TMJ
searchnav-menu
post-thumbnail

Outlook

സ്ഥാനാര്‍ത്ഥി ചിത്രം; ആലപ്പുഴ ലോക്‌സഭ മണ്ഡലം

19 Mar 2024   |   3 min Read
മിസ്‌രിയ ചന്ദ്രോത്ത്

(ഭാഗം ഒൻപത്)

കോ
ണ്‍ഗ്രസിന്റെ സംഘടന ചുമതലയുള്ള ദേശിയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സ്ഥാനാര്‍ത്ഥിയായതോടെ ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ നടക്കാനിരിക്കുന്നത് രാജ്യം ശ്രദ്ധിക്കുന്ന മത്സരമാണ്. ഇതോടുകൂടി രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് പോലെ തന്നെ ദേശീയ മാധ്യമങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന മറ്റൊരു മണ്ഡലമായി ആലപ്പുഴ മാറി. 400 സീറ്റിന് മുകളില്‍ ജയവുമായി അധികാരത്തിലേറുമെന്ന് ബിജെപി അവകാശവാദമുന്നയിക്കുന്ന ഒരു പൊതു തെരഞ്ഞെടുപ്പില്‍, നിലവില്‍ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ സംഘടനാ സംവിധാനമുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ രാജ്യത്തെ കോണ്‍ഗ്രസ് സംവിധാനത്തെ നിയന്ത്രിക്കേണ്ട സംഘടനാ ചുമതലയുള്ള സെക്രട്ടറി കെ സി വേണുഗോപാല്‍ തന്റെ കോണ്‍ഗ്രസ് വാര്‍ റൂം കെട്ടിപൂട്ടി ഇടതുപക്ഷത്തിന്റെ പ്രതിനിധി ആരിഫിനോട് മത്സരിക്കാന്‍ ആലപ്പുഴയിലേക്ക് ലാന്‍ഡ് ചെയ്തിരിക്കുകയാണ്.

കെസി സംഘടനാ ചുമതലയേറ്റെടുത്തതിന് ശേഷം രാജ്യത്ത് നടന്ന 31 തെരഞ്ഞെടുപ്പില്‍ 26 ലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. കേരളത്തില്‍ കരുണാകരന്റെ പ്രിയപ്പെട്ടവനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കെസി ക്ക് പത്മജയുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റം പോലും തടയാനായില്ല. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലെ ദേശീയ രാഷ്ട്രീയത്തിലെ ബിജെപിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാനാവുമെന്ന് ആര്‍ക്കെങ്കിലും ചിന്തിക്കാനാവുമോ. ഗോവയിലെ തിരഞ്ഞെടുക്കപ്പെട്ട സാമാജികരെ സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ബിജെപിയിലേക്ക് പോവില്ലെന്നുള്ള സത്യം ചെയ്യിക്കേണ്ടി വരികയും (പിന്നീട് എല്ലാവരും ബിജെപി പാളയത്തിലെത്തി) അഭിഷേക് സിംഗ്വിയെ പോലൊരു ദേശീയ നേതാവിന്റെ രാജ്യസഭാ സീറ്റിലേക്കുള്ള പരാജയവുമൊക്കെ കണ്ട ഒരു ദേശീയ പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മാത്രമല്ല കെസി, പ്രതിപക്ഷ കക്ഷികളെല്ലാം ചേര്‍ന്ന് ബിജെപിക്കെതിരെ ഉയര്‍ത്തിക്കൊണ്ട് വരുന്ന 'ഇന്ത്യ' മുന്നണിയുടെ നേതാവ് കൂടിയാണ് അദ്ദേഹം എന്നുകൂടി വായിച്ചുകൊണ്ടാണ് ആലപ്പുഴയിലേക്ക് ലാന്‍ഡ് ചെയ്ത സംഘടനാ ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ നീക്കത്തെ വിലയിരുത്തേണ്ടത്.

കെ സി വേണുഗോപാല്‍ | PHOTO: FACEBOOK
ഇടതുപക്ഷത്തിന് രാഹുല്‍ ഗാന്ധിയുടെ വരവിനെക്കാള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായിരിക്കും കെസി യുടെ വരവ്. 2019 ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗത്തില്‍ എല്‍ഡിഎഫിന് ആകെ ലഭിച്ച സീറ്റായിരുന്നു ആലപ്പുഴ. ആ സീറ്റിലേക്ക് ഉത്തരവാദിത്തപ്പെട്ട ഇന്ത്യ മുന്നണിയുടെ ലീഡര്‍ തന്നെ രണ്ടുകൊല്ലംകൂടി കാലാവധിയുള്ള രാജ്യസഭാ സീറ്റും ബിജെപി ക്ക് സമ്മാനിച്ചുകൊണ്ട് (കെസി രാജിവെക്കുന്ന രാജ്യസഭാ സീറ്റിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയാണ് നിലവിലെ സീറ്റ് നില അനുസരിച്ച് വിജയിക്കുക) ആലപ്പുഴയിലേക്ക് മത്സരിക്കാനിറങ്ങുന്നതിന്റെ ആത്മഹത്യാപരമായ രാഷ്ട്രീയ നീക്കം ഇടതുപക്ഷം മുഖ്യ പ്രചാരണായുധമാക്കുക തന്നെ ചെയ്യും. നിലവില്‍ ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ കേവലം നാല് സീറ്റിന്റെ കുറവ് മാത്രമേയുള്ളൂ. ഈ ഘട്ടത്തിലാണ് ബിജെപിക്കെതിരായി രൂപംകൊണ്ട ഇന്ത്യ മുന്നണിയുടെ ഒരു നേതാവ് രാജ്യസഭയിലെ നിര്‍ണായകമായ ഒരു സീറ്റ് ബിജെപിക്ക് വിട്ടുകൊടുക്കുന്ന തരത്തില്‍ ഒരു രാഷ്ട്രീയ തീരുമാനം എടുക്കുന്നത്. ഈ സാഹചര്യത്തില്‍ ആലപ്പുഴയിലെ വിജയം ഇടതുപക്ഷത്തിന്റെ അഭിമാന പോരാട്ടമായി മാറാന്‍ സാധ്യതയുണ്ട്.

അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലുള്ളത്. നിലവില്‍ ഹരിപ്പാട്, കരുനാഗപ്പള്ളി എന്നീ മണ്ഡലങ്ങളൊഴികെ ബാക്കി എല്ലാ നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷത്തോടൊപ്പമാണ്. ആലപ്പുഴ മണ്ഡലം ഒരുപോലെ അത്ഭുതങ്ങളും അട്ടിമറികളും സമ്മാനിച്ചുകൊണ്ട് ഇടതുപക്ഷത്തോടൊപ്പവും വലതുപക്ഷത്തോടൊപ്പവും നിന്നിട്ടുള്ള തെരഞ്ഞെടുപ്പ് ചരിത്രമാണുള്ളത്. പി ടി പുന്നൂസിനെയും സുശീല ഗോപാലനെയും പികെവിയെയും പോലുള്ള ഇടതുപക്ഷ നേതാക്കളെ തെരഞ്ഞെടുത്ത മണ്ഡലം വി എം സുധീരനെയും വക്കം പുരുഷോത്തമനെയും കെ സി വേണുഗോപാലിനെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കളെയും ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തയച്ചിട്ടുണ്ട്.


എ എം ആരിഫ് | PHOTO: FACEBOOK
2009 ലും 2014 ലും കെസി വേണുഗോപാല്‍ തന്നെയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയത്. 2019 ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനിറങ്ങിയ എഎം ആരിഫ് 40.96% വോട്ട് വിഹിതത്തോടെ 10,474 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തിന്റെ കേരളത്തില്‍ നിന്നുള്ള ഒരേയൊരു എംപി യായി ലോക്‌സഭയിലെത്തി. യുഡിഎഫിലെ ഷാനിമോള്‍ ഉസ്മാനെയാണ് ആരിഫ്  പരാജയപ്പെടുത്തിയത്. തുടര്‍ന്ന് ആരിഫ് ജയിച്ച ഒഴിവിലേക്ക് അരൂര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ വിജയിക്കുകയും ചെയ്തു. പിന്നീട് 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ ദലീമ എന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയോട് ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെട്ടു.

ആലപ്പുഴ മണ്ഡലത്തില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗത്തിനും മുസ്ലിം മതവിഭാഗത്തിനും ഈഴവ കമ്മ്യൂണിറ്റിക്കും നായര്‍ കമ്മ്യൂണിറ്റിക്കും ഒരുപോലെ സ്വാധീനമാണുള്ളത്. ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനാണ് രംഗത്തുള്ളത്. രാഷ്ട്രീയമായി വോട്ടുകള്‍ ഭിന്നിപ്പിച്ച് ഹിന്ദു വോട്ടുകളുടെ ഏകീകരണം അനുകൂലമാക്കാനുള്ള പ്രചാരണ തന്ത്രങ്ങളാകും ബിജെപി ആസൂത്രണം ചെയ്യാന്‍ സാധ്യതയുള്ളത്. പാര്‍ട്ടി കൂടെയില്ലെങ്കിലും ഏത് മണ്ഡലത്തിലായാലും സ്വന്തം നിലയില്‍ വോട്ട് വര്‍ധിപ്പിച്ച ചരിത്രമുണ്ട് ശോഭ സുരേന്ദ്രന്.  ആലപ്പുഴയില്‍ നടന്ന രണ്ട് തുടര്‍ കൊലപാതകങ്ങള്‍ കമ്മ്യൂണലി സെന്‍സിറ്റീവായ രാഷ്ട്രീയാന്തരീക്ഷം മണ്ഡലത്തില്‍ സൃഷ്ടിക്കുന്നുണ്ട്. അത് പ്രചാരണവേളയില്‍ കത്തിപ്പിടിപ്പിക്കാന്‍ തക്ക ആര്‍ജവമുള്ള നേതാവ് കൂടിയാണ് ശോഭ സുരേന്ദ്രന്‍. മാത്രമല്ല  BDJS 
നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മണ്ഡലം കൂടിയാണ് ആലപ്പുഴ. ഈ രണ്ട് ഘടകങ്ങളും ബിജെപി നേടുന്ന വോട്ടുയര്‍ത്താന്‍ സാധ്യതയുണ്ട്. അത് യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ വിജയത്തെ നിര്‍ണയിക്കാന്‍ പോന്നതാണ്. 2019 ലെ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയുടെ സമാന സോഷ്യല്‍ സ്ട്രക്ചര്‍ നിലനില്‍ക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശോഭ സുരേന്ദ്രന്‍ നേടിയ 23% വോട്ട് വിഹിതം ആണ് LDF
സ്ഥാനാര്‍ത്ഥി എ സമ്പത്തിന്റെ മുഖ്യ പരാജയകാരണം. ഇത്തരത്തിലുള്ള ഏകീകരണം കോസ്റ്റല്‍ ബെല്‍റ്റിലുള്ള മുസ്ലിം സമുദായത്തിലും ആരിഫിന് അനുകൂലമായി സംഭവിക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


ശോഭ സുരേന്ദ്രന്‍ | PHOTO: FACEBOOK
ഇടതുപക്ഷത്തിന് കൃത്യമായ മുന്‍തൂക്കം ഉണ്ടെങ്കിലും സംഘടനാപരമായി ഏറ്റവും അധികം വെല്ലുവിളികള്‍ നേരിടുന്ന ഒരു ജില്ലയാണ് ആലപ്പുഴ. വിഭാഗീയതയുടെ ലക്ഷണങ്ങള്‍ ഇപ്പോഴും അവശേഷിപ്പിക്കുന്ന ഒരു ജില്ല. പല മേഖലകളിലും പരിഹരിക്കാനാവാത്തവിധം സംഘടനാ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശം. സ്ഥാനാര്‍ത്ഥി ആരിഫും ജില്ലയിലെ പ്രധാന നേതാക്കളും തമ്മിലുള്ള അനൈക്യങ്ങളും പരസ്യമാണ്. ആലപ്പുഴയിലെ യുഡിഎഫ് നേതൃത്വത്തെ സംബന്ധിച്ച് കെസി യുടെ സ്ഥാനാര്‍ത്ഥിത്വം പ്രചാരണങ്ങളിലെ അധിക ചുമതല കൂടിയാണ്. അത് പരിഹരിക്കുവാന്‍തക്ക നേതൃത്വം ജില്ലയില്‍ ഉണ്ടെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.

ദേശീയപാത വികസനം, ആലപ്പുഴ ബൈപാസ് നിര്‍മാണം, പാത ഇരട്ടിപ്പിക്കല്‍ വരെ നീളുന്ന അവകാശ വാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വേദിയാവും ഇനിയുള്ള നാളുകള്‍. എന്തായാലും കനലൊരു തരിയായ ആരിഫിനും സംഘടനാ സെക്രട്ടറി കെസിക്കും അത്ര എളുപ്പമല്ല ആലപ്പുഴ എന്നാണ് ആദ്യ സൂചനകള്‍.

(തുടരും...)


#outlook
Leave a comment