TMJ
searchnav-menu
post-thumbnail

Outlook

ജാതിനിര്‍മ്മാണ ഫാക്ടറികള്‍

14 Oct 2023   |   9 min Read
എസ് ജോസഫ്

ജാതിക്ക് പ്രത്യക്ഷവും പരോക്ഷവുമായ അടയാളങ്ങള്‍ ഉണ്ട്. പ്രത്യക്ഷമായ അടയാളങ്ങള്‍ പലതും പോയ് മറഞ്ഞു. കറുത്ത നിറം ആണ് പ്രത്യക്ഷമായ ഒരു അടയാളം എന്ന് തോന്നാം. പക്ഷേ കേരളത്തില്‍ കറുത്ത നിറം എല്ലാ ജാതിക്കാരിലും ഉണ്ട്. വെളുത്ത നിറവും ഉണ്ട്. കറുത്ത നിറം വേഷവും അവസ്ഥയും കൂടി ചേരുമ്പോഴാണ് Low caste profile വായിച്ചെടുക്കുന്നത്. പോരാത്തതിന് SSLC സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളും ഉണ്ടാകും. ജാതിയെ സംബന്ധിച്ച് ഒരു വ്യക്തിയെ തിരിച്ചറിയാന്‍ നിരവധി രേഖകള്‍ ഉണ്ട്. എന്നാല്‍ ജാതി വെളിപ്പെടുത്താന്‍ ആധുനിക സമൂഹങ്ങള്‍ക്ക് താല്പര്യമില്ല എന്നത് മനസ്സിലാക്കണം. ലോകത്തിലെ റോമകളുടെ എണ്ണം എടുക്കുന്നിടത്ത് പല രാജ്യങ്ങള്‍ക്കുമുള്ള പ്രധാന പ്രശ്‌നം ഇതാണ്. അതുകൊണ്ട് പോപ്പുലേഷന്‍ കണക്ക് ശരിയാവുന്നില്ല. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ അവരില്‍ പലര്‍ക്കും താല്പര്യമില്ല. സ്വജാതി എപ്പോഴും വെളിപ്പെടുത്തിക്കൊണ്ടിരിക്കുക എന്നത് അനാവശ്യവുമാണ്. ജാതിയുടെ അടയാളങ്ങള്‍ മിക്കവാറും മാഞ്ഞതിന് കാരണങ്ങള്‍ എന്തൊക്കെയാണ്? പുതിയ വസ്ത്ര സങ്കല്പം, ആഹാര സങ്കല്പം, ഫ്‌ലാറ്റു സംസ്‌കാരം, ഉദ്യോഗങ്ങള്‍, സൈബര്‍ ലോകം, ടി.വിയിലെ കോമഡി പ്രോഗ്രാമുകള്‍, നഗരവല്‍ക്കരണം, വാഹനങ്ങള്‍ എന്നിവ ജാതിയെ തൂത്തെറിയുന്നു. പണം എല്ലാറ്റിനെയും മറികടക്കും. ജാതിയെ മറികടക്കാന്‍ നിരവധി തന്ത്രങ്ങള്‍ ഉണ്ട്. അതിന് ആഭരണങ്ങളും സഹായകരമാണ്. ആഭരണങ്ങള്‍ വ്യക്തിത്വത്തിന്റെ പ്രകാശനം കൂടിയാണ്. സ്ത്രീകള്‍ക്ക് അത് ഉചിതം. അതിനൊക്കെ വലിയ ചരിത്രം ഉണ്ട്. ദളിത് ആണുങ്ങള്‍ ഒരു സ്വര്‍ണ മാല ഉപയോഗിച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളു അവരുടെ താഴ്ച എന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ അതും സഹായകരമാണ്. 


REPRESENTATIONAL IMAGE | WIKI COMMONS
വിവാഹ കാര്യങ്ങളില്‍ കേരളത്തില്‍ വിപ്ലവം ഉണ്ട്. പക്ഷേ സവര്‍ണര്‍ വിവാഹം കഴിച്ച ദളിത് സ്ത്രീകള്‍ ഉപേക്ഷിക്കപ്പെടുന്നതായി കാണുന്നുണ്ട്. ജാതിയെ നിര്‍മ്മിക്കുന്നതില്‍ മലയാള സാഹിത്യത്തിന് വലിയ പങ്കുണ്ട്. മേല്‍ജാതി സാഹിത്യകാരന്‍മാരും സാഹിത്യകാരികളും ആണ് പൊതുവേ പോപ്പുലര്‍ ആകുന്നത്. കേരളം അതിസൂക്ഷ്മമായ ഒളിച്ചുകളി ഇക്കാര്യത്തില്‍ നടത്തുന്നുണ്ട്. മേല്‍ ജാതിയാ യാലേ വലിയ സാഹിത്യകാരന്‍ / കാരി ആകുകയുള്ളു എന്നതാണ് അവസ്ഥ. ഇവിടെ വെര്‍ജീനിയ വൂള്‍ഫിന്റെ 'ഒരാള്‍ക്ക് സ്വന്തമായുള്ള മുറി ' എന്ന പേരിലെ സംഭാഷണങ്ങള്‍ വായിക്കാം. സാഹിത്യത്തിന് മാത്രമല്ല സിനിമയ്ക്കും മാധ്യമങ്ങള്‍ക്കും ജാതിനിര്‍മ്മാണത്തില്‍ വലിയ പങ്കുണ്ട്. വിശദമായി അപഗ്രഥിക്കേണ്ട വിഷയങ്ങള്‍ ആണിവ. സിനിമ കുറേയൊക്കെ പഠിക്കപ്പെട്ടിട്ടുണ്ട്. മറ്റൊന്ന് സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസം ആണ്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ജാതി നിര്‍മ്മാണത്തില്‍ പങ്കുണ്ട്. മേല്‍പ്പറഞ്ഞതെല്ലാം ജാതിനിര്‍മ്മാണ ഫാക്ടറികള്‍ ആണ്. കവിയായ ഞാനിതൊക്കെ എന്തിനു പറയുന്നു എന്ന് പ്രിയ സുഹൃത്തുക്കള്‍ ആലോചിക്കുന്നുണ്ടാകും. ചില കാര്യങ്ങള്‍ വിനയപൂര്‍വം ചൂണ്ടിക്കാട്ടുന്നു എന്നേയുള്ളു. അതില്‍ ഒരു കാര്യമെങ്കിലും ശരിയായാല്‍ നല്ലതല്ലേ? നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ സംസാരിക്കണം. ജീവിക്കുന്നു എന്നതിന്റെ ഒരു തെളിവാണ്. ' 1 speak therefor I am ' എന്ന് നെരുദ. മൗനം മരണമാകുന്നു എന്ന് നമ്മുടെ ചുള്ളിക്കാട്.

ജാതി ഒരു പ്രത്യയ ശാസ്ത്രമാണ്. നമ്മുടെ പ്രവൃത്തികള്‍ക്ക് പിന്നിലെ ചില ചിന്തകള്‍, ആശയങ്ങള്‍ ആണ് പ്രത്യയ ശാസ്ത്രം എന്നു പറയാം. ഒരു മേല്‍ജാതിക്കാരന്‍ കീഴ് ജാതിക്കാരനോട് മോശമായി പെരുമാറുന്നതിന്റെ പിന്നിലുള്ള ചില അടിസ്ഥാന വിശ്വാസങ്ങള്‍, ചിന്തകള്‍ ആണത്. ഫിലോസഫിക്കലായി പറയുന്ന പ്രത്യേക വാക്കാണ് പ്രത്യയശാസ്ത്രം (Ideology). വാക്കിന്റെ അര്‍ത്ഥം നോക്കിയിട്ട് വലിയ കാര്യമില്ല. മാര്‍ക്‌സോളജിയില്‍ ഈ വാക്ക് ധാരാളമായി ഉപയോഗിക്കപ്പെടുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജാതി ഒരു ആശയ ലോകവും ഭൗതിക ലോകവുമാണ്. നമുക്ക് ജാതിയെ ഭൗതികമായി (Material ആയി) വിവരിക്കാം: 
കേരളത്തിലെ അടിസ്ഥാന ജനതയുടെ ഭൂസ്വത്തുകള്‍ പുറത്തുനിന്നും അകത്തുനിന്നുമുള്ള കുടിയേറ്റങ്ങളുടെ കാലത്ത് അവരില്‍ നിന്ന് അപഹരിക്കപ്പെട്ടു. അവരെ അടിമകളാക്കി. പില്‍ക്കാലം ഭൂപരിഷ്‌കരണത്തില്‍ എല്ലാവര്‍ക്കും ഭൂമി കൊടുത്തു. പക്ഷേ അടിസ്ഥാന ജനതയ്ക്ക് ന്യായമായ വിഹിതം കിട്ടിയില്ല. അതുകൊണ്ട് തനതു സമൂഹങ്ങള്‍ക്ക് ഇപ്പോഴും ഭൂമിയും വീടും ഇല്ല. (മുമ്പേ ഉന്നയിക്കപ്പെട്ട കാര്യങ്ങളാണിവ) കോണ്‍ഗ്രസുകാര്‍ കേരളത്തില്‍ ജന്മികള്‍ ആയിരുന്നു, ആണ്. അധീശത്വ സംസ്‌കാരത്തിന്റെ ആളുകള്‍. ഗ്രാംഷി പറഞ്ഞ പോലെ മതവുമായി ബന്ധപ്പെട്ടവര്‍. കമ്മ്യൂണിസ്റ്റുകാര്‍ അധീശത്വത്തിന് (Hegemony) എതിരായ ആളുകള്‍ ആയിരുന്നു. പക്ഷേ അവര്‍ എന്നും എത്‌നിക് മൈനോരിറ്റിക്ക് എതിരാണ്. ഇവിടെ അവര്‍ പുത്തന്‍ മുതലാളിത്വത്തിന്റെ ഭാഗമായി മാറുകയാണ്. 


അന്റോണിയോ ഗ്രാംഷി | PHOTO: WIKI COMMONS
പലപ്പോഴും ചെറിയ തെറ്റുകള്‍ക്ക് വലിയ ശിക്ഷയും വലിയ തെറ്റുകള്‍ക്ക് വലിയ ചര്‍ച്ചയും ആണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. കേരളം കൊള്ളയടിക്കുന്നവരാണ് ഇവിടെ ഒരു വിഭാഗം സമ്പന്നര്‍. രാഷ്ട്രീയക്കാര്‍. ആരാണ് സ്വര്‍ണക്കടത്തുകാര്‍, ആരാണ് അഴിമതിക്കാര്‍, ആരാണ് സ്വകാര്യ കോളേജുകള്‍, സ്‌കൂളുകള്‍ നടത്തുന്നത്? ആരാണീ സ്ഥാപനങ്ങള്‍ക്ക് ശമ്പളം കൊടുക്കുന്നവര്‍? എവിടേക്കാണ് സ്വകാര്യ മേഖലയിലെ ജോലിക്കുള്ള കോഴപ്പണം പോകുന്നത്? ഇവിടെയൊന്നും കീഴ് ജാതിക്കാര്‍ ആരുമില്ല. ഒരു കീഴ് ജാതി വ്യക്തിക്ക് തന്റെ ഗതികെട്ട അവസ്ഥയില്‍ നിന്ന് കരകയറുക അസാധ്യമാണ്. അയാളെ സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ല. അയാള്‍ ഒരു വ്യക്തിയല്ല. അയാളുടെ ഭാഗമായി ബന്ധുക്കളും സ്വന്തക്കാരും ഉണ്ട്. അവര്‍ തീരെ പാവപ്പെട്ടവരാണ്. അയാള്‍ക്ക് അവരില്‍ നിന്ന് വിട്ടു മാറി നില്ക്കാന്‍ ആവുകയില്ല. അയാള്‍ ഒരു വീടു വച്ചാല്‍ കടം തീരില്ല. അയാള്‍ അല്പം ഭേദപ്പെട്ട നിലയില്‍ എത്താം. അപ്പോഴും അയാളുടെ സഹോദരി കോളനിയില്‍ ആകും ജീവിക്കുക. രോഗങ്ങള്‍ മൂലം തകര്‍ന്നടിഞ്ഞ കുറ്റിയറ്റ കുടുംബങ്ങളെ എനിക്കറിയാം. എന്റെ അറിവില്‍ ഞങ്ങളുടെ ബന്ധുക്കളോ സ്വന്തക്കാരോ ആരും ജയിലിലില്ല. ഭ്രാന്ത്രാശുപത്രിയിലില്ല. ഞങ്ങള്‍ ഭ്രാന്തുളളവരെ വീട്ടില്‍ തന്നെ നോക്കി. ആരും ആരെയും കൊന്നിട്ടില്ല. അവര്‍ സ്വര്‍ണക്കടത്തിലില്ല. എനിക്കറിയാം, ഒരു വീട്ടിലെ വിദ്യാഭ്യാസമുളള മൂന്നു പെണ്‍കുട്ടികള്‍ക്കും ജോലിയില്ല. വളരാന്‍ ഭൗതികമായ ഒരു സാഹചര്യവുമില്ലാതെ എങ്ങനെയാണ് ഈ മനോഹര തീരത്ത്, ഈ കുന്നില്‍ ചെരിവില്‍, മഴയത്തും വെയിലത്തും ആളുകള്‍ നിലനില്ക്കുക? ലോകത്ത് എങ്ങുമുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ അതിഭീകരമാണ്. കേരളത്തിലുള്ള ജാതീയ മായ അതറിംങ് / Othering മനുഷ്യാവകാശ ധ്വംസനമല്ലാതെ മറ്റൊന്നുമല്ല. 

ജാതിയുടെ ഭൗതികരൂപങ്ങളും പിന്നിലെ ആശയങ്ങളും ഏതാണാദ്യം എന്ന് വേര്‍തിരിക്കാനാവാതെ കെട്ടുപിണഞ്ഞു കിടക്കുകയാണ്. ജാതിക്ക് പിന്നിലെ ആശയങ്ങളെ മനസ്സിലാക്കേണ്ടത് ആവശ്യമാണ്.
ഇന്ത്യന്‍ ജാതി വ്യവസ്ഥ ഒറ്റ നോട്ടത്തില്‍ത്തന്നെ വെര്‍ട്ടിക്കല്‍ (മുകളില്‍ നിന്ന് താഴേക്ക്, തിരിച്ചും) ഘടനയിലാണ് നില്ക്കുന്നത് എന്ന് മനസ്സിലാക്കാം. പത്രങ്ങളോ വായനയോ ഇല്ലാത്ത കാലത്ത്, അതായത് ആശയവിനിമയ സാധ്യതകള്‍ കുറഞ്ഞ കാലത്ത്, ജാതികള്‍ എങ്ങനെ രൂപപ്പെട്ടു എന്നതും അവയുടെ വ്യവസ്ഥകള്‍ അച്ചട്ടായി പാലിക്കപ്പെട്ടു എന്നതും അവിശ്വസനീയമായി തോന്നുന്നു. ജാതികള്‍ മാത്രമല്ല ഓരോ ജാതിയുടേയും ജീവിത രീതികള്‍, അറിവുകള്‍, സംസ്‌കാരം, ഗോത്രങ്ങള്‍ക്കുള്ള പ്രത്യേകം പ്രത്യേകം ഭാഷകള്‍, അവരുടെ വാമൊഴി വിനിമയ സംസ്‌കാരം, ജാതിയുമായി ബന്ധപ്പെട്ട തൊഴിലുകള്‍, ചികിത്സാ രീതികള്‍, മരിച്ചടക്കു രീതികള്‍ എന്നതൊക്കെയും വിവരിക്കുക എളുപ്പമല്ല. എല്ലാം ഒരു ഫ്യൂഡല്‍ കാലഘട്ടത്തിലാവണം രൂപപ്പെട്ടത്. പരസ്പരം മുന്‍കൂട്ടിയുള്ള ധാരണയില്ലാതെ ഒരു നഗരം രൂപപ്പെടുന്നതു പോലെ ഇതെല്ലാം രൂപപെട്ടിരിക്കണം. ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, പുലയന്‍, പറയന്‍, നായര്‍, ഈഴവന്‍, കുറവര്‍, മുക്കുവന്‍ തുടങ്ങിയ വാക്കുകള്‍ക്കൊക്കെ തൊഴിലും താമസിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട അര്‍ത്ഥങ്ങള്‍ ഉണ്ട്. അതൊക്കെ ജാതി വ്യവസ്ഥപ്പെടുന്നതിനു മുമ്പ് സ്വയം രൂപപ്പെട്ടിരിക്കണം. വ്യത്യസ്തകളുടെ അനേകം ക്ലസ്റ്ററുകള്‍ ആയിരുന്നു അവയെല്ലാം. ചാതുര്‍വര്‍ണ്യവും ജാതികളും എല്ലാം കൂടിച്ചേര്‍ന്ന് ഒരു ബൃഹദ് വ്യാകരണം തന്നെ പിന്നീട് എഴുതിയുണ്ടാക്കി. മനു സ്മൃതി, ഭഗവത്ഗീത, രാമായണം, മഹാഭാരതം, കാവ്യങ്ങള്‍, നാടകങ്ങള്‍ എല്ലാം കൂടി ഒരു അണ്ഡകടാഹ വ്യാകരണവും ശബ്ദതാരാവലിയും അതിനുണ്ട്. ലോകത്തിലാര്‍ക്കും വേണ്ടാത്ത ഭാരതീയരുടെ ഏറ്റവും വലിയ സംഭാവന ഇതാണ്.


REPRESENTATIONAL IMAGE | WIKI COMMONS
നിലവിലുള്ള ഒരു സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തില്‍ നിന്നുണ്ടായ ഉപരിഘടനകളായി ഇതിനെയെല്ലാം മാര്‍ക്‌സിസം മുമ്പേ വിശദീകരിച്ചിട്ടുണ്ട്. അതിലൊന്നും ആര്‍ക്കും ഇപ്പോള്‍ താല്പര്യം ഇല്ല. നാം ആ വഴിക്ക് പോകുന്നുമില്ല. നമ്മള്‍ അടിസ്ഥാന ഘടന, ഉപരിഘടന എന്ന് വിവരിക്കുന്നില്ല. കാരണം സമ്പത്തായി വിനിമയം ചെയ്യാനാവാത്ത ഒന്നും തന്നെ ഈ ലോകത്തില്ല. ചിന്തയെ വസ്തുവായും സമ്പത്തായും വിനിമയം ചെയ്യാം. തിരിച്ചും. ആയതിനാല്‍ ഇവിടേയും കാര്യങ്ങള്‍ കൂടിക്കുഴഞ്ഞു കിടക്കുകയാണ് എന്നാണ് തോന്നുന്നത്. ആഢ്യന്മാര്‍, രാജാക്കന്മാര്‍, പണ്ഡിതന്മാര്‍ തുടങ്ങി കായി കാധ്വാനനിര്‍മ്മുക്തരായ, ലോക പീഡകരായ ആരുടെയൊക്കെയോ കൂട്ടായ താല്പര്യങ്ങള്‍, ആശയങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതാണ് നിഗൂഢമായ ജാതി പ്രത്യയ ശാസ്ത്രം. അത് നിയമങ്ങളായി, കീഴ് വഴക്കങ്ങളായി. ആചാരങ്ങളായി, പൂജകളായി. ജ്യോതിഷവും മന്ത്രങ്ങളും വാസ്തു വിദ്യയുമായി, വെജിറ്റേറിയന്‍ തീറ്റയായി, നരമാംസാസ്വാദനമായി, ദണ്ഡനങ്ങളായി, ഗജരാജപീഡനമായി, ദമനങ്ങളായി, അപരിഷ്‌കൃതങ്ങളായി വിശ്വരുപം കാട്ടി. ഏതൊന്നും തുടങ്ങിവച്ചാല്‍ തടയുന്നതുവരെ ചലിച്ചു കൊള്ളും. (അതിനെ ആദ്യം തടഞ്ഞത് മഹാത്മാ അയ്യന്‍ കാളിയാണ്) അതില്‍ ഉന്നത ജാതികളുടെ സാമ്പത്തികമായ നിലനില്പും അധികാരവും ആയിരുന്നു പ്രധാനം. അവരുടെ സുഖവും സ്വാതന്ത്ര്യവും മാത്രം. പക്ഷേ അതൊന്നും പറയാതെ അദൃശ്യവും ശൂന്യവുമായ ദൈവത്തെ അവര്‍ മുമ്പില്‍ സ്ഥാപിച്ചു. അതിനാലാണ് ഇത്ര മാത്രം ക്ഷേത്രങ്ങളും കുടുംബക്ഷേത്രങ്ങളും കാവുകളും കേരളത്തില്‍ ഉണ്ടായത്. രാജാവ് ദൈവമോ ദൈവത്തിന്റെ പ്രതിപുരുഷനോ ആയിരുന്നു. പൗരോഹിത്യം രണ്ടാം സ്ഥാനത്ത് നിന്ന് ശരിക്കും ക്ഷത്രിയരെ ഉപകരണമാക്കിക്കൊണ്ട്) കാര്യങ്ങള്‍ നിര്‍വഹിച്ചു. ഇങ്ങനെയാവണം ജാതി രൂപീകരണവും സമൂഹ രൂപികരണവും നടന്നത്. ഏറ്റവും മുകളില്‍ ബ്രാഹ്‌മണര്‍ ആണ്. ഏറ്റവും താഴെത്തട്ടില്‍ കീഴ് ജാതി സമൂഹങ്ങള്‍. ഇതില്‍ മധ്യനിര മുതല്‍ മുകളിലുള്ളവര്‍ ബ്രാഹ്‌മണരുടെ സഹായികള്‍ ആണ്. എക്കാലത്തും അങ്ങനെ തന്നെ. അവര്‍ കീഴ് ജാതി സമൂഹങ്ങളെ ചവിട്ടിത്താഴ്ത്തിക്കൊണ്ടിരിക്കും. ഈ മധ്യനിരയിലാണ് സവര്‍ണ മുസ്ലീമും സവര്‍ണ ക്രിസ്ത്യാനിയും ഒക്കെ നില്‍ക്കുന്നത്. ഇവര്‍ക്കെല്ലാമാണ് ഭരണത്തില്‍ പ്രാബല്യം. ഇവരുടെ ആധിപത്യം ബിസിനസ്, വിദ്യാഭ്യാസം, രാഷ്ട്രീയം, സിനിമ, മതം, സദാചാരം, സാഹിത്യം എന്നീ മേഖലകളിലെല്ലാം ഉണ്ട്. കേരളത്തിലുള്ള ക്രിസ്തു മതക്കാരും ഇസ്ലാം മതക്കാരും വളരെ എളുപ്പത്തില്‍ സവര്‍ണര്‍ ആവുകയാണുണ്ടായത്. രണ്ടിലുമുള്ള ദരിദ്രരെയും ദളിതരേയും അവര്‍ പുറം തള്ളി. ചുരുക്കത്തില്‍ ദൈവത്തെ പുറം തള്ളി. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യശക്തികള്‍ ആണല്ലോ മുസ്ലീങ്ങളും ക്രിസ്ത്യാനികളും. അതുകൊണ്ടും കച്ചവടക്കാരായതു കൊണ്ടും അവര്‍ക്ക് ഉയര്‍ച്ച സ്വാഭാവികമായുണ്ടായി. അവരും കൂടി ചേര്‍ന്നാണ് തനതു ജനവിഭാഗങ്ങളെ സ്വന്തം നാട്ടില്‍ അന്യരാക്കിയത്. ഇവിടെ എത്രയോ പണ്ടേ ദൈവം മരിച്ചു. മരിച്ചതല്ല, കൊന്നതാണ്.

ജാതിയെ നമ്മള്‍ ആശയവും ഭൗതികതയും ചേര്‍ന്ന ഒറ്റ രൂപം ആയിട്ടാണ് കാണുന്നത്. ജാതിയെ, മതത്തെ (മതം എന്നത് വലിയ ജാതിയാണ് അഥവാ ജാതികളുടെ സംഘാതമാണ്) മണിമാളിക, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, പെട്രോള്‍ പമ്പ്, തീയേറ്റര്‍ കോംപ്ലക്‌സ് ഒക്കെ ആക്കാം. മതത്തെയും ജാതിയേയും ഭരണകൂടത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ ഇരുത്താം. ഇരുത്താതിരിക്കാം. സ്വകാര്യ കോളേജ് അധ്യാപകരാക്കാം. മതത്തെയും ജാതിയെയും പണമാക്കാം. അധികാരമാക്കാം. സൂപ്പര്‍ സ്റ്റാറാക്കാം. മഹാ സാഹിത്യകാരന്‍ ആക്കാം. കീഴ് ജാതികളെ കുടിലുകള്‍ ആക്കാം. കോളനികള്‍, ഉപേക്ഷിക്കപ്പെട്ട ഭൂപ്രദേശങ്ങള്‍ ആക്കാം. പെട്ടിക്കടകള്‍, തട്ടുകടകള്‍ ആക്കാം. വെള്ളം കിട്ടാത്ത പ്രദേശങ്ങള്‍ ആക്കാം. പുറമ്പോക്കുകള്‍, സ്ലംസ് ആക്കാം. കൊലചെയ്യപ്പെടുന്നവരും വിറകു പെറുക്കാന്‍ പോകുമ്പോള്‍ 
ബലാത്സംഗം ചെയ്യപ്പെടുന്നവരും ആക്കാം. ഒരു ജാതിയ്ക്കുള്ളില്‍ത്തന്നെ പല വിഭാഗങ്ങള്‍ (ഒരു പക്ഷേ ഗോത്രങ്ങള്‍) ഉണ്ടായിരുന്നു. നവോത്ഥാനകാലത്ത് ഇവയെല്ലാം ഒന്നായി, ഏകജാതിയായി. ഇതിനിടയില്‍ മറ്റു ചില അന്തരങ്ങള്‍ ജാതിക്കുള്ളില്‍ രൂപപ്പെട്ടു. അതില്‍ ഏറ്റവും പ്രധാനം ഈ മുതലാളിത്ത കാലത്തിലെ സാമ്പത്തികമായ അന്തരമാണ്. ഉള്ളവരും ഇല്ലാത്തവരും എന്ന വലിയ അന്തരം ഇക്കാലത്ത് ഇന്ത്യയില്‍ വലുതായി രൂപപ്പെട്ടിട്ടുണ്ട്.
ഒപ്പം പലജാതികളില്‍ മതങ്ങളില്‍ ഉള്ളവര്‍ തമ്മിലുള്ള മിശ്രവിവാഹങ്ങളും കൂടിയിട്ടുണ്ട്. ഇവിടെ സാമ്പത്തികമായ അന്തരങ്ങള്‍ ജാതികളെ, മതങ്ങളെ ശിഥിലമാക്കിയിട്ടുണ്ട്. മനുഷ്യര്‍ മതങ്ങളില്‍ നിന്ന് ഏകവ്യക്തി കേന്ദ്രിതമായ മതസംഘങ്ങളിലേക്കും മറ്റും ചിതറിപ്പായിട്ടുണ്ട്.


REPRESENTATIONAL IMAGE | WIKI COMMONS
മനുഷ്യര്‍ മതങ്ങളില്‍ നിന്ന് മതരാഹിത്യങ്ങളിലേക്കും ജാതികളില്‍ നിന്ന് ജാതി രാഹിത്യത്തിലേക്കും മതങ്ങളില്‍ നിന്ന് മറ്റു മതങ്ങളിലേക്കും ജാതികളില്‍ നിന്ന് മറ്റു ജാതികളിലേക്കും പൊയ്‌ക്കൊണ്ടിരിക്കുന്നു. സിനിമ, സീരിയലുകള്‍, സാഹിത്യം, നഗരവല്‍ക്കരണം എന്നിവയൊക്കെ അടിച്ചമര്‍ത്തിച്ചിരിക്കുന്ന പലതിനേയും തുറന്നു വിടുവാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നു. ശരിക്കും ഒരു പാശ്ചാത്യസമൂഹത്തിലേക്കുള്ള പലായനം കാണുന്നുണ്ട്. ഇപ്പോള്‍ ഒരു പാട് പേര്‍ രാജ്യം വിട്ടുപോകുന്നു. അവര്‍ തിരിച്ചു കൊണ്ടു വരുന്നത് പാശ്ചാത്യ സംസ്‌കാരം ആകുന്നു. ഈ മാറ്റങ്ങളില്‍ മതവും ജാതിയും ഇനിയും ശിഥിലമാകും. സാമ്പത്തിക ശക്തികള്‍ ജാതി മതങ്ങളെ ഇതരരൂപത്തിലേക്ക് കണ്‍വേര്‍ട്ട് ചെയ്യിപ്പിക്കും. ജാതിമത ബന്ധങ്ങളും ബന്ധനങ്ങളും ഉള്ള സമൂഹത്തില്‍ ജീവിക്കുമ്പോഴും മാനസികമായി അതില്‍ നിന്ന് സ്വതന്ത്രരായവരാണ് മികവുറ്റ കവികള്‍ ഉള്‍പ്പെടെയുള്ള സാഹിത്യ രചയിതാക്കള്‍. സാമൂഹ്യജീവിതത്തിലെ അസമത്വങ്ങളെയും അനീതികളേയും അടിസ്ഥാനമാക്കി അവര്‍ സര്‍ഗക്രിയകളില്‍ ഏര്‍പ്പെടുന്നു. ജീവിതത്തെ ബുദ്ധിപരവും ഭാവനാപരവുമായി എഴുതുന്നു. ലോകസാഹിത്യത്തിലെ മാറ്റങ്ങളെ ശ്രദ്ധിക്കുകയും സാഹിത്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. അതില്‍ ചിലര്‍ ജാതിമത നിര്‍മ്മുക്തര്‍ ആയിരിക്കും. കവികളും എഴുത്തുകാരും കൃതികള്‍ പരിഭാഷപ്പെടുത്തുന്നു. ലോകസഞ്ചാരം നടത്തുന്നു. അവര്‍ക്ക് ലഭിക്കുന്ന അവാര്‍ഡുകളും അംഗീകാരങ്ങളും കേരള സംസ്‌കാരത്തിന് ലഭിക്കുന്നതു കൂടിയാണ്.

പക്ഷേ എന്തുകൊണ്ടാണ് ഈഴവര്‍ക്കു താഴെയുള്ള ഒരു കവിയും ഫിക്ഷന്‍ എഴുത്താളും സെലിബ്രിറ്റികള്‍ ആകാത്തത് എന്നതാണ് ഒരു ചോദ്യം. ഏറ്റവും അടിത്തട്ടില്‍ നിന്നുള്ള ചോദ്യമാണിത്. ഉത്തരം താഴെയുളള വേതാള കഥയില്‍ ഉണ്ട്.

വേതാളത്തിനെ തോളിലേറ്റി വിക്രമാദിത്യന്‍ തീരിച്ചു നടന്നു. അപ്പോള്‍ വേതാളം വിരസത ഒഴിവാക്കാന്‍ ഒരു കഥ പറയാന്‍ തുടങ്ങി: 'ദക്ഷിണഭാരതത്തില്‍ കേരളം എന്നു പേരായ ഒരു ദേശമുണ്ട്. അവിടെ കഥയും നോവലും എഴുതുന്ന അഞ്ച് സാഹിത്യകാരന്മാര്‍ അടുത്ത കാലത്ത് ഉണ്ടായിരുന്നു. അവര്‍ അഞ്ചും നല്ല കഴിവുളളവര്‍ ആയിരുന്നു. അതില്‍ മൂന്നു പേര്‍ മാത്രം സെലിബ്രിറ്റികളായി മാറി. അവര്‍ മൂന്നും ക്രമമനുസരിച്ച് പറഞ്ഞാല്‍ നായര്‍, കിസ്ത്യാനി, മുസ്ലിം എന്നിങ്ങനെ മൂന്ന് വിഭാഗത്തില്‍ പെട്ടവരായിരുന്നു. മറ്റു രണ്ടു പേര്‍ അവഗണിക്കപ്പെട്ടു. അതിലൊരാള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടി. പുസ്തകം ഇംഗ്ലീഷില്‍ വന്നു. ഒരു തരം സൂപ്പര്‍ നാച്വറല്‍ കഥകളാണ് മറ്റേയാളുടേത്. അല്ലയോ വിക്രമാദിത്യ രാജാവേ, അവരുടെ പേരുകള്‍ എന്താണ്? എന്തു കൊണ്ടാണവര്‍ സെലിബ്രിറ്റികള്‍ ആകാതിരുന്നത്? ഉത്തരം പറഞ്ഞില്ലെങ്കില്‍ അങ്ങയുടെ തല പൊട്ടിതെറിക്കും. രാജാവ് പറഞ്ഞു: 'പ്രിയപ്പെട്ട വേതാളമേ, പ്രേതഭാഷണവും കാവല്‍ ഭൂതവും എഴുതിയ മഹാനായ സ്റ്റോറി ടെല്ലര്‍ സി. അയ്യപ്പനല്ലേ ഒരാള്‍. മറ്റയാള്‍ കൊച്ചരേത്തി നോവല്‍ എഴുതിയ നാരായനും. അവര്‍ ഇരുവരും ദളിത് ആദിവാസി വിഭാഗത്തില്‍ പെട്ടവരായതു കൊണ്ടു മാത്രമാണ് ആഘോഷിക്കപ്പെടാതിരുന്നത്. കേരള സംസ്‌കാരത്തിലെ വിവേചനം അറിയാവുന്ന രാജാവിന്റെ മറുപടി കേട്ട് തൃപ്തനായ വേതാളം പറയോന്ത് പോകുന്ന മാതിരി മുരിക്കുമരത്തിലേക്ക് പറന്നുചെന്ന് തുങ്ങിക്കിടന്നു. 

അടിത്തട്ടില്‍ നിന്ന് എടുത്തു പറയാവുന്ന ആദ്യത്തെ പ്രധാനി എന്‍. കുമാരന്‍ ആശാനാണ്. പണ്ഡിറ്റ് കെ.പി. കറുപ്പന്‍, സഹോദരന്‍ അയ്യപ്പന്‍, മുണ്ടശ്ശേരി, എം.പി. പോള്‍, സി.ജെ. തോമസ് എന്നിവരുണ്ടാക്കിയ സാംസ്‌കാര നിരൂപണത്തിന്റെ അടിസ്ഥാനത്തില്‍ നിന്നാണ് ഒ.വി.വിജയന്‍, കോവിലന്‍, മുകുന്ദന്‍, കാക്കനാടന്‍, ബഷീര്‍ എന്നിവരൊക്കെ ഉയര്‍ന്നു വന്നത്. വേണമെങ്കില്‍ നമുക്ക് ഇക്കൂടെ സക്കറിയ, സാറാ ജോസഫ് എന്നിങ്ങനെയുള്ള സെലിബ്രിറ്റികളെയും കൂട്ടാം. ഇവരെല്ലാം ജാതിശ്രേണിയില്‍ ഉയരത്തില്‍ നില്ക്കുന്നവര്‍ ആണ്. ഇത് ഹാബര്‍ മാസ് പറഞ്ഞതുപോലെ 18ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആരംഭിച്ച ആധുനികതയുടെ ഒരു തുടര്‍ പ്രോജക്ടാണ്. ആധുനികത ജാതി മതങ്ങളെ വിസ്മ്യതിയിലാക്കിയും പരോക്ഷമാക്കിയുമാണ് ഇത് സാധിച്ചെടുത്തത്. ഏറ്റുമാനൂരില്‍ ഒരു മയിലാട്ടക്കാരന്‍ ഉണ്ടായിരുന്നു. അദ്ദേഹം പൊയ്ക്കാലില്‍ നിന്നായിരുന്നു പ്രോഗ്രാം അവതരിപ്പിച്ചത്. എന്നെക്കണ്ട് പുള്ളി ചിരിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ പൊയ്ക്കാലില്‍ നില്കുന്നവരാണ് കവികളും സാഹിത്യകാരന്മാരും. ആധുനികത ഇപ്പോഴും ശക്തിപ്പെടുന്നതിന്റെ കാരണം പലതാണ്. ടി വി, പത്രങ്ങള്‍ എന്നിവയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഉത്തരാധുനികതയെപ്പറ്റി ധാരണയില്ല. മാധ്യമ മുതലാളിമാര്‍ പാരമ്പര്യ ശക്തികള്‍ ആണ്. ഇന്ന് ഉയര്‍ന്നു വന്നിട്ടുള്ള ദളിത്, ആദിവാസി, സ്ത്രീ എഴത്തുകാരെയെല്ലാം തമസ്‌കരിക്കുവാനുള്ള വമ്പന്‍ പ്രോജക്ട് നടപ്പിലാക്കുവാന്‍ കപടവേഷധാരികളായി സാംസ്‌കാരിക നായകര്‍ എത്തിയിട്ടുണ്ട്. അത്തരം വിഷയങ്ങള്‍ സവര്‍ണര്‍ തന്നെ കൈകാര്യം ചെയ്യുന്നുണ്ട്. അതാണ് ആധുനികതയുടെ തുടര്‍ പ്രക്രിയയെ സാഹിത്യ സാംസ്‌കാരിക മേഖലയിലെല്ലാം പ്രതിഷ്ഠിക്കുന്നതിന്റെ കാരണം. ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നും ആധുനികത താണ്ടിക്കഴിഞ്ഞിട്ടില്ല. എന്റെ സുഹൃത്തുക്കളായ സെലിബ്രിറ്റികള്‍ എല്ലാവരും മികച്ച എഴുത്തുകാരും കവികളും ആണ്. അവര്‍ ജാതിവാദികള്‍ അല്ലെങ്കിലും സവര്‍ണജാതിയുടെ അനുഗ്രഹം ഉള്ളവരാണ്. സച്ചിദാനന്ദന്‍, കെ. ജി.എസ്, ചുള്ളിക്കാട്, പി.രാമന്‍, പി.പി രാമചന്ദ്രന്‍, റഫീക്ക് അഹമ്മദ്, ആര്‍. ഉണ്ണി, എസ്. ഹരീഷ്, കെ.ആര്‍ മീര എന്നിവരൊക്കെ മത ജാതികളുടെ പ്രിവിലേജ് ലഭിച്ചിട്ടുള്ളവരാണ്. അത് അവര്‍ മറയ്ക്കുന്നതില്‍ അര്‍ത്ഥമില്ല. അതവര്‍ തുറന്നു പറയുകയും പുതിയ ലോകത്തിനായി വഴിമാറുകയുമാണ് വേണ്ടത്. അവര്‍ വിശാല ഇടതുപക്ഷവും ആണ്. അധികാരത്തോട് ഒട്ടി നില്ക്കുന്ന എഴുത്തുകാര്‍ക്ക് അനീതി നിറഞ്ഞ ഈ അവസ്ഥയെ മറികടക്കുക അസാധ്യമാണ്. ജാതി സമൂര്‍ത്തമാണ്. മതം അമൂര്‍ത്തമാണ്. ഹിന്ദുമതത്തിലെ ജാതികള്‍ക്കിടയില്‍ പരസ്പരബന്ധവും തുല്യതയും ഇല്ല. അതിനായി ഭക്തി കള്‍ട്ടിന്റെ കാലത്ത് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ കവിതയിലെ സുപ്രധാനമായ ഒരു കാവ്യസന്ദര്‍ഭം ആണത്. അതിഭീകരമായ വിവേചനങ്ങള്‍ ആണ് ഹിന്ദു മതത്തില്‍ ഇന്നും തുടരുന്നത്. Human rights ന്റെ Violation ആണത്. യൂറോപ്പില്‍ എവിടെയെങ്കിലും വയലേഷന്‍ ഉണ്ടായാല്‍ അത് യൂറോപ്യന്‍ യൂണിയന്‍ ചോദിക്കും.


കുമാരന്‍ ആശാനാൻ | PHOTO: WIKI COMMONS
ഓരോ ജാതിക്കും ഹിന്ദുമതം ഓരോ പരിപ്രേക്ഷ്യം (കാഴ്ചപാട്) ആകുന്നു. ഓരോ ജാതിക്കും സ്വീകാര്യരായ ദൈവങ്ങളുണ്ട്. അതുകൊണ്ട് ഹിന്ദുമതത്തിന്റെ കോര്‍ (കേന്ദ്രം) ആയ ഫിലോസഫി സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്. മുമ്പ് സംസ്‌കൃതത്തില്‍ മാത്രം ഒളിപ്പിച്ചു വച്ചിരുന്ന ഹിന്ദു ഫിലോസഫിയിലേക്ക് കടന്നെത്താല്‍ സാധാരണക്കാര്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. എല്ലാ മതങ്ങളിലും ഇത്തരം വിവേചനം ഉണ്ടായിരുന്നു. ഖുറാന്‍ വായിക്കാന്‍ ജിപ്‌സികളെ അനുവദിച്ചില്ല. വിശുദ്ധ ഗ്രന്ഥങ്ങള്‍ അവിശുദ്ധമാക്കിയ സമൂഹങ്ങള്‍ ഉണ്ട്. ഒട്ടോമന്‍ ഭരണ കാലത്ത് എല്ലാ ജിപ്‌സികള്‍ക്കും പേര് അബ്ദുള്ള എന്നായിരുന്നു. ഖുറാന്‍ വിവര്‍ത്തനം ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. ആദ്യ വിവര്‍ത്തനം വരുന്നത് ജര്‍മ്മനിലാണ്. ക്രിസ്തീയ ചിത്രങ്ങള്‍ വരയ്ക്കാന്‍ അനുവദിച്ചിരുന്നില്ല. ബൈസാന്റിയന്‍ ചിത്രങ്ങളുടെ കാലത്താണതിന് മാറ്റമുണ്ടായത്. പോപ് ഗ്രിഗറിയുടെ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. കിഴക്കന്‍ യൂറോപ്പില്‍ ജിപ്‌സികളോട് അല്പമെങ്കിലും കാരുണ്യം കാണിച്ചത് മുസ്ലീങ്ങളാണ്. ക്രിസ്ത്യാനികള്‍ അല്ല.

ഓരോ ജാതിക്കൂട്ടവും രക്തബന്ധം, ലൈംഗികത, സ്വന്തബന്ധം എന്നിവയാല്‍ സ്വയം പര്യാപ്തമാണ്. ഹിന്ദു മതത്തില്‍ അവര്‍ എവിടെയോ ഉണ്ടെന്നേ അര്‍ത്ഥമുള്ളു. അവര്‍ ജീവിക്കുന്നുണ്ടോ അവര്‍ അടിമകള്‍ ആണോ എന്നൊന്നും ജ്ഞാനികളോ സന്യാസിമാരോ അന്വേഷിച്ചില്ല. എല്ലാ മതങ്ങളും അടിമത്തത്തിന് അനുകൂലമായിരുന്നു. ഇന്ത്യയിലേക്കു വന്ന വൈദേശിക മതങ്ങളിലേക്ക് ഹിന്ദുമതത്തിലെ അടിഞ്ഞട്ടു ജാതികളുടെ പുറമ്പോക്ക് അവസ്ഥ മൂലം അവര്‍ മതം മാറിപ്പോയി. മതം മാറിയവരുടെ സ്റ്റാറ്റസ് ഹിന്ദു മതത്തിലെ സ്റ്റാറ്റസ് തന്നെയായിരുന്നു. പകരം ഹിന്ദുമതം ആകട്ടെ ക്രിസ്തുമതത്തെ ജാതീയമായി ഭിന്നിച്ചു. ഇസ്ലാമില്‍ പെട്ടവരും താണ ജാതിക്കാരോട് വിവേചനം കാണിച്ചിട്ടുണ്ട്. ഹിന്ദു മുസ്ലിം ഡിവിഷന്‍ പലയിടത്തും കാണുന്നു. തലശ്ശേരിയില്‍ ആയിരുന്ന വേനല്‍ക്കാലത്ത് അയല്‍ക്കാരായ മുസ്ലിംങ്ങള്‍ക്ക് ഈഴവ ഹൗസ് ഓണറുടെ അപ്രീതി വകവയ്ക്കാതെ കിണറ്റിന്‍ നിന്ന് ഞാന്‍ വെളളം കൊടുത്തിട്ടുണ്ട്. എറണാകുളത്ത് വാടക വീട് അന്വേഷിച്ചപ്പോള്‍ മുസ്ലിം ആണോ എന്ന് എന്നോട് ഒരു ബുക്‌സ് സ്റ്റാളുകാരന്‍ ചോദിക്കുകയുണ്ടായി. 'എന്തു ചെയ്യാം ഇവിടത്തെ അവസ്ഥ ഇതാണ്' അയാള്‍ പറഞ്ഞു. എനിക്ക് വേദന തോന്നി.

ഭാഗികമായ ആധുനികതയുടേയും ആധുനികോത്തരതയുടേയും സ്വാധീനം ധാരാളം പൊതുവിടങ്ങളെ സൃഷ്ടിച്ചു. ടെക് സ്റ്റെയില്‍സ്, ജ്വല്ലറി, റേഷന്‍ കട, പലചരക്കുകട, ചന്ത, ബസ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ ജാതിയായി രൂപാന്തരപ്പെടുന്നില്ല. പകരം പണമായി രൂപാന്തരപ്പെടുന്നു. അധ്യാപകര്‍ ജ്ഞാനമായി മാറുന്നു. വിദ്യാര്‍ത്ഥികള്‍ ജ്ഞാനാന്വേഷകരാകുന്നു. ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ ശേഷികള്‍ (Skills ) ആയി മാറുന്നു. പട്ടാളക്കാര്‍, പോലീസുകാര്‍ എന്നിവര്‍ തോക്കായി മാറുന്നു. ടാക്‌സി, ഓട്ടോ, ബസ് എന്നിവ ഓടിക്കുന്നവര്‍ യന്ത്ര ഭാഗങ്ങളായി മാറുന്നു. അപ്പോള്‍ ജാത്യാന്തര - മതാന്തര ബന്ധങ്ങള്‍ ഉണ്ടാവുകയും ജനങ്ങള്‍ക്ക് ജാതിക്കും മതത്തിനും അപ്പുറത്ത് ഒരു പൊതു സത്ത ഉണ്ടാവുകയും ചെയ്തു. മതസത്ത, ജാതി സത്ത എന്നിവ കൂടാതെ സാമ്പത്തിക സാമൂഹിക ബന്ധങ്ങളുടെ ഭാഗമായി മനുഷ്യര്‍ ഒരേ സമയം പലരായി. ജാതിയുടേയും മതത്തിന്റേതുമായ തൊഴിലുകളില്‍ നിന്ന് മിക്കവാറും വേര്‍പെട്ട് മനുഷ്യര്‍ ഭരണകൂടത്തിന്റെയും സാമ്പത്തിക വിനിമയത്തിന്റെയും മറ്റും ജോലികളിലേക്ക് മാറി. പുതിയ കലാരൂപങ്ങള്‍ ഉണ്ടായി. പ്രൊഡക്ടീവ് അല്ലാത്ത സ്‌പോര്‍ട്ട്‌സ് ആര്‍ട്ട്‌സ് എന്നീ മേഖലകള്‍ ഉണ്ടായി. ക്രിക്കറ്റ്, ഫുഡ്‌ബോള്‍, ഓട്ടം, ചാട്ടം എന്നിവ മതപരമോ ജാതിപരമോ അല്ല എന്ന് തീര്‍ത്തും പറയാന്‍ പറ്റുകയില്ല. ലൈംഗിക സ്വാതന്ത്ര്യം ജാത്യാന്തരതയും മതാന്തരതയും പുലര്‍ത്തുന്നു. അങ്ങനെ നില്ക്കുന്ന കാലത്താണ് ഇടി വെട്ടിയവനെ പാമ്പുകടിച്ചതുപോലെ ഹിന്ദു വൈസേഷന്‍, പ്രൈവറ്റെസേഷന്‍, ലിബറലൈസേഷന്‍, ഗ്ലോബലൈസേഷന്‍ എന്നിവ വന്നത്. ഗവണ്‍മെന്റ് മേഖലകള്‍ തകര്‍ന്നു. സ്വകാര്യമേഖല വളര്‍ന്നു. മന്‍മോഹന്‍ സിങ് ഭരിച്ച കാലം വരെ നിലനിന്ന മതേതരത്വം തകര്‍ന്നു. മതങ്ങളും ജാതിസമൂഹങ്ങളും തമ്മില്‍ നിലനിന്ന സാഹോദര്യം അശക്തിയായി. ടെക്‌നോളജിയും ശാസ്ത്രവും മനുഷ്യരെ മതേതര ജനതയാക്കും എന്നു വന്നപ്പോള്‍ ജാതിയും മതവും റീസെറ്റ് ചെയ്യപ്പെട്ടു.

#outlook
Leave a comment