.jpg)
ജാതി സെൻസസ്: രാഷ്ട്രീയ പ്രശ്നവും സാമൂഹ്യ നീതിയും
ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ നിലനിൽക്കുന്ന സാമൂഹിക യാഥാർത്ഥ്യമാണ് ജാതി വ്യവസ്ഥ. അനേകം ജാതികളും ഉപജാതികളുമായി വളരെ ശക്തമായി തന്നെ നമ്മുടെ സാമൂഹ്യ ചുറ്റുപാടുകളിൽ ഇന്നും ജാതി ഒളിഞ്ഞും തെളിഞ്ഞും കാണാം. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്ത്യൻ സമൂഹത്തിലെ എല്ലാ ജനങ്ങളും ജാതിയുടെ വക്താക്കളോ അടിമകളോ ഇരകളോ ആണ് എന്ന് പറയാം. സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ടാവാൻ പോകുന്ന ഈ കാലത്തും ജാതി യാഥാർത്ഥ്യത്തിൽ നിന്നും നാം ആരും മുക്തരല്ല എന്നതാണ് വർത്തമാന ഇന്ത്യൻ യാഥാർത്ഥ്യം.
ഈ സാമൂഹിക യാഥാർത്ഥ്യം നിലനിൽക്കുന്നത് കൊണ്ട് തന്നെയാണ് ജാതി സെൻസസ് എന്ന വിഷയം ഇന്ത്യയിൽ ഇത്രമാത്രം ശ്രദ്ധ കൈവരിക്കുന്ന ഒരു വിഷയമായി മാറുന്നത്. രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക സംഘടനകൾ, ജാതി സംഘടനകൾ, ആക്ടിവിസ്റ്റുകൾ, ബുദ്ധിജീവികൾ തുടങ്ങി എല്ലാവരും ഗൗരവമായി ചർച്ച ചെയ്യുകയും വിവിധങ്ങളായ അഭിപ്രായങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു വിഷയം കൂടിയാണത്.
ലോകമെമ്പാടും മനുഷ്യർക്കിടയിൽ പലതരത്തിലുള്ള ചൂഷണങ്ങൾ നിലനിൽക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ അത് നിറത്തിന്റെ പേരിലാണെങ്കിൽ ഇന്ത്യയിൽ അത് പ്രകടമായി ജാതിയുടെ പേരിൽ ആണെന്ന് കാണാം. വേദ കാലഘട്ടത്തോളം തന്നെ പഴക്കമുണ്ട് ഇത്തരത്തിലുള്ള സാമൂഹിക ജാതി വിഭജന വ്യവസ്ഥയ്ക്കും. ചാതുർവർണ്യ വ്യവസ്ഥ അനുസരിച്ച്, അല്ലെങ്കിൽ വർണാശ്രമ ധർമ്മമനുസരിച്ച് പ്രധാനമായും നാല് ജാതി വിഭാഗങ്ങളാണുള്ളത്. ബ്രാഹ്മണൻ മുതൽ ശൂദ്രൻ വരെ നീണ്ടു കിടക്കുന്ന നാലു വിഭാഗക്കാർ. എന്നാൽ അതിന് പുറത്തും ധാരാളം ജാതികളും ഉപജാതികളും ആ കാലഘട്ടത്തിൽ തന്നെ ഉണ്ടെങ്കിലും അവയെ ഒന്നും മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. വർണാശ്രമം അനുസരിച്ച് ഓരോ ജാതിക്കും കൃത്യമായ തൊഴിലും നിശ്ചയിച്ചിട്ടുണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ ഈ സാമൂഹിക വിഭജനം ഒരു തൊഴിൽ വിഭജനം കൂടിയാണെന്നു പറയാം. അതാത് ജാതിയിൽപ്പെട്ടവർ ആ ജാതിക്കാർ മാത്രം ചെയ്യുന്ന തൊഴിൽ- ‘കുല തൊഴിൽ’ തന്നെ ചെയ്തു സമൂഹത്തിൽ ജീവിക്കണമെന്ന ഒരു രീതിയാണ് ഉണ്ടായിരുന്നത്. ഇത് അനുസരിച്ച് തന്നെ സമൂഹത്തിൽ ഉയർന്നവർ എന്നും താഴ്ത്തട്ടിൽ ഉള്ളവർ എന്നുമുള്ള വിഭജനം കൂടി സൃഷ്ടിക്കപ്പെട്ടു. ഉയർന്ന വിഭാഗത്തിൽ പുരോഹിത വർഗ്ഗവും രാജാക്കന്മാരും ഇടം പിടിച്ചപ്പോൾ താഴ്ന്ന വർഗത്തിൽ കച്ചവടക്കാരും കൃഷിക്കാരും അടിമകളും തുടങ്ങി സമൂഹത്തിലെ സാധാരണ മനുഷ്യരാണ് ഉണ്ടായിരുന്നത്. ഇതിൽ മാറ്റിനിർത്തപ്പെട്ട അവർണർ എന്ന് വിളിക്കപ്പെട്ട ആദിവാസി, ദളിത് ഉൾപ്പെടെയുള്ള ഒരു വലിയ വിഭാഗം ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കിപ്പുറം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ കച്ചവടം ഉറപ്പിക്കുകയും, തുടർന്ന് അവർ ഇന്ത്യയുടെ രാഷ്ട്രീയ അധികാരത്തിലേക്ക് നുഴഞ്ഞുകയറുകയും ചെയ്ത സാഹചര്യത്തിൽ പോലും ഇന്ത്യൻ ജാതി യാഥാർത്ഥ്യങ്ങൾ പഴയപടി തന്നെ തുടർന്നു.
REPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യൻ ജനങ്ങൾക്കിടയിൽ കൃത്യമായ രാഷ്ട്രീയ അധികാരം ഉറപ്പിച്ചു നിർത്തുന്നതിന് ബ്രിട്ടീഷുകാരെ ഏറെ സഹായിച്ചത് ഇന്ത്യയിൽ നിലനിന്ന ജാതി വ്യവസ്ഥയാണെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. ശ്രേണീകൃതമായ അസമത്വങ്ങളുടെ ഒരു വ്യവസ്ഥ കൂടിയാണ് ജാതിയത. അതിനാൽ പരസ്പരം ചേർത്ത് പിടിക്കലിന്റെ ഒരു സ്വഭാവവും ജാതിവ്യവസ്ഥയ്ക്ക് മുന്നോട്ടുവയ്ക്കാൻ കഴിയില്ല. ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് ബ്രിട്ടീഷുകാർ അവരുടെ രാഷ്ട്രീയ അധികാരം ഇന്ത്യൻ മണ്ണിൽ ഉറപ്പിച്ചത്. ഇതിനെ മറികടന്ന് ഒരു പരിധിവരെ വിജയിച്ചത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ആണെന്ന് പറയാം . ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാക്കൾക്ക് പലതരത്തിലുള്ള ജാതി വീക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും ദേശ സ്വാതന്ത്ര്യം എന്ന മഹത്തായ ലക്ഷ്യത്തെ മുൻനിർത്തി നടത്തിയ പോരാട്ടം ആയതിനാൽ അത് വിജയം കാണുകയും, രാജ്യം സ്വതന്ത്രമാക്കപ്പെടുകയും ചെയ്തു. എങ്കിലും ജാതി വ്യവസ്ഥ സമൂഹത്തിൽ നിലനിർത്തുന്ന അസമത്വങ്ങളും പ്രശ്നങ്ങളും സ്വാതന്ത്ര്യത്തിന് ശേഷവും നാം അറിഞ്ഞും അറിയാതെയും പിന്തുടർന്നുകൊണ്ടിരിക്കുന്നു. ഈ വസ്തുത നിലനിൽക്കുന്നു സാഹചര്യങ്ങളിൽ കൂടിയാണ് ജാതി സെൻസസ് പോലുള്ള ഒരു വിഷയം ഇവിടെ പ്രസക്തമാകുന്നത്.
എന്താണ് ജാതി സെൻസസ്?
ഒരു രാജ്യത്തിലെ മുഴുവൻ പൗരന്മാരുടെയും ആധികാരികമായ വിവരങ്ങൾ കൃത്യമായി തന്നെ ശേഖരിക്കുകയും വിവിധങ്ങളായ കണക്കുകളിലേക്ക് അവ മാറ്റുകയും ചെയ്യുന്ന, തീർത്തും ഔദ്യോഗികമായ ഒരു പരിപാടിയാണ് സെൻസസ് എന്ന് ലളിതമായി പറയാം. രാജ്യത്തിന് ഓരോ മനുഷ്യരുടെയും അടിസ്ഥാന വിവരങ്ങളിൽ തുടങ്ങി, വിഭവങ്ങളിൽ അവരുടെ പങ്ക് സൂചിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങൾ കൃത്യമായി കണ്ടെത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിച്ച് നിശ്ചിതമായ സമയം അനുവദിച്ചുകൊണ്ട് നടത്തുന്ന ഒരു പ്രവർത്തനം എന്നു പറയാം. രാജ്യത്തിന്റെ മുന്നോട്ടുപോക്കിനും പുരോഗതിക്കും ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും, വിഭവവിതരണം കൃത്യമായി എല്ലാ കരങ്ങളിലേക്ക് എത്തിക്കുന്നതിനും സർക്കാരുകൾ അടിസ്ഥാനമാക്കുന്നത് ഇത്തരം സെൻസസ് റിപ്പോർട്ടുകളെയാണ്. നമ്മുടെ രാജ്യത്ത് അവസാനമായി സെൻസസ് നടന്നത് 2011ലാണ്, എന്നാൽ ആ സെൻസസിന്റെ റിപ്പോർട്ട് ഇപ്പോഴും പരസ്യപ്പെടുത്തിയിട്ടില്ല എന്ന് കാണാം. ഇതിൽ നിന്നും ജാതി സെൻസസ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതാണ് ചോദ്യം. സമൂഹത്തിൽ പൊതുവേയുള്ള ഒരു ധാരണ ജാതി സെൻസസ് എന്നാൽ സമൂഹത്തിലെ ജാതികൾ ഏതൊക്കെ, എത്ര ജാതികൾ ഉണ്ട്, അവയിൽ എത്ര ആളുകൾ ഉണ്ട് എന്നുള്ള ഒരു കണക്കെടുപ്പ് ആണ് എന്നാണ്. എന്നാൽ കാര്യങ്ങൾ അങ്ങനെ ലളിതമായി കാണാൻ കഴിയില്ല. ജാതി സെൻസസ് എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ ജാതികളെയും കണ്ടെത്തുക, അവയുടെ കണക്കെടുക്കുക, ആ ജാതിയിൽ ഉൾപ്പെടുന്ന ആളുകളുടെ സമൂഹത്തിലെ പങ്കാളിത്തത്തെ കുറിച്ച് മനസ്സിലാക്കുക, സമൂഹ വിഭവങ്ങളിൽ അവരുടെ സ്വാധീനം തുടങ്ങിയവ കൃത്യമായി മനസ്സിലാക്കുക എന്ന് തുടങ്ങി ദീർഘമായ ലക്ഷ്യങ്ങളാണ് അവയ്ക്കുള്ളത്. ഓരോ ജാതി വിഭാഗത്തിലും ഉൾപ്പെടുന്ന വ്യക്തികളുടെ വിദ്യാഭ്യാസം, തൊഴിൽ, കൈവശം വയ്ക്കുന്ന സ്വത്തിന്റെ അളവുകൾ തുടങ്ങി സമൂഹത്തിലെ അവരുടെ സ്ഥാനം നിർണയിക്കുന്ന അടിസ്ഥാന വിവരങ്ങൾ എല്ലാം ജാതി സെൻസസ് വഴിയാണ് ലഭ്യമാവുക. സാധാരണ ഇന്ത്യയിൽ നടക്കുന്ന ദേശീയ സെൻസസിൽ ഇത്തരം ജാതി തിരിച്ചുള്ള കണക്കുകൾ ശേഖരിക്കാറില്ല. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ കുറിച്ചുള്ള കണക്കുകൾ ശേഖരിക്കാറുണ്ടെങ്കിലും മറ്റു ജാതികളെ കുറിച്ചുള്ള കണക്കുകളോ ജാതി സംബന്ധിച്ച മറ്റു ചോദ്യങ്ങളോ സെൻസസിൽ ഉൾപ്പെടുത്തിയിട്ടില്ല. ജാതി വിഭജനം പോലുള്ള കാര്യങ്ങൾ സമൂഹത്തെ പിന്നോട്ട് അടിക്കുന്ന കാര്യമാണെന്നും, പുരോഗമന സമൂഹത്തിന് ഇത്തരം പ്രതിസന്ധികൾ ഉണ്ടാവാൻ പാടില്ല എന്നും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള ആളുകൾക്ക് നിർബന്ധമുണ്ടായിരുന്നതിനാൽ, ആദ്യ സെൻസസ് മുതൽ തന്നെ ഇന്ത്യയിൽ ഇത്തരം ഒരു രീതി പിന്തുടർന്നിരുന്നു എന്ന് കാണാം. എന്നാൽ ഇതിലെ ഏറ്റവും കൗതുകകരമായ കാര്യം, അന്നുള്ളതിനേക്കാൾ ഒരുപക്ഷേ ശക്തമായി തന്നെ ജാതിയും, ജാതി അടിസ്ഥാനത്തിലുള്ള വിവേചനവും നമ്മുടെ സമൂഹത്തിൽ ഇന്നും കാണുന്നുണ്ട് എന്നതാണ്.
ജാതി സെൻസസിന്റെ ചരിത്രം തുടങ്ങുന്നത് ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നുമാണ്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 1881 മുതൽ 1931കാലം വരെ ഇന്ത്യയിൽ കൃത്യമായ ഇടവേളകളിൽ ജാതി സെൻസസ് നടന്നിരുന്നു. ഇന്ത്യയിലെ മനുഷ്യരുടെ ജാതി തിരിച്ചുള്ള കണക്ക്, അവരുടെ തൊഴിൽ തുടങ്ങിയ വിവരങ്ങൾ ബ്രിട്ടീഷ് ഭരണകൂടം ശേഖരിച്ച് സൂക്ഷിച്ചിരുന്നു. അവസാനത്തെ ജാതി സെൻസസ് നടന്നത് 1931ൽ ആണെന്ന് കാണാം. ബ്രിട്ടീഷ് ഇന്ത്യയിലെ സെൻസസ് കമ്മീഷണർ ആയിരുന്ന ‘ജെ എച്ച് ഹട്ടന്റെ’ നേതൃത്വത്തിലാണ് അവസാനമായി പൂർണ്ണ ജാതി സെൻസസ് നടന്നത്. പിന്നീട് 1941ൽ ഒരു സെൻസസ് പ്രവർത്തനം നടന്നിരുന്നുവെങ്കിലും, രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ പൂർണ്ണമാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിട്ടിയ വിവരങ്ങൾ ഒന്നും പിന്നീട് പരസ്യപ്പെടുത്തിയതുമില്ല.
REPRESENTATIVE IMAGE | WIKI COMMONS
ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം ശക്തമാകുന്നതും, സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇന്ത്യൻ ജനത ചർച്ച ചെയ്യുന്നതും. ജാതി വ്യവസ്ഥ എന്നത് ഇന്ത്യൻ സമൂഹത്തിലെ ഹിന്ദുക്കൾക്കിടയിലുള്ള ഒരു പ്രശ്നമാണെന്ന് ഗാന്ധിജി വാദിച്ചപ്പോൾ, അത് അത്തരത്തിൽ ഒന്നല്ല എന്നും അത് ഘടനാപരമായ അസമത്വം ആണെന്നും അംബേദ്കർ വാദിച്ചു. ചരിത്രത്തിൽ പ്രസിദ്ധമായ 1930കളിലെ ഗാന്ധി അംബേദ്കർ ചർച്ച നടക്കുന്നത് ഈ സന്ദർഭത്തിലാണ്. ആ കാലത്ത് തന്നെ മുസ്ലിമുകൾക്ക് പ്രത്യേക സംവരണം തിരഞ്ഞെടുപ്പിലടക്കം ഉണ്ടായിരുന്നു. ജാതി എന്നത് സമൂഹത്തിൽ നിലനിൽക്കുന്ന ശക്തമായ ഒരു ആചാരം പോലെ ആണെന്നും, അതിൽ ഉയർന്നത്തട്ടിൽ നിൽക്കുന്നവർക്ക് ഒരിക്കലും അതിന്റെ പ്രശ്നങ്ങൾ മനസ്സിലാകുകയില്ലെന്നും അംബേദ്കർ വാദിച്ചു. അതുകൊണ്ടുതന്നെ താഴ്ന്ന ജനത എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിന് കൃത്യമായ അധികാരം സംവരണത്തിലൂടെ ഉറപ്പുവരുത്തണമെന്നും അംബേദ്കർ ആവശ്യപ്പെട്ടു.
“തെരുവിലെ വിളക്കുകാലിൽ എന്നെ തൂക്കിക്കൊന്നാലും ഞാൻ എൻറെ ജനതയെ ഒറ്റു കൊടുക്കില്ല” എന്ന ഈ പ്രസിദ്ധമായ അംബേദ്കറുടെ പ്രഖ്യാപനം ഇന്ത്യയിലെ ജാതി സമരങ്ങളുടെയും, സംവരണത്തിന്റെയും ശക്തമായ ഒരു അധ്യായമായി കൂടി പരിഗണിക്കേണ്ടതാണ്. 1932ലെ പൂന പാക്റ്റും, കമ്മ്യൂണൽ അവാർഡും, അതിനെ തുടർന്നുള്ള നിരവധിയായ ചർച്ചകളും സമരങ്ങളും എല്ലാം ജാതി പ്രശ്നങ്ങളെ മുൻനിർത്തി ഉള്ളതാണെന്ന് കൂടി കാണാം. ഇന്ത്യയിൽ നിലനിൽക്കുന്ന ജാതിയും, അവ മുന്നോട്ടുവയ്ക്കുന്ന അസമത്വങ്ങളും കൃത്യമായി ആ കാലത്ത് തന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും അതിന് രാഷ്ട്രീയപരമായ പരിഹാരം ഒന്നും ആ കാലത്ത് ലഭിച്ചിരുന്നില്ല. പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം 1951ൽ നടന്ന ആദ്യ സെൻസസിലും ഓബിസി(OBC)യെ ഒഴിവാക്കുകയും പട്ടികജാതി, പട്ടികവർഗ്ഗ(SC,ST) വിഭാഗങ്ങളുടെ വിവരങ്ങൾ മാത്രം ശേഖരിച്ച് മുന്നോട്ടു പോവുകയും ചെയ്തു.
അതേസമയം ഭരണഘടന നിർദ്ദേശിക്കുന്നതുപോലെ സംവരണ വ്യവസ്ഥകളും ഇന്ത്യയിൽ നടപ്പിലാക്കപ്പെട്ടു. മൗലിക അവകാശങ്ങളിൽ ഉൾപ്പെടുത്തി സമത്വം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ചൂഷണങ്ങളെ ഒഴിവാക്കുകയും ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം 15,16 വകുപ്പിലും ഉപവകുപ്പുകളിലുമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിയമപരമായ ഒരു യാഥാർത്ഥ്യമായി ഇത് നിലനിൽക്കെ തന്നെ സമൂഹത്തിലെ ജാതി ചൂഷണങ്ങൾ കൃത്യമായി അതിന്റെ ചരിത്രപരമായ സ്വഭാവം പിന്തുടരുന്നതായി കാണാം. പിന്നീട് 1961ൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ ഒബിസി കണക്കെടുപ്പ് ഒരു സർവ്വേ ആയി നടത്താമെന്ന് ഉത്തരവ് നൽകിയെങ്കിലും കാര്യമായ ഇടപെടലുകൾ ഒന്നും എല്ലാ സംസ്ഥാനങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടായില്ല. കലേൽക്കർ കമ്മീഷൻ റിപ്പോർട്ട് കാര്യമായി പരിഗണിക്കപ്പെട്ടിട്ടില്ല എങ്കിലും പിന്നീട് 1979ൽ നിയമിക്കപ്പെട്ട മണ്ഡൽ കമ്മീഷനാണ് കുറച്ചുകൂടി സമഗ്രമായി ഈ വിഷയം കൈകാര്യം ചെയ്തത്. തന്റെ റിപ്പോർട്ട് തയ്യാറാക്കുന്നതിന് ശ്രീ മണ്ഡൽ അടിസ്ഥാനമാക്കി എടുത്തത് 1931ലെ ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന അവസാനത്തെ പൂർണ ജാതി സെൻസസ് ആയിരുന്നു എന്നും കാണാം. തൊണ്ണൂറുകൾക്കു ശേഷം നടപ്പിലാക്കിയ തൊഴിലിലും വിദ്യാഭ്യാസത്തിലുമുള്ള 27 ശതമാനത്തോളം പിന്നോക്ക സംവരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ കമ്മീഷന്റെ നിർദ്ദേശത്തെ അടിസ്ഥാനപ്പെടുത്തിയാണ് വന്നത്.
ബി ആർ അംബേദ്കർ | PHOTO: WIKI COMMONS
ജാതി സെൻസസ്: ഒരു രാഷ്ട്രീയ വിഷയം
ഇന്ത്യാ രാജ്യത്തിലെ ഏതാണ്ട് അറുപതോളം വരുന്ന ആളുകളുടെ പല കാലങ്ങളിലായുള്ള ആവശ്യമാണ് ഇന്ത്യയിൽ ഒരു പൂർണ്ണജാതി സെൻസസ് നടപ്പിൽ വരുത്തുക എന്നത്. സ്വതന്ത്ര ഇന്ത്യയിൽ നിരവധിയായ സർക്കാരുകൾ മാറി വന്നിട്ടുണ്ടെങ്കിലും ഒരു ഗവൺമെന്റ് പോലും ജാതി സെൻസസ് നടത്തണമെന്ന വിഷയം ഗൗരവമായി പരിഗണിച്ചിരുന്നില്ല. മണ്ഡൽ കമ്മീഷൻ ഉൾപ്പെടെയുള്ള നിരവധി കമ്മീഷനുകൾ കേന്ദ്രവും പല സംസ്ഥാനങ്ങളും ഇതിനകം ഈ വിഷയത്തെക്കുറിച്ച് പഠിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട് എങ്കിലും, ആധികാരികമായ ഒരു ജാതി സെൻസസ് ഇന്ത്യയിൽ നടന്നിട്ടില്ല. ഇതിനു കാരണമായി പല വിഷയങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട് എങ്കിലും, ഏറ്റവും ആധികാരികമായി പറയുന്നത് രാഷ്ട്രീയ പാർട്ടിക്കാരുടെ സങ്കുചിത താല്പര്യങ്ങൾ എന്ന നിലയ്ക്കാണ്, വിശേഷിച്ച് പ്രധാന ദേശീയ രാഷ്ട്രീയ പാർട്ടികൾ പിന്തുടരുന്ന ജാതിബോധവും സവർണ്ണ ബോധവുമാണ് ഇതിന്റെ കാരണമെന്നാണ്. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ സമൂഹത്തിൽ നിലനിൽക്കുന്ന ജാതി യാഥാർത്ഥ്യത്തെ ഒരു തരത്തിലും പരിഷ്കരിക്കേണ്ടതില്ല എന്ന പ്രാകൃതമായ ചിന്ത വച്ച് പുലർത്തുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രവർത്തന ഫലമായാണെന്ന് കാണാം. ഭരണഘടന നിശ്ചയിച്ചിട്ടുള്ള സംവരണ വ്യവസ്ഥിതികൾക്ക് അപ്പുറത്ത് പുതിയതായി ഒന്നും ഇന്ത്യയിലെ ജാതിവ്യവസ്ഥയിൽ നിലനിർത്തേണ്ടതില്ലെന്നും, ജാതി വിഭാഗങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ പരിഷ്കരിക്കേണ്ടതില്ലെന്നും ആണ് ഈ കൂട്ടർ കരുതിയത്.
ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 340 അനുസരിച്ച് രാജ്യത്തെ സാമൂഹികവും വിദ്യാഭ്യാസ പരവുമായി പിന്നോട്ട് നിൽക്കുന്ന ജനതയെക്കുറിച്ച് പഠിക്കാനുള്ള കമ്മീഷനുകൾ നിയമിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും, ഇത്തരം റിപ്പോർട്ടുകൾ എക്കാലവും കടലാസിൽ ഉറങ്ങുന്ന ചരിത്രമാണ് ഇന്ത്യയ്ക്ക് പറയാനുള്ളത്. രാഷ്ട്രീയ നേതൃത്വം കാര്യമായ ഒരു ഇടപെടലും ഇത്തരം വിഷയങ്ങൾ പരിഹരിക്കുന്നതിന് ശ്രമിച്ചിട്ടില്ല എന്ന് കാണാം. ഹിന്ദി ഹൃദയ ഭൂമിയിലെ സാമൂഹ്യനീതി എന്ന ആശയം മുൻനിർത്തി രൂപം കൊണ്ട പ്രധാന രാഷ്ട്രീയ പാർട്ടികളായ സമാജ് വാദി പാർട്ടി(SP), ജനതാദൾ യുണൈറ്റഡ്(JDU), രാഷ്ട്രീയ ജനതാദൾ(RLD), ബഹുജൻ സമാജ് പാർട്ടി(BSP) എന്നിവയ്ക്കൊപ്പം ഇടതുപക്ഷ പാർട്ടികളും കൃത്യമായ ഒരു ജാതി സെൻസസ് നടപ്പിലാക്കണമെന്ന് രാഷ്ട്രീയമായിത്തന്നെ ആവശ്യപ്പെട്ടിരുന്നു. 2011ൽ നടന്ന സെൻസസിന്റെ പിന്നിലും ഇത്തരം രാഷ്ട്രീയ പാർട്ടികളുടെ ശക്തമായ സ്വാധീനം നമുക്ക് കാണാൻ കഴിയും. രണ്ടാം യുപിഎ(UPA) സർക്കാരിന്റെ കാലത്ത് നടന്ന ആ സെൻസസിലെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും അവസാനമായി നടന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിന്റെ രാഷ്ട്രീയ മുദ്രാവാക്യമായി ജാതി സെൻസസ് നടപ്പിൽ വരുത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. 2024 ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ശ്രീ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയിലും ഇന്ത്യയിൽ ജാതി സെൻസസ് നടപ്പിൽ വരുത്തണമെന്നും അത് തങ്ങൾ അധികാരത്തിൽ വന്നാൽ ചെയ്യുമെന്നും പറഞ്ഞിരുന്നു.
ഭാരതീയ ജനത പാർട്ടി(BJP) എന്ന ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന പ്രധാന കക്ഷി, ജാതി സെൻസസിനെ ശക്തമായി എതിർത്തിരുന്നു. ആ രാഷ്ട്രീയ പാർട്ടിക്ക് സൈദ്ധാന്തികമായ പിന്തുണ നൽകുന്ന രാഷ്ട്രീയ സ്വയംസേവക സംഘം(RSS) ഇന്ത്യയിലെ ജാതി വൈവിധ്യത്തെ അത്ര പ്രകടമായി അംഗീകരിച്ചിരുന്നില്ല, അതുകൊണ്ടുതന്നെ ജാതി സെൻസസ് പോലുള്ള ഒരു പ്രക്രിയയെ അവർ എതിർത്തിരുന്നു. എന്നാൽ മൂന്നാം തവണയും അധികാരത്തിൽ വന്ന ശ്രീ നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ(NDA) സർക്കാർ ഇപ്പോൾ കൃത്യമായ ഒരു രാഷ്ട്രീയ ചുവടുമാറ്റം നടത്തിയിരിക്കുന്നത് കാണാം. 2025 ഏപ്രിൽ 30ന് ചേർന്ന രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ്(CCPA) കേന്ദ്രസർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാൽ ഇത് തീർത്തും നിഷ്കളങ്കമായ ഒരു തീരുമാനമായി മാത്രം കാണാൻ കഴിയില്ല. അടുത്തിടെ നടക്കാൻ പോകുന്ന ബീഹാർ നിയമസഭയിലേക്ക് ഉള്ള തെരഞ്ഞെടുപ്പ് ഉൾപ്പെടെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ എത്തിയത് എന്നൊരു വിമർശനം കൂടി നിലനിൽക്കുന്നുണ്ട്. കുറച്ചുകാലമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭാരതീയ ജനത പാർട്ടി നടത്തുന്ന ഒബിസി രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖമായി ഈ ജാതി സെൻസസ് പ്രവർത്തനത്തേയും കാണാവുന്നത്. ജാതി എക്കാലവും ഗൗരവമായ വിഷയമായി എടുക്കുന്ന ഒരു രാഷ്ട്രീയമാണ് ബീഹാറിനുള്ളത്. സംസ്ഥാനം എന്ന നിലയിൽ ബീഹാർ സ്വന്തമായി ഒരു ജാതി സെൻസസ് നടത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയമായി അധികാരം നേടുന്നതിന് ഏറ്റവും നല്ല തെരഞ്ഞെടുപ്പ് തന്ത്രമായി കൂടി ജാതി സെൻസസ് ഉപയോഗിക്കാവുന്നതാണ്. ഒരേസമയം പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചു എന്ന പൊതു നിലപാട് എടുക്കുന്നത് വഴി പ്രതിപക്ഷത്തിന്റെ ആവശ്യത്തിലൂടെ തങ്ങൾക്ക് രാഷ്ട്രീയ വിജയം നേടാവുന്ന ഒരു ചടുലമായ രാഷ്ട്രീയ നീക്കം കൂടിയാണ് കേന്ദ്രസർക്കാർ നടത്തുന്നത് എന്നും രാഷ്ട്രീയ നിരീക്ഷകർക്ക് അഭിപ്രായമുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
കാതലായ ജാതി പ്രശ്നങ്ങൾ നിലനിർത്തുകയും എല്ലാക്കാലത്തെ തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ ഈ പ്രശ്നങ്ങളെ ഉണങ്ങാത്ത വൃണം പോലെ സൂക്ഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയ അപക്വതയെ നമ്മൾ തിരിച്ചറിയേണ്ടതും ചോദ്യം ചെയ്യേണ്ടതുമുണ്ട്. ജാതിയുടെ തടവുകാരായി സമൂഹത്തിന്റെ വെളിച്ചം എത്താത്ത ഇടങ്ങളിൽ അധിവസിക്കുന്ന ജീവിതങ്ങൾക്ക് മെച്ചപ്പെട്ടതും, നവീനവുമായ ഒരു ജീവിതം സൃഷ്ടിക്കേണ്ട മൗലികവും രാഷ്ട്രീയവുമായ ഉത്തരവാദിത്വത്തിൽ നിന്നും രാഷ്ട്രീയപാർട്ടികൾ കേവലം തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് വേണ്ടി മാത്രം ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യുമ്പോൾ അത് നമ്മുടെ ഭരണഘടനാ മൂല്യങ്ങൾക്കും ഒപ്പം മനുഷ്യത്വ മൂല്യങ്ങൾക്കും എതിരായ വെല്ലുവിളിയാണെന്ന വസ്തുത കൂടി ഇവിടെ തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയ പാർട്ടികൾ ക്രിയാത്മകമായ നിലപാടുകൾ സ്വീകരിക്കുകയും അതുവഴി എല്ലാ വിഭാഗം ജനങ്ങളെയും ആനുപാതികമായി പരിഗണിക്കുന്ന ഒരു മെച്ചപ്പെട്ട വ്യവസ്ഥ സൃഷ്ടിക്കുന്നതിനും വേണ്ട ഇടപെടലുകളാണ് നടത്തേണ്ടത് എന്ന കാര്യം കൂടെ വീണ്ടും ഓർമിപ്പിക്കാതെ വയ്യ.
ജാതി സെൻസസ്: ഒരു സാമൂഹ്യ വിഷയം
ഇന്ത്യാ രാജ്യത്ത് എക്കാലവും ശക്തമായി നിൽക്കുന്ന ഒരു സാമൂഹ്യ യാഥാർത്ഥ്യമാണ് ജാതി. ജാതി ഒരേസമയം വ്യക്തിപരമായും സാമൂഹ്യപരമായും നിൽക്കുന്ന ഒരു അവസ്ഥ കൂടിയാണ് ഒരു വ്യക്തിക്ക് അയാളുടെ ജാതിയിൽ നിന്ന് ഒരിക്കലും പുറത്തു കടക്കാൻ കഴിയില്ല. ‘കോണികൾ ഇല്ലാത്ത പല നിലകളിലായുള്ള ഒരു കെട്ടിടം’ എന്ന നിലയ്ക്കാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥയെ പൊതുവിൽ ഉദാഹരിക്കാറുള്ളത്. ഒരു നിലയിൽ നിന്നും മറ്റൊരു നിലയിലേക്ക്, ഒരിക്കലും കയറാൻ കഴിയാത്ത വിധം ഒറ്റപ്പെട്ട് നിൽക്കുന്ന മനുഷ്യ സമൂഹങ്ങളുടെ ഒരു ആകെ തുകയാണ് ജാതി വ്യവസ്ഥ. സമത്വം എന്ന ആശയത്തെ മുൻനിർത്തുന്ന വളരെ പ്രകടമായ ഒരു ഭരണഘടന നമുക്ക് ഇന്ന് ഉണ്ട്. നവോത്ഥാനം ഉൾപ്പെടെയുള്ള നിരവധിയായ സാമൂഹിക മുന്നേറ്റങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും, പ്രത്യേകിച്ച് കേരളത്തിൽ ഉൾപ്പെടെ നടന്നിട്ടുമുണ്ട്. എന്നിരുന്നാലും കാര്യമായ ഒരു വ്യത്യാസവും ഇന്ത്യൻ ജാതീയതയിൽ വന്നിട്ടില്ല എന്ന് നമുക്ക് കാണാൻ കഴിയും. ഇതിന് നീണ്ട തീയതികളുടെ പിൻബലം ഒന്നും ആവശ്യമില്ല മറിച്ച് ഇന്ത്യയിൽ നിലനിൽക്കുന്ന സമൂഹത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ മാത്രം മതി.
ഒരു വിഭാഗം സമൂഹത്തിൽ അസമത്വം അനുഭവിക്കുകയും മറ്റൊരു വിഭാഗം ആ അസമത്വം ശരിയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക അന്തരീക്ഷത്തിലാണ് ഇന്ത്യൻ ജാതീയത നിലനിൽക്കുന്നത്. അതിനാൽ തന്നെ അത് ഒരു അനീതിയാണെന്ന് പോലും ഇന്ത്യയിലെ ബഹുഭൂരിപക്ഷവും കരുതുന്നില്ല എന്നതാണ് നമ്മളെ ഞെട്ടിക്കുന്ന സാമൂഹ്യ യാഥാർത്ഥ്യം. പട്ടികജാതി, പട്ടികവർഗ്ഗ, ദളിത് വിഭാഗത്തിൽ ഉൾപ്പെടുന്ന ആളുകളുടെ സമൂഹത്തിലെ, പൊതുമേഖലകളിലെയും പ്രാതിനിധ്യം എടുത്ത് പരിശോധിച്ചാൽ നമുക്ക് ഈ സാമൂഹിക വിടവ് കൃത്യമായി ദർശിക്കാൻ കഴിയും. രാജ്യത്താകമാനം ഉള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ശരാശരി എട്ടു ശതമാനത്തിലും കുറവാണ് പട്ടികജാതി വർഗ്ഗ വിഭാഗക്കാരുടെ നിയമനം. പൊതുമേഖല ബാങ്കുകളിലും ഇതര പൊതുമേഖല സ്ഥാപനങ്ങളിലുമുള്ള സ്ഥിതി വ്യക്തമല്ല. സാധാരണ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പ്രാതിനിധ്യം ഏതാണ്ട് 15 മുതൽ 40 ശതമാനം വരെ ഉണ്ടെങ്കിലും രാജ്യത്തെ പ്രമുഖമായ വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഐഐടി(IIT) പോലുള്ള സ്ഥാപനങ്ങളിലും നാമമാത്ര സാന്നിധ്യമാണ് താഴെത്തട്ടിൽ ഉള്ളവർ എന്ന് വിളിക്കപ്പെടുന്ന ജാതി വിഭാഗത്തിന് ഇപ്പോഴും ലഭിക്കുന്നത്. ജാതിവ്യവസ്ഥ കേവലം സാമ്പത്തിക പുരോഗതിയോട് കൂടി മറികടക്കാൻ കഴിയുന്ന ഒരു നേർത്ത അവസ്ഥയല്ല മറിച്ച് ഒരാൾ സാമ്പത്തികമായി എത്ര ഉയർന്നാലും അയാളുടെ ജാതി അയാളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നതിന് ശക്തമായ ഒരു ഉപാധിയായി നിലനിൽക്കുന്നുണ്ട് എന്ന് കാണാം. സവർണ്ണനെന്നും അവർണ്ണനെന്നും വിളിക്കപ്പെടുന്ന വർത്തമാന ഇന്ത്യൻ യാഥാർത്ഥ്യം കൂടിയാണ് അത്. ഈ അവസ്ഥ നിലനിൽക്കുന്നത് കൊണ്ടാണ് ഇന്ത്യയിൽ ഒരു ജാതി സെൻസസ് നടപ്പിലാക്കണം എന്ന് പറയുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
ഈ രാജ്യത്ത് ബഹുഭൂരിപക്ഷം പദവികളും സ്വത്തുകളും എല്ലാം കൈവശം വച്ചിരിക്കുന്നത് ഉയർന്ന ജാതിക്കാർ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിൽ ആണെന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ ആനുപാതിക പ്രാതിനിധ്യം കൃത്യമായി ലഭിക്കുന്നതിനും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും എല്ലാ ജാതിവിഭാഗത്തിനെയും തിരിച്ചറിയുകയും, അവരുടെ സമൂഹത്തിലെ സ്ഥാനം എന്താണെന്ന് വ്യക്തമായി മനസ്സിലാക്കേണ്ടതിന്റെയും ആവശ്യകതയുണ്ട്. ഓരോ ജാതി വിഭാഗത്തിലെ ആളുകളുടെ എണ്ണം അവർ സമൂഹത്തിൽ ഉപയോഗിക്കുന്ന വിഭവങ്ങളുടെ അളവ് അവരുടെ വിദ്യാഭ്യാസം അവരുടെ തൊഴിൽ തുടങ്ങി അടിസ്ഥാന വിവരങ്ങൾ കൃത്യമായി ലഭിച്ചാൽ മാത്രമാണ് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടി അനുയോജ്യമായ നിയമനിർമ്മാണവും മറ്റു കാര്യപരിപാടികളും സർക്കാർതലത്തിൽ സംഘടിപ്പിക്കാൻ കഴിയുക. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ കുറെയൊക്കെ സാമൂഹികമായ പുരോഗമനം സംഭവിച്ച ഒരു ഇടമായാണ് കേരളത്തെ അടയാളപ്പെടുത്തുന്നത്, എങ്കിലും ജാതി വ്യവസ്ഥയുടെ ചില ഇരുണ്ട ഇടനാഴികൾ ഇപ്പോഴും നമ്മുടെ സമൂഹത്തിലും ഉണ്ടെന്ന് കാണാം. ചരിത്രപരമായ പല സമരപോരാട്ടങ്ങളിലൂടെയും ജാതി പ്രാതിനിധ്യം ഉറപ്പുവരുത്താനും സാമൂഹ്യനീതി ഉറപ്പുവരുത്താനും കേരളത്തിലെ പല മുന്നേറ്റങ്ങൾക്കും പൂർവ്വതലത്തിൽ കഴിഞ്ഞിട്ടുണ്ട്. 1891ലെ മലയാളി മെമ്മോറിയൽ, 1896ലെ ഈഴവ മെമ്മോറിയൽ, 1931-38 കാലത്ത് നടന്ന നിവർത്തന പ്രക്ഷോഭങ്ങൾ പോലെയുള്ള പോരാട്ടങ്ങൾ സമൂഹത്തിലെ ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യനീതിയെ ഉറപ്പുവരുത്തുന്ന പോരാട്ടങ്ങളിലെ ചില ഉദാഹരണങ്ങൾ മാത്രമാണ്. സാമൂഹിക അസമത്വവും അടിമത്തവും ഇല്ലാതാക്കുകയും, എല്ലാ ജാതി വിഭാഗത്തെയും ഒരുപോലെ പരിഗണിക്കേണ്ടതും ഉണ്ടെന്ന പുരോഗമന കാഴ്ചപ്പാട് ആ കാലത്ത് സാമൂഹ്യ പരിഷ്കർത്താക്കൾക്ക് ഉണ്ടായിരുന്നു. തീവ്രമായി അവകാശങ്ങൾ ചോദിച്ചു വാങ്ങുകയും പരിഷ്കരണത്തിന് നേതൃത്വം നൽകുകയും ചെയ്ത മഹാത്മ അയ്യങ്കാളിയെ ഈ സന്ദർഭത്തിൽ തീർച്ചയായും ഓർക്കേണ്ടതാണ്. ജാതി എന്ന വ്യവസ്ഥയെ തന്നെ എതിർത്തിരുന്നുവെങ്കിലും ശ്രീനാരായണഗുരു ഒരു സാമൂഹ്യ യാഥാർത്ഥ്യം എന്ന നിലയ്ക്ക് ജാതിയെ മനസ്സിലാക്കുകയും എല്ലാ വിഭാഗം ജാതിക്കാർക്കും പൊതു സമൂഹത്തിൽ തുല്യത വേണമെന്ന് ശക്തമായി വാദിക്കുകയും ചെയ്തിരുന്നു.
ചരിത്രത്തിൽ ഇത്തരം നിരവധിയായ പോരാട്ടങ്ങളും മുന്നേറ്റങ്ങളും നമുക്ക് കാണാൻ കഴിയുമെങ്കിലും ഒരു വിഭാഗം ജനങ്ങളുടെ മനസ്സിലും പ്രവർത്തിയിലും ഇന്നും പ്രകടമായി ചില ജാതിവ്യവസ്ഥതയുടെ മനുഷ്യത്വ വിരുദ്ധമായ പ്രവർത്തനങ്ങൾ കാണാം. അതുകൊണ്ടുതന്നെയാണ് സംവരണം പോലെയുള്ള നടപടികൾ തങ്ങളുടെ അവകാശത്തിന് മേലുള്ള വെല്ലുവിളിയാണെന്ന് ഉയർന്ന സമുദായങ്ങൾ ഇപ്പോൾ പറയുന്നത്. അടിസ്ഥാനപരമായി ഇന്ത്യൻ ഭരണഘടന സംവരണം എന്ന ആശയം സാമൂഹികമായും വിദ്യാഭ്യാസപരവുമായാണ് പരിഗണിച്ചിട്ടുള്ളത്. അതിൽ ഒരിക്കലും സാമ്പത്തികം ഒരു ഘടകമല്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരാൾ സാമ്പത്തികമായി മെച്ചപ്പെട്ടു എന്നാൽ പോലും അദ്ദേഹം ജാതി വ്യവസ്ഥയുടെ ബാധ്യതകളിൽ നിന്നും മുക്തനല്ല എന്ന് അർത്ഥം . സാമൂഹിക നീതി മുൻനിർത്തി അനർഹരെ കൃത്യമായി ഒഴിവാക്കുകയും അർഹതപ്പെട്ടവരുടെ കയ്യിലേക്ക് അവകാശപ്പെട്ട സാധ്യതകളും അവസരങ്ങളും നിർമ്മിച്ചു കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ബഹിരാകാശത്തിന്റെ അനന്തസാധ്യതകളിലേക്ക് ഒരു വശത്ത് ഗവേഷണം നടക്കുമ്പോൾ, സമൂഹത്തിന്റെ ഇടങ്ങളിൽ നിന്നും ജാതിയുടെ പേരിൽ ഒരു വലിയ വിഭാഗത്തെ മാറ്റിനിർത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല.
ഒരു മനുഷ്യൻ പൂർണ്ണമായി മനുഷ്യ മൂലധനത്തിലേക്ക് എത്തുന്നത് അവന് ലഭിക്കുന്ന സാമൂഹിക സാമ്പത്തിക ഘടകങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്. തന്റെ ചുറ്റുപാടുകൾ വ്യക്തിയുടെ സമഗ്ര വികസനത്തിൽ സ്വാധീനിക്കും എന്നർത്ഥം. അതിനാൽ തന്നെ എല്ലാവർക്കും എല്ലാ അവസരങ്ങളും ലഭിക്കേണ്ടതുണ്ട് എന്നതാണ് പൊതു കാഴ്ചപ്പാട്. എന്നാൽ ജാതി പോലുള്ള വ്യവസ്ഥകൾ സമൂഹത്തിൽ ഇപ്പോഴും ശക്തമായി നിലനിൽക്കുന്നതിനാൽ എല്ലായിടങ്ങളിലേക്കും എല്ലാ മനുഷ്യർക്കും കടന്നു ചെല്ലാൻ കഴിയുന്നില്ല എന്നതാണ് നമ്മുടെ സാമൂഹിക വസ്തുത. അതുകൊണ്ടുതന്നെയാണ് ഇന്നും സംവരണ സീറ്റുകളിൽ മാത്രം ബഹുഭൂരിപക്ഷം പിന്നോക്കക്കാർ നിൽക്കുന്നതും സംവരണ വിഭാഗങ്ങളിൽ മാത്രം അവർ ജോലി ചെയ്യുന്നതും. ഈ അവസ്ഥ ശരിക്കും മാറേണ്ടതുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
ജാതി സെൻസസ് ഇന്ത്യയിൽ ഒരേസമയം സാമൂഹികവും രാഷ്ട്രീയപരവുമായ ഒരു പ്രശ്നമാണ്. എന്തുകൊണ്ടെന്നാൽ അതിൽ രാഷ്ട്രീയ താൽപര്യങ്ങളും സാമൂഹിക യാഥാർത്ഥ്യങ്ങളും തമ്മിലുള്ള പ്രത്യക്ഷ പോരാട്ടമാണ് നടക്കുന്നത്. ഒരേസമയം ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയും, അതേസമയം സാമൂഹ്യ യാഥാർത്ഥ്യമായ ജാതിയുടെ മേധാവിത്വം നിലനിർത്തുകയും ചെയ്യേണ്ട പരസ്പര വൈരുദ്ധ്യം നിറഞ്ഞ ഒരു യുക്തിയാണ് ഈ പ്രശ്നങ്ങളുടെ കാതൽ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം ഇത്തരം പ്രശ്നങ്ങളെ സമീപിക്കുന്നതിൽ അർത്ഥമില്ല. ജാതി സെൻസസ് പോലുള്ള ഒരു വിഷയം ഒരർത്ഥത്തിൽ ഒരു രാഷ്ട്രീയ വിഷയമാണെങ്കിലും, അതിനെ നമ്മൾ വിശാലമായ സാമൂഹിക പുരോഗമന കാഴ്ചപ്പാടിലൂടെ കാണേണ്ടതുണ്ട്. അടിസ്ഥാനപരമായി ജാതിയുടെ പേരിൽ ഒരു വിവേചനം നേരിടാത്ത ജനതയുള്ള സമൂഹമാണ് നാം സൃഷ്ടിക്കേണ്ടത്. എന്നാൽ വർത്തമാന ഇന്ത്യൻ യാഥാർത്ഥ്യം അത്രത്തോളം പരുവപ്പെടാത്ത സാഹചര്യത്തിൽ ജാതി വിഭാഗങ്ങളെ കൃത്യമായി കണ്ടെത്തി അർഹതപ്പെട്ടവർക്ക് കൃത്യമായ സംവരണം ഉറപ്പുവരുത്തേണ്ടതുണ്ട്.
ഒരു വിഭാഗം ജനത പോലും അവകാശങ്ങൾ ലഭിക്കാതെ സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്നും പിന്തള്ളപ്പെട്ടുകൂടാ. അതിന് നാം കൃത്യമായി എല്ലാ വിഭാഗത്തെയും തിരിച്ചറിയേണ്ടതും, അവയെ നമ്മുടെ കണക്കുകളിലേക്ക് ഉൾചേർക്കേണ്ടതുമുണ്ട്. രാഷ്ട്രീയ താൽപര്യങ്ങൾ മാറ്റിവെച്ച് സാമൂഹ്യപുരോഗതിയെ മുൻനിർത്തി സമയബന്ധിതവും കൃത്യവുമായി ജാതി സെൻസസ് പൂർത്തീകരിക്കുകയും, ലഭ്യമായ വിവരങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കേണ്ടതുമാണ്. കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും ബന്ധപ്പെട്ട വിഷയത്തിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ നിയമനിർമാണങ്ങൾ നടത്താനും, സാമൂഹിക പുരോഗതിക്ക് വേണ്ടിയുള്ള പ്രക്രിയയിൽ എല്ലാ വിഭാഗം ജനങ്ങളെ ആനുപാതിക പ്രാതിനിധ്യ പ്രകാരം തന്നെ ചേർക്കാനും ഇത്തരം ജാതി സെൻസസ് പോലെയുള്ള പ്രവർത്തനങ്ങൾക്ക് കഴിയണം. സാധ്യമായ എല്ലാ വിഭവങ്ങളും എല്ലാ അവസരങ്ങളും ജാതിയുടെ പേരിൽ ഒരു വിഭാഗത്തിനു മാത്രമായി നഷ്ടപ്പെടുമ്പോൾ എങ്ങനെയാണ് ഒരു രാജ്യം വികസിത സമൂഹമാണെന്ന് പറയാൻ കഴിയുക. എല്ലാകാലത്തും പിന്തുടരാനുള്ള ഒരു ഉപകരണമായി അല്ല നമ്മുടെ ഭരണഘടനയിൽ സംവരണം പോലുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത് എന്നാൽ ഒരു വിഭാഗത്തെ പോലും ജാതിയുടെ പേരിൽ നമ്മുടെ സമൂഹത്തിൽ നിന്നും മാറ്റി നിർത്താൻ പാടില്ല എന്ന വിശാലമായ കാഴ്ചപ്പാട് അതിനുണ്ട് താനും. ആയതിനാൽ മെച്ചപ്പെട്ടതും പുരോഗമനവുമായ ഒരു സമൂഹത്തിനു വേണ്ടി ഓരോ ജാതി വിഭാഗത്തിനും അർഹമായ പ്രാതിനിധ്യം നമ്മുടെ ഓരോ പൊതു ഇടങ്ങളിലും സമൂഹത്തിലും ഉറപ്പുവരുത്തേണ്ടത്. എല്ലാ വിഭാഗം മനുഷ്യരുടെയും സാമൂഹിക നീതി ഉറപ്പുവരുത്തേണ്ടത് ധാർമികവും മനുഷ്യത്വപരവുമായ ഒരു ഉത്തരവാദിത്വമാണ്.


