലളിതമായി കൈകാര്യം ചെയ്യുന്ന, പല ലേബലുകളിൽ വ്യാപരിക്കുന്ന ദല്ലാളുമാർ മേൽപ്പറഞ്ഞ ആഗോളതിന്മകളുടെ നടത്തിപ്പിനായുള്ള ഗോപ്യ ഭരണകൂടങ്ങളുടെ അകത്തളങ്ങളിൽ തഴച്ചു വളരുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ബ്ലാക്‌മെയിൽ ക്യാപിറ്റലിസവും, പുതിയ രൂപഭാവങ്ങൾ കൈവരിക്കുന്ന പ്രിമിറ്റീവ് അക്യുമുലേഷനും നിലവിലുള്ള മുൻനിര മുതലാളിത്ത രാഷ്ട്രീയ-സമ്പദ്ഘടനകളുടെ ഡിഎൻഎയിൽ ഉൾച്ചേർന്നിരിക്കുന്ന സാഹചര്യത്തെ വിശദീകരിക്കുന്ന ഓസ്‌ബോൺ പക്ഷെ മുതലാളിത്ത പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങളിലൊന്നായ ലാഭത്തോതിലെ ഇടിവിനെയും, അധിനിവേശങ്ങളെ പറ്റിയും നിശബ്ധത പുലർത്തുന്നു. എന്നാൽ, Palantir പോലുള്ള വൻകിട ടെക് സ്ഥാപനങ്ങൾ കൈവരിച്ച സർവ്വവ്യാപിയായ നിരീക്ഷണ ശേഷി ഭരണകൂട സംവിധാനങ്ങളുമായി കൂട്ടുചേരുന്നതും ബ്ലാക്‌മെയിൽ ക്യാപിറ്റലിസത്തിന്റെ അതിജീവനത്തിനും വളർച്ചക്കും എപ്‌സ്റ്റീൻമാരുടെ ആവശ്യകത ഇല്ലാതാക്കിയതായി അദ്ദേഹം കരുതുന്നു. കൂട്ടിക്കൊടുപ്പിന്റെ നാൾവഴികൾ അൽഗോരിതങ്ങൾ നിർണ്ണയിക്കുന്നതോടെ എപ്‌സ്റ്റീൻ ഒരു റോൾ മോഡൽ അല്ലാതായി. എന്നാൽ അതിന്റെ അർത്ഥം ബ്ലാക്‌മെയിൽ ക്യാപിറ്റലിസം അവസാനിച്ചുവെന്നല്ല. കൂടുതൽ കേന്ദ്രീകൃതവും, നിഗൂഢവുമായ കൂറ്റൻ ഡാറ്റബേസുകൾ വഴിയാവും അതിന്റെ വാസ്തുഘടനയുടെ സംഘാടനം രൂപപ്പെടുക. അതിന്റെ കോഡുകൾ എങ്ങനെ ബ്രേക്ക് ചെയ്യാമെന്നതിന്റെ ഒരു ആദ്യകാല ആവിഷ്ക്കരമായിരുന്നു ജൂലിയൻ അസാൻജെയും, വിക്കിലീക്‌സും. അസാൻജെയെയും വിക്കിലീക്സിനെയും ഇല്ലാതാക്കാൻ ലിബറൽ പുരോഗമനവാദികളും, യാഥാസ്ഥിതികരും ഒരു പോലെ പുലർത്തിയ വ്യഗ്രത ബ്ലാക്‌മെയിൽ ക്യാപിറ്റലിസത്തിന്റെ വാസ്തുഘടന എത്രത്തോളം സുദൃഢമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്.

എപ്‌സ്റ്റീനും, ദിലീപും, മാങ്കൂട്ടവും 

അമേരിക്കൻ രാഷ്‌ടീയത്തിലെ വിവിധ അധികാര ബ്ലോക്കുകൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളും, വൈരുധ്യങ്ങളും, ബ്ലാക്‌മെയിൽ ക്യാപിറ്റലിസമെന്ന സങ്കൽപ്പനവും എപ്‌സ്റ്റീൻ ഫയലുകളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുന്ന വേളയിലാണ് കേരളത്തിൽ വ്യാപകമായ ജനശ്രദ്ധ നേടിയ ഒരു ലൈംഗികാതിക്രമ വാർത്തയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. രാഹുൽ മാങ്കൂട്ടം എന്ന കോൺഗ്രസ് നേതാവാണ് ഇതിലെ കുറ്റാരോപിതൻ. മാങ്കൂട്ടത്തിന്റെ അതിക്രമങ്ങൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സമയത്താണ്‌ കേരളത്തെ പിടിച്ചുലച്ച ഹീനമായ മറ്റൊരു ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട കേസിലെ കോടതി വിധിയും വരുന്നത്. നടി ആക്രമിക്കപ്പെട്ട കേസ്. സിനിമ നടനായ ദിലീപ് ആണ് ഈ കേസിലെ സുപ്രധാന കുറ്റാരോപിതൻ. ഈ കേസുകളും, സൂര്യനെല്ലി, ഐസ്ക്രീം, വിതുര തുടങ്ങിയ കേരളത്തിലെ പ്രമാദമായ ലൈംഗികാക്രമണ കേസ്സുകളും ബ്ലാക്‌മെയിൽ ക്യാപിറ്റലിസമെന്ന സങ്കൽപ്പനത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കാനാവുമോ? അമേരിക്കയിലെ വികസിത മുതലാളിത്ത സമുച്ചയത്തെ പ്രത്യക്ഷമായും, പരോക്ഷമായും നിയന്ത്രിക്കുന്ന ശക്തികളുമായുള്ള സുദൃഢബന്ധമാണ് എപ്‌സ്റ്റീൻ ഫയലിനെ ബ്ലാക്‌മെയിൽ ക്യാപിറ്റലിസമെന്ന നിലയിൽ പരിശോധിക്കുന്നതിനുള്ള പ്രേരണ.

ദിലീപ് | PHOTO : WIKI COMMONS 
എന്നാൽ, അവികസിത മുതലാളിത്തത്തിന്റെ ലക്ഷണക്കേടുകൾ സമൃദ്ധമായുള്ള കേരളത്തെ പോലെയുള്ള ഒരിടത്തെ സംഭവവികാസങ്ങളെ അമേരിക്കൻ സംഭവങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ പരിമിതികൾ തീർച്ചയായും ഉണ്ടാവും. പക്ഷെ, അതോടൊപ്പം സമാനതകളും വേണ്ടുവോളമുണ്ട്. സമാനതകളിൽ പ്രധാനം ഇരുദേശങ്ങളിലും ലൈംഗികാതിക്രമ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെന്ന് ആരോപണം നേരിടുന്നവരും രാഷ്ട്രീയ-സാമൂഹ്യ അധികാരസംവിധാനങ്ങളുടെ ചുക്കാൻ പിടിക്കുന്നവരും തമ്മിലുള്ള ഇഴയടുപ്പമാണ്. കുറ്റാരോപിതർക്ക് പരിരക്ഷയൊരുക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ഭരണകൂട സ്ഥാപനങ്ങളാണ് മറ്റൊരു സമാനത. പക്ഷെ, അക്കാര്യത്തിൽ അമേരിക്കൻ സംവിധാനത്തിൽ ഒരു മെച്ചമുണ്ട്. കുറ്റമേറ്റ് പറഞ്ഞു ഒത്തുതീർപ്പാക്കുന്ന(പ്ലീ ബാർഗൈൻ) ഏർപ്പാടിന്റെ ഭാഗമായി മിക്കവാറും പിഴ ഒടുക്കേണ്ടി വരും. ഓരോ കേസുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ നിശ്ചിത കാലയളവിലേക്ക് പുറത്തുവിടാതെ സൂക്ഷിക്കുവാൻ അതിൽ വ്യവസ്ഥ ഉണ്ടാവുമെങ്കിലും പിഴ ഒടുക്കുന്ന തുക പലപ്പോഴും പരസ്യമായി രേഖപ്പെടുത്തുക പതിവാണ്. കുറ്റാരോപിതർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ പറ്റി ഒരു ധാരണ ലഭിക്കുവാൻ അത് സഹായിക്കും. കേരളത്തിലും, ഇന്ത്യയിലും അത്തരം സംവിധാനം ലഭ്യമല്ലാത്തതിനാൽ ലൈംഗികാതിക്രമവുമായി പ്രത്യക്ഷമായും, പരോക്ഷമായും കണ്ണിചേർക്കപ്പെടുന്ന സാമ്പത്തിക ബന്ധങ്ങളും നിഗൂഢമായി തുടരുന്നു.
 
രാഹുൽ മാങ്കൂട്ടത്തിൽ | PHOTO : WIKI COMMONS
മാങ്കൂട്ടത്തിന്റെ കേസ് ഉദാഹരണമായി എടുക്കാം. വളരെ സമ്പന്നമായ സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നും വരുന്ന ഒരാളല്ല അദ്ദേഹം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ സമർപ്പിച്ച രേഖകൾ പ്രകാരം 39.36 ലക്ഷം രൂപയുടെ സ്വത്തും, 24.21 ലക്ഷം രൂപയുടെ ബാധ്യതകളുമാണ്  അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി. ഇത്തരത്തിൽ പരിമിതമായ സാമ്പത്തിക സ്ഥിതിയുള്ള ഒരു വ്യക്തിക്ക് താങ്ങാൻ പറ്റുന്നതല്ല അദ്ദേഹത്തിന്റെ പേരിൽ ഉയർന്നുവന്നിട്ടുള്ള ലൈംഗികാതിക്രമ കേസുകൾ. പിന്നെ കഴിഞ്ഞ 10 ദിവസങ്ങളിലായി അദ്ദേഹം ഒളിവിൽ താമസിക്കുന്നതിനെ പറ്റി ലഭിക്കുന്ന വിവരങ്ങളും ഭാരിച്ച ചിലവുകളെ പറ്റി സൂചന നൽകുന്നു. അപ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതിനെല്ലാമുള്ള സാമ്പത്തിക സ്രോതസ്സാണ്.  അദ്ദേഹം രേഖാമൂലം വെളിപ്പെടുത്തിയ സാമ്പത്തികസ്ഥിതി പ്രകാരം മേൽപ്പറഞ്ഞ തരത്തിലുള്ള 'ലക്ഷ്വറികൾ' താങ്ങാൻ ശേഷിയുള്ള ഒരാളല്ല അദ്ദേഹമെന്നാണ് സാധാരണഗതിയിൽ മനസ്സിലാക്കാനാവുക. അപ്പോൾ ആരാവും അതിനുള്ള ഏർപ്പാടുകൾ ചെയ്യുക? ആഗോളതലത്തിൽ അരങ്ങേറുന്ന ബ്ലാക്‌മെയിൽ ക്യാപിറ്റലിസത്തിന്റെ അനുരണനങ്ങൾ ഇവിടെയും പ്രത്യക്ഷമാകുന്ന ഭൗതിക സാഹചര്യമെന്നാകും അതിന്റെ ഉത്തരം. നടിയെ ആക്രമിച്ച കേസടക്കം കേരളത്തിലെ പ്രമാദമായ ലൈംഗികാതിക്രമ കേസുകൾ പൊതുവായി പങ്കിടുന്ന ചില കാര്യങ്ങൾ ശ്രദ്ധേയമാണെങ്കിലും അവ തമ്മിലുള്ള ബന്ധങ്ങളും,
പരസ്പരാശ്രിതത്വവും, സാമ്പത്തിക-രാഷ്ട്രീയ ഇടപാടുകളും വേണ്ട നിലയിൽ അന്വേഷണമോ, പഠന വിഷയമോ ആവാറില്ല. ഉന്നതരുടെ സാന്നിധ്യം, അന്വേഷണ സംവിധാനങ്ങളുടെ ബോധപൂർവമായ പിടിപ്പുകേടും, ദുരുപയോഗവും,സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ പങ്കാളിത്തം, മാധ്യമങ്ങളുടെ ഏകപക്ഷീയതകൾ എന്നിവ കേരളത്തിലെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ പൊതുവായി പങ്കിടുന്നു. സമൂഹത്തിൽ രൂഢമൂലമായ പുരുഷാധിപത്യ പൊതുബോധം അതിന് സുരക്ഷിതമായ ആശയപരിസരവും ഒരുക്കുന്നു. ലൈംഗികാതിക്രമങ്ങൾ , കക്ഷിരാഷ്ട്രീയ പ്രേരിതമായ വാഗ്വാദങ്ങളും, വിവാദങ്ങളും മാത്രമായി ചുരുക്കുന്നതിൽ ഈ ആശയപരിസരം നൽകുന്ന സംഭാവന ചെറുതല്ല. സൂര്യനെല്ലി മുതൽ ദിലീപ് വരെ അല്ലെങ്കിൽ മാങ്കൂട്ടം വരെയുള്ള ചരിത്രം ആവശ്യപ്പെടുന്നത് എ നേഷൻ അണ്ടർ ബ്ലാക്‌മെയിൽ പോലുള്ള കൃതികളുടെ മാതൃകയിൽ എ സ്റ്റേറ്റ് അണ്ടർ ബ്ലാക്‌മെയിൽ എന്ന ശീർഷകത്തിലെ കൃതികളാണ്.    

റഫറൻസ്:

1: എ നേഷൻ അണ്ടർ ബ്ലാക്‌മെയിൽ പേജ് 8

2: കൂട്ട്: കെജിഎസ്

3: ജെഫ്രി എപ്‌സ്റ്റീൻ: ബ്ലാക്‌മെയ്ൽ ആൻഡ് സൊ കാൾഡ് പ്രിമിറ്റീവ് അക്യുമുലേഷൻ: ആൻഡ്രൂ ഓസ്ബോൺ  


#outlook
Leave a comment