
ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കുകയല്ല, സർഗാത്മകമാക്കുകയാണ് വേണ്ടത്
ഏതൊരു സമൂഹത്തിന്റെയും പരിച്ഛേദമാണ് അതതിടങ്ങളിലെ കലാലയങ്ങൾ. സമൂഹത്തിലെ സമസ്തമേഖലകളുടെയും പ്രതിഫലനങ്ങളും പ്രതികരണങ്ങളും ക്യാമ്പസിനുള്ളിലും പ്രത്യക്ഷമാകും. അങ്ങനെയാണെങ്കിലും ചരിത്രത്തിലെ പ്രതിരോധങ്ങളൊക്കെ ഉരുവം കൊണ്ടത് പലപ്പോഴും ക്യാമ്പസുകളിലെ കൗമാര സർഗാത്മകതകളിൽ നിന്നാണ്. ആ പ്രായത്തിലെ റിബൽ സ്വഭാവം, അന്വേഷണ ത്വരയുമൊക്കെ ലോകത്തെ വേറിട്ട വഴിയിൽ കാണാനും സമൂഹത്തെ മുന്നോട്ട് നയിക്കാനും പ്രാപ്തമായ വിഷയങ്ങളേറ്റെടുക്കാൻ ശേഷിയുണ്ടാക്കുന്നുണ്ട്. എല്ലാതരം അനീതികളോടും വിയോജിക്കുവാനും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിൽ നിലയുറപ്പിക്കാനും വിദ്യാർത്ഥി സമൂഹം സ്വീകരിച്ചിട്ടുള്ള നടപടികൾ ചരിത്രവും വർത്തമാനവുമാണ്.
വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മനോഹര ചിത്രങ്ങൾ ലോക ചരിത്രത്തിൽ കാണാം. വെറുപ്പിനെ ഊട്ടി വളർത്തി ജർമ്മനിയിൽ പരമാധികാരിയായി സ്വയം അവരോധിതനായ ഹിറ്റ്ലറുടെ അടിവേരറുത്തത് വിദ്യാർത്ഥികളായിരുന്നു. വിദ്യാർത്ഥികളായിരുന്ന സോഫി ഷോളും അവളുടെ സഹോദരൻ ഹാൻസ് ഷോളും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അങ്ങനെയാണ് വൈറ്റ് റോസ് പാംലറ്റ് "വെൺപനീർ ലഘുലേഖകൾ" എന്ന് ചരിത്രം കൊണ്ടാടിയ വിദ്യാർഥി പ്രസ്ഥാനം ജർമ്മനിയിൽ പിറന്നത്.
"Every Word that comes from Hitler's mouth is a lie" എന്ന കുറിപ്പ് ക്യാമ്പസുകളിൽ നിന്ന് ക്യാമ്പസുകളിലേക്ക് പ്രചരിച്ചു. ഇത് ജർമ്മനിയിൽ രൂപപ്പെടുത്തിയ പ്രകമ്പനമാണ് ഹിറ്റ്ലറിന്റെ തകർച്ചയിലേക്കെത്തിച്ചത്.REPRESENTATIVE IMAGE | WIKI COMMONS
ജപ്പാനിൽ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണത്തിനു വേണ്ടി നടന്ന രണ്ട് ലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുത്ത പ്രക്ഷോഭം ശ്രദ്ധേയമായിരുന്നു. ലോകത്തുടനീളമുള്ള ക്യാമ്പസുകളെ ചലനാത്മകമാക്കാൻ ഈ പ്രക്ഷോഭങ്ങൾക്ക് സാധ്യമായിരുന്നു. 1968ലെ ലോക രാഷ്ട്രീയത്തിന്റെ ദിശ തിരിച്ചുവിട്ട ഫ്രഞ്ച് വിദ്യാർത്ഥി പ്രതിഷേധത്തെക്കുറിച്ച് പ്രമുഖ തത്വചിന്തകൻ മിഷേൽ ഫൂക്കോ പറഞ്ഞത്, വിദ്യാർത്ഥികൾ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയോ വിപ്ലവം നടത്തുകയോ അല്ല ചെയ്തത് വിദ്യാർഥികൾ തന്നെ ഒരു വിപ്ലവമായിത്തീരുകയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര മുന്നേറ്റ ചരിത്രത്തിലും വിദ്യാർത്ഥികളുടെ പങ്ക് പ്രകടമാണ്. 1930ലെ ഗാന്ധിജിയുടെ ദണ്ഡിയാത്ര ക്യാമ്പസുകൾക്ക് ആവേശം പകർന്നിരുന്നു. ക്വിറ്റ് ഇന്ത്യ സമരകാലവും ക്യാമ്പസുകളെ പിടിച്ചു കുലുക്കിയിരുന്നു. ക്രിയാത്മകമായ സമര മുന്നേറ്റങ്ങളിലൂടെ കടന്നുപോയ ചരിത്ര ഘട്ടങ്ങളിലെല്ലാം വിദ്യാർത്ഥികൾ വിജയം കൈവരിച്ചതായി കാണാം.
ആ തലമുറകളെ അടിച്ചമർത്താനുള്ള വ്യഗ്രത എക്കാലത്തും ഭരണകൂടങ്ങൾ കാണിച്ചിട്ടുമുണ്ട്. അതിന് ഏകാധിപത്യത്തിന്റെയോ ജനാധിപത്യത്തിന്റെയോ വേർതിരിവുകൾ കാര്യമായൊന്നും ഉണ്ടായിരുന്നില്ലെന്ന് അടിയന്തരാവസ്ഥയും സി എ എ സമരവും ജെ എൻ യുവും ഉമർഖാലിദും, ഷർജീൽ ഇമാമും രോഹിത് വെമുലയുമൊക്കെ നമുക്ക് മുന്നിലെ ഉദാഹരണങ്ങളുമാണ്.
ദേശീയ തലത്തിൽ അനീതിക്കെതിരെ ഉയർന്ന് വന്ന ഈ ഉദാഹരണങ്ങളൊക്കെ നിൽക്കുമ്പോൾ തന്നെ കേരളത്തിലെ ക്യാമ്പസുകളിൽ നിന്ന് സജീവവും സംവാദാത്മകവും സർഗാത്മകവുമായ ക്യാമ്പസ് കാലം ഓർമ്മകൾ മാത്രമായിത്തീരുകയാണോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് അടുത്തകാലത്തായി നടക്കുന്ന സംഭവങ്ങൾ. ദേശീയ തലത്തിൽ ക്യാമ്പസുകളെ നിർജ്ജീവമാക്കി തങ്ങളുടെ വരുതിയിൽ നിർത്താൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ അടിയന്തരാവസ്ഥയേക്കാൾ അതിഭീകരമായി തുടരകുയാണെന്ന് വ്യക്തമാണ്. വിദ്യാർത്ഥികളെ മാത്രമല്ല, അക്കാദമിക് സമൂഹമുൾപ്പടെ അക്കാദമിക രംഗമാകെ തകർക്കുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിനെതിരെ ഉയരുന്ന വിമർശനങ്ങളും വിയോജിപ്പുകളുമൊക്കെ വിവിധ മാർഗ്ഗങ്ങളിലൂടെ അടിച്ചമർത്തപ്പെടുകയും ചെയ്യുന്നു. ഇത്തരം വിഷയങ്ങളിൽ നിശ്ചലമായ കേരളത്തിലെ ക്യാമ്പസുകളിൽ നിന്ന് ഉയരുന്നത് മുദ്രാവാക്യങ്ങളാകുന്നില്ല പലപ്പോഴും ഏകാധിപത്യത്തിന്റെ ചിഹ്നം വിളികളാണ്.REPRESENTATIVE IMAGE | WIKI COMMONS
വിദ്യാർത്ഥികൾ ആർജ്ജിക്കേണ്ട അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് മാറിയുള്ള സഞ്ചാരം പൊതു ബോധത്തിൽ സൃഷ്ടിക്കാൻ സാധ്യതയുള്ള അധാർമികതയെ ചെറുക്കുക എന്ന ലക്ഷ്യമായിരുന്നു ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്ന് പൂർണമായും മാറിയുള്ള വിദ്യാർത്ഥി ജീവിതം തീർത്തും നിരുത്തരവാദപരമായ വിദ്യാർത്ഥിത്വത്തെയാണ് രൂപപ്പെടുത്തുക എന്ന തിരിച്ചറിവിലാണ് ക്യാമ്പസ് രാഷ്ട്രീയം സജീവമായത്.
ചിന്താശേഷിയും ധൈഷണികതയുമുള്ള സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ക്യാമ്പസുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ അടിസ്ഥാനം. വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കാനും അവരെ രാഷ്ട്രീയപരമായ അരക്ഷിതാവസ്ഥയിൽ നിന്ന് മോചിപ്പിക്കുന്നതിനും അഭിപ്രായ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നതിനും ക്യാമ്പസ് രാഷ്ട്രീയം കാതലായ പങ്കു വഹിച്ചിരുന്നു. ഭരണഘടനയിലെ പത്തൊമ്പതാം വകുപ്പ് എല്ലാ പൗരന്മാർക്കും മൗലിക സ്വാതന്ത്ര്യം ഉറപ്പു നൽകുന്നതാണ്. പതിനെട്ട് വയസ്സ് തികഞ്ഞ വോട്ടർമാരാണ് വിദ്യാർഥികൾ. അതുകൊണ്ടുതന്നെ അവർക്ക് സംഘടന രൂപീകരിക്കാനുള്ള അവകാശവുമുണ്ട്. ജനാധിപത്യരീതിശാസ്ത്രമനുസരിച്ച് ക്യാമ്പസ് രാഷ്ട്രീയത്തെ നിരോധിക്കുന്നത് ഭൂഷണമല്ലെന്ന് സാരം.
ആർജിച്ചെടുത്ത വിദ്യാഭ്യാസം ക്രിയാത്മകമായി സമൂഹത്തിൽ എങ്ങനെ നടപ്പിലാക്കണമെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു. മൂർച്ചയേറിയ നിലപാടുകളിലൂടെ ഭരണക്കസേരകളെ അവർ വിറപ്പിച്ചു. ക്യാമ്പസുകളിൽ നിന്ന് പുറത്തിറങ്ങുന്ന മാഗസിനുകൾ സമകാലിക രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മൂല്യച്യുതികൾക്കെതിരെയുള്ള ശബ്ദമായിരുന്നു. അവ സമൂഹത്തിന്റെ കൂടി ചോദ്യങ്ങളായിരുന്നു.REPRESENTATIVE IMAGE | WIKI COMMONS
എന്നാൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് ബൗദ്ധിക സ്വാതന്ത്ര്യത്തിന് പകരം അധികാരവും പണവും നുഴഞ്ഞുകയറിയതോടെ സർഗാത്മക ഇടപെടലുകൾക്ക് പകരം ആയുധങ്ങൾക്ക് ബലം വന്നു. ക്യാമ്പസുകളിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെടുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് 2006ലെ ലിന്റോ കമ്മിറ്റി നിർദേശിച്ചിരുന്നു. തിരഞ്ഞെടുപ്പിനും മറ്റും പുറത്തുനിന്ന് പണം എത്തിക്കുന്നതിനെയും കമ്മിറ്റി വിമർശിച്ചു.
മാതൃ പാർട്ടി താൽപ്പര്യങ്ങൾ കലാലയ രാഷ്ട്രീയത്തിൽ പിടിമുറുക്കിയതോടെ നീതി നിഷേധങ്ങൾക്കെതിരെ പ്രതികരിക്കാതിരിക്കുകയും വിദ്യാർത്ഥി പ്രശ്നങ്ങളിലെ ഇടപെടലും തരാതരംപോലെ എന്ന സ്ഥിതി വിശേഷം സംജാതമായി. പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണെന്നും അവ നീതിനിഷ്ടമായിരിക്കണമെന്നുമുള്ള അടിസ്ഥാന ബോധത്തില്‍ നിന്ന് തങ്ങളുടെ പാർട്ടി താൽപ്പര്യമെന്ന സങ്കുചിത വീക്ഷണത്തിലേക്ക് ചുരുങ്ങി. പ്രതിപക്ഷത്തിരിക്കുമ്പോൾ അനീതികൾക്കെതിരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോവുകയും എന്നാൽ അധികാരത്തിലെത്തുന്നതോടെ മൗനം പാലിക്കുകയും ചെയ്യുന്നത് ഈ വിധേയത്വത്തിന്റെ തെളിവാണ്.
ആരോഗ്യകരമായ സംവാദങ്ങൾക്ക് പകരം അതിക്രമങ്ങളിലേക്ക് കടക്കുന്നു. തൂലിക കൊണ്ട് വിപ്ലവം പിറക്കേണ്ട ഇടങ്ങളിൽ നിന്ന് ആയുധങ്ങളെ രാകിമിനുക്കുന്ന ശബ്ദങ്ങളാണ് പുറത്തുവരുന്നത്. വിദ്യാർത്ഥികളുടെ സർഗാത്മക ശേഷിയെ പരിപോഷിപ്പിക്കേണ്ട കലോത്സവ വേദികളിലേക്ക് മാരകായുധങ്ങളുമായി വിദ്യാർത്ഥികളെത്തുകയും പരസ്പരം ചേരി തിരിഞ്ഞ് ആക്രമിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലേക്ക് കാലം മാറി. ഈ മാറ്റം ഇന്നോ ഇന്നലെയോ മുളച്ചതല്ല. സാമൂഹിക, രാഷ്ട്രീയ, അക്കാദമിക രംഗത്തെ ധൈഷണിക ശേഷിയിലുണ്ടായ കുറവ് ക്യാമ്പസുകളിലും പ്രതിഫലിച്ചു തുടങ്ങി.REPRESENTATIVE IMAGE | WIKI COMMONS
പ്രതിപക്ഷ ബഹുമാനം ഒട്ടും പരിഗണിക്കാതെയുള്ള നിലപാടുകളാണ് പലപ്പോഴും വിദ്യാർത്ഥി നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. പ്രതിപക്ഷത്തിന്റെ നിലനിൽപ്പ് കൂടിയാണ് ജനാധിപത്യത്തിന്റെ പൂർണതയെന്ന് മനപ്പൂർവം മറക്കാൻ ശ്രമിക്കുന്നു. മാനുഷിക മൂല്യങ്ങളായ പരസ്പര സ്നേഹവും സൗഹാർദവും സഹിഷ്ണുതയും രൂപപ്പെടുമ്പോഴാണ് വിദ്യാഭ്യാസത്തിന്റെ കാതലായ മൂല്യം കരസ്ഥമാവുകയുള്ളൂ. വിദ്യാർത്ഥിത്വത്തെയും സമൂഹത്തെയും ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ ഇടപെടുന്നതിനു പകരം അപരവിദ്വേഷത്തിന്റെ വിത്തുകൾ പാകി വെറുപ്പുൽപാദനം മാത്രം നടക്കുന്ന ഇടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി നേതാക്കളുടെ സാംസ്കാരിക മൂല്യം അവരുടെ സോഷ്യൽ മീഡിയ ഹാന്റിലുകളിൽ ഉൾപ്പടെ പ്രകടമാവും. സമൂഹത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്തവരായി അവർ മാറുന്നു.
ഈ സാഹചര്യത്തിൽ കുറുക്കുവഴി തേടുന്ന സമൂഹം ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന മുദ്രാവാക്യം മുഴക്കുന്നു. ഇന്നത്തെ നിലയിലെ ക്യാമ്പസ് രാഷ്ട്രീയം അവിടുത്തെ വിദ്യാർത്ഥികൾക്ക് മാത്രമാകും ബാധ്യതയെങ്കിൽ സർഗാത്മകമായ ക്യാമ്പസ് ഉപരി, ഇടത്തരം മധ്യവർഗ സമൂഹത്തിൽപ്പെട്ടവർക്കും ഭരണകൂടങ്ങൾക്കും അതിനെ പിൻപറ്റുന്ന രാഷ്ട്രീയ സമുദായങ്ങൾക്കും ആശങ്ക ഉളവാക്കുന്നതാണ്. അവരുടെ സർഗാത്മകമായ വിയോജിപ്പുകൾ അനീതികൾക്കെതിരായ അഗ്നിനാളങ്ങളായിരിക്കും. അതിനാൽ തന്നെ, നിലനിൽക്കുന്ന അവസ്ഥയെ നിലനിർത്തുകയോ അല്ലെങ്കിൽ പൂർണ്ണമായും നിരോധിക്കുകയോ ചെയ്യുക എന്ന വാദമായിരിക്കും അവർ മുന്നോട്ട് വെക്കുക. എന്നാൽ, ഇതിന് പകരം ക്യാമ്പസ് രാഷ്ട്രീയത്തെ സർഗാത്മകമാക്കി മാറ്റാനും സംവാദയിടങ്ങളാക്കിമാറ്റാനുമുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് മാത്രമല്ല, അധ്യാപക, അനധ്യാപക രംഗത്ത് നിന്നും ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരമൊരു കാഴ്ചപ്പാട് രൂപ്പെടേണ്ടതുണ്ട്.
വിദ്യാഭ്യാസത്തിലൂന്നിയ രാഷ്ട്രീയ പ്രവർത്തനങ്ങളാണ് ക്യാമ്പസുകളിൽ സജീവമാവേണ്ടത്. സമരമുറകളിലും കാതലായ മാറ്റം വരേണ്ടതുണ്ട്. ആയുധങ്ങൾക്ക് പകരം അക്കാദമികമായ മൂർച്ചയാകണം സമരത്തിലെ കുന്തമുന. സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ ഉയർത്തിക്കൊണ്ടു വരികയും അതിന്റെ പരിഹാരങ്ങളിലേക്ക് കടക്കുകയുമാണ് വേണ്ടത്. അല്ലാതെയുള്ള വിദ്യാർത്ഥി രാഷ്ട്രീയം ഭാവി സമൂഹത്തിന് ബാധ്യതയാകും. അത് പരിഹരിക്കുന്നതിന് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഘടനാപരമായമാറ്റം അനിവാര്യമാണ്. അതിന് ആര് മുൻകൈ എടുക്കും എന്നതാണ് കേരളത്തിലെ വിദ്യാർത്ഥി സമൂഹം ഉയർത്തുന്ന ചോദ്യം. അതിനുത്തരം നൽകാൻ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അക്കാദമിക് സമൂഹവും ഭരണകൂടവും ഒരുപോലെ ഉത്തരവാദിത്വമുള്ളവരാണ്. എന്നാൽ, തങ്ങളുടെ അധികാരശേഷിയുടെ നഷ്ടമാകൽ ഭയക്കുന്ന അവർ അത്തരമൊരു സമീപനത്തിനായി മുൻകൈ എടുക്കുക എന്നത് സ്വപ്നം മാത്രമായി അവശേഷിക്കാനായിരിക്കും സാധ്യത.