TMJ
searchnav-menu
post-thumbnail

Outlook

ചുട്ടുപൊള്ളുന്ന കേരളവും പ്രതിസന്ധികളും

09 May 2024   |   3 min Read
മിസ്‌രിയ ചന്ദ്രോത്ത്

(ഭാഗം ഒന്ന്)

രിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷമായി രേഖപ്പെടുത്തിയ 2023 ല്‍ നിന്നും സ്ഥിതിഗതികള്‍ ഒട്ടു വ്യത്യസ്തമാവില്ല 2024 എന്നാണ് നിലവിലുള്ള കാലാവസ്ഥ തെളിയിക്കുന്നത്. കേരളത്തില്‍ സമാനതകളില്ലാത്ത വിധം ഉയര്‍ന്ന താപനിലയാണ് ദിനംപ്രതി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. തൃശ്ശൂരും പാലക്കാടും ഉഷ്ണതരംഗം സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ കേരളം മുന്‍പെങ്ങുമില്ലാത്ത കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ ആവാസവ്യവസ്ഥയെ ആകമാനം ബാധിക്കും. എങ്കിലും, ഈ ചുട്ടുപൊള്ളുന്ന കാലാവസ്ഥയില്‍ കേരളത്തിലെ വൈദ്യുതി, ആരോഗ്യ, കാര്‍ഷിക, കാലാവസ്ഥാ രംഗത്തുണ്ടാക്കുന്ന വെല്ലുവിളികളും പ്രതിസന്ധികളും പ്രതിവിധികളും എന്തൊക്കെയാണെന്ന് പരിശോധിക്കുകയാണിവിടെ.

കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലങ്ങള്‍ കേരളത്തിലെ പൊതുജനം ഒരുപോലെയല്ല അനുഭവിക്കുന്നത്. വ്യത്യസ്ത സാമൂഹ്യ സാമ്പത്തികാവസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക് വ്യത്യസ്ത ഫലങ്ങളാണ് നിലവില്‍ അനുഭവിക്കേണ്ടി വരുന്നത്. ഉദാഹരണത്തിന് ഈ കൊടും വരള്‍ച്ചയില്‍ രൂപപ്പെടുന്ന ജലദൗര്‍ലഭ്യം നിലവില്‍ ആദിവാസി മേഖലകളെയാണ് കൂടുതല്‍ ബാധിക്കുന്നത്. അതുപോലെ തന്നെ 100% വൈദ്യുതീകൃത സംസ്ഥാനമായ കേരളത്തില്‍ വൈദ്യുതിയുടെ അനിയന്ത്രിത ഉപഭോഗവും, അതുമൂലം ഉണ്ടാകുന്ന വൈദ്യുതി ക്ഷാമവും അനുഭവിക്കുന്നത് ഒരു പോലെയല്ല. ഇക്കൊല്ലം തന്നെ സുപ്രീം കോടതിയുടെ ഒരു വിധിയില്‍ ആര്‍ക്കിള്‍ 14 ന്റെയും ആര്‍ട്ടിക്കിള്‍ 21 ന്റെയും പരിധിയില്‍ വരുന്നതാണ് കാലാവസ്ഥാ വ്യതിയാനം വഴി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്ന് സൂചിപ്പിക്കുന്നുണ്ട്. ഇത് കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ദുര്‍ബല മേഖലയിലുള്ളവര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കേണ്ടതുണ്ട് എന്ന ഭരണഘടനാപരമായ ആവശ്യത്തെയാണ് മുന്നോട്ടുവയ്ക്കുന്നത്.

കേരളത്തില്‍ ഇക്കൊല്ലം ഏപ്രില്‍ പകുതിയോടെ ഉടലെടുത്ത പ്രതിസന്ധിയായിരുന്നു വൈദ്യുതി തകരാര്‍ മൂലം പാതിരാത്രികളില്‍ ജനങ്ങള്‍ കൈക്കുഞ്ഞുങ്ങളെയടക്കം എടുത്തുകൊണ്ട് കെഎസ്ഇബി ഓഫീസുകള്‍ കയറുകയും അവിടെ തന്നെ പായ വിരിച്ചുകിടക്കുന്ന തരത്തില്‍ സമരത്തിലേര്‍പ്പെടുകയും ചെയ്യുന്നത്. ഇത് വാര്‍ത്തകളില്‍ ഇടം പിടിക്കുകയുണ്ടായി. കഠിനമായ ചൂടില്‍ ഉറങ്ങാനാവുന്നില്ല എന്നുള്ള പരാതി ഉന്നയിച്ചുകൊണ്ടാണ് ഈ സമരങ്ങള്‍ അരങ്ങേറുന്നത്. അതിനുപുറമെ വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി മെയ് 4 ന് പ്രഖ്യാപിച്ച അപ്രഖ്യാപിത പവര്‍ കട്ടും അതില്‍ നിന്നുമാത്രം ലഭിച്ച 200 മെഗാ വാട്ട്  വൈദ്യുതിയുടെ അളവും കേരളത്തില്‍ ഏറെ ചര്‍ച്ചാവിഷയമായി. കഠിനമായ ചൂടില്‍ ഉരുത്തിരിഞ്ഞുവന്ന ഈ പുതിയ പ്രതിസന്ധികളും പ്രതിവിധികളും എന്തൊക്കെയെന്ന് പരിശോധിക്കുകയാണിവിടെ.

REPRESENTATIVE IMAGE | WIKI COMMONS
കേരളത്തിന് കേന്ദ്ര വിഹിതമായി ലഭിക്കുന്ന 1,600 മെഗാവാട്ട് വൈദ്യുതിയും വിവിധ കരാറുകളില്‍ നിന്നും ലഭിക്കുന്ന 1,200 മെഗാ വാട്ട് വൈദ്യുതിയും കേരളം ഉത്പാദിപ്പിക്കുന്ന 1,600 മെഗാ വാട്ട് വൈദ്യുതിയും ഉള്‍പ്പെടെ മൊത്തം 4,400 മെഗാ വാട്ട് വൈദ്യുതി മാത്രമാണ് കേരളത്തില്‍ ഉപയോഗത്തിലുള്ളത്. കേരളത്തില്‍ കഴിഞ്ഞ വേനല്‍കാലത്തെ അപേക്ഷിച്ച് ഇത്തവണ 9 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് വര്‍ധിച്ചിട്ടുള്ളത്. അതുകൊണ്ട് മാത്രം അധികമായി 5,300- 5,500 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിനാവശ്യമായിട്ടുള്ളത്. നിലവില്‍ അത് 4,400 മെഗാ വാട്ട് മാത്രമാണ്. അതുകൊണ്ട് കെഎസ്ഇബി ക്ക് പുറമെ നിന്നും മറ്റു കമ്പനികളില്‍ നിന്നും വൈദ്യുതി വാങ്ങേണ്ട അവസ്ഥ നിലവിലുണ്ട്. കൂടാതെ കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ലൈനുകള്‍ക്ക് വഹിക്കാവുന്ന കറന്റ് കപ്പാസിറ്റി എന്നത് 5,850 മെഗാ വാട്ട് ആണ്. കഴിഞ്ഞ ഏപ്രില്‍ 29 ന് പീക്ക് ഡിമാന്‍ഡ് എന്നത് 5,646 മെഗാ വാട്ട് ആയിരുന്നു. ഇത് കഴിഞ്ഞ വേനല്‍കാലത്തേതില്‍ നിന്നും 19% ത്തിന്റെ വര്‍ദ്ധനവാണ് കാണിച്ചിട്ടുള്ളത്. കഴിഞ്ഞതവണ വേനല്‍ക്കാലത്ത് പീക്ക് ഡിമാന്‍ഡ് ലോഡ് എന്നത് 5,024 മെഗാ വാട്ട് മാത്രമായിരുന്നു.

കഴിഞ്ഞ ഇടവപ്പാതിയില്‍ ലഭിച്ച മോശം കാലവര്‍ഷം കെഎസ്ഇബി ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34% മഴ കുറഞ്ഞു. 123 വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും മോശം കാലവര്‍ഷമായിരുന്നു കഴിഞ്ഞതവണ കേരളത്തില്‍ ലഭ്യമായത്. കൂടാതെ വേനല്‍ക്കാലത്ത് എയര്‍ കണ്ടീഷനറുകളുടെ ഉപയോഗം കൂടുന്നത് കുത്തനെ ഉയരുന്ന വൈദ്യുതി ഉപഭോഗത്തിന്റെ കാരണങ്ങളാണ്.

കേരളത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഒരുദിവസം മാത്രം 10,000 ത്തില്‍ അധികം എയര്‍ കണ്ടീഷണറുകളാണ് വിറ്റഴിഞ്ഞത്. എയര്‍ കണ്ടീഷണറുകളുടെ ദേശീയ ശരാശരി 50 ലക്ഷം ആണെങ്കില്‍ കേരളത്തില്‍ അത് 3.5 ലക്ഷമാണ്. 1,000 മുതല്‍ 1,200 കോടി രൂപയുടെ വാര്‍ഷിക വരുമാനം നടക്കുന്ന ഒരു മേഖലയാണ് എയര്‍ കണ്ടീഷണര്‍ വില്പനയുടേത് എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞതവണ നടന്ന ബിസിനസ്സിനെക്കാള്‍ 100 മുതല്‍ 130% വരെയുള്ള വര്‍ദ്ധനവാണ് ഈ വര്‍ഷം കാണിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞമാസം മാത്രം 1.5 ലക്ഷം എയര്‍ കണ്ടീഷണറുകള്‍ വിറ്റുപോയിട്ടുണ്ട്. അതില്‍ത്തന്നെ 80% ത്തോളം ഒരു ടണ്‍ കപ്പാസിറ്റിയുള്ള എയര്‍ കണ്ടീഷണറുകളാണ്. ഒരു പ്ലഗ് പോയിന്റ് അധികമായി ഇന്‍സ്റ്റാള്‍ ചെയ്താല്‍ തന്നെ കെഎസ്ഇബി അധികൃതരെ അറിയിക്കേണ്ടുന്ന സാഹചര്യം നിലനില്‍ക്കെത്തന്നെ ഇത്രയധികം എയര്‍ കണ്ടീഷണറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഭൂരിഭാഗം മലയാളി കുടുംബങ്ങളും കെഎസ്ഇബി അധികൃതരെ അറിയിക്കാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ഭൂരിപക്ഷം സ്റ്റോറുകളിലും പെഡസ്റ്റ്യല്‍ ഫാനുകള്‍ ലഭ്യമല്ലാത്ത സാഹചര്യം കഠിനചൂടിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ്.

REPRESENTATIVE IMAGE | WIKI COMMONS
ഇക്കഴിഞ്ഞ മെയ് 2 ന് 114 MU എന്ന പുതിയ റെക്കോര്‍ഡ് ആണ് വൈദ്യുതി ഉപഭോഗത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ഉണ്ടായത്. മാത്രമല്ല ഏറ്റവും കൂടുതല്‍ വൈദ്യതി ഉപഭോഗം നടക്കുന്ന പീക്ക് അവര്‍ ( peak hour) എന്നത് കേരളത്തില്‍ 7 pm മുതല്‍ 10.30 pm വരെയാണ്. അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ 1.30 am വരെ നീണ്ടുനില്‍ക്കുന്ന ഒന്നായി മാറി എന്നാണ് കെഎസ്ഇബി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഈ അധിക മണിക്കൂറുകള്‍ കൊണ്ട് മാത്രം 300 മുതല്‍ 400 മെഗാ വാട്ട് വൈദ്യുതി ഉപഭോഗം വരുന്നുണ്ട്. ഇത് അമിതമായ എയര്‍ കണ്ടീഷണറുകളുടെ ഉപയോഗവും ഇലക്ട്രിക്കല്‍ വാഹനങ്ങളുടെ ചാര്‍ജിങും മൂലമാണെന്നാണ് കെഎസ്ഇബി യുടെ വിലയിരുത്തല്‍. ഇക്ട്രിക്കല്‍ വാഹനങ്ങളുടെ ഉപയോഗത്തില്‍ കേരളമാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുള്ളത്. 19.5 % ഇലക്ട്രിക്കല്‍ ഇരുചക്ര വാഹനങ്ങളും 6.4% നാലുചക്ര വാഹനങ്ങളുമാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികള്‍ ഈ വേനല്‍ക്കാലത്ത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കണം എന്ന നിര്‍ദേശം വൈദ്യുതി വകുപ്പ് നല്‍കിയിട്ടുണ്ട്. സ്വയം നിയന്ത്രിത ഊര്‍ജ ഉപഭോഗത്തിലേക്ക് മാറേണ്ട ആവശ്യകത ജനങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് നിര്‍ദേശങ്ങള്‍. എയര്‍ കണ്ടീഷണറുകള്‍ 26 ഡിഗ്രി സെല്‍ഷ്യസില്‍ ഉപയോഗിക്കുക, വാഷിങ് മെഷീനുകള്‍ പരമാവധി ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കുക, എല്‍ഇഡി ബള്‍ബുകള്‍ പോലെ ഊര്‍ജ്ജക്ഷമതയുള്ള വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുക, വൈകുന്നേരങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങളില്‍ അലങ്കാര ദീപങ്ങളും പരസ്യബോര്‍ഡുകളിലെ വിളക്കുകളും പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടാല്‍ പ്രതിസന്ധി ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കാം.

(തുടരും...)

 

#outlook
Leave a comment