സ്ഥാനാര്‍ത്ഥി ചിത്രം; മാവേലിക്കര ലോക്‌സഭ മണ്ഡലം
സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായതോടെ മാവേലിക്കര ലോക്‌സഭ മണ്ഡലം ഇത്തവണ വലിയ ഒരു മത്സരത്തിനാണ് ഒരുങ്ങുന്നത്. യുഡിഫ് സ്ഥാനാര്‍ത്ഥിയായി നാലാംവട്ടം അങ്കത്തിനിറങ്ങുന്നത് കൊടിക്കുന്നില്‍ സുരേഷാണ്. എല്‍ഡിഎഫിനായി അഡ്വ. അരുണ്‍കുമാറും എന്‍ഡിഎക്കായി കലാശാല ബൈജുവുമാണ് ഇത്തവണ മത്സരിക്കുന്നത്. ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുണ്ടെങ്കിലും ഈ സംവരണമണ്ഡലത്തില്‍ യുഡിഫ് സ്ഥാനാര്‍ത്ഥിയായ കൊടിക്കുന്നില്‍ സുരേഷാണ് സ്ഥിരമായി ജയിച്ചുവരുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മാവേലിക്കര മണ്ഡലത്തില്‍ ഇത്തവണ ശക്തമായ മത്സരം തന്നെയാണ് നടക്കുക.
കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം, മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട്, ചങ്ങനാശ്ശേരി തുടങ്ങിയ നിയമസഭ മണ്ഡലങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് മാവേലിക്കര ലോക്‌സഭ മണ്ഡലം. കൊടിക്കുന്നില്‍ സുരേഷ് ഇക്കാലയളവിലെല്ലാം സമാഹരിച്ചുവെച്ചിട്ടുള്ള മത സാമുദായിക പിന്തുണ അതിശയിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് ഈ കാലയളവിലെല്ലാം കൊടിക്കുന്നിലിന് വിജയിക്കാനായതും മാവേലിക്കര മണ്ഡലവും കടന്ന് ഒരു ദേശീയ കോണ്‍ഗ്രസ് ലീഡര്‍ എന്ന പദവിയിലേക്കെത്തിയതും, പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്ന നേതാവ് എന്ന നിലയിലേക്കുയരാനും കഴിഞ്ഞത്. കെപിസിസി പ്രസിഡന്റ് സ്ഥാനമോ കേരള മുഖ്യമന്ത്രി സ്ഥാനമോ വഹിക്കുന്നതിനുള്ള കപ്പാസിറ്റിയുള്ള ഒരു കോണ്‍ഗ്രസ് നേതാവ് കൂടിയായാണ് കൊടിക്കുന്നില്‍ സുരേഷ് ഈ മണ്ഡലത്തില്‍ നിന്നും വളര്‍ന്നത്. ഖാര്‍ഗെയെ AICC പ്രസിഡന്റ് ആക്കുന്നതില്‍ ഔദ്യോഗികപക്ഷത്തിന്റെ ഭാഗത്തുനിന്നും നിര്‍ണായക ചരടുവലികള്‍ നടത്താനും കോണ്‍ഗ്രസ് AICC നേതൃത്വവുമായിട്ടുള്ള ബന്ധം കാത്തുസൂക്ഷിക്കാനും കൊടിക്കുന്നിലിന് സാധിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ഏറ്റവും മുതിര്‍ന്ന ദേശീയ നേതാവ് കൂടിയായാണ് കൊടിക്കുന്നില്‍ AICC പ്രവര്‍ത്തകസമിതി അംഗമായി മാറിയത്.
അഡ്വ. അരുണ്‍കുമാര്‍ | PHOTO: FACEBOOK
ഈ ഘടകങ്ങളൊക്കെ തന്നെയാണ് 10-ാം തവണയും മത്സരത്തിനിറങ്ങുന്ന കൊടിക്കുന്നിലിന് ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും. കനഗോലു റിപ്പോര്‍ട്ടില്‍ യുഡിഎഫ് ജയസാധ്യത ഇല്ലാത്ത മണ്ഡലങ്ങളില്‍ ഒന്നാമതായി കാണിക്കുന്നത് മാവേലിക്കര മണ്ഡലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊടിക്കുന്നില്‍ സുരേഷിനും ഇത്തവണ മത്സരിക്കാന്‍ താല്പര്യമില്ലായിരുന്നെന്നാണ് ആദ്യ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാനാവുക. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തെ അധികാര രാഷ്ട്രീയവുമായി കൂട്ടിക്കെട്ടി വായിക്കുന്നതില്‍ കോണ്‍ഗ്രസ് അണികളും ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. മാവേലിക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സ്വതവേ ദുര്‍ബലമായ സംഘടനാ ശക്തിയാണുള്ളതെന്ന് കൊടിക്കുന്നില്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. മറുവശത്ത് ഏഴ് നിയമസഭ മണ്ഡലങ്ങളിലും LDF എന്ന് മാത്രമല്ല അതില്‍ മൂന്നുപേര്‍ മന്ത്രിസ്ഥാനത്തുമാണ്. ചെങ്ങന്നൂരില്‍ സജി ചെറിയനും, പത്തനാപുരത്ത് ഗണേഷ്‌കുമാറും, കൊട്ടാരക്കരയില്‍ കെഎന്‍ ബാലഗോപാലും ചേര്‍ന്ന ഒരു മിനി മന്ത്രിസഭയും, ചങ്ങനാശ്ശേരിയില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും കുട്ടനാട്ടെ തോമസ് കെ തോമസ് ന്റെ NCP യും പിന്നെ മണ്ഡലത്തിലെ സിപിഐ ഘടകവും ഒത്തുചേര്‍ന്നാല്‍ അതിശക്തമായ ഒരു സംഘടനാ ശക്തിയാണ് LDF നു മാവേലിക്കരയില്‍ നിലവിലുള്ളത്. ഇക്കുറി സിപിഐ ക്ക് ജയസാധ്യതയുള്ള ഒരു മണ്ഡലം കൂടിയാണ് മാവേലിക്കര എന്നുള്ളത് കണക്കിലെടുത്താല്‍ ഒരു ജീവന്മരണ പോരാട്ടത്തിനാണ് മാവേലിക്കരയില്‍ സിപിഐ യും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കോപ്പുകൂട്ടുന്നത്.
കൊടിക്കുന്നില്‍ സുരേഷ് | PHOTO: FACEBOOK
LDF നു വേണ്ടി AIYF സംസ്ഥാന സമിതി മെമ്പര്‍ അഡ്വക്കേറ്റ് അരുണ്‍ കുമാറാണ് സ്ഥാനാര്‍ത്ഥി. ആദ്ദേഹം പ്രചാരണം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ, മണ്ഡലത്തില്‍ ഒരു പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത കൊടിക്കുന്നിലിന് പ്രചാരണ രംഗത്ത് ഉള്ള ഈ പിന്നോക്കാവസ്ഥ വളരെ എളുപ്പത്തില്‍ മറികടക്കാവുന്നതാണ് എന്നാണ് UDF കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. ബിജെപി കഴിഞ്ഞതവണ BDJS
ന് നല്‍കിയ സീറ്റായിരുന്നു മാവേലിക്കര. ചെങ്ങന്നൂര്‍ പോലുള്ള മണ്ഡലങ്ങളില്‍ ബിജെപിക്ക് ശക്തമായ ചില വോട്ട് കേന്ദ്രങ്ങളുണ്ട്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രങ്ങള്‍ ഈ മണ്ഡലത്തിലായിരുന്നു. ആ അനുകൂല സാഹചര്യങ്ങളില്‍ തഴവ സഹദേവന്‍ എന്ന BDJS സ്ഥാനാര്‍ത്ഥി കഴിഞ്ഞതവണ നല്ല പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. BDJS
സ്ഥാനാര്‍ത്ഥിയായി ഇത്തവണ കലാശാല ബൈജുവാണ് രംഗത്ത്. യുഡിഎഫ് നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റായും ബ്ലോക്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ച കലാശാല ബൈജു കെപിഎംസ് സംസ്ഥാന ഭാരവാഹി കൂടിയാണ്.
സംസ്ഥാനത്ത് പത്മജ വേണുഗോപാലിന്റെ ബിജെപി യിലേക്കുള്ള രാഷ്ട്രീയ കൂറുമാറ്റത്തിന് ശേഷം കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലായിട്ടുണ്ട്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ മത്സരവും ആലപ്പുഴയിലെ കെസി വേണുഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വവും മാവേലിക്കരയിലെ കൊടിക്കുന്നിലിന്റെയും തിരുവനന്തപുരത്തെ ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വവുമൊക്കെ രാജ്യത്തെത്തന്നെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ മത്സരം എന്ന നിലയില്‍ വിലയിരുത്തുന്നുണ്ട്. ഈ കരുത്തുറ്റ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രകടനം എങ്ങനെയാവുമെന്ന് അറിയാന്‍ നമുക്ക് കാത്തിരിക്കാം.
കലാശാല ബൈജു | PHOTO: FACEBOOK
ഉമ്മന്‍ചാണ്ടിയുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിക്കുന്നില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. അരുണ്‍കുമാര്‍ പ്രചാരണത്തില്‍ ഏറെ മുന്നിലാണ്. നിലവില്‍ പരിചയസമ്പത്തും യുവത്വവും തമ്മിലുള്ള മത്സരത്തില്‍ ജനങ്ങള്‍ തങ്ങളോടൊപ്പം നില്‍ക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം.