TMJ
searchnav-menu
post-thumbnail

Outlook

ജാതി, സ്ത്രീ വിരുദ്ധത, വികസനം; രാഷ്ട്രീയ സീരീസിന് ഒരു ഇന്ത്യൻ ഉദാഹരണം

23 May 2023   |   4 min Read
പ്രശാന്ത് ആലപ്പുഴ

"Crime of any class cannot be safely ascribed to a single cause. Life is too complex, heredity is too variant and imperfect, too many separate things contribute to human behavior, to make it possible to trace all actions to a single cause" - Clarence Darrow

മറ്റുള്ളവരുടെ കുറ്റകൃത്യങ്ങളുടെ ഉള്ളറകളിലേക്ക് ആണ്ടിറങ്ങാനുളള മനുഷ്യരുടെ വ്യഗ്രത വിചിത്രമാണ്. സാധാരണയിൽ നിന്നും ഏറെ മാറി ചിന്തിക്കുന്ന ആ നിമിഷത്തെ മനോവ്യാപാരങ്ങൾ എന്തൊക്കെയാണ് എന്ന് അറിയുവാനുള്ള ജിജ്ഞാസക്ക് പരിധികളില്ല. ലോകത്ത് കുറ്റാന്വേഷണ കഥകൾക്കുള്ള അഭൂതപൂർവമായ പ്രചാരം ഇങ്ങനെയൊക്കെ ഉണ്ടായതാവാം. 

നോവലുകളും സിനിമകളും പോലെ തന്നെ ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ വരുന്ന സീരിസുകളിലും ഏറ്റവും ജനപ്രിയമായ യോണർ കുറ്റാന്വേഷണം തന്നെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പല മികച്ച കുറ്റാന്വേഷണ ആവിഷ്ക്കാരങ്ങളും ആ സമൂഹങ്ങളുടെ നേരെ പിടിച്ച കണ്ണാടി കൂടിയാണ്. ഭാഷയുടെ പരിമിതികൾ എല്ലാം മാറ്റിവെച്ചു ആളുകൾ സസ്പെൻസ് ക്രൈം ത്രില്ലറുകൾക്ക് പിന്നാലെ പായുന്നത് സർവ്വസാധാരണമായ കാര്യമായി മാറി കഴിഞ്ഞിരിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതും ഇവയാണ്.

ആമസോൺ പ്രൈമിൽ ഉള്ള ഒരു ക്രൈം സീരീസ് ആണ് Dahaad. ഒരുപക്ഷേ ഇന്ത്യയിൽ നിന്നും വന്ന ഏറ്റവും ലക്ഷണമൊത്ത ഒരു ക്രൈം സീരീസ് എന്ന് വേണമെങ്കിൽ പറയാം. സോനാക്ഷി സിൻഹ, വിജയ് വർമ്മ, ഗുൽഷൻ ദേവയ്യ എന്നിവരുടെ അവിസ്മരണീയ പ്രകടനം കൊണ്ട് കുടി ശ്രദ്ധേയമായ ഈ സിരിസ്‌ ഒരുക്കിയത് സോയ അക്തറും റിമ കഗ്തീയും ചേർന്നാണ്. ദക്ഷിണ കാനറയിൽ നിന്നും തുടങ്ങി കർണാടകത്തിൽ മൊത്തം ഏതാണ്ട് ഇരുപതോളം സ്ത്രീകളെ കൊന്ന സൈനേഡ് മോഹൻ എന്ന പ്രൈമറി സ്കൂൾ വാധ്യാരുടെ കഥ രാജസ്ഥാനിലെ ഒരു പിന്നോക്ക ഗ്രാമത്തിലേക്ക് മനോഹരമായ മാറ്റിയിരിക്കുന്നു. (എന്തുകൊണ്ടും ഒരു സൈനേഡ് മോഹന് ജനിക്കാൻ പറ്റിയ ഒരു സാമൂഹിക പശ്ചാത്തലം കാനറയിലുണ്ട് എന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പും നമ്മളോട് പറയുന്നുണ്ട് ഒറ്റയ്ക്ക് ചെയ്യുന്ന കൊലകളെ സമൂഹവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിൽ പൊരുത്തക്കേടുണ്ട് എന്നത് വസ്തുതയാണെങ്കിലും വർഗ്ഗിയതയിലും അപരവിദ്വേഷത്തിലും അഭിരമിക്കുന്ന ഒരു സമൂഹത്തിനു ലിംഗവിവേചനത്തിൽ അധിഷ്ഠിതമായ കുറ്റകൃത്യങ്ങൾ (misogynistic crimes) ചെയ്യുവാൻ മടിയില്ലാത്ത ഒരാളെ സൃഷ്ടിക്കുവാൻ ഏറെ പണിപെടേണ്ടി വരില്ല)


'ദഹാദ്' സീരിസിലെ രംഗം 

ഇന്ത്യയുടെ സാമൂഹിക പഠനങ്ങളിലും അവയുടെ കുറ്റകൃത്യബന്ധങ്ങളിലും താല്പര്യമുള്ളവർക്ക്, സമൂഹത്തിന്റെ രോഗഗ്രസ്തമായ ചിന്താശീലം ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയിൽ എത്രത്തോളം നിർണായകമാണ് എന്ന് മനസ്സിലാക്കാൻ താല്പര്യമുള്ളവർക്ക് ഒക്കെ ഒരു നല്ല സൂചകമാണ് ഈ സീരിസ്. കേരള സ്റ്റോറി എന്ന കള്ളക്കഥ പ്രചാരത്തിൽ വന്ന കാലഘട്ടത്തിൽ തന്നെ യാദൃശ്ചികമായി പ്രക്ഷേപണം ചെയ്യപ്പെട്ട ഈ സീരിസ് വളരെ ഗൗരവമായ ചില കാഴ്ചകൾ നമ്മെ കാട്ടിത്തരുന്നുണ്ട്. ഒരു ശരാശരി ഉത്തരേന്ത്യൻ ഗ്രാമം എന്താണെന്ന് മലയാളികൾക്ക് തിരിച്ചറിയാനുള്ള നല്ല ഒരു അവസരം കഥയുടെ പശ്ചാത്തലം ഒരുക്കി തരുന്നുണ്ട്. വലിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന വിസ്തൃതമായ ഹൈവേകൾ ഗ്രാമത്തെ ചേർന്ന് കടന്നു പോകുന്നുണ്ട്. അതേ സമയം അവയോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിൽ പൊടി പറക്കുന്ന മൺപാതകൾ മാത്രം. ഭൂരിപക്ഷം മനുഷ്യർ വികസന പന്ഥാവിൽ എപ്രകാരം പാർശ്വവൽക്കരിക്കപ്പെടുന്നു എന്നത് കേരള മോഡൽ കണ്ട് വളർന്ന നമ്മുടെ സമുഹത്തിനെ സംബന്ധിച്ചു അത്ഭുതം ഉളവാക്കിയേക്കാം. വീട് അടക്കമുള്ള മറ്റു സൗകര്യങ്ങളും നമ്മുക്ക് പരിചിതമായ നിത്യകാഴ്‌ച്ചകളിൽ നിന്നും ഏറെ അകലെയാണ്. സാമൂഹിക ജീവിതത്തിലെ തുല്യതാരാഹിത്യം കൃത്യമായി പ്രതിഫലിപ്പിക്കാൻ സിരിസിന് കഴിയുന്നുണ്ട്.

അവയിൽ ഏറ്റവും പ്രധാനമായി സൂചിപ്പിക്കപ്പെടുന്ന, സംവിധായകൻ ഒട്ടും മറച്ചുവയ്ക്കുവാൻ ആഗ്രഹിക്കാത്ത രണ്ട് പച്ചയായ യാഥാർത്ഥ്യങ്ങൾ ജാതിയും പാട്രിയാർക്കിയൽ സമൂഹത്തിന്റെ സ്ത്രീ വിരുദ്ധതയുമാണ്. ഒരു പിന്നോക്കകാരിയായ സ്ത്രീയാണ് അന്വേഷണ ഉദ്യോഗസ്ഥ എന്നതുകൊണ്ട് തന്നെ കൃത്യമായ രാഷ്ട്രീയം ഉടനീളം സീരീസിൽ പ്രതിഫലിക്കുന്നുണ്ട്. വർണ്ണവും വർഗ്ഗവും (caste Vs Class) തമ്മിലുള്ള ഗുസ്തിയിൽ, നായിക വിദ്യാഭ്യാസത്തിലൂടെ നേടിയ തൊഴിലിൽ കുടി കൈവരിച്ച വർഗ്ഗപരമായ മേൽക്കൈ ജാതീയമായി ചോദ്യം ചെയ്യപ്പെടുന്ന സന്ദർഭങ്ങൾ നിരവധിയാണ്. അവയ്ക്ക് മുന്നിൽ പകച്ചു നിൽക്കാൻ പോലീസ് ഇൻസ്പെക്ടർ ആയ നായിക തയ്യാറല്ല എന്നത് വിദ്യാഭാസവും സ്വയംപര്യാപ്തതയും കൊണ്ട് മാത്രമേ ഇത്തരം വിവേചനങ്ങളെ അതിജീവിക്കാനോ വെല്ലുവിളിക്കാനോ കഴിയൂ എന്നതിന് സൂചകമായി കാട്ടി തരുന്നു.

ജാതീയ സംഘർഷം കൈകാര്യം ചെയ്യുന്ന അതേ പ്രാധാന്യത്തോടെ തന്നെ ലിംഗവിവേചനവും  സംവിധായകൻ കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടെയും ശ്രദ്ധേയമായ ഒരു കാര്യം  മധ്യവർഗ്ഗ സമൂഹത്തിലും ലിംഗവിവേചനം അതിന്റെ പരകോടിയിലാണ് എന്ന് കാണിക്കാൻ സംവിധായകൻ ക്യാമറ തിരിക്കുന്നത് SHO യുടെ വീട്ടിലേക്കാണ്.   മധ്യവർഗ്ഗ ഉന്നതജാതികളുടെ പ്രത്യേകിച്ചും അവിടുത്തെ സ്ത്രീകളുടെ സാമ്പ്രദായികതയോടുള്ള സ്റ്റോക്ക്ഹോം സിൻഡ്രോമും വളരെ മനോഹരമായ തുന്നിചേർത്തിരിക്കുന്നു. (ശബരിമല സമരകാലത്ത് കേരളം നേരിട്ടനുഭവിച്ചതായതു കൊണ്ട് ഈ സാമൂഹിക പരിസരങ്ങളിൽ നിന്നും നാം ഏറെ അകലെയല്ല. സ്വത്വപരമായി മലയാളി പെൺജീവിതങ്ങൾക്കും റിലേറ്റ്  ചെയ്യാൻ കഴിഞ്ഞാൽ അതിൽ വലിയ അത്ഭുതമില്ല). താൻ നിരന്തരം അനുഭവിച്ച് വന്നത് ലിംഗവിവേചനമാണ് എന്ന് മനസ്സിലാവുക പോലും ചെയ്യാത്ത SHO യുടെ ഭാര്യ താൻ കിടക്കുന്ന അന്ധകാരകൂപത്തിലേക്ക് മകളെയും വലിച്ചിടാൻ ശ്രമിക്കുന്നതും അതിനുവേണ്ടി അവർ നടത്തുന്ന സംഘർഷവും ഇന്ത്യൻ സ്ത്രീ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. 


'ദഹാദ്' സീരിസിലെ രംഗം 

അതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്   നായിക നേരിടുന്ന വിവാഹം കഴിക്കാനുള്ള ഗാർഹികവും സാമൂഹികവുമായ സമ്മർദ്ദവും അതിനു പേരിൽ നേരിടേണ്ടി വരുന്ന സമ്മർദ്ദങ്ങളും. തന്റെ സ്വയംപര്യാപ്തത കൊണ്ട് ഇവയെ അതിജീവിക്കുന്ന നായിക ഒരു പടി കൂടി കടന്നു തന്റെ ശരീരത്തിന്റെ പുറത്തുള്ള തന്റെ അവകാശം വ്യക്തിപരമായി സ്ഥാപിക്കുന്നത് ഒത്തുചേരാൻ ഇഷ്ടമുള്ള ഒരു കൂട്ടുകാരനുമായി വേഴ്ചയിൽ ഏർപ്പെട്ടുകൊണ്ടാണ്. അതിന്റെ വൈകാരികതയിൽ പോലും തന്റെ ശരീരത്തിന്റെ  തീറവകാശം അയാൾക്ക് പോലും നൽകാൻ അവൾ തയാറാകുന്നില്ല. ഒട്ടും വൈകാരികത ഇല്ലാതെ ശരീരങ്ങളെ തമ്മിൽ വേർപെടുത്തി യാത്ര ചൊല്ലി പിരിയാൻ അവൾക്ക് സാധിക്കുന്നു. കുറ്റാന്വേഷണവുമായി ഈ വേഴ്ചയെ ബന്ധപ്പെടുത്തുന്ന കഥാസന്ദർഭം അതീവ ലോലമാണ്. അതിമനോഹരമായിട്ടാണ് കൈയടക്കത്തോടെ സംവിധായകൻ ഈ ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

സസ്പെൻസ് ത്രില്ലറുകളിലെ ഏറ്റവും രസകരമായ ഭാഗം എപ്പോഴും ആരാണ് കൊലപാതകി എന്നതാണ്. കൊലപാതകിയെ പ്രേക്ഷകരുടെ മുൻപിൽ നിർത്തിക്കൊണ്ട് എന്തിനാണ് കൊലപാതകങ്ങൾ ചെയ്യുന്നത്, അവ എപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥൻ നമ്മുടെ മുൻപിലേക്ക് വെളിവാക്കാൻ പോകുന്നത് എന്ന സംഗതികളിൽ ഒരു സസ്പെൻസ് ത്രില്ലർ മുന്നോട്ടുകൊണ്ടുപോകാൻ വളരെ മികച്ച ഒരു ക്രാഫ്റ്റ് ആവശ്യമാണ്. ഈ സീരീസിൽ ആദ്യ എപ്പിസോഡ് മുതൽ തന്നെയും ആരാണ് കൊലപാതകി എന്ന് പ്രേക്ഷകർക്കറിയാം. ഏതാണ്ട് മധ്യഘട്ടം ആകുമ്പോഴേക്കും പോലീസിനും അയാളിലേക്ക് ഒരു കണ്ണ് എത്തുന്നുണ്ട്. പക്ഷേ അപ്പോഴും നിർണായകമായ ചോദ്യങ്ങൾ ബാക്കിയാവുന്നുണ്ട്. വളരെ രസകരമായി ബാക്കിയാവുന്ന ചോദ്യങ്ങൾ വച്ചുകൊണ്ട് കഥയെ മുന്നോട്ടു നയിക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അവസാനത്തെ എപ്പിസോഡ് അൽപ്പം നീണ്ടുപോയി എന്ന് തോന്നുമെങ്കിലും എല്ലാ ഉത്തരങ്ങളും കൃത്യമായി അടുക്കിവെച്ചു കഴിയുമ്പോൾ അവസാനത്തെ എപ്പിസോഡ് അടക്കം നമുക്ക് പ്രിയങ്കരമാവും. കൊലപാതകി എന്നത് ഒരു സമൂഹ സൃഷ്ടി കൂടിയാവുന്നതെങ്ങനെ എന്നത് അടയാളപ്പെടുത്തിയ ശേഷമാണ് സംവിധായകൻ ക്യാമറ ഓഫ് ആക്കുന്നത്.

Crime is common. Logic is rare. Therefore it is upon the logic rather than upon the crime that you should dwell.” - Sir Arthur Conan Doyle


#outlook
Leave a comment