TMJ
searchnav-menu
post-thumbnail

Outlook

സ്ഥാനാര്‍ത്ഥി ചിത്രം; കൊല്ലം ലോക്സഭ മണ്ഡലം

05 Mar 2024   |   3 min Read
മിസ്‌രിയ ചന്ദ്രോത്ത്

(ഭാഗം 5)

RSP എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ എത്ര ചെറുതായിരുന്നാലും കൊല്ലം ലോക്സഭ മണ്ഡലത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എന്ന RSP നേതാവിനെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന് ഇതുവരെ സാധിച്ചിട്ടില്ല. 2014 ലോക്‌സഭ ഇലക്ഷനില്‍ സിപിഎം പോളിറ്റ്ബ്യൂറോ മെമ്പര്‍ എംഎ ബേബിയും 2019 ലോക്‌സഭ ഇലക്ഷനില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറും അന്നത്തെ സിപിഎം കൊല്ലം ജില്ല സെക്രട്ടറിയുമായിരുന്ന കെ എന്‍ ബാലഗോപാലിനെയുമാണ് കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയിട്ടുള്ളത്. കരുത്തുറ്റ ഇടതുപക്ഷ അടിത്തറയുള്ള കൊല്ലത്തിന്റെ ഈ അവസ്ഥ മറികടക്കേണ്ടത് ഇടതുപക്ഷത്തിന് അനിവാര്യമാണ്, അഭിമാനപ്രശ്നവുമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി മണ്ഡലം പിടിച്ചെടുക്കാനുള്ള ദൗത്യം കൊല്ലം എംഎല്‍എ മുകേഷിനെയാണ് ഏല്പ്പിച്ചിരിക്കുന്നത്. സിപിഐഎമ്മിനെപ്പോലെ തന്നെ സിപിഐക്കും നിര്‍ണായക സ്വാധീനമുള്ള ഒരു മണ്ഡലമാണ് കൊല്ലം. അതുകൊണ്ട് തന്നെയാണ് മുകേഷിനെപോലെ ഒരു സിപിഐ ബാക്ക് ഗ്രൗണ്ട് കൂടിയുള്ളയാളെ ഇത്തവണ പരീക്ഷിക്കുന്നത്. കൂടാതെ പ്രേമചന്ദ്രന് രാഷ്ട്രീയത്തിനതീതമായി ലഭിക്കുന്ന വോട്ടുകളാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം, അതുകൊണ്ടുതന്നെ മുകേഷിനെ പോലുള്ളൊരാള്‍ക്ക് പാര്‍ട്ടിക്ക് പുറത്തുനിന്ന് സമാഹരിക്കാനാവുന്ന വോട്ടുകള്‍കൂടി സ്വരൂപിക്കുക എന്നതാണ് സിപിഎം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയനയം.

RSP ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ ഒരവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇരു RSP കളുടെയും ലയനം കഴിഞ്ഞിട്ടും ഗ്രൗണ്ട് ലെവലില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നുവേണം പാര്‍ലമെന്ററി രംഗത്തുള്ള RSP യുടെ പ്രകടനം കണ്ട് വിലയിരുത്താന്‍. ഉണ്ടായിരുന്ന നിയമസഭാ പ്രാതിനിധ്യം നഷ്ടമായി, തദ്ദേശ തെരഞ്ഞെടുപ്പില്‍ പോലും വേണ്ടത്ര നേട്ടം ഉണ്ടാക്കുവാന്‍ RSP ക്ക് കൊല്ലത്തു കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. INTUC നേതാവ് ചന്ദ്രശേഖരന്‍ കൊല്ലം സീറ്റിനുവേണ്ടി വാദിച്ചെങ്കിലും യുഡിഎഫിന് അത് നല്‍കാനാവാത്തത് വോട്ടെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നുള്ളത് കണ്ടറിയണം. കോണ്‍ഗ്രസ് നേതൃത്വം പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രന്റെ നീക്കത്തെ അത്ര ലളിതമായല്ല വീക്ഷിക്കുന്നത് എന്നും ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടതുണ്ട്. മോദിയുടെ ആ ക്ഷണം അത്ര നിഷ്‌കളങ്കമാണെന്ന് വിശ്വസിക്കുവാന്‍ തക്ക നിഷ്‌കളങ്കരല്ല കേരളീയര്‍ എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഇത്തവണ ധനകാര്യമന്ത്രി കൂടിയായ കെ എന്‍ ബാലഗോപാലന്റെ നേതൃത്വത്തില്‍ ശക്തമായ ഒരു ടീം ആയിരിക്കും മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായി നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രിയുടെ വിരുന്നുതന്നെ ആയിരിക്കും ഇടതുപക്ഷം ഉയര്‍ത്തികൊണ്ടുവരുന്ന പ്രധാന ആക്ഷേപം. ഇതുപോലുള്ള ആരോപണങ്ങള്‍ മുന്‍പ് കൊല്ലം ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കൊണ്ടുവന്നത് മുതല്‍ ഇടതുപക്ഷം ഉന്നയിക്കുന്നുണ്ടെങ്കിലും പ്രേമചന്ദ്രന്റെ വിജയത്തിനെ അത് ബാധിച്ചിട്ടില്ല എന്നും കാണേണ്ടതുണ്ട്. ബിജെപി ക്ക് കൊല്ലത്ത് വലിയ പ്രതീക്ഷകളില്ല. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയായിരിക്കും കൊല്ലത്ത് ബിജെപി രംഗത്തിറക്കുക എന്നുള്ള രാഷ്ട്രീയ എതിരാളികളുടെ പ്രചരണം ബിജെപി വോട്ടുകൂടി സമാഹരിക്കുന്നതിനുള്ള നീക്കമായി വ്യാഖ്യാനപ്പെടാനും സാധ്യതയുണ്ട്. മാത്രമല്ല പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അവ്യക്തത കൂടി ഈ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ബാധിക്കുന്ന ഒരു ഘടകമാണ്. കുമ്മനം രാജശേഖരനെ പോലെയുള്ള ഒരാള്‍ക്ക് പത്തനംതിട്ടയില്‍ സാധ്യതയില്ലെങ്കില്‍ പിന്നെ മത്സരിക്കാന്‍ ഉള്ള മണ്ഡലം കൊല്ലം തന്നെയാണ്.

എന്‍ കെ പ്രേമചന്ദ്രന്‍ | PHOTO: WIKI COMMONS
പ്രേമചന്ദ്രന്റെ വേദികളില്‍ ഉയരുന്ന മോദി സ്തുതിയും മോദി അനുകൂല മുദ്രാവാക്യങ്ങളും എങ്ങനെയാണ് കൊല്ലത്ത് ഇടതുപക്ഷം വിനിയോഗിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. പഞ്ചായത്ത് മെമ്പര്‍ സ്ഥാനം തൊട്ട് എംപി സ്ഥാനം വരെ അലങ്കരിച്ച പ്രേമചന്ദ്രന് ഒരു കേന്ദ്രമന്ത്രി സ്ഥാനം കൂടി ലഭിക്കുവാനുള്ള അവസാന അവസരമാണ് ഈ മത്സരം എന്ന നിലയിലാണ് രാഷ്ട്രീയ എതിരാളികള്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പ്രേമചന്ദ്രന്‍ പങ്കെടുത്തതിനെ വിലയിരുത്തുന്നത്.

ആര്‍ ബാലകൃഷ്ണപിള്ള എന്ന കേരള കോണ്‍ഗ്രസ് അതികായന്‍ ഇല്ലാത്ത കൊല്ലത്തെ ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പ് കൂടിയാണിത്. NSS നിലപാടും SNDP നിലപാടും നിര്‍ണായക ഘടകമാകുന്ന കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ സാഹചര്യം ഏതുമുന്നണിക്ക് അനുകൂലമാകുമെന്ന് ഇപ്പോള്‍ പറയുവാനാവില്ല. ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം വഴി ഇടതുപക്ഷം NSS ആസ്ഥാനത്തേക്കുള്ള ഒരു വാതില്‍ അടയാതെ വെച്ചിട്ടുണ്ട്. മിത്ത് വിവാദവും അതിലുയര്‍ന്ന പ്രതിഷേധവും അതിനെ തുടര്‍ന്നുണ്ടായ കേസ് പിന്‍വലിക്കലും എല്ലാം ചേര്‍ന്ന് ഇടതുപക്ഷവും NSS നേതൃത്വവും തമ്മില്‍ പരസ്യമായി ഒരു ഏറ്റുമുട്ടല്‍ ഇല്ലെന്നുള്ള സാഹചര്യവും നിലവിലുണ്ട്. ഈ അവസരത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് നായര്‍ സമുദായത്തിലെ നേതാക്കളെ സിപിഎം സംഘപരിവാര്‍ ആക്കുന്നുവെന്ന പ്രേമചന്ദ്രന്റെ ഒരു മുഴം മുന്നേയുള്ള പ്രസ്താവന. 

കെ എന്‍ ബാലഗോപാലൻ | PHOTO: FACEBOOK
കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ കൊല്ലം, ചാത്തന്നൂര്‍, ഇരവിപുരം, പുനലൂര്‍, കുണ്ടറ, ചടയമംഗലം, ചവറ എന്നീ 7 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ്. ഇതില്‍ കുണ്ടറ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും ഇടതുപക്ഷത്തിനോടൊപ്പമാണ്. പക്ഷേ, ഈ കണക്കുകള്‍ ഒന്നും പ്രേമചന്ദ്രന്റെ വിജയത്തിന് തടസ്സമാകുന്ന കണക്കുകള്‍ അല്ല. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് എല്ലാ നിയമസഭ മണ്ഡലങ്ങളും LDF ന് ഒപ്പമായിരുന്നു, മാത്രമല്ല ഏകദേശം ഒന്നരലക്ഷത്തിന്റെ ഭൂരിപക്ഷമായിരുന്നു ഈ നിയമസഭകളില്‍ എല്ലാം ചേര്‍ന്ന് ഇടതുമുന്നണിക്കുണ്ടായിരുന്നത്. ഇടതുപക്ഷത്തിന് തെക്കന്‍ കേരളത്തില്‍ ശക്തമായ അടിത്തറയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് കൊല്ലം. ആറ്റിങ്ങല്‍ കഴിഞ്ഞാല്‍ വ്യക്തമായ ജയസാധ്യതയുള്ള മണ്ഡലം. ഈ സാഹചര്യങ്ങളിലാണ് എന്‍ കെ പ്രേമചന്ദ്രന്റെ ഒറ്റയാള്‍പോരാട്ടം കൊണ്ട് മണ്ഡലം യുഡിഫ് അനുകൂലമാകുന്നത്. 2014 ല്‍ എം എ ബേബിക്കെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ 46.46% വോട്ട് വിഹിതം നേടിയാണ് വിജയം നേടിയത്. 2019 ലാകട്ടെ എന്‍ കെ പ്രേമചന്ദ്രന് 51.61% വോട്ട് ഷെയറാണ് മണ്ഡലത്തില്‍ ലഭിച്ചത്. അത്തവണ 36.24 % വോട്ട് വിഹിതം മാത്രമാണ് ഇടതുപക്ഷത്തിന് നേടാനായത്, ഒന്നരലക്ഷത്തിന്റെ ഭൂരിപക്ഷമാണ് നിലവിലുള്ളത്. ഇത്രയും വലിയ ഭൂരിപക്ഷത്തെ മറികടക്കുക എന്ന വലിയ ടാസ്‌കാണ് മുകേഷിനുള്ളത്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഇടതുപക്ഷം തങ്ങളുടെ വോട്ട് വിഹിതം 47.80 % ആയി ഉയര്‍ത്തുകയും, യുഡിഫ് വോട്ട് വിഹിതം 37.42 % ആയി കുറയുകയും ചെയ്തിട്ടുണ്ടെങ്കിലും നിയമസഭയുടെയും ലോക്‌സഭയുടെയും കേരളത്തിലെ വോട്ടിംഗ് പാറ്റേണ്‍ വ്യത്യസ്തമാണെന്നാണ് യുഡിഫ് കേന്ദ്രങ്ങള്‍ പറയുന്നത്. മുകേഷിന് മണ്ഡലത്തില്‍ ഒരു വിരുദ്ധ തരംഗമുണ്ടെന്നും, മണ്ഡലത്തില്‍ അവൈലബിള്‍ ആയിരിക്കുകയില്ലെന്നും ആണ് യുഡിഫ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ പ്രചാരണങ്ങളെയും മറികടന്നൊരു സ്വീകാര്യത കൊല്ലത്ത് മുകേഷിന് ഉണ്ടെന്ന് ഇടതുപക്ഷവും കരുതുന്നു. തീര്‍ച്ചയായും കേരളത്തിലെ ഏറ്റവും വീറും വാശിയും ചേര്‍ന്നൊരു തെരഞ്ഞെടുപ്പ് ആയിരിക്കും കൊല്ലത്ത് നടക്കുക.


(തുടരും)


#outlook
Leave a comment