സി കേശവൻ ഒരു പാഠപുസ്തകമാണ്
കേരളചരിത്രത്തിൽ പലരും മറന്നുപോയ പല പേരുകളിൽ ഒന്നാണ് സി കേശവൻ. ചരിത്രപുസ്തകങ്ങളിൽ പഠിക്കുന്ന ചുരുക്കം ചില സാമൂഹിക പരിഷ്‌കർത്താക്കളെ ഒഴിച്ചുനിർത്തിയാൽ കേരളചരിത്രത്തിലെ പല പേരുകളും നമ്മൾ അറിയാതെ പോകുന്നു. അറിയുന്നവരിൽ പലരും മത്സരപരീക്ഷകളിലെ ഒറ്റവരി ചോദ്യങ്ങളിൽ ഒതുങ്ങിപ്പോകുന്നു. തിരു-കൊച്ചിയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന്റെ ഉത്തരം മാത്രമാണ് പലർക്കും സി കേശവൻ. ജാതി-മത-സാമൂഹിക സമവാക്യങ്ങൾ മാറിമറിഞ്ഞുകൊണ്ടിരുന്ന ഇരുപതാം നൂറ്റാണ്ടിലെ കേരളം സംഭാവന നൽകിയ ഒരുപാട് മഹദ് വ്യക്തികളിൽ സി കേശവന്റെ നാമം ഉയർന്നു തന്നെ നിൽക്കും. ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും കാൾ മാർക്‌സിന്റെയും ആദർശങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കേശവൻ തന്റെ ജീവിതത്തിലുടനീളം തന്റെ ആദർശങ്ങളെ മുറുകെപ്പിടിച്ചു. സങ്കുചിതചിന്തകളിൽ നിന്നും പുറത്തുകടക്കാൻ കഷ്ടപ്പെടുകയായിരുന്ന ഒരു സമൂഹത്തിൽ പരമ്പര്യത്തിന്റെ ചട്ടക്കൂടുകൾ പൊട്ടിച്ചെറിയാൻ അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. തിരുവിതാംകൂറിൽ രാജ്യഭരണത്തിനെതിരെ ഉയർന്ന ആദ്യ ശബ്ദങ്ങളിലൊന്ന് കേശവന്റെതായിരുന്നു.
1891 മെയ് 23നു കൊല്ലത്തിനടുത്ത് മയ്യനാട് ജനിച്ച കേശവന്റെ ആദ്യ രാഷ്ട്രീയ പാഠശാലയും മയ്യനാട് തന്നെ ആയിരുന്നു. കേരളത്തിലെ ജാതി മത നവോത്ഥാനപ്രസ്ഥാനങ്ങൾ കത്തിജ്വലിച്ചുനിൽക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹം വളർന്നുവരുന്നത്. തന്റെ ചിന്തകളെ പരുവപ്പെടുത്തിയെടുക്കുന്നതും. മരുമക്കത്തായം നിലനിന്നിരുന്ന ഈഴവസമുദായത്തിലെ പുളികുടി, പുലകുടി, തിരണ്ടുകല്യാണം, താലികെട്ട് തുടങ്ങിയ ആചാരങ്ങൾക്കെതിരെ മയ്യനാട്ടെ പ്രമുഖ സാമൂഹ്യ പരിഷ്‌കർത്താവും എഴുത്തുകാരനുമായിരുന്ന സി വി കുഞ്ഞിരാമന്റെ നേതൃത്വത്തിൽ പുരോഗമനവാദികൾ തീവ്രമായി വാദിച്ചുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം ജാതിവ്യവസ്ഥക്കെതിരെയും ജാതിവ്യവസ്ഥയിൽപ്പെട്ട് പീഡനമനുഭവിക്കുന്നവരുടെ ഉന്നമനത്തിനു വേണ്ടിയും പ്രവർത്തിച്ചുതുടങ്ങുന്നതും ഇതേ കാലഘട്ടത്തിലാണ്. അതിനാൽ തന്നെ ഇവരുടെ പ്രത്യയശാസ്ത്രങ്ങളിൽ നിന്നും കേശവൻ പ്രചോദനമുൾക്കൊണ്ടിരുന്നു. തന്റെ പ്രത്യയശാസ്ത്രത്തെ ചേർത്തുനിർത്തികൊണ്ടു തന്നെ ആദർശപരമായി എതിർ നിരയിൽ നിന്നവരോട് ക്ഷമയോടുള്ള പെരുമാറ്റമായിരുന്നു കേശവന്റേത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ കാലാതീതമായിരുന്നു.
സി കേശവൻ, പഴയകാല ചിത്രം | Photo: Wiki Commons
കേരളത്തിലെ ജാതിവിരുദ്ധ പോരാട്ടങ്ങളെ സ്വാതന്ത്ര്യ സമരവുമായി ലയിപ്പിക്കണം എന്ന് മുൻകൂട്ടി കണ്ട ആദ്യനേതാക്കളിൽ ഒരാൾ കേശവൻ ആയിരുന്നു. തിരുവിതാംകൂറിൽ ബ്രിട്ടിഷ് ഭരണം മാറി രാജഭരണത്തിനു കീഴെയുള്ള ജനാധിപത്യ ഭരണം വരണം എന്ന് അന്നത്തെ നേതാക്കൾ വാദിക്കുമ്പോൾ രാജാധിപത്യത്തെ തള്ളിപ്പറഞ്ഞ ആളായിരുന്നു കേശവൻ, നിയമനിർമാണ സഭയിലേക്ക് ന്യൂനപക്ഷസമുദായങ്ങൾക്ക് പ്രതിനിധ്യം ലഭിക്കുന്നതിനായി നിവർത്തന പ്രക്ഷോഭം നയിക്കുന്നതിൽ സി കേശവൻ വഹിച്ച പങ്ക് ചെറുതല്ല.
ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി സംയുക്തരാഷ്ട്രീയസഭയുടെ നേതൃത്വത്തിൽ നടന്ന നിവർത്തനപ്രക്ഷോഭം മുന്നിൽ നിന്നു നയിച്ചവരിലൊരാൾ കേശവൻ ആയിരുന്നു. അതിനായി സംയുക്തരാഷ്ട്രീയമുന്നണി രൂപീകരിക്കുന്നതിനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. കേരളമൊട്ടുക്ക് ആ കാലഘട്ടത്തിൽ നടന്ന നവോത്ഥാന പ്രക്ഷോഭങ്ങൾ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നടക്കുന്ന സ്വാതന്ത്ര്യസമരമുമായി കൂട്ടിച്ചേർക്കണമെന്ന ആശയം അവതരിപ്പിച്ചത് സി കേശവനും ടി കെ മാധവനും ആയിരുന്നു. 1935 മെയ് 11നു ദിവാൻ സി പി രാമസ്വാമി അയ്യർക്കെതിരെ നടത്തിയ സുപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തെത്തുടർന്നു കേശവനെ രാജ്യദ്രോഹകുറ്റം ചുമത്തി രണ്ടു വർഷം തടങ്കലിൽ പാർപ്പിച്ചിരുന്നു. ദിവാൻ സി പി യുടെ ഏകാധിപത്യ ഭരണത്തിനെതിരെ 1938 ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിച്ചു. പട്ടം താണുപിള്ള, ടി എം വർഗീസ്, കെ ടി തോമസ്, പി ടി പുന്നൂസ്, കെ സി ജോർജ് തുടങ്ങിയവരോടൊപ്പം സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃനിരയിൽ കേശവനും ഉണ്ടായിരുന്നു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദിത്വ ഭരണകൂടമെന്ന ലക്ഷ്യത്തിനായാണ് വിവിധ രാഷ്ട്രീയ ചേരികളിൽ നിന്നിരുന്ന നേതാക്കൾ ഒരുമിച്ച് സ്റ്റേറ്റ് കോൺഗ്രസ് എന്ന ആശയത്തിന് ജീവൻ കൊടുക്കുന്നത്. ദിവാൻ സി പി അവതരിപ്പിച്ച അമേരിക്കൻ മോഡൽ ഭരണപരിഷ്‌കാരത്തിനെതിരെ കോൺഗ്രസിൽ നിന്നും ഉയർന്ന എതിർപ്പിന്റെ ശബ്ദം കേശവന്റേതായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം തിരുവിതാംകൂറിൽ രൂപീകരിക്കപ്പെട്ട ആദ്യ ജനകീയ മന്ത്രിസഭയിൽ കേശവൻ അംഗമായിരുന്നു. 1949 ലെ തിരു-കൊച്ചി സംയോജനത്തിനുശേഷം നിലവിൽ വന്ന ആദ്യമന്ത്രിസഭയിൽ അംഗമായിരുന്നില്ലെങ്കിലും ടി കെ നാരായണപ്പിള്ളയുടെ നേതൃത്വത്തിലെ മന്ത്രിസഭ പരാജയപ്പെട്ടപ്പോൾ പകരം പുതിയ മന്ത്രിസഭ രൂപീകരിച്ച് മുഖ്യമന്ത്രിയായത് സി കേശവൻ ആയിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും വിപ്ലവകാരിയായിരുന്ന കേശവനെപ്പറ്റി പി ഗോവിന്ദപ്പിള്ള തന്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. 1954 ലെ എ ജെ ജോൺ മന്തിസഭയുടെ പരാജയത്തിനുശേഷം കോൺഗ്രസിൽ നടന്ന ഗ്രൂപ്പ് കലാപത്തെത്തുടർന്നു രാഷ്ട്രീയജീവിതത്തോട് വിടപറഞ്ഞ കേശവൻ മയ്യനാട്ടിൽ തന്റെ വിശ്രമജീവിതത്തിലേക്ക് കടന്നു.
സി കേശവൻ | Photo: Wiki Commons
സി കേശവൻ ഒരു പാഠപുസ്തകമാണ്. തന്റെ പ്രത്യയശാസ്ത്രങ്ങളിൽ അടിയുറച്ചുവിശ്വസിച്ച് അതിൽ നിന്നും അണുവിട ചലിക്കാതെ മരണം വരെയും പോരാടിയ ഒരു സാധാരണ മനുഷ്യൻ. അദ്ദേഹം തന്റെ ആത്മകഥയ്ക്കു നൽകിയ പേര് ജീവിതസമരം എന്നാണ്. അദ്ദേഹത്തിന്റെ ജീവിതം ഒരു സമരം തന്നെയായിരുന്നു. വഴിയിൽ നിന്ന് മാറിനടക്കാൻ ആജ്ഞാപിച്ച പൂജാരിയോട് സൗകര്യമില്ല എന്ന് വിളിച്ചുപറഞ്ഞ ഏഴുവയസുകാരന്റെ അതേ ധാർഷ്ട്യത്തോടെയാണ് സർ സി പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല എന്ന് വിളിച്ചുപറഞ്ഞതും. അയിത്തത്തിനെതിരെയും സമുദായത്തിനുള്ളിലെ അനാചാരങ്ങൾക്കെതിരെയും പൊരുതിക്കൊണ്ടാണ് കേശവൻ തന്റെ പൊതുജീവിതം തുടങ്ങുന്നത്. പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോഴും താൻ പോരാടുന്നത് സാമൂഹ്യനീതിക്കായാണ് എന്ന് അദ്ദേഹം മറന്നില്ല. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ നീതിക്കായി അക്ഷീണം പോരാടിയ അദ്ദേഹം കേവലം പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങിപ്പോകേണ്ടയാളല്ല.