ഭര്‍തൃഗൃഹങ്ങളിലെ പീഡന കാരണങ്ങളും വെല്ലുവിളികളും
(ഭാഗം മൂന്ന്)
വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എങ്കിലും യുക്തിക്കനുസരിച്ച് പക്വമായി തീരുമാനം എടുക്കുന്നതില്‍ പരാജയപ്പെടുന്ന യുവത്വമാണ് നമ്മുടേത്. സ്വന്തമായ അഭിപ്രായവും നിലപാടുകളുമില്ലാതെ മറ്റുള്ളവര്‍ പറയുന്നത് കേട്ട് അവരുടെ ഇംഗിതത്തിനനുസരിച്ച് ജീവിക്കുന്ന പെണ്‍കുട്ടികളാണ് ഭര്‍തൃഗൃഹങ്ങളില്‍ കൂടുതലും പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത്. സ്വന്തം കാലില്‍ നില്‍ക്കാനും തന്റേടത്തോടെ സാഹചര്യങ്ങളെ നേരിടാനും വിവേകത്തോടെ തീരുമാനം എടുക്കാനും പെണ്‍കുട്ടികളെ പ്രാപ്തരാക്കേണ്ടത് അവരുടെ കുടുംബവും ചുറ്റുപാടുകളും തന്നെയാണ്.
വിദ്യാഭ്യാസത്തിലും തൊഴിലിലും മുന്നേറുന്ന പല സ്ത്രീകള്‍ക്കും ദാമ്പത്യജീവിതത്തില്‍ വേണ്ടവിധം തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരുന്നത് പതിവാണ്. സ്വന്തം വീടകങ്ങളില്‍ നിന്നുപോലും സഹനത്തിന്റെയും ക്ഷമയുടെയും ചിന്തകളില്‍ വളര്‍ത്തപ്പെടുന്ന പെണ്‍കുട്ടികള്‍ ദാമ്പത്യജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന പ്രവണതയാണ് ഉള്ളത്. നല്ല വിദ്യാഭ്യാസവും ജോലിയും ഉണ്ടായിട്ടും പല പെണ്‍കുട്ടികളും ഭര്‍തൃഗൃഹങ്ങളിലെ പീഡനങ്ങള്‍ സഹിച്ച് ഒടുവില്‍ ആത്മഹത്യയിലേക്ക് തിരിയുന്നതും പതിവ് കാഴ്ചയാണ്.
വിവാഹശേഷവും പഠിക്കാമല്ലോ എന്ന പൊള്ളയായ വാക്കുകളില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് വിവാഹത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികള്‍ നിരവധിയാണ്. വിവാഹശേഷമുള്ള പഠനമൊക്കെ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. ബാക്കിയുള്ള വലിയൊരു വിഭാഗം വിദ്യാഭ്യാസത്തിന്റെ വഴിയില്‍ നിന്ന് മാറി ജീവിതപ്രാരാബ്ദങ്ങളിലേക്കാണ് നടന്നുനീങ്ങുന്നത്. ഇതോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് സ്ത്രീകളിലെ സാമ്പത്തിക സ്വാതന്ത്ര്യം. വിദ്യാഭ്യാസമുണ്ടെങ്കിലും ചിലര്‍ വിവാഹശേഷം ജോലി ഉപേക്ഷിച്ച് സ്വന്തം ആവശ്യങ്ങള്‍ക്ക് പോലും ഭര്‍ത്താവില്‍ നിന്നോ സ്വന്തം മാതാപിതാക്കളില്‍ നിന്നോ പണം വാങ്ങുന്നു. ചെറിയൊരു പൈസ എങ്കിലും കിട്ടുന്ന ജോലി പെണ്‍കുട്ടികള്‍ വിവാഹത്തിന് മുമ്പ് നേടിയെടുക്കേണ്ടത് സ്വന്തം നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്.
REPRESENTATIVE IMAGE | WIKI COMMONS
സ്ത്രീധനം മാത്രമല്ല ഭര്‍തൃവീടുകളില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകാന്‍ കാരണം. പുരുഷന്റെ കായികബലവും പുരുഷമേധാവിത്വവും മറ്റൊരു പ്രധാന കാരണമാണ്. പുരുഷമേധാവിത്വം പരമ്പരാഗതമായി മലയാളികളുടെ മനസ്സില്‍ വേരൂന്നിയ മനോഭാവമാണ്. എത്ര വിദ്യാസമ്പന്നരാണെങ്കിലും ഇത്തരം വികലമായ കാഴ്ചപ്പാടുകളില്‍ നിന്ന് ഭൂരിപക്ഷം പുരുഷന്മാരും മോചിതരല്ല. ഇതിനെല്ലാം പുറമെയാണ് മതങ്ങളുടെ അനാവശ്യ ഇടപെടലുകള്‍. സ്ത്രീകള്‍ പുരുഷന് കീഴടങ്ങി ജീവിക്കേണ്ടവളാണെന്നും പുരുഷനെ എപ്പോഴും അനുസരിക്കേണ്ടവളാണെന്നുമുള്ള പാഠങ്ങളാണ് മതപാഠശാലകള്‍ പോലും പെണ്‍കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്നത്. സഹിച്ച് വിധേയപ്പെട്ട് ജീവിക്കേണ്ടവരാണ് സ്ത്രീകള്‍ എന്ന ചിന്താഗതിയെ വളര്‍ത്തുന്നതില്‍ മതങ്ങള്‍ക്ക് കുറവല്ലാത്ത പങ്കുണ്ട്. ഇതും പീഡനത്തിന് ഇരയാകുന്ന സ്ത്രീകളെ ഭര്‍തൃഗൃഹങ്ങളില്‍ തുടരാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. സ്ത്രീകള്‍ തല്ലുകൊള്ളേണ്ടവരാണെന്ന കാഴ്ചപ്പാടാണ് പലപ്പോഴും പലരും പറയാതെ പറയുന്നത്.
'വ്യക്തിത്വ വൈകല്യ (പേഴ്സണാലിറ്റി ഡിസോഡര്‍) മാണ് പലപ്പോഴും ഭര്‍തൃഗൃഹങ്ങളിലെ പീഡനങ്ങള്‍ക്ക് കാരണമെന്ന് പ്രമുഖ സൈക്കോളജിസ്റ്റ് ജി സൈലേഷ്യ പറയുന്നു. ഇതില്‍ ഏറ്റവും പ്രധാനം നാര്‍സിസ്റ്റ് പേഴ്സണാലിറ്റി ഡിസോഡര്‍ (NPD) ആണ്. പുരുഷന്മാരിലാണ് ഇത് കൂടുതലായും ഉണ്ടാകുന്നത്. ഇമോഷണലി അണ്‍സ്റ്റേബിള്‍ ആയതോ ബോര്‍ഡര്‍ ലൈന്‍ പേഴ്സണാലിറ്റി ഡിസോഡര്‍ ഉള്ളതോ ആയ സ്ത്രീകളില്‍ പങ്കാളികളുടെ അവഗണനയെ ഭയന്ന് ശാരീരിക മാനസിക പീഡനങ്ങള്‍ സഹിച്ച് ജീവിക്കാനുള്ള പ്രവണത കൂടുതലാണ്. ഭര്‍തൃഗൃഹത്തില്‍ പീഡനം അനുഭവിക്കുന്ന എല്ലാവരും ഇത്തരത്തിലുള്ളവരാണെന്നല്ല മറിച്ച് കുറേ ആളുകളില്‍ ഇത് കാരണമാകുന്നുണ്ട്. കോവിഡിനുശേഷം ഇത്തരം പ്രവണതയുള്ള ആളുകളുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്.
പത്താം ക്ലാസ് വരെ മാത്രം പഠിച്ച 40 വയസ്സുള്ള ഒരു വീട്ടമ്മ കഴിഞ്ഞദിവസം എന്റെ അടുത്തുവന്ന് പറഞ്ഞു, അവരുടെ ഭര്‍ത്താവിന് NPD ആണെന്ന്. അവരുടെ സംസാരം എനിക്ക് അതിശയകരമായി തോന്നി. കാരണം പത്താം ക്ലാസ് വരെ മാത്രം പഠിച്ച ഒരാള്‍ നാര്‍സിസ്റ്റ് പേഴ്സണാലിറ്റി ഡിസോഡറിനെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ അവര്‍ക്ക് മനസ്സിലായി അവര്‍ അനുഭവിക്കുന്നതും നാര്‍സിസ്റ്റ് പേഴ്സണാലിറ്റി ഡിസോഡറിന്റെ തിക്തഫലങ്ങളാണെന്ന്.
REPRESENTATIVE IMAGE | WIKI COMMONS
നാര്‍സിസ്റ്റ് പേഴ്സണാലിറ്റി ഡിസോഡറിന്റെ ഏറ്റവും കാതലായ സ്വഭാവം അവരില്‍ സഹാനുഭൂതി എന്നൊന്ന് ഉണ്ടാകില്ല എന്നതാണ്. അവര്‍ക്ക് അവരോട് മാത്രമേ പ്രിയമുണ്ടാകൂ. അവരുടെ മനസ്സില്‍ അവര്‍ മാത്രമാകും, തനിക്ക് പുറമെ മറ്റൊരാളുടെയും മാനസിക വികാരങ്ങള്‍ ഒരിക്കലും അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. മറ്റ് പല മാനസിക പ്രശ്‌നങ്ങളിലും രോഗത്തിന്റേതായ ആനുകൂല്യങ്ങള്‍ അനുവദിച്ച് കൊടുക്കാമെന്നിരിക്കെ NPD യില്‍ അത് സാധ്യമല്ല. കാരണം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവരുടെ നേരെ മാത്രമേ ഇവര്‍ ആ സ്വഭാവം എടുക്കുകയുള്ളൂ. എവിടെ എങ്ങനെ പെരുമാറണമെന്ന് വ്യക്തമായ വിവേചന ബുദ്ധികൂടി ഉള്ളവരാണ് നാര്‍സിസ്റ്റ് വ്യക്തിത്വമുള്ളവര്‍.'
നിശ്ശബ്ദമാകുന്ന നീതിവ്യവസ്ഥ
സ്ത്രീപീഡന മരണങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ വളരെ ചെറിയ ശതമാനം മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ. പല പരാതികളിലും ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പ്രതികളെ സംരക്ഷിച്ച് ഇരകളാകുന്ന പെണ്‍കുട്ടികളെ വീണ്ടും ദ്രോഹിക്കുന്ന നടപടികളാണ് ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും പലപ്പോഴും ഉണ്ടാകുന്നത്. അടുത്തിടെ ഉണ്ടായ പന്തീരങ്കാവ് കേസിലും അതുതന്നെ ആവര്‍ത്തിക്കപ്പെട്ടതാണ് പ്രതിയെ ഇപ്പോഴും കാണാമറയത്ത് നിര്‍ത്തിയിരിക്കുന്നത്. ഗാര്‍ഹിക പീഡനങ്ങളെ പലപ്പോഴും സാധാരണ കുടുംബപ്രശ്‌നമെന്ന മട്ടില്‍ നിയമസംവിധാനങ്ങള്‍ ലാഘവത്തോടെ കാണുമ്പോഴാണ് പലരുടെയും ജീവന്‍തന്നെ നഷ്ടമാകുന്ന സ്ഥിതിയുണ്ടാകുന്നത്.
തുല്യതയുള്ള സമൂഹം ഉണ്ടാകണമെങ്കില്‍ സ്ത്രീ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതുപോലെ പുരുഷനും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയണം. ഇതിനായി കുടുംബങ്ങള്‍ക്കുള്ളില്‍ വലിയൊരു അഴിച്ചുപണി തന്നെ ആവശ്യമാണ്. അതിനുള്ള ധീരതയും തുറന്ന മനോഭാവവും നമുക്കുണ്ടോ എന്നത് സംശയമാണ്. പുരുഷനാല്‍ സംരക്ഷിക്കേണ്ടവളാണ് സ്ത്രീയെന്നും പുരുഷന്‍ എപ്പോഴും സ്ത്രീയുടെ അധ്വാനം കൊണ്ട് ജീവിക്കേണ്ടതാണെന്നുമുള്ള കാഴ്ചപ്പാടാണ് നിലനില്‍ക്കുന്നത്. സ്ത്രീയിലുള്ള ആശ്രിതത്വം പുറത്തുകാണിക്കാതെ അതൊരു സാമൂഹികമായ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. ആഹാരം ഉണ്ടാക്കുന്നതും കുട്ടികളെ വളര്‍ത്തേണ്ടതും സ്ത്രീയുടെ മാത്രം ചുമതലയാണെന്നും, എന്തിനും ഏതിനുമുള്ള സ്ത്രീയുടെ മേലുള്ള പുരുഷന്റെ ആശ്രിതത്വവും വികലമായ മനോഭാവങ്ങളാണ്.
REPRESENTATIVE IMAGE | WIKI COMMONS
'കുടുംബം എന്നുള്ളത് സ്വകാര്യമാണെന്ന് പറയുകയും അവിടെ ഏത് തരത്തിലുള്ള അവകാശലംഘനവും നടത്താമെന്ന അലിഖിത നിയമവും നിലനില്‍ക്കുന്നുണ്ട്. പന്തീരങ്കാവ് പീഡനക്കേസില്‍ പോലീസിന്റെ നിലപാടും അതുതന്നെയായിരുന്നല്ലോ. ഇത്തരത്തിലുള്ള ഏറെക്കുറെ എല്ലാ കേസിലും പോലീസിന്റെ നിലപാട് അതുതന്നെയാണ്. അതുകൊണ്ട് എനിക്ക് അതില്‍ അത്ഭുതമില്ല. പോലീസ് പ്രതികളെ സഹായിക്കുകയാണ് പതിവ്. വിവാഹപൂര്‍വ കൗണ്‍സിലിങ് ക്ലാസുകളില്‍ പോലും പെണ്‍കുട്ടികളെ പരുവപ്പെടുത്തി എടുക്കുന്നു. എല്ലാം അഡ്ജസ്റ്റ് ചെയ്യണമെന്നത് ഉള്‍പ്പെടെയുള്ള ചെക്ക് ലിസ്റ്റാണ് പെണ്‍കുട്ടികള്‍ക്ക് കൊടുക്കുന്നത്. ഇത് ആണ്‍കുട്ടികള്‍ക്കും കൊടുക്കേണ്ടതുണ്ട്. എന്നാല്‍ എന്തും ചെയ്തുകിട്ടുന്ന ഒരു യന്ത്രമാണ് തന്റെ കൂടെയുള്ള സ്ത്രീ എന്ന ചിന്തയും, പെണ്‍വീട്ടുകാരില്‍ നിന്ന് കിട്ടാവുന്ന പണം മുഴുവന്‍ വാങ്ങിയെടുക്കാം എന്നതുമാണ് പല ദാമ്പത്യത്തകര്‍ച്ചയ്ക്കും കാരണങ്ങളായി മാറുന്നത്. സ്ത്രീധനം വേണ്ട നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തന്നാല്‍ മതിയെന്ന് പറയുന്ന ഔദാര്യമനോഭാവത്തില്‍ ആണിന്റെ ആര്‍ത്തി തീര്‍ക്കാനുള്ള സ്വത്തുവകകള്‍ കിട്ടിയില്ലെങ്കില്‍ പെണ്‍കുട്ടികള്‍ വീണ്ടും സ്വന്തം വീടുകളിലേക്ക് പറഞ്ഞയയ്ക്കപ്പെടുകയോ ശാരീരികമായി മര്‍ദനമേല്‍ക്കേണ്ടതായോ വരുന്നതായി കേരള മഹിള സമഖ്യ സൊസൈറ്റി മുന്‍ ഡയറക്ടര്‍ പി ഇ ഉഷ പറയുന്നു.
ഏത് നിയമലംഘനവും കുടുംബത്തിനകത്തായാല്‍ പ്രശ്‌നമില്ല എന്നതാണ് സ്ഥിതി. കുറച്ച് മുമ്പ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന അനുപമയുടെ കുട്ടിയെ അനുപമയുടെ അച്ഛന്‍ കേരളത്തിലെ ശിശുസംരക്ഷണ സംവിധാനങ്ങളെ ഉപയോഗിച്ചുകൊണ്ട് മറ്റൊരു സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ട് പോയത് കുറ്റമായി വീക്ഷിക്കാത്ത സമൂഹമാണ് കേരളത്തിലുള്ളത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഇതൊരു വീട്ടുകാര്യമല്ലേ എന്നായിരുന്നു. ഇഷ്ടമുള്ള പാര്‍ട്ണറില്‍ കുഞ്ഞുണ്ടായപ്പോള്‍ അതിനെ വളര്‍ത്താനുള്ള സാഹചര്യമില്ലാത്ത സമൂഹമാണ് നമ്മുടേത്. സ്ത്രീശാക്തീകരണമൊക്കെ പറയുന്നത് വെറും മുഖംമൂടിയാണ്. ഇതിനെ സൂക്ഷ്മമായി നോക്കിയാല്‍ വളരെ പിന്നോക്കം നില്‍ക്കുന്ന സ്ത്രീയെ നമുക്ക് കാണാന്‍ സാധിക്കും. എന്തൊക്കെ നിയമസംവിധാനങ്ങള്‍ ഉണ്ടായാലും നമ്മള്‍ മാറാതെ നിയമങ്ങള്‍ കൊണ്ട് കാര്യമില്ല. ഇടയ്ക്ക് ഒരു പന്തീരങ്കാവ് കേസ് പോലുള്ളവ ഉണ്ടാകുമ്പോള്‍ മാത്രം നമ്മള്‍ പ്രതികരിക്കുകയും പോലീസിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുന്നു. ജനം ഇത് മറക്കുമ്പോള്‍ സസ്‌പെന്‍ഡ് ചെയ്ത പോലീസുകാരെ തിരിച്ചെടുക്കുകയും ചെയ്യും. പിന്നെയും എല്ലാം പഴയതുപോലെ ആവര്‍ത്തിക്കും. കുടുംബം നിയമങ്ങള്‍ കൊണ്ട് മാത്രം നിലനില്‍ക്കാന്‍ പറ്റുന്നതല്ല. തുല്യത സ്ത്രീയുടെയും പുരുഷന്റെയും ഉള്ളില്‍ നിറയേണ്ടതാണെന്നും' പി ഇ ഉഷ കൂട്ടിച്ചേര്‍ക്കുന്നു.'
കേരളത്തിലെ സ്ത്രീകള്‍ ഉണ്ടാക്കിയിട്ടുള്ള മുന്നേറ്റങ്ങള്‍ കുടുംബത്തിനകത്തേക്ക് പ്രവേശിച്ചിട്ടില്ല. 1915 ല്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്ന കല്ലുമാല സമരവും മൂന്ന് പതിറ്റാണ്ടിലധികം നീണ്ടുനിന്ന ചാന്നാര്‍ ലഹളയും മാറുമറയ്ക്കല്‍ സമരവുമൊക്കെ സ്ത്രീകളുടെ സാമൂഹിക പരിവര്‍ത്തനത്തിനായി ചരിത്രത്തിന്റെ അടയാളങ്ങളായി മാറിയവയാണ്. എന്നിരുന്നാലും ഇന്നും കുടുംബത്തില്‍ നമ്മള്‍ പഴഞ്ചന്‍രീതി തന്നെയാണ് പുലര്‍ത്തുന്നത്. സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ള അവസരങ്ങളുടെയും തുല്യതയുടെയും കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. കുടുംബത്തിനകത്ത് യാതൊരു വിലയുമില്ലാത്ത അധ്വാനമാണ് സ്ത്രീകള്‍ ചെയ്യുന്നത്. അത് കെയര്‍ ആണെങ്കിലും ഭക്ഷണമുണ്ടാക്കലായാലും വീട്ടുജോലിയായാലും മറ്റ് എന്ത് പണികള്‍ക്കും മൂല്യം ലഭിക്കുന്നില്ല. വീടുകളില്‍ സ്ത്രീകളുടെ അധ്വാനത്തിന് മൂല്യമുണ്ടായാല്‍ മാത്രമേ സ്ത്രീയുടെ സാമൂഹിക നിലവാരം വര്‍ധിക്കുകയുള്ളൂ.
REPRESENTATIVE IMAGE | WIKI COMMONS
പരസ്പരമുള്ള മനസ്സിലാക്കല്‍ പ്രധാനം
'പരസ്പരം മനസ്സിലാക്കാന്‍ ഇന്ന് ആരും ശ്രമിക്കുന്നില്ല. അതുകൊണ്ടു തന്നെ കുടുംബം എന്നത് ആടിയുലന്ന ഒന്നായി മാറി. സ്ത്രീകള്‍ കൂടുതലും തുല്യതയും സമത്വവും ആഗ്രഹിക്കുന്നവരാണ്. പലപ്പോഴും കുടുംബങ്ങളില്‍ നിന്നും അത് കിട്ടുന്നില്ല. കുടുംബബന്ധങ്ങളില്‍ മുമ്പ് ഉണ്ടായിരുന്ന ഇഴയടുപ്പം ഇപ്പോള്‍ ഇല്ല. ഡിവോഴ്സ് കേസുകളും അതിനാല്‍ കൂടുന്നു. നിയമസംവിധാനങ്ങള്‍ ഇന്ന് ധാരാളമായി ഉണ്ടെങ്കിലും അത് കൂടുതല്‍ ജനകീയമാകേണ്ടതാണ്. അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് തന്നെയാണ്. അതിന് വേണ്ടത്ര ശ്രദ്ധ നല്‍കപ്പെടുന്നില്ലെന്ന് സാമൂഹിക പ്രവര്‍ത്തകയും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗവും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സഖിയുടെ സെക്രട്ടറിയുമായ അഡ്വ. ജെ സന്ധ്യ പറയുന്നു.
പലപ്പോഴും സ്ത്രീകള്‍ക്ക് മുമ്പില്‍ തീരുമാനം എടുക്കുന്നതാണ് വലിയ പ്രയാസം. ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ആദ്യം മുതലെ അറുതിവരുത്തേണ്ടതാണ്. തീരെ മോശാവസ്ഥയിലേക്ക് പോകുന്നത് വരെ കാത്തിരിക്കരുത്. അവരുടെ ആശങ്കകള്‍ അകറ്റാന്‍ എല്ലാ ജില്ലകളിലും സൗജന്യമായി ലീഗല്‍ സര്‍വീസ് അതോറിറ്റി പോലുള്ള പ്രത്യേക സംവിധാനങ്ങള്‍ തന്നെയുണ്ട്. തനിയെ ഡിവോഴ്സിന് ശ്രമിക്കുന്നതിലും ഭേദം മധ്യസ്ഥതയില്‍ ഒരു ഇടപെടല്‍ ഉണ്ടാകുന്നതാണ്. എന്നിരുന്നാലും മുമ്പത്തേക്കാളും അധികം സിസ്റ്റം ഇന്നുണ്ട്. ഈ വിഷയത്തില്‍ കുറച്ചുകൂടി അറിവ് പൊതുജനത്തിന് ലഭിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ ഇതിനായി നിയമിക്കേണ്ടതുണ്ടെന്നും സമയബന്ധിതമായി കേസുകള്‍ തീര്‍പ്പാക്കാന്‍ കോടതികളെ ചുമതലപ്പെടുത്തേണ്ടതുമാണെന്നും'
അഡ്വ സന്ധ്യ വ്യക്തമാക്കുന്നു.
അഡ്വ. ജെ സന്ധ്യ | PHOTO: FACEBOOK
വിദ്യാഭ്യാസത്തിലൂടെയും, മതസമീപനങ്ങളിലൂടെയും, സ്ത്രീപുരുഷ തുല്യയുടെയും, പരസ്പര ബഹുമാനത്തിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഇത് ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും മാനസികനിലയിലും ചിന്താഗതിയിലും സമൂലമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സാധ്യമാകാവുന്ന കാര്യമാണ്.
(തുടരും...)