TMJ
searchnav-menu
post-thumbnail

Outlook

ജാതി ഭൂതങ്ങള്‍ കുടത്തില്‍ നിന്നും പുറത്തേക്ക്

05 Jul 2025   |   5 min Read
സിയര്‍ മനുരാജ്

യടുത്ത കാലത്ത് വാര്‍ത്താ മാധ്യമങ്ങളില്‍ കണ്ട ഒരു കാര്യം, കര്‍ണ്ണാടകയില്‍ ഒരു സ്കൂളില്‍ ഉച്ചകഞ്ഞി വെയ്ക്കുവാന്‍ സ്കൂള്‍ അധികൃതര്‍ ഒരു പട്ടികജാതിക്കാരിയെ നിയമിച്ചപ്പോള്‍ സ്കൂളിലെ ഒരു കുട്ടി ഒഴികെ ബാക്കി എല്ലാ കുട്ടികളും ടി സി വാങ്ങി മറ്റ് സ്കൂളുകളിലേക്ക് പോയി എന്നായിരുന്നു. മറ്റൊരു വാര്‍ത്ത, ആന്ധ്രപ്രദേശിലെ ഒരു കോളേജില്‍ അധ്യാപകനായ പട്ടികജാതിക്കാരന്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി ജോലി ചെയ്യുന്ന യൂണിവേഴ്സിറ്റി അയാളോട് ചെയ്യുന്ന ജാതി വിവേചനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് തറയില്‍ ഇരുന്നു ജോലി ചെയ്യുന്നതാണ്‌. നമ്മുടെ കേരളവും ഒന്നിലും പിന്നാക്കം ആവാന്‍ പാടില്ലല്ലോ. കേരളത്തിലെ സര്‍ക്കാര്‍ ഓഫിസില്‍ നിന്നും ഒരു പട്ടികജാതിക്കാരി സ്ഥലം മാറിപ്പോയപ്പോള്‍ അവര്‍ക്ക് ശേഷം വന്ന ആള്‍ പഴയ ജീവനക്കാരി ഇരുന്ന സ്ഥലം പുണ്യാഹം തളിച്ചു ശുദ്ധിയാക്കിയ വാര്‍ത്തയാണ് ഇവിടെ നമ്മള്‍ കേട്ടത്. ഇത്തരം വാര്‍ത്തകള്‍ ഇന്ന് ആളുകളുടെ ശ്രദ്ധയെ പിടിച്ചുപറ്റുകയൊ, അവരില്‍ നിന്നും ഒരു പ്രതികരണം ഉണ്ടാക്കുകയോ ചെയ്യാതെ പത്രത്താളുകളില്‍ തന്നെ ഒടുങ്ങിപ്പോകുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ജാതീയമായ വിവേചനം നൂറ്റാണ്ടുകളായി പലതരത്തില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. ആ വ്യവസ്ഥയോട് എതിരിട്ടും സമരസപ്പെട്ടുമാണ് ആളുകള്‍ ഈ രാജ്യത്ത് ജീവിച്ചുവന്നത്, ഇപ്പോഴും ജീവിതം തുടരുന്നത്.

നിലനില്‍ക്കുന്ന ഒരു സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥയെ അതേപടി നിലനിര്‍ത്തുന്നതിനുള്ള സാമൂഹ്യ രാഷ്ട്രീയ അധികാരവും സമ്പത്തും അധീശ വര്‍ഗ്ഗങ്ങള്‍ക്ക് ജാതി വ്യവസ്ഥ നല്‍കുന്നു. അതിനെതിരെ പൊരുതാന്‍ മറ്റുള്ളവര്‍ക്ക് കഴിയാത്ത വിധം അവരുടെ മേല്‍ സാമൂഹ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സവിശേഷമായ കഴിവ് തങ്ങളുടെ അധികാരവും സമ്പത്തും ഉപയോഗിച്ചുകൊണ്ട് അധീശവര്‍ഗ്ഗങ്ങള്‍ ആര്‍ജ്ജിക്കുന്നു. പ്രാദേശിക രാജഭരണത്തില്‍ നിന്നും വൈദേശിക  ഭരണത്തിലേക്കും ഒടുവില്‍ ജനാധിപത്യത്തിലേക്കും ഇന്ത്യ മാറുകയും, ജാതി വിവേചനം ശിക്ഷാര്‍ഹമായ കുറ്റമായി ഇന്ത്യന്‍ ഭരണഘടന മാറ്റിയെങ്കിലും ഇന്നും മേല്‍ പരാമര്‍ശിച്ച തരത്തിലുള്ള ജാതി വിവേചനങ്ങള്‍ നമ്മുടെ രാജ്യത്ത് തുടരുന്നുണ്ട്. ജാതിയുടെ പേരില്‍ ആളുകളെ കൊന്ന കേസുകള്‍ പോലും. രാജ്യത്തെ നിലവിലുള്ള നിയമം അനുസരിച്ച് അത്തരം കുറ്റങ്ങള്‍ക്ക് ലഭിക്കേണ്ട ശിക്ഷകള്‍ കിട്ടാതെ കുറ്റവാളികള്‍ രക്ഷപ്പെടുന്ന നിരവധി സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ട്. കൊന്നാല്‍ പോലും ശിക്ഷ ഇല്ലെങ്കില്‍ അതിന് താഴെ വരുന്ന കുറ്റങ്ങള്‍ക്ക് കിട്ടാവുന്ന ശിക്ഷകള്‍ ഓര്‍ത്താല്‍ മതി.

ജാതി വ്യവസ്ഥയുടെ ആരാധകര്‍ ഇന്നും പ്രചരിപ്പിക്കുന്ന കാര്യം ജാതി വ്യവസ്ഥ സമൂഹത്തിലെ മുഴുവന്‍ ആളുകള്‍ക്കും ഗുണകരമായ കാര്യമാണ് എന്നാണ്. ഓരോ ജാതിക്കാരും അവരവരുടെ ജാതികള്‍ക്ക് പറഞ്ഞിട്ടുള്ള തൊഴിലുകള്‍ ചെയ്യുന്നത് വഴി മറ്റുള്ളവരോട് മത്സരിക്കാതെ, ഓരോ ജാതിക്കാര്‍ക്കും തൊഴിലും വരുമാനവും, അതുവഴി ഭക്ഷ്യ സുരക്ഷയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും നല്‍കുന്ന അത്ഭുതകരമായ ഒന്നായാണ് ഇത്തരക്കാര്‍ ഇന്നും ജാതി വ്യവസ്ഥയെ ചിത്രീകരിക്കുന്നത്. എന്നാല്‍ ജാതി വ്യവസ്ഥയുടെ ദോഷങ്ങള്‍ എത്രവേണമെങ്കിലും ഇന്ത്യയുടെ വര്‍ത്തമാന ചരിത്രത്തില്‍ പോലും നമുക്ക് കാണാന്‍ കഴിയുമെന്നിരിക്കെ, ജാതിയുടെ ഗുണങ്ങളെ പറ്റി പറയുന്നവരെ കുറഞ്ഞ പക്ഷം ജാതിവിവേചനം നേരിടുന്നവര്‍ എങ്കിലും അവിശ്വസിക്കേണ്ടിയിരിക്കുന്നു.

How has India's caste system lasted for so many centuries?REPRESENTATIVE IMAGE | WIKI COMMONS
രാജ്യത്തെ തൊഴിലിടങ്ങളില്‍ തൊഴില്‍ വിഭജനം ഇന്ന് ജാതിയുടെ അടിസ്ഥാനത്തില്‍ അല്ല നടക്കുന്നത്. ഒരു ജോലിക്ക് മതിയായ യോഗ്യതകള്‍ ഉള്ളവരില്‍ ഏറ്റവും മിടുക്കര്‍ ആയിട്ടുള്ളവരെ കണ്ടെത്തി അവര്‍ക്ക് ജോലി കൊടുക്കുക എന്നതാണ്, സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇതാണ് നടക്കുന്നത്. സംവരണത്തില്‍ നടക്കുന്നതും ഇതേ രീതി തന്നെയാണ്. ഉദാഹരണത്തിന് ഒരാള്‍ ‘’പാവപ്പെട്ട നമ്പൂതിരി’’ ആയതുകൊണ്ട് മാത്രമല്ല അയാള്‍ക്ക് EWS വിഭാഗത്തില്‍ സംവരണം ലഭിക്കുന്നത്. നിലവിലുള്ള അപേക്ഷകരില്‍ ഏറ്റവും മിടുക്കനായി യോഗ്യതാ പരീക്ഷയിലും അഭിമുഖത്തിലും വിജയിച്ചാലേ അയാള്‍ സംവരണത്തിന് അര്‍ഹനാകൂ. ദാരിദ്ര്യവും ജാതിയും ഉണ്ടായാലും കഴിവ് കൂടി ഉണ്ടായാലേ ഒരു നമ്പൂതിരിക്ക് EWSല്‍ ജോലി നേടാന്‍ കഴിയൂ. ഇത് തന്നെയാണ് ജാതി സംവരണത്തിലേയും യുക്തി. ഒരാള്‍ പിന്നാക്ക ജാതിക്കാരന്‍ ആയതുകൊണ്ട് മാത്രം അയാള്‍ക്ക് സംവരണം കിട്ടില്ല.

രാജ്യത്തെ സര്‍ക്കാര്‍ നിയന്ത്രിത തൊഴിലിടങ്ങളില്‍ മാത്രമേ മേല്‍പ്പറഞ്ഞ രീതിയില്‍ ആളുകളുടെ കഴിവ് നോക്കി അവരെ ജോലിക്ക് എടുക്കുന്നുള്ളൂ എന്നതാണ് സത്യം. മിക്ക സ്വകാര്യ സ്ഥാപനങ്ങളും ജാതി മത പരിഗണനകള്‍ അനുസരിച്ച് തന്നെയാണ് ആളുകളെ ജോലിക്ക് എടുക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ വലിയ പ്രവേശന പരീക്ഷകളോ മറ്റോ നടത്തിയൊന്നുമല്ല ആളുകളെ ജോലിക്ക് എടുക്കുന്നത്. ആളുകളുടെ യോഗ്യത ശാസ്ത്രീയമായി അളക്കുന്നതിന് പകരം “മുന്നാക്ക ജാതി ആണെങ്കില്‍ അയാള്‍ക്ക് യോഗ്യതയുണ്ടാവും” എന്നൊരു നയമാണ് മിക്ക സ്വകാര്യ കമ്പനികളും ചെയ്യുന്നത് എന്ന് തോറാട്ടിനെ പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞമാര്‍ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യമായ തൊഴില്‍ ഇടങ്ങളിലേക്ക് പട്ടികജാതിക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴിലുകളിൽ  പ്രവേശിക്കുന്നതിന് ഇന്നും ജാതീയമായ തടസ്സങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ താഴ്ന്ന ശമ്പളമുള്ള ജോലികളില്‍ മാത്രം അവര്‍ക്ക് അവസരം കിട്ടുന്ന ഒരവസ്ഥ നിലവിലുണ്ട്. അത്തരം ജോലികളില്‍ തുടരുക എന്നത് അവരെ സംബന്ധിച്ചിടത്തോളം പലപ്പോഴും ആത്മഹത്യ ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗം ആയതിനാല്‍, തൊഴിലിടങ്ങളില്‍ എന്തെങ്കിലും ജാതി വിവേചനം നേരിട്ടാലും അതൊന്നും സാധാരണ പുറത്ത് വരാറില്ല.

തിരുവനന്തപുരത്ത് പട്ടികജാതിക്കാരി ആയ വീട്ടുജോലിക്കാരി നേരിട്ട ജാതി വിവേചനം ഒറ്റപ്പെട്ട ഒരു കാര്യമായി സാമൂഹ്യബോധം ഉള്ള ഒരാളും കരുതില്ല. ഈ ലേഖനത്തിന്‍റെ തുടക്കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മൂന്നു സംഭവങ്ങളും നടന്നത് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ള തൊഴിലിടങ്ങളില്‍ ആണ് എന്നതാണ് മുഖ്യം. ജാതി വിവേചനം നിയമം കൊണ്ട് നിരോധിക്കപ്പെട്ട, ആളുകളെ അവരുടെ കഴിവ് കൊണ്ട് ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലാണ് മേല്‍പ്പറഞ്ഞ ജാതി വിവേചനം നടന്നത്. ഇത്തരം അനീതികള്‍ സമൂഹത്തില്‍ നടക്കുമ്പോള്‍ അതിനെതിരെ നിയമപരമായി മാത്രമല്ല പ്രതിരോധം തീര്‍ക്കേണ്ടത്. ജാതി മത ഭേദമന്യേ നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനകത്ത് നിന്നും ധാര്‍മ്മികമായ ഒരു ശബ്ദം ഇത്തരം അനീതികള്‍ക്കും അത്തരം വിവേചനങ്ങള്‍ ചെയ്യുന്നവര്‍ക്കും എതിരെ ഉയരേണ്ടതുണ്ട്. എന്നാല്‍ അത്തരം ധാര്‍മ്മികതയുടെ ശബ്ദം സമൂഹത്തില്‍ നിന്നും ഉയരുന്നില്ല എന്നതാണ് വാസ്തവം. ജാതീയമായ വിവേചനങ്ങള്‍ അത് അനുഭവിക്കുന്നവര്‍ തീര്‍ച്ചയായും അനുഭവിക്കേണ്ടവര്‍ തന്നെയാണ്, അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല എന്ന മട്ടില്‍ പൊതുസമൂഹം ഇത്തരം സംഭവങ്ങളോട് നിസംഗത പുലര്‍ത്തുന്നതായി കരുതാന്‍ മാത്രം പ്രതികരണരാഹിത്യം നമ്മുടെ രാജ്യത്ത് ഉണ്ട്.

Thenmozhi Soundararajan: fighting the Dalit women's fight with art and activism | India | The GuardianREPRESENTATIVE IMAGE | WIKI COMMONS
ജാതി മത പാരമ്പര്യം, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, സമൂഹത്തിനകത്തെ മറ്റു മൂല്യബോധങ്ങള്‍ ഒക്കെയാണ് ഒരു സമൂഹത്തിന്‍റെ ധാര്‍മ്മികതയെ രൂപപ്പെടുത്തി കൊണ്ടിരുന്നത്. ആധുനിക കാലത്ത് രാജ്യത്തെ നിയമങ്ങള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാര്‍ത്താ മാധ്യമങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഒക്കെയാണ് സമൂഹത്തിന്‍റെ ധാര്‍മ്മികതയെ രൂപപ്പെടുത്തുന്നതും പരിപാലിക്കുന്നതും. ജാതീയമായും മതപരമായും ഇന്ത്യന്‍ സമൂഹം കൃത്യമായി വേര്‍തിരിയുകയും, നമ്മുടെ രാഷ്ട്രീയവും ദേശീയതയും നമ്മുടെ തന്നെ വ്യക്തിത്വവും ഒക്കെ നമ്മുടെ ജാതി മത ബന്ധങ്ങളുമായി ഇഴപിരിക്കാന്‍ ആകാതെ കിടക്കുന്ന ഒരവസ്ഥ ഇപ്പോള്‍ രാജ്യത്ത് വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജാതി വിവേചനങ്ങള്‍ പോലുള്ള സാമൂഹ്യ തിന്മകളോട് ഒന്നുകില്‍ നിസംഗത പുലര്‍ത്തുകയോ, അല്ലെങ്കില്‍ കൃത്യമായ രാഷ്ട്രീയ കണക്ക് കൂട്ടലുകളോടെ മാത്രം പ്രതികരിക്കുകയോ, നിശബ്ദത പാലിക്കുകയോ ചെയ്യാനാണ് ആളുകള്‍ ശ്രമിക്കുന്നത്. ജാതി വിവേചനങ്ങള്‍ എതിര്‍ക്കപ്പെടെണ്ടതും ശിക്ഷിക്കപ്പെടെണ്ടതും ആയ കുറ്റങ്ങള്‍ ആണെന്ന തരത്തില്‍ ഉപാധി രഹിതമായി ഇത്തരം കാര്യങ്ങളെ എതിര്‍ക്കാനും കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുമുള്ള സാമൂഹ്യ സമ്മര്‍ദം പൊതുസമൂഹത്തില്‍ നിന്നും ഉണ്ടാകുന്നില്ല.

മേല്‍-കീഴ് സാമൂഹ്യ പദവിയില്‍ ഉറപ്പിച്ചിട്ടുള്ള ക്ലാസ്സിക് ജാതി വ്യവസ്ഥയെ തിരികെ കൊണ്ടുവരണം എന്നാഗ്രഹിക്കുന്ന ഒരു വിഭാഗം സമൂഹത്തില്‍ ശക്തിയായി മുന്നോട്ട് വരുന്നുണ്ട് എന്ന് വേണം കരുതാന്‍. ജാതി വിവേചനങ്ങള്‍ക്ക് എതിരെ പൊതുജനാഭിപ്രായം രൂപപെടുന്നില്ല എന്നതിനോടൊപ്പം തന്നെ ഇപ്പോഴും തുടരുന്ന വിവേചനങ്ങള്‍ ഇനിയും തുടര്‍ന്നോട്ടെ എന്ന തരത്തിലും സാമൂഹ്യബോധം വളരുന്നു എന്ന് കരുതാനേ കഴിയൂ. തുടര്‍ച്ചയായി ഉണ്ടാകുന്ന ജാതി പീഡനങ്ങള്‍, അവയോട് പൊതുസമൂഹം പുലര്‍ത്തുന്ന നിസംഗത വിവേചനങ്ങള്‍ക്ക് ഇരയാകുന്നവരെ കൂടുതല്‍ ദുര്‍ബലരാക്കുന്നു. ഒപ്പം തന്നെ ജാതി വിവേചനങ്ങളെ നോര്‍മലൈസ് ചെയ്യാനും ഓരോ ജാതിക്കാര്‍ക്കും പറഞ്ഞിട്ടുള്ള പണികള്‍ ചെയ്‌താല്‍ പോരേ എന്നൊരു ചിന്ത കൂടി പൊതുസമൂഹത്തില്‍ ഉണ്ടായി വരുന്നുണ്ട് എന്ന് തോന്നുന്നു. കൂടല്‍ മാണിക്യ ക്ഷേത്രത്തില്‍ ജോലി കിട്ടിയ പിന്നാക്ക ജാതിക്കാരന്റെ അനുഭവം മറക്കാന്‍ മാത്രം പഴയതായിട്ടില്ലല്ലോ. ഇന്ത്യയിലെ ജാതി വ്യവസ്ഥയെ പറ്റി ആഴത്തില്‍ പഠിച്ചിട്ടുള്ള ലൂയിസ് ഡ്യുമോണ്ട് പറഞ്ഞത് ഇന്ത്യ സാമ്പത്തികമായി വളര്‍ന്നാലും, ആളുകള്‍ വിദ്യാസമ്പന്നര്‍ ആയാലും ജാതി വ്യവസ്ഥയും അതിനെ നിലനിര്‍ത്തുന്ന സാമൂഹ്യാധികാര ശ്രേണിയും പഴയതുപോലെ തുടരും എന്നായിരുന്നു. വര്‍ത്തമാന ഇന്ത്യയിലെ ജാതി വിവേചനങ്ങള്‍ സൂചിപ്പിക്കുന്നത്, അദ്ദേഹം പറഞ്ഞതാണ്‌ ശരിയാണ്‌ എന്നതാണ്.

ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ ജാതി വിവേചനത്തെ അടയാളപ്പെടുത്തുന്നത് വ്യക്തികളുടെ മേല്‍ വ്യക്തികള്‍ നടത്തുന്ന ഒരു തിന്മ എന്ന മട്ടിലാണ്. അതുകൊണ്ട് തന്നെ ജാതി വിവേചനമെന്നത് ശ്രേണികൃതമായി സാമൂഹ്യാധികാരം വിതരണം ചെയ്തിട്ടുള്ള ജാതി വ്യവസ്ഥയ്ക്കും അതിന്റെ മേല്‍ കെട്ടിപ്പടുത്തിട്ടുള്ള ഒരു മതവുമായും നേരിട്ട് ബന്ധമുള്ള ഒന്നായിട്ടല്ല വ്യഹരിക്കപ്പെടുന്നത്. സ്വന്തം മതത്തില്‍പ്പെട്ടവരോട് യാതൊരു വിധ കുറ്റബോധവും ഇല്ലാതെ ജാതിവിവേചനം തുടരാന്‍ ആളുകള്‍ക്ക് കഴിയുന്നത്, ജാതി മതത്തിനകത്തും, ജാതിവിവേചനം മതത്തിന് പുറത്തുള്ള തിന്മയായുമായി നമ്മള്‍ കരുതുന്നതുകൊണ്ടാണ്. ജാതിവിവേചനം നേരിടുന്നവര്‍ നിശബ്ദമായി അത് സഹിക്കുകയും തങ്ങള്‍ നേരിടുന്ന കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്‌താല്‍ ബാക്കിയെല്ലാം അഭിമാനകരമാണെന്നാണ് ജാതി വാദികള്‍ കരുതുന്നത്. ആത്മീയ തലത്തില്‍ കീഴ്ജാതിത്വം പൂര്‍വ്വജന്മ പാപഫലവും, ജാതി വിവേചനം നേരിടുന്നത് ഇഹജന്മത്തിലെ കയ്യിലിരിപ്പും കൊണ്ടാണ് എന്നാണ് ജാതി വാദികളുടെ നിലപാട്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ കുറഞ്ഞ കാലത്തിനുള്ളില്‍ ജാതി വിവേചനവു പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ ചെല്ലാന്‍ പോലും പറ്റാത്ത തരത്തില്‍ വിവേചനങ്ങള്‍ നിസ്സാരമായ കാര്യങ്ങളായി നോര്‍മലൈസ് ചെയ്യും. അതുവരെ കാത്തിരുന്നാല്‍ പിന്നീടൊരു തിരിച്ചുപോക്ക് ഉണ്ടാവില്ല.

In India, Dalits still feel bottom of the caste ladderREPRESENTATIVE IMAGE | WIKI COMMONS
പ്രൊഫസര്‍ക്ക് തറയില്‍ ഇരിക്കേണ്ടി വന്ന ആന്ധ്ര സര്‍ക്കാരിന്റെ വെറ്റിനറി യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റില്‍ ഗാന്ധിജിയുടെ ഒരു ഉദ്ധരണി കൊടുത്തിട്ടുണ്ട്. അതിങ്ങനെയാണ്, “ഒരു രാജ്യത്തിന്റെ മഹത്വവും ധാര്‍മ്മിക പുരോഗതിയും രാജ്യത്തിലെ മൃഗങ്ങളോട് അവര്‍ എങ്ങനെയാണ് പെരുമാറുന്നത് എന്നതിനെ അനുസരിച്ചിരിക്കും” എന്നാണ്. ആ യൂണിവേഴ്സിറ്റിയോട് വിനയപൂര്‍വ്വം പറയാന്‍ ഉള്ളത് മൃഗങ്ങളോട് മാത്രമല്ല ആ കോളേജിലെ അധ്യാപകരോടും നിങ്ങള്‍ എങ്ങനെയാണ് പെരുമാറുന്നത് എന്നത് പ്രധാനമാണ് എന്നാണ്. ജാതി വിവേചനങ്ങളെ സാമൂഹ്യ നിയന്ത്രണത്തിനുള്ള ഉപാധിയായി തിരികെ കൊണ്ടുവരുന്നതിനെ ശക്തമായി എതിര്‍ക്കേണ്ടതുണ്ട്.



#outlook
Leave a comment