
കസാനിൽ കൈ കൊടുത്ത് ഇന്ത്യയും ചൈനയും
ഈജിപ്ത്, എത്യോപ്യ, ഇറാൻ, യു.എ.ഇ എന്നീ രാജ്യങ്ങളെ മുഴുവൻ അംഗങ്ങളായി സ്വാഗതം ചെയ്തുകൊണ്ട് റഷ്യൻ നഗരമായ കസാനിൽ നടന്ന വിപുലീകൃത ബ്രിക്‌സിൻ്റെ (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ആദ്യ ഉച്ചകോടിയുടെ ഭാഗമായിക്കൊണ്ട് ഇന്ത്യയുടെയും ചൈനയുടെയും നേതാക്കൾ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സുപ്രധാന ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംങും, ഇരു രാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയവും സഹകരണവും വർധിപ്പിക്കുന്നതിനും, 2020ലെ മാരകമായ സൈനിക ഏറ്റുമുട്ടലിൽ തകർന്ന നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിനും സംഘർഷങ്ങൾ പരിഹരിക്കാനും ഒക്ടോബർ 23ന് നടന്ന കൂടിക്കാഴ്ചയിൽ ധാരണയിലെത്തി.
വിപുലീകൃത ബ്രിക്സിന്റെ ആദ്യ ഉച്ചകോടിക്ക് മുന്നോടിയായി, ഇന്ത്യയുടെ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (LAC) സൈനികരെ പിരിച്ചുവിടുന്നതിനും, ഡെപ്‌സാങ് പ്ലെയിൻസിലെയും ഡെംചോക്കിലെയും പട്രോളിംഗ് അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഒരു കരാറിന് ഇന്ത്യയും ചൈനയും ധാരണയിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും, മറ്റ് ഘർഷണ പോയിൻ്റുകളായ ഗാൽവാൻ താഴ്‌വരയിലെയും, പാങ്കോംഗ് സോയിലെയും സ്ഥിതി അതേപടി തുടരും എന്നാണ് കരുതപ്പെടുന്നത്. ഇരുപക്ഷവും തീർപ്പാക്കാത്ത പ്രദേശങ്ങളിൽ ചർച്ചകൾ നടത്തുമ്പോൾ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ജയശങ്കർ “ചൈനയുമായുള്ള ബന്ധം വേർപെടുത്തൽ പ്രക്രിയ പൂർത്തിയായി” എന്ന് അഭിപ്രായപ്പെട്ടു. അതേസമയം, നയതന്ത്ര-സൈനിക മാർഗങ്ങളിലൂടെയുള്ള അടുത്ത ആശയവിനിമയത്തെ തുടർന്നാണ് അതിർത്തി മേഖലയിലെ പ്രശ്‌നങ്ങളിൽ ഇരുരാജ്യങ്ങളും തീരുമാനമെടുത്തതെന്ന് ചൈനയുടെ ഭാഗത്തുനിന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ അഭിപ്രായപ്പെട്ടത്. എന്നിരുന്നാലും, ചൈനയുടെ ഭാഗത്തുനിന്നും പട്രോളിംഗ് ക്രമീകരണം പരാമർശിക്കപ്പെട്ടിട്ടില്ല.
2020ൽ പടിഞ്ഞാറൻ ഹിമാലയത്തിലെ അതിർത്തി പ്രദേശമായ ഗാൽവാൻ താഴ്‌വരയിൽ ഇരുപത് ഇന്ത്യൻ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ട തീവ്രമായ സൈനിക ഏറ്റുമുട്ടലിനുശേഷമാണ് ലോകത്തിലെ രണ്ട് ജനസംഖ്യാ ശക്തികളും ആണവശക്തികളും തമ്മിലുള്ള ബന്ധം തകരുന്നതിന് കാരണമായത്. തുടർന്ന് ഇരുപക്ഷവും പതിനായിരക്കണക്കിന് പുതിയ സൈനികരെയും സൈനിക ഉപകരണങ്ങളും അതിർത്തി പ്രദേശങ്ങളിൽ നിലയുറപ്പിക്കുകയും, പുതിയ ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ലഡാക്ക് മേഖലയിലെ നിരവധി പോയിൻ്റുകളിൽ ഇരുപക്ഷവും പട്രോളിംഗ് നിർത്തലാക്കുകയും ചെയ്തത്. യഥാർത്ഥ നിയന്ത്രണ രേഖയുമായി (LAC) ബന്ധപ്പെട്ട തർക്കത്തിൽ ഇരുപക്ഷവും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം യഥാർത്ഥ നിയന്ത്രണ രേഖയുടെ നീളം 3,488 കിലോമീറ്ററാണ്, അതേസമയം ചൈനയുടെ ഭാഗത്തുനിന്നും ഇത് 2,000 കിലോമീറ്റർ മാത്രമാണ്. മാത്രമല്ല, നിലവിൽ ഇരുവശത്തുമായി ഏകദേശം 50,000 മുതൽ 60,000 വരെ സൈനികരുണ്ടെന്നാണ് ഇന്ത്യയുടെ പക്ഷം.
നരേന്ദ്ര മോദിയും ഷി ജിൻപിംങും| PHOTO: FACEBOOK
എന്നാൽ, ഇരു ഭാഗത്തുനിന്നും അതിർത്തി തർക്കത്തിലും, ഉഭയകക്ഷി തലത്തിലുമുള്ള നിലവിലുള്ള പൊതു സമവായം അതിർത്തി പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ കാര്യമായ പുരോഗതിയെ സൂചിപ്പിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ, 2020ൽ ആരംഭിച്ച ചൈന-ഇന്ത്യ അതിർത്തിയുടെ പടിഞ്ഞാറൻ മേഖലയിലെ തർക്കം ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഒപ്പം ഇത് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. കൂടാതെ, ബ്രിക്‌സിൻ്റെ ഭാഗമായി കസാനിൽ പ്രധാനമന്ത്രി മോദിയും പ്രസിഡൻ്റ് ഷിയും തമ്മിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ച്ചയെയും പരിഗണിക്കുമ്പോൾ, കഴിഞ്ഞ നാലര വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ന്യൂഡൽഹി-ബീജിങ് ബന്ധം സാധാരണ നിലയിലേക്ക് അടുക്കുന്ന ഘട്ടത്തെയും ഇത് സൂചിപ്പിക്കുന്നു.
2020ലെ ഗാൽവാൻ ഏറ്റുമുട്ടലിന് ശേഷം ഇരുപക്ഷവും അതിർത്തിയിൽ സൈനിക വിന്യാസം നടത്തിയത് മുതൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ആശയവിനിമയം അത്ര കാര്യക്ഷമമായിരുന്നില്ല. ഇരു രാജ്യത്തിന്റെയും പ്രഥമ നേതാക്കൾ തമ്മിലുള്ള അവസാന ഉഭയകക്ഷി ഉച്ചകോടി ചർച്ചകൾ 2019 ഒക്ടോബറിൽ ദക്ഷിണേന്ത്യൻ പട്ടണമായ മാമല്ലാപുരത്ത് നടന്നതിന് ശേഷം അതിർത്തിയിലുണ്ടായ സൈനിക പിരിമുറുക്കം ഇരുരാജ്യങ്ങളുടെയും ഔപചാരിക ഉഭയകക്ഷി തലത്തിൽ കാര്യമായ വിള്ളലുകൾ സൃഷ്ടിച്ചിരുന്നു. അന്നു മുതൽ, മോദിയും ഷിയും തമ്മിൽ ബഹുമുഖ പരിപാടികളിൽ പങ്കെടുത്തിരുന്നുവെങ്കിലും, ഔപചാരിക ഉഭയകക്ഷി തലത്തിൽ ചർച്ചകൾ നടത്തിയിരുന്നില്ല. 2022 നവംബറിൽ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ ഇരുവരും സംക്ഷിപ്തമായി ആശയ വിനിമയം നടത്തിയിരുന്നു, 2023 ഓഗസ്റ്റിൽ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ അവർ വീണ്ടും ആശയവിനിമയത്തിലേർപ്പെട്ടെങ്കിലും അതും കാര്യക്ഷമമായിരുന്നില്ല. മാത്രമല്ല, 2023 സെപ്റ്റംബറിൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടിയിൽ നിന്ന് ഷി ജിൻപിങ് വിട്ടു നിൽക്കുകയും ചെയ്ത തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ വിടവുമായി ബന്ധപ്പെട്ട തിരിച്ചടിയായി കണക്കാക്കപ്പെട്ടിരുന്നു. അതിനു ശേഷം, 2024ൽ ആസിയാനുമായി ബന്ധപ്പെട്ട് നടന്ന വിദേശകാര്യ മന്ത്രിമാരുടെ ചർച്ചകളുടെ ഭാഗമായി വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തുകയും അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ചർച്ചകൾ ശക്തമാക്കാൻ സമ്മതിക്കുകയും ചെയ്തതിന് ശേഷമാണ് നയതന്ത്ര ശ്രമങ്ങൾ അടുത്ത മാസങ്ങളിൽ ശക്തി പ്രാപിച്ചത്.
REPRESENTATIVE IMAGE | WIKI COMMONS
ഇരു ഭാഗവും തമ്മിൽ അതിർത്തി തർക്കങ്ങളിലും, നയതന്ത്ര തലത്തിലുമുണ്ടായ വിള്ളലുകളും വ്യാപാര ബന്ധത്തിൽ വ്യക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടില്ല. പക്ഷെ, അതിർത്തിയിലെ തർക്കവും പിരിമുറുക്കങ്ങളും ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങളുടെ സൂക്ഷ്മപരിശോധനയിലും, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നേരിട്ടുള്ള വിമാനങ്ങൾ തടയുന്നതിലും, ചൈനീസ് പൗരന്മാർക്ക് വിസ നൽകുന്നത് വിലക്കുന്നതിലേക്കുമുള്ള നിയന്ത്രണ നടപടികളിലേക്ക് നയിച്ചിരുന്നു. എന്നാൽ അതേസമയം, വ്യാപാരത്തിൽ ഈ നിലപാട് കാര്യമായ പ്രത്യാഘാതം ഉണ്ടാക്കിയിട്ടില്ല. 2022ൽ, ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരം 8.4 ശതമാനം വർദ്ധിക്കുകയും, ഈ വർഷം അമേരിക്കയെ പിന്തള്ളിക്കൊണ്ട് ചൈന ഇന്ത്യയുടെ മികച്ച വ്യാപാര പങ്കാളിയായി മാറുകയും ചെയ്തിരുന്നു. ഇരു ഭാഗവും മെച്ചപ്പെട്ട നയതന്ത്ര ആശയവിനിമയത്തിൽ ഏർപ്പെടുന്നതോടെ ചൈന-ഇന്ത്യ ബന്ധം കൂടുതൽ ശക്തമായ വ്യാപാരത്തിൽ കലാശിക്കുന്നതിലേക്കും, വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് വേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിലേക്കും നയിച്ചേക്കാം.
ഇന്ത്യ-ചൈന ബന്ധത്തിലെ ഉയർച്ച താഴ്ചകൾ പരസ്പര താൽപ്പര്യം, മുൻഗണനകൾ, പരസ്പരാശ്രിതത്വം എന്നീ ഘടകങ്ങളാൽ സംയോജിതമാണ്. അതിർത്തി തർക്കവും ഭൗമരാഷ്ട്രീയ മത്സരവും തുടരുന്ന സാഹചര്യത്തിൽ ഇരു പക്ഷങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമാണെന്ന് പ്രതിഫലിക്കപ്പെടുകയും, എന്നാൽ അതെ സമയം തന്നെ, വിവിധ തലങ്ങളിലുള്ള താല്പര്യങ്ങൾ വ്യതിചലന-സംയോജന വലയങ്ങളാൽ ചുറ്റപ്പെട്ടതുമാണ്. നിലവിൽ അതിർത്തി പ്രശ്നങ്ങളിലും, നയതന്ത്ര ആശയവിനിമയത്തിലും ഉണ്ടായ സമവായം പരിഗണിക്കുമ്പോൾ, ഉഭയകക്ഷി തലത്തിൽ കൂടുതൽ കാര്യക്ഷമമായ മുന്നേറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഏഷ്യൻ ശക്തികൾ തമ്മിലുള്ള സഹകരണ-മത്സര ചക്രം തുടരുന്ന സാഹചര്യത്തിൽ, ഉഭയകക്ഷി ബന്ധത്തിൻ്റെ മുന്നോട്ടുള്ള പാതയെക്കുറിച്ച് വ്യക്തമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ ഇരുപക്ഷവും തിടുക്കം കൂട്ടും എന്ന് പ്രതീക്ഷിക്കാം.


