ഉച്ചാരണത്തിന്റെ ജാതി
ചോദ്യമാണോ ഉച്ചാരണത്തിന്റെ 'ശുദ്ധി'യാണോ പ്രധാനം? ഇന്ത്യന്‍ അക്കാദമിക മേഖലയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമായി ഇത് മാറിയിരിക്കുന്നു. പ്രശസ്ത അക്കാദമിക് ഗായത്രി ചക്രവര്‍ത്തി സ്പിവക്കും ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെഎന്‍യു) വിദ്യാര്‍ത്ഥിയായ അന്‍ശുല്‍ കുമാറും തമ്മിലുണ്ടായ തര്‍ക്കമാണ് ഈ സംവാദത്തിന് തിരികൊളുത്തിയത്. കീഴാളര്‍ക്ക് സംസാരിക്കുവാന്‍ കഴിയുമോ (Can the Subaltern Speak) എന്ന ചോദ്യമുന്നയിച്ച പണ്ഡിതയായ ഗായത്രി സ്പിവക് തന്നെ അക്കാദമിക വരേണ്യതയുടെ പ്രതീകമായി മാറിയെന്നതാണ് അതിലെ വൈരുധ്യം.
കൊളംബിയ സര്‍വകലാശാല പ്രൊഫസറായ ഗായത്രി സ്പിവക്കും അന്‍ശുല്‍ കുമാറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ നിന്നും തുടങ്ങാം. അമേരിക്കന്‍ സോഷ്യോളജിസ്റ്റായ, വര്‍ണവിവേചനത്തിനെതിരെ പോരാടിയ കറുത്ത വംശജനായ W E B Du Bois നെ കുറിച്ചുള്ള പ്രഭാഷണത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. സെന്റര്‍ ഫോര്‍ ബ്രാഹ്‌മിന്‍ സ്റ്റഡീസിന്റെ ഫൗണ്ടിംഗ് പ്രൊഫസര്‍ എന്നാണ് അന്‍ശുല്‍ കുമാര്‍ സ്വയം പരിചയപ്പെടുത്തിയത്. തന്റെ ചോദ്യത്തിലേക്ക് പ്രവേശിച്ച അന്‍ശുല്‍ കുമാറിനെ തടസ്സപ്പെടുത്തിക്കൊണ്ട് ഡു ബോയ്‌സ് എന്നാണ് പേര് ഉച്ചരിക്കേണ്ടത് എന്നും അദ്ദേഹം ഹേശ്യന്‍ (Haitian) ആണെന്നും ഡു ബോയ് എന്നോ ഡു ബ്വാ എന്നോ അല്ല ഉച്ചാരണം എന്നും സ്പിവക് പറഞ്ഞു. തുടര്‍ന്ന് തന്റെ ചോദ്യം ഉന്നയിച്ച അന്‍ശുല്‍ തന്റെ ആദ്യത്തെ ഉച്ചാരണം ആവര്‍ത്തിച്ചപ്പോള്‍ പേര് ശരിയായി ഉച്ചരിക്കണം എന്നും ഇത് ഒരു എലീറ്റ് യൂണിവേഴ്‌സിറ്റി ആണെന്നും സ്പിവക് നിഷ്‌കര്‍ഷിച്ചു. അപ്രസക്ത വിഷയങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞെങ്കില്‍ ചോദ്യത്തിലേക്ക് കടക്കട്ടേ എന്നു പറഞ്ഞതിന് ശേഷം, ഡു ബ്വാ ഒരു എലിറ്റ് അപ്പര്‍ ക്ലാസ് ആണെന്ന സ്പിവക്കിന്റെ നിരീക്ഷണത്തെ കുറിച്ച് ചോദ്യം ഉന്നയിച്ച അന്‍ശുല്‍, അങ്ങനെ എങ്കില്‍, സ്പിവക് അവരുടെ കുടുംബ സാമൂഹിക പശ്ചാത്തലം വച്ച് എങ്ങനെയാണ് സ്വയം വിശേഷിപ്പിക്കുന്നതുപോലെ മിഡില്‍ ക്ലാസ് ആകുന്നത് എന്നും ചോദിച്ചു. എണ്‍പത്തിരണ്ടുകാരിയായ സ്ത്രീയോട് അപമര്യാദയായി സംസാരിക്കുന്നു എന്ന് സ്പിവക് പറയുകയും മോഡറേറ്ററുടെ ഇടപ്പെടലിലൂടെ ചോദ്യം അവഗണിച്ച് അടുത്ത ചോദ്യകര്‍ത്താവിലേക്ക് പരിപാടി പുരോഗമിക്കുകയും ചെയ്തു.
പ്രതിഷേധ സൂചകമായി അന്‍ശുല്‍ സ്പിവക്കിന്റെ വിഖ്യാത ഉപന്യാസത്തിന്റെ തലക്കെട്ട് (Can the Subaltern Speak?) ഓര്‍മപ്പെടുത്തിക്കൊണ്ട് കീഴാളന് സംസാരിക്കാന്‍ കഴിയുകയില്ല എങ്കില്‍ അയാള്‍ അധിക്ഷേപിക്കും (If the subaltern can't speak, he shall abuse!) എന്ന് പരിപാടി നടന്ന ഓഡിറ്റോറിയത്തിന് പുറത്ത് പോസ്റ്റര്‍ പതിപ്പിച്ചു. എക്‌സിലും (ട്വിറ്റര്‍) ഇതിനെ കുറിച്ച് അദ്ദേഹം എഴുതുകയും സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയും ചെയ്തു. താന്‍ സ്വയം പരിചയപ്പെടുത്തിയ രീതിയിലൂടെ പറയാന്‍ ശ്രമിച്ചത് എന്താണെന്ന് സ്പിവക്കോ പങ്കെടുക്കാന്‍ വന്നവരോ മനസ്സിലാക്കിയില്ല എന്നും കീഴാള പഠന കേന്ദ്രങ്ങള്‍ സവര്‍ണ അക്കാദമിക്കുകളുടെ കാവലില്‍ നിരവധി ഉണ്ടെന്നും പഠന വിഷയമാകേണ്ടത് ബ്രാഹ്‌മനിസം തന്നെയാണെന്നും അന്‍ശുല്‍ പിന്നീട് പറഞ്ഞു. കീഴാളന്‍ സംസാരിക്കുന്നത് ഇങ്ങനെയാണ്, അവര്‍ കേള്‍ക്കാന്‍ തയ്യാറാവണം, പറയുന്ന രീതിയെ (tone policing) നിയന്ത്രിക്കാന്‍ വരികയല്ല വേണ്ടത് എന്നും അന്‍ശുല്‍ പ്രതികരിച്ചു.
ഗായത്രി ചക്രവര്‍ത്തി സ്പിവക്ക് | PHOTO: FACEBOOK
അന്‍ശുല്‍ ദളിതനാണ് എന്ന് വ്യക്തമാക്കിയിരുന്നു എങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല എന്ന സ്പിവക്കിന്റെ പ്രതികരണം തന്നെ The Hindu പത്രത്തില്‍ (മെയ് 25) തലക്കെട്ട് ആയി വന്നു. അന്‍ശുല്‍ തന്നോട് അപമര്യാദയായി (rude) സംസാരിച്ചുവെന്നും മര്യാദയോടെ (polite) സംസാരിച്ചിരുന്നുവെങ്കില്‍ താന്‍ മറ്റൊരുവിധത്തില്‍ പ്രതികരിച്ചേനെ എന്നും അവര്‍ പറഞ്ഞു. ബ്രഹ്‌മിനിക്കല്‍ വ്യവഹാരങ്ങളില്‍ പഠനങ്ങള്‍ ഏറെ നടന്നിട്ടുണ്ട് എന്നും താന്‍ ഉള്‍പ്പെടെ നിരവധി സ്‌കോളര്‍മാര്‍ മേഖലയില്‍ സംഭാവനകള്‍ നല്‍കിയവരാണെന്നും അന്‍ശുല്‍ ഇതൊക്കെ അറിയണമായിരുന്നു എന്നും ' Founding Professor of the Centre for Brahmin Studies ' എന്ന് വിദ്യാര്‍ത്ഥി സ്വയം പരിചയപ്പെടുത്തിയതിനോട് അവര്‍ പ്രതികരിച്ചു.
' Subaltern' എന്നതുകൊണ്ട് ഗ്രാംഷി ഉദ്ദേശിച്ചതാണ് വിവക്ഷിക്കുന്നത് എന്നും ചരിത്രത്തിന്റെ അരികുകളില്‍ ഉള്ള ചെറുസാമൂഹിക വിഭാഗങ്ങള്‍ ആണ് അവയെന്നും സാമൂഹികമായി ഉയരുന്ന, ഇന്ത്യയിലെ എലീറ്റ് ആയ ഒരു യൂണിവേഴ്‌സിറ്റിയില്‍ ഇരുന്ന് അമേരിക്കയില്‍ പഠിപ്പിക്കുന്ന ഒരു സ്‌കോളറോട് സംസാരിക്കുന്നയാള്‍ സബാള്‍റ്റേണ്‍ അല്ല എന്നും വോട്ട് ചെയ്യാന്‍ മാത്രം അവകാശം ഉള്ള, വിദ്യാഭ്യാസം നേടുന്നതിലൂടെ സാധ്യമാകുന്ന പൗരര്‍ എന്ന നിലയ്ക്കുളള ഒരു അവകാശവും ഇല്ലാത്തവര്‍ ആണ് സബാള്‍റ്റേണ്‍ എന്നും സ്പിവക് കൂട്ടിച്ചേര്‍ത്തു. സബാള്‍റ്റേണ്‍ സ്റ്റഡീസ് ജാതിയെ അഭിസംബോധന ചെയ്യുന്നില്ല എന്ന് നിരവധി അവസരങ്ങളില്‍ പറഞ്ഞിട്ടുള്ളയാളാണ് താനെന്നും അത് അന്‍ശുലിന് അറിയില്ല എന്നും അവര്‍ പറഞ്ഞു.
സ്പിവക് കൊല്‍ക്കത്തയില്‍ നിന്നുള്ള ബ്രാഹ്‌മണ സമുദായത്തില്‍പ്പെട്ട വ്യക്തിയാണ്. അന്‍ശുല്‍ ദളിത് വിദ്യാര്‍ത്ഥിയും. ഗായത്രി ചക്രവര്‍ത്തി എന്ന പേരിനോട് ചേര്‍ക്കപ്പെട്ട ആദ്യ ഭര്‍ത്താവും 1977 ല്‍ വേര്‍പിരിയുകയും ചെയ്ത ടല്‍ബത് സ്പിവക്കിന്റെ (Talbot Spivak) സര്‍നെയിം ആണ് അവരെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച് വരുന്നത്.
ഒരു വ്യക്തി, ലിംഗം, ജാതി, മതം, വര്‍ഗം, സെക്ഷ്വാലിറ്റി, ഭാഷ എന്നിങ്ങനെ നിരവധിയായ സ്വത്വങ്ങളുടെ കലരലിലൂടെ രൂപപ്പെട്ട് വരുന്നതാണ് എങ്കിലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന സവിശേഷ അവസ്ഥയില്‍ ഒരാളുടെ ജീവിതഗതി തീരുമാനിക്കുന്നത് അടിസ്ഥാനമായും അയാള്‍ ജനിച്ചുവീഴുന്ന ജാതിയാണ്. ഇന്ത്യയിലെ മതങ്ങള്‍ ജാതി വിവേചനം പാലിച്ചുവരുന്നു. സവര്‍ണ സമുദായത്തില്‍ ജനിക്കുന്ന ഒരാള്‍ക്കുള്ള ജീവിതസൗകര്യങ്ങളും, സോഷ്യല്‍ ക്യാപിറ്റലും ഒരിക്കലും പിന്നോക്ക, ദളിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇല്ല. ജാതീയമായ പിന്നോക്കാവസ്ഥ മറ്റെല്ലാത്തരം പിന്നിലാകലിനും കാരണമാകുന്നു. ജാതി ഒരു ജീവിതയാഥാര്‍ത്ഥ്യമായി നിലനില്‍ക്കുകയും ഇന്നത്തെ കാലത്ത് ജാതിയും മതവുമൊക്കെ ഉണ്ടോ, എല്ലാവരും തുല്യരല്ലേ, എന്ന് പറയുകയും ചെയ്യുന്ന കാപട്യം ഇന്ത്യന്‍ സമൂഹത്തിന്റെ വികല ധാരണകള്‍ക്ക് ഉത്തമ ഉദാഹരണമാണ്. ഏറിയ പങ്കും സ്വജാതി വിവാഹം നടക്കുന്ന രാജ്യത്ത്, സ്‌നേഹിച്ച് വിവാഹം കഴിച്ചവര്‍ ജാത്യാഭിമാനത്തിന്റെ പേരില്‍ അരുംകൊലയ്ക്ക് ഇരയാകുന്ന രാജ്യത്ത് ഇരുന്നുകൊണ്ട് ഇവിടെ ജാതിയില്ല എന്ന് പറയുന്നതിന്റെ സാംഗത്യം എന്താണ്? വ്യക്തി ജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും സൂക്ഷ്മതലത്തില്‍ പ്രവര്‍ത്തിക്കുന്നത് ജാതിയാണ് എന്ന് അംഗീകരിക്കുക തന്നെവേണം.
REPRESENTATIVE IMAGE | WIKI COMMONS
ദിവ്യ ദ്വിവേദിയും ഷാജ് മോഹനും ചേര്‍ന്നെഴുതിയ The 'Aryan Doctrine' And The De-Post-Colonial എന്ന ടെക്സ്റ്റില്‍ ജാതി വ്യവസ്ഥയെ ലോകത്തിലെ ഏറ്റവും പഴക്കമേറിയ വംശീയത എന്നും പൂര്‍വാര്‍ജ്ജിത അസമത്വം എന്നും വിശേഷിപ്പിക്കുന്നു. മൂവായിരം വര്‍ഷമായി സവര്‍ണത നിലനിന്നുപോരുന്നത് ശാരീരികവും മാനസികവുമായി ബഹുജനങ്ങളെ അടിച്ചമര്‍ത്തിയും അവഹേളിച്ചും ആണെന്നും, അവരുടെ സമ്മതത്തോടെ അല്ലെന്നും ദ്വിവേദിയും മോഹനും പറയുന്നു. ജാതി വ്യവസ്ഥ അടിച്ചമര്‍ത്താനും ചൂഷണം ചെയ്യുവാനുമുള്ള അവകാശം സവര്‍ണര്‍ക്ക് പൂര്‍വാര്‍ജ്ജിതമായി നല്‍കുന്നു.
എണ്‍പതുകളില്‍ ഇന്ത്യയിലെ സവര്‍ണ അക്കാദമിക്കുകളുടെ നേതൃത്വത്തില്‍ പോസ്റ്റ് കൊളോണിയല്‍ ഡിസ്‌കോര്‍സ് ബിജെപി യുടെ വളര്‍ച്ചയ്‌ക്കൊപ്പം വികസിച്ചുവന്നതിന് കൃത്യമായ സന്ദര്‍ഭം ഉണ്ടെന്നും അത് വളര്‍ന്നുവരുന്ന ജാതി വിരുദ്ധ രാഷ്ട്രീയത്തെ മറയ്ക്കുന്നതിനും പിന്നോക്ക വിഭാഗങ്ങളുടെ ഒരുമിക്കലിലൂടെ തെളിഞ്ഞുവന്ന വിപ്ലവത്തിന്റെ സാധ്യത കെടുത്തുന്നതിനും വേണ്ടിയായിരുന്നു എന്നും അവര്‍ പറയുന്നു. അക്കാദമിക മേഖലയില്‍ സവര്‍ണ മൂല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്നും അതിന് രാജ്യത്തിന്റെ ഗതിതന്നെ നിര്‍ണയിക്കാനുള്ള ശേഷിയുണ്ടെന്നും ഇത് വ്യക്തമാക്കുന്നു.
ഫ്രഞ്ച് അധിനിവേശ പ്രദേശമായിരുന്ന ഹെയ്തിയില്‍ നിന്നുള്ള ഡു ബോയിസ് പേരിന്റെ ഉച്ചാരണത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയം തിരിച്ചറിഞ്ഞ്, തന്റെ പേര് ഫ്രഞ്ച് രീതിയില്‍ ഉച്ചരിക്കുന്നത് ഒഴിവാക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. തന്റെ മാതൃഭാഷയിലോ അറിയാവുന്ന മറ്റു ഭാഷകളിലോ കേട്ടുപരിചയിച്ചിട്ടില്ലാത്ത പേര് കൃത്യമായി ഉച്ചരിക്കാന്‍ കഴിയണമെന്നില്ല. കൃത്യമായ ഉച്ചാരണം അറിയാവുന്ന വ്യക്തിക്ക് അതുപോലെ പറയാം, അങ്ങനെതന്നെ മറ്റൊരാള്‍ ഉച്ചരിക്കണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ പറ്റുമോ? പത്ര മാധ്യമത്തിലൂടെ പിന്നീടുള്ള തന്റെ പ്രതികരണത്തിലും സ്പിവക് അന്‍ശുല്‍ സ്വയം വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച സബാള്‍റ്റേണ്‍ എന്ന വാക്ക് തെറ്റായ അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത് എന്നും ബ്രാഹ്‌മണിക് വ്യവഹാരങ്ങളില്‍ ഉള്ള പഠനങ്ങളെ കുറിച്ച് അജ്ഞനാണെന്നും ഒക്കെയാണ് ധ്വനിപ്പിക്കുന്നത്. വസ്തുതാപരമായി എല്ലാം ശരിയായി അവര്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ ധാര്‍മികമായി തെറ്റുകള്‍ സംഭവിക്കുന്നു. ദ്വിവേദിയും മോഹനും പറയുന്നതരം അടിച്ചമര്‍ത്തല്‍ സംഭവിക്കുന്നത് കാണാതിരിക്കാന്‍ പറ്റുന്നില്ല. ന്യായീകരിക്കാന്‍ കഴിയാത്ത അസമത്വം ഏത് എലീറ്റ് സ്‌പെയ്‌സിലും ജാതി വ്യവസ്ഥ നിലനിറുത്തുന്നുണ്ട്. തന്റെ പ്രതികരണത്തില്‍ എണ്‍പത്തിരണ്ട് വയസ്സുള്ള സീനിയര്‍ വ്യക്തിയായും സ്ത്രീയായും സ്‌കോളര്‍ ആയും പ്രൊഫസര്‍ ആയും എല്ലാം അവര്‍ തന്നെ വിശേഷിപ്പിക്കുന്നു. സ്വയം ഒരു പൗരയായി തന്നോട് ചോദ്യം ഉന്നയിച്ച പൗരന്‍ ആയി അന്‍ശുലിനെ കണ്ടുകൊണ്ട് ചോദ്യത്തിന് മറുപടിയോ വിശദീകരണമോ കൊടുക്കാമായിരുന്നു. ദളിതന്‍ ആയിരുന്നു എന്ന് അറിഞ്ഞിരുന്നു എങ്കില്‍ ഉത്തരം മറ്റൊരുവിധത്തില്‍ ആകുമായിരുന്നു എന്ന് പറയുന്നതും വിദ്യാര്‍ത്ഥി പലവിധ അജ്ഞതകള്‍ ഉള്ളയാളാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും സ്വന്തം പ്രതികരണത്തില്‍ അപാകത ഉണ്ടായിരുന്നോ എന്ന് വിലയിരുത്താന്‍ തയ്യാറല്ല എന്നതാണ് വ്യക്തമാക്കുന്നത്.
ഗവണ്മെന്റ് സ്‌കൂളുകളും ഗവണ്മെന്റ് എയ്ഡഡ് സ്‌കൂളുകളും മാത്രം ഉണ്ടായിരുന്ന സമയത്ത് കുടുംബത്തിന്റെ സാമ്പത്തിക ശേഷിക്ക് അതീതമായി എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും ഒരേതരം സ്‌കൂളില്‍ ഒരേ സിലബസ് പഠിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. അപ്പോഴും വിദ്യാഭ്യാസമുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് വീട്ടില്‍നിന്ന് പഠിക്കാന്‍ കിട്ടുന്ന സഹായം അത്തരം സാഹചര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയിരുന്നില്ല. മാതാപിതാക്കളുടെ സാമ്പത്തികശേഷിക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മക്കളെ പഠിപ്പിക്കാന്‍ കഴിയുന്ന സ്ഥിതി ആയതോടെ ജാതീയതയും സാമൂഹിക അസമത്വവും നിലനിറുത്തുവാനുള്ള ഉപാധിയായി വിദ്യാഭ്യാസം മാറി. സാമ്പത്തിക പിന്നോക്കാവസ്ഥ എന്നാല്‍ ജാതീയമായ പിന്നോക്കാവസ്ഥ കൂടിയാണ്. ഇത്തരം തടസ്സങ്ങളെ മറികടന്ന് ഏറെ കിതച്ചാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും പിന്നോക്ക ദളിത് ആദിവാസി വിഭാഗം വിദ്യാര്‍ത്ഥികള്‍ എത്തുന്നത്. എത്തിയാല്‍ തന്നെ അവിടെയുള്ള മറ്റു വിഭാഗം വിദ്യാര്‍ത്ഥികളുമായി അവര്‍ തുല്യരായി എന്ന് പറയുന്നത് എങ്ങനെയാണ്? ഐഐറ്റി പോലുള്ള സ്ഥാപനങ്ങളില്‍ ദളിത് വിഭാഗം വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നത് പ്രവേശനം കിട്ടിയത് കൊണ്ടുമാത്രം വിദ്യാര്‍ത്ഥികള്‍ തുല്യരാവും എന്ന വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. സവര്‍ണ അധ്യാപകരുടെ അമിത പ്രാതിനിധ്യം ഈ സ്ഥാപനങ്ങളെ സവര്‍ണ മൂല്യങ്ങളുടെ വിളനിലമാക്കുന്നു. എന്‍ ഈ പി നടപ്പിലാകുന്നതോടെ കുടുംബത്തിന്റെ വാങ്ങല്‍ ശേഷിക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസം വില്‍പ്പനയ്ക്ക് വയ്ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ ആയി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറും.
ഡു ബോയിസ് | PHOTO: FACEBOOK
വ്യക്തിയുടെ ഭാഷയുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലൂടെ വ്യക്തിയെത്തന്നെ നിയന്ത്രിക്കുന്നതിനും വിധേയത്വത്തിന്റെ ഭാഷ ശീലിപ്പിക്കുന്നതിനും കാരണമാവും. 'മധുരമായി' സംസാരിക്കുന്നത് കുലീനതയായി കാണുകയും മറ്റു രീതിയില്‍ സംസാരിക്കുന്നവര്‍ രാക്ഷസവല്‍കരിക്കപ്പെടുകയും ചെയ്യുന്നു. കുടുംബം തുടങ്ങി എല്ലാ സാമൂഹിക ഇടങ്ങളും സ്വതന്ത്ര ഭാഷ ആര്‍ജ്ജിച്ച വ്യക്തിയെ ഭയപ്പെടുന്നു. കുലീനതയുടെ സവര്‍ണ്ണ ഭാഷ, നിലനില്‍ക്കുന്ന വ്യവസ്ഥ തുടരുന്നതിന് കാരണമാകുന്നു, അത് അധികാരത്തെ സേവിക്കുന്ന ഭാഷയാണ്. ഭാഷയുടെ മേലുള്ള നിയന്ത്രണം ചിന്താശേഷിയുടെ മേലുള്ള നിയന്ത്രണമാണ്. നിലവിലെ സാമൂഹികാവസ്ഥ ചോദ്യം ചെയ്യപ്പെടാതെ തുടരാന്‍ ഭാഷയുടെ മേലുള്ള നിയന്ത്രണത്തിലൂടെ സാധിക്കും. എന്‍ ഈ പി നടപ്പിലാകുന്നത്തോടെ ബിരുദ പഠനത്തില്‍ ഭാഷാ വിഷയങ്ങളുടെ പ്രാധാന്യം വെട്ടിക്കുറയ്ക്കുന്നത് ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ്.
ജനായത്തത്തിന്റെ ഭാഷ സംവാദത്തിന്റെ ഭാഷയാണ്. അഭിപ്രായ വ്യത്യാസങ്ങളും വാക്കുതര്‍ക്കങ്ങളും സംവാദത്തില്‍ ഒഴിവാക്കാന്‍ കഴിയുകയില്ല. സംവാദത്തിന്റെ ഭാഷ ആരെയും പുറത്തുനിറുത്തുന്നില്ല. സ്വതന്ത്രമായ ഭാഷയ്ക്ക് മാത്രമേ സ്വതന്ത്ര വ്യക്തിയെ രൂപപ്പെടുത്താന്‍ സാധിക്കൂ. സ്വതന്ത്ര വ്യക്തികളുടെ കൂട്ടായ്മയിലൂടെ മാത്രമേ നിലവിലെ സാമൂഹിക ക്രമത്തിന്റെ ജീര്‍ണ്ണതകള്‍ മറികടക്കാന്‍ കഴിയൂ. എതിര്‍പ്പിന്റെ ഭാഷയ്ക്ക് വിലക്കേര്‍പ്പെടുത്തുന്ന കാലത്ത് ജെഎന്‍യു പോലെ ഒരു സ്പെയ്സില്‍ ഉച്ചാരണമാണോ ചോദ്യമാണോ പ്രാധാന്യം അര്‍ഹിക്കുന്നത് എന്നത് ഗൗരവമായ വിഷയമാണ്.