.jpg)
പുസ്തകനിരോധനം ആവിഷ്കാരസ്വാതന്ത്ര്യം
മലയാളത്തിൽ ആദ്യമായി നിരോധിക്കപ്പെട്ട പുസ്തകത്തിന്റെ ചരിത്രജീവിതം
രണ്ടുനൂറ്റാണ്ട് പിന്നിട്ട മലയാള പുസ്തകപ്രസാധനചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ സന്ദർഭങ്ങളിലൊന്നാണ് ആവിഷ്കാരസ്വാതന്ത്ര്യത്തിനും എഴുത്തുകാരനെന്ന പദവി ഉറപ്പിച്ചെടുക്കുന്നതിനുംവേണ്ടി ഗോപാലൻ കേരളവർമൻ തിരുമുൽപ്പാട് നടത്തിയ നിയമപോരാട്ടം. കേരളത്തിൽ നിരോധിക്കപ്പെട്ട ആദ്യപുസ്തകമാണ് ഗോപാലൻ തിരുമുൽപ്പാട് എഴുതിയ കേരളാവകാശക്രമം.1876ൽ തിരുവനന്തപുരത്തെ മുദ്രാവിലാസം അച്ചൂകൂടത്തിലാണ് പുസ്തകം അച്ചടിച്ചത്. ജാതി സമുദായങ്ങളുടെയും ഭരണകൂടത്തിന്റെയും നിശിതമായ വിമർശനത്തെ തുടർന്ന് ജില്ലാകോടതി പുസ്തകം കണ്ടുകെട്ടി. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് കീഴ്‌ക്കോടതി വിധിയെന്നു ചൂണ്ടിക്കാട്ടി ഗ്രന്ഥകാരൻ തിരുവിതാംകൂർ സദർകോടതിയെ സമീപിക്കുകയും പുസ്തകനിരോധനം പിൻവലിപ്പിക്കാനുള്ള അനുകൂലവിധി സമ്പാദിക്കുകയും ചെയ്തു. കീഴ്‌ക്കോടതി വിധി അസ്ഥിരപ്പെടുത്തിക്കൊണ്ട് ജഡ്ജിമാരായ ചെല്ലപ്പാപിള്ളയും, ടി കൃഷ്ണനും നടത്തിയ വിധി പ്രസ്താവം പത്തൊമ്പതാം നൂറ്റാണ്ടിൽ ജാതിവെറികളിൽ ഉറഞ്ഞുതുള്ളിയ സമുദായ പ്രമാണിമാരെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കിയത്.
പുസ്തകചരിത്ര(Book History)മെന്ന വൈജ്ഞാനികശാഖ 1960കൾ തൊട്ട് പാശ്ചാത്യ രാജ്യങ്ങളിലും 1990കൾ തൊട്ട് ഇന്ത്യയിലും വികസിച്ചുവന്നിട്ടുണ്ട്. ഇന്ന് സാംസ്കാരികചരിത്രമെന്ന വിജ്ഞാനമേഖലയിലെ ഏറ്റവും ശക്തമായ പഠനമേഖലകളിലൊന്നായി പുസ്തകചരിത്രം മാറിക്കഴിഞ്ഞിരിക്കുന്നു. എഴുത്തുകാർ- പ്രസാധകർ- അച്ചുകൂടം- പുസ്തകവില്പനക്കാർ- വായനാക്കാർ- വായനശാലകൾ എന്നിങ്ങനെ സാമൂഹികവും സാങ്കേതികവും സാമ്പത്തികവുമായ നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടാണ് ഒരു പുസ്തകം അതിന്റെ തുടർജീവിതം സാധ്യമാക്കുന്നത്. പുസ്തകത്തെ രൂപപ്പെടുത്തിയ എല്ലാ ഘടകങ്ങളും പുസ്തകചരിത്രപഠനങ്ങളുടെ ഭാഗമാണ്. പകർപ്പവകാശം റോയൽറ്റി, ലിപി, ടൈപ്പോഗ്രാഫി മുതൽ പുസ്തകശേഖരണവും പുസ്തകനിരോധനവും പുസ്തകമേളകളും വരെ – പുസ്തകചരിത്രമെന്ന പഠനമേഖലയുടെ അന്വേഷണവിഷയങ്ങളാണ്.
REPRESENTATIVE IMAGE | WIKI COMMONS
ഗുട്ടൻബർഗ് 1455ൽ 'സാഹസികതയും കലയു'മെന്ന് വിശേഷിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച അച്ചടിയെയും പുസ്തകപ്രസാധനത്തെയും ആധുനികതയെ നിർമ്മിച്ച സാംസ്കാരികാനുഭവം എന്ന നിലയിൽ മാത്രമായിട്ടല്ല കാണേണ്ടത്. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിലെങ്ങും തീപോലെ പടർന്ന പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ മുഖ്യ ആയുധം അച്ചടിയും അച്ചടിച്ച പുസ്തകങ്ങളുമായിരുന്നു. 1517 ഒക്ടോബർ 31ന് മാർട്ടിൻ ലൂഥർ വിറ്റൻബർഗ് ദേവാലയത്തിന്റെ കവാടത്തിൽ തൊണ്ണൂറ്റിയഞ്ച് പ്രമേയങ്ങൾ എഴുതിപ്പതിപ്പിച്ചു. അച്ചടിയുടെ സഹായത്തോടുകൂടി ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടു. ബൈബിളിന്റെ ആധികാരിക വ്യാഖ്യാതാവ് പോപ്പ് അല്ലെന്നും, ഓരോ വിശ്വാസിയും ബൈബിൾ വായിക്കുകയും പഠിക്കുകയും വേണമെന്നും മാർട്ടിൻ ലൂഥർ ആഹ്വാനം ചെയ്തു. പുസ്തകങ്ങളുടെ വിനിമയശേഷിയെ തിരിച്ചറിഞ്ഞുകൊണ്ട് ലൂഥർ നടത്തിയ പ്രവർത്തനങ്ങളെ ചെറുക്കുവാൻ കത്തോലിക്കാസഭയ്ക്ക് പലതരത്തിലുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടി വന്നു. പോപ്പ് നാലാമൻ 1559ൽ സഭ നിരോധിച്ച പുസ്തകങ്ങളുടെ ഗ്രന്ഥസൂചി പ്രസിദ്ധീകരിക്കുകയും(Index Librorum Prohibitorum) “തിരുവെഴുത്തുകൾ (scriptures) വിശ്വാസികൾക്ക് വ്യാഖ്യാനിക്കുവാൻ സ്വാതന്ത്ര്യമില്ലെന്നും, അത് സഭയുടെ മൗലികാവകാശമാണെന്നും” ഗ്രന്ഥസൂചിയുടെ ആമുഖത്തിൽ എഴുതിച്ചേർക്കുകയും ചെയ്തു.
മഹായുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും ഭാഗമായി കീഴടക്കപ്പെടുന്ന രാജ്യങ്ങളിലെ സാംസ്കാരികമുദ്രകളായ ഗ്രന്ഥശാലകൾ നശിപ്പിക്കുകയും വൈജ്ഞാനിക സാഹിത്യസമ്പത്തുക്കൾ അഗ്നിക്കിരയാക്കുകയും ചെയ്ത നിരവധി സന്ദർങ്ങൾ ലോക ചരിത്രത്തിലുണ്ട്. പൗരോഹിത്യവും മുതലാളിത്തവും ഭരണകൂടവും തങ്ങൾക്ക് നേരെ വന്ന വിമർശനങ്ങളെ നേരിട്ടത് അച്ചുകൂടങ്ങൾക്ക് വിലക്കേർപ്പെടുത്തിയും പുസ്തകങ്ങൾ നിരോധിച്ചുമാണ്. ‘ഭൂതകാലത്തിന്റെ മാലിന്യത്തെ അഗ്നിയിലേക്ക് വലിച്ചെറിയുന്ന ചരിത്രസന്ദർഭത്തിൽ നിങ്ങളും പങ്കാളികളാവുക’ എന്ന് ആഹ്വാനം ചെയ്തുകൊണ്ട് നാസി ജർമ്മനിയിൽ പുസ്തകങ്ങൾ അഗ്നിക്കിരിയാക്കിയ(1933 മെയ് 10) അഡോൾഫ് ഹിറ്റ്ലറുടെയും അനുയായികളുടെയും പ്രവർത്തനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. പുസ്തകങ്ങൾ നിർമ്മിച്ച ചിന്താമണ്ഡലത്തെ ഉൾക്കൊള്ളുവാനുള്ള സഹിഷ്ണതയും ശേഷിയും നാസിഭരണകൂടത്തിനില്ലായിരുന്നു.
REPRESENTATIVE IMAGE | WIKI COMMONS
ഡി എച്ച് ലോറൻസിന്റെ ലേഡി ചാറ്റർലിയുടെ കാമുകൻ, ജെയിംസ് ജോയ്സിന്റെ യുളീസ്സെസ്, ജോർജ്ജ് ഓർവലിന്റെ അനിമൽഫാം, ജോൺ സ്റ്റീൻബെക്കിന്റെ ദ് ഗ്രേപ്പ്സ് ഓഫ് റാത്ത് തുടങ്ങി സൽമാൻ റുഷ്ദിയുടെ ദി സാത്താനിക് വേഴ്സസ് തസ്ലീമ നസ്രിന്റെ ലജ്ജ, എ കെ രാമാനുജന്റെ ത്രീ ഹൺഡ്രഡ് രാമായണാസ്, വി എസ് നായ്പോളിന്റെ ആൻ ഏരിയ ഓഫ് ഡാർക്നെസ്സ് എന്നിങ്ങനെ മതത്തിന്റെയും ഭരണകൂടത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും എതിർപ്പിനെത്തുടർന്ന് നിരോധിക്കപ്പെട്ട നിരവധി പുസ്തകങ്ങൾ പുസ്തകചരിത്രത്തിൽ സ്ഥാനപ്പെട്ടുകിടക്കുന്നുണ്ട്. തിരുവിതാകുർ ഭരണകൂടം നിരോധിച്ച ബഷിറിന്റെ ധർമ്മരാജ്യം(1938), പ്രേമലേഖനം(1942) മുതൽ ഇ മാധവന്റെ സ്വതന്ത്രസമുദായം(1934) വരെ - മലയാളത്തിലെ നിരോധിതപുസ്തങ്ങളുടെ വലിയ പട്ടിക തന്നെയുണ്ട്. മുമ്പെങ്ങുമില്ലാത്തവിധം ഫാസിസ്റ്റ് ഭരണകൂടങ്ങൾ മനുഷ്യരുടെ ചിന്തയ്ക്കും കലയ്ക്കും ആവിഷ്കാരങ്ങൾക്കും നേരെ നിർബന്ധിത സെൻസറിങ് ഏർപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഒന്നരനൂറ്റാണ്ടുമുമ്പ് ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി നിയമ പോരാട്ടം നടത്തിയ ഗോപാലൻ കേരളവർമൻ തിരുമുൽപ്പാടിന്റെ വ്യവാഹാരം തീർപ്പാക്കിക്കൊണ്ട് കോടതി ഇറക്കിയ വിധിപ്പകർപ്പ് ചരിത്രവസ്തുതയായിത്തീരുന്നത്.
“ഒരു ജാതിയിൽ ഒരുവന്ന് വിശേഷ നഷ്ടം സംഭവിക്കുകയില്ല”
കേരളാവകാശക്രമത്തിൽ മൂത്തത് ജാതിയുടെ ഉൽപ്പത്തിചരിത്രത്തെക്കുറിച്ച് നടത്തിയിട്ടുള്ള പരാമർശങ്ങളാണ് വലിയ വിവാദങ്ങൾക്കും പുസ്തകനിരോധനത്തിനും കാരണമായത്. ‘ശിവദ്വിജബ്രാഹ്മണരിൽ നിന്നും നിഷ്കൃഷ്ടത ഭവിച്ചവരാണ്’ മൂത്തതുമാരെന്നും അവർ മരുമക്കത്തായവഴി അവകാശത്തെ അനുസരിച്ചു നടക്കേണ്ടവരാണെന്നുമുള്ള ഗ്രന്ഥകാരന്റെ അഭിപ്രായം മൂത്തത് എന്ന ജാതിസമൂഹത്തെയാകെ അപമാനിക്കുകയെന്ന ഉദ്യേശ്യത്തോടെ ബോധപൂർവ്വം ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി വട്ടപ്പള്ളി സ്ഥാനീകര നീലകണ്ഠൻ പരമേശ്വരനും മൂന്ന് അനുയായികളും രംഗത്തു വരികയുണ്ടായി. മൂത്തത് ജാതിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം ഉള്ളടങ്ങിയ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ ജില്ലാകോടിതയെ സമീപിച്ചു. ജില്ലാകോടതിയിൽ നിന്ന് വാദികൾക്ക് അനുകൂലമായ വിധി ഉണ്ടായി. മാനനഷ്ടമായി രണ്ടായിരം രൂപ നൽകുവാനും, പുസ്തകങ്ങളുടെ എല്ലാകോപ്പികളും കണ്ടുകെട്ടുവാനും ഉത്തരവായി.
REPRESENTATIVE IMAGE | WIKI COMMONS
ജില്ലാകോടതിവിധിക്കെതിരായി ഗോപാലൻ തിരുമുൽപ്പാട് മേൽക്കോടതിയായ സദർകോടതിയിൽ അപ്പീൽ ഫയൽചെയ്തു. അപ്പീലിനെ ബലപ്പെടുത്തുന്നതിനുവേണ്ടി കേരളമാഹാത്മ്യം, ജാതി നിർണയം എന്നീകൃതികളുടെ പകർപ്പുകളും സമർപ്പിച്ചു. ആവിഷ്കാരസ്വതന്ത്ര്യത്തിന് വേണ്ടി മലയാളത്തിൽ ആദ്യമായി അധികാരികളിൽ നിന്ന് അനുകൂലമായ വിധി സമ്പാദിച്ച ദേവ്ജിഭീംജിയുടെ പാത തന്നെയാണ് ഗോപാലൻ തിരുമുൽപ്പാടും തിരഞ്ഞെടുത്തത്. 1052(1877) ആടിമാസം മൂന്നാം തീയതി സദർ കോടതി കേസ് തീർപ്പാക്കി. വിദ്വാനായ ഭാഷാ പണ്ഡിതനെക്കൊണ്ട് പുസ്തകപരിശോധന നടത്തി അദ്ദേഹം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിധി പ്രഖ്യാപിച്ചത്. ‘ഗ്രന്ഥകാരൻ സമർപ്പിച്ച പ്രാചീനപ്രമാണങ്ങൾ വസ്തുതാപരമല്ലെന്നിരിക്കലും ഗ്രന്ഥകാരന്റെ ഉത്തമവിശ്വാസത്തെ സ്ഥാപിക്കുന്നതിന് ഈ പ്രമാണങ്ങൾ മതിയെന്നും, അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ അന്യായത്തിന് ഹേതുവില്ലെന്നുമുള്ള’ പണ്ഡിതന്റെ അഭിപ്രായത്തെ കോടതി മുഖവിലയ്ക്കെടുത്തു.
ജാതിചരിത്രത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. ഒരു പുസ്തകവും ആധികാരിക രേഖയാവുന്നില്ല. എഴുത്തുകാരന്റെ സ്വാതന്ത്രത്തെ ഹനിക്കുകയല്ല വേണ്ടത് പകരം അടിസ്ഥാനവസ്തുതകളിൽ ഊന്നി നിന്നുകൊണ്ട് മറ്റൊരു പുസ്തകം ഉണ്ടാക്കുവാനാണ് ശ്രമിക്കേണ്ടത് എന്ന കോടതിയുടെ കാഴ്ചപ്പാട് അഭിപ്രായസ്വാതന്ത്ര്യത്തിനും സംവാദാനാത്മകമായ ചർച്ചകൾക്കും പ്രാധാന്യം കൊടുക്കുന്ന ആധുനികസമൂഹത്തെ മുന്നിൽ കണ്ടുകൊണ്ട് ഉണ്ടായതാണ്. “ഈ പുസ്തകത്തിനെ പ്രസിദ്ധപ്പെടുത്തുന്നതിൽ വച്ച് വാദികൾക്ക് ഉപദ്രവം ഉണ്ടെന്ന് അവർ വിചാരിക്കുന്നപക്ഷം പ്രതി ഉപയോഗിച്ചിരിക്കുന്ന തർക്കങ്ങളെ അവർക്ക് അനുകൂലങ്ങളായ സർവ പ്രമാണങ്ങളെയും എടുത്തു ആക്ഷേപിച്ച് വേറൊരു പുസ്തകം ഉണ്ടാക്കാവുന്നതാണെ”ന്നും കോടതി വിധിയിൽ പറയുന്നു.
കേരളീയനവോത്ഥാനത്തിന്റെയും ആധുനികവൽക്കരണത്തിന്റെയും ചരിത്രസന്ദർഭത്തിലാണ് ജാതിശരീരങ്ങൾക്ക് പകരം പൗരനെന്ന പൊതുബോധം രൂപപ്പെടുന്നത്. പുസ്തകനിരോധനത്തിന് തീർപ്പുകല്പിക്കുന്ന കേടതിവിധിയിൽ പോലും പുതിയ ലോകക്രമത്തിലേക്കുള്ള മലയാളിയുടെ കടന്നുവരവിനെ അടയാളപ്പെടുത്തുന്നു. “ഒരാൾ ഒരു മതത്തെപ്പറ്റി പറഞ്ഞുവെന്നുവച്ച് മാനനഷ്ടം കൊടുപ്പിക്കുന്നതായാൽ വ്യവഹാരങ്ങൾക്കു അവസാനമില്ലാതെവരും. ഒരു ജാതിയിൽ ഒരുവന്ന് വിശേഷ നഷ്ടം സംഭവിക്കുകയി”ല്ലെന്നും കോടതി വിധിയിൽ പരാമർശമുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
ഗോപാലൻ തിരുമുൽപ്പാടിന് അനുകൂലമായി കോടതിവിധി ഉണ്ടായില്ലെങ്കിലും “തടങ്കൽ ചെയ്ത പുസ്തകങ്ങൾ തിരുമുൽപ്പാടിന് തിരിയെ കൊടുക്കുവാൻ പാടില്ല, മേലാൽ അച്ചടിക്കുന്ന പുസ്തകങ്ങളെ തടങ്കൽ ബാധിക്കുകയില്ല” എന്നായിരുന്നു കൊട്ടാരത്തിൽ നിന്നുള്ള കല്പന. 1882ൽ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചപ്പോൾ കോടതി വ്യവഹാരങ്ങളുടെ സംക്ഷിപ്തവിവരണവും വിധിപകർപ്പും കൊട്ടാരത്തിൽ നിന്ന് പുറപ്പെടുപ്പിച്ച കല്പനയും പുസ്തകത്തിന്റെ ആമുഖമായി എടുത്തുചേർത്തിട്ടുണ്ട്.
കേരളാവകാശക്രമം മലയാളപുസ്തകചരിത്രത്തിലെ നിർണ്ണായകമായ ഒരേടാണ്. കീഴ്‌ക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിരോധിക്കുകയും മേൽകോടതിയിൽനിന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിന് അനുകൂലമായ വിധി സമ്പാദിച്ച് പുനഃപ്രകാശനം നടത്തിയ ആദ്യ മലയാളകൃതി എന്ന ചരിത്രപ്രാധാന്യം മാത്രമല്ല കേരളാവകാശക്രമത്തിനുള്ളത്. പുസ്തകമെന്ന സാംസ്കാരികരൂപത്തിന്റെ വിനിമയ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് ആധുനിക പൗരസമൂഹത്തെയും വായനാസമൂഹത്തെയും ഉൾക്കൊണ്ട് കോടതി നടത്തിയ വിധിപ്രസ്താവം നവോത്ഥാനമലയാളത്തിന്റെ ചരിത്രരേഖയായി ഇന്നും നിലനിൽക്കുന്നു. മതസംഘടനകളും ഭരണകൂടവും അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും വിലക്ക് ഏർപ്പെടുത്തുകയും ജനതയെ നിശ്ശബദരാക്കുകയും ചെയ്യുന്ന വർത്തമാന സാഹചര്യത്തിൽ ഒന്നരനൂറ്റാണ്ട് മുമ്പ് കോടതി ഇടപെട്ട് തീർപ്പാക്കിയ ഈ പുസ്തക നിരോധനകേസ് വ്യത്യസ്തമായി തന്നെ നിലനിൽക്കുന്നു.
(എഴുത്തുകാരനും, അധ്യാപകനും, ഗവേഷകനുമാണ് ലേഖകൻ).


