TMJ
searchnav-menu
post-thumbnail

ഡൊണാള്‍ഡ് ട്രംപ് | PHOTO: WIKI COMMONS

TMJ Daily

ക്യാപിറ്റോള്‍ കലാപം: പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ട്രംപ് അയോഗ്യന്‍ 

20 Dec 2023   |   2 min Read
TMJ News Desk

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിലക്ക്. കൊളറാഡോ സുപ്രീംകോടതിയുടെതാണ് നടപടി. 2021 ല്‍ യുഎസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളില്‍ കലാപസമാനമായ പ്രതിഷേധം നടന്നതില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ വകുപ്പുപ്രകാരം ട്രംപ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതില്‍നിന്ന് അയോഗ്യനാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രക്ഷോഭത്തിലോ കലാപത്തിലോ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരെ അധികാരം വഹിക്കുന്നതില്‍ നിന്ന് വിലക്കുന്നതാണ് 14-ാം ഭേദഗതി. അമേരിക്കയുടെ ചരിത്രത്തില്‍ അയോഗ്യനാക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. 

വിലക്ക് കൊളറാഡോ സംസ്ഥാനത്ത് മാത്രമാകും ബാധകമാവുക. പ്രതിഭാഗത്തിന് അപ്പീല്‍ പോകുന്നതിനായി ജനുവരി നാലുവരെ വിധി സ്‌റ്റേ ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകള്‍ അച്ചടിക്കേണ്ട അവസാന തീയതി ജനുവരി അഞ്ചാണ്. കോടതി വിധി സംസ്ഥാനത്ത് മാര്‍ച്ച് അഞ്ചിന് നടക്കുന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയെ മാത്രമേ ബാധിക്കുകയുള്ളൂ. എന്നാല്‍ നവംബര്‍ അഞ്ചിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനെയും ഇത് ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.

ജനാധിപത്യവിരുദ്ധ നിലപാട്

കോടതിവിധി തികച്ചും അന്യായവും ജനാധിപത്യവിരുദ്ധവുമാണെന്ന് ട്രംപിന്റെ പ്രചാരണ വിഭാഗം വക്താവ് പറഞ്ഞു. ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ക്യാപിറ്റോളില്‍ നടന്ന സംഘര്‍ഷം ട്രംപിനെ വിലക്കാന്‍ മാത്രം ഗൗരവമുള്ളതല്ലെന്നും ബാലറ്റില്‍നിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും ട്രംപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 

2024 ലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ഏറെ സാധ്യത കല്‍പിക്കപ്പെടുന്ന വ്യക്തിയാണ് ട്രംപ്. കോടതിവിധി ട്രംപിന്റെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് മുകളിലാണ് കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായി അധികാരത്തിലേറുന്നത് ചെറുക്കാന്‍ ക്യാപിറ്റോളില്‍ വന്‍ സംഘര്‍ഷമാണ് നടന്നത്. ഇതിനു നേതൃത്വം നല്‍കിയത് ഡൊണാള്‍ഡ് ട്രംപാണെന്ന് ആരോപിച്ച് സിറ്റിസണ്‍ ഫോര്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്‌സിന്റെ പിന്തുണയില്‍ കൊളറാഡോയിലെ ചില വോട്ടര്‍മാര്‍ പരാതി നല്‍കുകയായിരുന്നു. 

മത്സരിക്കാനില്ലെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി 

ട്രംപിനെ തിരിച്ചെടുത്തില്ലെങ്കില്‍ കൊളറാഡോ പ്രൈമറി ബാലറ്റില്‍ നിന്ന് പിന്മാറുമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമി. അണ്‍ അമേരിക്കന്‍, ഭരണഘടനാ വിരുദ്ധം എന്നിങ്ങനെയാണ് സുപ്രീംകോടതി വിധിയോട് രാമസ്വാമി പ്രതികരിച്ചത്. രാജ്യത്തിന് വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന നിയമവിരുദ്ധമായ കരുനീക്കമാണ് കോടതിവിധിയെന്ന് രാമസ്വാമി എക്‌സില്‍ കുറിച്ചു.


#Daily
Leave a comment